ഹസ്രത്ത് ഈസ നബി (അ)ന്റെ മരണം
വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് വിശുദ്ധ ഖുർആന്റെ ഒരോ സൂറത്തിലെയും (بِسۡمِ اللّٰہِ الرَّحۡمٰنِ الرَّحِیۡمِ) “ബിസ്മില്ലാഹി റഹ്മാനി റഹീം“ ആ സൂറത്തിന്റെ ഒന്നാമത്തെ ആയത്തായി കണക്കാക്കുന്നു. ഇതു പ്രകാരം, ഉദാഹണത്തിനു സൂറ അൽ-ഫാത്തിഹയിലെ اَلۡحَمۡدُ لِلّٰہِ رَبِّ الۡعٰلَمِیۡنَ എന്നുള്ളത് (1:2) ആയിരിക്കും സൂചികയിൽ.
വിശുദ്ധ ഖുർആനിൽ നിന്നും ഈസാനബിയുടെ മരണത്തിലേക്കുള്ള തെളിവുകൾ
فَسۡـَٔلُوۡۤا اَہۡلَ الذِّکۡرِ اِنۡ کُنۡتُمۡ لَا تَعۡلَمُوۡنَ
പരിഭാഷ: നിങ്ങൾക്കറിവില്ലായെങ്കിൽ വേദജ്ഞാനമുള്ളവരോട് ചോദിച്ചുകൊള്ളുക.
قُلۡ سُبۡحَانَ رَبِّیۡ ہَلۡ کُنۡتُ اِلَّا بَشَرًا رَّسُوۡلًا
പരിഭാഷ: പറയുക, എന്റെ നാഥൻ പരിശുദ്ധനാണ്. ഞാൻ ഒരു ദൂതനായ മനുഷ്യൻ മാത്രമാണ്. (ബനീ ഇസ്റായീൽ: 94)
یۡنَ مَا تَکُوۡنُوۡا یُدۡرِکۡکُّمُ الۡمَوۡتُ وَ لَوۡ کُنۡتُمۡ فِیۡ بُرُوۡجٍ مُّشَیَّدَۃٍ ؕ
പരിഭാഷ: നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങൾ സുശക്തമായി പണിതുയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാലും ശരി. (സൂറത്തുന്നിസാഅ്: 79)
اِنَّ الۡمُتَّقِیۡنَ فِیۡ جَنّٰتٍ وَّ نَہَرٍ
فِیۡ مَقۡعَدِ صِدۡقٍ عِنۡدَ مَلِیۡکٍ مُّقۡتَدِرٍ
പരിഭാഷ: നിശ്ചയമായും ദോഷബാധയെ സൂക്ഷിക്കുന്നവർ ആരാമങ്ങളിലും അരു വികളിലുമായിരിക്കും. സത്യത്തിന്റെ ഇരിപ്പിടത്തിൽ, സർവശക്തനായ രാജാവിന്റെ സാമീപ്യത്തിൽ.
کُلُّ مَنۡ عَلَیۡہَا فَانٍ ﴿ۚۖ۲۷﴾ وَّ یَبۡقٰی وَجۡہُ رَبِّکَ ذُو الۡجَلٰلِ وَ الۡاِکۡرَامِ ﴿ۚ۲۸
പരിഭാഷ: അവിടെ (ഭൂമുഖത്ത്) ഉള്ളവരെല്ലാം നശിച്ചുപോകുന്നവരാണ്. പ്രഭാവത്തിന്റെയും ആദരവിന്റെയും ഉടമസ്തനായ നിന്റെ നാഥന്റെ മുഖം മാത്രം അവശേഷിക്കും.
یٰۤاَیَّتُہَا النَّفۡسُ الۡمُطۡمَئِنَّۃُ ﴿٭ۖ۲۸﴾ ارۡجِعِیۡۤ اِلٰی رَبِّکِ رَاضِیَۃً مَّرۡضِیَّۃً ﴿ۚ۲۹﴾ فَادۡخُلِیۡ فِیۡ عِبٰدِیۡ ﴿ۙ۳۰﴾ وَ ادۡخُلِیۡ جَنَّتِیۡ ﴿٪۳﴾۱
പരിഭാഷ: അല്ലയോ ശാന്തിപ്രാപിച്ച ആത്മാവെ, നീ നിന്റെ നാഥനിലേക്ക് മടങ്ങുക; സംപ്രീതനും (അല്ലാഹുവിന്റെ പക്കൽ) പ്രീതിപ്പെട്ടവനുമായിക്കൊണ്ട്. എന്നിട്ട് എന്റെ ഉത്തമദാസരിൽ ചേർന്നു കൊള്ളുക. എന്റെ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക.
