ആകാശത്ത് വെളിപ്പെട്ട ദൈവികദൃഷ്ടാന്തം (ഭാഗം 1)

അവലംബം: സത്യദൂതൻ മെയ് 2016

അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് അവന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ശപ്തനായ പിശാചിൽ നിന്നും അല്ലാഹുവിൽ ഞാൻ ശരണം പ്രാപിക്കുന്നു. അല്ലാഹുവിന്റെ തിരുനാമത്തിൽ. പരമകാരുണികനായുള്ളവൻ. കരുണാനിധി! വിധി നാളിന്റെ അധിപതി!. നിന്നെമാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് മാത്രം സഹായമർഥിക്കുകയും ചെയ്യുന്നു. നീ ഋജു മാർഗത്തിൽ ഞങ്ങളെ നയിച്ചാലും! നീ അനുഗ്രഹം ചൊരിഞ്ഞവരുടെ മാർഗത്തിൽ! നിന്റെ കോപം പതിച്ചവരുടെ മാർഗത്തിലല്ല. ഓ നാഥാ നിന്റെ അനുഗ്രഹ വർഷങ്ങൾ മുഹമ്മദ് നബി (സ) യിലും അവിടുത്തെ സന്തതി പരമ്പരകളിലും ഉണ്ടാവേണമേ! ഇബ്രാഹിമിലും അദ്ദേഹത്തിന്റെ സന്തതി പരമ്പരകളിലും വർഷിച്ചത് പ്രകാരം! നിശ്ചയം നീ സ്തുത്യർഹനും മഹത്വമുടയവനുമാകുന്നു.

സൂര്യ ചന്ദ്രഗ്രഹണങ്ങളെ സംബന്ധിച്ച പ്രവചനങ്ങൾ

അവസാന കാലത്ത് ആവിർഭവിക്കുന്ന യുഗപ്രഭാവനായ ഒരു ആത്മീയ പരിഷ്ക്കർത്താവിനെക്കുറിച്ച് വിവിധ മതഗ്രന്ഥങ്ങളിൽ പ്രവചനമുണ്ട്. ഇത് സംബന്ധിച്ച് നമ്മുടെ യജമാനനും പ്രവാചക വരേണ്യനുമായ നബിതിരുമേനി (സ) യുടെ ചില പ്രധാനപ്പെട്ട പ്രവചനങ്ങൾ മാത്രം ചർച്ചചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഒരു സത്യാന്വേഷകന് അദ്ദേഹത്തെ കണ്ടെത്താൻ ഇത് സഹായകമാണ്. തിരുനബി(സ) യുടെ പ്രവചനപ്രകാരം റമദാൻ മാസത്തിലെ നിർണിത ദിവസങ്ങളിൽ സംഭവിച്ച സൂര്യചന്ദ്രഗ്രഹണങ്ങൾ വാഗ്ദത്ത പരിഷ്ക്കർത്താവിന്റെ ആഗമനത്തിനുള്ള അനിഷേധ്യമായ അടയാളമാണ്.

അല്ലാഹു വിശുദ്ധഖുർആനിൽ പറയുന്നു

അവൻ അദൃശ്യകാര്യങ്ങൾ അറിയുന്നവനാണ്. അവന്റെ ഗോപ്യമായ അറിവ് ആർക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല. അവൻ തിരഞ്ഞെടുത്ത ഒരു ദൂതനല്ലാതെ

(72:27,28വി. ഖുർആൻ)

ദൈവദുതന്മാർ ദൈവവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും അദൃശ്യജ്ഞാനത്തെ കുറിച്ച് അറിവ് അവർക്ക് മാത്രമേ നൽകപ്പെടുകയുള്ളൂവെന്നും അതിനാൽ അവർക്ക് സ്പഷ്ടമായ പ്രവചനങ്ങൾ നടത്താൻ കഴിയുമെന്നും ഈ വചനങ്ങൾ വ്യക്തമാക്കുന്നു. അല്ലാഹുവിൽ നിന്ന് അതിസമൃദ്ധമായ അദൃശ്യജ്ഞാനങ്ങളുടെ വരലബ്ദി കൊണ്ടനുഗൃഹീതനായിരുന്നു തിരുനബി (സ). അവസാന കാലത്ത് ലോകം ദൈവമാർഗത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ ഒരു മഹ്ദി മസീഹിന്റെ (ദിവ്യപരിഷ്ക്കർത്താവിന്റെ) ആവിർഭാവമുണ്ടാവുമെന്നും ആ മഹാത്മാവിലൂടെ സത്യവിശ്വാസം പുനസ്ഥാപിക്കപ്പെടുമെന്നും അങ്ങനെ ഇസ്ലാം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും തിരുമേനി (സ) പ്രവചിക്കുകയുണ്ടായി.

മഹ്ദി മസീഹിന്റെ ആവിർഭാവത്തെ കുറിക്കുന്ന പല അടയാളങ്ങൾ സംബന്ധിച്ചും നബി തിരുമേനി (സ) അരുളുകയുണ്ടായി. വാഗ്ദത്ത മസീഹിന്റെ രണ്ടാം ഖലീഫ ഹദ്റത്ത് മിർസാ മഹ്മൂദ് അഹ്മദ് (റ) രചിച്ച “അഹ്മദിയ്യത്തിലേക്ക് ഒരു ക്ഷണം” എന്ന പുസ്തകത്തിൽ വ്യക്തമായി ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്. എന്റെ ഈ പ്രബന്ധത്തിൽ ആകാശത്ത് പ്രത്യക്ഷമായ സൂര്യ ചന്ദ്രഗ്രഹണങ്ങളുടെ അടയാളങ്ങളെ പറ്റി മാത്രം വിശദീകരിക്കാനാണ് ആഗ്രഹിക്കുന്നത്. ഹദ്റത്ത് ഇമാം മുഹമ്മദ് ബാഖിർ (റ) നിവേദനം ചെയ്ത ഒരു ഹദീസ് ആധികാരിക ഹദീസ് പണ്ഡിതനായ അലി ഇബ്നു ഉമർ അൽ ബാഗ്ദാദി അദ്ദാറുഖുത്നി (ഹിജ്റ 306-385) രേഖപ്പെടുത്തിയത് ഇപ്രകാരമാണ്.

നമ്മുടെ മഹ്ദിക്ക് രണ്ട് അടയാളങ്ങളുണ്ട്. ആകാശ ഭൂമികൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം ഈ അടയാളങ്ങൾ ഉണ്ടായിട്ടില്ല. അതായത് റമദാനിലെ ആദ്യ രാവിൽ ചന്ദ്രഗ്രഹണവും (ചന്ദ്രഗ്രഹണം സംഭവിക്കാവുന്ന രാവുകളിൽ ആദ്യരാത്രി) റമദാനിലെ മദ്ധ്യദിനത്തിൽ സൂര്യഗ്രഹണവും (സൂര്യഗ്രഹണം സംഭവിക്കാവുന്ന ദിനങ്ങളിലെ മദ്ധ്യദിനം) ഉണ്ടാവുന്നതാണ്

(സുനൻ ദാറുഖുത്നി, വാല്യം1 പുറം188)

ഈ അടയാളങ്ങൾ വിവരിച്ച ഹദീസ് സുന്നികളുടെയും ശിയാക്കളുടെയും ഹദീസ് ശേഖരത്തിൽ ഉൾപ്പെട്ടതാണ്. ഹിജ്റ 560 ൽ ഡൽഹിയുടെ പ്രാന്തപ്രദേശത്ത് ജീവിച്ച ഒരു വലിയ്യ് ഇപ്രകാരം എഴുതുകയുണ്ടായി. അദ്ദേഹം കാലഘട്ടത്തിന്റെ മഹ്ദിയും ഈസായും ആയിരിക്കും. രണ്ട് ഗുണങ്ങളെ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനായി അദ്ദേഹത്തെ കാണുന്നു. സൂര്യചന്ദ്രന്മാരുടെ പ്രകാശം മങ്ങിപ്പോയതായും ഞാൻ കാണുന്നു. (മുസ്ലിഹ് ആഖിറുസ്സമാൻ മൗലവി ബശീറുദ്ദീൻ അഹ്മദ്, ഡൽഹി)

അഹ്ലെ ഹദീസ് പണ്ഡിതനായ മൗലാന ഹാഫിസ് മുഹമ്മദ് ബിൻ ബാറക്കല്ലാഹു ലാക്കോഖെ “അഹ്വാലുൽ ആഖിറത്ത്” എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: ഈ വചനത്തിലെ സൂര്യ ചന്ദ്രഗ്രഹണങ്ങൾ റമദാനിലെ 13, 17 ദിവസങ്ങളിലാണ് സംഭവിക്കുക. എന്ന് സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ഹദീസിന്റേയും പ്രകൃതി നിയമങ്ങളുടെയും വെളിച്ചത്തിൽ ഗ്രഹണത്തിന്റെ യഥാർഥ തീയതികൾ റമദാൻ 13നും 28നുമാണെന്ന് വിശദീകരിക്കപ്പെടുന്നതാണ്.

