അവലമ്പം : ആദാം അഥവാ ആദം (അ), തിരെഞ്ഞെടുത്ത ലേഖനങ്ങൾ
മൌലാനാ ബി അബ്ദുല്ലാഹ് സാഹിബ് (റഹ്)
വിശുദ്ധ ഖുർആനിൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയേയും ഉൽകൃഷ്ട സൃഷ്ടിയായ മനുഷ്യന്റെ ആവിർഭാവത്തെയും ഹസ്റത്ത് ആദമിന്റെ സൃഷ്ടിയേയും കുറിച്ച് പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ, ബൈബിളിന്റേയും ഖുർആൻറെയും പ്രസ്താവനകളിൽ വ്യക്തമായ അന്തരമുണ്ടെന്നത് ഒരു പരമാർത്ഥം മാത്രമാണ്. ആറായിരം കൊല്ലങ്ങൾക്ക് മുമ്പ് ആറു ദിവസങ്ങൾക്കിടയിൽ ഈ പ്രപഞ്ചത്തെയും ആദിമനുഷ്യനേയും ദൈവം സൃഷ്ടിച്ചു എന്നാണല്ലോ ബൈബിളിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ആറു വലിയ പരിവർനഘട്ടങ്ങൾക്ക് ശേഷമാണ് പ്രപഞ്ചം ഈ രൂപത്തിൽ എത്തിച്ചേർന്നതെന്നാണ് ഖുർആൻ മനസ്സിലാക്കിത്തരുന്നത്. അല്ലാതെ ബൈബിൾ പ്രസ്താവിക്കുന്നതുപോലെ നാം ഇന്ന് കണക്കാക്കുന്ന തരത്തിലുള്ള ആറു ദിവസങ്ങൾക്കുള്ളിലാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നും അത് ആറായിരം കൊല്ലം മുമ്പ് മാത്രമാണെന്നും അല്ല. ‘യൗം’ എന്ന അറബി പദത്തിന് ദിവസം എന്നതുപോലെ തന്നെ പകൽ, നാൾ, സമയം, ഘട്ടം എന്നും മറ്റും അർത്ഥങ്ങളുണ്ട്. കൂടാതെ നമ്മുടെ സഹസ്രാബ്ദം ദൈവത്തിങ്കൽ ഒരു ദിവസമാണ് എന്നും അമ്പതിനായിരം വർഷങ്ങൾ ഒരു ദിവസമാണ് എന്നും വിശുദ്ധഖുർആൻ തന്നെ മനസ്സിലാക്കിത്തരുന്നുമുണ്ട്. ബൈബിൾ പറയുന്നത് പോലെ നാം കണക്കാക്കുന്ന ആറു ദിവസങ്ങൾക്കിടയിലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നാണ് ഖുർആനും പഠിപ്പിക്കുന്നതെന്ന് വല്ലവരും കരുതുന്നെങ്കിൽ അത് അബദ്ധമായിരിക്കും.
Courtesy: https://usgraceforce.com/the-wrath-of-god-is-the-disorder-experienced-when-we-separate-ourselves-from-god/
ഭൂലോകം ഉണ്ടായ ഉടനെ തന്നെ മനുഷ്യാവിർഭാവവും ഉണ്ടായെന്നും മനുഷ്യൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ട് ആറായിരം കൊല്ലങ്ങളെ ആയിട്ടുള്ളൂ എന്നും ഖുർആൻ പ്രസ്താവിക്കുന്നില്ല. മറിച്ചു. പലതരം പരിവർത്തനങ്ങൾക്കും പരിണാമങ്ങൾക്കും ശേഷമാണ് പരിപൂർണ്ണ വളർച്ചയെത്തിയ മനുഷ്യൻ രൂപമെടുത്തതെന്നാണ് ഖുർആൻ മനസ്സിലാക്കിത്തരുന്നത്. ഈ സംഗതി വിശുദ്ധ ഖുർആൻ പല വാക്യങ്ങളിലും സംക്ഷിപ്തമായി പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ആറായിരം കൊല്ലം മുമ്പ് ജീവിച്ച ആദമാണ് ആദ്യത്തെ മനുഷ്യൻ എന്നും ഖുർആൻ പഠിപ്പിക്കുന്നില്ല. ആദമിനെക്കുറിച്ച് ഖുർആനിൽ പല സ്ഥലങ്ങളിലും പറയുന്നുണ്ടെങ്കിലും ആദ്യ മനുഷ്യനാണ് ആദമെന്ന് ഖുർആൻ ഒരിടത്തും പറയുന്നില്ല.
