എ പി കുഞ്ഞാമു സാഹിബ്
സത്യദൂതൻ ജൂൺ 2003
ഭാവിയുടെ ഗര്‍ഭഗൃഹത്തില്‍ രൂപം കൊള്ളാനിരിക്കുന്ന സംഭവങ്ങള്‍ സര്‍വ്വജ്ഞാനിയായ ദൈവം മുന്‍കൂട്ടി വെളിപാടുകളിലൂടെയോ, ദര്‍ശനങ്ങളിലൂടെയോ, ബോധനങ്ങളിലൂടെയോ പ്രവാചകന്മാര്‍ക്ക് അറിയിച്ചു കൊടുക്കുന്നതിനെയാണ് പ്രവചനങ്ങള്‍ എന്നു പറയുന്നത്. ആ പ്രവചനങ്ങള്‍ പൂര്‍ത്തിയാവുക എന്നത് ദൈവാസ്തിക്യത്തിനും പ്രവാചകന്റെ സത്യത്തിനും കാലം നല്‍കുന്ന സാക്ഷ്യങ്ങളാണ്. സത്യമതങ്ങള്‍ക്ക് ഇത്തരം പ്രവചനപൂര്‍ത്തീകരണങ്ങള്‍ നല്‍കുന്ന ഉത്തേജനം വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയില്‍ വമ്പിച്ച സ്വാധീനങ്ങള്‍ ചെലുത്തുന്നു. പ്രവചനങ്ങള്‍ മിക്കതും പ്രവാചകന്മാരുടെ ദൗത്യവും അവരുടെ മതപ്രസ്ഥാനവുമായും പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടതായിരിക്കും.
വിശുദ്ധ ഖുര്‍ആനിലും ഹദീസിലും മറ്റു മതഗ്രന്ഥങ്ങളിലും ഈ കാലഘട്ടത്തെപറ്റി നിരവധി പ്രവചനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. പ്രവചനങ്ങളെ പറ്റി പറയുമ്പോള്‍ അതിലെ ഭാഷ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സാധാരണ വിജ്ഞാന വിനിമയങ്ങളിലുപയോഗിക്കുന്ന വിധത്തിലല്ല മിക്ക പ്രവചനങ്ങളിലെ യും ഭാഷ. വളരെയേറെ പ്രതീകാത്മകവും ആലങ്കാരികവും പദനിരുക്തി ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കേണ്ടതുമാണ്. പ്രവചനഭാഷ ആത്മീയ ജ്ഞാനികള്‍ക്കാണ് എളുപ്പത്തില്‍ ഉപദര്‍ശനം നല്‍കുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്. പ്രവചനങ്ങളിലെ വചനപൊരുള്‍ ഭാവികാലങ്ങളിലാണ് പുലരുന്നത്. ഭാവിയിലുളള സ്ഥലകാലവുമായി ഒരു ബന്ധവുമില്ലാത്ത പ്രവാചകന്മാരാണ് ദൈവം അറിയിച്ചത് പ്രകാരം പ്രവചനങ്ങള്‍ നടത്തുന്നത്. അതുകൊണ്ടാണ് ചില പ്രവചനങ്ങളുടെ യാഥാര്‍ത്ഥ്യം പ്രവാചകന്മാര്‍ക്കുപോലും ഗ്രഹിക്കാന്‍ സാധിക്കാതെ വരുന്നത്. പ്രവചന ദൃഷ്ടാന്തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പുലരണമെന്ന് ശഠിക്കുന്നത് ബുദ്ധിശൂന്യരായ ആളുകളാണ്.
ഖുര്‍ആന്‍ പറയുന്നു ”എന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വായിച്ച് കേള്‍പ്പിക്കപ്പെടാറുണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയായിരുന്നു. അതിനെ സംബന്ധിച്ച് അഹംഭാവം നടിച്ചുകൊണ്ടും രാക്കഥ പറഞ്ഞുകൊണ്ടും അസംബന്ധങ്ങള്‍ പുലമ്പുകയായിരുന്നു.” (23:67/68)
യഅ്ജൂജ് മഅ്ജൂജ് അഥവാ ഗോഗ് മഗോഗ്
ഈ കാലഘട്ടത്തെ പറ്റി നിരവധി പ്രവചനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. ആ പ്രവചനങ്ങളില്‍ പലതും ഈ കാലഘട്ടത്തില്‍ പൂര്‍ത്തിയായതായും നാം കാണുന്നു. ഇതില്‍ നിന്ന് മറ്റൊരു കാര്യം കൂടി മനസ്സിലാകുന്നത് മതങ്ങള്‍ക്കെല്ലാം ഒരു ഏകീ ഭാവമുണ്ടെന്നും, മതങ്ങളെല്ലാം ഒരേ സ്രോതസ്സില്‍ നിന്നും നിര്‍ഗ്ഗളിച്ചതാണെന്നുമാണ്. ഏതെങ്കിലും ഒരു മതത്തില്‍ മാത്രം നാം ഇത്തരം പ്രവചനങ്ങള്‍ കാണുകയും അതു പൂര്‍ത്തിയാവുകയും ചെയ്താല്‍ അത് ‘യാദൃച്ഛിക’മെന്ന പല്ലവി വെച്ച് നിഷേധികള്‍ നിഷേധിച്ചേക്കാം. എന്നാല്‍ എല്ലാ മതങ്ങളിലും ഒരേ കാലഘട്ടത്തെ പറ്റി പറയുകയും അക്കാലത്ത് പൂര്‍ത്തിയാവേണ്ട സംഭവവികാസങ്ങള്‍ ഒരോന്നായി ഒരേ രൂപത്തില്‍ പറയുകയും അതില്‍ പറയപ്പെട്ട പ്രവചനങ്ങള്‍ പലതും സത്യമായി പൂര്‍ത്തിയായതായി കാണുകയും ചെയ്യുമ്പോള്‍ അതു ദൈവാസ്തിക്യത്തിനുള്ള വലിയൊരു അടയാളമായി മനസ്സിലാക്കേണ്ടതുണ്ട്. ചിന്തിക്കുന്നവര്‍ അതിനോടു അനുബന്ധിതമായ മറ്റു പ്രവചനങ്ങളില്‍ കൂടി ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു. ഇസ്‌ലാമില്‍ ഇതു സംബന്ധിച്ചുള്ള പ്രവചനങ്ങളെ പറ്റി നമുക്ക് ഒന്നുപരിശോധിക്കാം.
ഞാന്‍ ഏതാണ്ട് ഒരു അഹ്മദി അനുഭാവിയായായിരുന്ന കാലത്തു മഹ്ദീ മസീഹിന്റെ ആവിര്‍ഭാവത്തെപ്പറ്റിയും ആ കാലത്ത് സംഭവിക്കേണ്ട സംഭവ വികാസങ്ങളെ പറ്റിയും മുസ്‌ലിം പണ്ഡിതന്മാര്‍ അവരുടെ വയളുകളില്‍ (മതപ്രസംഗങ്ങളില്‍) പ്രത്യേക വിഷയമായി എടുത്തുപറയുമായിരുന്നു. വാഗ്ദത്ത മഹ്ദീമസീഹിന്റെ ആവിര്‍ഭാവത്തോടു അനുബന്ധിച്ച് യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാടുണ്ടാകുമെന്നും ആ ഭയങ്കര ആഗോളവിപത്തിനെ മഹ്ദി മസീഹ് നശിപ്പിക്കുമെന്നും പ്രസ്തുത മതപ്രസംഗങ്ങളില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ പൊടിപ്പും തൊങ്ങലും വെച്ചു അവതരിപ്പിക്കുമായിരുന്നു. ഇപ്പോള്‍ അവരുടെ പ്രസംഗങ്ങളില്‍ യഅ്ജൂജ് മഅ്ജൂജും ദജ്ജാലുമൊന്നും ഇല്ല. ഇക്കാലത്ത് വ്യക്തമായി പുലര്‍ന്നു കഴിഞ്ഞ ഇവയെല്ലാം അവര്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുകയാണ്.
