മതപരിത്യാഗവും മൗലാനാ മൗദൂദിയും

മതത്തില്‍ യാതൊരു വിധ സമ്മര്‍ദങ്ങളുമില്ല എന്ന സുവര്‍ണ സൂക്തം ഉള്‍ക്കൊള്ളുന്ന മതമാണ് ഇസ്‌ലാം. ആ ഇസ്‌ലാമിനെ രാഷ്ട്രം അഥവാ അധികാര ശക്തിയുടെ മൂര്‍ത്ത രുപമാണെന്ന് വ്യാഖ്യാനിക്കുകയും മതം മാറുന്നവന്‍ രാജ്യദ്രോഹിയെ പോലെ വധാര്‍ഹനാണെന്നും മൗലാനാ മൗദൂദി സിദ്ധാന്തിക്കുകയുണ്ടായി. മനുഷ്യ സ്വാതന്ത്യത്തിന് വിരുദ്ധമായ ഈ ഭീകര നിയമത്തിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.

അവലമ്പം: മതത്തിന്റെ പേരില്‍ മനുഷ്യഹത്യ, ഹദ്റത്ത് മിർസാ താഹിർ അഹ്മദ് (റഹ്)

ഇത് ഒരു അനുസ്മരണ സന്ദേശമാകുന്നു. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്ക് അവന്‍ ഒരു മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. (വിശുദ്ധ ഖുര്‍ആന്‍ 76:30)

Execution of a Moroccan Jewess by Alfred Dehodencq

“നമ്മുടെ അധികാരപരിധിയില്‍ നാം യാതൊരു മുസല്‍മാനെയും അവന്റെ മതം മാറ്റുവാനോ മറ്റു മതങ്ങള്‍ക്ക് പ്രചാരണം നടത്തു വാനോ അനുവദിക്കുന്നതല്ല.” മൗലാനാ മൗദൂദി (മൗലാനാ അബുല്‍ അഅ്‌ലാ മൗദുദി മുര്‍ത്തദ് കീ സസാ ഇസ്‌ലാമി ഖാനൂന്‍ മെ, ലാഹോര്‍, പേജ് 32)

മൗലാനാ മൗദൂദിയുടെ രാഷ്ട്രീയാധികാര ദുരക്ക് അതിരുകളില്ല. അദ്ദേഹം ആവിഷ്‌ക്കരിച്ച മതപരിത്യാഗത്തെക്കുറിച്ചുള്ള (മതമുപേക്ഷിക്കുന്നവനുള്ള) നിയമങ്ങള്‍ മൗദൂദിയുടെ വ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒടുങ്ങാത്ത അധികാര ഭ്രാന്തിന്റേയും അസഹിഷ്ണുതയുടേയും ഒരു വിപുലീകരണം മാത്രമാണ്. ഇസ്‌ലാമുമായി അതിന് യാതൊരു ബന്ധവുമില്ല. മൗലാനാ മൗദൂദിയുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തക നായിരുന്ന ഡോ. ഇസ്‌റാര്‍ അഹ്മദ് പറയുകയുണ്ടായി: “മൗലാനാ മൗദൂദി തന്റെ (മറ്റു) ആശയങ്ങള്‍ മൗലാന ആബുല്‍ കലാം ആസാദില്‍ നിന്നും അലി സഹോദരന്മാരില്‍ നിന്നും കടം വാങ്ങിയതാണ്. അദ്ദേഹത്തിന്റെ അവതരണ ശൈലി നിയാസ് ഫതഹ് പുരിയുടേതാണ്. പക്ഷേ ഗര്‍വിഷ്ഠനായ മൗദൂദി അദ്ദേഹത്തിന്റെ ആശയങ്ങള്‍ മറ്റുള്ളവരില്‍നിന്ന് പകര്‍ന്നു കിട്ടിയെന്ന് ഒരിക്കലും വെളിപ്പെടു ത്തിയിരുന്നില്ല. മറിച്ച് അതെല്ലാം തന്റെ സ്വയം കൃതികളാണെന്നാണ് അദ്ദേഹം അറിയിച്ചത്. (ഡോ. ഇസ്‌റാര്‍ അഹ്മദ് ഇസ്‌ലാം ഔര്‍ പാകി സ്താന്‍ തഹ്‌രീക്കി സിയാസി ഇല്‍മ് ഔര്‍ തഖാഫത്തി വ സെമന്‍സര്‍ (ലാഹോര്‍ 1938) പേജ് 72).

അതുപോലെ മതപരിത്യാഗത്തെ ക്കുറിച്ചുള്ള മൗലാനയുടെ ആശയ ങ്ങള്‍ മദ്ധ്യകാല ക്രിസ്തുമത ചിന്തയില്‍ അധിഷ്ഠിതമായതും മുസ്‌ലിം കര്‍മശാസ്ത്ര (ഫിഖ്ഫ്) പണ്ഡിതന്മാരുടെ വ്യാഖ്യാന വൈകല്യങ്ങളില്‍ നിന്ന് ഉത്ഭൂതമായതുമാണ്.