ബൈബിൾ പറയുന്നതു പോലെ ആദം (അ) കേവലം ഒരു സാധാരണ മനുഷ്യനാണെന്ന് മാത്രമല്ല ഖുർആൻ പഠിപ്പിക്കുന്നത്. ആദ്യത്തെ മനുഷ്യനാണെന്നത് മാത്രമാണ് ബൈബളിന്റെ പക്കൽ ആദാമിനുള്ള സവിശേഷത. എന്നാൽ ആ സംഗതി സ്വീകാര്യമല്ലതാനും. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആളാണെന്ന് ബൈബിൾ ആദാമിനെക്കുറിച്ച് പറയുന്നുവെങ്കിലും അത് ആദാമിന്ന് മാത്രമുള്ള വിശേഷതയല്ലല്ലോ. എന്തെന്നാൽ, ആദാമിന്റെ സന്തതികളും അപ്രകാരം തന്നെയാണ്. ആദാമിനെ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്ന് ബൈബിൾ പറയുന്നുവെങ്കിലും അദ്ദേഹത്തിന് നന്മതിന്മകളെ തിരിച്ചറിയാനുള്ള കഴിവും വിവേകവും ഉണ്ടായിരുന്നില്ലെന്നും ബൈബിൾ പ്രസ്താവിക്കുന്നുണ്ട്. പിശാചിന്റെ ചതിയും ഹവ്വായുടെ പ്രേരണയും നിമിത്തം പാപം ചെയ്കയാലാണ് ആദാമിന്ന് വിവേകോദയമുണ്ടായതെന്നത്രെ ബൈബിൾ സിദ്ധാന്തിക്കുന്നത്. ദൈവത്തിന്റെ അമൃതഭാഷണം സിദ്ധിച്ച ഒരാളാണെന്നതുമല്ല ബൈബിളിന്റെ ദൃഷ്ടിയിൽ ആദാമിന്നുള്ള മഹത്വം. എന്തെന്നാൽ, ആദാമിന്റെ സീമന്ത പുത്രനും സ്വന്തം അനുജനുമായ ഹാബേലിനെ അന്യായമായി കൊന്നുകളഞ്ഞ കൊലപാതകിയുമായ കായേനോടും ദൈവം സംസാരിച്ചിരുന്നതായി ബൈബിൾ പ്രസ്താവിക്കുന്നുണ്ട്. (ഉല്പത്തി അ. 4)
ഇതിന്നെതിരിൽ, ഖുർആൻ ഹസ്റത്ത് ആദാമിനെക്കുറിച്ച് പറയുന്നതാകട്ടെ, അല്ലാഹു അദ്ദേഹത്തെ ഖലീഫയും തിരഞ്ഞെടുക്കപ്പെട്ട ആളും ആയി നിശ്ചയിച്ചുവെന്നാണ്. ഖുർആനിൽ രണ്ടാം അദ്ധ്യായം 31-ാം വചനത്തിലാണ് ആദാമിനെക്കുറിച്ച് ഒന്നാമതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. അതിൽ അല്ലാഹു മലക്കുകളോട് ഇപ്രകാരം പറഞ്ഞതായി പ്രസ്താവിക്കുന്നു.
اِنِّیۡ جَاعِلٌ فِی الۡاَرۡضِ خَلِیۡفَۃً
“ഞാൻ ഭൂമിയിൽ ഒരു ഖലീഫയെ നിശ്ചയിക്കാൻ പോകുന്നു.” (2:31)
ഈ വാക്യത്തിൽ നിന്ന് വ്യക്തമാകുന്നത് അന്നുണ്ടായിരുന്ന മനുഷ്യർക്ക് നേതൃത്വം നൽകി അവരെ സൽപന്ഥാവിലേക്ക് നയിക്കാൻ ദൈവം നിയോഗിച്ച ഒരാളായിരുന്നു ആദമെന്നാണ്.
ഖലീഫ എന്ന പദം വിശുദ്ധ ഖുർആനിൽ പ്രവാചകന്മാരെക്കുറിച്ചും അവരുടെ പ്രാതിനിധ്യം വഹിച്ചു കൊണ്ട് മനുഷ്യരെ നയിക്കുന്നവരെക്കുറിച്ചും ആണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഖുർആനിൽ ദാവൂദ് നബിയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു:
یٰدَاوٗدُ اِنَّا جَعَلۡنٰکَ خَلِیۡفَۃً فِی الۡاَرۡضِ
“അല്ലയോ ദാവൂദേ നാം നിന്നെ ഭൂമിയിൽ ഖലീഫയാക്കിയിരിക്കുന്നു.” (38:27)
ഇങ്ങനെ ഖുർആൻ മനസ്സിലാക്കിത്തരുന്നത് ആദം (അ) ഭൂമിയിൽ ഒരു ഖലീഫയായിരുന്നു എന്നാണ്. ഇതിൽ നിന്ന് അദ്ദേഹം മനുഷ്യർക്ക് മാർഗ്ഗദർശനം ചെയ്യുന്നതിന്ന് ദൈവത്താൽ നിയുക്തനായ ഒരാളായിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട്. ഖുർആൻ പറയുന്നു:
اِنَّ اللّٰہَ اصۡطَفٰۤی اٰدَمَ وَ نُوۡحًا وَّ اٰلَ اِبۡرٰہِیۡمَ وَ اٰلَ عِمۡرٰنَ عَلَی الۡعٰلَمِیۡنَ
“മനുഷ്യ സമുദായത്തിൽ നിന്ന് അല്ലാഹു ആദമിനേയും നൂഹിനേയും ഇബ്രാഹിം കുടുംബത്തേയും ഇമ്രാൻ കുടുംബത്തെയും തിരഞ്ഞെടുത്തിരിക്കുന്നു.” (3:34)
ഈ വാക്യത്തിൽ നബിതിരുമേനിയ്ക്ക് മുമ്പ് മതലോകത്ത് അഥവാ ആത്മീയലോകത്ത് ഉണ്ടായ നാലു പ്രധാന പരിവർത്തന ഘട്ടങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. അതിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. ഹസ്റത്ത് ആദമിന്റെ നിയോഗത്തെപ്പറ്റിയാണ്. ഇതിൽ നിന്ന് ബൈബിൾ നൽകുന്ന സ്ഥാനമല്ല ഹസ്റത്ത് ആദമിന്ന് ഖുർആൻ നൽകുന്നതെന്ന് വ്യക്തമാണല്ലോ.
