കാരുണ്യത്തിന്റെ പ്രവാചകൻ: വിശ്വസാഹിത്യകാരന്മാരുടെ ദൃഷ്ടിയിൽ

ഹദ്റത്ത് ഖലീഫത്തുൽ മസീഹ് അഞ്ചാമൻ മിർസാ മസ്രൂർ അഹ്മദ് സാഹിബ് (അയ്യദഹു:) തിരുമനസ്സ്, 05-10-2012 വെള്ളിയാഴ്ച ബൈത്തുൽ ഫുത്തൂഹ് ലണ്ടനിൽ വെച്ച് നിർവ്വഹിച്ച ജുമുഅ ഖുത്ബയിൽ നിന്നും

സത്യദൂതൻ നവമ്പർ 2012

ഇന്ന് ഇസ്‌ലാമിന്റെ എതിരാളികള്‍ തിരുദൂതര്‍(സ)ക്കും അദ്ദേഹം കൊണ്ടുവന്ന അധ്യാപനങ്ങള്‍ക്കും എതിരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇവർ നീതിബോധമില്ലാത്തവരോ ആ മഹാത്മാവിന്റെ ജീവിതത്തിന്റെ മനോഹരവശങ്ങള്‍ അറിയാത്തവരോ ആണ്. അവര്‍ അതിനുവേണ്ടി ശ്രമിക്കുന്നുമില്ല. ലോകത്തിന് ആ മഹാത്മാവിന്റെ ജീവിതത്തെക്കുറിച്ച് ബോധ്യം നല്‍കേണ്ടതും നമ്മുടെ ജോലിയാണ്. ഇതിനുവേണ്ടി എല്ലാവിധത്തിലുള്ള മാര്‍ഗങ്ങളും നാം അവലംബിക്കേണ്ടതാണ്.

ഇതിനെക്കുറിച്ച് മുമ്പും ഞാന്‍ പലപ്രാവശ്യവും പറഞ്ഞിട്ടുള്ളതാണ്. ലൗകികതയില്‍ മുഴുകിയ കാരണത്താലോ നൈസര്‍ഗികമായ കാരണത്താലോ ചിലരില്‍ ഭൗതിക വാദികളുടെ വാക്കുകളാണ് കൂടുതല്‍ സ്വാധീനം ചെലുത്താറുള്ളത്. ഭൗതിക വാദികള്‍ ഏതെങ്കിലും കാര്യം പറയുമ്പോള്‍ അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നു.

റസൂല്‍ തിരുമേനി(സ)യെക്കുറിച്ച് ഒരു മുസ്‌ലിം പറയുന്നതിനേക്കാള്‍ കൂടുതല്‍ അവരുടെ സ്വന്തം ആളുകളുടെ വാക്കുകളാണ് അവരെ സ്വാധീനിക്കുന്നത്. അതുകൊണ്ട് അവരുടെ തന്നെ പ്രശസ്തരായ ആളുകള്‍, ഗ്രന്ഥകാരന്മാര്‍, പണ്ഡിതന്മാര്‍, എഴുത്തുകാര്‍ എന്നിവര്‍ റസൂല്‍ തിരുമേനി(സ)യെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങള്‍ അത്തരം ആളുകളിലേക്ക് എത്തിക്കേണ്ടതാണ്. ഇപ്പോള്‍ ഞാന്‍ അത്തരം ചില ആളുകളുടെ ഉദ്ധരണികള്‍ അവതരിപ്പിക്കുന്നതായിരിക്കും. അവര്‍ റസൂല്‍ തിരുമേനി(സ)യുടെ ജീവിതത്താല്‍ സ്വാധീനിക്കപ്പെട്ടും ആ മഹാത്മാവിന്റെ വ്യക്തിത്വത്താല്‍ ആകൃഷ്ടരായും കൊണ്ട് അദ്ദേഹത്തെക്കുറിച്ച് എഴുതിയതാണ് ഇവ. അവരില്‍ ചിലര്‍ എതിരാളികളായിരുന്നു. എന്നല്ല, എതിര്‍പ്പില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരുമായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം എഴുതാന്‍ അവര്‍ നിര്‍ബന്ധിതരാവുകയുണ്ടായി.

മറ്റൊരു എഴുത്തുകാരനായ സ്റ്റാന്‍ലിലേന്‍പൂള്‍ എഴുതുന്നു.

“ഹ: മുഹമ്മദ്(സ) തന്റെ സ്വദേശമായ മക്കയില്‍ വിജയശ്രീലാളിതനായി പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്റെ കഠിന ശത്രുക്കളും രക്തദാഹികളുമായിരുന്ന മക്കക്കാര്‍ക്ക് പൊതുമാപ്പ് നല്‍കുകയുണ്ടായി. ഇത് മനുഷ്യചരിത്രത്തില്‍ ഉദാഹരിക്കാന്‍ പറ്റാത്ത പരിശുദ്ധവും വിജയകരവുമായ പ്രവേശനമായിരുന്നു”.

‘ഔട്ട്‌ലൈന്‍ ഓഫ് ഹിസ്റ്ററിയു’ടെഗ്രന്ഥകര്‍ത്താവായ എച്ച്. ജി. വെല്‍സ് എഴുതുന്നു. “ഇസ്‌ലാമിന്റെ പ്രവാചകന്റെ സത്യസാക്ഷ്യത്തിനുള്ള ഏറ്റവും വലിയ തെളിവ്, ആ മഹാത്മാവിനെ നന്നായി അറിയുന്നവര്‍ തന്നെയാണ് അദ്ദേഹത്തെ ആദ്യമായി വിശ്വസിച്ചത് എന്നതാണ്. ഹ:മുഹമ്മദ് (സ) ഒരു കള്ളവാദിയല്ലെന്നത് തീര്‍ച്ചയാണ്. ഇസ്‌ലാമില്‍ വലിയ സവിശേഷതകളും മഹനീയങ്ങളായ പ്രത്യേകതകളും ഉണ്ടെന്നത് നിഷേധിക്കാനാവില്ല. അക്രമവും രക്തചൊരിച്ചിലും ഇല്ലാത്ത ഒരു സൊസൈറ്റിക്കാണ് ഇസ്‌ലാമിന്റെ പ്രവാചകന്‍ അടിത്തറ പാകിയത്”.

