ഫലസ്തീൻ പ്രശ്നം

ബി എ റഫീഖ്

അവലംബം : സത്യദ്ദൂതൻ മാസിക ഏപ്രിൽ 2003

ഇസ്റായീല്‍ രൂപവല്‍ക്കരണത്തിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഫലസതീന്‍ പ്രശ്നം ഉയര്‍ന്നു വന്നപ്പോള്‍ 1947 ഒക്ടോര്‍ 9-ാം തിയ്യതി ജനറല്‍ അസംബ്ലിയില്‍ ഇത് സംബന്ധിച്ച് അതിശക്തമായ പ്രസംഗം നടത്താന്‍ അല്ലാഹു അവസരം നല്‍കിയത് അഹ്‌മദിയ്യാ ജമാഅത്തിന്റെ സ്വയം സമര്‍പ്പിത സേവകനായിരുന്ന സര്‍ ചൗധരി മുഹമ്മദ് സഫറുല്ലാഹ് ഖാന്‍ സാഹിബിനായിരുന്നു. ഫലസ്തീന്‍ അറബികള്‍ക്ക് വേണ്ടി അവരുടെ കേസ് ഐക്യരാഷ്ട്രസഭയില്‍ വാദിച്ചത് സർ സഫറുല്ലാഹ് ഖാനായിരുന്നു. 1947 ഒക്ടോബര്‍ 12 ന് ‘നവായെ വഖ്ത്’ ഇപ്രകാരം എഴുതി:

“റോയിട്ടറിന്റെ സ്പെഷല്‍ കറസ്പോണ്ടന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ കമ്മിറ്റിയുടെ പാക്കിസ്താന്‍ പ്രതിനിധി മുഹമ്മദ് സഫറുല്ലാഹ്ഖാന്‍ ഫലസ്തീന്‍ പ്രശ്നത്തെ സംബന്ധിച്ച് ചെയ്ത പ്രസംഗം ഭ്രമാത്മകമായ അവസ്ഥ സംജാതമാക്കിയിരിക്കുന്നു. അമേരിക്ക ഈ പ്രശ്നത്തെ സംബന്ധിച്ച അവരുടെ നിലപാട് വ്യക്തമാക്കാത്തതിനാല്‍ മറ്റു അംഗങ്ങള്‍ സംസാരിക്കാന്‍ വേണ്ടി തയ്യാറെടുത്തിരുന്നില്ല. പ്രസിഡന്‍റ് ട്രൂമാനും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോര്‍ജ് മാര്‍ഷലും അമേരിക്കന്‍ പ്രതിനിധികള്‍ തന്നെയും സംയുക്തമായി ഒരു നിലപാട് സ്വീകരിക്കുന്നത് വരെ അമേരിക്കന്‍ പ്രതിനിധികള്‍ സംസാരിക്കാന്‍ തയ്യാറായില്ല. കമ്മിറ്റിയുടെ ചെയര്‍മാന്‍, ആസ്ത്രേലിയയുടെ ഡോ. ഹെര്‍ബര്‍ട്ട് ഇവാറ്റ് തനിക്ക് ഈചര്‍ച്ചയില്‍ പങ്കെടുക്കുവാനുള്ള അസൗകര്യം അറിയിക്കുകയുണ്ടായി. അമേരിക്കന്‍ പ്രതിനിധികള്‍ അവരുടെ ചുണ്ടുകള്‍ക്ക് മുദ്രവെച്ചത് പോലെ നിശ്ശ്ദരായി കാണെപ്പട്ടു. ഐക്യരാഷ്ട്രസഭയില്‍ ഇത്തരമൊരവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല. പാക്കിസ്താന്റെ പ്രതിനിധിയാണ് മറ്റു പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. മറ്റു പ്രഗത്ഭരായ പ്രതിനിധികള്‍ സംസാരിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല. ഫലസ്തീനെ സംബന്ധിച്ച പൊതു ചര്‍ച്ച ഒരുപക്ഷേ, അവസാനിച്ചേക്കാം.” (നവായെ വഖ്ത്, 1947 ഒക്ടോ. 12)

