ഈസാ നബി (അ) കുരിശിൽ കൊല്ലപ്പെട്ടിട്ടില്ല

وَّ قَوۡلِہِمۡ اِنَّا قَتَلۡنَا الۡمَسِیۡحَ عِیۡسَی ابۡنَ مَرۡیَمَ رَسُوۡلَ اللّٰہِ ۚ وَ مَا قَتَلُوۡہُ وَ مَا صَلَبُوۡہُ وَ لٰکِنۡ شُبِّہَ لَہُمۡ ؕ وَ اِنَّ الَّذِیۡنَ اخۡتَلَفُوۡا فِیۡہِ لَفِیۡ شَکٍّ مِّنۡہُ ؕ مَا لَہُمۡ بِہٖ مِنۡ عِلۡمٍ اِلَّا اتِّبَاعَ الظَّنِّ ۚ وَ مَا قَتَلُوۡہُ یَقِیۡنًۢا

بَلۡ رَّفَعَہُ اللّٰہُ اِلَیۡہِ ؕ وَ کَانَ اللّٰہُ عَزِیۡزًا حَکِیۡمًا

അല്ലാഹുവിന്റെ ദൂതനായ മസീഹ് ഈസബ്‌നു മര്‍യമിനെ തീര്‍ച്ചയായും ഞങ്ങള്‍ വധിച്ചിരിക്കുന്നു എന്ന് അവര്‍ പറയുന്നതു നിമിത്തവും (അവര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ വധിച്ചിട്ടില്ല . ക്രൂശിച്ചു  കൊന്നിട്ടുമില്ല. മറിച്ച് അദ്ദേഹം അവര്‍ക്ക് സദൃശീകരിക്കപ്പെടുകയാണുണ്ടായത്. തല്‍സംബന്ധമായി ഭിന്നാഭിപ്പ്രായക്കാരായവര്‍ അക്കാര്യത്തില്‍ സംശയത്തില്‍ തന്നെയാണ് ഊഹത്തെ പിന്‍പറ്റുകയല്ലാതെ അവര്‍ക്ക് അതേപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ അദ്ദേഹത്തെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അല്ലാഹു അദ്ദേഹത്തെ തങ്കലേക്ക് ഉയര്‍ത്തുകയാണുണ്ടായത് തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിജ്ഞനുമാണ്. (സൂറത്തുന്നിസാഅ് : 158, 159)

പ്രധാനപ്പെട്ട ചില വാക്കുകൾ

قتل എന്നതിന് വധിക്കാന്‍ ശ്രമിക്കുക എന്നാണ് താല്പര്യം. ഒരു കൃത്യം പൂര്‍ത്തിയാക്കിയാലും തുടങ്ങിവെച്ചാലും ആ കൃത്യം നിര്‍വഹിച്ചുവെന്ന് പറയാറുണ്ട്. അതുപോലെ ഇവിടെ കൊന്നു എന്നതുകൊണ്ട് കൊല്ലാന്‍ ശ്രമിച്ചു എന്നോ കൊലക്ക് സമാനമായ നിലയില്‍ പീഡിച്ചുവെന്നോ ആണ് ഉദ്ദേശ്യം.

صلب എന്ന പദത്തിന്റെ അര്‍ഥം കുരിശില്‍ തറച്ചുകൊല്ലുക എന്നാണ്. ക്രൂശിക്കുക എന്ന് മലയാളത്തില്‍ പറയുന്നതിന്റെ വിവക്ഷയും ഇതു തന്നെയാണ്. ഈസാ(അ) കുരിശില്‍ മരിച്ചിട്ടില്ല അതായത് ماصلبوه എന്ന വാക്കിന്റെ അര്‍ഥം അവര്‍ അദ്ദേഹത്തെ ക്രൂശിച്ചു കൊന്നിട്ടില്ല എന്നാണ്.

وَ مَا قَتَلُوۡہُ وَ مَا صَلَبُوۡہُ അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചു കൊന്നിട്ടുമില്ല. ഹസ്‌റത്ത് ഈസാനബി(അ)യെ തങ്ങള്‍ വധിച്ചിരിക്കുന്നുവെന്നു വാദിക്കുന്ന യഹൂദന്‍മാരില്‍ രണ്ടു തരം വിശ്വാസക്കാരുണ്ട്. ഒരു വിഭാഗത്തിന്റെ വിശ്വാസം ആദ്യം വധിച്ചു, എന്നിട്ട് കുരിശില്‍ തൂക്കി എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിശ്വാസം ക്രൂശിച്ചു കൊന്നുവെന്നും. ഇവിടെ പ്രസ്തുത രണ്ടു വാദങ്ങളെയും അല്ലാഹു നിഷേധിക്കുകയാണ്. അതായത് കൊന്നു കുരിശില്‍ തൂക്കിയിട്ടില്ല. ക്രൂശിച്ചു കൊന്നിട്ടുമില്ല.

وَ لٰکِنۡ شُبِّہَ لَہُمۡ കാര്യം അവര്‍ക്ക് അവ്യക്തമാക്കപ്പെടുകയാണുണ്ടായത് എന്നും ഈ വാക്കിന് അര്‍ഥം നല്കപ്പെടാറുണ്ട്. മസീഹിന്റെ കുരിശാരോഹണത്തിനു മുമ്പും അതിനു ശേഷവും അരങ്ങേറിയ സംഭവങ്ങളുടെ യാഥാര്‍ഥ്യം അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്തവിധം അവ്യക്തമാവുകയാണുണ്ടായത്. കുരിശില്‍ തൂക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം ബോധരഹിതനായ കാരണത്താല്‍ അദ്ദേഹം മരണപ്പെട്ടുവെന്ന് ഒരു വിഭാഗം വിചാരിക്കുകയും ചെയ്തു.