‘ഇസ്‌ലാം അറ്റ് ദി ക്രോസ് റോഡ്’എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരൻ എഴുതുന്നു. “അക്രമണോത്സുകരായ മുസ്‌ലീങ്ങളുടെ വിജയവും, തങ്ങളുടെ അധീനതയിലുള്ള ജനതയെ വാള്‍മുനയാല്‍ ഇസ്‌ലാമില്‍ പ്രവേശിപ്പിച്ചതും ചരിത്രകാരന്മാരുടെ നിരര്‍ഥകവും വിചിത്രവുമായ കെട്ടുകഥകളാണെന്ന് ആര്‍ക്കും മനസിലാക്കാനാകുന്നതാണ്. ചരിത്രത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്”.

മഹാത്മാഗാന്ധി ‘യംഗ് ഇന്ത്യ’ എന്ന പത്രികയില്‍ എഴുതുന്നു: “ലക്ഷക്കണക്കിന് ആളുകളെ എതിരഭിപ്രായമില്ലാതെ ഭരിച്ച ആ വ്യക്തിയെക്കുറിച്ച് എല്ലാം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം പഠിച്ചതിനു ശേഷം, ഇസ്‌ലാം വാളാലല്ല ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചതെന്നും പ്രത്യുത ഈ പ്രവാചകന്റെ വിനയവും സ്വപ്രവര്‍ത്തികളിലുള്ള നിമഗ്നതയും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സൂക്ഷ്മത കാട്ടലും സുഹൃത്തുക്കളോടും അനുചരവൃന്ദത്തോടും കൂറു കാണിക്കലും നിര്‍ഭയത്വവും ദൈവാസ്തിക്യത്തിലും തന്റെ ദൗത്യത്തിലും പരിപൂര്‍ണ വിശ്വാസമര്‍പ്പിക്കലും കൊണ്ടൊക്കെയായിരുന്നു എന്ന് എനിക്ക് മനസിലാകുകയുണ്ടായി. അദ്ദേഹത്തിന് എല്ലാ വിഷമതകളും തരണം ചെയ്യാനും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുവാനും കഴിഞ്ഞത് ഇതു കാരണമായിരുന്നു. ഞാന്‍ ഈ പ്രവാചകന്റെ ജീവിതത്തെക്കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥത്തിന്റെ രണ്ടാം വാല്യവും വായിച്ച് തീര്‍ന്നപ്പോള്‍ അത് അവസാനിച്ചതില്‍ കുണ്ഠിതനാകുകയുണ്ടായി”. (അദ്ദേഹംവായിച്ച ഒരു നബിചരിത്ര ഗ്രന്ഥത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.)

ഇനി ലഫ്: ജനറല്‍ ആയിരുന്ന സർ ജോണ്‍ ഗ്ലബ് തന്റെ പുസ്തകത്തില്‍ എഴുതുന്നു: “അനുവാചകര്‍ ഈ പുസ്തകത്തിന്റെ അവസാനത്തില്‍ എന്ത് അഭിപ്രായത്തില്‍ എത്തിചേര്‍ന്നാലും ശരി മുഹമ്മദ് (സ)യുടെ ആത്മീയാനുഭവങ്ങള്‍ ബൈബിളിലെ പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും കഥകളുമായും ക്രിസ്തീയ മഹത്തുക്കളുടെ ആത്മീയാനുഭവങ്ങളുമായും അദ്ഭുതകരമായ വിധത്തില്‍ സാദൃശ്യം വെച്ചു പുലര്‍ത്തുന്നുണ്ട് എന്നകാര്യം നിഷേധിക്കാന്‍ സാധ്യമല്ല. അതുപോലെ തന്നെ ഹിന്ദുക്കളുടെയും മറ്റു മതവിശ്വസികളുടെയും ആചാര്യന്മാരുടെ അനേകങ്ങളായ സ്വപ്നങ്ങളും ജാഗ്രതാദര്‍ശനങ്ങളുമായും ഇവ സദൃശ്യമാകാന്‍ ഇടയുണ്ട്. പവിത്രപൂര്‍ണമായ ഒരു ജീവിതത്തിന്റെ തുടക്കമായിരിക്കാം ഇത്തരം അനുഭവങ്ങള്‍. ഇത്തരം സംഭവങ്ങൾ വെറും സാങ്കല്‍പികങ്ങളായി പറഞ്ഞു തള്ളുന്നത് ഉചിതമല്ല. കാരണം അത്തരം സംഭവങ്ങളില്‍ ഒരുപാട് ആളുകള്‍ പങ്കാളികളാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വ്യത്യാസവും ആയിരക്കണക്കിന് മൈലുകള്‍ ദൂരത്തിലുള്ളതുമായ പരസ്പരം കേള്‍ക്കാന്‍ പോലും സാധിക്കാത്ത ഇത്തരം ആളുകളുടെ സംഭവങ്ങളില്‍ സാദൃശ്യം കാണാവുന്നതാണ്. അവരെല്ലാവരും ഒരു പോലുള്ള സ്വപ്നദര്‍ശനങ്ങള്‍ കെട്ടിച്ചമച്ചതാണ് എന്ന അഭിപ്രായം ബുദ്ധിക്ക് യോജിക്കുന്നതല്ല. ഇവര്‍ അന്യോന്യം അപരിചിതരായിരിക്കെ ഇങ്ങനെ സംഭവിക്കാവുന്നതല്ല”.

പിന്നീട് ഹബീശിയിലക്ക് പാലായനം ചെയ്തവരെക്കുറിച്ച് എഴുതുന്നു: “ഈ പട്ടികയില്‍ നിന്ന് മനസ്സിലാകുന്നത് അതുവരെ ഇസ്‌ലാം സ്വീകരിച്ച ഏകദേശം എല്ലാവരും തന്നെ പാലായനം ചെയ്തിരുന്നു എന്നാണ്. മക്കയിലെ ക്രൂരരും അക്രമികളുമായ നാട്ടുകാരുടെ ഇടയില്‍ വളരെക്കുറച്ച് അനുയായികളോടൊപ്പമാണ് റസൂല്‍ തിരുമേനി(സ) അന്ന് താമസിച്ചിരുന്നത്. ഈ സംഭവം വിളിച്ചോതുന്നത് ആ മഹാത്മാവ് ധീരതയുടെയും വിശ്വാസ ദൃഢതയുടെയും ഉന്നത നിലവാരം വെച്ചു പുലര്‍ത്തിയിരുന്നുവെന്നാണ്.

