മതപരിത്യാഗിയെ സംബന്ധിച്ച മൗദൂദിയൻ നിയമം

ഹദ്റത്ത് മിർസാ താഹിർ അഹ്മദ് (റഹ്)

Murder in the Name of Allah – Islam International Publications

ഇസ്ലാമിൽ നിന്ന് മതം മാറിപ്പോകുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി സ്ഥാപകനേതാവ് മൗലാനാ മൗദൂദി സമഗ്രമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്. അതിനുമുമ്പായി ജമാഅത്തെ ഇസ്ലാമിക്കാരല്ലാത്ത മറ്റു മുസ്ലിംകളെ അമുസ്ലിംകളായി കണക്കാക്കി പുനഃപരിവർത്തനം ചെയ്യാനുള്ള പദ്ധതി ആവിഷ്ക്കരിച്ചുകൊണ്ട് അദ്ദേഹം താഴെ എഴുതിയ വാചകങ്ങളിൽ തന്റെ പദ്ധതി അനാവരണം ചെയ്യുന്നു.

കവർ പേജ് : മുർത്തദ് കി സസാ – അബുൽ ആല മൗദൂദി

“ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിടെയുള്ള മുസ്ലിം ജനതക്ക് ഒരു നോട്ടീസ് നൽകപ്പെടും. അതായത് , ആരാണോ ഇസ്ലാമിൽ നിന്നും വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാനാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ളതാണ് ആ നോട്ടീസ്. ഈ വിളംബരത്തിനുശേഷം ഒരു വർഷത്തിനകം അമുസ്ലിമാകാൻ ആഗ്രഹിക്കുന്നവർ അമുസ്ലിംകളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സൊസൈറ്റിയിൽ നിന്ന് പുറത്തുപോകേണ്ടതാണ്. ഈ കാലപരിധിക്ക് ശേഷം ജന്മനാ മുസ്ലിംകളെല്ലാം മുസ്ലിംകളായി കണക്കാക്കപ്പെടും. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും അവരിൽ പ്രാവർത്തികമാക്കപ്പെടുന്നതാണ്. ഇസ്ലാമിലെ എല്ലാ നിർബന്ധകാര്യങ്ങളും ബാധ്യതകളും നടപ്പാക്കാൻ അവർ നിർബന്ധിതരായിതീരുന്നതാണ്. ഇതിനുശേഷം ആരെങ്കിലും ഇസ്ലാമിക വൃത്തത്തിൽ നിന്നു പുറത്തുപോകാൻ ആഗ്രഹിച്ചാൽ അവർ വധിക്കപ്പെടുന്നതാണ്. കുഫ്റിന്റെ മടിത്തട്ടിൽ വീഴാൻ പോകുന്ന ധാരാളം സ്ത്രീപുരുഷന്മാരെ ഈവിധം രക്ഷപ്പെടുത്താൻ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താൻ സാധിക്കാത്തവരെ നമ്മുടെ സൊസൈറ്റിയിൽ നിന്ന് വിഛേദിച്ചെറിയപ്പെടും (വധിക്കപ്പെടും) ഈ ശുദ്ധീകരണത്തിനുശേഷം സ്വമനസ്സാലെ മുസ്ലിമായി കഴിയാൻ ആഗ്രഹിക്കുന്നവരെക്കൊണ്ട് പുതിയൊരു ഇസ്ലാമിക് സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്”1