اَللّٰہُ الَّذِیۡ خَلَقَکُمۡ ثُمَّ رَزَقَکُمۡ ثُمَّ یُمِیۡتُکُمۡ ثُمَّ یُحۡیِیۡکُمۡ ؕ
പരിഭാഷ: അല്ലാഹു നിങ്ങളെ സൃഷ്ടിച്ചവൻ. എന്നിട്ട് അവൻ നിങ്ങൾക്ക് ആഹാരം നൽകി. പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കും. പിന്നീടവൻ നിങ്ങളെ വീണ്ടും ജീവിപ്പിക്കുന്നതാണ്.
ഹദ്റത്ത് ഈസാനബി(അ) അഥവാ ഹദ്റത്ത് മസീഹ് നാസ്വരിയുടെ ജനനമരണ വിശ്വാസത്തിന് മൂന്ന് വിധത്തിൽ സവിശേഷമായ പ്രാധാന്യമുണ്ട്.
ഒന്നാമതായി പരിശോധിക്കേണ്ടത് ഈസാനബി ആകാശത്തില്‍ സ്ഥൂലശരീരത്തോടുകൂടി വാസമുറപ്പിച്ചിട്ടുണ്ടോ എന്നതാണ്. അദ്ദേഹം സ്ഥൂലശരീരത്തോടുകൂടി ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടതായും ഇപ്പോഴും അവിടെ താമസിച്ചു വരുന്നതായും വിശുദ്ധ ഖുര്‍ആനില്‍ നിന്നോ ശരിയായ ഹദീഥുകളില്‍നിന്നോ ഒരു പ്രകാരത്തിലും തെളിയുന്നില്ല എന്നതാണ് അതിനുള്ള മറുപടി.
മുഹമ്മദ് അല്ലാഹുവിന്‍െറ ഒരു റസൂല്‍ മാത്രമാണ്. അദ്ദേഹത്തിന് മുമ്പേയുള്ള റസൂല്‍മാരെല്ലാം കാലഗതി പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുതികാലുകളിന്മേൽ പിന്തിരിഞ്ഞു കളയുമോ? (വി.ഖുര്‍ആന്‍ 3:145)
ബുഖാരിയില്‍ ഇപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നു. നബിതിരുമേനി നിര്യാതനായ അവസരത്തില്‍, അദ്ദേഹത്തിൻ്റെ ജോലി ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നുള്ള വിചാരത്താല്‍ ഹദ്റത്ത് ഉമറും മറ്റു ചില സ്വഹാബിമാരും അദ്ദേഹം മരിച്ചിട്ടില്ലെന്നു തന്നെ വിശ്വസിച്ചു. ഹദറത്ത് ഉമറിനു തൻ്റെ ഈ വിശ്വാസത്തില്‍ അത്രമേല്‍ ഉറപ്പുണ്ടായിരുന്നു. അദ്ദേഹം വാളൂരിപ്പിടിക്കുകയും നബിതിരുമേനി മരിച്ചു എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍, അല്ലാഹുവാണെ! ഞാനവൻ്റെ തല കൊയ്തുകളയും എന്നു മുന്നറിയിപ്പ് നല്കുകയും ചെയ്തു
“ഖല“ എന്ന പദം ഖുർ ആനിൽ പ്രയുക്തമായ ചില ആയത്തുകൾ ചുവടെ ചേർക്ക്കുന്നു. ഇവയിൽ എല്ലാം തന്നെ “കാലം കടന്ന“, “കഴിഞ്ഞു പോയ“, “മരണപ്പെട്ട“ എന്നുള്ള അർത്ഥമാണു പണ്ഡിതർ നൽകുന്നത്.
നീ എന്നോട് ആജ്ഞാപിച്ചതെന്തോ അതല്ലാതെ (വേറെയൊന്നും) ഞാന്‍ അവേരാട് പറഞ്ഞിട്ടില്ല . അതായത് എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുവിന്‍ ഞാന്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാന്‍ നീ തന്നെയായി. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു. (സൂറ: മാഇദ . 118)
മരണാനന്തരം വിചാരണവേളയിൽ താനും ഈസാ നബി (അ) നൽകിയ അതേ മറുപടിയായിരിക്കും നൽകുക എന്ന് ഹസ്രത്ത് മുഹമ്മദ് നബി (സ) പറഞ്ഞ കാര്യം ഹദീസിൽ രേഖപ്പെട്ടതായി കാണാം.
