ഇബ്ലീസും ശൈത്വാനും

മൗലവി മുഹമ്മദ് അലവി സാഹിബ്

അവലമ്പം: സത്യദൂതൻ, 2016 മാർച്ച്.

ഇബ്‌ലീസ് എന്നും ശയ്ത്വാന്‍ എന്നും രണ്ട് പദപ്പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഇവയുടെ അര്‍ഥവും വിവക്ഷയും അറിയാത്തവരാണ് അധികമാളുകളും. വിശുദ്ധ ഖുര്‍ആനില്‍ ആഴത്തില്‍ ചിന്തിച്ച് അതിന്റെ അര്‍ഥവും താല്‍പര്യവും ഗ്രഹിക്കുക എന്നത് മിക്കവര്‍ക്കും അത്ര എളുപ്പമുള്ള കാര്യമല്ല. അതേ സമയം അവയുടെ യഥാര്‍ഥ അര്‍ഥം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ കുറച്ചൊന്നുമല്ല താനും.

 

Painting from a Herat manuscript of the Persian rendition by Bal’ami of the Annals/Tarikh (universal chronicle) of al-Tabari, depicting angels honoring Adam, except Iblis, who refuses. Held at the Topkapi Palace Museum Library.

ശബ്ദാര്‍ഥം: ‘അബ്‌ലസ’ എന്ന ധാതുവില്‍ നിന്ന് വ്യുല്‍പന്നമായ ഇബ്‌ലീസ് എന്ന പദത്തിന്റെ അര്‍ഥം സല്‍ക്കര്‍മ ബോധം ക്ഷയിച്ച് ദുഷ്‌ക്കര്‍മ വാസന വര്‍ധിച്ചവന്‍ എന്നാണ്. സ്വശക്തിയില്‍ വിശ്വാസം നഷ്ടപ്പെട്ടെവന്‍, ദൈവാനുഗ്രഹത്തില്‍ നൈരാശ്യം ബാധിച്ചവന്‍, ലക്ഷ്യപ്രാപ്തിക്ക് വഴികാണാതെ അന്ധാളിച്ചവന്‍ എന്നൊക്കെയാണ്. ഈ വിശേഷണങ്ങളൊക്കെയും ഒരുമിച്ചു കൂടിയ ദുരാത്മാവിനെയാണ് അറബിയില്‍ ഇബ്‌ലീസ് എന്ന് പറയുന്നത്.

‘ശത്വന’അല്ലങ്കില്‍ ‘ശാത്വ’ എന്ന ധാതുവില്‍ നിന്ന് ഉത്ഭവിച്ചതാണ് ശയ്ത്വാന്‍ ശബ്ദ്ം. സത്യത്തില്‍ നിന്ന് വിദൂരപ്പെട്ടവന്‍, വിദ്വേഷത്താലോ കോപത്താലോ ജ്വലിക്കുന്നവന്‍, അക്രമി, നാശകന്‍ എന്നീ അര്‍ഥങ്ങളില്‍ പ്രയുക്തമാവുന്ന ഒരു നാനാര്‍ഥ പദമാണിത്.

ഇബ്‌ലീസ്: വിശുദ്ധ ഖുര്‍ആനില്‍ പതിനൊന്ന് സ്ഥലത്ത് ഇബ്‌ലീസ് എന്ന പദം പ്രസ്താവിക്കപ്പെട്ടു കാണുന്നു. ഇതില്‍ ഒമ്പത് സ്ഥലത്ത് പ്രസ്താവിച്ചിരിക്കുന്നത് ഇബ്‌ലീസ് സുജൂദ് ചെയ്യാതെ (അനുസരണം) ഹദ്‌റത്ത് ആദമിനെ ധിക്കരിച്ചതിനെക്കുറിച്ചാണ്. ബാക്കി രണ്ട് സ്ഥലത്ത് ഈ സുജൂദ് കാര്യമല്ല പ്രതിപാദിച്ചിട്ടുള്ളത്. ഒരിടത്ത് ഇബ്‌ലീസിന്റെ തുടര്‍ച്ചക്കാര്‍ നരകവാസികളായിരിക്കുമെന്നും മറ്റൊരു സ്ഥലത്ത് സബാ നാട്ടുകാരെ സംബന്ധിച്ചിടത്തോളം അവന്റെ സങ്കല്‍പ്പം ശരിയായി പുലര്‍ന്നുവെന്നും ഏതൊരു കൂട്ടര്‍ തനിക്ക് വശംവദരെന്ന് ഇബ്‌ലീസ് സങ്കല്‍പ്പിച്ചുവോ അവര്‍ അവന് വഴിപ്പെട്ടുവെന്നും പറഞ്ഞിരിക്കുകയാണ്. ഇതില്‍ നിന്നും ഇബ്‌ലീസ് ഹദ്‌റത്ത് ആദമിന് അനുസരണം കാണിക്കാതെ ധിക്കരിച്ച ദുരാത്മാവാണെന്ന് വ്യക്തമാവുന്നു.