ഗ്രഹണത്തെ സംബന്ധിച്ച് ഇസ്ലാമിന്റെ പുനരുത്ഥാന കാലത്തിന്റെ സമാഗമം കുറിക്കുന്ന അതി പ്രധാന അടയാളമായി വിശുദ്ധ ഖുർആൻ ചൂണ്ടിക്കാട്ടുന്നു. ഈ വസ്തുത പ്രസ്തുത ഹദീസിനെ ബലപ്പെടുത്തുകയാണ്. ചെയ്യുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു:

പുനരുത്ഥാന നാൾ എപ്പോഴാണെന്ന് അവൻ ചോദിക്കുന്നു. എന്നാൽ ദൃഷ്ടികൾ സ്തംഭിച്ചു പോകുകയും ചന്ദ്രന് ഗ്രഹണം ബാധിക്കുകയും, സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താൽ ആ നാളിൽ ഓടിരക്ഷപ്പെടാനുള്ള സ്ഥലം എവിടെയെന്ന് മനുഷ്യൻ ചോദിക്കും

(75: 711 വിശുദ്ധ ഖുർആൻ)

ഈ പ്രവചനത്തിന്റെ അടിവേര് വിശുദ്ധ ഖുർആനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഹദീസ് ഈ വചനത്തെ വിശദീകരിക്കുകയും സുപ്രധാന വിവരങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്. ബെബിൾ പുതിയ നിയമത്തിൽ യേശുവിന്റെ രണ്ടാം വരവിന്റെ അടയാളങ്ങൾ വിവരിക്കുന്നത് കാണുക. ആ കാലത്തിന്റെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടു പോകും. ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും. (മത്തായി: 24: 29) മഹാത്മാ സൂർദാസ്ജി കൽക്കി അവതരിക്കുന്ന കാലത്ത് ചന്ദ്രനും സൂര്യനും ഗ്രഹണം ബാധിക്കുമെന്ന പ്രവചനത്തെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ചന്ദ്രനും സൂര്യനും ഗ്രഹണം ബാധിക്കും. മരണവും കുഴപ്പവും മൂലം ഭൂമി കലാപ കലുഷിതമാവും. (സൂർ സാഗർ) സിഖുകാരുടെ പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിൽ ഇങ്ങനെ കാണാം. മഹാരാജ് നിഷ്ക്കളങ്കാവതാരമായി പ്രത്യക്ഷപ്പെടുമ്പോൾ സൂര്യനും ചന്ദ്രനും അദ്ദേഹത്തിന് സഹായകമാവും (ഗുരു ഗ്രന്ഥസാഹബ്) ചുരുക്കത്തിൽ സൂര്യ ചന്ദ്രന്മാരുടെ ഗ്രഹണത്തെ പറ്റി മറ്റു മതഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.

മുകളിൽ കൊടുത്ത ദാറുഖുത്നിയുടെ ഹദീസിൽ ഈ പ്രതിഭാസത്തെ പറ്റി കൂടുതൽ സൂക്ഷ്മമായ വിവരണങ്ങൾ നൽകിയിരിക്കുന്നു. ഇതിനെ പറ്റി വിശദീകരിക്കാം.

സൂര്യ ചന്ദ്രഗ്രഹണം പ്രകൃതി നിയമങ്ങളുടെ വെളിച്ചത്തിൽ

സൂര്യ ചന്ദ്രഗ്രഹണങ്ങൾ പ്രകൃതി നിയമങ്ങളുടെ അടിസ്ഥാന ത്തിൽ നടക്കുന്ന ഖഗോള പ്രതിഭാസങ്ങളാണ്. വിശുദ്ധ ഖുർആൻ പ്രകൃതി പ്രതിഭാസങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ നിരന്തരം ക്ഷണിക്കുന്നു. ജ്യോതി ശാസ്ത്രത്തെ സംബന്ധിച്ച ചില അടിസ്ഥാന വസ്തുതകൾ വിശകലനം ചെയ്യുന്നത് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു. ഈ ഹദീസിനെ സംബന്ധിച്ച് കൂടുതൽ അവബോധം ആർജിക്കാൻ സഹായകമായിരിക്കും. ഭുമിയും സൂര്യനും ചന്ദ്രനും മൂന്നും ചേർന്ന് ഒരു ത്രികോണ വ്യവസ്ഥ രുപപ്പെടുന്നു. വിശുദ്ധ ഖുർആൻ ഈ വ്യവസ്ഥയെ വളരെ മനോഹരമായി ഇപ്രകാരം വിവരിക്കുന്നു:

ഭൂമിയിൽ അങ്കുരിക്കുന്നതിൽ നിന്നും അവരുടെ വർഗത്തിൽ നിന്നും സകല ഇണകളേയും സൃഷ്ടിച്ച അല്ലാഹു പരിശുദ്ധനാകുന്നു. രാവ് അവർക്കൊരു ദൃഷ്ടാന്തമാണ്. അതിൽ നിന്നും പകലിനെ നാം ഊരിയെടുത്തു. അപ്പോൾ അവരതാ അന്ധകാരത്തിലായിരുന്നു. സൂര്യൻ അതിന് നിർണയിക്കപ്പെട്ട സഞ്ചാരപഥത്തിൽ ചരിച്ചുകൊണ്ടിരിക്കുന്നു. അത് പ്രതാപവാനും സർവജ്ഞനുമായ അല്ലാഹുവിന്റെ ആസൂത്രണമത്രെ. ചന്ദ്രന് നാം ചില പതനങ്ങൾ നിർണയിച്ചിട്ടുണ്ട്. അങ്ങനെ അത് പഴകി വരണ്ട ഈത്തപഴക്കുലത്തണ്ടു പോലെ വീണ്ടും ആയിതീരുന്നു. സൂര്യന് ചന്ദ്രനെ മുൻ കടക്കാനാകില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. അവയെല്ലാം അതിന്റെ സഞ്ചാര പഥങ്ങളിൽ നീന്തിക്കൊണ്ടിരിക്കുന്നു.

(38: 37-42 വിശുദ്ധ ഖുർആൻ)

വിശുദ്ധ ഖുർആനിലെ അഞ്ച് സൂക്തങ്ങൾ ഇവിടെ ഉദ്ധരിച്ചിരിക്കുന്നു. ആദ്യത്തെ വചനത്തിൽ എല്ലാ വസ്തുക്കളും ഇണകളായിട്ടാണ് അഥവാ യുഗ്മങ്ങളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന മൗലികമായ വസ്തുത ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടാമത്തെ വചനത്തിൽ ഭുമിയുടെ ഭ്രമണം കൊണ്ടാണ് രാവും പകലും ഉണ്ടാവുന്നതെന്ന് പ്രസ്താവിക്കുന്നു. മൂന്നാം വചനം സൂര്യന്റെ ചലനത്തെപറ്റി പ്രതിപാദിക്കുന്നു. നാലാം വചനം ചന്ദ്രന്റെ ചലനത്തെപറ്റി പറയുന്നു. അഞ്ചാം വചനത്തിൽ സൂര്യനും ചന്ദ്രനും പകലും രാവും എല്ലാറ്റിനെ പറ്റിയും ഒന്നായി പ്രതിപാദിക്കുകയും സുര്യന്റേയും ചന്ദ്രന്റേയും ചലനങ്ങൾക്ക് അതിന്റേതായ ചില നിർണയങ്ങളുണ്ടെന്ന വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നൂ.