അല്ലാഹു പറഞ്ഞസന്ദര്‍ഭം (ഓര്‍ക്കുക). ഓ ഈസാ ! ഞാന്‍ നിന്നെ (പ്രകൃതി സഹജമായ നിലയില്‍) മരിപ്പിക്കുകയും എങ്കലേക്ക് ഉയര്‍ത്തുകയും, അവിശ്വാസികളുടെ ആരോപണങ്ങളില്‍നിന്ന് നിന്നെ പരിശുദ്ധനാക്കുകയും നിന്നെ പിന്തുടരുന്നവര്‍ക്ക് ഖിയാമത്ത് നാള്‍വരേയും നിഷേധിച്ചവരുടെമേല്‍ വിജയം നല്‍കുകയും ചെയ്യും. പിന്നീട് നിങ്ങളുടെ മടക്കം എന്നിലേക്ക് ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍ ഞാന്‍ തീര്‍പ്പുണ്ടാക്കുന്നതാണ്. (സൂറ: ആലു ഇംറാന്‍: 56)
അല്ലാഹു ആഖ്യയും മനുഷ്യന്‍ കര്‍മ്മവും ആയി വരുമ്പോള്‍ തവഫ്ഫീ എന്ന പദം ജീവനെടുപ്പിക്കുക എന്നതല്ലാത്ത മറ്റൊര്‍ത്ഥത്തില്‍ അറബി സാഹിത്യത്തില്‍ എവിടെയെങ്കിലും പ്രയോഗിച്ചതായി കാണിച്ചു തരാന്‍ ഹദ്‌റത്ത് മിർസാ ഗുലാം അഹ്മദ്(അ) എതിരാളികളായ മൗലവിമാരെ അടിക്കടി വെല്ലുവിളിക്കുകയും അവര്‍ക്ക് വമ്പിച്ച സമ്മാനം കൊടുക്കാമെന്ന് വിളംബരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അല്ലാഹുവിന്റെ ദൂതനായ മസീഹ് ഈസബ്‌നു മര്‍യമിനെ തീര്‍ച്ചയായും ഞങ്ങള്‍ വധിച്ചിരിക്കുന്നു എന്ന് അവര്‍ പറയുന്നതു നിമിത്തവും (അവര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ വധിച്ചിട്ടില്ല . ക്രൂശിച്ചു കൊന്നിട്ടുമില്ല. മറിച്ച് അദ്ദേഹം അവര്‍ക്ക് സദൃശീകരിക്കപ്പെടുകയാണുണ്ടായത്. തല്‍സംബന്ധമായി ഭിന്നാഭിപ്പ്രായക്കാരായവര്‍ അക്കാര്യത്തില്‍ സംശയത്തില്‍ തന്നെയാണ് ഊഹത്തെ പിന്‍പറ്റുകയല്ലാതെ അവര്‍ക്ക് അതേപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ അദ്ദേഹത്തെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അല്ലാഹു അദ്ദേഹത്തെ തങ്കലേക്ക് ഉയര്‍ത്തുകയാണുണ്ടായത് തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിജ്ഞനുമാണ്. (സൂറത്തുന്നിസാഅ് : 158, 159)
ഈസാനബി സ്ഥൂലദേഹത്തോടുകൂടി ആകാശത്തു ജീവിച്ചിരിക്കയാണെന്നു തെളിയിക്കുന്ന ഒരൊറ്റ വചനം പോലും വിശുദ്ധഖുര്‍ആനില്‍ ഇല്ലെന്നുള്ളതാണ് പരമാര്‍ത്ഥം. വിശുദ്ധ ഖുര്‍ആനില്‍ ഈസാനബിയെ സംബന്ധിച്ച് رَّفَعَہُ اللّٰہُ اِلَیۡہِ (അല്ലാഹു അദ്ദേഹത്തെ അവങ്കലേക്ക് ഉയര്‍ത്തി) എന്നു പറഞ്ഞിട്ടുള്ളത് അദ്ദേഹം ജീവനോടു കൂടി ആകാശത്തിലേക്ക് ഉയര്‍ത്തെട്ടിരിക്കുന്നവെന്നതിന് ഒരു വിധത്തിലും തെളിവല്ല.
റഫഅ എന്നുള്ള പദം ഖുർആനിൽ മനുഷ്യനെ കുറിച്ച് പരമാർശിക്കുന്നയിടങ്ങളിൽ എല്ലാം തന്നെ വിശുദ്ധ ഖുർആൻ ആ വ്യക്തിയുടെ അത്മീയമായ ഉയർച്ചയെ ആണ് കുറിച്ചിട്ടുള്ളത്.