പത്രം തുടരുന്നു:

“ഫലസ്തീന്‍ പ്രശ്നത്തെക്കുറിച്ച് പാക്കിസ്താന്‍ പ്രതിനിധി മുഹമ്മദ് സഫറുല്ലാഹ് ഖാന്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രഭാഷണം എല്ലാ നിലക്കും അതുല്യമായി നില്‍ക്കുന്നു. 150 മിനുട്ട് അദ്ദേഹം സംസാരിച്ചു. ഈ പ്രഭാഷണത്തെക്കുറിച്ച് ഒരു അറബ് പ്രതിനിധി പറഞ്ഞത് ‘ഞാനിന്നുവരെ ഫലസ്തീന്‍ പ്രശ്നത്തെ സംബന്ധിച്ച് ഇത്രയും പ്രഗത്ഭമായൊരു പ്രസംഗം ശ്രവിച്ചിട്ടില്ല’ എന്നാണ്.” (നവായെ വഖ്ത്, ഒക്ടോ. 12, 1947)

ഫലസ്തീന്‍ വിഭജനത്തിനെതിരെയുള്ള വാദമുഖങ്ങളായിരുന്നു സഫറുല്ലാഹ് ഖാന്‍ സാഹിബിന്റെ പ്രസംഗത്തില്‍ മുഴുവന്‍ നിറഞ്ഞു നിന്നത്. സഫറുല്ലാഹ് ഖാന്റെ പ്രസംഗവേളയില്‍ അറബ് പ്രതിനിധികളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞ ഉടനെ അറബ് പ്രതിനിധികള്‍ ഓടിവന്ന് അദ്ദേഹത്തിന്റെ കരം ഗ്രഹിച്ചു; അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞു; അദ്ദേഹത്തിന്റെ പ്രസംഗത്തെ മുക്തകണ്ഠം പ്രശംസിച്ചു. ഒരു ബ്രിട്ടീഷ് പ്രതിനിധി, സഫറുല്ലാഹ് ഖാന്റെ പ്രസംഗം വളരെ കാര്യമാത്രപ്രസക്തമായിരുന്നു എന്നും അതിന്റെ ഒരു കോപ്പി കിട്ടുകയാണെങ്കില്‍ ശ്രദ്ധാപൂര്‍വ്വം അത് പഠിക്കാമായിരുന്നു എന്നും അറിച്ചുകൊണ്ടുള്ള ഒരു സന്ദേശം അയക്കുകയുണ്ടായി.

ഫലസ്തീന്‍ പ്രശ്നത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കിക്കൊണ്ടുള്ള സഫറുല്ലാഹ് ഖാന്റെ ചരിത്രപ്രസിദ്ധമായ ഈ പ്രഭാഷണം ഐക്യരാഷ്ട്ര സഭയും പല അംഗരാജ്യങ്ങളും ഫലസ്തീന്‍ വിഭജനത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ തീരുമാനിക്കുന്നതിനു മുമ്പായിരുന്നു. വന്‍ശക്തികളുടെ സമ്മര്‍ദ്ദത്താല്‍ അവര്‍ പിന്നീട് തീരുമാനം മാറ്റുകയാണുണ്ടായത്.

