‘തലാഖ്’ വിവാഹമോചനം

യുക്തിവാദി സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീ. യു. കലാനാഥന്റെ ഇസ്‌ലാമിന്നെതിരായ പന്ത്രണ്ട് ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് ‘ഇസ്‌ലാം പ്രബുദ്ധതയുടെ മതം’ എന്ന പുസ്തകം.

അവലമ്പം : ‘ഇസ്‌ലാം പ്രബുദ്ധതയുടെ മതം’, എൻ. അബ്ദുർറഹീം

ആക്ഷേപം:
മരണമടഞ്ഞ തലമുറകളുടെ അഭിപ്രായങ്ങള്‍ കൊണ്ട് ജീവിച്ചിരിക്കുന്ന ജനങ്ങളെ ഭരിക്കുവാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ അനുഭവങ്ങളെ അത് മാനിക്കുന്നില്ല.

ഉദാഹരണം:
ഭാര്യ അറിയാതെ മൂന്നുതവണ തലാഖ് ചൊല്ലിയാലും വിവാഹം ദുര്‍ബ്ബലമാകുന്ന നിയമം ജീവനുള്ള മനുഷ്യസ്ത്രീകളെ ഉപഭോഗപദാര്‍ത്ഥങ്ങളായി തരം താഴ്ത്തുന്നതിനും കഷ്ടപ്പെടുത്തുന്നതിനും കാരണമാക്കുകയാണ്. യൂനിഫോം സിവില്‍കോഡിനെ എതിര്‍ക്കാനും ഇവിടെ ശരീഅത്ത് ഉപകരണമാണല്ലോ!

മറുപടി:

മരണമടഞ്ഞവര്‍ ഉയര്‍ത്തിപ്പിടിച്ച ശാശ്വതസത്യങ്ങള്‍ ജീവിച്ചിരിക്കുന്ന തലമുറയില്‍ സ്വാധീനം ചെലുത്തുന്നുവെങ്കില്‍ തടയാനാവില്ല. യുഗങ്ങളിലൂടെ അനുഭവപരമായി തെളിയിക്കപ്പെട്ട സത്യങ്ങളെയാണ്, എക്കാലവും തെളിയിക്കാവുന്ന ശാശ്വതസത്യങ്ങളെയാണ് മതം അഥവാ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. ഭാര്യയറിയാതെ മൂന്നുതവണ തലാഖ് ചൊല്ലിയാലും വിവാഹം ദുര്‍ബ്ബലമാകുന്ന നിയമം ഇസ്‌ലാമിലില്ല. ശ്രീ. കലാനാഥന്‍ വിവരക്കേട് വിളമ്പുന്നു. ഇസ്‌ലാമിലെ വൈവാഹിക കുടുംബനിയമങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതല്‍ പഠിക്കണം. വയറ്റുപിഴപ്പിനുവേണ്ടി ഏതെങ്കിലും ഖാസിയാരോ മൊയില്യാരോ കാണിക്കുന്ന കുസൃതിത്തരങ്ങളോ ഖുര്‍ആന്റെ വ്യക്തമായ വിധികള്‍ അവഗണിച്ച സ്വാര്‍ത്ഥംഭരികള്‍ പടച്ചുണ്ടാക്കിയ ചട്ടങ്ങളോ അല്ല ഇസ്‌ലാമിക നിയമങ്ങള്‍. ഖുര്‍ആനാണ് മുസ്‌ലിംകളുടെ പ്രമാണഗ്രന്ഥം. നാടോടിക്കഥകളല്ല, നിയമങ്ങള്‍ക്കാധാരമായ പ്രമാണവാക്യങ്ങളാണ് കേള്‍ക്കേണ്ടത്.