ജോണ്‍ വില്യം ഡ്രാപ്പര്‍ ‘ഹിസ്റ്ററിഓഫ് ഇന്റലക്ച്വല്‍ ഡവലപ്‌മെന്റ് ഓഫ് യൂറോപ്പ്’ എന്ന തന്റെ ഗ്രന്ഥത്തില്‍ എഴുതുന്നു: “ജസ്റ്റീനിയന്റെ മരണത്തിന് നാലു വര്‍ഷങ്ങള്‍ക്കു ശേഷം ക്രിസ്താബ്ദം 569 ല്‍ മക്കയില്‍ ഒരു വ്യക്തി ജന്മം കൊണ്ടു. മറ്റു പ്രഗല്ഭ വ്യക്തിത്വങ്ങളെക്കാളും കൂടുതല്‍ മനുഷ്യസമൂഹത്തെ സ്വാധീനിച്ച ആളായിരുന്നു അത്. ആ വ്യക്തി മുഹമ്മദ് (സ) ആണ്. അദ്ദേഹത്തെ ചില യൂറോപ്യര്‍ കള്ളവാദി എന്നു പറയുന്നു. എന്നാല്‍ ഒരുപാട് സമുദായങ്ങളുടെ ഭാഗ്യം പുലര്‍ന്നത് അദ്ദേഹത്തിന്റെ മികവുകൊണ്ടായിരുന്നു. അദ്ദേഹം ഒരു പ്രചാരകനായ പടയാളിയും പ്രസംഗവേദിയില്‍ തികവുറ്റ ധൈഷണികനും യുദ്ധക്കളത്തില്‍ ശത്രുകളുടെ അടുത്തേക്ക് ഓടിവരുന്നവനുമായിരുന്നു. അദ്ദേഹത്തിന്റെ മതത്തിന്റെ പൊരുള്‍ ദൈവം ഏകനാണ് എന്നതായിരുന്നു. ഈ സത്യം വിവരിക്കുന്നതിനായി അദ്ദേഹം ആശയപരമായ സംവാദത്തിന് മുതിര്‍ന്നില്ല. മറിച്ച് തന്റെ അനുയായികളെ വൃത്തി, നമസ്‌കാരം, വ്രതാനുഷ്ഠാനം എന്നീ കാര്യങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചുകൊണ്ട് അവരുടെ സാമൂഹിക ജീവിതത്തിന്റെ അവസ്ഥ പ്രവര്‍ത്തന തലത്തില്‍ ഉന്നതമാക്കി. ഈ വ്യക്തി ദാനധര്‍മത്തിന് മറ്റെല്ലാ പ്രവര്‍ത്തനത്തെക്കാളും പ്രധാന്യം നല്‍കി”.

പ്രസിദ്ധ ഓറിയന്റലിസ്റ്റ് വില്യം മോണ്ട് ഗോമറി ‘മുഹമ്മദ് അറ്റ് മദീന’ എന്ന തന്റെ ഗ്രന്ഥത്തില്‍ എഴുതുന്നു. “മുഹമ്മദ്(സ)യിലും ഇസ്‌ലാമിന്റെ ആദ്യകാല ചരിത്രത്തിലും എത്രത്തോളം വിചിന്തനം ചെയ്യുന്നുവോ അത്രത്തോളം അദ്ദേഹത്തിന്റെ വിജയത്തിന്റെ വിശാലത കണ്ട് ഒരു മനുഷ്യന്‍ അദ്ഭുതപരതന്ത്രനായിപ്പോകുന്നതാണ്. ആ കാലഘട്ടത്തിലെ അവസ്ഥ വളരെക്കുറച്ച്‌ പേര്‍ക്കുമാത്രം ലഭിക്കുന്ന ഒരു അവസരമാണ് അദ്ദേഹത്തിന് ഒരുക്കിക്കൊടുത്തത്. അദ്ദേഹം അക്കാലത്തെ സമുചിതനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന് ദീര്‍ഘവീക്ഷണവും ഭരണ പാടവവും ദൈവത്തില്‍ ഭരമേല്‍പിക്കലും താന്‍ അല്ലാഹുവിനാല്‍ നിയോഗിതാണെന്ന ദൃഢവിശ്വാസവും ഇല്ലായിരുന്നൂവെങ്കില്‍ മാനവ ചരിത്രത്തില്‍ ഒരു സുപ്രധാന ഏട് രചിക്കപ്പെടുമായിരുന്നില്ല. ആ മഹാത്മാവിന്റെ ജീവിതത്തെ മനസിലാക്കുവാനും വിലമതിക്കുവാനും ഈ പുസ്തകം സഹായകമാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.”

നബി തിരുമേനി(സ)യെക്കുറിച്ച് നല്ല ധാരണ വെച്ചു പുലര്‍ത്താത്ത ഒരാളുടെ സാക്ഷ്യമാണിത്.

വിഖ്യാതനായ ക്രിസ്തീയ ചരിത്രകാരനായ റവറണ്ട് ബോസ്‌വര്‍ത്ത് സ്മിത്ത് എഴുതുന്നു: “മതത്തിന്റെയും ഭരണകൂടത്തിന്റെയും മാര്‍ഗദര്‍ശകന്‍, ഗവര്‍ണര്‍ എന്ന നിലയില്‍ പോപ്പ്, കൈസര്‍ എന്നീ രണ്ട് വ്യക്തിത്വങ്ങളുടെ സമ്മേളിത രൂപം; ഇതായിരുന്നു ഹദ്‌റത്ത് മുഹമ്മദ് (സ). അദ്ദേഹം പോപ്പായിരുന്നു. എന്നാല്‍ പോപ്പിന്റെ പ്രകടനാത്മകതയില്‍ നിന്ന് മുക്തന്‍. അദ്ദേഹം കൈസറായിരുന്നു, എന്നാല്‍ കൈസറിന്റെ ഭൗതീക പ്രൗഢിയില്‍ നിന്നും നിരാശ്രയന്‍. വ്യവസ്ഥാപിത പട്ടാളമില്ലാതെ, രാജകൊട്ടാരമില്ലാതെ, കരം പിരിക്കാതെ അല്ലാവുവിന്റെ നാമത്തില്‍ മാത്രം ലോകത്ത് ശാന്തിസ്ഥാപിച്ചുവെന്ന് ആര്‍ക്കെങ്കിലും അവകാശവാദം ഉന്നയിക്കുവാന്‍ സാധിക്കുമെങ്കില്‍ അത് കേവലം ഹ: മുഹമ്മദ്(സ)ക്ക് മാത്രമാണ്. സാധനസാമഗ്രികള്‍ ഇല്ലാതെതന്നെ സര്‍വശക്തിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു”.

