ഹദ്‌റത്ത് ഈസാ നബി(അ)യുടെ ഖബര്‍

ഹദ്‌റത്ത് ഈസാ(അ)ന്റെ അസാധാരണമായ ജനനവും, വിശുദ്ധ ഖുര്‍ആന്റെ വ്യക്തമായ അദ്ധ്യാപനത്തിന് നേരെവിരുദ്ധമായി സ്ഥൂലശീരത്തോടുകൂടിയുള്ള ആകാശത്തിലേക്കുള്ള കയറ്റവും മരിക്കാതിരുന്നിട്ടും മരിച്ച നബിമാരുടെ ആത്മാക്കളുടെ ഇടയില്‍ (അവരാണെങ്കില്‍ ഒരു വിധത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചവരുമാണ്) പ്രവേശിക്കലുമെല്ലാം സത്യമായും ഒരു സത്യമതത്തിന് ഭൂഷണമായ വിശ്വാസകാര്യങ്ങളല്ല, കരിങ്കറയാണ്.

പാശ്ചാത്യ സൃഷ്ടിപൂജകര്‍ക്ക് നീണ്ടകാലമായി ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ ഒരു കടം വീട്ടുവാനുണ്ടായിരുന്നു അജ്ഞരായ മുസ്‌ലിംകള്‍ ഈ കടം വീട്ടാനുണ്ടെന്ന് സമ്മതിച്ചു കൊണ്ടു തന്നെ പലിശയിനത്തിലും വലിയൊരു സംഖ്യ വര്‍ദ്ധിപ്പിച്ചു. ഇക്കാരണത്താല്‍ ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ളോഹധരിച്ച് മതപരിത്യാഗികളായി മാറി. ഈ കടം വീട്ടാന്‍ ഒരു പോം വഴിയും അവര്‍ക്കില്ല.

..യേശു മിശിഹാ സ്ഥൂലശരീരത്തോടു കൂടി ഇന്നും ആകാശത്തില്‍ ജീവിച്ചിരിക്കുന്നു, എന്നെന്നും ജീവനോടെ ഇരിക്കുകയും ചെയ്യും. അവസാനം അദ്ദേഹം തന്നെ ആകാശത്തില്‍ നിന്നിറങ്ങിവന്ന് നീതി നടപ്പില്‍ വരുത്തും. അദ്ദേഹത്തെ ദൈവമാണെന്ന് അംഗീകരിക്കത്തവരെല്ലാം പിടിക്കപ്പെടുകയും അഗ്‌നിയില്‍ എറിയപ്പെടുകയും ചെയ്യും. ഈ ആക്ഷേപങ്ങള്‍ക്കൊന്നും മുസ്‌ലിംകള്‍കളുടെ പക്കല്‍ ഒരു മറുപടിയുമുണ്ടായിരുന്നില്ല.

…ഇപ്പോഴിതാ യേശു മിശിഹായുടെ ദൈവത്വം നല്ലവണ്ണം തെളിഞ്ഞിരിക്കുന്നു. ആകാശത്തില്‍ കയറിപ്പോയതിന്റെ സകല രഹസ്യങ്ങളും പുറത്തായിരിക്കുന്നു. പുരാതനങ്ങളായ ആയിരക്കണക്കിന് മരുന്നുകളുടെ കുറിപ്പടികളുമടങ്ങുന്ന പൗരാണിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ ആദ്യകാലത്ത് റോമാക്കാരും യൂനാനികളും മജൂസികളും ക്രിസ്ത്യാനികളും അവസാനം മുസ്‌ലിംകളും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഒരു കുറിപ്പടി മര്‍ഹമേ ഈസാ എന്ന പേരിലുള്ളതാണ്. ഈ മരുന്ന് ഹദ്‌റത്ത് ഈസാ(അ)ക്ക് വേണ്ടി അതായത് അദ്ദേഹത്തിന്റെ കുരിശില്‍ നിന്നുണ്ടായ മുറിവുകള്‍ ഉണങ്ങാന്‍ വേണ്ടി തയ്യാറാക്കപ്പെട്ടതായിരുന്നെന്ന് ആ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു.