മതപരിത്യാഗി വധിക്കപ്പെടണമെന്ന മൗലാനയുടെ ഈ നിയമം അയവുള്ള താക്കിയിരിക്കുന്നത് ഏത് “ഇജ്തിഹാദി“ന്റെ അടിസ്ഥാനത്തിലാണെന്ന് മൗലാന നമ്മോട് പറയുന്നില്ല. എപ്പോഴെങ്കിലുമൊരിക്കൽ ഇസ്ലാമിക രാഷ്ട്രം നിലവിൽ വരുന്ന സമയത്ത് മാത്രമാണ് ഈ സൗജന്യമനുവദിച്ചിട്ടുള്ളത്. ദയാപൂർവ്വം അനുവദിക്കുന്ന ഈ കാലയളവിനു (ഒരു വർഷത്തിനു ശേഷം ജന്മനാ കാഫിറുകളായ മുസ്ലിംകൾ ഉന്മൂലനം ചെയ്യപ്പെടും. ഈ നിർഭാഗ്യവാന്മാർക്ക് യാതൊരുവിധ ഇളവും അനുവദിക്കാതിരിക്കാനുള്ള കാരണം മൗലാന വിശദീകരിക്കുന്നു.

അദ്ദേഹം പറയുന്നു:

മതപരിത്യാഗിയെ വധിക്കുന്നതിനെക്കുറിച്ച് പലരുടെയും മസ്തിഷ്ക്കത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന അവസാനത്തെ ഒരു പ്രശ്നമുണ്ട്. അമുസ്ലിമായിരുന്ന ഒരാൾ ഇസ്ലാംമതം ആശ്ലേഷിക്കുന്നു. പിന്നീടു വീണ്ടും അയാൾ കുഫ്റിലേക്ക് തിരിച്ചുപോകുന്നു. അത് അയാൾ മനഃപൂർവ്വം ചെയ്ത തെറ്റാണെന്ന് പറയാം. അയാൾക്ക് ഒരു ദിമ്മിയായി തുടർന്നു ജീവിക്കാൻ കഴിയുമായിരുന്നു. അതായത് ഒരു കൂട്ടുത്തരവാദിത്വമുള്ളതും പുറത്തുകടക്കാനുള്ള കവാടം അടഞ്ഞതുമായ ഒരു മതത്തിലേക്ക് എന്തിനയാൾ കടന്നുവന്നു? എന്നാൽ സ്വയം ഇസ്ലാം മതം സ്വീകരിക്കാതെ മുസ്ലിം മാതാപിതാക്കന്മാരുടെ വീട്ടിൽ ജനിച്ചത്കൊണ്ട് മാത്രം മുസ്ലിമായിത്തീർന്ന ഒരാൾ ഇസ്ലാം മതത്തിൽ വിശ്വാസമില്ലാത്ത കാരണത്താൽ ഇസ്ലാംമതം ത്യജിക്കുകയാണെങ്കിൽ അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇസ്ലാമിൽ തന്നെ തുടരുന്നത് തികച്ചും അനീതിയായിരിക്കും. ഇതിന്റെ ഫലമായി ജന്മനാ മുസ്ലിംകളായവരിൽ നല്ലൊരു വിഭാഗം കപട വിശ്വാസികളായിത്തീരുന്നതായിരിക്കും. ഈയൊരു പ്രശ്നത്തിനു പ്രായോഗികവും താത്ത്വികവുമായ രണ്ടുതരത്തിലുള്ള പരിഹാരമുണ്ട്.

മതം മാറി വന്നു മുസ്ലിമായിത്തീർന്ന ഒരു മുസ്ലിമും ജന്മനാ മുസ്ലിമും തമ്മിൽ താത്ത്വികമായി യാതൊരു വ്യത്യാസവും ഇല്ല. മതം മാറിവന്ന പരിവർത്തിതർക്കും ജന്മനാ വിശ്വാസികൾക്കും ഒരേ വിധത്തിലുള്ള കൽപ്പനകൾ (വിധി വിലക്കുകൾ) ആണുള്ളത്.