‘ശരീഅത്ത് നിയമങ്ങള്‍’ എന്ന പേരില്‍ ഉണ്ടാക്കിയ മുസ്‌ലിംവ്യക്തി നിയമം (Muslim Personal Law) ഇസ്‌ലാമിക ശരീഅത്തിനെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്നു എന്ന് പറയുന്നത് ശരിയല്ല. ഇസ്‌ലാമികമല്ലാത്ത ചില വശങ്ങള്‍ അതിലുണ്ട്. എല്ലാവരും അംഗീകരിക്കുന്ന പരമാര്‍ത്ഥമാണിത്. ആ അപാകം ചൂണ്ടിക്കാട്ടി ഇസ്‌ലാം മതസിദ്ധാന്തങ്ങളെയും ഖുര്‍ആനെയും വിമര്‍ശിക്കാന്‍ പറ്റില്ല. ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ മുന്‍നിറുത്തിയാണ് താത്ത്വിക വിവാദം നടത്തേണ്ടത്. ഇസ്‌ലാമിലെ വിവാഹമോചനനിയമത്തെപറ്റി തെറ്റുധാരണകളും അവയെ അടിസ്ഥാനമാക്കി ഒട്ടേറെ ആക്ഷേപങ്ങളും നിലിനില്‍ക്കുന്നുണ്ട്. സുബോധമില്ലാതെയും തോന്നിയപോലെയും എപ്പോഴെന്നില്ലാതെയും ഭാര്യയെ മൊഴിചൊല്ലിപ്പിരിക്കാന്‍ ഇസ്‌ലാമില്‍ പുരുഷനു സ്വാതന്ത്ര്യമുണ്ടെന്നും, ഭാര്യ അറിയാതെ അവളെ കയ്യൊഴിച്ചതായി മൂന്നുവട്ടം പുരുഷന്‍ പറഞ്ഞാല്‍ വിവാഹമോചനമാകുമെന്നും മറ്റുമാണ് പൊതുവെ പുലര്‍ത്തിപ്പോരുന്ന ധാരണ.

വിവാഹമോചനം ഒരു പരിതസ്ഥിതിയിലും അനുവദിക്കാത്ത സമൂഹത്തില്‍പെട്ടവര്‍ ഇസ്‌ലാമിലെ വിവാഹമോചന സ്വാതന്ത്ര്യത്തെ വികൃതമായി വിവരിക്കുകയും, ‘മൂന്നു തുപ്പലിന്റെ ബന്ധം’ ആയി അതിനെ ചിത്രീകരിക്കുകയും ചെയ്യുന്നു. വിവാഹമോചനസ്വാതന്ത്ര്യത്തെ മുസ്‌ലിംകള്‍ വളരെയേറെ ദുരുപയോഗപ്പെടുത്തീട്ടുള്ളതും ഇസ്‌ലാമിനെ തെറ്റുധരിക്കാന്‍ കാരണമായിട്ടുണ്ട്. ഇതുസംബന്ധിച്ച ഇസ്‌ലാമിന്റെ യഥാര്‍ത്ഥപാഠ മെന്തെന്നു പഠിക്കാനും പരിശോധിക്കാനും അധികമാരും മിനക്കെടാറില്ലെന്നതാണ് സത്യം.

യുക്തിവാദികളാണെങ്കില്‍ മതത്തില്‍ ഒരു നന്മയുമില്ലെന്ന മുന്‍വിധിക്കാരാകയാല്‍ ഒരിക്കലും സത്യം അംഗീകരിക്കാന്‍ തയ്യാറാകാറുമില്ല. ഇസ്‌ലാമിക നിയമനിര്‍ദ്ദേശങ്ങളെന്നോണം മുസ്‌ലിംകള്‍ അനുവര്‍ത്തിച്ചു പോരുന്ന സമ്പ്രദായങ്ങളും ആചാരങ്ങളുമെല്ലാം യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമികമാണെന്നോ മുസ്‌ലിംനിയമങ്ങളായി കരുതിപ്പോരുന്നതെല്ലാം ഖുര്‍ആനികമാണെന്നോ വിചാരിച്ചുകൂടാത്തതാണ്.