ശയ്ത്വാന്‍ ദൈവിക പ്രസ്ഥാനത്തില്‍ സ്വയം പ്രവേശിക്കാതിരിക്കുകയും പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ തടസ്സപ്പെടുത്തുകയും സത്യസംഘത്തിന്റെ വളര്‍ച്ചയെ തടഞ്ഞു നിര്‍ത്തുവാന്‍ അനസ്യൂതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നിട്ടും സത്യസംഘം അത്യുന്നതിയിലേക്ക് കുതിക്കുന്നത് കണ്ട് നൈരാശ്യം നിമിത്തം സ്വയം ജ്വലിക്കുന്ന അവിശ്വാസികളുടെ നേതാക്കള്‍ക്ക് ശയ്ത്വാന്‍ എന്ന പദം വിശേഷണ നാമമായി വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. അന്ത്യനാളില്‍ അവിശ്വാസികള്‍ പറയുന്നതായി ഖുര്‍ആന്‍ പറയുന്നു:

‘റബ്ബനാ ഇന്നാ അത്വഅ്‌നാ സാദത്തനാ വകുബ്‌റാ അനാ ഫഅല്ലുനസ്സബീലാ’.

ഞങ്ങളുടെ നാഥാ ഞങ്ങളുടെ നേതാക്കളെയും വലിയവരെയും ഞങ്ങള്‍ അനുസരിച്ചു. അങ്ങനെ അവര്‍ ഞങ്ങളെ വഴി പിഴപ്പിച്ചു.’ (35: 68)

ഇതില്‍ നിന്നും അവിശ്വാസികള്‍ ദൈവിക പ്രസ്ഥാനത്തെ പിന്‍പറ്റാതിരിക്കുന്നതിനുള്ള കാരണം നേതാക്കന്മാരും പ്രമാണികളും അവരെ നിഷേധിക്കുകയും ദുര്‍ബോധനം ചെയ്യുകയും ചെയ്യുന്നത് കൊണ്ടാണെന്ന് വ്യക്തമാവുന്നു.

ഇബ്‌ലീസും ശയ്ത്വാനും വ്യത്യസ്ത വ്യക്തികള്‍

ആദമിന് സുജൂദ് ചെയ്യാതെ ധിക്കാരം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പറഞ്ഞിടത്തെല്ലാം ശയ്ത്വാനെന്ന പേരാണ് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. ഇങ്ങനെ സുജൂദിനെ നിഷേധിച്ചതിന്റെ ക്രിയ ഇബ്‌ലീസിന്റേതായിട്ടും ആദമിനെ വ്യതിചലിപ്പിക്കാനായി ചെയ്ത ശ്രമം ശയ്ത്വാന്റേതായിട്ടും വ്യത്യാസടെുത്തി പറഞ്ഞിരിക്കുന്നതില്‍ നിന്ന് സുജൂദിനെ നിഷേധിക്കുകയും വഴിതെറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്ത ക്രിയകള്‍ രണ്ടും വ്യത്യസ്തമായ പ്രവര്‍ത്തികളാണെന്ന പോലെ അവ രണ്ടിന്റെയും കര്‍ത്താക്കള്‍ വ്യത്യസ്ത വ്യക്തികളാണെന്നും വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് സുജൂദിനെ നിഷേധിച്ചത് ഇബ്‌ലീസും വഴി തെറ്റിക്കാന്‍ ശ്രമിച്ചത് ശയ്ത്വാനും ആണെന്ന് വ്യക്തമായി.

മനുഷ്യരായ ശയ്ത്വാന്‍

മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും പ്രേരിപ്പിക്കുന്ന രണ്ട് വിരുദ്ധമായ പ്രേരകശക്തികളുണ്ട്. നന്മയിലേക്ക് പ്രചോദിപ്പിക്കുന്ന ശക്തിക്ക് മലക്ക് എന്നും തിന്മയിലേക്ക് പ്രചോദിപ്പിക്കുന്ന ശക്തിക്ക് ഇബ്‌ലീസ് എന്നുമാണ് ഖുര്‍ആന്‍ പേരു പറഞ്ഞിരിക്കുന്നത്.