അതേപ്രകാരം ഒരു മതത്തിലെ (രാഷ്ട്രത്തിലെ പൗരന്മാരുടെ) കുട്ടികളെ പ്രായപൂർത്തി എത്തുന്നതുവരെ കാഫിറുകളോ പരദേശികളോ ആയി കണക്കാക്കുകയും പിന്നീടു അവർ പ്രായപൂർത്തിയെത്തിയാൽ അയാൾ ജനിച്ച മതം അല്ലെങ്കിൽ സ്റ്റെയിറ്റ് വിശ്വസ്തതയോടെ സ്വീകരിക്കാനോ ത്യജിക്കാനോ അനുവദിക്കുന്നത് അസാധ്യവും യുക്തിപരവുമായി അസംബന്ധവുമാണ്. ഈ രീതിയിൽ ലോകത്ത് ഒരു കൂട്ടുത്തരവാദിത്വമുള്ള സംവിധാനവും പ്രവർത്തിക്കുന്നതല്ല.”2

ഇസ്ലാം മതപരിത്യാഗത്തിന് വധ ശിക്ഷ വിധിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി ഒഴിച്ച് ബാക്കി മുഴുവൻ മുസ്ലിംകളും കാഫിറാണെന്നുമുള്ള മൗദൂദിയൻ നിയമം നാം അംഗീകരിച്ചാൽ തന്നെ മൗദൂദികളല്ലാത്ത മുസ്ലിംകളെല്ലാം മതപരിത്യാഗികളാണെന്ന് മൗദൂദിയൻ യുക്തി ശാസ്ത്രമുപയോഗിച്ച് പോലും നമുക്ക് കണക്കാക്കാൻ സാധ്യമല്ല. കാരണം അവരെല്ലാം ജന്മനാ കാഫിറാണല്ലോ. മൗലാന താൻ ചുട്ട അപ്പം താൻ തന്നെ തിന്നുന്നതിലേക്ക് വരുന്നു! ഈ മൗദൂദിയൻ സങ്കല്പ പ്രകാരമുള്ള ഇസ്ലാമുമായി വിയോജിക്കുന്ന മുസ്ലിംകളെ ആദ്യമായി ജന്മനാ മുസ്ലിംകളെന്നും ജന്മനാ കാഫിറുകളെന്നും രണ്ടുവിധത്തിൽ വിവരിച്ചിരിക്കുന്നു. കാരണം അവർ (ജന്മനാ കാഫിർ) തങ്ങളുടെ മാതാപിതാക്കന്മാരാൽ കുഫ്രിയത്തിന്റെ അന്തരീക്ഷത്തിൽ വളർത്തപ്പെട്ടവരാണ്. അവരെ മതപരിത്യാഗികളാണെന്ന് വിളിക്കുന്നതിന് കാരണം അവർ പ്രായപൂർത്തിയെത്തിയ സന്ദർഭത്തിൽ മൗദൂദിയൻ സങ്കൽപപ്രകാരമുള്ള ഇസ്ലാം സ്വീകരിക്കുന്നതിന് പകരം മാതാപിതാക്കരുടെ കുഫ്രിയത്തിനെ നിഷേധിക്കാതെ തുടരുകയാണ് ചെയ്തത് എന്നതാണ്.

ഒരു അമുസ്ലിം ഇസ്ലാംമതം സ്വീകരിക്കുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്താൽ അയാൾ വധിക്കപ്പെടേണ്ടതാണ്. കാരണം ഇസ്ലാമിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ പിന്നെ രക്ഷപ്പെടാൻ സാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ടാണ് അയാൾ ഇസ്ലാമിലേക്ക് പ്രവേശിക്കുന്നത്. അതുപോലെ ജന്മനാ “മൗദൂദി മുസ്ലിമല്ലാത്ത” ഒരാളെയും മതപരിത്യാഗിയായി കണക്കാക്കാം. അയാൾ പ്രായ പൂർത്തിയായതിന് ശേഷം ഇസ്ലാമിന്റെ മൗദൂദിയൻ സങ്കൽപങ്ങൾ സ്വീകരിച്ചിട്ടില്ല എന്നതാണ് കാരണം.