ഒരു വശത്ത് ദേശീയവാദികളായ കോണ്‍ഗ്രസ്സുകാരുമൊത്ത് സഹകരിക്കുകയും മറുവശത്ത് ശുദ്ധി പ്രസ്ഥാനത്തിനെതിരെ പടയൊരുക്കം നടത്തുകയും ചെയ്ത ദയൂബന്ദ് പ്രസ്ഥാനമായിരുന്നു മൗദൂദിയുടെ ഈ വിഷയകമായ ചിന്തകളെ ഭാഷപ്പെടുത്തിയത്. മൗലാനാ യുവ പത്രപ്രവര്‍ത്തകനായിരിക്കുമ്പോള്‍ വായിച്ച മാര്‍ക്‌സിയന്‍ രചനകളുടെ സ്വാധീനം അദ്ദേഹത്തിന്റെ ചിന്തകളിലുടനീളം പ്രകടമായിരുന്നു. മദ്ധ്യകാല ക്രിസ്തീയാചാരങ്ങളുടേയും ദയൂബന്ദ് വഹാബി അസഹിഷ്ണുതയുടെയും മാര്‍ക്‌സിയന്‍ കലാപവാസനയുടേയും ഒരു വിചിത്ര സങ്കലനമായിരുന്നു അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്‌ലാമി.

മതസ്വാതന്ത്ര്യം എന്നത് പരിണാമാത്മകമോ രേഖീയമോ ആയ ഒന്നല്ല. അത് ഒരു ചാക്രികപ്രതിഭാസമാകുന്നു. ദൈവത്തിന്റെ ഒരു പ്രവാചകനോ ഒരു പുനരുദ്ധാരകനോ അവതരിക്കുമ്പോള്‍ അദ്ദേഹം എതിര്‍ക്കപ്പെടുന്നു. അദ്ദേഹം സമുദായത്തെ ഭിന്നിപ്പിക്കുന്നുവെന്നും പാരമ്പര്യ സുഭദ്രത ശിഥിലമാക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു. അദ്ദേഹത്തെ മതപരിത്യാഗിയെപ്പോലെ ചിത്ര വധത്തിന് വിധേയമാക്കുന്നു. അവസാനം ആ പ്രവാചകന്‍ മതസ്വാതന്ത്ര്യം സ്ഥാപിക്കുന്നതില്‍ വിജയശ്രീലാളിതനായിതീരുന്നു. പ്രവാചകന്മാരുടെ ഈ സ്വാതന്ത്ര്യം മുഖേന പ്രചരിപ്പിക്കപ്പെട്ട യഥാര്‍ഥ വിശ്വാസം ക്രമേണ വിയോജിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുകയും സ്ഥാപനവത്കൃത സിദ്ധാന്ത(dogma)ത്തിന്റെ സങ്കുചിതത്വത്തിലേക്ക് കഠിനതരമായിപ്പോവുകയും ചെയ്യുന്നു.

ദേവാലയത്തിലെ അവസാന സന്ദര്‍ശനത്തില്‍ ക്രിസ്തു പറയുകയുണ്ടായി: സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പീന്‍ (മാര്‍കോസ് 12: 17) ഈ പ്രസ്താവന മതവിശ്വാസത്തെ രാഷ്ട്രീയാധികാരത്തില്‍ നിന്ന് വളരെ വ്യക്തമായും വേര്‍തിരിക്കുന്നു. എന്നിരിക്കിലും രാഷ്ട്രീയാധികാരം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞ് (എ ഡി 312) ക്രിസ്തുസഭ മതഭിന്നതയാല്‍ (ioiva-Schism) പിളരുകയുണ്ടായി. ആദിമ ക്രിസ്ത്യാനികള്‍ മുന്നൂറു വര്‍ഷത്തിലധികം പീഡിപ്പിക്കപ്പെടുകയുണ്ടായി. എന്നിട്ടും കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് ശേഷം അവര്‍ ക്രിസ്തുസഭ സന്യാസി മഠ പ്രസ്ഥാനം (Monastism Secession), ഡൊണാസ്റ്റിക്ക് ശീശ്മ (Donastic Scheism), ആരിയൂസ് പാഷാണ്ഡത(Arian Hersy), എന്നീ ചിന്താപ്രസ്ഥാനങ്ങളോട് ഏറ്റുമുട്ടുകയുണ്ടായി. ക്രിസ്തു സഭയുടെ ചരിത്രത്തിലുടനീളം പാഷാണ്ഡത (മതനിന്ദ പാഷാണ്ഡത) യഥാസ്ഥിതികത്വത്തില്‍നിന്നുള്ള വിയോജിപ്പുകളും ഉത്കണ്ഠയുളവാക്കുന്ന ഒരു വിഷയമായിരുന്നു. അത് ക്രിസ്തുവിന്റെ ദൈവികത്വ സങ്കല്‍പ്പങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതായിരുന്നു.

ക്രിസ്തു സഭയുടെ ആദ്യത്തെ എക്യുമെനിക്കല്‍ (സഭാഐക്യം) സമ്മേളനം ക്രി.വ 325ല്‍ ബിത്തിനിയന്‍ നിഖയ്യായില്‍ ചേരുകയും ത്രിത്വത്തിന്റെ പ്രഹേളികക്ക് ഒരു പ്രമാണം പുറപ്പെടുവിക്കുകയും ചെയ്തു. മാപ്പു ചോദിക്കാത്ത ആരിയൂസിനെ നിഖയ്യാ കൗണ്‍സില്‍ സ്ഥാനഭ്രഷ്ടനാക്കുകയും കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ നാടുകടത്തുകയുമുണ്ടായി. ആരിയൂസിന്റെ ഗ്രന്ഥങ്ങള്‍ ചുട്ടുകരിക്കാനും അവ കൈവശംവെക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും ചക്രവര്‍ത്തി ഉത്തരവിട്ടു. ജസ്റ്റീനിയന്‍ മതപരിത്യാഗത്തിന് വധശിക്ഷ ശുപാര്‍ശ ചെയ്തതോടെ നസ്രേത്തിലെ ക്രിസ്തുവില്‍ തുടക്കം കുറിക്കപ്പെട്ട മതസ്വാതന്ത്ര്യം ഒരു പരിവൃത്തി പൂര്‍ത്തിയാക്കുകയുണ്ടായി. ക്രി. വ 523ല്‍ റോമന്‍ നിയമ സംഹിതയുടെ ഭാഗം എന്ന നിലക്കാണ് ഈ ശിക്ഷ ശുപാര്‍ശ ചെയ്തത്.