മനുഷ്യരെ കുറിച്ച് ഇബ്‌ലീസാണെന്ന് ഖുര്‍ആനില്‍ എവിടെയും ഉപയോഗിച്ച് കാണുന്നില്ല. എന്നാല്‍ ശയ്ത്വാന്‍ എന്നത് വ്യാപകാര്‍ഥത്തില്‍ ഉപയോഗിക്കുന്ന പദമാണ്. ഇത് ഇബ്‌ലീസാകുന്ന ദുഷ്‌പ്രേരകശക്തിക്ക് ഉപയോഗിക്കപ്പെടുന്നത് പോലെ അവന്റെ പ്രാതിനിധ്യം വഹിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്കും പ്രയോഗിക്കപ്പെട്ടതായി ഖുര്‍ആനില്‍ പല ഉദാഹരണങ്ങളും പ്രയോഗങ്ങളും എടുത്ത് കാണിക്കാവുന്നതാണ്. ഈ പദം മനുഷ്യരെക്കുറിച്ച് പ്രയോഗിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ആപേക്ഷികമായി ദുര്‍ലഭമാണെന്ന് തോന്നുന്നു.

1. കപട വിശ്വാസികളുടെ വഞ്ചനാപരമായ നയത്തെക്കുറിച്ച് പറയുന്നു. അവര്‍ തങ്ങളുടെ ശയ്ത്വാന്മാരുമായി തനിച്ചായാല്‍ അവര്‍ പറയും നിശ്ചയമായും ഞങ്ങള്‍ നിങ്ങളോട് കൂടെയാണ് (2:15). ഇവിടെ ശയാത്വീന്‍ (ശയ്ത്വാന്മാര്‍) എന്നത് കൊണ്ട് വിവക്ഷിതം അവിശ്വാസികളുടെ നേതാക്കന്മാരാണെന്നതില്‍ സംശയമില്ല. അവര്‍ നബി(സ) തിരുമേനിക്കും അനുയായികള്‍ക്കുമിടയില്‍ ജനങ്ങളെ ഇളക്കിവിടാനും ഉപദ്രവങ്ങള്‍ ഉണ്ടാക്കാനും മറ്റുള്ളവര്‍ക്ക് ദുഷ് പ്രേരണകള്‍ നല്‍കുകയും ചെയ്തുകൊണ്ട് ഇബ്‌ലീസിന്റെ പ്രാതിനിധ്യം വഹിച്ചിരുന്നതിനാലാണ് അവര്‍ക്ക് ശയ്ത്വാന്മാരെന്ന ദുര്‍നാമം നല്‍കപ്പെട്ടതെന്ന് പൂര്‍വികരായ വ്യാഖ്യാതാക്കള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ രേഖടെുത്തിയിട്ടുണ്ട്.

2. അവിശ്വാസികളുടെ ഒരു ഏജന്റിനെക്കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: സുജൂദിനെ നിഷേധിക്കുകയും വഴിതെറ്റിക്കുകയും ചെയ്ത ക്രിയകള്‍ രണ്ടും വ്യത്യസ്തമായ പ്രവര്‍ത്തികളാണെന്നത് പോലെ അവ രണ്ടിന്റെയും കര്‍ത്താക്കള്‍ വ്യത്യസ്തമായ വ്യക്തികളാണെന്നും വ്യക്തമാകുന്നു. അതുകൊണ്ട് സുജൂദിനെ നിഷേധിച്ചത് ഇബ്‌ലീസും വഴിതെറ്റിക്കാന്‍ ശ്രമിച്ചത് ശയ്ത്വാനും തന്നെയെന്ന് വ്യക്തമായി.