ആദമിനെ ‘ഖലീഫ’യായി നിശ്ചയിച്ചിരിക്കുന്നു എന്ന് പറയപ്പെട്ടിരിക്കുന്നതിൽ നിന്ന് തന്നെ അദ്ദേഹം ആദ്യ മനുഷ്യനായിരുന്നില്ലെന്ന് തെളിയുന്നുണ്ട്. ആദമിന്റെ കാലത്തും അതിനു മുമ്പും മനുഷ്യർ ഉണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാകുന്നുവല്ലോ. ഇവിടെ പ്രയുക്തമായ ‘ഖലീഫ’ എന്ന പദം തന്നെ അത് വ്യക്തമാക്കിത്തരുന്നുണ്ട്. കഴിഞ്ഞുപോയ ഒരാൾക്ക് ശേഷം വരുന്നയാളും നിലവിലുള്ളവർക്ക് നേതൃത്വം നൽകുന്നയാളുമാണല്ലോ ഖലീഫ. അല്ലാഹു ‘ഖലീഫ’യാക്കി നിശ്ചയിച്ചതാക കൊണ്ട് അവന്റെ ഇച്ഛയെ ഭൂമിയിൽ നിറവേറ്റാൻ ചുമതലപ്പെട്ടയാളുമായിരിക്കണം. ഇങ്ങനെ ഖുർആൻ മനസ്സിലാക്കിത്തരുന്നത് ഹസ്റത്ത് ആദം(അ) ആദ്യ മനുഷ്യനായിരുന്നില്ലന്നാണ്.
ആദാം ആദ്യമനുഷ്യനാണെന്ന് ബൈബിൾ പറയുന്നുണ്ടെങ്കിലും, അദ്ദേഹം ആദ്യമനുഷ്യനല്ലെന്നും ബൈബിൾ തന്നെ മനസ്സിലാക്കിത്തരുന്നുണ്ട്. ആദാമിന്റെ പുത്രനായ കായേൻ ഹാബേലിനെ വധിച്ചപ്പോൾ ദൈവം കായേനെ തന്റെ സവിധത്തിൽ നിന്നും പുറത്താക്കി. അപ്പോൾ കായേൻ പരിഭവിച്ചു എന്നെ കാണുന്നവർ എന്നെ കൊന്നുകളയുമല്ലോ ‘എന്ന് ദൈവത്തോട് പറഞ്ഞപ്പോൾ,
‘ആരെങ്കിലും കായനെ കൊന്നാൽ, അവനോട് ഏഴിരട്ടിച്ച് പകരം ചെയ്യപ്പെടും.’ (ഉൽപത്തി 4:14-15)
എന്ന് ദൈവം പറയുകയും കായേനെ ആരും കൊല്ലാതെ ഇരിപ്പാനായി ദൈവം അവനിൽ ഒരു അടയാളം ഇടുകയും ചെയ്തതായി ബൈബിൾ പറയുന്നു.