لَفِیۡ شَکٍّ مِّنۡہُ സ്ഥിതി ഗതികളെല്ലാം തന്നെ മസീഹ് കുരിശില്‍ മരിക്കുന്നതിനെതിരാണ്. എന്നാല്‍ അദ്ദേഹം കുരിശില്‍ മരിക്കണമെന്നായിരുന്നു യഹൂദികളുടെ ആഗ്രഹം. അതിനാല്‍ അവര്‍ തങ്ങളുടെ ഊഹത്തിനധീനരായി മസീഹിന്റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നു.

ഈ വചനത്തിനു ഖുര്‍ആന്‍ ഭാഷ്യകാരന്‍മാര്‍ മൂന്നുവിധം അര്‍ഥം പറയുന്നു:

  • അവര്‍ അദ്ദേഹത്തെ ഉറപ്പായും കൊന്നിട്ടില്ല. (അതായത്, കൊന്നുവെന്നത് അവര്‍ക്ക് ഉറപ്പില്ല),
  • അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ലെന്ന കാര്യം ഉറപ്പാണ്.
  • അവര്‍ തങ്ങളുടെ ഭാവനയെ ദൃഢതയാക്കി മാറ്റിയിട്ടില്ല. (അതായത്, അവര്‍ കാര്യത്തിന്റെ യാഥാര്‍ഥ്യം പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല)

وَ مَا قَتَلُوۡہُ یَقِیۡنًۢا ഏതര്‍ഥത്തിലായാലും ഈസാനബിയെ തങ്ങള്‍ വധിച്ചുവെന്ന അവരുടെ വാദം മിഥ്യയാണെന്ന് സ്പഷ്ടം.

തൗറാത്തിലെ പ്രവചനമനുസരിച്ച് കള്ളപ്രവാചകന്‍മാര്‍ വധിക്കപ്പെടുമെന്നും, ക്രൂശില്‍ തറക്കപ്പെട്ട് കൊല്ലപ്പെടുന്നവന്‍ ശപ്തനാണെന്നും ജൂതന്‍മാര്‍ വിശ്വസിക്കുന്നു. (ആവര്‍ത്തനം 21:23) ഇതനുസരിച്ച് അവരുടെ ധാരണ പ്രകാരം യേശുവിനെ (ഈസായെ) കുരിശില്‍ തറച്ചുകൊന്ന് ശപ്തനാണെന്ന് സ്ഥാപിക്കണമെന്ന് ജൂതനേതാക്കന്‍മാര്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അവരുടെ ഉദ്ദേശ്യം സഫലമായില്ല. ഇതാണ് അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല ക്രൂശിച്ചുകൊന്നിട്ടുമില്ല എന്നു പറഞ്ഞതിന്റെ താല്‍പര്യം. അതിന്റെ വിശദീകരണമായാണ്, പ്രത്യുത, അല്ലാഹു അദ്ദേഹത്തെ തന്റെ അടുക്കലേക്ക് ഉയര്‍ത്തി എന്നുപറഞ്ഞിട്ടുള്ളത്. അതായത്, അല്ലാഹു അദ്ദേഹത്തെ ശപ്തനാക്കിത്തള്ളിയിട്ടില്ല, മറിച്ച് തന്റെ മറ്റെല്ലാ വരിഷ്ഠദാസന്‍മാരെയും ആദരിച്ച് തന്റെ സന്നിധിയിലേക്ക് ഉയര്‍ത്തിയതുപോലെതന്നെ ഈസാ നബിയെയും അല്ലാഹു തന്റെ സമീപസ്ഥനാക്കി പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു എന്നു താല്‍പര്യം.

അല്ലാഹു കര്‍ത്താവും മനുഷ്യര്‍ കര്‍മവുമായി رفع എന്ന പദം ഉപയോഗിച്ചാല്‍ അതിന്റെ അര്‍ഥം ശാരീരികമായി ഉയര്‍ത്തി എന്നല്ല, മറിച്ച് ആത്മീയമായി ഉയര്‍ത്തി, അഥവാ ദൈവസാമീപ്യത്തില്‍ ഉയര്‍ത്തി എന്നുതന്നെയാണ്. ഇവിടെ (തന്റെ അടുക്കലേക്ക്) എന്നു പറഞ്ഞുകൊണ്ട് ഈ അര്‍ഥം കൂടുതല്‍ സ്പഷ്ടമാക്കിയിരിക്കുകയാണ്. ഈസാനബി(അ)യെ ആകാശത്തേക്ക് ശാരീരികമായി ഉയര്‍ത്തി എന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത പ്രത്യേകം ശ്രദ്ധേയമാണ്. തന്നെയുമല്ല, ഈസാ(അ)യെ ശാരീരികമായി ആകാശത്തേക്ക് ഉയര്‍ത്തിയിട്ടില്ല എന്നു ജൂതന്‍മാര്‍ക്ക് വാദവുമില്ല. നേരെമറിച്ച് ഞങ്ങള്‍ മസീഹിനെ കൊന്നിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞതിന്റെ അര്‍ഥം ആത്മീയമായി ഉയര്‍ത്തിയിട്ടില്ല എന്നാണ്. അല്ലാഹു അതിനെ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹത്തെ ആത്മീയമായ പദവിയില്‍ ഉയര്‍ത്തി എന്ന് തുടര്‍ന്നു പറഞ്ഞിരിക്കുന്നത്.