“റഫഅ“ എന്നുള്ളതിൻ്റെ യഥാർത്ഥ വിവക്ഷ

ഈസാനബി സ്ഥൂലദേഹത്തോടുകൂടി ആകാശത്തു ജീവിച്ചിരിക്കയാണെന്നു തെളിയിക്കുന്ന ഒരൊറ്റ വചനം പോലും വിശുദ്ധഖുര്‍ആനില്‍ ഇല്ലെന്നുള്ളതാണ് പരമാര്‍ത്ഥം. വിശുദ്ധ ഖുര്‍ആനില്‍ ഈസാനബിയെ സംബന്ധിച്ച് رَّفَعَہُ اللّٰہُ اِلَیۡہِ (അല്ലാഹു അദ്ദേഹത്തെ അവങ്കലേക്ക് ഉയര്‍ത്തി) എന്നു പറഞ്ഞിട്ടുള്ളത് അദ്ദേഹം ജീവനോടു കൂടി ആകാശത്തിലേക്ക് ഉയര്‍ത്തെപ്പെട്ടിരിക്കുന്നവെന്നതിന് ഒരു വിധത്തിലും തെളിവല്ല. എന്തെന്നാല്‍ ഉയര്‍ത്തുക എന്നതിന്റെ ഉദ്ദേശ്യം ശാരീരികമായ ഉയര്‍ത്തലല്ല, ആദ്ധ്യാത്മികമായ ഉയര്‍ത്തലാണ്. ബല്‍അം ബാഊറിനെ സംബന്ധിച്ച് അല്ലാഹു പറയുന്നത് നോക്കുക:

وَ لَوۡ شِئۡنَا لَرَفَعۡنٰہُ بِہَا وَ لٰکِنَّہٗۤ اَخۡلَدَ اِلَی الۡاَرۡضِ

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവ(ആ ദൃഷ്ടാന്തങ്ങള്‍) വഴി അവനെ നാം ഉയര്‍ത്തുമായിരുന്നു. എന്നാല്‍, അവന്‍ ഭൂമിയിലേക്ക് ചായുകയാണുണ്ടായത് (വി.ഖുര്‍ആന്‍ 7:177).

ഇവിടെ ‘ഉയര്‍ത്തല്‍’ കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്, ശാരീരികമായ ഉയര്‍ത്തലല്ലെന്നും നേരെമറിച്ച്, ആദ്ധ്യാത്മികമായ ഉയർത്തലാണെന്നും എല്ലാവരും സമ്മതിക്കുന്നു. ഉയര്‍ത്തലിനെതിരായി ഭൂമിയിലേക്ക് ചാഞ്ഞുവെന്ന് ഇവിടെ പറയുകയും ചെയ്തിരിക്കുന്നു. ആ സ്ഥിതിക്ക് ഉയര്‍ത്തുക എന്ന പദത്തിന് ഈസാനബിയെ സംബന്ധിച്ചു ഉപയോഗിച്ചിടത്ത് അത് ശാരീരികമായ ഉയര്‍ത്തലെന്ന് അര്‍ത്ഥമെടുക്കാന്‍ എന്തു ന്യായമാണുള്ളത്?

‘റഫഅ’ എന്ന പദം മറ്റുള്ളവരെ സംബന്ധിച്ചാവുമ്പോള്‍ ‘ആദ്ധ്യാത്മികമായ ഉയര്‍ത്തല്‍’ എന്നും ഈസാനബിയെ സംബന്ധിച്ചാകുമ്പോള്‍ ശാരീരികമായ ഉയര്‍ത്തല്‍ എന്നും അര്‍ത്ഥം കല്‍പിക്കത്തക്കവിധം ഈസാനബിക്ക് എന്തു സവിശേഷതയാണുള്ളത്? പ്രത്യേകിച്ച് ഈസാനബിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉയരല്‍ മരണത്തിനുശേഷമാണ് ഉണ്ടായതെന്ന് വിശുദ്ധ ഖുര്‍ആനിൽ സൂറഃ ആലു ഇംറാനില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മരണാനന്തരമുണ്ടാവുന്ന ഉയര്‍ത്തല്‍ ആദ്ധ്യാത്മികമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മേല്‍പറഞ്ഞ വാക്യത്തില്‍ ഈസാനബിയെ ഉയര്‍ത്തിയത് ആകാശത്തിലേക്കാണെന്നല്ല, നേരെമറിച്ച് അല്ലാഹുവിന്റെ അടുക്കലേക്കാണെന്നാണ് പറഞ്ഞിട്ടുള്ളത്. അല്ലാഹു എല്ലാ സ്ഥലത്തുമുണ്ട്. ആകാശത്തില്‍ മാത്രം പരിമിതനല്ല. അപ്പോള്‍ അവന്റെ അടുക്കലേക്കു ഉയര്‍ത്തി എന്നതിനു ആകാശത്തിലേക്കുയര്‍ത്തി എന്നു എങ്ങനെ അര്‍ത്ഥം പറയാന്‍ സാധിക്കും? അല്ലാഹുവിന്റെ അടുക്കലേക്ക് ഉയര്‍ത്തി എന്നതിനു ആദ്ധ്യാത്മികമായ ഉയര്‍ത്തലെന്ന ഒരേ ഒരു അര്‍ത്ഥം മാത്രമേ സ്വീകരിക്കാന്‍ നിവൃത്തിയുള്ളൂ. കാരണം, അല്ലാഹു എല്ലായിടത്തും ഹാജരുള്ളവനും എല്ലാം കാണുന്നവനുമാണ്. അതിനാല്‍, ശാരീരികമായ ഉയര്‍ത്തലിനെ ഒരു വിധത്തിലും അല്ലാഹുവിനെ സംബന്ധിച്ച് ഉപയോഗിക്കാൻ സാധിക്കില്ല. അല്ലാഹുവിന്റെ അടുക്കലേക്കുള്ള ഈസാ നബിയുടെ ഉയരല്‍ ശാരീരികമാണെന്നാണ് സങ്കല്‍പിക്കുന്നതെങ്കില്‍ ആ വചനം തന്നെ നിരര്‍ത്ഥകമായിത്തീരുന്നതാണ്. എന്തെന്നാല്‍, അതിന്റെ അര്‍ത്ഥം അദ്ദേഹം എവിടെയായിരുന്നുവോ അവിടെത്തന്നെ അദ്ദേഹത്തെ നിറുത്തിയെന്നായിരിക്കും. അല്ലാഹു എല്ലായിടത്തും ഉള്ളവനാണല്ലോ. അതുകൊണ്ട് ഈസാനബിയുടെ ഉയരല്‍ ശാരീരികമല്ല, ആദ്ധ്യാത്മികമാണെന്ന് സ്പഷ്ടമായി.