ഈ വാദഗതികൾ വ്യക്തമായും മൗലാനയുടെ ഏകാധിപത്യപരവും കൃത്രിമവും അസഹിഷ്ണുത നിറഞ്ഞതുമായ വ്യക്തിത്വമാണ് കാണിക്കുന്നത്. ജന്മനാ മുസ്ലിമാകട്ടെ മതം സ്വീകരിച്ച മുസ്ലിമാകട്ടെ ഒരു മുസ്ലിമും മൗലാനയുടെ പരിധിക്കപ്പുറമില്ല. അതായത് മതത്തിൽ യാതൊരു ബലാൽക്കാരവുമില്ല എന്ന ഖുർആനിക വചനം താഴെ എഴുതിയ രീതിയിലാണ് മൗലാനാ മൗദൂദി വിവരിച്ചിരിക്കുന്നത്.

ലാ ഇക്റാഹഫിദ്ദീൻ (മതത്തിൽ ബലാൽക്കാരമില്ല) എന്ന ആയത്തിന്റെ അർത്ഥം ഞങ്ങളുടെ മതം സ്വീകരിക്കാൻ ആരെയും ഞങ്ങൾ നിർബന്ധിക്കുന്നില്ല എന്നാണ്. ഞങ്ങളുടെ നിലപാടിതാണ്. എന്നാൽ വന്നിട്ട് തിരിച്ചു പോകാനാണ് ഭാവമെങ്കിൽ ഈ വാതിൽ സ്വതന്ത്രമായ ഗതാഗതത്തിനു വേണ്ടി തുറന്നിടപ്പെട്ടിട്ടുള്ളതല്ല എന്ന് ആദ്യം തന്നെയങ്ങ് മുന്നറിയിപ്പ് നൽകുകയാണ്. അതുകൊണ്ട്, വരുന്നുവെങ്കിൽ തിരിച്ചുപോകാൻ പാടുള്ളതല്ല. അല്ലെങ്കിൽ നിങ്ങൾ വരാതിരിക്കുന്നതാണ് നല്ലത്.”

മൗലാനാ മൗദൂദിയുടെ ഈ ഖുർആൻ വ്യാഖ്യാനത്തിന് പ്രമുഖ അഹ്ലെ ഖുർആൻ പണ്ഡിതനായ ഗുലാം അഹ്മദ് പർവേഴ്സിന്റെ പരാമർശം ഇങ്ങനെയാണ്.

“മൗദൂദി സാഹിബിന്റെ ഇസ്ലാം ഒരു എലിക്കെണി പോലെയാണ്. എലിക്ക് അതിൽ വന്നുപെടാം. പക്ഷേ, പിന്നീടൊരിക്കലും രക്ഷപ്പെടാൻ സാധ്യമല്ല”

മൗലാനയുടെ വാദത്തിന്റെ കേന്ദ്ര ബിന്ദു ഇതാകുന്നു. അതായത് എല്ലാ മതങ്ങളും ആ മതത്തിന്റെ അനുയായികളുടെ സന്തതി പരമ്പരകളെയും അതാത് മതത്തിന്റെ അനുയായികളായി കണക്കാക്കുന്നു എന്നാണ്. അതു കൊണ്ട് മുസ്ലിം മാതാപിതാക്കന്മാർ അവർ കാഫിറായിരുന്നാൽ പോലും അവരുടെ സന്തതികൾ മുസ്ലിം സമ്പത്തായി കണക്കാക്കപ്പെടും. ഈ കുഞ്ഞുങ്ങളുടെ മേൽ മുസ്ലലിം സൊസൈറ്റി സ്വത്തവകാശം സ്ഥാപിച്ചുകഴിഞ്ഞാൽ പ്രായപൂർത്തിയായതിന് ശേഷം അവർക്ക് മറ്റൊരു മതം എങ്ങനെ സ്വീകരിക്കാൻ കഴിയും? ഈ കാര്യങ്ങൾ വിശദീകരിക്കാൻ മൗലാനാ പ്രവാചകന്റെ (സ) താഴെ പറയുന്ന വചനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു.