ആദാമിന്റെ കാലത്ത് ആ പ്രദേശത്ത് തന്നെ ആദാമിന്റെ കുടുംബത്തിൽ പെടാത്ത മറ്റു മനുഷ്യർ താമസിച്ചിരുന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാകുന്നത്? അല്ലെങ്കിൽ, തന്നെ കാണുന്നവർ കൊന്നുകളുയുമെന്ന് കായേൻ ഭയപ്പെടുകയും കൊല്ലപ്പെടാതെയിരിക്കാൻ യഹോവാ അവനിൽ ഒരു അടയാളം ഇടുകയും ചെയ്തത് നിരർത്ഥകമായിരിക്കുമല്ലോ. തുടർന്നുകൊണ്ട് ബൈബിൾ പറയുന്നു:
കായേൻ യഹോവയുടെ സന്നിധിയിൽ നിന്ന് പുറപ്പെട്ടു നോദ് എന്ന സ്ഥലത്ത് പാർത്തു. കായേൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു. ഭാര്യ ഗർഭം ധരിച്ചു ഹാനാഖിനെ പ്രസവിക്കുകയും ചെയ്തു. പിന്നെ അദ്ദേഹം ഒരു പട്ടണം പണിതു. തന്റെ പുത്രനായ ഹാനോവിന്റെ പേരിൻപ്രകാരം അതിന് പേരിട്ടു (4:16-17)
ആദാമിന്റെ കുടുംബവുമായി ബന്ധമില്ലാത്ത മനുഷ്യർ അപ്രദേശത്തോ അടുത്ത പ്രദേശത്തോ ഇല്ലായിരുന്നുവെങ്കിൽ കായേന് ഭാര്യയെ എവിടുന്ന് കിട്ടി? ആദാമിന്റെ ഒന്നാമത്തെ മകൻ കായേനും രണ്ടാമത്തെ മകൻ ഹാബേലും ആയിരുന്നു. ആദാമിന്റെ സന്തതികളായിട്ടോ കുടുംബത്തിൽപ്പെട്ടവരായിട്ടോ കായേന് വിവാഹം ചെയ്യാൻ ഒരു സ്ത്രീ ആ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. കൂടാതെ അദ്ദേഹത്തിന് ഒറ്റയ്ക്ക് ഒരു പട്ടണം പണിയാൻ കഴിയുന്നതെങ്ങിനെ? തുടർന്നു കൊണ്ട് ബൈബിൾ പറയുന്ന സംഗതികളിൽ നിന്ന് ആദാമിൻറെ കുടുംബത്തിന് പുറമെ വേറെയും മനുഷ്യർ അക്കാലത്ത് ഉണ്ടായിരുന്നുവെന്ന് തെളിയുന്നുണ്ട്. (ഉൽപത്തി 4: 19, 24)
ഇങ്ങനെ ഒരു ഭാഗത്ത് ആദാം ആദ്യമനുഷ്യനാണെന്ന് പറയുന്നുണ്ടെങ്കിലും ബൈബിൾ തുടർന്നുള്ള വാക്യങ്ങൾ മുഖേന ആദാം ആദ്യമനുഷ്യനല്ലെന്നും മനസ്സിലാക്കിത്തരുന്നുണ്ട്. അതുകൊണ്ട് ആദമിനെക്കുറിച്ചുള്ള ഖുർആന്റെ വ്യക്തമായ പാഠത്തെ ബൈബിൾ തന്നെ ഒരു ഭാഗത്ത് അറിഞ്ഞോ അറിയാതെയോ സത്യപ്പെടുത്തുകയാണ് ചെയ്യുന്നത്.
ആദാം വിരോധിക്കപ്പെട്ട വൃക്ഷത്തിന്റെ ഫലത്തിൽ നിന്ന് തിന്നത് ഹവ്വായുടെ പ്രേരണയ്ക്ക് വിധേയനായിട്ടാണ് എന്നാണല്ലോ ബൈബിൾ പറയുന്നത്. എന്നാൽ, വിശുദ്ധ ഖുർആൻ പറയുന്നത് അങ്ങനെയല്ല. വിരോധിക്കപ്പെട്ട വൃക്ഷത്തിൽ നിന്നും പിശാചിന്റെ ദുർബോധനത്തിന്ന് വിധേയനായതുകൊണ്ട് ആദമും അദ്ദേഹത്തിന്റെ ഭാര്യയും ഭക്ഷിച്ചു എന്നാണ് ഖുർആൻ പറയുന്നത്. അതോടൊപ്പം തന്നെ ആദാം അങ്ങനെ ചെയ്തത് മനഃപൂർവ്വമല്ലാതിരുന്നതുകൊണ്ട് അത് അക്ഷന്തവ്യമായ ഒരു അപരാധമായിരുന്നില്ലെന്നും ഖുർആൻ മനസ്സിലാക്കിത്തരുന്നുണ്ട്.
وَلَقَدۡ عَہِدۡنَاۤ اِلٰۤی اٰدَمَ مِنۡ قَبۡلُ فَنَسِیَ وَلَمۡ نَجِدۡ لَہٗ عَزۡمًا
“തീർച്ചയായും നാം ആദാമിനോട് മുമ്പ് കരാർ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം മറന്നുപോയി. ലംഘനത്തിന്നുള്ള യാതൊരുദ്ദേശ്യവും അദ്ദേഹത്തിൽ നാം കണ്ടതുമില്ല.” (20:116)
എന്നാൽ, ബൈബിൾ മനസ്സിലാക്കിത്തരുന്നത് അദ്ദേഹം തന്റെ ഭാര്യയുടെ പ്രേരണയ്ക്ക് വിധേയനായി മനഃപൂർവ്വം പാപം ചെയ്തുവെന്നാണ്.