ഇദ്ദേഹം തന്റെ മറ്റൊരു ഗ്രന്ഥമായ ‘മുഹമ്മദ് ആന്റ് മുഹമ്മദനിസം’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. “അദ്ദേഹത്തിന്റെ പ്രവാചകത്തത്തിലും ദൗത്യവും സ്വീകരിച്ചവരില്‍ ആ മഹാത്മാവിനെ നല്ലപോലെ അറിയുന്നവരായിരുന്നു. ഉദാഹരണമായി അദ്ദേഹത്തിന്റെ ഭാര്യ, അദ്ദേഹത്തിന്റെ അടിമ, അദ്ദേഹത്തിന്റെ പിതൃസഹോദരപുത്രന്‍, അദ്ദേഹത്തിന്റെ പഴയ സുഹൃത്ത് എന്നിവര്‍. ഇസ്‌ലാമില്‍ പ്രവേശിച്ചവരില്‍ ഈ ഒരു വ്യക്തിമാത്രമാണ് ഒരിക്കലും തന്നെ പുറം തിരിഞ്ഞ്നില്കുകയോ വിഷമം പ്രകടിപ്പിക്കുകയോ ചെയ്യാതിരുന്നതെന്ന് ഈ സുഹൃത്തിനെക്കുറിച്ച് ആ മഹാത്മാവ് ഒരിടത്ത് പരാമര്‍ശിക്കുന്നുണ്ട്. മറ്റു പ്രവാചകന്‍മാരെ പോലെയായിരുന്നില്ല മുഹമ്മദ്(സ).കാരണം അദ്ദേഹത്തിന്റെ മഹത്വത്തെ നിഷേധിച്ചവര്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് ശരിയായ ധാരണ ഇല്ലാത്തവര്‍ മാത്രമായിരുന്നു.”

അദ്ദേഹം തുടര്‍ന്ന് എഴുതുന്നു: “ഹ:മുഹമ്മദ് (സ) വിലക്കിയ ആചാരാനുഷ്ഠാനങ്ങള്‍ വാക്കാലായിരുന്നില്ല നിരോധിക്കപ്പെട്ടത്, മറിച്ച് സമൂഹത്തില്‍ നിന്നും അവ പൂര്‍ണമായും വിപാടനം ചെയ്യപ്പെട്ടു. ഉദാഹരണമായി നരബലി, പിഞ്ചു ബാലികമാരുടെ വധം, രക്തരൂക്ഷിത കലഹങ്ങള്‍, സ്ത്രീകളുമായി വിവാഹം കഴിക്കുന്നതിലുള്ള പരിമിതി ഇല്ലായ്മ, അടിമകളോടുള്ള അന്ത്യമില്ലാത്ത പീഡന മുറകള്‍, മദ്യപാനം, ചൂതാട്ടം, എന്നിവ അദ്ദേഹം വിലക്കിയിരുന്നില്ലെങ്കില്‍ അറേബ്യയിലും അയല്‍ രാജ്യങ്ങളിലും ഇന്നും ഇവ നിലനില്‍ക്കുമായിരുന്നു”.

തുടര്‍ന്ന് എഴുതുന്നു: “ഹദ്‌റത്ത് മുഹമ്മദ്(സ)തന്റെ ദൗത്യത്തിന്റെ സത്യതയിലും, നന്മയിലും അഗാധമായി വിശ്വസിച്ചുകൊണ്ട് ചെയ്ത കാര്യങ്ങള്‍ ആര്‍ക്കും തന്നെ വിശ്വാസദാര്‍ഢ്യമില്ലാതെ കണ്ട് ചെയ്യാന്‍ സാധ്യമല്ല. അദ്ദേഹത്തിന് തന്റെ ലക്ഷ്യത്തിലും വാദത്തിലും ദൈവ നിയുക്തിയിലും അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നതു കൊണ്ടാണ് വിപ്ലവം സംജാതമായത്”.

പറയുന്നു: “അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും തെളിയിക്കുന്നത് അദ്ദേഹം മന്ദഗതിയിലും വിഷമതകള്‍ തരണം ചെയ്തും തന്റെ ആദര്‍ശങ്ങളിലെത്തിയ സത്യസ്‌നേഹിയും ഉന്മേഷഭരിതനും ആയ വ്യക്തി ആയിരുന്നു”

തുടര്‍ന്ന് എഴുതുന്നു: “അറേബ്യയില്‍ഒരു വിപ്ലവം ആവശ്യമായിരുന്നു അഥവാ ഒരു പ്രവാചകന്റെ ആവിര്‍ഭാവം അനിവാര്യമായിരുന്നു എന്ന് പറയുകയാണെങ്കില്‍ ഹദ്‌റത്ത് മുഹമ്മദ്(സ)യിലൂടെ തന്നെയാണ് ഇതിന് സാക്ഷാല്‍കാരം സംഭവിച്ചത് എന്ന് പറയേണ്ടതായി വരും.