“ഓരോ ശിശുവും മുസ്ലിമായിക്കൊണ്ടുള്ള അവസ്ഥയിലാണ് ജനിക്കുന്നത്. പക്ഷേ, അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രൈസ്തവനും സൊറോസ്ട്രിയനും ആക്കിത്തീർക്കുന്നത്.”3

മുസ്ലിം കുഞ്ഞുങ്ങൾ മുസ്ലിംകളുടെ പൊതു സ്വത്താണെന്ന മൗലാനയുടെ വാദത്തിന്റെ കേന്ദ്രബിന്ദു ശരിയാണെങ്കിൽ അത് മുസ്ലിം സന്തതികളിൽ മാത്രമെന്തിനു ഒതുക്കി നിർത്തുന്നു? അത് എന്തുകൊണ്ട് അമുസ്ലിം സന്തതികൾക്കുകൂടി ബാധകമാക്കുന്നില്ല?

ഹദീസ് പ്രകാരം അമുസ്ലിം കുഞ്ഞുങ്ങൾ ജന്മനാ മുസ്ലിം എന്ന നിലക്ക് മുസ്ലിം സൊസൈറ്റിക് അവകാശപ്പെട്ട സ്വത്തല്ലേ? ഇത് എല്ലാ അമുസ്ലിം സന്തതികളുടെയും പൂർണ നിയന്ത്രണം മൗദൂദിയൻ ഭരണകൂടത്തിന്റെ കൈയ്യിൽ ഏൽപിച്ചുകൊടുക്കുന്നു. ഇതുപ്രകാരം ഒരു സന്തതിയും മൗദൂദിയൻ പരിധിയിൽപ്പെട്ടതാകട്ടെ അല്ലാത്തതാവട്ടെ യാതൊരു വ്യത്യാസവും കൽപ്പിച്ചിട്ടില്ല. അവരെല്ലാം മൗദൂദിയുടെ കരവലയത്തിലൊതുങ്ങുന്നു.

മേലുദ്ധരിച്ച ഹദീസ് മൗലാന അവഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ തന്നെ തർക്കശാസ്ത്രത്തിന്റെ ബലം അദ്ദേഹത്തെ ഇത്തരം വിഡ്ഢിത്തത്തിലേക്കാണ് നയിക്കുന്നത്.

വാസ്തവത്തിൽ മധ്യകാല ക്രിസ്തു സഭയുടെ സിദ്ധാന്തങ്ങൾ പദാനുപദം ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനത്തിലൂടെ പുനരാവിഷ്ക്കരിക്കുകയാണ് മൗലാന മൗദൂദി ചെയ്യുന്നത്. മധ്യകാലഘട്ടത്തിലെ കഠോരമായ അസഹിഷ്ണുതയെ വിവരിച്ചുകൊണ്ട് എലിസബത്ത് ലാബോസസ് എന്ന മധ്യകാല ക്രിസ്തീയ ചരിത്രകാരി നിരീക്ഷിക്കുന്നത് ശ്രദ്ധിക്കുക.

“വ്യക്തിപരമായ നിലയിൽ അത് രക്തസാക്ഷികളേയും കപട വിശ്വാസികളേയും സൃഷ്ടിക്കുന്നു.”4

ലാബോസസിന്റെ നിരീക്ഷണങ്ങൾ മൗദൂദിയുടെ “മതപരിത്യാഗത്തിന് ഇസ്ലാമിലെ ശിക്ഷ” എന്ന പുസ്തകത്തിലെ ഒരു ഖണ്ഡികയുമായി നമുക്ക് താരതമ്യപ്പെടുത്താം. മൗലാനാ മൗദൂദി എഴുതുന്നു.