“നിശ്ചയമായും അവൻ ശയ്ത്വാനത്രെ. അവന്‍ തന്റെ കൂട്ടുകാരെക്കുറിച്ച് നിങ്ങളില്‍ ഭീതിയുളവാക്കുന്നു. എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടേണ്ട. സത്യവിശ്വാസികളാണെങ്കില്‍ നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുവീന്‍.”(3:175)

ഈ വചനത്തില്‍ ശയ്ത്വാന്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നത് നഈമുബ്‌നു മസ്ഊദിനെക്കുറിച്ചാണെന്ന് ചിലരും അബുസൂഫിയാനെക്കുറിച്ചാണെന്ന് വേറെ ചിലരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മനുഷ്യനെക്കുറിച്ചാണ് ഈ പദം പ്രയുക്തമായിരിക്കുന്നത് എന്നതില്‍ എതിരഭിപ്രായമില്ല. വചനത്തില്‍ പറഞ്ഞത് പോലെ ആഗതന്‍ അവിശ്വാസികളുടെ ശക്തി പ്രതാപത്തെക്കുറിച്ച് നബിതിരുമേനി(സ)യേയും അനുചരരേയും പേടിപ്പെടുത്താനും അത് മുഖേന ആ മഹാത്മാവിനെ വഞ്ചിക്കാനുമായി തുനിഞ്ഞിറങ്ങിയത് കൊണ്ടുമാണ് ഒരാളെക്കുറിച്ച് ശയ്ത്വാന്‍ എന്ന പദം പ്രയോഗിച്ചു കൊണ്ട് അവര്‍ ശയ്ത്വാനാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തഫ്സീറുകളില്‍ കാണാം. ഫതുഉല്‍ ബയാന്‍, ഇബ്‌നു കസീര്‍ തുടങ്ങിയ തഫ്‌സീറുകള്‍ നോക്കുക.

3. പ്രവാചകന്മാരുടെ ശത്രുക്കളെക്കുറിച്ച് അല്ലാഹു പറയുന്നു:

“വ കദാലിക്ക ജഅല്‍നാ ലികുല്ലി നബിയ്യിന്‍ അദുവ്വന്‍ ശയാത്വീനല്‍ ഇന്‍സി വല്‍ജിന്നി യുഹീ ബഅ്‌ളുഹും ഇലാ ബഅ്‌ളിന്‍”

“അപ്രകാരം നാം എല്ലാ പ്രവാചകനും ഇന്‍സില്‍ നിന്നും ജിന്നില്‍ നിന്നുമുള്ള ശയ്ത്വാന്മാരെ ശത്രുക്കളാക്കിയിരിക്കുന്നു. അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു.”(6:11)

പ്രവാചകന്മാരെ എതിര്‍ത്തിരുന്നവര്‍ ആരുതന്നെയായാലും അവരുടെ മൂഢമായ എതിര്‍പ്പ് കാരണം ഖുര്‍ആന്‍ അവര്‍ക്ക് ശയ്ത്വാന്‍ എന്ന പേര് നല്‍കിയിരിക്കുന്നു. ഇതാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്.

മലക്കുകളും ഇബ്‌ലീസും

ഇബ്‌ലീസിനെ സൃഷ്ടിച്ചു കൊണ്ട് അല്ലാഹു മനുഷ്യരെ വഴിതെറ്റിക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ചോദിക്കുകയാണെങ്കില്‍ അതിന് മറുപടി ഇതാണ് . അല്ലാഹു മനുഷ്യരെ വഴിതെറ്റിക്കാനോ അധഃപതിപ്പിക്കാനോ അല്ല മറിച്ച് അവരെ ഉന്നത പദവിയിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതിനായി അവര്‍ക്ക് നല്ലതും ചീത്തയും തിരിച്ചറിയാനായി വിവേകവും കഴിവും നല്‍കിയിരിക്കുന്നു. അതിനോടൊപ്പം നന്മയിലേക്ക് ആകര്‍ഷിക്കുന്ന മലക്കുകളെയും അവരുടെ പ്രതിബിംബങ്ങളെയും അത്‌ പോലെ തന്നെ തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന ഇബ്ലീസിനേയും അവന്റെ പ്രതിബിംബങ്ങളെയും സൃഷ്ടിച്ചിരിക്കയാണ്. മലക്കിന്റേതായ സല്‍പ്രേരണകളനുസരിച്ച് വിവേക ദൃഷ്ടിയോടെ പ്രവര്‍ത്തിച്ച് സല്‍ഗുണസമ്പന്നനായി തീര്‍ന്നിരുന്ന ഒരോരുത്തനും ഉന്നത പദവിക്കും ദൈവിക സമ്മാനങ്ങള്‍ക്കും അര്‍ഹരായി തീരുന്നു. അതേപ്രകാരം ദൈവദത്തമായ വിവേചന ശക്തി ഉപയോഗിക്കാതെ അന്ധമായ നിലയില്‍ ഇബ്‌ലീസിന്റെ ദുഷ്‌പ്രേരണകളെ പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മികമായി അധഃപതിച്ച് ദൈവശിക്ഷക്ക് പാത്രീഭവിക്കുന്നു. ഇങ്ങനെ പൂര്‍ണത പ്രാപിക്കാന്‍ മനുഷ്യന്‍ വിരുദ്ധങ്ങളായ പ്രേരകശക്തികളെ എതിരിട്ട് വിജയം വരിക്കേണ്ടിയിരിക്കുന്നു. തന്റെ മുന്നില്‍ ആവിര്‍ഭവിക്കുന്ന ഈ വിരുദ്ധ പ്രേരണകളില്‍ നല്ലതിനെ തിരിച്ചറിഞ്ഞ് സ്വീകരിച്ചാലല്ലാതെ അവര്‍ സമ്മാനത്തിന് അര്‍ഹരാകുന്നില്ല. അത്‌കൊണ്ട് പൂര്‍ണത പ്രാപിക്കുന്നതിന് മനുഷ്യന്റെ മുന്നില്‍ രണ്ട് വിരുദ്ധശക്തികള്‍ ഉണ്ടായിരിക്കേണ്ടതാവശ്യമാണ്.