At Srinagar’s ‘Tomb of Jesus’, this Christmas was just another indifferent day : Scroll.in Credits – Rozabal Shrine | Rayan Naqash

കശ്മീരില്‍ ഹദ്‌റത്ത് ഈസാ (അ)യുടെ ഖബറും കണ്ടെത്തിയിരിക്കയാണ്. അറബിയിലും ഫാര്‍സിയിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ രചിക്കപ്പെട്ട ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ മരണം സാക്ഷ്യപ്പെടുത്തുകയും ഖബര്‍ കാശ്മീരിലാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇന്നിതാ പുതിയൊരു വാര്‍ത്ത നമുക്ക് ലഭിച്ചിരിക്കുന്നു. അത് മുസ്‌ലിംകള്‍ക്കായി ഇന്ന് പെരുന്നാളൊരുക്കിയിരിക്കുകയാണ്. ഈ അടുത്ത കാലത്ത് യറുശലേം എന്ന സ്ഥലത്ത് നിന്നും പത്രോസ് ഹവാരിയുടെ ഒപ്പോടുകുടിയ പൗരാണിക അറബി ഭാഷയില്‍ രേഖപ്പെടുത്തിയ ഒരു കത്ത് കിട്ടിയിരിക്കുന്നു. അത് എന്റെ കിശ്തി നുഹ് എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്. ഹദ്‌റത്ത് മസീഹ് കുരിശ് സംഭവത്തിന് ഏകദേശം അമ്പത് വര്‍ഷത്തിന് ശേഷം ഈ ലോകത്ത് വെച്ച് തന്നെ മരിച്ചുവെന്ന് അതില്‍ നിന്ന് വ്യക്തമാവുന്നു. ആ ലിഖിതം രണ്ട് ലക്ഷം രൂപക്ക് ഒരു ക്രിസ്തീയ കമ്പനി വിലക്ക് വാങ്ങി. പത്രോസിന്റെ കൈപ്പടയാണ് അതെന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പ്രബലമായ ഇത്രയധികം തെളിവുകള്‍ പ്രകടമായിരുന്നിട്ടും ഈസ ഇന്നും ഉടലോടെ ജീവിച്ചിരിക്കുന്നുവെന്ന അന്ധവിശ്വാസത്തില്‍നിന്ന് പിന്മാറി നില്‍ക്കുന്നത് വിഭ്രാന്തിയല്ലെങ്കില്‍ മറ്റെന്താണ്?.

അനുഭവവേദ്യമാകുന്ന തെളിവുകളെ നിഷേധിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. മുസ്‌ലിം ലോകമേ, നിങ്ങള്‍ക്കാശംസകള്‍! ഇന്ന് നിങ്ങള്‍ക്ക് പെരുന്നാളാണ്. പഴഞ്ചന്‍ വിശ്വാസം തള്ളിക്കളയുക. ഖുര്‍ആന്‍ അനുസരിച്ചുള്ള വിശ്വാസം ഇനിയെങ്കിലും കൈകൊള്ളുക. ഏറ്റവും ഒടുവില്‍ കിട്ടിയ തെളിവ് ഹദ്‌റത്ത് ഈസായുടെ ഏറ്റവും മഹോന്നതമായ ഹവാരി രേഖപ്പെടുത്തി വെച്ചിട്ടുള്ളതാണ്. തന്റെ സ്വന്തം വാക്കുകളിലദ്ദേഹം ഇങ്ങനെ സാക്ഷിപറയുന്നു,: ഞാന്‍ ഇബ്‌നു മര്‍യമിന്റെ സേവകനാണ്. മര്‍യമിന്റെ മകന്‍ മരിച്ച് മുന്ന് വര്‍ഷത്തിന് ശേഷം എന്റെ തൊണ്ണൂറാമത്തെ വയസ്സിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്.

പത്രോസിന്റെയും ഈസയുടെയും ജന്മദേശം അടുത്തടുത്താണെന്ന് വലിയ വലിയ ക്രിസ്തീയ പണ്ഡിതന്മാരും ചരിത്രവും സമ്മതിക്കുന്നുണ്ട്. കുരിശു സംഭവകാലത്ത് ഹദ്‌റത്ത് ഈസായുടെ പ്രായം ഏകദേശം മുപ്പത്തിമൂന്നും ഹദ്‌റത്ത് പത്രോസിന്റെ പ്രായം മുപ്പതിനും നാല്‍പ്പതിനും ഇടക്കുമായിരുന്നു.

(നദ്‌വത്തുകാര്‍ക്കൊരുപഹാരം)