ഈ വിഷയത്തില്‍ ഈ കാലഘട്ടത്തിലെ എഴുത്തുകാരനായ സ്പ്രിങ്കര്‍ എഴുതുന്നു. “അറേബ്യയില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന പ്രവാചകാവതരണത്തെക്കുറിച്ചുള്ള ദീര്‍ഘദര്‍ശനം അദ്ദേഹത്തിന്റെ ആഗമനത്തോടെ പുലരുകയുണ്ടായി”

ബോസ്‌വര്‍ത്ത് ഒരിടത്ത് വിവരിക്കുന്നു: “ഹ: മുഹമ്മദ്(സ) വ്യത്യസ്ത സാഹചര്യങ്ങളില്‍ എത്രമാത്രം പരിവര്‍ത്തന വിധേയനായി എന്നതിലല്ല പ്രത്യുത അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ എത്ര കുറച്ച് പരിവര്‍ത്തനമാണുണ്ടായിരുന്നത് എന്നതിലാണ് ഞാന്‍ അദ്ഭുതപ്പെടുന്നത്. മരുഭൂമിയില്‍ ആടുകളെ മേച്ചിരുന്ന കാലം, സിറിയയില്‍ കച്ചവടക്കാരനായിരുന്ന കാലം, ഹിറാ ഗുഹയിലെ ഏകാന്തതയുടെ കാലം, മക്കയില്‍ ന്യൂനപക്ഷത്തിന്റെ പരിഷ്‌കര്‍ത്താവായിരുന്ന കാലം, സ്വദേശത്തുനിന്ന് നിഷ്‌കാസിതനായി മദീനയിലേക്ക് നാടുകടത്തപ്പെട്ട കാലം, ഒരു സര്‍വസമ്മത വിജയി ആയിരുന്ന കാലം, ഇറാന്‍ ചക്രവര്‍ത്തിമാരുടെയും ഹിര്‍ക്കില്‍മാരുടെയും സമസ്ഥാനീയനായിരുന്ന കാലം തുടങ്ങി ആജീവാനാന്തം നമുക്ക് അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ അചഞ്ചലമായ സ്ഥൈര്യം ദര്‍ശിക്കാനാവും. മറ്റാരുടെയും ബാഹ്യാവസ്ഥ ഇത്രയും പരിവര്‍ത്തന വിധേയമായിരുന്നെങ്കില്‍ അയാളില്‍ ഇത്രയും കുറച്ച് മാത്രമേ മാറ്റങ്ങളുണ്ടാകുകയുള്ളൂ എന്ന് എനിക്ക് തോന്നുന്നില്ല. ഹദ്‌റത്ത് മുഹമ്മദ്(സ)യുടെ ഭൗതീക അവസ്ഥകള്‍ മാറിക്കൊണ്ടിരുന്നു. എന്നാല്‍ ഈ അവസ്ഥകളിലെല്ലാം അദ്ദേഹത്തിന്റെ പ്രകൃതം ഒരേ നിലയിലായിരുന്നു എന്ന് കാണാവുന്നതാണ്”.

വാഷിങ്ങ്ടണ്‍ ഇര്‍വിന്‍ തന്റെ ഗ്രന്ഥമായ ‘ലൈഫ് ഓഫ് മുഹമ്മദി’ല്‍ എഴുതുന്നു: “അദ്ദേഹത്തിന്റെ യുദ്ധ വിജയങ്ങള്‍ അദ്ദേഹത്തില്‍ അഹങ്കാരമോ, അഹംഭാവമോ, മിഥ്യാഭിമാനമോ, കപട പ്രഭാവമോ ജനിപ്പിച്ചില്ല. സ്വാര്‍ഥ താത്പര്യങ്ങള്‍ ഇതിനു പിറകില്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇതെല്ലാം സംഭവിക്കുമായിരുന്നു. പ്രയാസ പൂര്‍ണമായ കാലഘട്ടത്തിലുണ്ടായിരുന്ന അതേ വിനയവും സൗമ്യഭാവവും ശക്തി കൈവരിച്ചപ്പോള്‍ കൂടിയും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും വേഷവിധാനത്തിലും പ്രകടമായിരുന്നു. രാജകീയ ജീവിതത്തില്‍ പോലും ആരെങ്കിലും അദ്ദേഹത്തിന്റെ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ അനാവശ്യമായ ഔപചാരികത കാണിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല”.

മറ്റൊരു ഓറിയന്റലിസ്റ്റായ സർ വില്യം മ്യൂര്‍ എഴുതുന്നു: ഇദ്ദേഹവും ഇസ്‌ലാമിനെതിരെ ഒരുപാട് എഴുതിയിട്ടുണ്ട്. “നബി തിരുമേനി(സ) തന്റെ എല്ലാ കൃത്യങ്ങളും സ്വയം ചെയ്യുമായിരുന്നു. തന്റെ മുമ്പിലുള്ള വസ്തുക്കള്‍ മാത്രമെ അദ്ദേഹം എടുക്കുമായിരുന്നുള്ളു. പൊതു പെരുമാറ്റത്തിലും ഇങ്ങനെത്തന്നെയായിരുന്നു. ആരോടെങ്കിലും സംസാരിക്കുവാനായി തിരിയുകയാണെങ്കില്‍ ഭാഗികമായി മുഖം തിരിക്കുമായിരുന്നില്ല. മറിച്ച് മുഴുവനായും മുഖം തിരിഞ്ഞു നിന്ന് സംസാരിക്കുമായിരുന്നു. ആരോടെങ്കിലും ഹസ്തദാനം ചെയ്യുകയാണെങ്കില്‍ കൈ ആദ്യം വലിക്കില്ലായിരുന്നു. അപരിചിതനോടായാലും സംസാരിക്കുമ്പോള്‍ പാതിയില്‍ വെച്ച് നിര്‍ത്തില്ലായിരുന്നു. മറിച്ച് മുഴുവന്‍ സംസാരവും ശ്രവിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യമായ വിനയം അദ്ദേഹത്തില്‍ കാണാമായിരുന്നു. സ്വന്തം കാര്യങ്ങള്‍ സ്വയംതന്നെ ചെയ്യുന്ന സ്വഭാവമാണ് ഉണ്ടായിരുന്നത്. ദാനധര്‍മങ്ങള്‍ നേരിട്ടാണ് ചെയ്തിട്ടുണ്ടായിരുന്നത്. വീട്ടു ജോലികളില്‍ തന്റെ ഭാര്യമാരെ സഹായിക്കുമായിരുന്നു. ആര്‍ക്കും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്താമായിരുന്നു. കടല്‍ കരയിലേക്കെന്ന പോലെ സന്ദര്‍ശക സംഘങ്ങള്‍ക്ക് ആദരപൂര്‍വം സ്വഗതമോതുമായിരുന്നു. ചരിത്രത്തില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കുന്നത് ഒരു തികഞ്ഞ ഭരണാധികാരിയുടെ കഴിവുകളെല്ലാം തന്നെ അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു എന്നാണ്. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹത്തിന് എഴുത്തറിയില്ല എന്ന വസ്തുത വിചിത്രമായിരിക്കുന്നു”.