ഭൂമിയില്‍ ജന്മമെടുത്തവര്‍ ഭൂമിയിൽത്തന്നെ ജീവിക്കണമെന്നും ഭൂമിയിൽത്തന്നെ മരിക്കണം എന്നുള്ളത് അല്ലാഹുവിന്റെ മാറ്റമില്ലാത്ത നിയമമാണ്. ഖുർആൻ പറയുന്നു:
“നിങ്ങള്‍ അതില്‍ (ഭൂമിയില്‍)ത്തന്നെ ജീവിക്കും. അതില്‍ത്തന്നെ നിങ്ങള്‍ മരിക്കുകയും ചെയ്യും.” – (ഖുര്‍ആന്‍ 7:25)
നിനക്ക് മുൻപ് നാം ഒരു മനുഷ്യനും ചിരകാലായുസ് നൽകിയിട്ടില്ല എന്നിരിക്കേ, നീ മരിക്കുകയും അവർ അനിതരസാധാരണമായ ആയുസ് നേടുകയും ചെയ്യുമെന്നാണോ? (സൂറത്തുൽ അമ്പിയാഅ്: 35)
”അദ്ദേഹം (ഈസാബ്‌നു മര്‍യം) പറഞ്ഞു: നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്ക് അവന്‍ ഗ്രന്ഥം നല്‍കുകയും എന്നെ നബിയാക്കുകയും ചെയതിരിക്കുന്നു. ഞാന്‍ എവിടെയാണെങ്കിലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സക്കാത്ത് കൊടുക്കുവാനും അവന്‍ എനിക്ക് താക്കീത് നല്‍കിയിരിക്കുന്നു. അവന്‍ എന്നെ എന്റെ മാതാവിനോട് നന്നായി പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ ദുര്‍ഭഗനായ ധിക്കാരിയാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും ഞാന്‍ മരിക്കുന്ന ദിവസവും ഞാന്‍ പുനരുദ്ധാനം ചെയ്യപ്പെടുന്ന ദിവസവും എന്റെ മേല്‍ സമാധാനം. (സൂറ!: മര്‍യം : 31-34 )
ഞാൻ ജനിച്ച ദിവസവും ഞാൻ മരിക്കുന്ന ദിവസവും ഞാൻ പുനരുദ്ധാനം ചെയ്യപ്പെടുന്ന ദിവസവും എന്റെമേൽ സമാധാനം. (19 : 34)
شبه എന്നുള്ള ക്രിയ അർഥമാക്കുന്നത്, അവനെപ്പോലെ പ്രത്യക്ഷപ്പെടുകയോ അല്ലെങ്കിൽ സാമ്യമുള്ളവനാക്കുകയോ ചെയ്തു എന്നാണ്. അപ്പോൾ ചോദ്യം ഉയർന്നുവരുന്നു, “ക്രൂശിക്കപ്പെട്ട ഒരാളെപ്പോലെ” പ്രത്യക്ഷപ്പെട്ട വ്യക്തി ആരാണ്? യഹൂദന്മാർ ക്രൂശിക്കാനും കൊല്ലാനും ശ്രമിച്ചത് ഈസാനബിയെ(അ) വ്യക്തം. മറ്റാരെയും ഇവിടെ അർത്ഥമാക്കാൻ കഴിയില്ല, കാരണം ഇവിടെ ഈ സന്ദർഭത്തിൽ മറ്റൊരു വ്യക്തിയെക്കുറിച്ചും യാതൊരു പരാമർശവുമില്ല. അതിനാൽ, ചില വ്യാഖ്യാതാക്കൾ കണ്ടെത്തിയ സിദ്ധാന്തം, യൂദായോ മറ്റാരെങ്കിലുമോ യേശുവിനെപ്പോലെ പ്രത്യക്ഷപ്പെടുകയും പിന്നീട് അവന്റെ സ്ഥാനത്ത് ക്രൂശിക്കപ്പെടുകയും ചെയ്തുവെന്നുള്ളത് വെറും അസംബന്ധമാണ്.