ഒരു ഹദീഥില്‍ നബിതിരുമേനി ഇപ്രകാരം പറയുന്നു:

إِذَا تَوَاضَعَ الْعَبْدُ رَفَعَهُ اللَّهُ إِلَى السَّمَاءِ السَّابِعَةِ

അല്ലാഹുവിന്റെ അടിയാന്‍ വിനയം കൈക്കൊള്ളുകയാണെങ്കില്‍ അല്ലാഹു അവനെ ഏഴാം ആകാശത്തിലേക്ക് ഉയര്‍ത്തും (കന്‍സുല്‍ഉമ്മാല്‍, ജില്‍ദ്2).

ഈ സ്ഥലത്തും സ്ഥൂലദേഹത്തോടുകൂടി ആകാശത്തിലേക്കുയര്‍ത്തി എന്ന അര്‍ത്ഥം കല്‍പിക്കുവാന്‍ കഴിയുമോ? അങ്ങനെ കല്പിക്കുകയാണെങ്കില്‍ ഈ വചനത്തിലടങ്ങിയ അല്ലാഹുവിന്റെ വാഗ്ദാനം (നഊദുബില്ലാഹ്) കളവാണെന്നു സമ്മതിക്കേണ്ടി വരും. കാരണം, നബിതിരുമേനിയും സ്വഹാബത്തും അവര്‍ക്കുശേഷമുള്ള ലക്ഷോപലക്ഷം മുസ്‌ലിംകളും അല്ലാഹുവിനുവേണ്ടി വിനയം കൈക്കൊണ്ടവരായിരുന്നു. എന്നിട്ടും അവരില്‍ ഒരാള്‍പോലും ആകാശത്തിലേക്ക് സ്ഥൂലദേഹത്തോടുകൂടി ഉയര്‍ത്തപ്പെട്ടില്ല. അതിനാല്‍, ഇവിടെയും വിനയം കൈക്കൊള്ളുന്നവര്‍ സ്ഥൂലദേഹത്തോടുകൂടി ആകാശത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്നല്ല, നേരെമറിച്ച് അല്ലാഹു അവരുടെ പദവി ഉയര്‍ത്തുകയും അവര്‍ക്ക് ആദ്ധ്യാത്മികമായ ഉയര്‍ച്ച കൈവരുത്തുകയും ചെയ്യുമെന്നാണ് അര്‍ത്ഥമെടുക്കേണ്ടതെന്ന് വ്യക്തമാണ്. ആകാശമെന്ന പദം ഉണ്ടായിട്ടുകൂടിയും ഈ അര്‍ത്ഥമാണ് ഞങ്ങളുടെ എതിരാളികളായ ഉലമാക്കള്‍ പോലും ഈ വചനത്തിനു നല്കുന്നത്. പിന്നെ എന്തിനു ഈസാനബിയെ കുറിച്ചു മാത്രം, അല്ലാഹുവിന്റെ അടുക്കലേക്ക് ഉയര്‍ത്തിയെന്നു പറയുമ്പോള്‍ സ്ഥൂലദേഹത്തോടുകൂടി ആകാശത്തിലേക്ക് ഉയര്‍ത്തിയെന്ന് അര്‍ത്ഥം കല്‍പിക്കണം?