യഥാര്‍ഥ ഇസ്‌ലാം മൗദൂദിയെ സംബന്ധിച്ചിടത്തോളം പ്രചോദന ശക്തിയില്ലാത്തതായി തീര്‍ന്നിരിക്കുന്നു. മതവിരുദ്ധത അഥവാ പാഷാണ്ഡതയും (Hersy) മതപരി ത്യാഗത്തിന്റേയും (Apostasy) സങ്കല്‍പ്പങ്ങള്‍ മൗദൂദിക്ക് പരിചയപ്പെടുത്തിയ കാല്‍വിയന്‍ (John Calvin 1509 – 1564, മാര്‍ട്ടിന്‍ ലൂഥറിന്റെ ക്രിസ്തീയ പരിഷ്‌ക്കരണങ്ങള്‍ക്ക് നിയമ രൂപം നല്‍കിയ കര്‍ക്കശക്കാരനായ പുരോഹിതന്‍) താര്‍ക്കിക യുക്തിശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ നിന്ന് അദ്ദേത്തിന്ന് രക്ഷപ്പെടാനായില്ല. കാല്‍വിയന്‍ ആയിരുന്നു മത പരിത്യാഗത്തിന് വധശിക്ഷ നിര്‍ദേശിച്ച ചിന്തകന്‍. പക്ഷേ മൗദൂദി തന്റെ ശിക്ഷയുടെ ആധികാരികത നബി തിരുമേനി(സ)യില്‍ ആരോപിക്കുവാന്‍ ധിക്കാരം കാണിക്കുകയുണ്ടായി.

കലാപകാരികളായ ഒരു ഗോത്രസമൂഹത്തോട് അബൂബക്കര്‍(റ) നടത്തിയ കുറേ സൈനിക നടപടികള്‍ മതപരിത്യാഗത്തിന് തെളിവായി അദ്ദേഹം ഉദ്ധരിക്കുന്നു. ഈ വിഷയകമായി മൗലാനാ ഉത്തമ വിശ്വാസത്തോടെ ഒരു ലഘുലേഖ എഴുതിയിട്ടുണ്ട്. അതില്‍ എഴുതി ചേര്‍ത്തതാണ് ഇക്കാര്യം. ഇത് ചര്‍ച്ച ചെയ്യുന്നതിന് മുമ്പേ ക്രിസ്ത്യന്‍ മാതൃകകള്‍ മൗലാനയെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്നതിന് അദ്ദേഹത്തിന്റെ രചനകള്‍ തന്നെ ഉദ്ധരിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി മദ്ധ്യകാല യൂറോപ്പിലെ ക്രിസ്തീയ സഭാപിതാക്കള്‍ ക്രിസ്തുമതം ഉപേക്ഷിക്കല്‍ വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമായി കണക്കാക്കി, ക്രിസ്തുമതത്തെ കുറിച്ചുള്ള ഒരേയൊരു അംഗീകൃത ഔദ്യോഗിക ഭാഷ്യം സഭാപിതാക്കന്മാരുടെതുമായിരുന്നു. അതു പോലെ മതം ഉപേക്ഷിച്ചവന് ഇസ്‌ലാമിലെ ശിക്ഷ വധശിക്ഷ ആണെന്നും ഇസ്‌ലാം മതത്തിലെ ഒരേയൊരു അംഗീകൃത ഭാഷ്യം മൗലാനാ മൗദൂദിയുടേതും അദ്ദേഹത്തിന്റെ അനുയായികളുടേതു മാത്രമാണെന്നും വരുന്നു.

മൗദൂദിയന്‍ ഭരണത്തിനു കീഴില്‍ ആരൊക്കെയാണ് മുസ്‌ലിംകള്‍ എന്നും ആരൊക്കെയാണ് അമുസ്ലിംകള്‍ എന്നും അവര്‍ വ്യക്തമായി തീരുമാനിക്കും. എന്ത് തരത്തിലുള്ള തീരുമാനമായിരിക്കുമത്.!! മൗലാനയുടെ എഴുത്ത് വളരെ വ്യക്തമാണ്. മൗലാനയുടെ അഭിപ്രായപ്രകാരം അഹ്മദികള്‍ മതത്യാഗികളും അമുസ്‌ലിം ന്യൂനപക്ഷവുമാണ്. പക്ഷേ അഹ്മദികള്‍ മാത്രമല്ല ഈ മതവിരുദ്ധര്‍. പര്‍വേഴ്‌സ് ചിന്താഗതിയില്‍പ്പെട്ട അഹ്‌ലെ ഖുര്‍ആനികളും മതവിരുദ്ധരാണ്. അവര്‍ കാഫിറുകളും മത പരിത്യാഗികളുമാണ്.