Bust of William Muir by Charles McBride

വില്ല്യംമ്യൂര്‍ തുടര്‍ന്ന് എഴുതുന്നു: “അതിസാധാരണക്കാരായ തന്റെ അനുയായികളോട് അദ്ദേഹത്തിനുണ്ടായിരുന്ന പരിഗണനയും പരിലാളനയും ശ്ലാഘനീയമാണ്. ലജ്ജ, അനുകമ്പ, ക്ഷമ, ദാന ധര്‍മം, വിനയം, എന്നിവ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ പ്രധാന വശങ്ങളായിരുന്നു. ഇവയിലൂടെ തന്റെ ചുറ്റുപാടുമുള്ളവരെ അദ്ദേഹം ഹഠാദാകര്‍ഷിക്കുമായിരുന്നു. പറ്റില്ലെന്ന് പറയുന്നത് അദ്ദേഹത്തിന് അനിഷ്ടകരമായിരുന്നു. ഏതെങ്കിലും ആവശ്യക്കാരന്റെ ആവശ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ നിശബ്ദത പാലിക്കുന്നത് ഉചിതമായി കരുതിയിരുന്നു. അദ്ദേഹം ഒരിക്കലെങ്കിലും ആരുടേയും ക്ഷണം നിരസിച്ചതായി കാണാന്‍ സാധിക്കുകയില്ല. അയാള്‍ എത്ര തന്നെനിസ്സാര വ്യക്തി ആയിരുന്നാലും ശരി. അദ്ദേഹം പാരിതോഷികങ്ങള്‍ ഒന്നുംതന്നെ അതെത്രതന്നെ തുച്ഛമായിരുന്നാലും തിരിച്ചയച്ചതായി കാണാന്‍ സാധ്യമല്ല. അദ്ദേഹത്തിന്റെ സദസ്സിലുള്ള ഓരോരുത്തര്‍ക്കും താനാണ് ഏറ്റവും പ്രധാനപ്പെട്ട അതിഥി എന്ന് തോന്നുമായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഒരു അസാധാരണമായ ശ്രേഷ്ടതയായിരുന്നു. ആരെങ്കിലും അവരുടെ വിജയത്തില്‍ സന്തോഷവാനായി കണ്ടാല്‍ ആവേശത്തോടെ അയാളുമായി ഹസ്തദാനവും ആലിംഗനവും ചെയ്യുമായിരുന്നു. അവശരും ബുദ്ധിമുട്ടിനാല്‍ വലയം ചെയ്യപ്പെട്ടവരുമായവരോട് അനുകമ്പകാണിക്കുമായിരുന്നു. കുട്ടികളോട് വളരെ വാത്സല്യത്തോടെ പെരുമാറുമായിരുന്നു. വഴിയില്‍ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളോട് സലാം പറയുന്നതില്‍ യാതൊരു വിധ അഭിമാനക്ഷതവും കരുതിയിരുന്നില്ല. ക്ഷാമ കാലത്ത് തന്റെ ഭക്ഷണത്തില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കുമായിരുന്നു. എല്ലാവരുടേയും സുഖത്തിനായി എപ്പോഴും പരിശ്രമിക്കുമായിരുന്നു.സൗമ്യവും ദയാനിര്‍ഭരവുമായ പ്രകൃതം അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളിലും വ്യക്തമായി കാണാന്‍ സാധിക്കുമായിരുന്നു.”

“മുഹമ്മദ്(സ) ന്റെ ഒരു ആത്മാര്‍ഥ സുഹൃത്തായിരുന്ന അബൂബക്കറിനെ സഹോദരനേക്കാള്‍ കൂടുതല്‍ സ്‌നേഹിച്ചു. അലിയോട് പിതൃതുല്യമായ ലാളന കാണിച്ചു. സ്വതന്ത്രനാക്കിയ അടിമയായിരുന്ന സെയ്ദിനോട് ഈ കാരുണ്യവാനായ നബിക്കുണ്ടായിരുന്ന സ്‌നേഹാധിക്യം നിമിത്തം സെയ്ദ് തന്റെ പിതാവിനൊപ്പം പോകുന്നതിന് പകരമായി മക്കയില്‍ താമസിക്കുന്നത് ഇഷ്ടപ്പെട്ടു. തന്റെ മേല്‍നോട്ടക്കാരന്റെ കോന്തല പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ഞാന്‍ താങ്കളെ ഉപേക്ഷിക്കുകയില്ല. താങ്കള്‍ തന്നെയാണ് എനിക്ക് മാതാവും പിതാവും. സൗഹൃദത്തിന്റെ ഈ ബന്ധം സെയ്ദിന്റെ മരണം വരെ നിലനിന്നു. പിന്നീട് സെയ്ദിന്റെ മകന്‍ ഉസാമയോടും ഈ ബന്ധം കാരണമായി അദ്ദേഹം എല്ലായിപ്പോഴും അങ്ങേയറ്റം കാരുണ്യത്തോട് കൂടി പെരുമാറി. ഉസ്മാനിനും, ഉമറിനും അദ്ദേഹവുമായി ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. അദ്ദേഹം ഹുദൈബിയ എന്നസ്ഥലത്ത് ‘ബൈഅത്ത് റിസ്‌വാന്റെ’ സമയത്ത് തടവിലാക്കപ്പെട്ട തന്റെ മരുമകനും സുഹൃത്തുമായ ഉസ്മാനിനായി തന്റെ ജീവന്‍പോലും നല്‍കാം എന്ന് വാഗ്ദാനം ചെയ്തത് ഈ സത്യസന്ധനായ സുഹൃദ്ബന്ധത്തിന് ഉത്തമ ഉദാഹരണമാണ്. അദ്ദേഹത്തിന്റെ അചഞ്ചലമായ പരസ്‌നേഹത്തിന്റെ ഉദാഹരണമായി കാണിക്കാവുന്ന മറ്റനേകം സംഭവങ്ങളുണ്ട്. ഒരവസരത്തിലും ഈ സ്‌നേഹപ്രകടനങ്ങള്‍ അസ്ഥാനത്തായിരുന്നില്ല. മറിച്ച് എല്ലാ സംഭവങ്ങളും ഈ സ്‌നേഹാധിക്യത്തിന്റെ നിദര്‍ശനങ്ങളാണ്…”