Here, from left to right, you see several images taken as Earth’s full shadow moves across the face of the Moon, leading to a total lunar eclipse at the far right. The obvious curvature of Earth’s shadow is proof that our world is a sphere. Photo taken in Tenerife, Canary Islands (Spain). Credit: Itahisa González Álvarez, used with permission.

ഭൂമിയും ചന്ദ്രനും പരസ്പരം പ്രദക്ഷിണം ചെയ്യുന്നുവെന്നും അവ ഒരു പരിക്രമണം (Revolution) പൂർത്തിയാക്കാൻ ഒരു മാസം എടുക്കുന്നുവെന്നും ശാസ്ത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു. അവ രണ്ടും ചേർന്ന് ഒരു യുഗ്മവ്യവസ്ഥ (Pair System) രൂപപ്പെടുത്തിയിരിക്കുന്നു. ഭൂമിയും ചന്ദ്രനും സമയുക്തമായി സൂര്യനെ വലം വെക്കുകയും ഒരു വർഷം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുകയും ചെയ്യുന്നു. അതായത് സൂര്യനും ഭൂമിചന്ദ്രയുഗ്മവും ചേർന്ന് മറ്റൊരു യുഗ്മ വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഇങ്ങനെ സൗരയൂഥത്തിൽ തന്നെ ജോഡികൾക്കുള്ളിൽ ജോഡികളായി കൊണ്ട് നിരവധി യുഗ്മ വ്യവസ്ഥകൾ കാണാവുന്നതാണ്.

സൂര്യനും അതിന്റെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചേർന്ന് ഈ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ പ്രദക്ഷിണം ചെയ്യുന്നു. 100 ദശലക്ഷം വർഷങ്ങൾ കൊണ്ടാണ് ഈ പ്രദക്ഷിണം പൂർത്തിയാക്കുന്നത്. നമ്മുടെ ക്ഷീരപഥത്തിൽ തന്നെ കോടാനുകോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ വിവിധ അകല ഭേദങ്ങളോടെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ വസ്തുക്കളും ഇണകളായിട്ട് സൃഷ്ടിച്ച നാഥൻ എത്ര പരിശുദ്ധൻ (വിശുദ്ധ ഖുർആൻ)

The two basic types of eclipse. Note: The relative sizes of the Moon and Earth are shown to scale, but the relative distance between them is about 50 times that shown here, the Sun is actually about 100 times larger in diameter than Earth, and the Earth-Sun distance is about 400 times the Earth-Moon distance. Credit: Mark Ong for the Totality App.

ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യുമ്പോൾ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ അവ ഒരു നേർരേഖയിൽ വരുന്നു. അപ്പോൾ ചന്ദ്ര സൂര്യ ബിംബത്തെ മറയ്ക്കുകയും ഭൂമിയിലേക്കുള്ള സൂര്യ പ്രകാശത്തെ മറയ്ക്കുകയും ചെയ്യുന്നു. ഇതാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനുമിടയിൽ ഒരു നേർരേഖയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുകയും ചന്ദ്രഗ്രഹണം സംഭവിക്കുകയും ചെയ്യുന്നു. ജ്യോതിശാസ്ത്രത്തിൽ സാങ്കേതികമായി സൂര്യഗ്രഹണം അമാവാസി ദിവസവും ചന്ദ്രഗ്രഹണം പൗർണമി ദിവസവും സംഭവിക്കുന്നു എന്നാണ് നാം പറയാറുള്ളത്. അമാവാസി ദിനത്തിൽ സൂര്യനും ചന്ദ്രനും രേഖാംശത്തിൽ വരുന്നു. അപ്പോൾ ചന്ദ്രനും സൂര്യനും യുതി (conjunction) യിലാണെന്ന് പറയുന്നു.

ഇങ്ങനെയാണെങ്കിലും എല്ലാ അമാവാസിയിലും അതുപോലെ വെളുത്ത വാവിലും ഗ്രഹണം സംഭവിക്കണമെന്നില്ല. ഗ്രഹണം നടക്കണമെങ്കിൽ സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേർരേഖയിൽ വരേണ്ടതുണ്ട്. ഭൂമിയുടെ സൂര്യന് ചുറ്റുമുള്ള ഭ്രമണപഥവും ഒരേ തലത്തിലായിരുന്നെങ്കിൽ മാസത്തിൽ രണ്ട് തവണ ഒരേ രേഖാംശത്തിൽ വരുമായിരുന്നു. അങ്ങനെയെങ്കിൽ എല്ലാ മാസവും ഒരു ചന്ദ്രഗ്രഹണവും ഒരു സൂര്യഗ്രഹണവും സംഭവിക്കുമായിരുന്നു. യഥാർഥത്തിൽ അങ്ങനെയല്ല. പ്രസ്തുത രണ്ട് ഗോളങ്ങളുടെയും ഭ്രമണപഥങ്ങളുടെ തലങ്ങൾ (Orbital Plane) തമ്മിൽ 5 ഡിഗ്രിയുടെ വ്യത്യാസമുണ്ട്. ഈ വ്യത്യാസം കാരണം ഒരു വർഷത്തിൽ പരമാവധി ഏഴു ഗ്രഹണങ്ങൾ മാത്രമേ സംഭവിക്കാൻ സാധ്യതയുള്ളു. (നാലോ അഞ്ചോ സൂര്യഗ്രഹണവും രണ്ടോ മൂന്നോ ചന്ദ്രഗ്രഹണവും) ഒരു വർഷത്തിൽ ഏറ്റവും കുറഞ്ഞത് രണ്ട് സൂര്യഗ്രഹണങ്ങൾ സംഭവിക്കുന്നു. സൂര്യഗ്രഹണമാണ് ചന്ദ്രഗ്രഹണത്തേക്കാൾ കൂടുതൽ സംഭവിക്കുന്നത്. പക്ഷേ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നതിനേക്കാൾ കുറഞ്ഞ അളവിൽ മാത്രമേ ഭൂമിയിൽ നിന്ന് സൂര്യഗ്രഹണം ദൃശ്യമാവുകയുള്ളൂ. അതിനാൽ ഭൂമിയിലെ ഏതെങ്കിലും ഒരു നിർദിഷ്ട സ്ഥലത്ത് സൂര്യഗ്രഹണത്തേക്കാൾ കൂടുതൽ ചന്ദ്രഗ്രഹണമാണ് അനുഭവപ്പെടുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഗോളശാസ്ത്രം സംബന്ധിച്ച ഗ്രന്ഥങ്ങൾ കാണുക.

ചന്ദ്രന്റെ ചലനം തികച്ചും സങ്കീർണമാണ്. ചന്ദ്രൻ ഭൂമിയെ ഒരു ദീർഘവൃത്ത ഭ്രമണ പഥത്തിലൂടെയാണ് ഭ്രമണം ചെയ്യുന്നതെന്നാണ് ഏകദേശമായി കണക്കാക്കപ്പെടുന്നത്. ഈ ദീർഘ വൃത്ത ഭ്രമണപഥത്തിലൂടെയാണ് വലംവെക്കുന്നത്. ഈ ദീർഘ വൃത്ത പഥത്തിലൂടെ ചന്ദ്രൻ സഞ്ചരിക്കുമ്പോൾ ഭൂമിയുമായുള്ള അകലത്തിനനുസരിച്ച് ചന്ദ്രന്റെ ഭ്രമണ വേഗതക്കനുസരിച്ച് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കും. ചന്ദ്രൻ ഭൂമിയുമായുള്ള അകലം ഏറ്റവും കുറഞ്ഞിരിക്കുന്ന സ്ഥാനത്തെ ഉപഭൂസ്ഥാനം എന്നറിയപ്പെടുന്നു.

Lunar nodes are the locations where the Moon crosses the Earth’s orbital plane. @timeanddate.com

ചന്ദ്രൻ ഉപഭൂസ്ഥാനത്തെത്തുമ്പോൾ ഭ്രമണ വേഗത ഭൂമിയെ അപേക്ഷിച്ച് ഏറ്റവും കൂടുതലാവുന്നു. സൂര്യന്റെ ആകർഷണ ഫലമായി ഈ ഉപഭൂസ്ഥാനം മാറിക്കൊണ്ടിരിക്കും. ഈ കാരണത്താൽ ചന്ദ്രന്റെ ഭ്രമണ വേഗത മാസത്തിന്റെ ആദ്യ ഘട്ടത്തിൽ അന്ത്യഘട്ടത്തിലും ചിലപ്പോൾ അതിശീഘ്രമാവുന്നു. അപ്രകാരം ഭൂചന്ദ്രജോഡികളുടെ സൂര്യനുമായുള്ള അകലവും ഭ്രമണ വേഗതയും കാരണം ഒരു പരിധിവരെ ആകർഷണ ശക്തിക്ക് വിധേയമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

വിശുദ്ധ ഖുർആൻ പറയുകയാണ്

സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്കനുസരിച്ച് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു.