മൗദൂദിയുടെ അഭിപ്രായ പ്രകാരം യഥാര്‍ഥത്തില്‍ അവരുടെ മത വിരുദ്ധത ഖാദിയാനികളേക്കാള്‍ ഗുരുതരമായതാണ്. മൗദൂദിയുടെ അദ്ധ്യാപനങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്ന ആളും മൗദൂദിയുടെ വലംകയ്യുമായും അറിയപ്പെടുന്ന മൗലാനാ അമീല്‍ അഹ്‌സന്‍ ഇസ്‌ലാഹി ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക മുഖപത്രമായ തസ്‌നീമില്‍ കൊടുത്ത ബഹിഷ്‌ക്കരണാജ്ഞയാണ് താഴെ കൊടുക്കുന്നത്.

“ചില ആളുകള്‍ ഇസ്‌ലാമിക ശരീഅത്തിലുള്ള വ്യത്യാസങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ നാട്ടില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പില്‍ വരുത്താന്‍ സാദ്ധ്യമല്ല എന്ന് പറയുന്നു. അത്‌കൊണ്ട് ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന മാര്‍ഗ തത്ത്വങ്ങളനുസരിച്ച് മാത്രം ഈ നാട്ടില്‍ (പാകിസ്താനില്‍) ഭരണകൂടം സ്ഥാപിക്കുക എന്നവര്‍ അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ ഉദ്ദേശ്യം ഖുര്‍ആനിലുള്ളത് മാത്രമാണ് ശരീഅത്തെന്നും ബാക്കിയുള്ളതൊന്നും ശരീഅത്താകുന്നില്ല എന്നുമാണ്. ഈ നിലപാട് വ്യക്തമായ കുഫ്‌റാണ് . ഈ കുഫ്‌റ് ഖാദിയാനികളുടേത് പോലെയാണ്. അല്ല, അതിനേക്കാള്‍ ഗുരുതരമാണ്.“

മൗലാനയുടെ ഈ വിധി പ്രസ്താവം വ്യക്തമായും അഹ്മദികള്‍ക്കും അഹ്‌ലെ ഖുര്‍ആനികള്‍ക്കും എതിരെയുള്ളതാണ്. ഈ രണ്ട് മതനിന്ദയേയും തുടര്‍ന്നുള്ള മതപരിത്യാഗവും ഈ രണ്ടു ഗ്രൂപ്പുകളില്‍ മാത്രം പരിമിതമാണോ എന്ന് കൂടുതല്‍ അടുത്ത് നിന്ന് നോക്കേണ്ടതുണ്ട്. മൗദൂദിയെ സംബന്ധിച്ചിടത്തോളം മൗദൂദിസം ഒഴിച്ചുള്ളതെല്ലാം മതവിരുദ്ധമാണ്. അതനാസിയന്‍ (Athanasian പാശ്ചാത്യ റോമന്‍ ക്രൈസ്തവ വിശ്വാസത്തിന് ഔദ്യേഗിക ഭാഷ്യം നല്‍കിയ പുരോഹിതനാണ് അതനാസ്. വിവ:) പ്രമാണം പോലെ മൗദൂദിയന്‍ അദ്ധ്യാപനങ്ങളില്‍ നിന്നുള്ള വ്യതിചലനമെല്ലാം കുഫ്‌റ് ആണ്.

മൗലാനാ പറയുന്നു: “മുസ്‌ലിം സമുദായം എന്ന് പറയുന്ന ഈ വന്‍സമൂഹത്തിന്റെ സ്ഥിതിയാണെങ്കില്‍ അതില്‍ ആയിരത്തില്‍ 999 പേരും ഇസ്‌ലാമിനെക്കുറിച്ച് ജ്ഞാനമുള്ളവരോ സത്യവും അസത്യവും വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നവരോ അല്ല. പിതാവില്‍നിന്ന് പുത്രനും പുത്രനില്‍ നിന്ന് പൗത്രനും മുസല്‍മാന്‍ എന്ന പേര് ലഭിച്ചത് കൊണ്ട് മാത്രമാണ് മുസല്‍മാന്‍ ആയത്. അവര്‍ സത്യത്തെ സത്യമെന്ന് കരുതി സ്വീകരിക്കുകയോ അസത്യത്തെ അസത്യമെന്ന് കരുതി തിരസ്‌ക്കരിക്കുകയോ ചെയ്യുന്നവരല്ല. അവരുടെ ഭൂരിപക്ഷാഭിപ്രായക്കാരുടെ കയ്യില്‍ കടിഞ്ഞാണ്‍ കൊടുത്ത് കൊണ്ട് വണ്ടി ഇസ്‌ലാമിന്റെ പാതയില്‍ സഞ്ചരിക്കുകയാണെന്ന് കരുതുകയാണെങ്കില്‍ അത് വെറും വ്യാമോഹമാണ്.“ (മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസി കശ്മകശ് വാല്യം1 പേജ് 16 )

അദ്ദേഹം തുടരുന്നു:

“ജനായത്ത തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പാലില്‍ നിന്ന് വെണ്ണ കടഞ്ഞെടുക്കുന്നത് പോലെയാണ്. വിഷമയമായ പാലാണ് കടയുന്നതെങ്കില്‍ വെണ്ണയും വിഷലിപ്തമായിരിക്കും. ആളുകള്‍ ധരിക്കുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ കയ്യില്‍ നിന്ന് മുസ്‌ലിം പ്രദേശം മോചിപ്പിച്ചാല്‍ അവിടെ സ്വയമേവ ദൈവികഭരണം (ഹുഖൂമത്തെ ഇലാഹി) വരുമെന്നാണ്. വാസ്തവത്തില്‍ ഇതിന്റെ ഫലമായുണ്ടാകുന്നത് മുസ്‌ലിംകളുടെ കുഫ്‌റ് ഭരണ കൂടമായിരിക്കും.“ (മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസി കശ്മകശ് വാല്യം1 പേജ് 132 )