ഇമാം മഹ്ദിയുമായി അഭേദ്യമായി ബന്ധമുള്ള ഈ വിഷയങ്ങള്‍ ഇപ്പോള്‍ അവതരിപ്പിച്ചാല്‍ അതൊരു പക്ഷെ ഖാദിയാനികള്‍ക്ക് വളമായിപ്പോയാലോ? ഏതായാലും എനിക്ക് ആ കാലഘട്ടത്തിലെ അവരുടെ പ്രസംഗങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത് വാഗ്ദത്ത മഹ്ദി മസീഹ് വന്നാല്‍ അദ്ദേഹം യഅ്ജൂജ് മഅ്ജൂജ് ആരാണെന്നു ചൂണ്ടിക്കാണിച്ചുതരും എന്നാണ്. എന്നു വെച്ചാല്‍ യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാട് വാഗ്ദത്ത മഹ്ദീ മസീഹിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ടതാണ്. അവരുടെ വീക്ഷണത്തില്‍ മഹ്ദി മസീഹ് രണ്ട് വ്യക്തിത്വങ്ങളാണ്. ഏതായാലും യഅ്ജൂജ് മഅ്ജൂജ് ആരാണെന്നെതിനെപ്പറ്റി ഈ കാലഘട്ടത്തില്‍ മഹ്ദീ മസീഹാണെന്ന് അല്ലാഹുവിന്റെ നാമത്തില്‍ വാദിച്ച ഹസ്‌റത്ത് അഹ്മദ്(അ) അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ വല്ലതും രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം അഹ്മദികളോടു അന്വേഷിച്ചു നോക്കി. ഹസ്‌റത്ത് അഹ്മദ് (അ) തന്റെ സുപ്രസിദ്ധ ഗ്രന്ഥമായ ‘ഇസാലയെ ഔഹാം’ എന്ന കൃതിയില്‍ ഭാഗം 599 ഇങ്ങനെ പ്രസ്താവിച്ചതായ ഒരു ഉദ്ധരണി എനിക്ക് കാണിച്ചുതന്നു.
“അപ്രകാരം തന്നെ യഅ്ജൂജ് മഅ്ജൂജിന്റെ സ്ഥിതിയും അറിഞ്ഞുകൊള്‍ക. രണ്ടു പൗരാണിക ജാതിക്കാരാണവര്‍. മുന്‍ കാലങ്ങളില്‍ ഇവര്‍ക്ക് ഇതരജനങ്ങളുടെ മേല്‍ ജയം പ്രാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ സ്ഥിതി ബലഹീനമായിരുന്നു. എന്നാല്‍ അല്ലാഹു പറയുന്നു. അവസാനകാലത്ത് ഈ രണ്ടുജാതിക്കാരും പുറപ്പെട്ടുവരുന്നതാണ്. അതായത് അവര്‍ ശക്തിപ്രതാപത്തോടെ പ്രത്യക്ഷപ്പെടുമെന്ന് താല്‍പര്യം. സൂറ:അല്‍ കഹ്ഫില്‍ അല്ലാഹു പറയുന്നു. അതായത് ഈ രണ്ടുജാതിക്കാരും മറ്റുള്ളവരെ കീഴ്‌പെടുത്തിക്കഴിഞ്ഞ ശേഷം പരസ്പരം അക്രമണം നടത്തുന്നതാണ്. ഈ രണ്ടുജാതിക്കാര്‍ ഇംഗ്ലീഷ്‌കാരും, റഷ്യക്കാരുമാണ്.”
ഹസ്‌റത്ത് അഹ്മദ്(അ)ന്റെ ഈ വിവരണം എന്നെ വളരെ അധികം സ്വാധീനിക്കുകയുണ്ടായി. 1400വര്‍ഷങ്ങള്‍ക്ക് മുമ്പു പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫാ(സ) മുഖേന മനുഷ്യ ലോകത്തിന് അവതരിച്ച വിശുദ്ധ ഖുര്‍ആനിലും അതിന്റെ വിവരണങ്ങള്‍ കാണാം. ഹദീസിലും യഅ്ജൂജ് മഅ്ജൂജ് എന്ന രണ്ടുശാക്തികച്ചേരികളുടെ പേര്‍ പറയുകയും അവരുടെ ഗുണങ്ങളെക്കുറിച്ചും ഭാവിയില്‍ അവര്‍ക്കുണ്ടാകുന്ന സ്വാധീനത്തെക്കുറിച്ചും ഭൂമിയിലുള്ള എല്ലാവരേയും കീഴടക്കുകയും എല്ലാ നിക്ഷേപങ്ങളും പുറത്തെടുത്ത ശേഷം അവര്‍ ആകാശത്തെ കീഴടക്കാന്‍ ശ്രമിക്കുകയും ആകാശത്തേക്ക് തീയമ്പു (റോക്കറ്റ്)കള്‍ വിക്ഷേപിക്കുമെന്ന് വിവരിച്ചു പറഞ്ഞതായി കാണാം. ഈ രണ്ടു ശാക്തികച്ചേരികള്‍ ഇംഗ്ലീഷ്‌കാരും, റഷ്യക്കാരുമാണെന്നാണ് ഹസ്‌റത്ത് അഹ്മദ്(അ) ഇവിടെ പറഞ്ഞുതന്നത്.
ഹസ്‌റത്ത് അഹ്മദ്(അ) ഇത് പറയുമ്പോള്‍ റഷ്യയില്‍ സാര്‍ ചക്രവര്‍ത്തി ഭരിക്കുന്ന കാലഘട്ടമാണ്. ഈ രണ്ടുശാക്തികച്ചേരികളെ ചൂണ്ടിക്കാണിച്ചു തന്ന ഹസ്‌റത്ത് അഹ്മദ് (അ) വഫാത്തായി. അതിനുശേഷമാണ് ഈ പറയപ്പെട്ട രണ്ടുകൂട്ടര്‍ ആകാശത്തേക്കു റോക്കറ്റ് വിക്ഷേ പണം ആരംഭിച്ചത് അഥവാ ബഹിരാകാശ യുഗം ആവിര്‍ഭവിച്ചത്. വാസ്തവത്തില്‍ ഈ ഒരൊറ്റപ്രവചനം മുഖേന മുഹമ്മദ് മുസ്തഫ(സ)യുടേയും ഹസ്‌റത്ത് അഹ്മദ്(അ)മിന്റെയും സത്യസാക്ഷ്യം വെളിപ്പെടുകയാണ് ചെയ്തത്. മറ്റൊരു സംഗതി അവിടുന്നു സൂറ അല്‍കഹ്ഫിലെ ആയത്തുകളിലേക്കും വിരല്‍ ചൂണ്ടുകയുണ്ടായി. ആ ആയത്ത് പരിശോധിച്ചപ്പോള്‍ ദുല്‍ഖര്‍നൈന്‍ രാജാവുമായി ബന്ധപ്പെട്ട ഒരു ചരിത്രസംഭവം അതില്‍ കാണാന്‍ സാധിച്ചു.