വിരോധിക്കപ്പെട്ട വൃക്ഷം എന്താണെന്ന് ഖുർആൻ പറഞ്ഞുതരുന്നില്ല. എങ്കിലും ലംഘനത്തെക്കുറിച്ച് ഖുർആൻ പറയുന്ന വസ്തുതകൾ പരിശോധിച്ച് നോക്കുമ്പോൾ വൃക്ഷമെന്ന് പറഞ്ഞത് ബാഹ്യാർത്ഥത്തിലാണെന്ന് കരുതാൻ തരമില്ല. അലങ്കാരഭാഷയിലാണ് ഖുർആൻ വൃക്ഷമെന്ന് പറഞ്ഞതെന്ന് മനസ്സിലാക്കാവുന്നതാണ്. നന്മതിന്മകളെ ക്കുറിച്ചുള്ള ജ്ഞാനമുണ്ടാക്കുന്ന വൃക്ഷം ബൈബിൾ പറയുന്നതും ബാഹ്യാർത്ഥത്തിലെടുക്കാൻ നിവൃത്തിയില്ല. നൻമതിൻമകളെ തിരിച്ചറിയുന്ന ജ്ഞാനമുണ്ടാക്കുന്ന ഫലത്തെ കായ്ക്കുന്ന ഒരു വൃക്ഷം ഉണ്ടായിരിക്കാനും തരമില്ലല്ലോ. മനുഷ്യർക്ക് വിവേകജ്ഞാനം ഉണ്ടായിരിക്കരുതെന്നാണ് ദൈവേച്ഛ എന്ന് കരുതാനും നിർവ്വാഹമില്ല. ഒരു പ്രത്യേക മരത്തിൽനിന്ന് തിന്നരുതെന്ന കല്പനയെ, ആ കല്പനയുടെ ഉദ്ദേശത്തെപ്പറ്റി പിശാച് ആദാമിനെ ദുർബോധനപ്പെടുത്തിക്കൊണ്ടിരിക്കവെ അദ്ദേഹം അപ്പടി മറന്നുകൊണ്ട് ആ വൃക്ഷത്തെ സമീപിച്ചു എന്ന് കരുതാൻ നിവൃത്തിയില്ലതന്നെ. ആകയാൽ വൃക്ഷമെന്ന് പറഞ്ഞത് ബാഹ്യാർത്ഥത്തിൽ എടുക്കാൻ പാടില്ലയെന്നാണ് മനസ്സിലാക്കേണ്ടിയിരിക്കുന്നത്.
ബൈബിൾ പറയുന്നത് ആദാം വിരോധിക്കപ്പെട്ട വൃക്ഷത്തെ സമീപിച്ചതുകൊണ്ട് ദൈവശിക്ഷക്ക് പാത്രീഭവിക്കുകയും തന്നിമിത്തം ഭൂമിതന്നെയും ശപിക്കപ്പെടുകയും ചെയ്തുവെന്നാണ്. എന്നാൽ, ഖുർആൻ മനസ്സിലാക്കിത്തരുന്നത്. പിശാചിന്റെ ദുർബോധനങ്ങൾക്ക് വിധേയനായി ദൈവ കൽപ്പനയുടെ താൽപര്യം ആദാം അറിഞ്ഞുപോകയാൽ വിരോധിക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം അദ്ദേഹം തിന്നുവെങ്കി ലും പിന്നീട് പശ്ചാത്തപിച്ച് മടങ്ങുകയും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തുവെന്നും തന്നിമിത്തം ദൈവം അദ്ദേഹത്തിന് പൊറുത്തുകൊടുത്തുവെന്നുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു.
فَتَلَقّٰۤی اٰدَمُ مِنۡ رَّبِّہٖ کَلِمٰتٍ فَتَابَ عَلَیۡہِ ؕ اِنَّہٗ ہُوَ التَّوَّابُ الرَّحِیۡمُ
“പിന്നെ ആദമിന്ന് തന്റെ രക്ഷിതാവിങ്കൽ നിന്ന് ചില വചനങ്ങൾ ലഭിച്ചു. അങ്ങനെ ദൈവം അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. നിശ്ചയമായും അവൻ പൊറുത്തുകൊടുക്കുന്നവനും കാരുണ്യവാനും അത്രേ” (2:38)
ഈ വാക്യത്തിൽനിന്ന് ആദം ചെയ്തുപോയ പ്രവൃത്തിയുടെ പരിഹാരാർത്ഥം അല്ലാഹു അദ്ദേഹത്തിന്ന് ചില കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തുവെന്നും അതനുസരിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി അല്ലാഹു അദ്ദേഹത്തിന്ന് പൊറുത്തു കൊടുത്തുവെന്നുമാണ് മനസ്സിലാകുന്നത്. ഇങ്ങനെ ആദം ഓർമ്മയില്ലാതെ ചെയ്തുപോയ ആ പ്രവൃത്തിയെ അദ്ദേഹത്തിന്റെ പശ്ചാത്താപം നിമിത്തം അല്ലാഹു പൊറുത്തുകൊടുത്തുവെന്നു പറഞ്ഞുകൊണ്ട് ഹസ്രത്ത് ആദം (അ) യഥാർത്തിലുള്ള ഒരു പാപിയായിരുന്നില്ലെന്നും അദ്ദേഹത്തിൻറ ആ പ്രവർത്തി നിമിത്തം ദൈവം അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ലെന്നുമാണ് ഖുർആൻ മനസ്സിലാക്കിത്തരുന്നത്.