ഇബ്‌ലീസില്‍ കര്‍തൃത്വം ഇല്ല

ഇബ്‌ലീസിനോ അവന്റെ പ്രതിബിംബമായ ശയ്ത്വാനോ പൊതുവേ മനുഷ്യരുടെ മേല്‍ കര്‍തൃത്വമോ അധികാരമോ ഒന്നുമില്ല. ഈ വസ്തുത വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ധിക്കാരപൂര്‍വമോ അവിവേകത്താലോ മനുഷ്യന്‍ സത്യത്തെ നിഷേധിച്ച് സ്വമേധയാ ഇബ്‌ലീസിനേയോ ശയ്ത്വാനെയോ പിന്‍പറ്റി അധര്‍മം പ്രവര്‍ത്തിക്കുന്നു എന്നല്ലാതെ ഈ ദുശ്ശക്തികള്‍ക്ക് ഒരു പ്രാമാണ്യവുമില്ല. ഇബ്‌ലീസിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

ഇന്ന ഇബാദി ലയസ്‌ലക്ക അലയ് ഹിം സുല്‍ത്താനുന്‍ ഇല്ലാമനിത്തബ്അക്ക മിനല്‍ ഗാവീന്‍

“ഇബ്‌ലീസേ, ധിക്കാരികളായിട്ട് നിന്നെ പിന്‍പറ്റിയവരൊഴികെയുള്ള എന്റെ ദാസരുടെമേല്‍ നിനക്ക് ഒരു പ്രാമാണ്യവുമില്ല.”(15:43)

ഇബ്‌ലീസിന്റെ ദുഷ്‌പ്രേരണകള്‍ പ്രമാണാസ്പദമല്ലെന്നും കേവലം ഭീഷണിയും പ്രലോഭനവും മിഥ്യാ വാഗ്ദാനവും ഉള്‍ക്കൊണ്ടവ മാത്രമാണെന്നും ഇത് കൊണ്ടാണവന്‍ മനുഷ്യനെ കുരുക്കിലാക്കുന്നതെന്നും വിശുദ്ധ ഖുര്‍ആന്‍ 15:43ല്‍ വ്യക്തമാക്കുന്നുണ്ട്.