“പിന്നീട് അദ്ദേഹം വേറൊരു മാര്‍ഗ്ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹം രണ്ടു മലകള്‍ക്കിടയിലുള്ള സ്ഥലത്തെത്തിയപ്പോള്‍ അതിനപ്പുറം ഒരു ജനതയെ അദ്ദേഹം കണ്ടെത്തി. അവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ പ്രയാസപ്പെട്ട് മാത്രമെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നുള്ളു. അവര്‍ പറഞ്ഞു. ദുല്‍ഖര്‍നൈന്‍ തീര്‍ച്ചയായും യഅ്ജൂജും മഅ്ജൂജും നാട്ടില്‍ കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. താങ്കള്‍ ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഒരു മതില്‍ നിര്‍മ്മിക്കുമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് കരം നിശ്ചയിക്കട്ടെയോ? അദ്ദേഹം പറഞ്ഞു (ഇത്തരം പ്രവൃത്തികളുടെ കാര്യത്തില്‍) എന്റെ നാഥന്‍ എനിക്ക് പ്രദാനം ചെയ്തിട്ടുള്ള ശക്തിയും സ്വാധീനവും (എതിരാളികള്‍ക്കുള്ളതിനേക്കാള്‍) വളരെ മികച്ചതാണ്. അതിനാല്‍ പ്രയത്‌ന ശക്തികൊണ്ടു നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ഒരു ശക്തമായ ഭിത്തിനിര്‍മ്മിച്ചുതരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകഷ്ണം കൊണ്ടുവരൂ. അങ്ങനെ രണ്ടുമലകള്‍ക്കിടയില്‍ അദ്ദേഹം വിടവ് സമമാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു നിങ്ങള്‍ തീ ഊതിക്കത്തിക്കുവിന്‍. തുടര്‍ന്നു അദ്ദേഹം അതിനെ അഗ്നിമയമാക്കിയേപ്പാള്‍ അദ്ദേഹം കല്‍പിച്ചുകൊണ്ടുവരിക, ഞാന്‍ അതിന്‍ മേല്‍ ഉരുക്കിയ ചെമ്പ് ഒഴിക്കാം. അങ്ങനെ അവര്‍ക്ക് അത് കയറിമറിയാനോ തുരന്നുകടക്കാനോ കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞു: ഇത് എന്റെ നാഥനില്‍ നിന്നുള്ള ഒരു കാരുണ്യമാണ്. എന്നാല്‍ എന്റെ നാഥന്‍ വാഗ്ദാനം നിറവേറ്റുന്നനാള്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ നാഥന്റെ വാഗ്ദാനം സത്യമാണ്.(18:90-99)
”സൂറഅല്‍കഹ്ഫി”നെ സംബന്ധിച്ചു പാശ്ചാത്യ വിവര്‍ത്തകനായ സെയില്‍ (Sale) പറഞ്ഞ വാക്യമാണ് സ്മൃതി പഥത്തില്‍ വരുന്നത്. It is a chapter of wonderful stories (അത്ഭുതകരങ്ങളായ കഥകളുടെ അദ്ധ്യായമാണെന്നാണ്) അതു മുഴുവനായും വായിച്ചുനോക്കിയാല്‍ ഒരു കഥപോലെതോന്നും. പക്ഷെ അതില്‍ അന്തര്‍ലീനങ്ങളായ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളേയും പ്രവചനങ്ങളേയും സാധാരണ വായനക്കാര്‍ക്ക് തിട്ടപ്പെടുത്താന്‍ സാധ്യമല്ല. വാഗ്ദത്തമഹ്ദിയും അദ്ദേഹത്തിന്റെ ഖലീഫമാരും ആ സാഗരത്തില്‍ നിന്നും എടുത്ത പല ഗൂഢാര്‍ത്ഥത്തിലുളള ഉപമാകഥകള്‍ ചരിത്ര സംഭവങ്ങളായി വ്യാഖ്യനിക്കുകയും പ്രവചനാത്മക വചനങ്ങള്‍ ഭാവിയില്‍ പുലരേണ്ട ലോകസംഭവങ്ങളുമായി വിവരിച്ചുകൊണ്ടും ഖുര്‍ആന്റെ അത്ഭുതകരമായ ജ്ഞാനപ്രപഞ്ചം തുറന്നുകാട്ടിയിരിക്കുന്നു.
ഈ യഅ്ജൂജ് മഅ്ജൂജിനെ സംബന്ധിച്ചു മുസ്‌ലിംകള്‍ വെച്ചു പുലര്‍ത്തിയ വിശ്വാസം വളരെ രസകരമാണ്. ഭൂമി പരന്നതാണെന്നും അതിന് ചുറ്റും അതിര്‍ത്തികളില്‍ ഖാഫ്മല എന്ന പേരുള്ള ഒരു പര്‍വ്വതം ഉണ്ടെന്നും, ആ പര്‍വ്വതത്താല്‍ വലയം ചെയ്യപ്പെട്ട മറ്റൊരു പര്‍വ്വതമുണ്ടെന്നും അതില്‍ നമ്മുടെ ഈ ഭൂമിയുടെ എണ്‍പതിനായിരം മടങ്ങ് വിസ്തൃതമായ വേറൊരു ഭൂമിയുണ്ടെന്നും അവിടെയാണ് ഇപ്പോള്‍ യഅ്ജൂജ് മഅ്ജൂജ് കുടിയിരിക്കുന്നതെന്നും അവസാന നാള്‍ അടുത്താല്‍ അവര്‍ പ്രസ്തുത പര്‍വ്വതം അടിച്ചുടച്ചു ഈ ഭൂമിയിലേക്ക് പുറപ്പെട്ട് വൃക്ഷലതാദികളാകെ തിന്ന് നശിപ്പിക്കുകയും കടലിലേയും കായലിലേയും വെള്ളമെല്ലാം കുടിച്ചു വറ്റിക്കുകയും ചെയ്യുമെന്നുമൊക്കെയാണ് കഥകള്‍. ഇങ്ങനെയുള്ള കെട്ടുകഥകളിലും ഊഹാപോഹങ്ങളിലും മുസ്‌ലിം സാധാരണ ജനങ്ങളെ പണ്ഡിതവര്‍ഗ്ഗം തളച്ചിട്ടിരിക്കുകയാണ്.
യഅ്ജൂജ് മഅജൂജ് മനുഷ്യരല്ലാത്ത ഏതോ സത്വങ്ങളായിട്ടാണ് വിശ്വസിച്ചുവരുന്നത്. ഇതൊന്നും ഇപ്പോഴത്തെ തലമുറയോടു പറയാന്‍ പറ്റാത്തതിനാല്‍ അവരതു പറയുന്നില്ല. ഭൂമി ഒരു ഗോളമാണെന്നും അതിനുചുറ്റും മലകള്‍ ഇല്ലെന്നും, അതിനപ്പുറം മറ്റൊരു ഭൂമി ഇല്ലെന്നും ഈ ശാസ്ത്രീയ യുഗത്തില്‍ ചെറിയ കുട്ടികള്‍ക്ക് പോലും അറിയുന്ന പരമാര്‍ത്ഥങ്ങളാണ്. അതു കൊണ്ടുതന്നെ ഈ ‘യഅ്ജൂജ് മഅ്ജൂജിനേയും’ ഈ ഭൂമിയിലുള്ള മനുഷ്യരില്‍പ്പെട്ടവരില്‍ നിന്നുതന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇനി നമുക്ക് മേല്‍പ്രസ്താവിച്ച വിശുദ്ധ ഖുര്‍ആന്‍വചനങ്ങള്‍ ഒന്നു പരിശോധിക്കാം. ഇവിടെ ദുല്‍ഖര്‍നൈന്‍ രാജാവ് യഅ്ജൂജ് മഅ്ജൂജിന്റെ ഉപദ്രവത്തില്‍ നിന്ന് ഒരു ജനതയെ രക്ഷിച്ച