വിവാഹം, വിവാഹമോചനം, ദായക്രമം മുതലായ വിഷയങ്ങളില്‍ വിവിധ മുസ്‌ലിംകക്ഷികള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ വിഭിന്നനിയമങ്ങള്‍ സ്വീകരിച്ചുപോന്നിട്ടുണ്ട്. ആ നിയമങ്ങളെല്ലാം ഇസ്‌ലാമികങ്ങളല്ല. മറ്റു നിയമങ്ങളുടെ സ്വാധീനത്തിലും, ചില പ്രാദേശിക സാമൂഹികനിര്‍ബന്ധങ്ങളാലും മുസ്‌ലിംകുടുംബനിയമങ്ങള്‍ പല രൂപമാറ്റങ്ങള്‍ക്കും വിധേയമായിരുന്നിട്ടുണ്ട്. നിരുപദ്രവങ്ങളെന്നുവെച്ചു സ്വീകരിച്ച ചില മര്യാദകള്‍ ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ക്കെതിരായവിധം കാലക്രമത്തില്‍ മാറിത്തിരിഞ്ഞു പോകയാണുണ്ടായത്. വടക്കെമലബാറില്‍ അടുത്തകാലം വരെ മുസ്‌ലിംകള്‍ മരുമക്കത്തായം അംഗീകരിച്ചുപോന്നിരുന്നു. 1937ല്‍ ‘ശരീഅത്ത് നിയമം’ പ്രാബല്യത്തില്‍ വന്നതോടെ മാത്രമാണ് മക്കത്തായം നിലവില്‍ വന്നത്.

ഭര്‍ത്താവ് ഭാര്യാഗൃഹത്തില്‍ താമസിക്കുന്ന സമ്പ്രദായം വടക്കെമലബാറില്‍ ഇന്നും കാണാം. മരുമക്കത്തായത്തിന്റെ സ്വാധീനത്തില്‍ നടപ്പായ ഈ സമ്പ്രദായം ഇസ്‌ലാമികരീതിയല്ല. സുന്നി, ശിയാ കക്ഷിക്കാര്‍ക്കിടയിലും സുന്നികളില്‍ത്തന്നെ ശാഫി ഹനഫി വിഭാഗങ്ങള്‍ക്കിടയിലും വ്യത്യസ്ത സമ്പ്രദായങ്ങള്‍ നിലനിന്നുപോന്നിട്ടുണ്ട്. ഇസ്‌ലാമികനിയമങ്ങളുടെ മൂലാധാരം വിശുദ്ധഖുര്‍ആനാണ്. അത് വള്ളിപുള്ളി വ്യത്യാസമില്ലാതെ സുരക്ഷിതമായി ഇന്നും നില കൊള്ളുന്നതിനാലും നബിശ്രേഷ്ഠന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ വിശ്വാസയോഗ്യങ്ങളായ നിലയില്‍ രേഖപ്പെട്ടു കിടക്കുന്നതിനാലും യഥാര്‍ത്ഥ ഇസ്‌ലാം മതപാഠങ്ങളെന്തെന്നും പില്‍ക്കാലത്തെ വൈകൃതങ്ങളെന്തൊക്കെയെന്നും വേര്‍തിരിച്ചറിയുവാന്‍ സാദ്ധ്യമാണെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. ഈ ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബനിയമങ്ങള്‍ പുനഃസംഘടിപ്പിക്കുകയാണാവശ്യം.

വിവാഹമോചനം അനുവദിക്കപ്പെടാമോ എന്നതാണ് ഇവിടെ അടിസ്ഥാനപ്രശ്‌നം. നിയമം ദുരുപയോഗപ്പെടുത്തുന്നു അഥവാ ലംഘിക്കപ്പെടുന്നു എന്നത് ഒരു നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യാന്‍ പര്യാപ്തമല്ല. ഇസ്‌ലാമില്‍ വിവാഹം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഒരു കരാര്‍ (Contract) ആണ്. ക്രിസ്തുമതത്തിലോ ഹിന്ദുമതത്തിലോപോലെ അപരിച്ഛേദ്യമായ ഒരു പുണ്യബന്ധം (Sacrament) ആയി വിവാഹത്തെ ഇസ്‌ലാം കണക്കാക്കുന്നില്ല. വിവാഹമോചനം അനുവദിച്ചിട്ടില്ലാത്ത സമുദായക്രമത്തില്‍ അതുകാരണം തന്നെ മനോരോഗങ്ങളും ആത്മഹത്യകളും കുടുംബകലഹങ്ങളും കൊലപാതകങ്ങളും വളരെയാണ്. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം ലളിതവും സുസാദ്ധ്യവുമാക്കിത്തീര്‍ക്കാനുള്ള നിയമപരിഷ്‌കരണ സംരംഭങ്ങള്‍ മേല്‍പറഞ്ഞ മതങ്ങള്‍ക്ക് പ്രാബല്യമുളള നാടുകളില്‍ നടക്കുകയും തദനുസൃതമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്തുവരുന്നു.