(55: 6 വിശുദ്ധ ഖുർആൻ)

അകലത്തിലും വേഗതയിലുമുള്ള വ്യതിയാനമനുസരിച്ച് ഗ്രഹണങ്ങളുടെ തീയതികളിലും മാറ്റം സംഭവിക്കുന്നു. അതുകൊണ്ട് ചില പരിമിതികൾക്ക് വിധേയമായിക്കൊണ്ടുള്ള തീയതികളിലാണ് സൂര്യ ചന്ദ്രഗ്രഹണങ്ങൾ സംഭവിക്കുന്നത്. ഖഗോള ശാസ്ത്രജ്ഞന്മാർ ഗോളശാസ്ത്രപരമായി യുതി (conjunction) മുതൽക്കാണ് ചന്ദ്രമാസാരംഭം കണക്കാക്കുക. യുതി എന്നാൽ രണ്ടോ അതിലധികമോ ഗോളങ്ങൾ ഒരു ഋജു രേഖയിൽ വരുന്നതിനെയാണ് യുതി എന്ന് പറയുന്നത്. അതായത് സൂര്യനും ഭൂമിയും ചന്ദ്രനും യുതിയിലാണെങ്കിൽ ആ സമയം കറുത്തവാവായിരിക്കും അഥവാ അമാവാസിയായിരിക്കും. എന്നാൽ ഇസ്ലാമിക വർഷ ഗണനയനുസരിച്ച് ചന്ദ്രക്കല ദൃശ്യമാവുന്നത് മുതൽക്കാണ് മാസം ആരംഭിക്കുന്നത്. അതായത് ചന്ദ്രക്കല നഗ്ന ദൃഷ്ടി കൊണ്ട് കാണുവാൻ പാകത്തിൽ ദൃശ്യമാവണം. ഗോളശാസ്ത്രപരമായ മാസം Astronomical lunar month modern guide to astronomical calculations of Islamic calendar, Time and Qibla  എന്ന പുസ്തകപ്രകാരം ആരംഭിക്കുന്നത് അമാവാസി മുതൽക്കാണ്. അമാവാസി കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞതിന് ശേഷമേ ചന്ദ്രക്കല കാണാൻ കഴിയൂ. കൂടുതൽ വിവരങ്ങൾക്ക് മാസപ്പിറവി സംബന്ധിച്ച് ഡോ. മുഹമ്മദ് ഇൽയാസ് എഴുതിയ Astronomical lunar month modern guide to astronomical calculations of Islamic calendar, Time and Qibla എന്ന പുസ്തകം കാണുക.

ചന്ദ്രമാസം അനുസരിച്ചുള്ള ഹിജ്റ വർഷം അനുസരിച്ചാണെങ്കിൽ ചന്ദ്രഗ്രഹണം മാസത്തിന്റെ 13,14,15 രാവുകളിലായിരിക്കണം സംഭവിക്കുക. സൂര്യഗ്രഹണം മാസത്തിന്റെ 27, 28, 29 ദിനങ്ങളിലുമാണ് സംഭവിക്കുക. പ്രവചനമനുസരിച്ച് ചന്ദ്രഗ്രഹണം പ്രസ്തുത തീയതികളിൽ ആദ്യരാത്രിയിലും സൂര്യഗ്രഹണം മദ്ധ്യദിനത്തിലുമാണ് സംഭവിക്കുക. ഇത് പ്രകാരം റമദാനിലെ 13ാം രാവിൽ ചന്ദ്രഗ്രഹണവും 28ാം ദിനത്തിൽ സൂര്യഗ്രഹണവും ഉണ്ടാകുമെന്ന് നിർണയിക്കപ്പെടുന്നു.

ഈ ഹദീസിൽ ഖമർ എന്ന പദമാണ് ചന്ദ്രനെ പറ്റി പ്രയോഗിച്ചിരിക്കുന്നത് 1, 2, 3 രാവുകളിലെ ചന്ദ്രക്കലയെ ഹിലാൽ എന്നാണ് വിളിക്കുക. ഖമർ എന്ന പദം നാലാം രാവു മുതൽ വികസിച്ചു വരുന്ന ചന്ദ്രനെക്കുറിക്കാനാണ് പ്രയോഗിക്കപ്പെടുന്നത്. (അഖ്റബുൽ മവാരിദ് വാല്യം 2) ചുരുക്കത്തിൽ റമദാനിലെ ഒന്നാം രാവ് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് 13ാം രാവാണ്. അല്ലാതെ മാസാരംഭത്തിലെ ഒന്നാം രാവല്ല. ഹദീസിൽ പ്രയുക്തമായ ഖമർ എന്ന പദം ഈ വസ്തുത അനിഷേധ്യമാം വിധം ബലപ്പെടുത്തുന്നു.

വാഗ്ദത്ത മസീഹിന്റെ ആവിർഭാവവും പ്രവചന പുലർച്ചയും

ഹദീസുകളിലെ പ്രവചനം എപ്രകാരം പൂർത്തിയായി എന്ന് പരിശോധിക്കാം: ഭാരതത്തിലെ അജ്ഞാത വിദൂരസ്ഥമായ ഖാദിയാൻ എന്ന ഗ്രാമത്തിൽ ക്രിസ്തുവർഷം 1835 ൽ ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി(അ) ഭൂജാതനായി. അനിതരസാധാരണമായ സദ്ഗുണ നിഷ്ഠ, തിരുമേനി(സ)യോടുള്ള അതിരറ്റ അനുരക്തി ഇവയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മുഗ്ദഭാവങ്ങൾ. ഇസ്ലാമിനെതിരെയുള്ള വിമർശകരുടെ നിശിതമായ കടന്നാക്രമണവും മുസ്ലിംകളുടെ ജീർണമായ ആത്മീയ സ്ഥിതിയും അദ്ദേഹത്തെ വ്രണിതചിത്തനാക്കി. ഇസ്ലാംമത സേവനത്തിനായി സ്വയം സമർപ്പിതനായ അദ്ദേഹം ലോകത്തിന്റെ ആത്മീയ പുനർജനിക്ക് വേണ്ടി തീക്ഷ്ണമായ ഹൃദയവേദനയോടെ നിതാന്തമായ പ്രാർഥനകളിൽ മുഴുകി, ചരിത്രം സൃഷ്ടിച്ച അദ്ദേഹത്തിന്റെ വിഖ്യാതമായ കൃതി ബറാഹീനെ അഹ്മദിയ്യാ 1880 മുതൽ 1884 വരെയുള്ള കാലയളവിൽ നാലു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഇസ്ലാമിന്റെ സത്യം, വിശുദ്ധ ഖുർആന്റെയും തിരുനബി (സ)യുടെയും വെശിഷ്ട്യങ്ങൾ എന്നിവ ഈ വിശിഷ്ട കൃതിയിൽ ചർച്ച ചെയ്യുന്നുണ്ട്. ഹദ്റത്ത് അഹ്മദ് (അ) 1876 മുതൽ അദ്ദേഹത്തിന്റെ വിയോഗം വരെ (1908) ദൈവിക വെളിപാടുകൾ കൊണ്ടനുഗൃഹീതനായിരുന്നു. 1882 ൽ അദ്ദേഹത്തിന് ദൈവത്തിൽ നിന്ന് താഴെക്കാണുന്ന വചനങ്ങളിൽ ദൈവിക പരിഷ്ക്കർത്താവായി നിയോഗിച്ചു കൊണ്ടുള്ള ദിവ്യബോധനം ലഭിച്ചു.