വിവരണമാണ് നല്‍കുന്നത്. ഈ ആയത്തിനെ വിവരിക്കുന്ന തിനു മുമ്പു ദുല്‍ഖര്‍നൈന്‍ രാജാവ് ആരാണെന്നും, യഅ്ജൂജ് മഅ്ജൂജ് ആരാണെന്നും മനസ്സിലാക്കുന്നത് നന്നായിരിക്കും. ദുല്‍ഖര്‍നൈന്‍ രാജാവ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണെന്നു പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞുകാണുന്നു. എന്നാല്‍ ദുല്‍ഖര്‍നൈന്‍ മഹാനായ സൈറസ് ചക്രവര്‍ത്തിയാണെന്നാണ് അഹ്മദിയ്യാ ജമാഅത്തിന്റെ രണ്ടാമത്തെ ഖലീഫ രചിച്ച വിശുദ്ധ ഖുര്‍ആന്റെ തഫ്‌സീര്‍ കബീറില്‍ പല രേഖകള്‍ കൊണ്ടും സമര്‍ത്ഥിച്ചിട്ടുള്ളത്. അദ്ദേഹം പ്രവാചകനായ സൊറൊസ്റ്ററില്‍ വിശ്വസിക്കുന്ന ആളാണ്. സൊറോസ്റ്റര്‍ മതം ഇസ്‌ലാമിനെ പോലെ മരണാനന്തര ജീവിതം പ്രതിപാദിക്കുന്ന മതമാണ്. അതു കൊണ്ടുതന്നെ സൈറസ് രാജാവ് മരണാനന്തര ജീവിതത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും വളരെ പരിശുദ്ധ ജീവിതം നയിച്ചയാളും ദൈവിക ഭാഷണം ലഭിച്ച വ്യക്തിയുമായിരുന്നു. മാത്രമല്ല ഇത്ര വലിയ ഒരു മതില്‍ പണിയണെമങ്കില്‍ ഒരു ദീര്‍ഘ സമയം എടുത്തിരിക്കും. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ അത് സൈറസ് ചക്രവര്‍ത്തിയാണെന്നതിലേക്ക് സൂചന നല്‍കുന്നു. അലക്‌സാണ്ടറുടെ ജീവിതം ഒരു പടയോട്ട ജീവിതമാണ്. ഏതെങ്കിലും ഒരു സ്ഥലത്ത് അദ്ദേഹം കൂടുതല്‍ സമയം ചിലവഴിച്ച ചരിത്രമില്ല. അദ്ദേഹം സൈറസിനെപോലെ ദിവ്യവെളിപാടു ലഭിച്ച ആളുമായിരുന്നില്ല. (കൂടുതല്‍ അറിയാന്‍ തഫ്‌സീര്‍ കബീര്‍ നോക്കുക)
ഇനി രണ്ടാമത്തെ കാര്യം യഅ്ജൂജ് മഅ്ജൂജ് ആരാണെന്നു കൂടി നാം മനസ്സിലാക്കണം. അറബി ഭാഷയുടെ ഏറ്റവും വലിയ കഴിവ് ഏതൊരു കൂട്ടരെക്കുറിച്ചോ സാധനങ്ങളെക്കുറിച്ചോ ഒരു വാക്ക് പ്രയുക്തമായാല്‍ ആ നാമത്തിന്റെ അര്‍ത്ഥത്തില്‍ തന്നെ അതിന്റെ വിവരണം അന്തര്‍ലീനമായി കാണാവുന്നതാണ്. ഇവിടെ ‘അജ്ജ്’ അല്ലെങ്കില്‍ ‘ഔജ്’ അതുമല്ലെങ്കില്‍ ‘മൗജ്’ എന്നീ ധാതുക്കളില്‍ നിന്നാണ് യഅ്ജൂജ് മഅ്ജൂജ് നിഷ്പന്നമായത് എന്നു മൂന്ന് വാദഗതികളുണ്ട്. ഏതര്‍ത്ഥത്തിലും ഈ ജനതയുടെ സ്വഭാവം അതില്‍ കൂടി മനസ്സിലാക്കാം. കത്തി ജ്ജ്വലിക്കുക, പ്രകാശിക്കുക, തീപ്പൊരിപാറുക, അത്യുഷ്ണമുള്ളതാവുക, കുതിച്ചോടുക, സമ്മിശ്രമാക്കുക, ഉപ്പുരസമുള്ളതാവുക, കയറുക, ഉയരുക, അതിശീഘ്രം ചലിക്കുക, കോളിളക്കമുണ്ടാവുക എന്നീ അര്‍ത്ഥങ്ങളെല്ലാം പ്രസ്തുത യഅ്ജൂജ് മഅ്ജൂജ് എന്ന വാക്കില്‍ അന്തര്‍ലീനമായിട്ടുണ്ടു. അവര്‍ അഗ്നിപ്രയോഗം നടത്തുന്ന ഒരു കൂട്ടരായിരിക്കുമെന്നും കരയിലും കടലിലും ശീഘ്രഗമനം ചെയ്യുന്നവരാണെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു.
സൂറ:അല്‍കഹ്ഫില്‍ അതിന്റെ തുടക്കത്തില്‍ തന്നെ ഏകദൈവ വിശ്വാസെത്ത സംരക്ഷിക്കാന്‍ യേശുവില്‍ വിശ്വസിച്ച ആദിമ ക്രിസ്ത്യാനിയുവാക്കള്‍ മുന്നൂറു കൊല്ലത്തോളം ഗുഹാവാസം അനുഷ്ഠിക്കേണ്ടിവന്ന ചരിത്രം വിവരിക്കുന്നു. പൊതു മുസ്‌ലിംകള്‍ ഈ ചരിത്ര സംഭവത്തെ മുന്നൂറ് കൊല്ലം അവര്‍ ഗുഹയില്‍ ഉറങ്ങിയവരായിട്ടാണ് വിശ്വസിക്കുന്നത്. യേശുവിന്നും അദ്ദേഹത്തില്‍ വിശ്വസിച്ചവര്‍ക്കും ആരംഭത്തില്‍ അനുഭവിക്കേണ്ടിവന്ന അതിരൂക്ഷമായ എതിര്‍പ്പുകളില്‍ നിന്ന് അവരുടെ വിശ്വാസത്തെ സംരക്ഷിക്കാനാണ് അവര്‍ ഗുഹാവാസികളായി കഴിഞ്ഞത്. ഇതു സംബന്ധിച്ചും മുസ്‌ലിംതഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ ഒരു പാട് കെട്ടുകഥകള്‍ രേഖപ്പെട്ടുകിടക്കുന്നു. പ്രസ്തുത ഗുഹകള്‍ മൈലുകളോളം ദൈര്‍ഘ്യമുള്ള ഗുഹകളാണ്. ഈ ഗുഹകളില്‍ റോമന്‍ അടിമകള്‍ ക്രൂരന്മാരായ അവരുടെ യജമാനരില്‍ നിന്നു രക്ഷകിട്ടാന്‍ അഭയം പ്രാപിച്ചിരുന്ന ഒളിസങ്കേതങ്ങളാണ്. റോമില്‍ ഇന്നും നില നില്‍ക്കുന്ന ഈ ഗുഹകള്‍ കേറ്റ കോംസ് എന്ന പേരില്‍ അറിയപ്പെടുന്നു.
മുന്നൂറുകൊല്ലം ഈ ഗുഹാജീവിതം നയിക്കേണ്ടിവന്നപ്പോള്‍ അതിനകത്ത് കുടുംസമേതം ജീവിക്കാനുള്ള അത്യാവശ്യ സൗകര്യങ്ങള്‍ അവര്‍ ഒരുക്കിയതായും മനസ്സിലാകുന്നു. അതിനകത്ത് മതപാഠശാലകള്‍ ഉണ്ടായിരുന്നുവത്രെ. പ്രസ്തുത കേറ്റ കോംസ് അഹ്മദിയ്യാ ഖലീഫമാരില്‍ പലരും സന്ദര്‍ശിച്ചിട്ടുണ്ട്. തഫ്‌സീര്‍ കബീര്‍ രചിച്ച രണ്ടാം ഖലീഫ(റ) പ്രസ്തുത ഗുഹ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ ക്രിസ്ത്യന്‍ സമൂഹം മുന്നൂറ് കൊല്ലങ്ങള്‍ക്ക് ശേഷം കോണ്‍സ്റ്റന്റയിന്‍ രാജാവ് ക്രിസ്തുമതം വിശ്വസിച്ചതിന് ശേഷമാണ് സ്വതന്ത്രരായത്. പിന്നീട് ക്രിസ്തുമതത്തിന് വളര്‍ച്ചയുണ്ടായി. അതു ഏതാണ്ടു ഇസ്‌ലാമിന്റെ ആവിര്‍ഭാവം വരെ നീണ്ടുനിന്നു.