ഇപ്പറഞ്ഞതില്‍ നിന്ന് ഇബ്‌ലീസിന്റെ പ്രേരണകള്‍ക്ക് അധീശ്വത്വം ഇല്ലാ എന്ന് മനസ്സിലാവുന്നു. അതിനാല്‍ അവര്‍ക്ക് വഴിപ്പെട്ട് സത്യപ്രസ്ഥാനത്തെ എതിര്‍ത്തവര്‍ സ്വയം ഇബ്‌ലീസിനെ പിന്‍പറ്റിയവരാണെന്നുള്ളതാണ് വാസ്തവം. ഇബ്‌ലീസ് ശത്രുവാണെന്നും അവന്റെ ദുര്‍ബോധനത്തിന് വഴങ്ങരുതെന്നും ഹദ്‌റത്ത് ആദമിന് ദൈവബോധനം ലഭിച്ചിട്ടുണ്ടായിരുന്നു. ഈ താക്കീത് ഇബ്‌ലീസിനെയെന്ന പോലെ അവന്റെ സില്‍ബന്ധികളായ ശയ്ത്വാന്മാരെയും സംബന്ധിക്കുന്നതാണെന്ന വസ്തുത അദ്ദേഹം മറന്നുപോയി. അക്കാരണത്താല്‍ തന്റെ ആള്‍ക്കാരില്‍ ഒരുവനെ പോലെ അനുകൂലനായി തന്നെ സമീപിച്ച നയവഞ്ചകനായ മനുഷ്യനെ ശയ്ത്വാനാണെന്ന് മനസ്സിലാക്കാതെ അദ്ദേഹം അശ്രദ്ധമായി പെരുമാറിയത് കൊണ്ട് വഞ്ചിതനായി തെറ്റ് ചെയ്ത് പോയതായിരുന്നു. ഇത് മനപ്പൂര്‍വം ചെയ്തതല്ലാത്തതുകൊണ്ട് അല്ലാഹു ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

ഫനസിയ വലം നജിദ് ലഹു അസ്മാ

‘എന്നാല്‍ അവന്‍ മറന്നു പോയി, നാം അവനില്‍ അനുസരണ ഭാവം കണ്ടില്ല.'(20:11)

ഇതില്‍ നിന്നും ഹദ്‌റത്ത് ആദമിന് വിസ്മൃതിയാല്‍ തെറ്റ് പറ്റിയതാണെന്ന് വ്യക്തമാവുന്നുണ്ട്. തന്നെ വഞ്ചിക്കാന്‍ തുനിഞ്ഞിറങ്ങിയ ആ ശയ്ത്വാന്‍ മനുഷ്യനായത് കൊണ്ട് അദ്ദേഹത്തിന് അവന്‍ ഇബ്‌ലീസിന്റെ പ്രതിബിംബമാണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോവുകയും തെറ്റു പറ്റുകയും ചെയ്തത് സ്വാഭാവികമാണല്ലോ. പലരും അനുകൂലികളുടെ വേഷം ചമഞ്ഞ് റസൂല്‍ തിരുമേനി (സ) യുടെ അടുക്കല്‍ ചെന്ന് വഞ്ചിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു തരുന്നത് ഇതിലേക്ക് ദൃഷ്ടാന്തമാണ്. അത്‌കൊണ്ട് നയവഞ്ചകനായ ആ ശയ്ത്വാന്‍ ഹദ്‌റത്ത് ആദമിനെ ചുറ്റി പറ്റി നിന്ന് കൊണ്ട് തക്കത്തില്‍ ചതിച്ചു കളഞ്ഞു. നിഷ്‌ക്കളങ്കനായ ആദം ഈ വഞ്ചനക്ക് വിധേയനാവുകയായിരുനു. ഇത് മനപ്പൂര്‍വമല്ലാത്തതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ മറ്റൊരു വാക്യത്തിലൂടെ അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കത പ്രസ്താവിച്ചിരിക്കുന്നത്.

വിരോധിക്കപ്പെട്ട വൃക്ഷം

ആദമിന്റെ തോട്ടത്തെപറ്റിയും വിരോധിക്കപെട്ട വൃക്ഷത്തെപ്പറ്റിയും ആദമിന് പറ്റിയ ചതിയെന്തായിരുന്നു എന്നതിനെകുറിച്ചും ദൈര്‍ഘ്യഭയത്താല്‍ ഇവിടെ പ്രതിപാദിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ അവയെക്കുറിച്ച് സംക്ഷിപ്തമായി നിരൂപണം ചെയ്ത് കൊണ്ട് ആ വിലക്കപ്പെട്ട വൃക്ഷത്തെക്കുറിച്ച് പ്രതിപാദിക്കാം. വിരോധിക്കപ്പെട്ടെ ആ വൃക്ഷം പ്രത്യക്ഷത്തിലുള്ള വൃക്ഷമായിരിക്കാന്‍ ഇടയില്ല. ഹദ്‌റത്ത് ആദമിനും കൂട്ടുകാര്‍ക്കും സ്വര്‍ഗീയ ജീവിതം പ്രദാനം ചെയ്യുന്ന ഒരു നിയമ വ്യവസ്ഥിതി നല്‍കുകയും അതനുസരിച്ച് സകുടുംബം ജീവിച്ചു കൊള്ളാന്‍ അല്ലാഹു അദ്ദേഹത്തോട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. അവരുടെ ജീവിത സംസ്‌ക്കാരത്തെ സ്വര്‍ഗീയമായ ഒരു ആരാമവാസമായി വിശുദ്ധ ഖുര്‍ആന്‍ ചിത്രീകരിചിരിക്കയാണ്. അതുകൊണ്ടാണ് വ്യവസ്ഥക്ക് എതിരായ ദോഷങ്ങളെയും ദുഷ്ട സാഹചര്യങ്ങളെയും ഒറ്റപ്പെട്ട വൃക്ഷമായി ഉപമിച്ചുകൊണ്ട് അതിനെ സമീപിക്കാതിക്കാന്‍ കല്‍പ്പിച്ചത്.