മൈക്കിള്‍ എച്ച് ഹാര്‍ട്ട് തന്റെ ഗ്രന്ഥമായ ‘റാങ്കിങ് ഓഫ് ദ മോസ്റ്റ് ഇന്‍ഫ്‌ളുവെന്‍ഷ്യല്‍ പെഴ്‌സന്‍സ് ഇന്‍ ദി ഹിസ്റ്ററി’യില്‍ എഴുതുന്നു: “ലോകത്ത് സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ മുഹമ്മദ്(സ) യുടെ പേര് ഒന്നാം സ്ഥാനത്തിനായി തിരഞ്ഞെടുത്തത് ചില അനുവാചകരെ ഒരു പക്ഷേ അദ്ഭുതപ്പെടുത്തിയേക്കാം. ചിലര്‍ ഒരു പക്ഷേ ഇതിനെക്കുറുച്ച് ചോദ്യങ്ങളും ഉന്നയിച്ചേക്കാം. എന്നാല്‍ ചരിത്രത്തില്‍ മതപരവും ഭൗതീകപരവുമായ രണ്ട് മേഖലകളിലും ഏറ്റവും വലിയ വിജയം വരിച്ച ഏകവ്യക്തി അദ്ദേഹം മാത്രമാണ്. മനുഷ്യചരിത്രത്തില്‍ മുഹമ്മദ്(സ) എപ്രകാരമാണ് സ്വാധീനം ചെലുത്തിയത് എന്ന ചോദ്യം ഉയര്‍ന്ന് വരാം. മറ്റു മതങ്ങളെ പോലെ ഇസ്‌ലാമും തങ്ങളുടെ അനുയായികളില്‍ ഗഹനമായ ഒരു സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഈ ഒരു കാരണമായാണ് ലോകത്ത് കാണപ്പെടുന്ന മഹത്തായ മതങ്ങളുടെ സ്ഥാപകര്‍ക്ക് ഈ ഗ്രന്ഥത്തില്‍ പ്രധാനമായ സ്ഥാനം നല്‍കിയിരിക്കുന്നത്.”

എഴുതുന്നു: “ഒരു ഊഹമനുസരിച്ച് ലോകത്ത് ക്രിസ്ത്യാനികളുടെ അംഗസംഖ്യ മുസ്‌ലീങ്ങളുടെ അംഗസംഖ്യയേക്കാള്‍ രണ്ട് ഇരട്ടിയാണ്. (ഇത് അദ്ദേഹം എഴുതിയകാലത്തെ കാര്യമാണ്). ഇതനുസരിച്ച് ഹ: മുഹമ്മദ്(സ)യെ ഹ: ഈസയെക്കാൾ മുമ്പില്‍ വെക്കുന്നത് ഒരു പക്ഷേ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. എന്നാല്‍ എന്റെ ഈ തീരുമാനത്തിന് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്നാമത്തെകാര്യം ഇതാണ്; ക്രിസ്തുമതത്തിന്റെ വളര്‍ച്ചയില്‍ ഈസാ (അ)ന്റെ വ്യക്തിത്വത്തിന് ഉണ്ടായിരുന്നതിനേക്കാള്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ മുഹമ്മദ്(സ)യുടെ പങ്ക് എത്രയോ കൂടുതലായിരുന്നു. ഈസാ (അ)തന്നെയാണ് ക്രിസ്തുമതത്തിന്റെ ആത്മീയവും ഭൗതീകപരവുമായ ജീവിത മാര്‍ഗരേഖയ്ക്ക് രൂപകല്പന നല്‍കിയത്. എന്നിരുന്നാലും ക്രിസ്തുമതത്തിന്റെ പുരോഗതിയില്‍ സെന്റ്‌ പോളിനാണ് ഭൂരിഭാഗവും പങ്കുളളത്. ക്രിസ്തുമതത്തിന് നിലവിലുള്ള രൂപം നല്‍കിയതും പുതിയ നിയമത്തിലെ സിംഹ ഭാഗവും എഴുതിച്ചേര്‍ത്തതും സെന്റ് പോളായിരുന്നു. എന്നാല്‍ ഇസ്‌ലാം മതത്തില്‍ അടങ്ങിയിരിക്കുന്ന ധാര്‍മികതയുടെയും ആദര്‍ശങ്ങളുടെയും രചയിതാവ് ഹദ്‌റത്ത് മുഹമ്മദ്(സ) തന്നെയായിരുന്നു. ഈ പുതിയ മതത്തിന് അദ്ദേഹം തന്നെയാണ് സ്വയം രൂപകല്പന നല്‍കിയത്. ഇസ്‌ലാമിക അദ്ധ്യാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന് സുപ്രധാന പങ്കുണ്ട്. ഇത് കുടാതെ മുസ്‌ലിങ്ങളുടെ വിശുദ്ധഗ്രന്ഥം അതായത് ഖുര്‍ആന്‍ മുഹമ്മദ്(സ)യുടെ ആത്മീയ ദൃഷ്ടിയില്‍ അധിഷ്ഠിതമായ ഒരു ഗ്രന്ഥമായിരുന്നു. അത് എഴുതിയത് മുഹമ്മദ്(സ) ആയിരുന്നു.’ (ഇദ്ദേഹം എതിരാളിയായത് കൊണ്ടാണ് ഇങ്ങനെ എഴുതുന്നത്)