ക്രിസ്തുമതത്തിന് പ്രാബല്യമുള്ള യൂറോപ്പിലും അമേരിക്കയിലും ഇന്ന് കുടുംബബന്ധങ്ങളുടെ നിലയെന്താണെന്നും വിവാഹമോചനങ്ങളുടെ പെരുപ്പവും ആവര്‍ത്തനവും എത്രത്തോളമാണെന്നും നോക്കിക്കണ്ടാല്‍ മതിയാകും. ശാസ്‌ത്രോക്തമായ വിവാഹം അപരിച്ഛേദ്യമാണെന്നു കരുതിപ്പോന്ന ഹിന്ദുസമൂഹത്തില്‍ ‘ഹിന്ദുകോഡ്’ മുഖേന വിവാഹമോചനത്തിനു ഇന്നു ഉറപ്പ് വരുത്തപ്പെട്ടിരിക്കുന്നു. മനുഷ്യര്‍ ഉണ്ടാക്കിയ ബന്ധങ്ങള്‍ വേര്‍പെടുത്താന്‍ മനുഷ്യനു സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്ന പ്രകൃതിതത്ത്വം അംഗീകരിക്കപ്പെടാതെ നിവൃത്തിയില്ല.

ക്രിസ്തീയപുരോഹിതന്മാരും ആര്യസമാജപണ്ഡിതന്മാരും വിവാഹമോചനത്തിന്റെ പേരില്‍ ഇസ്‌ലാമിനെ ആക്ഷേപിച്ചു പോന്നിട്ടുണ്ടെങ്കിലും എല്ലാ ക്രിസ്തീയരാജ്യങ്ങളിലും ഇന്ത്യയിലും വിവാഹമോചനനിയമം നടപ്പായിക്കഴിഞ്ഞു. കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള ഇറ്റലിയില്‍ 1969 ലാണ് വിവാഹമോചനനിയമം ബിഷപ്പുമാരുടെ എതിര്‍പ്പുകളെ വകവെക്കാതെ ചേമ്പര്‍ ഓഫ് ഡപ്യൂട്ടീസിന്റെ ജസ്റ്റിസ് കിറ്റി അംഗീകരിച്ചു പാസ്സാക്കിയത്. ഇതേ കൊല്ലം തന്നെയാണ് ബ്രിട്ടണിലെ വിവാഹമോചനം കൂടുതല്‍ ഉദാരമാക്കിക്കൊണ്ടുള്ള പരിഷ്‌കരണ നിയമം കോമണ്‍സ് സഭ പാസ്സാക്കിയതും. പുനഃസ്ഥാപിക്കാന്‍ സാദ്ധ്യമാകാത്ത ദാമ്പത്യതകര്‍ച്ച വിവാഹമോചനത്തിനുള്ള ഏക കാരണമായി അംഗീകരിച്ചുകൊണ്ടുള്ളതാണ് പ്രസ്തുതനിയമം. 1

വിവാഹമോചനം ഇസ്‌ലാമില്‍ പ്രയാസപൂര്‍ണ്ണമായ ഒരു പ്രക്രിയയാണ്.

1. ഖുര്‍ആന്റെയും നബിയുടെയും നിര്‍ദ്ദേശോപദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരുവനും അന്യായമായി ഒരു സ്ത്രീയെ മൊഴിചൊല്ലിപ്പിരിക്കാന്‍ സാദ്ധ്യമേയല്ല.

നബി അരുളി:
أَبْغَضُ الْحَلاَلِ إِلَى اللَّهِ تَعَالَى الطَّلاَقُ

 ”അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിന്റെ പക്കൽ ഏറ്റവും അനിഷ്ടമായിട്ടുള്ളത് വിവാഹമോചനമാകുന്നു.” (അബൂദാവൂദ്)

2. വിവാഹവേളയില്‍ പുരുഷന്‍ അവന്റെ നിലയ്‌ക്കൊത്ത് സ്ത്രീയ്ക്ക് നല്‍കാന്‍ ബാദ്ധ്യതപ്പെട്ട വിവാഹമൂല്യം അഥവാ മഹര്‍ വിവാഹമോചനത്തോടെ അയാള്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാകുന്നതിനാല്‍ വിവാഹമോചനത്തിന് ഒരു മുസ്‌ലിം ബദ്ധപ്പെടുകയില്ല. ഈ വിവാഹമൂല്യം സ്ത്രീയ്ക്ക് കോടതിമുഖേന നേടിയെടുക്കാവുന്നതും അവള്‍ക്കുമാത്രം അവകാശപ്പെട്ടതുമായ സ്വത്താണെന്ന കാര്യം ഓര്‍ക്കണം. ഈ ബാദ്ധ്യത പൂര്‍ത്തിയാക്കാത്തനിലയില്‍ തലാഖ് സാദ്ധ്യമേ അല്ല.