ജന്നത്ത് അഥവാ സ്വര്‍ഗീയമായ ആരാമം സുവ്യവസ്ഥിതിയോടുകൂടിയ കുടുംബ ജീവിതവും സല്‍സംഘബന്ധവുമായിരുന്നപ്പോള്‍ ആ വ്യവസ്ഥിതിക്കും സദ്സാഹചര്യത്തിനും വിഘ്‌നം വരുത്തുന്ന ദോഷകലുഷിതമായ കാര്യങ്ങള്‍ ആ തോട്ടത്തിലെ നിരോധിത വൃക്ഷമായി തീര്‍ന്നു. ഈ രൂപാലങ്കാരപ്രകാരം ഹദ്‌റത്ത് ആദമിനോട് ധാര്‍മിക വ്യവസ്ഥിതിയാകുന്ന ആ ആരാമത്തില്‍ കൂട്ടുകാരോടൊം കുടുംബസമേതം ജീവിച്ച് അതിലെ സദ്‌വൃക്ഷങ്ങളെല്ലാം ആസ്വദിച്ചു കൊള്ളാനും എന്നാല്‍ ക്ഷേമകരമായ ഈ ജീവിതത്തിന് വിഘ്‌നം വരുത്തുന്ന നിരുദ്ധ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാതിരിക്കാനുമാണ് കല്‍പ്പിച്ചത്. അപ്പോള്‍ സുവ്യവസ്ഥിതിയോടുകൂടിയ ആ സദ്സംഘം ഉപമിക്കട്ടെിരിക്കുന്നത് വൃക്ഷ ബഹുലമായ ജന്നത്തിനോടും ദോഷകാര്യങ്ങളും ദുസ്സംഘവും ശജറത്ത് അഥവാ ഒറ്റവൃക്ഷത്തോടും ആണെന്ന് വ്യക്തമായി. ആദമിന് നിരോധിക്കപ്പെട്ട കാര്യങ്ങളിലൊന്ന് ഇബ്‌ലീസിനോടും സില്‍ബന്തികളോടുമുള്ള സമീപനമാണ്.

ഇങ്ങനെ സല്‍പ്രസ്ഥാനത്തെയും സദ്‌സംഘത്തെയും ജന്നത്ത് (ഫലവൃക്ഷസമൃദ്ധമായ തോട്ടം) ആയും നിരുദ്ധകാര്യങ്ങളെയും ദുസ്സാഹചര്യങ്ങളെയും ശജറത്ത് (ഒറ്റമരം) ആയും പറഞ്ഞുകൊണ്ട് അനുവദിക്കപ്പെട്ട കാര്യങ്ങള്‍ തുലോം അധികവും നിരോധിക്കപ്പെട്ടവ വളരെ കുറച്ച് മാത്രവുമായിരുന്നു എന്ന് ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നത് പോലെ ആദമിന്റെ സത്യ പ്രസ്ഥാനവും സദ്‌സംഘവും ആരാമങ്ങള്‍ പോലെ വളര്‍ന്നുവരുമെന്നും ശത്രുവൃക്ഷം ക്ഷയിച്ചു ഒറ്റവൃക്ഷമെന്ന പോലെ ഒറ്റപ്പെട്ടു പോകുമെന്നും മനസ്സിലാക്കിത്തരുന്നുണ്ട്. ചുരുക്കത്തില്‍ അനുകൂലം പ്രകടിപ്പിച്ച മനുഷ്യരോട് യഥാര്‍ഥ മതാനുയായികളോടെന്ന പോലെ പെരുമാറിയത് ആദമിന് പറ്റിയ അബദ്ധമായിരുന്നു.