ഓ അഹ്മദ്! അല്ലാഹു താങ്കളെ അനുഗ്രഹിച്ചിരിക്കുന്നു. നീ എറിഞ്ഞതെന്തോ അത് നീയല്ല എറിഞ്ഞത്. നിനക്ക് ഖുർആൻ പഠിപ്പിച്ച കരുണാനിധി. ആരുടെ പൂർവപിതാക്കൾക്ക് താക്കീത് ലഭിച്ചില്ലയോ അവരെ ജാഗരിപ്പിക്കാനും വഴിപിഴപ്പിച്ചവരുടെ മാർഗം പ്രകടമാക്കുവാനും വേണ്ടി പ്രഖ്യാപിക്കുക. ഞാൻ ദൈവത്താൽ നിയോഗിതനാകുന്നു. ഞാൻ വിശ്വാസികളിൽ പ്രഥമസ്ഥാനീയനത്ര

(ബറാഹീനെ അഹ്മദിയ്യ)

അദ്ദേഹത്തിന് ഇപ്രകാരം വീണ്ടും വെളിപാട് ലഭിച്ചു.

അവരോട് പറയുക, എന്റെ മേൽ അല്ലാഹുവിൽ നിന്നുള്ള സാക്ഷ്യമുണ്ട്. അപ്പോൾ നിങ്ങൾ വിശ്വസിക്കുമോ? അവരോട് പറയുക, എന്റെ മേൽ അല്ലാഹുവിന്റെ സാക്ഷ്യമുണ്ട്. അപ്പോൾ നിങ്ങൾ സമർപ്പണം ചെയ്യുമോ?

(ബറാഹീനെ അഹ്മദിയ്യാ)

ദൈവിക നിർദേശപ്രകാരം 14ാംനൂറ്റാണ്ടിലെ മുജദ്ദിദ് താനാണെന്ന് ഹദ്റത്ത് അഹ്മദ് (അ) പ്രഖ്യാപിക്കുകയുണ്ടായി. ദൈവാജ്ഞയാൽ 1889 മാർച്ച് 23 ന് ലുധിയാനയിൽ വെച്ച് ശിഷ്യന്മാരിൽ നിന്ന് ആദ്യത്തെ ബെഅത്ത് സ്വീകരിക്കുകയും അഹ്മദിയ്യാ ജമാഅത്ത് രൂപവത്ക്കരിക്കുകയും ചെയ്തു. അഹ്മദിയ്യാ ജമാഅത്തിന്റെ പ്രഥമ ഖലീഫയായ ഹദ്റത്ത് അൽ ഹാജ് ഹാഫിസ് മൗലവി ഹക്കീം നൂറുദ്ദീൻ (റ) ആയിരുന്നു ആദ്യമായി ബെഅത്ത് സ്വീകരിച്ച ശിഷ്യപ്രമുഖൻ. അതേ ദിവസം 40 പേർ ഹദ്റത്ത് അഹ്മദ് (അ)ന് ബെഅത്ത് ചെയ്യുകയുണ്ടായി. ലൗകിക കാര്യങ്ങളേക്കാൾ മതകാര്യങ്ങളിൽ ജീവിതത്തിൽ മുൻതൂക്കം കൽപ്പിക്കുമെന്ന് ശിഷ്യന്മാർ പ്രതിജ്ഞ ചെയ്തു. ക്രി. വ. 1890 ന്റെ അവസാനത്തിൽ, ഈസാ നബി (അ) മരിച്ചു പോയിരിക്കുന്നു എന്ന് അദ്ദേഹത്തിന് ദിവ്യബോധനം ലഭിക്കുകയുണ്ടായി. അതായത് ഈസാ നബി (അ) വാഗ്ദാനം ചെയ്യപ്പെട്ട ഒരു മസീഹായിരുന്നുവെന്നും അദ്ദേഹത്തിന്റെ രണ്ടാം വരവിനെ സംബന്ധിച്ച പ്രവചനം അദ്ദേഹത്തോട് സദൃശ്യമുള്ള മറ്റൊരു വ്യക്തിയിൽ പുലരുമെന്നും ദൈവം ഹദ്റത്ത് അഹ്മദി(അ)നെ അറിയിച്ചു. അദ്ദേഹത്തിന് ലഭിച്ച ദിവ്യബോധനം ഇപ്രകാരമായിരുന്നു:

മറിയമിന്റെ മകനായ മസീഹ് മരണപ്പെട്ട് പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ഗുണങ്ങൾ വാഗ്ദാന പ്രകാരം നിന്നിൽ പുലർന്നിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനം പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും.

(തദ്കിറ)

അല്ലാഹുവിൽ നിന്നുള്ള ഈ വിശദീകരണം ലഭിച്ചതിന് ശേഷം തിരുനബി (സ) പ്രവചിച്ച വാഗ്ദത്ത മഹ്ദിയും മസീഹും താനാണെന്ന് ഹദ്റത്ത് അഹ്മദ് (അ) വാദിക്കുകയുണ്ടായി. തന്റെ ഈ വാദത്തിന് ഉപോൽബലകമായി അദ്ദേഹം ന്യായ വാദങ്ങളുന്നയിക്കുകയും ഗ്രന്ഥങ്ങൾ രചിക്കുകയുമുണ്ടായി. ഫത്ഹെ ഇസ്ലാം (ഇസ്ലാമിന്റെ വിജയം) തൗതീഹെ മറാം (ലക്ഷ്യങ്ങളുടെ വിവരണം) ഇസാലെ ഔഹാം (സന്ദേഹ നിവാരണം) എന്നീ ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്. ജനങ്ങൾക്ക് ആത്മീയ ജീവനം നൽകാൻ ദൈവം തന്നെ നിയോഗിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മതപൗരോഹിത്യം അദ്ദേഹത്തിന്റെ വാദത്തെ നിഷേധിക്കുകയും എതിർപ്പിന്റെ തീക്ഷ്ണമായ കൊടുങ്കാറ്റ് ഉയർത്തി വിടുകയുമുണ്ടായി. ഹദ്റത്ത് അഹ്മദ്(അ) 1894 ൽ അറബിയിൽ രചിച്ച നൂറുൽ ഹഖ് (സത്യത്തിന്റെ പ്രകാശം) എന്ന ഗ്രന്ഥത്തിൽ ദൈവത്തോടുള്ള തന്റെ ഹൃദയ നൊമ്പരത്തോട് കൂടിയുള്ള ആത്മീയ വിലാപം രേഖപ്പെടുത്തിയിരിക്കുന്നു.

ഓ നാഥാ ഞാൻ നിന്നിൽ നിന്നുള്ളവൻ തന്നെയല്ലയോ? എനിക്കെതിരെയുള്ള ശാപവചസ്സുകളും നിഷേധവും എല്ലാ സീമകളേയും അതിലംഘിച്ചിരിക്കുന്നു! ഞങ്ങളുടേയും ഞങ്ങളുടെ ജനതയുടെയും ഇടയിൽ വിധികൽപ്പിക്കേണമേ! നിശ്ചയം നീ തന്നെയാണ് ഏറ്റവും നല്ല വിധികർത്താവ്. ഓ നാഥാ ആകാശത്ത് നിന്ന് നീ എനിക്ക് ഒരു സഹായിയെ നൽകേണമേ. ഞാനിതാ ഒരു ബലഹീനനെ പോലെ അപമാനിതനായിരിക്കുന്നു. ആളുകൾ എന്നെ നിഷേധിക്കുകയും പരിഹാസത്തിന്റെ കോട്ടയിൽ തള്ളുകയും ചെയ്തിരിക്കുന്നു. ബദർ ദിനത്തിൽ തിരുനബി (സ) തുണയേകിയത് പോലെ നീ എന്റെ സഹായത്തിന് വന്നണയേണമേ! കനിവ് കാട്ടേണമേ, ഞങ്ങളുടെ നേരെ അനുതാപ പൂർവം ചായേണമേ! കനിവ് കാട്ടുന്ന പരമകാരുണികൻ നീയാണല്ലോ?