പറയുന്നു: “അത് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് വെളിപാടു മുഖേന ലഭിച്ചത് എന്ന് പറയുന്നു. വിശുദ്ധഖുര്‍ആന്റെ ഒരു വലിയഭാഗം മുഹമ്മദ് (സ)യുടെ ജീവിത കാലത്ത് തന്നെ എഴുതി സുരക്ഷിതമാക്കി വെച്ചു. അദ്ദേഹത്തിന്റെ മരണത്തിന് കുറച്ച് കാലങ്ങള്‍ക്ക് ശേഷം അതിനെ പൂര്‍ണമായും ക്രോഡീകരിക്കുകയും ഗ്രന്ഥരൂപത്തില്‍ സുരക്ഷിതമാക്കി വെക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ മുഹമ്മദ് (സ)യുടെ അധ്യാപനങ്ങളുടേയും, ചിന്താഗതിയുടേയും യഥാര്‍ഥത്തിലുള്ള പ്രതിബിംബമാണ്. എന്നാല്‍ ഈസാ(അ)യുടെ അധ്യാപനങ്ങളുടെ ഈ വിധത്തിലുള്ള യാതൊരു സമാഹരണവുമില്ല. മുസ്‌ലീങ്ങളുടെ പക്കല്‍ വിശുദ്ധ ഖുര്‍ആന്റെ പ്രധാന്യം ക്രിസ്ത്യാനികള്‍ക്ക് ബൈബിളിന് ഉള്ളത്‌ പോലെയാണ്. വിശുദ്ധ ഖുര്‍ആന്‍ മുഖേന മുഹമ്മദ് (സ) ജനങ്ങളില്‍ പൂര്‍ണമായും സ്വാധീനം ചെലുത്തി. ഈസാ(അ)മും, സെന്റ്‌ പോളും ഒരുമിച്ച് നിന്നുകൊണ്ട് ക്രിസ്തുമതത്തില്‍ ചെലുത്തിയതിനേക്കാള്‍ മുഹമ്മദ്(സ) യുടെ സ്വാധീനമാണ് ഇസ്‌ലാമില്‍ കൂടുതലായിട്ടുള്ളത് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പൂര്‍ണമായും മതപരമായ ദൃഷ്ടികൊണ്ട് വീക്ഷിക്കുകയാണെങ്കില്‍ മുഹമ്മദ്(സ)യും മനുഷ്യചരിത്രത്തില്‍ ഹ: ഈസാ (അ) ചെലുത്തിയ അത്രത്തോളം സ്വാധീനം ചെലുത്തിയതായി കാണാന്‍ സാധിക്കുന്നതാണ്.’ (ഇത് അദ്ദേ ഹത്തിന്റെ അഭിപ്രായമാണ്.ഏതായിരുന്നാലും റസൂല്‍ തിരുമേനി (സ)യുടെ സ്ഥാനം ഒന്നാമതാണ് എന്ന് ഇദ്ദേഹം അംഗീകരിക്കുന്നു.)

ആനിബസന്റ് തന്റെ വിശ്രുത ഗ്രന്ഥമായ ‘ലൈഫ് ആന്റ് ടീച്ചിങ്ങ്‌സ് ഓഫ് മുഹമ്മദി’ല്‍ എഴുതുന്നു: “അറേബ്യയിലെ മഹാനായ നബിയുടെ ജീവിതം വായിച്ചവര്‍ക്കും അദ്ദേഹത്തിന്റെ പാഠങ്ങള്‍ അറിഞ്ഞവര്‍ക്കും ജീവിതരീതി മനസ്സിലാക്കിയവര്‍ക്കും ഒരിക്കലും തന്നെ ദൈവദൂതന്മാരില്‍ മഹാനായ ഈ നബിയെ ആദരിക്കാതിരിക്കാന്‍ സാധിക്കുന്നതല്ല. ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഒരു പക്ഷേ പലര്‍ക്കും നേരത്തെ തന്നെ അറിയാമായിരിക്കും. എന്നാല്‍ ഞാന്‍ ഈ കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഈ അറബി ഗുരുവിനെ പൂര്‍വാധികം ബഹുമാനിക്കാന്‍ പ്രേരിതയായിത്തീരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ചരിത്രത്തിന്റെ പുതിയ ഭാവങ്ങള്‍ ദൃശ്യമാകുന്നതാണ്”

‘ഹിസ്റ്ററി ഓഫ് ദ സാരസന്‍ എംപയേഴ്‌സ്’ എന്ന ഗ്രന്ഥത്തില്‍ എഡ്വേര്‍ഡ് ഗിബ്ബണ്‍ എഴുതുന്നു: “ആമഹാത്മാവിന്റെ തബ്‌ലീഗ് പ്രവര്‍ത്തനമല്ല, മറിച്ച് അദ്ദേഹത്തിന്റെ സ്ഥൈര്യ മനോഭാവമാണ് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നത്. ഹദ്‌റത്ത് മുഹമ്മദ് (സ) മക്കയിലും മദീനയിലും പരിപൂര്‍ണ ആധിപത്യം നേടിയത് പന്ത്രണ്ട് നൂറ്റാണ്ടുകളുടെ വിപ്ലവ കാലഘട്ടത്തിന് ശേഷവും ഇന്ത്യക്കാരും തുര്‍ക്കികളും ആഫ്രിക്കക്കാരുമായിട്ടുള്ള നവമുസ്‌ലീങ്ങള്‍ ഇതുവരെയും കാത്തു സൂക്ഷിക്കുന്നുണ്ട്. മുഹമ്മദ് (സ) യുടെ ശിഷ്യന്മാര്‍ തങ്ങളുടെ മതവിശ്വാസങ്ങളെ ഒരു മനുഷ്യന്റെ കാല്പനികതയായി കണക്കുകൂട്ടിയിരുന്നില്ല. ഇസ്‌ലാമിലുള്ള ലളിതസുന്ദരമായ സത്യസാക്ഷ്യം ഞാന്‍ ഏക ദൈവത്തിലും അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് (സ)യിലും വിശ്വസിക്കുന്നു എന്നതാണ്. അതായത് ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ് എന്നതാണ്. ദൈവത്തെക്കുറിച്ചുള്ള ഈ ചിന്താഗതി വികലമാക്കപ്പെട്ട് മുസ്‌ലിംകളില്‍ ഒരു ബിംബ രൂപമായി ദൈവം പ്രതിഷ്ഠിക്കപ്പെട്ടിട്ടില്ല. തിരുനബി(സ)യുടെ മഹിത സ്ഥാനമാനങ്ങളും അമാനുഷികമായ നിലയില്‍ ഒരിക്കലും അവതരിക്കപ്പെടുകയുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ജീവല്‍ അധ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ അനുയായികളെ കൃതജ്ഞതയും ഉപകാരസ്മരണയും പ്രകടിപ്പിക്കുന്നതില്‍ ബുദ്ധിയുടെയും മതത്തിന്റെയും അതിരുകള്‍ ലംഘിക്കുവാന്‍ ഒരിക്കലും പ്രേരകമായിത്തീര്‍ന്നിട്ടില്ല.” (എന്നാല്‍ ക്രിസ്ത്യാനികള്‍ ഇതിനെതിരില്‍ സൃഷ്ടിയെ ദൈവമാക്കി എന്നാണ് ഇദ്ദേഹം ഇവിടെ പറയുന്നത്)