ഈ പുസ്തകത്തിലെ താഴെ ഖണ്ഡികയില്‍ മൗലാനാ കുറെ കൂടി വ്യക്തമായി കാര്യങ്ങള്‍ പറയുന്നു:

“മുസ്‌ലിംകള്‍ എന്ന് പറയുന്ന വരുടെ രാജ്യങ്ങള്‍ എല്ലാതരം അസംബന്ധങ്ങളും കൊണ്ട് പടുത്തുയര്‍ത്തിയതാണ്. അവിശ്വാസികളില്‍ കാണുന്ന എല്ലാ ദുസ്വഭാവങ്ങളും ഇവിടെയും ദൃശ്യമാണ്. നിയമ കോടതികളില്‍ കള്ളം പറയുന്ന മുസ്‌ലിംകളുടെ എണ്ണം ഒട്ടും കുറവല്ല. കളവ്, വ്യഭിചാരം, കൈക്കൂലി, വ്യാജം ചുരുക്കത്തില്‍ അവരുടെ ധാര്‍മികാധപതനം അവിശ്വാസികളേക്കാള്‍ (കുഫ്ഫാര്‍) ഒട്ടും പിന്നിലല്ല.“ (മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസി കശ്മകശ് വാല്യം1 പേജ് 166)

മൗദൂദിയുടെ ശാസനയും ആജ്ഞയും സമഗ്രമാണ്. മൗലാനാ പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരമുള്ള ഈ കുഫ്‌രിയത്തിനടിമപ്പെട്ട് 99.9 ശതമാനം മുസ്‌ലിംകള്‍ സാധാരണക്കാരാണെന്നും മുസ്‌ലിം ഉലമാക്കന്മാരും മതനേതൃത്വവും ഇതില്‍ നിന്ന് ഒഴിവാണെന്നും ചില ആളുകള്‍ ധരിച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ മുസ്‌ലിം നേതൃത്വവും ഉലമാക്കന്മാരും മൗദൂദിസം സ്വീകരിക്കാത്തിടത്തോളം കാലം വന്‍പാപികളാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. “പശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച രാഷ്ട്രീയ നേതാക്കന്മാര്‍, ഉലമാക്കന്മാര്‍ മുസ്‌ലിം നിയമ ശാസ്ത്ര വിശാരദന്മാര്‍ ഈ നേതാക്കന്മാരോരുത്തരും മാര്‍ഗത്തിലും ലക്ഷ്യത്തിലും അത്യന്തം വഴിപിഴച്ചവരാണ്. അവര്‍ക്ക് സത്യത്തിന്റെ പാത നഷ്ടമായിരിക്കുന്നു. അവര്‍ ഇരുളില്‍ അന്ധരായിക്കൊണ്ട് അലയുകയാണ്. അവര്‍ക്കാര്‍ക്കും തന്നെ ഒരു ഇസ്‌ലാമിക വീക്ഷണ കോണില്ല. (മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസി കശ്മകശ് വാല്യം1 പേജ് 95 )

അതായത് മൗലാനയെ സംബന്ധിച്ചിടത്തോളം 99.9 ശതമാനം മുസ്‌ലിം ജനസാമാന്യമോ അവരുടെ മതഭൗതിക നേതൃത്വമോ സത്യപാതയിലല്ല. അവരെല്ലാം വഴിപിഴച്ചിരിക്കുന്നു. അവരുടെ വീക്ഷണകോണ്‍ മുസ്‌ലിമിന്റേതല്ല. കുഫ്ഫാറുകളില്‍ കാണുന്നയത്ര വിവിധതരത്തിലുള്ള കുറ്റവാളികള്‍ മുസ്‌ലിംകളിലും കാണുന്നു. ഒരാള്‍ ഉമ്മത്തിന്റെ മുഴുവന്‍ മതമുപേക്ഷിച്ചവരുടെ അഥവാ മതപരിത്യാഗികളുടെ ഒരു കൂട്ടമാണെന്ന് പറയുകയാണെങ്കില്‍ “അതെ, താങ്കള്‍ സത്യം പറഞ്ഞു” എന്ന് മൗലാന പ്രതിവചിക്കുമായിരുന്നു. മൗലാനാ തന്റെ വാക്കുകള്‍ മയപ്പെടുത്തുന്ന കൂട്ടത്തിലുള്ള ആളല്ല. ജമാഅത്തെ ഇസ്‌ലാമി വിട്ടുപോയവരെപ്പറ്റി പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. “ഈ പാതയില്‍ നിന്ന് പിന്മാറാന്‍ സാദ്ധ്യമല്ല. പിന്മാറുക എന്നതിന്നര്‍ഥം മതം ഉപേക്ഷിക്കുക എന്നാണ്”. (റുയിദാദെ ജമാഅത്തെ ഇസ്‌ലാമി മൗലാനാ മൗദൂദി (ലാഹോര്‍ 1970) ഭാഗം 1 പേജ് 16)

ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് വിട്ടുപോയി മറ്റുവല്ല മുസ്‌ലിം കക്ഷികളിലും ചേരുക എന്നത് മതമുപേക്ഷിക്കലാണ്. മറ്റു സംഘടനകള്‍ സ്വയമേവ കാഫിറുകളാണ്. മഹാത്മാക്കളുടെ കബറിടങ്ങളില്‍ പോയി മുസ്‌ലിംകളും, ആദ്യത്തെ മൂന്ന് ഖലീഫമാരും അപഹര്‍ത്താക്കളെന്ന് കരുതുന്ന ശിയാക്കളും അപ്രകാരം തന്നെ. മൗലാന മൗദൂദിയുടെ അഭിപ്രായത്തില്‍ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്ത് മുഖ്യധാരയില്‍പ്പെട്ട ഇന്ത്യയിലേയും പാകിസ്താനിലേയും ബറേല്‍വികളെന്നറിയപ്പെടുന്ന മുസ്‌ലിംകളുമെല്ലാം കാഫിറാണെന്ന് കരുതുന്നു. ദയൂബന്ദി ഉലമാക്കന്മാരും മൗലാനയുടെ ഈ അഭി പ്രായത്തെ പിന്തുണക്കുന്നുണ്ട്. ഇപ്പോള്‍ ഫലത്തില്‍ മൗദൂദികളല്ലാത്ത എല്ലാവരും മതപരിത്യാഗിയാണെന്നാണ് മൗലാനാ പ്രഖ്യാപിക്കുന്നത്.

ജന്മനാ മുസ്‌ലിംകളായവരുടെ കാര്യത്തിലാണ് ഈ വിഷയം മൗലാനാ വളരെ സൂക്ഷ്മമായി വിശദീകരിക്കുന്നത്. അതാകട്ടെ മൗദൂദിയുടെ ഏറ്റവും വിഷമകരമായ ഒരു വാദഖണ്ഡമാണുതാനും. അദ്ദേഹത്തിന്റെ സ്വന്തം ഇസ്‌ലാമിനെ പറ്റി ചര്‍ച്ച ചെയ്തു കൊണ്ട് മൗലാന മൗദൂദി പറയുകയാണ്. “ഞാന്‍ പാരമ്പര്യ ഇസ്‌ലാമിനെ ഗളഹസ്തം ചെയ്തിരിക്കുന്നു. ഞങ്ങള്‍ ഖുര്‍ആന്‍ വായിച്ചു. മുഹമ്മദ് നബി (സ)യുടെ ജീവിതം വായിച്ചു. ഞാന്‍ ഇപ്പോള്‍ ഒരു നവമുസ്‌ലിമാണ്.” ഇതേ അടിസ്ഥാനത്തില്‍ അദ്ദേഹം മറ്റു മുസ്‌ലിംകളെ പുനപരിവര്‍ത്തനം ചെയ്യാന്‍ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചു. അദ്ദേഹം താഴെ എഴുതിയ വാചകങ്ങളില്‍ തന്റെ പദ്ധതി അനാവരണം ചെയ്യുന്നു:

“ഏതൊരു നാട്ടിലാണോ ഇസ്‌ലാമിക വിപ്ലവം ഉണ്ടാവുന്നത് അവിടെയുള്ള മുസ്‌ലിം ജനതക്ക് ഒരു നോട്ടീസ് നല്‍കപ്പെടും. അതായത് ആരാണോ ഇസ്‌ലാമില്‍ നിന്ന് വിശ്വാസപരവും കര്‍മപരവുമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാഗ്രഹിക്കുന്നവര്‍ എന്നാരാഞ്ഞുകൊണ്ടുള്ളതാണ് ആ നോട്ടീസ്. ഈ വിളംബരത്തിന് ശേഷം ഒരു വര്‍ഷത്തിനകം അമുസ്‌ലിമാവാന്‍ ആഗ്രഹിക്കുന്നവര്‍ അമുസ്‌ലിംകളാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് മുസ്‌ലിം സൊസൈറ്റിയില്‍ നിന്ന് പുറത്ത് പോവേണ്ടതാണ്. ഈ കാലപരിധിക്ക് ശേഷം ജന്മനാ മുസ്‌ലിംകളെല്ലാം മുസ്‌ലിംകളായി കണക്കാക്കപ്പെടും. ഇസ്‌ലാമിന്റെ എല്ലാ നിയമങ്ങളും അവരില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതാണ്. കുഫ്‌റിന്റെ മടിത്തട്ടില്‍ വീഴാന്‍ പോവുന്ന ധാരാളം സ്ത്രീപുരുഷന്മാരെ ഈ വിധം രക്ഷപ്പെടുത്താന്‍ ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ സാധിക്കാത്തവര്‍ നമ്മുടെ സൊസൈറ്റിയില്‍ നിന്ന് വിചേ്ഛദിക്കപ്പെടും (വധിക്കപ്പെടും). ഈ ശുദ്ധീകരണത്തിന് ശേഷം സ്വമനസ്സാലെ മുസ്‌ലിമായി കഴിയാന്‍ ആഗ്രഹിക്കുന്നവരെക്കൊണ്ട് പുതിയ ഒരു ഇസ്‌ലാമിക സൊസൈറ്റിക്ക് ആരംഭം കുറിക്കാവുന്നതാണ്.” (മുര്‍ത്തദ് കീ സസാ ഇസ്‌ലാമീ ഖാനൂന്‍ മെ ( 1950) പേ. 80)