ഇസ്‌ലാമിന്റെ ആവിര്‍ഭാവ ശേഷം കിസ്ര കൈസറെപ്പോലെയുള്ള വന്‍ രാഷ്ട്രങ്ങള്‍ ഇസ്‌ലാമിന്ന് എതിരില്‍വന്നു. ദൈവിക സഹായം മുഖേന രണ്ടാം ഖലീഫ ഉമര്‍ ഫാറൂഖ് (റ)ന്റെ കാലത്ത് അവരും ഇസ്‌ലാമിന് അടിയറവ് പറഞ്ഞു. പിന്നീട് ഇസ്‌ലാമിന്റെ ജൈത്രയാത്രയായിരുന്നു. എന്നാല്‍ ഭാവിയില്‍ ഇസ്‌ലാമിന്റെ പേരും ഖുര്‍ആന്റെ ലിപിയും മാത്രം ശേഷിക്കുകയും ഈമാന്‍ സുരയ്യാ നക്ഷത്രത്തില്‍ കരേറിപ്പോകുകയും മുസ്‌ലിംകള്‍ കക്ഷി പ്രതികക്ഷികളായി അധഃപതിക്കുകയും അവരുടെ പണ്ഡിതന്മാര്‍ ആകാശത്തിന്‍ കീഴില്‍ നികൃഷ്ടജീവികളായിത്തീരുമെന്നും ആ കാലഘട്ടത്തില്‍ ഇസ്‌ലാമിന് എല്ലാ നിലയിലുള്ള അധഃപതനവും ഉണ്ടാകുമെന്നും അല്ലാഹുവിന്റെ അറിയിപ്പനുസരിച്ചു റസൂല്‍ തിരുമേനി (സ) തന്റെ സമൂഹത്തെ തെര്യപ്പെടുത്തുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിംകളുടെ രക്ഷകനായി വാഗ്ദത്ത മഹ്ദീമസീഹ് വരുമെന്നും അദ്ദേഹം യഅ്ജൂജ് മഅ്ജൂജിനെ ചൂണ്ടിക്കാണിച്ചു തരുമെന്നും യഅ്ജൂജ് മഅ്ജൂജിനെ യുദ്ധം കൊണ്ടുനേരിടാന്‍ മുസ്‌ലിംകള്‍ക്ക് സാധ്യമല്ലെന്നും അവരില്‍ നിന്നുമുള്ള അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം മഹ്ദീ മസീഹില്‍ ബൈയ്യത്ത് ചെയ്തു കൊണ്ടു പ്രാര്‍ത്ഥിക്കുക മാത്രമാണ് എന്നാണ് ഖുര്‍ആനില്‍നിന്നും, ഹദീസുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
തീകൊണ്ടുകളിക്കുന്ന ഈ രണ്ടു ശക്തികള്‍ അവസാനം തമ്മിലടിച്ചു നാശമടയും എന്ന പ്രവചനവും സുറഃകഹ്ഫില്‍ തന്നെയുണ്ട്. ഇവര്‍ അക്രമാസക്തരായ ഒരു ജനവിഭാഗമാണ്. അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനും അക്രമിക്കാനും സന്ദര്‍ഭം പാര്‍ത്തിരിക്കുന്ന ജനവിഭാഗമാണ്. ഇവരുടെ ശല്യം അധികരിച്ച സന്ദര്‍ഭത്തിലാണ് സൈറസ്(ദുര്‍ഖര്‍നൈന്‍) ചക്രവര്‍ത്തിയുടെ പടയോട്ടം ആ ഭാഗങ്ങളില്‍ ഉണ്ടായത്. ഇവര്‍ പേര്‍ഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളെ കടന്നാക്രമിക്കുകയും കുറേ ഭാഗം പിടിച്ചടക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് സൈറസ് രാജാവ് അവരെ നേരിട്ടത്. അദ്ദേഹം അവരെ വിരട്ടിയോടിച്ചു നാടിനെ രക്ഷിച്ചു. ഭാവിയില്‍ അവരുടെ അക്രമങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ രാജ്യാതിര്‍ത്തിയില്‍ ഒരു മതിലും കെട്ടിക്കൊടുത്തു. അതിന്ന് ആ നാട്ടുകാരില്‍ നിന്നും ശ്രമദാനം സൈറസ് സ്വീകരിച്ചതായി കാണുന്നു. ഈ ഭിത്തിക്ക് ‘ദര്‍ബന്ധ്ഭിത്തി’ എന്നു പറയപ്പെടുന്നു. ഇതിന് 29 അടി ഉയരവും 10 അടി വീതിയുമുണ്ടായിരുന്നു. ഈ ഭിത്തി ഇന്നും ആ പ്രദേശത്ത് ജീര്‍ണാവസ്ഥയില്‍ നിലകൊള്ളുന്നുണ്ട്.
ഈ ഭിത്തിയുടെ നിര്‍മ്മാണ ശേഷം ഈ ജനതയെ പൂര്‍ണ്ണമായി തടഞ്ഞു നിര്‍ത്തുവാന്‍ സാധിച്ചു. തുടര്‍ന്ന് സൈറസ് ചക്രവര്‍ത്തി പറഞ്ഞവാക്കുകള്‍ ദൈവിക അറിയിപ്പോടുകൂടിയ വചനങ്ങളാണ്. അതായത് വാഗ്ദത്ത മഹ്ദി മസീഹിന്റെ കാലഘട്ടം ആവിര്‍ഭവിക്കുമ്പോള്‍ ഈ മതില്‍കെട്ടിന് അവരെ തടഞ്ഞുനിര്‍ത്താന്‍ സാദ്ധ്യമല്ല. അവര്‍ ആകാശത്ത് കൂടിയും (വായുസഞ്ചാരം) കടലില്‍ കൂടിയും തിരമാലകള്‍ പോലെ ലോകത്ത് സ്വാധീനം ചെലുത്തുന്നതാണ്. അതാണ് ചരിത്രത്തില്‍ കൂടി നാം കണ്ടതും ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നതും.
യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാട് കടല്‍, ആകാശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണെന്ന് ഖുര്‍ആനി(21:96)ലും പറയുന്നുണ്ട്. അവസാനകാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട ദൈവിക പുരുഷന്‍ ആഗതനാവുന്ന കാലത്ത് യഅ്ജൂജ് മഅ്ജൂജിന്റെ തള്ളിക്കയറ്റവും അക്രമവും സംഭവിക്കുമെന്ന ദുല്‍ഖര്‍നൈന്‍ രാജാവിന്റെ പ്രവചനം ഇക്കാലത്ത് പൂര്‍ത്തിയായി. വിശുദ്ധഖുര്‍ആന്റെയും തിരുനബി വചനത്തിന്റേയും വെളിച്ചത്തിലും അതിനെ കൂടുതല്‍ സ്ഫുടതയോടെ വാഗ്ദത്ത മസീഹ് ഹസ്‌റത്ത് അഹ്മദ്(അ) ഈ രണ്ടു ശാക്തികച്ചേരികളുടെ നാശം അവര്‍ തമ്മിലുള്ള ഒരു ആഗോള യുദ്ധത്തില്‍ കൂടിയായിരിക്കുമെന്ന് മനസ്സിലാക്കിത്തരുന്നു. അതിന് ശേഷം വാഗ്ദത്ത മഹ്ദിയുടെ അഹ്മദിയ്യാ ജമാഅത്തിലൂടെ ഇസ്‌ലാമിന്റെ ആഗോള വിജയമുണ്ടാവുമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ രണ്ടു ശാക്തികച്ചേരികള്‍ ഏറ്റുമുട്ടുന്നതിന് മുമ്പ് മുസ്‌ലിംകള്‍ക്ക് ഈ ശക്തികളെക്കൊണ്ടു വളരെ അധികം യാതനകള്‍ അനുഭവിക്കേണ്ടിവരുമെന്നും പ്രവചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. ഇവര്‍ ഏറ്റുമുട്ടുന്നതിന് മുമ്പായി അവരെ നേരിടാന്‍ ഒരു മുസ്‌ലിംശക്തിക്കും സാദ്ധ്യമല്ലെന്നും പ്രവചനങ്ങളില്‍ പറയുന്നുണ്ട്.