“മതപരിത്യാഗിയെ വധിക്കുക എന്നതിന് ഈ അർത്ഥം കൊടുക്കുന്നതും തെറ്റാണ്. അതായത് ഒരാൾക്ക് മരണ ഭയം നൽകിക്കൊണ്ട് കപടത സ്വായത്തമാക്കാൻ നിർബ്ബന്ധിക്കുക എന്നാണ് ഇതിനർത്ഥം. വസ്തുത നേരെ മറിച്ചാണ്. ഞങ്ങൾ അത്തരത്തിലുള്ളവരുടെ നേരെ ഞങ്ങളുടെ ജമാഅത്തിലേക്ക് കയറാനുള്ള വാതിൽ കൊട്ടിയടക്കാനാണഗ്രാഹിക്കുന്നത്. അവർ പല വിധത്തിലുള്ള രോഗങ്ങൾക്കടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവർക്കൊരു തമാശപോലെയാണ്. അതുകൊണ്ട് ഈ ജമാഅത്തിനകത്ത് കയറുവാൻ ആഗ്രഹിക്കുന്നവരോട് നാം ആദ്യമേ തന്നെ താക്കീതായി പറയുന്നത് ഇവിടുന്ന് തിരിച്ചുപോകുന്ന തിന്നുള്ള ശിക്ഷ മരണമാകുന്നു. അങ്ങനെ ഇതിൽ പ്രവേശിക്കുന്നതിനു മുമ്പെ ഒരു നൂറുപ്രാവശ്യം ചിന്തിക്കട്ടെ, ഈ ജമാഅത്തിൽ പ്രവേശിക്കണമോ വേണ്ടയോ എന്ന്. എന്നാൽ മാത്രമേ ഇനിയൊരിക്കലും തിരിച്ച് പോകുന്നതല്ല എന്ന ഉറപ്പോടെ ഇതിൽ വരാൻ അവർക്ക് സാധിക്കുകയുള്ളൂ.”5

മൗലാനാ മൗദൂദിയുടെ മതസങ്കൽപ്പമാണ് മോക്ഷത്തിനുള്ള ഏകമാർഗ്ഗം എന്ന് അദ്ദേഹം കരുതുന്നു. അതുകൊണ്ടാണ് മൗലാന ആ അവകാശം മറ്റു മതങ്ങളുടെ അനുയായികൾക്ക് വകവെച്ചുകൊടുക്കാതിരിക്കുന്നത്. അന്യമതസ്ഥരുടെ പ്രചാരണ പ്രവർത്തനങ്ങൾ മൗദൂദിയൻ രാഷ്ട്രത്തിൽ അനുവദനീയമല്ല. മൗലാന പറയുന്നു.

“മത പരിത്യാഗത്തിന് വധശിക്ഷയാണെന്ന് തീരുമാനിക്കപ്പെട്ടുകഴിഞ്ഞതോടെ പ്രശ്നം പരിഹരിച്ചു. ഒരു മുസ്ലിമിനെയും അന്യമതം സ്വീകരിക്കാൻ നാം അനുവദിക്കുന്നില്ല എന്നു വരുമ്പോൾ നമ്മുടെ അധികാര പരിധിയിൽ അന്യ മതസ്ഥർക്ക് പ്രചാരണം നടത്തുക എന്ന പ്രശ്നം തന്നെ ഉത്ഭവിക്കുന്നില്ല. നാം ഒരിക്കലും അത് സഹിക്കുകയില്ല.” 6

പക്ഷേ, ഒരു കാഫിറിന് മറ്റു കാഫിറുകൾക്കിടയിൽ മത്രപ്രചാരണം നടത്തുവാൻ അനുവാദമുണ്ടോ? ഉദാഹരണത്തിന് ഒരു ക്രിസ്ത്യാനിക്ക് ജൂതന്മാരുടെ ഇടയിലോ ഹിന്ദുക്കളുടെ ഇടയിലോ പ്രചാരണം നടത്തുവാൻ സാധിക്കുമോ? ബിംബങ്ങളെ ആരാധിക്കാത്ത വരും ഏകദൈവത്തെ ആരാധിക്കുന്ന വരുമായ ആര്യ സമാജികൾക്ക് സർവേശ്വര വാദികളായ സനാതന ധർമ്മികൾക്കിടയിൽ പ്രചാരണം നടത്താൻ സാധിക്കുമോ?