മതപരിത്യാഗി വധിക്കപ്പെടണമെന്ന മൗലാനയുടെ ഈ നിയമം അയവുള്ളതാക്കി തീര്‍ക്കുന്നത് ഏത് ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണെന്ന് മൗലാന നമ്മോട് പറയുന്നില്ല. എപ്പോഴെങ്കിലുമൊരിക്കല്‍ ഇസ്‌ലാമിക രാഷ്ട്രം നിലവില്‍ വരുന്ന സമയത്ത് മാത്രമാണ് ഈ സൗജന്യമനുവദിച്ചിട്ടുള്ളത്. ദയാപൂര്‍വം അനുവദിക്കുന്ന ഈ കാലയളവിന് (ഒരു വര്‍ഷം) ശേഷം ജന്മനാ കാഫിറുകളായ മുസ്‌ലിംകള്‍ ഉന്മൂലനം ചെയ്യപ്പെടും. ഈ നിര്‍ഭാഗ്യവാന്മാര്‍ക്ക് യാതൊരു വിധ ഇളവും അനുവദിക്കാതിരിക്കാനുള്ള കാരണം മൗലാന വിശദീകരിക്കുന്നു. അദ്ദേഹം പറയുന്നു:

“മതപരിത്യാഗിയെ വധിക്കുന്നതിനെ കുറിച്ച് പലരുടേയും മസ്തിഷ്‌ക്കത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന അവസാനത്തെ ഒരു പ്രശ്‌നമുണ്ട്. അമുസ്‌ലിം ആയിരിക്കുന്ന ആള്‍ ഇസ്‌ലാം മതം ആശ്ലേഷിക്കുന്നു. പിന്നീട് വീണ്ടുമയാള്‍ കുഫിറിലേക്ക് തിരിച്ചുപോവുന്നു. അത് അയാള്‍ മനപ്പൂര്‍വം ചെയ്ത തെറ്റാണെന്ന് പറയാം. അയാള്‍ക്ക് ഒരു ദിമ്മിയായി ജീവിക്കാമായിരുന്നു. അതായത് ഒരു കൂട്ടുത്തരവാദിത്തമുള്ളതും പുറത്തു കടക്കാനുള്ള കവാടം അടഞ്ഞതുമായ ഒരു മതത്തിലേക്ക് എന്തിന് അയാള്‍ കടന്നുവന്നു? എന്നാല്‍, മുസ്‌ലിം മാതാപിതാക്കള്‍ക്ക് ജനിക്കുകയും ഇസ്‌ലാം മതം വിശ്വസിക്കുകയും ചെയ്യാത്ത ഒരാളെ പറ്റിയുള്ള വിധി എന്തായിരിക്കും. അയാള്‍ ജന്മം കൊണ്ട് മുസ്‌ലിമാണ്. പ്രായപൂര്‍ത്തിയായപ്പോഴാണ് ഇസ്‌ലാം മതവിശ്വാസം ത്യജിക്കുന്നത്. നിങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അയാള്‍ ഇസ്‌ലാമില്‍ തന്നെ തുടരുകയും ചെയ്യുന്നത് തികച്ചും അനീതിയായിരുക്കും. ഇത് മുസ്‌ലിം സൊസൈറ്റിയില്‍ ജന്മനാ കപടവിശ്വാസികളായി തീരുന്നവരുടെ സംഖ്യവര്‍ധിപ്പിക്കാന്‍ സഹായകരമാവും. ഈയൊരു പ്രശ്‌നത്തിന് പ്രായോഗികവും താത്ത്വികവുമായ രണ്ടു തരത്തിലുള്ള പരിഹാരമുണ്ട്. മറ്റൊരു മതത്തില്‍ നിന്ന് മാറി വന്ന് ഒരു മതത്തിലെ വിശ്വാസം സ്വീകരിച്ച ഒരാളും, ആ മതത്തില്‍ തന്നെ ജനിച്ചു വളര്‍ന്ന ഒരാളും തമ്മില്‍ താത്ത്വികമായി യാതൊരു വ്യത്യാസവുമില്ല. ഒരു മതവും അങ്ങനെ വ്യത്യാസം കാണിക്കുന്നില്ല. മതം മാറിവന്ന പരിവര്‍ത്തിതര്‍ക്കും ജന്മനാ വിശ്വാസികള്‍ക്കും ഒരേ വിധത്തിലുള്ള കല്‍പ്പനകള്‍ (വിധിവിലക്കുകള്‍) ആണുള്ളത്. ഒരു മതത്തിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഒരാളുടെ പൗരത്വം, കുട്ടികളെ പ്രായപൂര്‍ത്തിയെത്തുന്നത്‌ വരെ കാഫിറുകളോ പരദേശികളോ ആയി കണക്കാക്കുകയും പിന്നീട് അവര്‍ പ്രായപുര്‍ത്തിയെത്തിയാല്‍ അയാള്‍ ജനിച്ചമതം സ്വകരിക്കുകയോ ത്യജിക്കുകയോ ചെയ്യുക എന്നത് അസാധ്യവും യുക്തിപരമായി അസംബന്ധവുമാണ്. ലോകത്ത് കൂട്ടുത്തരവാദിത്വമുള്ള ഒരു സമൂഹത്തിനും അതിന്റെ കാര്യങ്ങള്‍ ഈ വിധത്തില്‍ നടത്തിക്കൊണ്ടു പോകാന്‍ സാധ്യമല്ല.” (മുര്‍ത്തദ് കീ സസാ ഇസ്‌ലാമീ ഖാനൂന്‍ മെ മൗലാനാ മൗദൂദി (ലാഹോര്‍ 1970) ഭാഗം 1 പേജ് 123)