1991ല്‍ നമ്മുടെ ഖലീഫ നാലാമന്‍ ഖാദിയാനില്‍ ആഗതനായപ്പോള്‍ ചോദ്യോത്തരവേളയില്‍ ഈ ലേഖകന്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു.
”ഹുസൂര്‍, ഇന്നത്തെ സാഹചര്യത്തില്‍ രണ്ട് ശാക്തികച്ചേരികളെ കാണാനില്ല. അമേരിക്ക മാത്രമെ ഉള്ളു. ഇങ്ങനെയാണെങ്കില്‍ വിശുദ്ധഖുര്‍ആനിലും, ഹദീസിലും മസീഹ് മൗഊദ് (അ) ചെയ്ത പ്രവചനങ്ങളും ഇവരില്‍ എങ്ങനെ പൂര്‍ത്തിയാകും?”
അതിന് ഹുസൂര്‍ നല്‍കിയ ഹ്രസ്വമായ മറുപടി. റഷ്യയുടെ നേതൃത്വത്തിലുളള ബ്ലോക്ക് രണ്ടാമത് ശക്തിപ്രാപിക്കുമെന്നാണ്. ഇത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഒരു പതിറ്റാണ്ടായിട്ടും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇറാക്കിനെതിരെയുളള അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള അധിനിവേശസേന നടത്തിയ പൈശാചികമായ യുദ്ധത്തിനെതിരെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും പ്രതിഷേധം ഉയരുകയുണ്ടായി. റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ എതിര്‍പ്പ് നമുക്ക് കാണാന്‍ സാധിച്ചു. ഒരുപക്ഷെ ഈ ബന്ധം ശക്തിപ്രാപിച്ചു ഒരു ചേരിയായി രംഗപ്രവേശം ചെയ്യേണ്ടിയിരിക്കുന്നു. റസൂല്‍ തിരുമേനി (സ) ഒരു ദിവസം സഹാബാക്കളെ ഇങ്ങനെ അഭിസംബോധന ചെയ്തതായി ഹദീസുകളില്‍ കാണുന്നു.
“അറബികള്‍ക്ക് നാശം. യഅ്ജൂജ് മഅ്ജൂജിന്റെ ഭിത്തിയില്‍ നിന്ന് (രണ്ട്‌വിരല്‍ കൊണ്ടു വൃത്തമുണ്ടാക്കി കാണിച്ചുകൊണ്ടു പറഞ്ഞു) ഇത്ര വിടവുണ്ടായിരിക്കുന്നു.” ആ മഹല്‍വാക്യത്തിന്റെ അലയൊലികളാണ് അറബ് രാഷ്ട്രങ്ങളില്‍ നാം ദര്‍ശിക്കുന്നത്. ചരിത്രത്തില്‍ മറ്റൊരു സംഭവവികാസം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഫലസ്തീനികളുടെ ജന്മസ്ഥലത്തു നിന്നും അവരെ ആട്ടിയോടിച്ച ശേഷമാണ് ഇസ്രയേല്‍ രാജ്യം രൂപീകൃതമായത്. ഈ അനീതിക്ക് യഅ്ജുജ് മഅ്ജൂജും കൂട്ടുനില്ക്കുകയായിരുന്നു. വിശുദ്ധ ഖുര്‍ആനിലും ഇതുസംബന്ധിച്ചു പ്രവചനമുണ്ട്. അവസാനകാലെത്ത വാഗ്ദാനം പൂര്‍ത്തിയായാല്‍ നാം അവരെ ഒരുമിച്ചു കൂട്ടും എന്ന് യഹൂദികളെ സംബന്ധിച്ച പ്രവചനവും ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം പ്രസ്താവ്യമാണ്.
അവസാന കാലത്തെ വാഗ്ദാനം എന്നത് മഹ്ദി മസീഹിന്റെ അവതാരമാണ്. ഇതും ‘അറബികള്‍ക്ക് നാശം’ എന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ്. ഇപ്പോള്‍ അറബികളെ മുഴുവന്‍ ”ലോക പോലീസായ” അമേരിക്ക അവരുടെ മേധാവിത്വത്തിന്ന് വിധേയമാക്കിയിരിക്കയാണ്. അവരോട് വിയോജിപ്പുള്ളവരെ സംഹരിക്കാനുള്ള പുറപ്പാടാണ് നാം ഇന്ന് ഇറാഖില്‍ ദര്‍ശിക്കുന്നത്. ഇനി അടുത്ത ഊഴം സിറിയയുടെതായിരിക്കുമോ?
വാഗ്ദത്ത മസീഹിന്റെ നാലാമത്തെ ഖലീഫ മുമ്പു ഇറാഖും കുവൈത്തും തമ്മില്‍ യുദ്ധം നടന്നപ്പോള്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഒരുമിച്ചു പ്രശ്‌നം കൈകാര്യം ചെയ്യണമെന്നും ഇതിന് സഹായത്തിന് അമേരിക്കയേയോ മറ്റു അമുസ്‌ലിം വിദേശ രാജ്യങ്ങളെയോ സമീപിക്കരുതെന്നും വിശുദ്ധ ഖുര്‍ആന്റെ ആയത്തുകളുടെ വെളിച്ചത്തില്‍ മുസ്‌ലിം രാഷ്ട്രത്തലവന്മാരെ ജാഗ്രതപ്പെടുത്തിയിരുന്നു. വിശുദ്ധ ഖൂര്‍ആന്റെ തത്ത്വരഹസ്യങ്ങളറിയുന്ന അല്ലാഹു അയച്ച വാഗ്ദത്ത മസീഹിന്റെ ഖലീഫ അവരുടെ കണ്ണില്‍ നിസ്സാരനായി തോന്നിയത് കൊണ്ടായിരിക്കാം ആ ഉപദേശങ്ങളെല്ലാം അഗണ്യകോടിയില്‍ തള്ളിയത്. അതിന്റെ ഫലം അവര്‍ ഇന്ന് അനുഭവിക്കുന്നു. ഭാവിലോകം അറബികള്‍ക്ക് ഇതിനെക്കാള്‍ ഭയാനകവുമായിരിക്കും. ഇത് സംബന്ധമായി അവസാനകാലത്ത് പുലരേണ്ട മറ്റൊരു പ്രവചനം കൂടി സ്മൃതിപഥത്തിലെത്തുകയാണ്. സൂറഃലഹബിലാണ് ആ പ്രവചനമുള്ളത്. വിശുദ്ധ ഖുര്‍ആനിലെ പല വചനങ്ങളും ദുര്‍ബലപ്പെട്ടുപോയി എന്നാണ് മുസ്‌ലിം പണ്ഡിതന്മാര്‍ പറയുന്നത്. അവര്‍ക്ക് ആ വചനങ്ങളുടെ അര്‍ത്ഥവും തത്ത്വവും മനസ്സിലായില്ല എന്നതാണ് വാസ്തവം. നിത്യപ്രസക്തമായ ഖുര്‍ആനെ സംബന്ധിച്ച് അതിന്റെ അനുയായികളായ ഉലമാക്കന്മാര്‍ തന്നെ ഉയര്‍ത്തുന്ന ഈ പരമാബദ്ധം വാഗ്ദത്ത മസീഹും അദ്ദേഹത്തിന്റെ ഖലീഫമാരും അതിനിശിതമായി അപലപിക്കുകയുണ്ടായി. ദുര്‍ബലമാക്കപ്പെട്ടതാണെന്നും, അപ്രസക്തമാണെന്നും പറയപ്പെട്ട ഖുര്‍ആന്‍ ആയത്തുകള്‍ക്ക് ആത്മീയജ്ഞാനം ലഭിച്ച അവര്‍ അര്‍ത്ഥം പറയുകയും ഖുര്‍ആന്റെ സജീവതയും പ്രസക്തിയും തെളിയിക്കുകയുമുണ്ടായി.