ബൈബിൾ ആദാമിന്ന് ദൈവം നൽകിയ ശിക്ഷയായി പറയുന്ന സംഗതികൾ ഒരാൾ ചെയ്ത പാപത്തിന്റെ ശിക്ഷ യായിരിക്കാൻ നിവൃത്തിയുണ്ടോ എന്നും നാം ചിന്തിക്കേണ്ടി യിരിക്കുന്നു. ആദാമിന്ന് നൽകിയ ശിക്ഷ, അദ്ദേഹം അദ്ധ്വാനിച്ചും വിയർപ്പൊലിപ്പിച്ചും ഉപജീവനം നേടണമെന്നും ഭൂമി മുള്ളും പാറക്കാരകളും മുളപ്പിക്കുമെന്നും, ഒടുവിൽ അദ്ദേഹം മരിച്ചു പോകുമെന്നുമുള്ളതാണല്ലോ. ഹവ്വ ചെയ്ത പാപത്തിന്റെ ശിക്ഷ അവർ ഗർഭധാരണം കൊണ്ട് ബുദ്ധിമുട്ടുക വേദനയോടുകൂടി പ്രസവിക്കുകയും തന്റെ ഭർത്താവിനോട് ഭക്തിയുള്ളവരായിരിക്കുകയും ചെയ്യുമെന്നതുമാണ്. എന്നാൽ, ഇവയൊന്നും തന്നെ പാപത്തിനുള്ള ശിക്ഷയായിരിക്കാവതല്ലെന്ന് ആർക്കാണ് മനസ്സിലാക്കാൻ കഴിയാത്തത്? പോരാഞ്ഞിട്ട് പാപരഹിതരായിരിക്കുന്ന ക്രിസ്ത്യാനികൾ തന്നെയും ഈ ശിക്ഷകൾ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതിൽ നിന്ന് ഇതു ശിക്ഷയായിരിക്കാൻ നിവൃത്തിയില്ലെന്ന് വ്യക്തമാകുന്നുമുണ്ടല്ലോ.
ആദാം ചെയ്ത പാപം അദ്ദേഹത്തിന്റെ സന്തതികളിൽ സംക്രമിച്ചുവെന്ന് ബൈബിൾ പഠിപ്പിക്കുന്നു. ക്രിസ്ത്യാനികൾ പ്രത്യേകിച്ച് അപ്രകാരം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ, വിശുദ്ധ ഖുർആൻ ഈ സിദ്ധാന്തത്തെ അപ്പടി നിഷേധിക്കുന്നു. ആദാം ചെയ്ത കുറ്റം അദ്ദേഹത്തിന്റെ സന്തതികളിൽ സംക്രമിച്ചുവെന്ന് ഖുർആൻ പറയുന്നില്ല. മറിച്ച് ആദം ചെയ്തത് കുറ്റമാണെങ്കിൽ തന്നെയും ദൈവം അദ്ദേഹത്തിന് പൊറുത്തുകൊടുത്തിട്ടുണ്ടെന്നാണ് ഖുർആൻ പറയുന്നത്. ആകയാൽ കുറ്റം സംക്രമിക്കുന്ന പ്രശ്നം ഉൽഭവിക്കുന്നില്ല. മാത്രമല്ല. ഒരാൾ ചെയ്ത പാപത്തിന് മറ്റൊരാൾ ശിക്ഷിക്കപ്പെടാവതല്ലെന്നും ഖുർആൻ പഠിപ്പിക്കുന്നുണ്ട്.
مَنۡ عَمِلَ صَالِحًا فَلِنَفۡسِہٖ وَ مَنۡ اَسَآءَ فَعَلَیۡہَا ؕ وَ مَا رَبُّکَ بِظَلَّامٍ لِّلۡعَبِیۡدِ
“സൽക്കർമ്മം ചെയ്തവന്നു അതിന്റെ സൽഫലം ലഭിക്കും ദുഷ്കർമ്മം ചെയ്തവന്ന് അതിന്റെ ദോഷഫലവും, നിന്റെ ദൈവം അടിയാറുകളോട് അന്യായം പ്രവർത്തിക്കുന്നവനല്ല.” (41:47)
وَ اَنۡ لَّیۡسَ لِلۡاِنۡسَانِ اِلَّا مَا سَعٰی
“മനുഷ്യന് അവൻ പരിശ്രമഫലം മാത്രം സിദ്ധിക്കുകയുള്ളൂ.” (53: 30)
وَ لَا تَکۡسِبُ کُلُّ نَفۡسٍ اِلَّا عَلَیۡہَا ۚ وَ لَا تَزِرُ وَازِرَۃٌ وِّزۡرَ اُخۡرٰی
“കുറ്റം പ്രവർത്തിക്കുന്നവർ തന്നെയായിരിക്കും അതിന്റെ ദോഷഫലം അനുഭവിക്കുക. ആരും തന്നെ മറ്റൊരാളുടെ പാപത്തിന്റെ ചുമട് വഹിക്കുകയില്ല” (6: 165)
ഇങ്ങനെ വിശുദ്ധ ഖുർആൻ പല സ്ഥലങ്ങളിലും പ്രസ്താവിച്ചിരിക്കുന്നു. ആകയാൽ, ആദമിന്റെ പാപം നിമിത്തം അദ്ദേഹത്തിൻറ സന്തതികളും പാപികളായിത്തീർന്നു എന്ന് പറയുന്നതിനെ ഒട്ടും തന്നെ ഖുർആൻ ശരിവെക്കുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. വാസ്തവത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സംക്രമിക്കുന്ന ഒന്നല്ല പാപം. മനപൂർവ്വം ഒരാൾ ചെയ്യുന്ന കൽപന ലംഘനം മാത്രമാണ് പാപം, പിന്നെ അത് എങ്ങിനെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സംക്രമിക്കുക.