ഇസ്‌ലാം മതപരിത്യാഗത്തിന് വധ ശിക്ഷ വിധിക്കുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമി ഒഴിച്ച് ബാക്കി മുഴുവന്‍ മുസ്‌ലിംകളും കാഫിറുകളാണെന്നുമുള്ള മൗദൂദിയന്‍ നിയമം നാം അംഗീകരിച്ചാല്‍ തന്നെ മൗദൂദികളല്ലാത്ത മുസ്‌ലിംകളെയെല്ലാം മത പരിത്യാഗികളായി മൗദൂദിയന്‍ യുക്തി ശാസ്ത്രമുപയോഗിച്ച് പോലും നമുക്ക് കണക്കാക്കാന്‍ സാധ്യമല്ല. കാരണം അവരെല്ലാം ജന്മനാ കാഫിറാണല്ലോ, മൗലാനാ താന്‍ ചുട്ട അപ്പം താന്‍ തന്നെ വിഴുങ്ങുന്നതിലേക്ക് വരുന്നു. ഈ മൗദൂദിയന്‍ സങ്കല്‍പ്പപ്രകാരമുള്ള ഇസ്‌ലാമുമായി വിയോജിക്കുന്ന മുസ്‌ലിംകളെ ആദ്യമായി ജന്മനാ മുസ്‌ലിംകളെന്നും ജന്മനാ കാഫിറുകളെന്നും രണ്ടു വിധത്തില്‍ വിവരിച്ചിരിക്കുന്നു. കാരണം അവര്‍ (ജന്മനാ കാഫിര്‍) തങ്ങളുടെ മാതാപിതാക്കന്മാരാല്‍ കുഫിരിയത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ത്തപ്പെട്ടവരാണ്. അവരെ മതപരിത്യാഗികളാണെന്ന് വിളിക്കുന്നതിന് കാരണം അവര്‍ പ്രായപൂര്‍ത്തിയെത്തിയ സന്ദര്‍ഭത്തില്‍ മൗദൂദിയന്‍ സങ്കല്‍പ്പപ്രകാരമുള്ള ഇസ്‌ലാം സ്വീകരിക്കുന്നതിന് പകരം മാതാപിതാക്കന്മാരുടെ കുഫ്‌രിയത്തിനെ നിഷേധിക്കാതെ തുടരുകയാണ് ചെയ്തത് എന്നതാണ്.

ഒരു അമുസ്‌ലിം ഇസ്‌ലാം മതം സ്വീകരിക്കുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്താല്‍ അയാള്‍ വധിക്കപ്പെടേണ്ടതാണ്. കാരണം ഇസ്‌ലാമിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടാന്‍ സാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ടാണ് അയാള്‍ ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നത്. അത്‌പോലെ ജന്മനാ മൗദൂദി മുസ്‌ലിമല്ലാത്ത ഒരാളെയും മതപരിത്യാഗിയായി കണക്കാക്കാം. അയാള്‍ പ്രായപൂര്‍ത്തിയായതിന് ശേഷം ഇസ്‌ലാമിന്റെ മൗദൂദിയന്‍ സങ്കല്‍പ്പങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് കാരണം. ഈ വാദഗതികള്‍ വ്യക്തമായും മൗലാനായുടെ ഏകാധിപത്യപരവും കൃത്രിമവും അസഹിഷ്ണുതയും നിറഞ്ഞ വ്യക്തിത്വമാണ് കാണിക്കുന്നത്. ജന്മനാ മുസ്‌ലിമാകട്ടെ മതം സ്വീകരിച്ച മുസ്‌ലിമാകട്ടെ ഒരു മുസ്‌ലിമും മൗലാനായുടെ പരിധിക്കപ്പുറമില്ല. അതായത് മതത്തില്‍ യാതൊരു ബലാല്‍ക്കരവുമില്ല എന്ന ഖുര്‍ആന്‍ വചനം താഴെ എഴുതിയരീതിലായിരിക്കണം മൗലാന മൗദൂദി വിവരിച്ചിരിക്കുക.

ലാ ഇക്‌റാഹ ഫിദ്ദീന്‍ (മതത്തില്‍ ബലാല്‍ക്കാരമില്ല) എന്ന വചനത്തിന്റെ അര്‍ഥം തങ്ങളുടെ മതം സ്വീകരിക്കാന്‍ ആരെയും ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല എന്നാണ്. ഞങ്ങളു നിലപാടിതാണ്. എന്നാല്‍ വന്നിട്ട് തിരിച്ചു പോകാനാണ് ഭാവമെങ്കില്‍ ഈ വാതില്‍ സ്വതന്ത്ര മായ ഗതാഗതത്തിന് വേണ്ടി തുറന്നിടപ്പെട്ടിട്ടുള്ളതല്ല എന്ന് ആദ്യം തന്നെയങ്ങ് മുന്നറിയിപ്പ് നല്‍കുകയാണ്. അത്‌കൊണ്ട് ഈ മതത്തിലേക്ക് വന്നുവെങ്കില്‍ തിരിച്ചുപോകാന്‍ പാടുള്ളതല്ല. അല്ലെങ്കില്‍ നിങ്ങള്‍ വരാതിരിക്കുന്നതാണ് നല്ലത്.