ഖുര്‍ആന്‍ പറയുന്നു:

وَ اٰتُوا النِّسَآءَ صَدُقٰتِہِنَّ نِحۡلَۃً

”അവര്‍ക്ക് പാരിതോഷികമായിട്ട് അവരുടെ വിവാഹ മൂല്യം നല്‍കുവിന്‍” (4:5)

فَاٰتُوۡہُنَّ اُجُوۡرَہُنَّ فَرِیۡضَۃً

”അവര്‍ക്കായി നിശ്ചയിക്കപ്പെട്ട പ്രതിഫലം നിങ്ങള്‍ അവര്‍ക്ക് നല്‍കുവിന്‍” (4:25)

3. ഇഷ്ടമുള്ളപ്പോള്‍ തോന്നിയപോലെ തലാഖ് ചൊല്ലാന്‍ ഒരു മുസ്‌ലിമിന് സാദ്ധ്യമല്ല. ഖുര്‍ആന്‍ പറയുന്നു:

اِذَا طَلَّقۡتُمُ النِّسَآءَ فَطَلِّقُوۡہُنَّ لِعِدَّتِہِنَّ وَ اَحۡصُوا الۡعِدَّۃَ ۚ وَ اتَّقُوا اللّٰہَ رَبَّکُمۡ

”നിങ്ങള്‍ ഭാര്യമാരെ ഉപേക്ഷിക്കുകയാണെങ്കില്‍ നിര്‍ണ്ണിതകാലത്ത് അവരെ ഉപേക്ഷിക്കുവിന്‍. ‘ഇദ്ദ’ കാലം കണക്കാക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുവിന്‍.” (65:2) അതായത്, സ്ത്രീയുടെ ആര്‍ത്തവകാലത്ത് തലാഖ് പാടില്ല.

4. ‘തലാഖ്’ നല്‍കപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണോ എന്നു നിര്‍ണ്ണയിക്കാനുള്ള കാലയളവുവരെ വിവാഹമോചനം പ്രാബല്യത്തില്‍ വരുന്നില്ല. ഖുര്‍ആന്‍ പറയുന്നു:

وَ الۡمُطَلَّقٰتُ یَتَرَبَّصۡنَ بِاَنۡفُسِہِنَّ ثَلٰثَۃَ قُرُوۡٓءٍ

”തലാഖ് ചൊല്ലപ്പെട്ട സ്ത്രീകള്‍ മൂന്നു ഋതുകാലം കാത്തിരിക്കണം.” (2:229)

അതായത്, സ്ത്രീ ഗര്‍ഭം ധരിച്ചിട്ടുണ്ടോയെന്ന് ഉറപ്പിക്കുന്നതുവരെ അവള്‍ മറ്റൊരാളെ വേള്‍ക്കരുത്. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ തന്റെ പ്രജയുണ്ടെന്ന വസ്തുത അയാളെ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുമെന്നതിനാല്‍ തലാഖ് മടക്കിയെടുക്കാനും ദാമ്പത്യബന്ധം തുടരാനും സാദ്ധ്യമാകും.

5. വിവാഹമോചനം ഉറപ്പിക്കുന്നതിന് തലാഖ് മൂന്നു തവണകളായി ചൊല്ലണം. മൂന്ന് തലാഖും ഒന്നിച്ചു ചൊല്ലിയാല്‍ ഒന്നായേ കണക്കാക്കപ്പെടൂ.