(റൂഹാനീ ഖസായിൻ വാ. 8 ഭാ 6)

അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളിലൊന്ന് സൂര്യചന്ദ്രഗ്രഹണങ്ങളെപറ്റിയുള്ള പ്രവചനം പൂർത്തീകരിക്കപെട്ടില്ല എന്നായിരുന്നു. ഹിജ്റ 1311 (ക്രി. വ. 1994) ൽ തിരുനബി (സ) യുടെ മഹത്തായ പ്രവചന പ്രകാരമുള്ള സൂര്യചന്ദ്രഗ്രഹണങ്ങൾ നിശ്ചിത ദിവസങ്ങളിൽ ഖാദിയാന് മുകളിൽ ദൃശ്യമാക്കിക്കൊണ്ട് അല്ലാഹു ജ്യോതിർമണ്ഡലത്തിലെ ദൃഷ്ടാന്തം പ്രകടമാക്കി. റമദാൻ 13ന് അസ്തമിച്ച രാത്രി ചന്ദ്രഗ്രഹണവും (മാർച്ച്21) റമദാൻ 28ന് ( ഏപ്രിൽ 6) സൂര്യഗ്രഹണവും സംഭവിച്ചു. പഞ്ചാംഗങ്ങളിൽ പ്രതിപാദിക്കപ്പെട്ടത് കൂടാതെ ഈ ഗ്രഹണത്തെ സംബന്ധിച്ച് ഇന്ത്യയിലെ ആസാദ്, സിവിൽ ആന്റ് മിലിറ്ററി ഗസറ്റ് മുതലായ പ്രമുഖ പത്രങ്ങളും വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ഓപോൾസറുടെ ഗ്രഹണത്തിന്റെ സാമാന്യ നിയമം. (Canon of eclipse by Opposlzer) എന്ന പുസ്തകത്തിലും 1894 ൽ പ്രസിദ്ധീകരിച്ച നാവിക പഞ്ചാംഗത്തിലും (Nautical almanac, London) ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, ചന്ദ്രന്റെ ഇപ്പോഴത്തെ സ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളിൽ നിന്ന് റമദാനിലെ 13ഉം 28ഉം ദിവസങ്ങളിലാണ് സൂര്യചന്ദ്രഗ്രഹണങ്ങൾ സംഭവിച്ചതെന്ന് വ്യക്തമാവുന്നു.

ഹിജ്റ 1311 റമദാൻ മാസത്തിൽ (ക്രി.വ. 1894 മാർച്ച്, ഏപ്രിൽ) സംഭവിച്ച ഗ്രഹണങ്ങളുടെ പ്രത്യേകത

ആകാശത്തിലെ അത്ഭുത കരമായ ദൃഷ്ടാന്തം നോക്കിക്കണ്ട ശേഷം വാഗ്ദത്ത മസീഹ് തിരുനബി (സ)യുടെ മഹത്തായ ഈ പ്രവചനം അത്യാഗാധമായ അവബോധം ജനിപ്പിക്കുമാറ് സസൂക്ഷ്മമായ വിശകലനം നടത്തിക്കൊണ്ട് നൂറുൽ ഹഖ് (സത്യത്തിന്റെ പ്രകാശം) എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. മഹ്ദിയുടെ ആഗമന കാലത്ത് സംഭവിക്കുന്ന ഗ്രഹണത്തെ സംബന്ധിച്ച് ഈ ഹദീസ് ദൈവിക വെളിപാടുകളെ അടിസ്ഥാനമാക്കി ഈ ഗ്രന്ഥത്തിൽ ഹദ്റത്ത് അഹ്മദ് (അ) വ്യാഖ്യാനിക്കുകയുണ്ടായി. ചന്ദ്രഗ്രഹണം സംഭവിക്കാൻ സാദ്ധ്യതയുള്ള മൂന്ന് രാവുകളിൽ ആദ്യത്തെ രാവിൽ ചന്ദ്രഗ്രഹണം സംഭവിക്കുകയും സൂര്യഗ്രഹണം നിർദിഷ്ടമായ മുന്നു ദിനങ്ങളുടെ മധ്യത്തിലും സംഭവിക്കുകയും ചെയ്യുമെന്നാണ് ഈ ഹദീസിന്റെ യഥാർഥ വിവക്ഷയെന്ന് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. അതായത് റമദാൻ 13ാം രാവിൽ ചന്ദ്രഗ്രഹണവും 28 ാം രാവിൽ സൂര്യഗ്രഹണവും സംഭവിക്കും.

അത്ഭുതകരമാം വിധം ദൃഷ്ടാന്തീകരിക്കപ്പെട്ട ഈ ഗ്രഹണങ്ങളുടെ സവിശേഷതകളിലേക്ക് വാഗ്ദത്ത മസീഹ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. ആദ്യത്തിലും മദ്ധ്യത്തിലും എന്ന പ്രയോഗം രണ്ട് രീതിയിൽ പൂർത്തീകരിക്കപ്പെടുകയുണ്ടായി. അതായത് തീയതിയെ സംബന്ധിച്ചും സമയത്തെ സംബന്ധിച്ചും. മൂന്നു രാവുകളിലെ ആദ്യത്തെ രാവിൽ ചന്ദ്രഗ്രഹണം സംഭവിക്കുക മാത്രമല്ല രാത്രിയുടെ ആദ്യ യാമങ്ങളിൽ തന്നെ ഖാദിയാനിൽ അത് ദൃശ്യമാവുകയും ചെയ്തു. അത്പോലെ സൂര്യഗ്രഹണം നിർദിഷ്ടമായ മൂന്നു ദിവസങ്ങളിലെ മദ്ധ്യ ദിവസത്തിൽ സംഭവിക്കുക മാത്രമല്ല പൂർവാഹ്നത്തിൽ തന്നെ ഖാദിയാനിൽ അത് ദൃശ്യമാവുകയും ചെയ്തു. പ്രഭാതത്തിലല്ല സൂര്യഗ്രഹണം സംഭവിച്ചത് മദ്ധ്യാഹ്നത്തിന് തൊട്ടു മുമ്പാണ് ഖാദിയാനിൽ അത് ദൃശ്യമായത്.

ഹദീസിൽ പ്രയോഗിച്ച “നിസ്ഫ്” എന്ന പദത്തിന് പകുതി എന്നാണർഥം. കൽക്കത്ത സ്റ്റാന്റേർഡ് സമയ പ്രകാരം ചന്ദ്രഗ്രഹണം വെകുന്നേരം 7 (P.M) മണിക്കും 9:30 (A.M) മണിക്കും ഇടയിലും സുര്യഗ്രഹണം പൂർവാഹ്നത്തിൽ 9 (A.M) മണിക്കും 11 മണിക്കും ഇടയിലാണ് സംഭവിച്ചത്.

ദൈവിക വെളിപാടുകളുടെ സഹായത്താൽ ഹദ്റത്ത് അഹ്മദ്(അ) ഹദീസിന്റെ അതിഗഹനമായ അർഥതലങ്ങളെ വ്യാഖ്യാനിക്കുകയുണ്ടായി.

ചന്ദ്രഗ്രഹണം റമദാൻ ആദ്യരാത്രിയിൽ സംഭവിക്കുമെന്ന പ്രസ്താവനയുടെ അർഥം ഇതാണ്. പൗർണ്ണമി മാസികൾ എന്നറിയപ്പെടുന്ന മൂന്നു പൂർണ ചന്ദ്രരാവുകളിൽ ആദ്യരാത്രിയിൽ ചന്ദ്രഗ്രഹണമുണ്ടാകും. വെളുത്ത രാത്രികൾ എന്നതിന്റെ അർഥം നിങ്ങൾക്കറിയാമല്ലോ. കൂടാതെ പൂർണചന്ദ്രരാവുകളിൽ ആദ്യത്തെ രാത്രി ഇവിടെ ആരംഭത്തിൽ തന്നെ ഗ്രഹണം സംഭവിക്കുമെന്ന സുചന ഇതിലടങ്ങിയിരിക്കുന്നു. രാത്രിയുടെ അവസാനയാമങ്ങളിലല്ല. അറിവുള്ളവർക്ക് ഇക്കാര്യം എളുപ്പം മനസ്സിലാവും. ഈ രാജ്യത്തെ അനേകം പേരുടെ ദൃക്സാക്ഷ്യത്തോടെയാണ് ചന്ദ്രഗ്രഹണം സംഭവിച്ചത്.

(നുറുൽ ഹഖ്, വാല്യം 2)

സൂര്യഗ്രഹണത്തെ സംബന്ധിച്ച് അദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി.

