ഈസാ(അ) ആകാശത്തേക്കുയര്‍ത്തപ്പെട്ടിട്ടില്ല

ഒന്നാമതായി പരിശോധിക്കേണ്ടത് ഈസാനബി ആകാശത്തില്‍ സ്ഥൂലശരീരത്തോടുകൂടി വാസമുറപ്പിച്ചിട്ടുണ്ടോ എന്നതാണ്. അദ്ദേഹം സ്ഥൂലശരീരത്തോടുകൂടി ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടതായും ഇപ്പോഴും അവിടെ താമസിച്ചു വരുന്നതായും വിശുദ്ധ ഖുര്‍ആനില്‍ നിന്നോ സ്വഹീഹായ ഹദീഥുകളില്‍ നിന്നോ ഒരു പ്രകാരത്തിലും തെളിയുന്നില്ല എന്നതാണ് അതിനുള്ള മറുപടി.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

قَالَ فِیۡہَا تَحۡیَوۡنَ وَ فِیۡہَا تَمُوۡتُوۡنَ وَ مِنۡہَا تُخۡرَجُوۡنَ

നിങ്ങള്‍ അതില്‍ത്തന്നെ ജീവിക്കും. അതില്‍ത്തന്നെ നിങ്ങള്‍ മരിക്കുകയും ചെയ്യും. (വി.ഖുര്‍ആന്‍ 7:26)

ഭൂമിയില്‍ മനുഷ്യന് രണ്ട് അവസ്ഥകളെയാണ് നേരിടാനുള്ളത്. ജീവിതവും മരണവും. ഇവ രണ്ടിനെയും അല്ലാഹു ഭൂമിയോട് നിബദ്ധിച്ചിരിക്കയാണ്. ഈ രണ്ട് അവസ്ഥകളുടെയും കാലം മനുഷ്യന്‍ ഭൂമിയില്‍ വെച്ചുതന്നെ കഴിക്കേണ്ടിയിരിക്കുന്നു. ഇവിടെ ഉത്ഭവിക്കുന്ന ചോദ്യം ഈസാനബി(അ) ഒരു മനുഷ്യനായിരിക്കെ അദ്ദേഹത്തിന്റെ ജീവിതകാലത്തില്‍ വലിയൊരു ഭാഗം എങ്ങനെ ആകാശത്തില്‍ കഴിക്കാന്‍ തുടങ്ങിയെന്നതാണ്. അദ്ദേഹത്തെ ആകാശത്തിലേക്ക് കൊണ്ടുപോയപ്പോള്‍, മനുഷ്യന്‍ അവന്റെ ജീവിതകാലം ഭൂമിയില്‍ത്തന്നെ കഴിക്കണമെന്ന തന്റെ ഖണ്ഡിതമായ നിയമം അല്ലാഹു മറന്നു പോയോ? തീര്‍ച്ചയായും ഇല്ല. ഈസാനബി(അ) ഒരിക്കലും ആകാശത്തിലേക്ക് കൊണ്ടു പോകപ്പെട്ടിട്ടില്ലെന്നും, നേരെമറിച്ച് മറ്റുള്ള മനുഷ്യരെപ്പോലെ അദ്ദേഹവും അദ്ദേഹത്തിന്റെ ജീവിതകാലം ഈ ഭുമിയില്‍ത്തന്നെ കഴിച്ചു കൂട്ടുകയാണ് ചെയ്തതെന്നുമാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്.

വീണ്ടും നബി (സ)തിരുമേനിയെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുകയാണ്:

اَوۡ یَکُوۡنَ لَکَ بَیۡتٌ مِّنۡ زُخۡرُفٍ اَوۡ تَرۡقٰی فِی السَّمَآءِ ؕ وَ لَنۡ نُّؤۡمِنَ لِرُقِیِّکَ حَتّٰی تُنَزِّلَ عَلَیۡنَا کِتٰبًا نَّقۡرَؤُہٗ ؕ قُلۡ سُبۡحَانَ رَبِّیۡ ہَلۡ کُنۡتُ اِلَّا بَشَرًا رَّسُوۡلًا

”അല്ലയോ റസൂലേ, ആകാശത്തിലേക്ക് കയറിപ്പോയിക്കൊണ്ട് ഒരു അടയാളം കാണിക്കാന്‍ അവിശ്വാസികള്‍ നിന്നോട് ആവശ്യപ്പെടുന്നു. നീ അവരോട് പറയുക! എന്റെ റബ്ബ് പരിശുദ്ധനാണ്; ഞാന്‍ ഒരു ദൂതനായ മനുഷ്യന്‍ മാത്രമാണ്” (വി.ഖുര്‍ആന്‍ 17:94).

ഈ വാക്യത്തിന് ഒരു വ്യാഖ്യാനവും ആവശ്യമില്ല. മനുഷ്യനായിരിക്കുന്ന അവസ്ഥയില്‍ തനിക്ക്, സ്ഥൂലദേഹത്തോടുകൂടി ആകാശത്തിലേക്ക് പോവുക സാദ്ധ്യമല്ല എന്നാണ് ഇവിടെ നബി(സ) തിരുമേനി പ്രസ്താവിച്ചിരിക്കുന്നത്. അതാണ് സ്ഥിതിയെങ്കില്‍ ഈസാനബി(അ) ഒരു മനുഷ്യനായിരുന്നിട്ടും ആകാശത്തിലേക്ക് സ്ഥൂലദേഹത്തോടു കൂടി പോവുകയെന്നത് മനുഷ്യനെക്കാള്‍ ഉപരിയായ ഒരു സൃഷ്ടിയാണ് അദ്ദേഹമെന്ന് സ്ഥാപിക്കുന്നില്ലേ? പ്രസ്തുത വാക്യം വിശുദ്ധ ഖുര്‍ആനില്‍ ഉള്ളപ്പോള്‍ ഈസാനബി(അ) ആകാശത്തിലേക്ക് ജീവനോടുകൂടി ഉയര്‍ത്തപ്പെട്ടുവെന്നു പറയാന്‍ എങ്ങാനെയാണ് ഒരു മുസ്ലിമിനു ധൈര്യമുണ്ടാവുക?

പ്രവാചകന്മാരില്‍ ശ്രേഷ്ഠന്‍ ഹദ്റത്ത് മുഹമ്മദ് നബി (ﷺ) തിരുമേനി പറയുന്നത്, ജീവനോടും സ്ഥൂലദേഹത്തോടും കൂടി ആകാശത്തിലേക്ക് പോകുന്നതിന് തനിക്ക് തടസ്സമായിരിക്കുന്നത് താന്‍ മനുഷ്യനാണെന്നുള്ള അവസ്ഥയാണെന്നാണ്. ആ സ്ഥിതിക്ക് അദ്ദേഹത്തെക്കാള്‍ തീര്‍ച്ചയായും പദവിയില്‍ താഴ്ന്ന ഈസാനബി എങ്ങനെ ആകാശത്തിലേക്ക് കയറിപ്പോയി? കഷ്ടം! ഈസാനബിയെ ആകാശത്തില്‍ കയറ്റി ഇരുത്തിക്കൊണ്ട് മുസ്‌ലിംകള്‍ തങ്ങളുടെ പരിശുദ്ധ നബിയെ അപമാനിക്കുക മാത്രമല്ല ചെയ്യുന്നത്, അടിതൊട്ടു മുടിയോളം അബദ്ധമായ ഒരു വിശ്വാസത്താല്‍ ക്രിസ്ത്യാനികള്‍ക്ക് സഹായികളാവുക കൂടി ചെയ്യുന്നുണ്ട്.