ഖുര്‍ആന്‍ ആയത്തുകളില്‍ പലതും ദുര്‍ബലമായി(മന്‍സൂഖ്) എന്ന കാര്യത്തില്‍ ധൃതികാണിച്ച ഒരാളായിരുന്നു ചേകന്നൂര്‍ മൗലവി. ഒരിക്കല്‍ അദ്ദേഹത്തിന്റെ സംഘടനയില്‍ പെട്ട ഒരു സ്‌നേഹിതനുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു ലഹബ് ഇപ്പോഴും ഓതുന്നതിന്റെ പ്രസക്തിയെന്താണ്?
“അബൂലഹബിന്റെ ഇരുകരങ്ങളും നശിക്കട്ടെ. അവന്‍ തന്നെയും നശിച്ചുകഴിഞ്ഞു. അവന്റെ ധനമോ അവന്‍ പരിശ്രമിച്ചു സമ്പാദിച്ചതോ അവന് ഒരു പ്രയോജനവും ചെയ്തില്ല. താമസിയാതെ അവന്‍ ജ്വാലയുള്ള അഗ്നിയില്‍ പ്രവേശിക്കുന്നതാണ്. വിറക് ചുമട്ടുകാരിയായ അവന്റെ ഭാര്യയും (അഗ്നിയില്‍ പ്രവേശിക്കും) അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ട്.”
ഞാന്‍ അഹ്മദിയ്യാ ജമാഅത്തിന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ആയത്ത് അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. സാധാരണനിലയില്‍ മുഫസ്സിരീങ്ങള്‍ ഈ ആയത്തിനെ റസൂല്‍ തിരുമേനി(സ:അ)മിന്റെ പിതൃവ്യനും പ്രഥമ ശത്രുക്കളില്‍ ഒരാളുമായ അബ്ദുല്‍ ഉസ്സബുന് അബ്ദുല്‍ മുത്തലിബുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിക്കാറുള്ളത്. വിശുദ്ധ ഖുര്‍ആന്‍ ഒരാളെ പരിഹാസപ്പേരില്‍ അനുസ്മരിക്കുന്നുവെന്ന കാര്യം അചിന്തനീയമാണ്. കാരണം അതു വര്‍ജ്ജിക്കണമെന്നാണ് വിശ്വാസികളോട് അതു ഉപദേശിക്കുന്നത്. അബൂലഹബിന്റെ വാച്യാര്‍ത്ഥം ”ജ്വാലയുടെ പിതാവ്” എന്നാണ്. ഇസ്‌ലാമിന്നെതിരാല്‍ കോപാഗ്നി ജ്വലിപ്പിക്കുന്ന എല്ലാവരേയും നമുക്ക് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. ആലങ്കാരികാര്‍ത്ഥത്തില്‍ റസൂല്‍ തിരുമേനിയുടെ പിതൃവ്യനേയും ആ കൂട്ടത്തില്‍ നമുക്ക് ഉള്‍പ്പെടുത്താം. ജ്വാലയുടെ (അഗ്നി)പിതാവിന്റെ ഇരുകരങ്ങളും എന്നത് തീജ്വാല കൊണ്ടുകളിക്കുന്ന ശാക്തികച്ചേരികളാണ് ഇവിടെ പ്രതിനിധാനം ചെയ്യുന്നത്. അതായത് കമ്മ്യൂണിസവും കാപ്പിറ്റലിസവും (യഅ്ജൂജ് മഅ്ജൂജ്) അവന്റെ ഇരുകരങ്ങളും തകര്‍ന്നു. അവന്‍ തന്നേയും തകര്‍ന്നു.
മറ്റൊരു വീക്ഷണത്തില്‍ അബൂലഹബിനെ അവസാന കാലത്തെ ദജ്ജാലിന്റെ പുറപ്പാടുമായി താരതമ്യപ്പെടുത്തിയാല്‍ അവന്റെ ഇരുകരങ്ങള്‍ അമേരിക്കയും അവരുടെ സഖ്യകക്ഷികളും മറ്റേത് റഷ്യയും അതിന്റെ സഖ്യകക്ഷികളുമാണ്. ഈ ശക്തികള്‍ തമ്മില്‍ അതിഭയാനകമായ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന് ഇതില്‍നിന്നും മനസ്സിലാകുന്നു. വാഗ്ദത്ത മഹ്ദിമസീഹും (അ) ഇതിനെ സംബന്ധിച്ചു പ്രവചിച്ചിട്ടുണ്ട്. ഈ മഹായുദ്ധം മുഖേന ഇരുശക്തികളും നശിക്കുമെന്ന് സാരം. അതാണ് പ്രസ്തുത ആയത്തിന്റെ ബാക്കിഭാഗം മനസ്സിലാക്കിത്തരുന്നത്. വിറക് ചുമട്ടുകാരിയായ അവന്റെ ഭാര്യ എന്നത് കൊണ്ടുള്ള വിവക്ഷയും മറ്റുവിഭവങ്ങള്‍ നല്‍കുന്ന രാഷ്ട്രങ്ങളാണെന്ന് മനസ്സിലാകുന്നു. ഇന്നത്തെ അറുരാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും അതില്‍ ഉള്‍പ്പെടുന്നു. അവരുമായി പലരൂപത്തിലുള്ള വിട്ടുമാറാന്‍ പറ്റാത്ത രൂപത്തിലുള്ള കയറാണ് അവരുടെ കഴുത്തിലുള്ളത്. അവരും യുദ്ധത്തില്‍ അകപ്പെടുമെന്ന് സാരം. ഇത് ഞാന്‍ അദ്ദേഹത്തെ കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം വളരെ താത്പര്യം കാണിക്കുകയുണ്ടായി. അപ്പോള്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പു പറഞ്ഞ സംഭവങ്ങളാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
മൂന്നാം ലോക മഹായുദ്ധം മദ്ധ്യ പൗരസ്ത്യദേശങ്ങളിലാണ് (ശ്യാം) അതിന്റെ ആരംഭമെന്ന് വാഗ്ദത്ത മസീഹ് ഹസ്‌റത്ത് അഹ്മദ് (അ) പ്രവചിച്ചിട്ടുണ്ട്. അവരുടെ നോട്ടം പെട്രോളിന്റെ മേലാണെന്നതും വ്യക്തമായിവരുന്നു. അറബികള്‍ ഈ രണ്ടു ശാക്തികച്ചേരികളോട് ഒരു യുദ്ധത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. “അവരോട് യുദ്ധം ചെയ്യാന്‍ ആരാലും സാദ്ധ്യമാവു കയില്ല” (മിശ്കാത്ത്) രക്ഷാമാര്‍ഗ്ഗം ഒന്നു മാത്രം. അല്ലാഹു ഈ കാലഘട്ടത്തിലെ രക്ഷകനായി എഴുന്നേല്‍പിച്ച വാഗ്ദത്ത മഹ്ദീ മസീഹില്‍ വിശ്വസിച്ചുകൊണ്ടു അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുക. മറ്റൊരു രക്ഷാമാര്‍ഗ്ഗം ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നില്ല.