സൂര്യഗ്രഹണം മദ്ധ്യത്തിൽ ഉണ്ടാവുമെന്ന് പറഞ്ഞതിന്റെ അർഥം സൂര്യഗ്രഹണങ്ങൾ സംഭവിക്കാവുന്ന ദിനങ്ങളെ പകുതിയാക്കുക. പകുതിയാക്കുമ്പോൾ രണ്ടാമത്തെ പകുതിയിലാണ് ഗ്രഹണം സംഭവിക്കേണ്ടത്. ഇത് രണ്ടാമത്തെ ദിവസത്തെ മദ്ധ്യാഹ്നത്തിന് അപ്പുറം കടക്കാൻ പാടില്ല. കാരണം മദ്ധ്യാഹ്നമാണല്ലോ പകുതിയുടെ അതിർത്തി. അതായത് അല്ലാഹു വിധിച്ച പ്രകാരം ചന്ദ്രഗ്രഹണം സംഭവിക്കാവുന്ന മൂന്നു രാത്രിയിലെ ആദ്യരാത്രിയിൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണം സംഭവിക്കാവുന്ന പകൽ ദിനങ്ങളിലെ മദ്ധ്യ നേരത്ത് സൂര്യഗ്രഹണവും പ്രവചന പ്രകാരം നടക്കുകയുണ്ടായി. ലോക പരിഷ്ക്കരണത്തിനായി നിയുക്തരാവുന്ന അല്ലാഹുവിന്റെ വരിഷ്ഠദാസർക്കല്ലാതെ പരോക്ഷ ജ്ഞാനങ്ങൾ വെളിപ്പെടുത്തുകയില്ല. ചുരുക്കത്തിൽ ഈ ഹദീസ് അല്ലാഹുവിന്റെ ദൂതനിൽ നിന്നുള്ളത് തന്നെയെന്നതിന് യാതൊരു സംശയവുമില്ല.

(നൂറുൽഹഖ് രണ്ടാം വാല്യം)

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ വിഷയത്തെ സംബന്ധിച്ച് വിനീതനായ എനിക്ക് പഠിക്കാനവസരം ലഭിക്കുകയുണ്ടായി. അഹ്മദിയ്യാ ജമാഅത്തിന്റെ നാലാം ഖലീഫ ഹദ്റത്ത് മിർസാ ത്വാഹിർ അഹ്മദ് അവർകളിൽ നിന്നും നിർലോഭമായ പ്രാത്സാഹനവും ശ്രദ്ധയും പ്രാർഥനയും ഇക്കാര്യത്തിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. ലണ്ടനിൽ വെച്ച് ഹുസൂറുമായി നടന്ന സംഭാഷണത്തിൽ ഞാൻ പറയുകയുണ്ടായി “നിഫ്സും മിൻഹു” എന്ന പദം രണ്ട് വിധത്തിൽ പുലർന്നിട്ടുണ്ട്. തീയതിയെ സംബന്ധിച്ചും സമയത്തെ സംബന്ധിച്ചും. ആ സന്ദർഭത്തിൽ മൂന്നാമതൊരു രീതിയിലും ഈ പ്രവചനം സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഹുസൂർ എന്നോട് പറഞ്ഞു. അതായത് ഗ്രഹണം ഭൂമിയുടെ ഒരു അർധഗോളം മുഴുക്കെ ദൃശ്യമായി എന്നുള്ളതാണ്. ഹുസൂർ തുടർന്നു പറഞ്ഞു: ഈ പ്രവചനം തിരുനബി (സ) യുടെ മഹത്വത്തെ കാണിക്കുന്നു. അതുപോലെ തന്നെ വാഗ്ദത്ത മഹ്ദി(അ)യുടെ സത്യതക്കുള്ള ഉത്തമ നിദർശനവുമത്ര ഇത്.

മുകളിൽ പറഞ്ഞത് പോലെ വിശുദ്ധ ഖുർആൻ ചന്ദ്രഗ്രഹണത്തേയും സൂര്യഗ്രഹണത്തേയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഖുർആൻ ഇവിടെ ചന്ദ്രഗ്രഹണത്തിന് “കസഫ” എന്ന പദമാണ് ഉപയോഗിച്ചത്. ഇതിനെ വ്യാഖ്യാനിച്ചു കൊണ്ട് വാഗ്ദത്ത മസീഹ്(അ) പറഞ്ഞു:

ഖുർആൻ സൂര്യഗ്രഹണത്തെ പ്രതിപാദിക്കാൻ കസൂഫ് എന്ന പദം പ്രയോഗിക്കാത്തത് മറ്റൊരു കാര്യത്തിലേക്ക് സൂചന നൽകുന്നു. അതായത് ചന്ദ്രഗ്രഹണത്തിന് ശേഷം സംഭവിച്ച ഈ സുര്യഗ്രഹണം അസാധാരണവും അപൂർവവുമായ ഒന്നാണ്. നിങ്ങൾ ഇതിലേക്ക് ദൃക്സാക്ഷികളെ അന്വേഷിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുകയാണെങ്കിൽ വിചിത്രവും അസാധാരണവുമായ സവിശേഷതകൾ ഈ ഗ്രഹണത്തിനുള്ളതായി കാണാം. പയനീർ (Pioneer), സിവിൽ ആന്റ് മിലിറ്ററി ഗസറ്റ് (Civil and Military Gazette) എന്നീ പത്രങ്ങൾ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 1894 മാർച്ചിലാണ് ഈ രണ്ട് പത്രങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചത്.

(നൂറുൽ ഹഖ് വാല്യം 2 )

ഗ്രഹണങ്ങൾ രണ്ട് വിധത്തിലുണ്ട്. ഒന്ന് വ്യക്തമായി കാണുന്നതും മറ്റൊന്ന് അവ്യക്തമായവയും. പ്രാഫ. മിച്ചൽ (J.A. Mitchell) ഗ്രഹണങ്ങളെ നാലായി വർഗീകരിക്കുകയുണ്ടായി.

  1. അപൂർണം(Partial)
  2. വലയാകാരം (Annular)
  3. സമ്പൂർണം(Total)
  4. വലയാകാര സമ്പൂർണം (Annular Total)
The darkest phases of solar eclipses.
@timeanddate.com

അപൂർണ ഗ്രഹണ സമയത്ത് സൂര്യൻ പൂർണമായും മറക്കപ്പെടുന്നില്ല.

വലയാകാര ഗ്രഹണമെന്നാൽ സൂര്യന്റെ മദ്ധ്യഭാഗം കറുത്തതായി കാണാം അതിന് ചുറ്റും പ്രകാശം ഒരു വലയം പോലെ ജ്വലിച്ചു നിൽക്കും.

സമ്പൂർണം സൂര്യഗ്രഹണത്തിൽ സൂര്യൻ പൂർണമായും മറയ്ക്കപ്പെടും.

വലയാകാര സമ്പൂർണ സൂര്യഗ്രഹണം എന്നാൽ ഈ പദം സൂചിപ്പിക്കുന്നത് പോലെ വലയാകാരത്തിനും സമ്പൂർണതക്കും മദ്ധ്യേയുള്ള ഗ്രഹണമാണ്. അതായത് ഇത്തരം ഗ്രഹണങ്ങളിൽ ചന്ദ്രന്റെ നിഴലിന്റെ ശീർഷബിന്ദു (Vertex) ഭൂമിയിൽ തൊട്ടു നിൽക്കുന്നു. മേൽ വിവരിച്ച നാല് ഗ്രഹണങ്ങളിൽ വെച്ച് വലയാകാര സമ്പൂർണ സൂര്യഗ്രഹണം വളരെ അപൂർവമാണ്.

പ്രാഫ. മിച്ചൽ കഴിഞ്ഞ കാലത്ത് സംഭവിച്ച ഗ്രഹണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. ഒരു നൂറ്റണ്ടിൽ ഏകദേശം 237 ഗ്രഹണങ്ങളാണ് സംഭവിക്കുക. അതിൽ പത്തെണ്ണം മാത്രമേ വലയാകാര സമ്പൂർണം (Annular Total) ആകാറുള്ളൂ. ഹിജ്റ വർഷം 1311 ലെ റമദാൻ 28ന് സംഭവിച്ച സൂര്യഗ്രഹണം ഇത്തരത്തിലുള്ള വലയാകാര സമ്പൂർണ ഗ്രഹണമാണ്. ഇത് സാധാരണ സംഭവിക്കുന്ന മറ്റു ഗ്രഹണങ്ങളിൽ നിന്ന് വാഗ്ദത്ത മസീഹിന് അടയാളമായി സംഭവിച്ച ഗ്രഹണത്തെ വേർതിരിച്ചു നിർത്തുന്നു.