اَلطَّلَاقُ مَرَّتٰنِ۪ فَاِمۡسَاکٌۢ بِمَعۡرُوۡفٍ اَوۡ تَسۡرِیۡحٌۢ بِاِحۡسَانٍ

”തിരിച്ചെടുക്കാവുന്ന തലാഖ് രണ്ടുപ്രാവശ്യമാകുന്നു; പിന്നെ, ഒന്നുകില്‍ ന്യായമായ നിലയില്‍ അവളെ നിറുത്തുകയോ അല്ലെങ്കില്‍ ഔദാര്യപൂര്‍ം വിട്ടയക്കുകയോ ചെയ്യേണ്ടതാണ്.” (2:230)

6. ഒരിക്കല്‍ തലാഖ് ചൊല്ലപ്പെട്ട സ്ത്രീ അവധികഴിഞ്ഞാലും, വീണ്ടും സ്വഭര്‍ത്താവിനെതന്നെ വിവാഹം ചെയ്തു സ്വീകരിക്കുന്നതിനെ ആരും തടയരുതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു.

وَ اِذَا طَلَّقۡتُمُ النِّسَآءَ فَبَلَغۡنَ اَجَلَہُنَّ فَلَا تَعۡضُلُوۡہُنَّ اَنۡ یَّنۡکِحۡنَ اَزۡوَاجَہُنَّ اِذَا تَرَاضَوۡا بَیۡنَہُمۡ بِالۡمَعۡرُوۡفِ

”നിങ്ങള്‍ സ്ത്രീകളെ തലാഖ് ചെയ്തു ഉപേക്ഷിക്കുകയും അവരുടെ അവധി കഴിയുകയും ചെയ്താല്‍ ന്യായമായ നിലയില്‍ അന്യോന്യം തൃപ്തിപ്പെടുന്നപക്ഷം അവര്‍ അവരുടെ ഭര്‍ത്താക്കന്മാരെതന്നെ വിവാഹം ചെയ്യുന്നതില്‍നിന്ന് അവരെ നിങ്ങള്‍ തടയരുത്.” (2:233)

7. മൂന്നാം തവണയും തലാഖ് ചൊല്ലിക്കഴിഞ്ഞാല്‍പ്പിന്നെ അവര്‍ക്ക് ഒരിക്കലും വീണ്ടും ഭാര്യാഭര്‍ത്താക്കന്മാരായി തുടരാന്‍ ആവില്ലെന്ന നിബന്ധന മൂന്നാമത്തെ തലാഖ് ചൊല്ലലിന് ധിറുതികൂട്ടാതിരിക്കാന്‍ ഒരാളെ നിര്‍ബ്ബന്ധിക്കുന്നു.

فَاِنۡ طَلَّقَہَا فَلَا تَحِلُّ لَہٗ مِنۡۢ بَعۡدُ حَتّٰی تَنۡکِحَ زَوۡجًا غَیۡرَہٗ

”പിന്നെ മൂന്നാം പ്രാവശ്യവും അവന്‍ അവളെ തലാഖ് ചൊല്ലുകയാണെങ്കില്‍ അതിനുശേഷം അവള്‍ അവന്ന് ഭാര്യയായിരിക്കാവതല്ല. അവള്‍ വേറൊരു ഭര്‍ത്താവിനെ വിവാഹം ചെയ്തതില്‍ പിന്നെയല്ലാതെ.” (2:231)