മൗലാന പറയുന്നു :

“അത്തരം വ്യാജ മതങ്ങൾ ലോകത്ത് പ്രചരിപ്പിക്കാൻ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. വ്യാജമതങ്ങളുടെ പ്രബോധകർക്ക് അത് ലോകത്ത് പ്രചരിപ്പിക്കാനും മറ്റുള്ളവരെ അഗ്നിയിലേക്ക് ആകർഷിക്കാനും അനുമതി കൊടുക്കാമോ? അവർ സ്വയം തന്നെ അഗ്നിയിലേക്ക് പാഞ്ഞടുക്കുകയാണ്.”7

ക്രിസ്ത്യാനികളും ജൂതന്മാരും ഗ്രന്ഥാനുസാരികളാണെന്നാണ് (അഹ്ലുൽ കിതാബ്)മൗദൂദി വിശ്വസിക്കുന്നത്. വിഗ്രഹാരാധകരോ, ബഹുദൈവാരാധകരോ മൂസ്സാ (അ) യുടെയും ഈസാ (അ)യുടെയും ഏക ദൈവാരാധനയിലേക്ക് പരിവർത്തനം ചെയ്യുകയാണെങ്കിൽ അവർക്ക് ഇസ്ലാമുമായി അത്രയധികം അടുക്കാൻ കഴിയുന്നു. പക്ഷേ അവർ തടയപ്പെടുകയാണ്.

ചുരുക്കത്തിൽ ഒരു ജന്മനാ കാഫിർ അവൻ മുസ്ലിമാകുന്നില്ലെങ്കിൽ അവനെ കൊല്ലേണ്ട എന്ന കാര്യം മൗലാന സമ്മതിക്കുന്നു. പക്ഷേ, ഇങ്ങനെയാണെങ്കിൽ മതമുപേക്ഷിച്ച പുതിയ കാഫിനെ മാത്രം എന്തു കൊണ്ടു കൊല്ലുന്നു? പുതിയ കാഫിർ ശിക്ഷാർഹനാണെങ്കിൽ എന്തുകൊണ്ട് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷമാത്രം കൊടുക്കുന്നു? അയാളെ എന്തു കൊണ്ട് നാടുകടത്തുകയോ ജീവപര്യന്തം തടവ് ശിക്ഷ നൽകുകയോ ചെയ്തുകൂടാ? അങ്ങനെയാണെങ്കിലും മുസ്ലിം സൊസൈറ്റിയിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയില്ലല്ലോ?

ഇവിടെ സെന്റ് അഗസ്റ്റിന്റെ ന്യായയുക്തിയെ സത്യപ്പെടുത്തിക്കൊണ്ട് മതപരിത്യാഗിയെ സ്വന്തം താൽപര്യത്തിന് വേണ്ടി വധിക്കുന്നു എന്ന് മൗദൂദി വിശദീകരിക്കുന്നു.

അദ്ദേഹം പറയുന്നു :

“ഇതിനുള്ള പ്രതിവിധി രണ്ടു വിധമാണ്. ഒന്നുകിൽ അയാളെ സ്റ്റേറ്റിൽ എല്ലാവിധ പൗരാവകാശങ്ങളും ത്യജിക്കപ്പെട്ട നിലയിൽ ജീവിക്കാനനുവദിക്കുക. അല്ലെങ്കിൽ അയാളുടെ ജീവിതം അവസാനിപ്പിക്കുക. ആദ്യത്തെ രീതി രണ്ടാമത്തെ രീതിയേക്കാൾ കഠിന തരമായ ശിക്ഷയായിരിക്കും. കാരണം അതിന്റെ അർത്ഥം “ലാ യമൂത്തുഫീഹാ വലായഹ്യാ”8 എന്ന അവസ്ഥയിൽ, അതായത് ജീവച്ചവം പോലെ ആവുക എന്നാണ്, അതുകൊണ്ട് ശ്രേഷ്ഠമായ കാര്യം അയാൾക്ക് മരണശിക്ഷ നൽകിക്കൊണ്ട് അദ്ദേഹത്തിനും സൊസൈറ്റിക്കുമുള്ള എല്ലാ ആപത്തുകളും തൽക്ഷണം അവസാനിപ്പിക്കുകയാണ്.”9