മറ്റൊരു പ്രത്യേകത ഈ സൂര്യഗ്രഹണങ്ങൾ രണ്ടും ഇന്ത്യയിൽ ദൃശ്യമായിരുന്നു. ചന്ദ്രഗ്രഹണം ഭൂമിയുടെ ഒരർധഗോളം മുഴുവൻ ദൃശ്യമാവുന്നതാണ്. എന്നാൽ സൂര്യഗ്രഹണം ചന്ദ്രഗ്രഹണത്തെ അപേക്ഷിച്ച് ചുരുങ്ങിയ മേഖലയിൽ മാത്രമേ ദൃശ്യമാവുകയുള്ളൂ. സൂര്യഗ്രഹണം ചിലപ്പോൾ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തോ സമുദ്ര മേഖലയിലോ ദൃശ്യമാകാറുണ്ട്. എന്നാൽ 1894 ഏപ്രിൽ 6ാം തീയതി സംഭവിച്ച ഗ്രഹണം ഇന്ത്യയടക്കം ഏഷ്യയിലെ വിശാലമായ ഭൂമേഖലയിൽ കാണപ്പെടുകയുണ്ടായി.

പ്രാഫ. ടി ആർ വോൺ ഒപ്പോൾസർ, സംഭവിച്ചു കഴിഞ്ഞതും ഭാവിയിൽ സംഭവിക്കാൻ പോകുന്നതുമായ ഗ്രഹണങ്ങളും ബി. സി 1208 മുതൽ എഡി 2161 വരെയുള്ള കാലയളവിലെ പട്ടിക, ഗ്രഹണത്തിന്റെ സാമാന്യ നിയമങ്ങൾ (Canon of Eclipse) എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മേപ്പുകളുടെ സഹായത്തോടെ വ്യക്തമായ ഗ്രഹണ പഥങ്ങൾ അദ്ദേഹം ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപൂർണം, സമ്പൂർണം, വലയാകാരം, സമ്പൂർണ വലയാകാരം എന്നീ രീതിയിൽ ഈ ഗ്രഹണങ്ങളെ വർഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 1894 ഏപ്രിൽ 6-ാം തീയതി (ഹിജ്റ വർഷം 1311 റമദാൻ 28) നടന്ന ഗ്രഹണത്തിന്റെ വിവരണവും ഈ പുസ്തകത്തിലുണ്ട്.

1894 ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച നാവിക പഞ്ചാംഗത്തിലും ഈ സൂര്യഗ്രഹണപഥം രേഖപ്പെടുത്തിയിട്ടുണ്ട്. (Nautical Almanac, London, 1894) വാഗ്ദത്ത മസീഹും അനുചരസംഘവും ഈ ഗ്രഹണങ്ങൾ ഖാദിയാനിൽ ദർശിക്കുകയുണ്ടായി. ഈ മഹത്തായ ദൃഷ്ടാന്തം ഈ രാജ്യത്ത് പ്രത്യക്ഷീഭവിച്ചതിന്റെ യാഥാർഥ്യം ജനങ്ങൾ ചിന്തിക്കട്ടെ എന്ന് വാഗ്ദത്ത മസീഹ് (അ) പ്രസ്താവിക്കുകയുണ്ടായി. അദ്ദേഹം തുടരുന്നു:

അല്ലയോ ദൈവദാസരെ, നിങ്ങൾ ആലോചിക്കുകയും ചിന്തിക്കുകയും ചെയ്യുക. മഹ്ദി അറേബ്യയിലോ സിറിയയിലോ പ്രത്യക്ഷമാവുകയും അദ്ദേഹത്തിനുള്ള അടയാളം നമ്മുടെ നാട്ടിൽ പ്രകടമാവുകയും ചെയ്യുക എന്നത് വിഹിതമാണെന്ന് നിങ്ങൾ ധരിക്കുന്നുണ്ടോ?. അടയാളങ്ങൾ സാക്ഷ്യം വഹിക്കേണ്ട വ്യക്തിയിൽ നിന്നും അടയാളങ്ങൾ വേർപ്പെടുത്തുക എന്നത് ദൈവജ്ഞാനത്തിന് ചേർന്നതല്ല. മഹ്ദി പൂർവദിക്കിൽ പ്രത്യക്ഷമാകുകയും അടയാളം പശ്ചിമ ദിക്കിൽ പ്രത്യക്ഷമാകുകയും ചെയ്യുക എന്നത് സംഗതമാകുമോ? (നൂറുൽ ഹഖ് ഭാ.2)

ചുരുക്കത്തിൽ നമ്മുടെ പ്രാണപ്രിയനായ പുണ്യനബി (സ) ചെയ്തിട്ടുള്ള പ്രവചനം അതിസൂക്ഷ്മമായും മഹിത ശോഭയോടെയും പൂർത്തീകരിക്കപ്പെട്ടു.

അനുഗ്രഹ സമ്പൂർണനായ ദൈവം ഏറ്റവും നല്ലനിലയിൽ സൃഷ്ടിക്കുന്നവനാണ്. (23:15 വിശുദ്ധ ഖുർആൻ)

ക്രി. വ 17 ാം നൂറ്റാണ്ടിലാണ് സർ ഐസക്ക് ന്യൂട്ടൺ ഭൂമിയുടെ ആകർഷണ തത്ത്വം കണ്ടു പിടിച്ചത്. ഗ്രഹണത്തെ സംബന്ധിച്ച അതിസൂക്ഷ്മമായ ഗണനങ്ങൾ ഈ കണ്ടു പിടുത്തത്തിനു മുമ്പ് അസാദ്ധ്യമായിരുന്നു. പക്ഷേ നമ്മുടെ യജമാനനും പ്രവാചക പ്രഭുവുമായ തിരുനബി (സ) സർവജ്ഞനായ ദൈവത്തിൽ നിന്നുണ്ടായ അറിയിപ്പ് പ്രകാരം അതിശയകരമായ ഈ പ്രവചനം അറിയിക്കുകയുണ്ടായി. വാഗ്ദത്ത മസീഹിന്റെ ആവിർഭാവത്തെ സൂചിപ്പിക്കുന്നതിനായി ഇതിനേക്കാൾ വ്യക്തമായ ഒരു ആകാശ ദൃഷ്ടാന്തം മറ്റെന്തുണ്ട് ? പരിശുദ്ധനായ അല്ലാഹു വിനത്ര സർവ സ്തുതിയും. ഓ നാഥാ! മുഹമ്മദിലും അവിടത്തെ സന്താന പരമ്പരകളിലും നിന്റെ അനുഗ്രഹങ്ങൾ വർഷിക്കേണമേ!

(തുടരും)

ലേഖകൻ : പ്രൊഫസർ ഡോ. ഹാഫിസ് സലേഹ് മുഹമ്മദ് അല്ലാദിൻ

(ജനനം : 3 മാർച്ച് 1931, ഇന്ത്യയിലെ ഹൈദരാബാദിൽ; മരണം മാർച്ച് 20, 2011 അമൃത്സറിൽ)

അദ്ദേഹം ഒരു പ്രമുഖ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു. 1963ൽ ചിക്കാഗോ സർവകലാശാലയിൽ നിന്നും പിഎച്ച്ഡി ലഭിച്ചു. ലോകത്തിലെ പ്രശസ്തരായ 100 ജ്യോതിശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം, ഇന്ത്യയുടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു.

നിരവധി പുസ്തകങ്ങൾ എഴുതുകയും നൂറുകണക്കിന് ലേഖനങ്ങൾ എഴുതുകയും അമ്പതിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ പ്രൊഫസറായി സേവനം ചെയ്തിരുന്നു, സർവകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗത്തിലെ സെന്റർ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുടെ ഡയറക്ടറായിരുന്നു.

ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ, അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലാസ്മ സയൻസ് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഫോർ ജനറൽ റിലേറ്റിവിറ്റി ആൻഡ് ഗ്രാവിറ്റി, ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്സ് ടീച്ചേഴ്സ് തുടങ്ങിയ നിരവധി ശാസ്ത്ര സമൂഹങ്ങളിൽ അംഗമായിരുന്നു.