നബി തിരുമേനി (സ) പറഞ്ഞു:
“മുൻകഴിഞ്ഞ പ്രവാചകന്റെ പ്രായത്തിന്റെ പകുതി പ്രായം നേടാതെ ഒരു നബിയും കടന്നു കഴിഞ്ഞിട്ടില്ലെന്ന് ജിബ്രീൽ (അ) എന്നെ അറിയിച്ചു. തീർച്ചയായും ഈസബ്നുമർയം 120 വയസ്സുവരെ ജീവിച്ചിരുന്നു. അതുകൊണ്ട് എനിക്ക് 60 വയസ്സ് വരെ എത്തിയേക്കാമെന്ന് ഞാന് മനസ്സിലാക്കുന്നു.” (‘ഹദ്രത്ത് ഫാത്തിമത്തുസുഹ്റ വിവരിച്ച ഹദീസ്, കൻസുൽ ഉമ്മാൽ ‘)
ഹസ്രത്ത് നബിതിരുമേനി (സ) പറഞ്ഞു : “മൂസായും ഈസായും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവരിരുവർക്കും എന്നെ പിന്തുടരാതിരിക്കാൻ കഴിയുമായിരുന്നില്ല.“
(തഫ്സീറുൽ ഖുർആനുൽ അളീം, ഇബ്നു കസീർ – ‘മിത്തഖുൻ -നബിയ്യീൻ ‘ എന്ന വാക്യത്തിന് കീഴിൽ; അൽ-യവാഖിതു വൽ-ജവാഹിർ, വാല്യം 2, അൽ-മബസൂസ്-സാനി വഥ്-ഥലസുൻ എന്നതിനു കീഴിൽ; സർഖാനി ഷറഹ് മവാഹിബുൽ-ലുദുനിയഃ ; ഫത്ഹുൽ-ബയാൻ; അൽ-ബഹ്റുൽ-മുഹീത്ത്)
വിശുദ്ധഖുർആനും ഹദീസുകളും ഈസാനബിയുടെ മരണത്തെപ്പറ്റി വ്യക്തമായ തെളിവു നല്കുമ്പോൾ അദ്ദേഹം ജീവിച്ചിരിക്കുകയാണെന്ന തെറ്റായ വിശ്വാസത്തിൽ എങ്ങനെ മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ് ഉണ്ടായി എന്ന ഒരു പ്രശ്നം ഇവിടെ ഉൽഭവിക്കുന്നുണ്ട്. ഇതിനുള്ള മറുപടി, ഈ തെറ്റായ വിശ്വാസത്തിൽ ഒരിക്കലും മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ് ഉണ്ടായിട്ടില്ല എന്നുള്ളതാണ്. ആദ്യകാല ഉലമാക്കളിൽ പലരും ഈസാനബി മരിച്ചു പോയെന്നു തുറന്നു സമ്മതിച്ചവരാണ്. സ്വഹാബികളും ആ വിശ്വാസക്കാരായിരുന്നു.
ഈസാനബിയുടെ വഫാത്തിനെ പറ്റി ഖുർആനും തിരുഹദീസുകളും എന്ത് പറയുന്നുവെന്നും ഇസ്ലാമിലെ മുൻ കാലപണ്ഡിതന്മാരുടെ വീക്ഷണങ്ങൾ എന്തെല്ലാമായിരുന്നു എന്നും ഇതിനുമുമ്പുള്ള ലേഖനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി നേരിടാനുള്ള ചോദ്യം റസൂൽ തിരുമേനി ചെയ്ത പ്രവചനത്തെപറ്റിയുള്ളതാണ്. അവസാന കാലത്ത് ഈസബ്നു മർയം ഇറങ്ങും എന്ന് പറഞ്ഞിരിക്കയാൽ മരിച്ചുപൊയെങ്കിലും ഈസാനബി തിരിച്ചുവരുമോ എന്നുള്ളതാണ്. അതുള്ള ഉത്തരം ഖുർആനിലെ ലിഖിതങ്ങൾ മാറ്റമില്ലാതെ തുടരുകയും അല്ലാഹുവിന്റെ നിയമങ്ങൾ പാലിക്കപ്പെടുകയും ചെയ്യുന്ന പക്ഷം അങ്ങനെ സംഭവിക്കുക സാധ്യമല്ല എന്നുള്ളതാണ്.
റഫഅ എന്നപദത്തിനു മുൻക്കാല പണ്ടിതർ നല്കിയ അർത്ഥവും മാനവും നമുക്ക് പരിശോധിക്കാം, ഈസനബി (അ)നെ കുറിച്ചു പറയപ്പെടുമ്പോൾ “റഫഅ്” എന്ന പദം അദ്ദേഹത്തെ സ്ഥൂലശരീരത്തോടുകൂടെ വാനിലേക്കുയർത്തി എന്നതിന്നു പകരം അഹ്മദികൾ കൊടുക്കുന്ന അതായത് അത്മീയനിലയിലുള്ള ഉയർച്ചയെന്ന അർത്ഥത്തെ സാധൂകരിക്കുന്ന വ്യാഖ്യാനങ്ങളാണ് സുപ്രസിദ്ധ പണ്ഡിതർ നല്കിപ്പോരുന്നത്.