ഒരുപ്രാവശ്യം തലാഖ് ചൊല്ലിയാല്‍ വീണ്ടും ബന്ധം തുടരാനിഷ്ടപ്പെട്ടാല്‍ അവധിക്കുള്ളിലാണെങ്കില്‍ പുനര്‍വിവാഹം കൂടാതെയും അവധികഴിഞ്ഞാല്‍ പുനര്‍വിവാഹം ചെയ്തും ദാമ്പത്യ ബന്ധം തുടരാവുന്നതാണ്. മൂന്നുതവണ തലാഖ് ചൊല്ലിയാൽപ്പിന്നെ വിവാഹമോചനത്തിന് നിയമപ്രാബല്യം സിദ്ധിക്കുന്നതും പിന്നീട് അവര്‍ തമ്മില്‍ ഒരുവിധത്തിലും ബന്ധപ്പെടാന്‍ പാടില്ലാത്തവിധം അവള്‍ അയാള്‍ക്ക് ഒരന്യസ്ത്രീയായിരിക്കുന്നതുമാണ്.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം തകരാറിലായാല്‍ പ്രശ്‌നം രണ്ട് മദ്ധ്യസ്ഥന്മാരുടെ മുമ്പാകെ സമര്‍പ്പിക്കണം. ഒരാള്‍ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും മറ്റൊരാള്‍ ഭാര്യയുടെ ഭാഗത്തു നിന്നും ഉള്ളവരായിരിക്കും. മദ്ധ്യസ്ഥന്മാരുടെ അനുരഞ്ജനം പരാജയപ്പെട്ടാലേ വിവാഹമോചനം നടത്താവൂ എന്നും അതുതന്നെ പരസ്യമായി പ്രഖ്യാപിക്കണമെന്നും രണ്ടു പ്രഖ്യാപനങ്ങള്‍ക്കിടയില്‍ കുറഞ്ഞപക്ഷം ഒരു മാസക്കാലത്തെ ഇടവേള ഉണ്ടായിരിക്കുമാറ് മൂന്നുതവണകളായി പ്രഖ്യാപിച്ചാല്‍ മാത്രമേ തലാഖ് ബലത്തില്‍ വരികയുള്ളൂവെന്നും അന്തിമപ്രഖ്യാപനത്തിനു മുമ്പേ പിന്നെയും അനുരഞ്ജനശ്രമങ്ങള്‍ വേണമെന്നുമുള്ള നിബന്ധനകളും നിയമ നിര്‍ബ്ബന്ധങ്ങളും ഇസ്‌ലാമിലുണ്ട്. ഇതെല്ലാം ഖുര്‍ആനും നബിയും നല്‍കിയ കല്പനകളാണ് താനും. 2

വിവാഹമോചനത്തെ നിയന്ത്രിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം ഒട്ടേറെ നിബന്ധനകള്‍ക്കും തടസ്സങ്ങള്‍ക്കും പുറമെ ദൈവഭക്തിയെ കുറിച്ചുള്ള നിരന്തരമായ ഉല്‍ബോധനങ്ങളും ഒരു യഥാര്‍ത്ഥ മുസ്‌ലിമിനെ കഴിയുന്നിടത്തോളം അതില്‍നിന്നു പിന്തിരിപ്പിക്കുന്നു. ഈ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കപ്പെടുമ്പോള്‍, ഭാര്യയറിയാതെ വിവാഹമോചനം സാധിക്കാവുന്നതെങ്ങനെയെന്നു സഖാവ് കലാനാഥന്‍ ഒന്നു മനസ്സിലാക്കിത്തന്നാല്‍ കൊള്ളാം!

മതധര്‍ങ്ങള്‍ നിഷ്‌കൃഷ്ടമായി പാലിക്കുന്ന ഒരാളില്‍നിന്ന് നിയമലംഘനം ഒരിക്കലും ഉണ്ടാവുകയില്ല. മതബോധമോ ദൈവഭയമോ ഇല്ലാത്തവരാണ് നിയമാനുവാദങ്ങളെ ദുരുപയോഗപ്പെടുത്താറുള്ളത്. ആകയാല്‍, മതശാസനകളെ ധിക്കരിക്കുകയല്ല അനുസരിക്കുകയാണ് കുടുംബഭദ്രതയ്ക്ക് ആവശ്യം. എന്നാല്‍, മതകല്പനകള്‍ ധിക്കരിക്കാനാണല്ലോ യുക്തിവാദികള്‍ ആഹ്വാനം ചെയ്യുന്നത്!

സഖാവ് കലാനാഥന്റെ ‘സ്വര്‍ഗ്ഗഭൂമി’യില്‍ സോവിയറ്റ് റഷ്യയില്‍ വിവാഹമോചനം എങ്ങനെയാണെന്നു പറയാമോ? അവനോ അവളോ രജിസ്റ്റ്രാഫീസില്‍ ചെന്ന് ഒരു കടലാസ്സില്‍ ഒപ്പിട്ടുകൊടുത്താല്‍ അവിടെ വിവാഹമോചനമായി. വിവാഹമോചന നടപടിയെപറ്റി പരസ്പരം അറിഞ്ഞിരിക്കേണ്ടതില്ല! എ.എസ്.ആര്‍. ചാരി സോവിയറ്റ് റഷ്യയിലെ വിവാഹമോചന നിയമത്തെപറ്റി ഇപ്രകാരം പറയുന്നു:

Marriage being a voluntary union the Soviet law regarding divorce makes it possible to dissolve the marriage at the will of either party to the marriage. All that he or she has to do is to inform the registar’s office 3

അതായത്, റജിസ്റ്റ്രാഫീസില്‍ ചെന്ന് അവനോ അവളോ വിവാഹബന്ധം അവസാനിപ്പിച്ചതായി അറിയിച്ചാൽ മതി സോവിയറ്റ് റഷ്യയില്‍ ഭാര്യാ ഭര്‍ത്തൃ ബന്ധം മുറിയാന്‍. ഓരോ വിവാഹമോചനത്തിനും ക്രമത്തില്‍ ക്രമത്തില്‍ വര്‍ദ്ധിക്കുന്ന ഫീസ് ചുമത്തപ്പെടുന്നതു മാത്രമാണ് ഒരേ ഒരു തടവ്.

ഈ സ്വാതന്ത്ര്യമുപയോഗിച്ച് എത്ര തവണ വേണമെങ്കിലും മാറിമാറി വിവാഹം കഴിക്കാം. ഭാര്യ അറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യയ്ക്കും എപ്പോള്‍ വേണമെങ്കിലും വിവാഹബന്ധം വേര്‍പ്പെടുത്താം. ഈ നടപടികളെ സഖാവ് കലാനാഥന്‍ എങ്ങനെ യാണ് ന്യായീകരിക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു!

റെഫറൻസുകൾ

  1. ചന്ദ്രിക, 15.6.1969. ബ്രിട്ടീഷ് രാജാവ് എട്ടാം എഡ്വേര്‍ഡിന് രാജത്വം ഉപേക്ഷിക്കേണ്ടിവന്നതു വിവാഹമോചനം ചെയ്ത മിസ്സിസ് സിംപ്‌സനെ ഭാര്യയായി സ്വീകരിച്ചതുകൊണ്ടായിരുന്നു. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് കാബിനറ്റിന്റെയും ഇംഗ്ലീഷ് ചര്‍ച്ചിന്റെയും ഏകോപിച്ച എതിര്‍പ്പിനെ തൃണവല്‍ഗണിച്ചുകൊണ്ട് എഡ്വേര്‍ഡ് എട്ടാമന്‍ ചക്രവര്‍ത്തിപദം വലിച്ചെറിയുകയും വിവാഹമോചന സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിക്കുകയുമാണുണ്ടായത്. എന്നാല്‍, വെറും വിന്‍ഡ്‌സര്‍ പ്രഭുവായി കഴിഞ്ഞുകൂടിയ അദ്ദേഹത്തിന് തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ടുള്ള നിയമം കോമണ്‍സ് സഭ അംഗീകരിച്ചതായിട്ടുള്ള പത്രവാര്‍ത്ത വായിക്കാനാവോളം ജീവിച്ചിരിക്കാന്‍ കഴിഞ്ഞു! വിവാഹമോചനം ചെയ്ത സ്ത്രീയെ രണ്ടാമത്തെ ഭാര്യയായി സ്വീകരിച്ച അന്തോണി ഈഡനെ പ്രധാനമന്ത്രിയായി സ്വീകരിക്കാമോ എന്ന പ്രശ്‌നത്തില്‍ ‘ഡിഫന്‍ഡര്‍ ഓഫ് ദ ഫെയിത്ത്’ എന്ന നിലയില്‍ ഇംഗ്ലീഷ് ചര്‍ച്ചിന്റെ തലയികൂടിയായ എലിസബത്ത് രാജ്ഞിയുടെ ഇംഗിതം ഇംഗ്ലണ്ടില്‍ ഭരണഘടനാപ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഈഡന് പുറത്തുപോകേണ്ടിവന്നു (Sunday Standard, 26.6.54). ഇതാണ് ക്രിസ്തുമതത്തിന്റെയും പാശ്ചാത്യസംസ്‌കാരത്തിന്റെയും കേന്ദ്രമായ ഇംഗ്ലണ്ടില്‍ അടുത്തകാലംവരെയുള്ള അവസ്ഥ.
  2. അഹ്മദിയ്യത്ത് അഥവാ യഥാർത്ഥ ഇസ്ലാം, ഹസ്രത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്മദ് (റ)
  3. Law and Justice in the Soviet Union- A.S.R. Chari p. 33.