ഖുർആൻ ഈ അദ്ധ്യാപനം തന്നെയാണ് ശരിയെന്ന് ബൈബിളും മനസ്സിലാക്കിത്തരുന്നുണ്ട്. ബൈബിൾ പറയുന്നു.
“പുത്രന്മാർക്കുവേണ്ടി പിതാക്കന്മാർ കൊല്ലപ്പെടരുത്. പിതാക്കന്മാർക്കു വേണ്ടി പുത്രന്മാർ കൊല്ലപ്പെടുകയുമരുത്. അവനവൻ തന്റെ പാപം നിമിത്തം കൊല്ലപ്പെടണം.” (ആവർത്തനം, 24:16)
“ഓരോരുത്തൻ അവനവന്റെ അകൃത്യത്തിന്റെ പാപം നിമിത്തം മരിക്കും. ഏതു മനുഷ്യൻ പുളിക്കുന്ന മുന്തിരിങ്ങയെ ഭക്ഷിക്കുന്നുവോ അവന്റെ പല്ലുകൾ തന്നെ പുളിക്കും.” (യിറിമിയ. 31:30)
“പാപം ചെയ്യുന്ന ആത്മാവോ അത് മരിക്കും. പുത്രൻ പിതാവിന്റെ അതിക്രമത്തെ വഹിക്കയില്ല. നീതിമാന്റെ നീതി അവന്റെ മേൽ ഇരിക്കും ദുഷ്ടന്റെ ദുഷ്ടത അവന്റെ മേലും ഇരിക്കും.” (ഹെസക്കിയേൽ, 18:20)
ഈ ബൈബിൾ വാക്യങ്ങളിൽ നിന്ന് ഒരാളുടെ പാപത്തിന്ന് മറ്റൊരാൾ ശിക്ഷിക്കപ്പെടുകയില്ലെന്നുള്ള ഖുർആൻ പ്രസ്താവന തികച്ചും ശരിയാണെന്ന് മനസ്സിലാകുന്നു.
വിശുദ്ധ ഖുർആനിലും ബൈബിളിലും ഉള്ള ഈ പ്രസ്താവനകളിൽ കാണുന്ന മറ്റൊരു വ്യത്യാസം ഇതാണ്. ബൈബിൾ മനസ്സിലാക്കിത്തരുന്നത് സാത്താന്റെ പ്രേരണയ്ക്ക് വിധേയനായി വിരോധിക്കപ്പെട്ട വൃക്ഷത്തിന്റെ ഫലത്തിൽ നിന്ന് ആദ്യം ഭക്ഷിച്ചത് ആദാമായിരുന്നില്ല ഹവ്വയായിരുന്നു എന്നും ഹവ്വയുടെ പ്രേരണ നിമിത്തമാണ് ആദാമും ഭക്ഷിച്ചതെന്നുമാണല്ലോ. എന്നാൽ, വിശുദ്ധ ഖുർആൻ പറയുന്നത് ശൈത്താൻ ദുർബോധനപ്പെടുത്തിയത് ആദമിനെയായിരുന്നു എന്നാണ്. ഖുർആൻ പറയുന്നു:
فَوَسۡوَسَ اِلَیۡہِ الشَّیۡطٰنُ
“ശൈത്താൻ ആദാമിനെ ദുർബോധനം ചെയ്തു.” (20:121)
ഇങ്ങനെ, സ്ത്രീയെ പ്രത്യേകിച്ച് കുറ്റക്കാരിയാണെന്ന് വിധിക്കുന്നത് ബൈബിൾ ആണ്, ഖുർആനല്ല. ആദാമിനെക്കാൾ കടുത്ത പാപം ചെയ്തത് ഹവ്വയാണെന്നും ബൈബിൾ മനസ്സിലാക്കിത്തരുന്നു. എന്നിട്ടും സ്ത്രീയിൽ നിന്ന് ജനിച്ച യേശു മാത്രം പാപരഹിതനാണെന്നാണ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്. ബൈബിൾ ഹവ്വയെക്കുറിച്ച് നൽകുന്ന പാഠത്തിന് യോജിച്ചതല്ല വിശ്വാസമെന്ന് ബൈബിൾ തന്നെ മനസ്സിലാക്കിത്തരുന്നുണ്ട്. ബൈബിൾ പറയുന്നു.