മൗലാന മതമുപേക്ഷിക്കുന്നവനെ കൊല്ലാൻ കൊണ്ടുപോകുന്നത് സെന്റ് അഗസ്റ്റിൻ പറയുന്നത് പോലെ സ്നേഹത്തിന്റെ പ്രചോദനത്തിലുള്ള (Spirit of Love) പീഡനമായിട്ടല്ല. ഏതായാലും മരണത്തിന് ശേഷം ഒരു ജീവിതമുണ്ടല്ലോ. മതപരിത്യാഗിയെ കൊല്ലുന്നതിലൂടെ മൗലാന അയാളെ നേരിട്ട് നരകാഗ്നിയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. സമൂഹത്തിൽ നിന്ന് ബഹിഷ്കൃതനാക്കുകയാണെങ്കിൽ മതപരിത്യാഗി താൽക്കാലികമായ പീഡനമേ സഹിക്കേണ്ടിവരുന്നുള്ളൂ; അയാൾക്ക് പശ്ചാത്തപിച്ചു മടങ്ങാനും അവസരമുണ്ട്. എന്നാൽ ഇവിടെ മതപരിത്യാഗിക്ക് പാശ്ചാത്തപിച്ചു മടങ്ങാനും അതുവഴി ആത്മീയ മോചനത്തിനുമുള്ള എല്ലാ അവസരങ്ങളും മൗലാന എടുത്തുകളയുന്നു.

ഒരു കാഫിറിന് ജീവിതത്തിലേതെങ്കിലുമൊരവസരത്തിൽ നന്നായിത്തീരാനുള്ള അവസരമുണ്ട്. എന്നാൽ മതപരിത്യാഗിക്ക് ഒരിക്കലും ഇസ്ലാമിലേക്ക് മടങ്ങിവരാനോ ദൈവത്തിന്റെ ഏറ്റവും വലിയ പൊറുത്തുകൊടുക്കുന്നവർ (അൽഗഫ്ഫാർ) പശ്ചാത്താപം സ്വീകരിക്കുന്നവൻ (അത്തവ്വാബ് എന്നീ ഗുണങ്ങളുടെ ആനുകൂല്യം അനുഭവിക്കാനോ സാധിക്കുന്നില്ല.

മൗലാനയുടെ അസംബന്ധജഢിലമായ താർക്കിക യുക്തി സംഗ്രഹിച്ചു കൊണ്ട് ഒരാൾക്ക് ഇങ്ങനെ ചോദിക്കാം.

“വളരെ ലാഘവ ബുദ്ധിയോടെ വിശ്വാസം മാറി നമ്മുടെ സൊസൈറ്റിയിലേക്ക് വരുന്നവരെ നിരുത്സാഹപ്പെടുത്തലാണ് വധശിക്ഷ നൽകുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് താങ്കൾ പറയുന്നു. എന്നാൽ മുസ്ലിം ഗൃഹങ്ങളിലെ തന്നെ വിശ്വാസത്തിൽ സംശയാലുക്കളായി പിറക്കുന്നവരെ തടഞ്ഞു നിർത്താൻ എന്ത് പദ്ധതിയാണ് നിങ്ങൾക്കുള്ളത്?”


References

  1. Murtadd ki saza Islam main (1950), 80–1.
  2. Murtadd ki saza Islami qanun main (8th ed.), op.cit ., 72–3.
  3. Al-Bukhari, Kitab al-Jana’ iz .
  4. Dictionary of the History of Ideas (New York), vol. IV, 116.
  5. Murtadd ki saza Island qanun main , 51.
  6. Ibid., 32.
  7. Murtadd ki saza Island qanun main , 35.
  8. Quran, 87.14.
  9. Murtadd ki saza Islami qanun main , 51.