ഇസ്‌ലാമിനെ ഈ പരിതാപാവസ്ഥയില്‍ അല്ലാഹു വിട്ടുകളയുകയില്ല. ഈ മഹായുദ്ധത്തില്‍ ലോകത്തിലുള്ള എല്ലാ രാഷ്ട്രങ്ങള്‍ക്കും ഭാഗഭാക്കാകേണ്ടിവരും. ഈ രണ്ടു ശക്തികളും നിശ്ശേഷം നാശമടയും. പിന്നീട് റഷ്യ വേഗത്തില്‍ കെടുതികള്‍ നിന്ന് അതിജീവിച്ചു അഭിവൃദ്ധി പ്രാപിക്കുമെന്നും അവിടെ കടലോരങ്ങളിലെ മണല്‍ തരികള്‍ കണക്കെ മഹ്ദിഇമാമില്‍ ബൈഅത്ത് ചെയ്ത മുസ്‌ലിംകള്‍ ഉണ്ടാകുമെന്നും റഷ്യയുടെ സാരഥ്യം വാഗ്ദത്ത മസീഹിന്റെ കയ്യില്‍ വരുമെന്നും വാഗ്ദത്ത മസീഹ് പ്രവചിച്ചിട്ടുണ്ട്. അതേ പോലെ പാശ്ചാത്യനാടുകളിലും ഇസ്‌ലാം വ്യാപിക്കുമെന്നും പ്രവചനങ്ങളില്‍ ഉണ്ട്. ഇതൊക്കെ ഈ കാലഘട്ടത്തിലേക്ക് അല്ലാഹു നിശ്ചയിച്ച ദൃഷ്ടാന്തങ്ങളാണ്.
യഅ്ജൂജ് മഅ്ജൂജ് മുഖേന ലോകത്തു സംജാതമാകുന്ന ഒരുപാടു സംഭവങ്ങള്‍ പ്രവചനരൂപേണ വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. അതൊക്കെ വിവരിച്ചാല്‍ ഇതൊരു ഗ്രന്ഥമായിപോകും. ചെറിയൊരു പരാമര്‍ശം നടത്താതിരിക്കുന്നതും നീതിയാവുകയില്ല. ഒട്ടക സവാരിനിറുത്തല്‍ ചെയ്യപ്പെടുന്ന കാലഘട്ടത്തെക്കുറിച്ച് ഖുര്‍ആനും ഹദീസും പറയുന്നു. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പു അറേബ്യയിലെ ഒരു വ്യക്തിക്ക് ഇതിനെക്കുറിച്ച് ആലോചിക്കാന്‍ സാദ്ധ്യമാണോ? നിങ്ങള്‍ കാണാത്ത പലവാഹനങ്ങളും ഉണ്ടായിവരുമെന്നും പറയപ്പെട്ടിരിക്കുന്നു. ആകാശത്തിന്റെ തോല്‍ ഉരിക്കപ്പെടുമെന്ന് പറഞ്ഞുകൊണ്ടു ഖഗോള ശാസ്ത്രപുരോഗതിയെ സൂചിപ്പിക്കുന്നു. ഭൂമി ചുരുട്ടപ്പെടുമെന്ന് പറഞ്ഞുകൊണ്ടു പുതിയ വാഹനങ്ങള്‍ മുഖേന ഭൂമിയിലെ സഞ്ചാര ദൈര്‍ഘ്യം കുറയുമെന്നും ലോകം ഒന്നായിത്തീരുമെന്നും മറ്റും നിരവധി പ്രവചനങ്ങള്‍ ഈ കാലഘട്ടത്തില്‍ പൂര്‍ത്തിയായതായി നാം കണ്ടു. അങ്ങനെ നൂറു നൂറു പ്രവചനങ്ങള്‍ ഈ കാലഘട്ടത്തെ സ്പര്‍ശിക്കുന്നത് ഹദീസിലും വിശുദ്ധ ഖുര്‍ആനിലും ഉണ്ട്. അതേ പോലെ റോക്കറ്റ് വിക്ഷേപണവും നാം കണ്ടു.
ഇതു സംബന്ധിച്ചു സൂറത്തുല്‍ റഹ്മാനില്‍ വ്യക്തമായ പ്രവചനങ്ങള്‍ ഉണ്ടു. ”ഫബി അയ്യി ആലാഇ റബ്ബികുമാത്തുക്കദ്ദിബാന്‍” എന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടു ഈ ഗോഗ് മഗോഗിനെത്തന്നെയാണ് അല്ലാഹു വിളിച്ചുകൊണ്ടിരിക്കുന്നത്. ആ രണ്ടു ഭാരിച്ച ശാക്തികച്ചേരികളെ നിങ്ങള്‍ക്ക് വേണ്ടി താമസിയാതെ ഒഴിവായി ഒരുക്കി നില്‍ക്കുന്നതാണ്. അപ്പോള്‍ നിങ്ങളിരു കൂട്ടരുടേയും നാഥന്റെ അനുഗ്രഹങ്ങളെ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്, ജിന്നിന്റെയും ഇന്‍സിന്റേയും സമൂഹമേ (കേപിററലിസം, കമ്മ്യൂണിസം) ആകാശങ്ങളുടേയും ഭൂമിയുടേയും മേഖലകളെ അതിലംഘിച്ചു അപ്പുറം കടക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ കടന്നുപോയികൊള്ളുക. തെളിവോടുകൂടിയല്ലാതെ നിങ്ങള്‍ കടന്നുപോവുകയില്ല (റോക്കറ്റ് വിക്ഷേപണം)തുടര്‍ന്നുകൊണ്ടു 55:36 ല്‍ നിങ്ങള്‍ക്കെതിരില്‍ തീജ്വാലയും ധൂമവും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് സ്വയം സഹായിച്ച് രക്ഷപ്പെടാന്‍ സാദ്ധ്യമല്ല. (ഇതെല്ലാം ആധുനിക യുദ്ധത്തിലെ മുറകളാണ് പറയപ്പെട്ടിരിക്കുന്നത്) ഈ രൂപത്തിലാണ് ഈ ശാക്തികച്ചേരികള്‍ അന്തര്‍ദ്ധാനം ചെയ്യുക. അതിന് ശേഷമാണ് സമാധാന സമ്പൂര്‍ണ്ണമായ ഒരു പുതിയ ആകാശവും ഭൂമിയും അല്ലാഹു തആല വാഗ്ദത്ത മഹ്ദി മസീഹിന്റെ ജമാഅത്തുമുഖേന ലോകത്ത് സംജാതമാക്കുക. ഇന്നത്തെ ഇറാഖിന്റെ നേരെയുള്ള ക്രൂരമായ താണ്ഡവം അമേരിക്ക നടത്തുന്നത് കൊണ്ടോ പലസ്തീനില്‍ ഇപ്പോഴും ദുരിതങ്ങളുടെ കെട്ട് അഴിച്ചുവിടുന്നതു കൊണ്ടോ മുസ്‌ലിംകള്‍ നിരാശരാകേണ്ട. അവര്‍ മുഅ്മിനീങ്ങള്‍ ആവുകയാണെങ്കില്‍ അവര്‍ക്കായിരിക്കും വിജയം. വാഗ്ദത്ത മഹ്ദി മസീഹിനാലുള്ള ആഗോള ഇസ്‌ലാമികവിജയം അല്ലാഹു നിശ്ചയിച്ചതാണ്. അതിനെ തള്ളിപ്പറഞ്ഞുകൊണ്ടു എങ്ങനെ വിജയിക്കും? അല്ലാഹു തആല മുസ്‌ലിംകളുടെ തെറ്റില്‍ നിന്ന് അവരെ എളുപ്പം മോചിപ്പിച്ചു അവരെ അനുഗ്രഹത്തിന്റെ പാതയില്‍ വേഗം നയിക്കുമാറാകട്ടെ-ആമീന്‍. ഇറാഖി ജനങ്ങള്‍ക്ക് അല്ലാഹു സബ്ർ നല്‍കട്ടെ. കഴിയുന്നതും വേഗത്തില്‍ അവരുടെ പരാധീനതക്ക് അറുതിവരുത്തട്ടെ. അവരോടുള്ള അനുതാപം ഞാന്‍ ഇവിടെ രേഖപ്പെടുത്തട്ടെ. അമേരിക്കയുടെ ക്രൂരതയെ അല്ലാഹു തന്നെ നേരിട്ട് പരാജയപ്പെടുത്തുമാറാകട്ടെ (ആമീന്‍).