“മനുഷ്യൻ ശുദ്ധനായിരിക്കുന്നതിന്നും സ്ത്രീയിൽ നിന്ന് ജനിച്ചവൻ നീതിമാനായിരിക്കുന്നതിന്നും അവൻ ആർ? (യോബ്.15:14).
“മനുഷ്യൻ ദൈവത്തിന്റെ മുമ്പാകെ നീതീകരിക്കപ്പെടുന്നത് എങ്ങിനെ? സ്ത്രീയിൽ നിന്ന് ജനിച്ചവൻ വെടിപ്പായിരിക്കുന്നതെങ്ങനെ” (യോബ്. 25:4).
ഇതിൽ നിന്ന് വ്യക്തമായി മനസ്സിലാകുന്നത് സ്ത്രീയിൽ നിന്ന് ജനിച്ചയാൾക്ക് പരിശുദ്ധനായിരിക്കാൻ നിർവ്വാഹമില്ലെന്നാണല്ലോ. എന്നിട്ടും, ക്രിസ്തീയ സഹോദരന്മാർ വിശ്വസിക്കുന്നത് എല്ലാ പ്രവാചകന്മാരും എല്ലാ പുണ്യാത്മാക്കളും പാപികളാണെന്നും സ്ത്രീയിൽ നിന്നു ജനിച്ച യേശു മാത്രം പാപരഹിതനാണെന്നും ആണ്. ഈ വിശ്വാസം തെറ്റാണെന്ന് ഒരൊറ്റ വാക്യം കൊണ്ട് ഖുർആൻ നമുക്ക് മനസ്സിലാക്കിത്തരുന്നു.
اِنَّ مَثَلَ عِیۡسٰی عِنۡدَ اللّٰہِ کَمَثَلِ اٰدَمَ ۖ خَلَقَہٗ مِنۡ تُرَابٍ
“അല്ലാഹുവിന്റെ പക്കൽ ഈസ (യേശു) തീർച്ചയായും ആദാമിനെപ്പോലെയത്രെ ആദാമിനെ അവൻ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണ്” (3:60).
ആദം മനുഷ്യനാണെങ്കിൽ ഈസാനബിയും ഒരു മനുഷ്യൻ മാത്രമാണ്. ആദം പാപിയാണെങ്കിൽ യേശുവും പാപിയാണെന്നു പറയേണ്ടിയിരിക്കുന്നു. യേശു പാപരഹിതനാണെങ്കിൽ ആദമും പാപരഹിതൻ തന്നെയാണ്. ദൈവത്തിങ്കൽ യേശുവിനുള്ള സ്ഥാനമെന്താണോ അതാണ് ആദാമിന്നുമുള്ളത്. ആദം മണ്ണിൽ നിന്നു സൃഷ്ടിക്കപ്പെട്ടു. അതായത്, ഭൂതവസ്തുക്കളിൽ നിന്നുണ്ടായ ജഡികദേഹത്തോട് കൂടിയ ഒരു മനുഷ്യൻ മാത്രമാണ് ആദം എങ്കിൽ യേശുവും ഭൂതവസ്തുക്കളിൽ നിന്നുണ്ടായ ജഡിക ശരീരത്തോടുകൂടിയ ഒരു മർത്ത്യൻ മാത്രമാണ്.
ഈ ഖുർആൻ വാക്യം യേശുവിന്റെ സ്ഥാനം ദൈവദൃഷ്ടിയിൽ എന്താണെന്ന് നല്ല പോലെ മനസ്സിലാക്കിത്തരുന്നുണ്ട്. ഈ വാസ്തവം ക്രിസ്ത്യാനികൾ മനസ്സിലാക്കാത്തതല്ല. മുസ്ലീമെന്നവകാശപ്പെടുന്നവർ തന്നെ മനസ്സിലാക്കാത്തതാണ് ഏറെ പരിതാപകരമായിരിക്കുന്നത്. അവർ ഈസാനബിക്ക് മറ്റു യാതൊരു പ്രവാചകന്മാർക്കും നബിതിരുമേനി(സ)യ്ക്കുപോലും ഇല്ലാത്ത സ്ഥാനം നൽകുന്നു. ചുരുക്കത്തിൽ, ഖുർആൻ ബൈബിളിന്റെ പകർപ്പല്ല. ബൈബിളിന്റെയും ഖുർആന്റെയും, അദ്ധ്യാപനങ്ങളിലും പ്രസ്താവനകളിലും വ്യക്തമായ അന്തരം കാണാം. ഖുർആൻ ബൈബിളിലെ അബദ്ധങ്ങളെ ചൂണ്ടിക്കാണിച്ചു തരുന്ന ഒരു യഥാർത്ഥ മാർഗ്ഗദർശനഗ്രന്ഥമത്രെ.