1947 ഡിസംബര്‍ 9ന് ലാഹോര്‍ ഗവണ്‍മെന്‍റ് കോളേജില്‍ വെച്ച് ഫലസ്തീനെപ്പറ്റി മുഹമ്മദ് സഫറുള്ളാ ഖാന്‍ ഒരു പ്രഭാഷണം നിര്‍വഹിക്കുകയുണ്ടായി. ഡിസംബര്‍ 11-ാം തിയ്യതി നവായെ വക്ത് പത്രം അത് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു:

“ഐക്യരാഷ്ട്രസഭയിലെ പാക്കിസ്താന്‍ പ്രതിനിധിയായ മുഹമ്മദ് സഫറുല്ലാഹ് ഖാന്‍ പലസ്തീന്‍ പ്രശ്നത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. ഫലസ്തീന്‍ വിഭജനത്തെ അനുകൂലിച്ചുകൊണ്ടുള്ള യുഎന്‍ പ്രമേയത്തെ തികച്ചും അന്യായമാണെന്ന് പറഞ്ഞ് അദ്ദേഹം അപലപിച്ചു. ഫലസ്തീന്‍ വിഭജനത്തെ അനുകൂലിക്കാന്‍ ഐക്യരാഷ്ട്രസഭയിലെചെറിയ അംഗരാജ്യങ്ങളുടെ മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഫലസ്തീന്‍ പ്രശ്നം അമേരിക്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള തുറുപ്പുശീട്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ജൂത രാഷ്ട്രം സ്ഥാപിതമാകുന്നതോടെ ഒരു വലിയവിഭാഗം അറബ്ന്യൂനപക്ഷ ജനത ജൂത ഭരണത്തിന്‍ കീഴില്‍ വരുമെന്ന് മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക നിയന്ത്രണം മുഴുവന്‍ അന്താരാഷ്ട്ര നിയന്ത്രണത്തിന്നധീനമാകുകയും ചെയ്യും. അതാകട്ടെ അനീതിയുക്തമായ പുരോഗതിയുമാണ് എന്നദ്ദേഹം കുറ്റപ്പെടുത്തി.

“തുടര്‍ന്നദ്ദേഹം ഇപ്രകാരം വിശദീകരിച്ചു: നവം. 26-ാം തിയ്യതി പ്രമേയം വോട്ടിനിട്ടാല്‍ പാസ്സാകുകയില്ലെന്ന് മനസ്സിലാക്കിയ പ്രമേയത്തിന്റെ അനുകൂലികള്‍ വോട്ടിഗ് 28-ാം തിയ്യതിയിലേക്ക് അകാരണമായി മാറ്റുകയായിരുന്നു. അപ്പോഴേക്കും പ്രമേയത്തെ എതിര്‍ക്കുന്ന കുറച്ചു രാജ്യങ്ങളെക്കൂടി സമ്മര്‍ദ്ദം ചെലുത്തി പ്രമേയത്തിന്നനുകൂലമായി വോട്ട് ചെയ്യിക്കാന്‍ അവര്‍ക്ക് സാധിച്ചു. നവംബര്‍ 28ാം തിയ്യതി ഹൈത്തി(Haiti)യുടെ പ്രതിനിധി വോട്ടിംഗിന് ശേഷം കണ്ണീരൊലിപ്പിക്കുന്ന മുഖവുമായി സഫറുല്ലാഖാനെ കാണാന്‍ ചെല്ലുകയും വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ കഴിയാഞ്ഞതില്‍ മാപ്പു ചോദിക്കുകയും ചെയിതു എന്ന് സഫറുല്ലാഹ് ഖാന്‍ പറഞ്ഞു. അങ്ങേയറ്റത്തെ സമ്മര്‍ദ്ദം മൂലമാണ് പ്രമേയത്തെ അനുകൂലിച്ച് തങ്ങള്‍ വോട്ട് ചെയ്തതെന്ന് മറ്റു പല പ്രതിനിധികളും ഏറ്റുപറയുകയുണ്ടായി.”

1947 ഡിസംര്‍ ഒന്നിനു ശേഷം ഫലസ്തീന്‍ പ്രശ്നം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു. അമേരിക്കയുടെയും യു. എസ്. എസ്. ആറിന്റെയും സംയുക്ത പരിശ്രമത്താല്‍ ഐക്യരാഷ്ട്രസഭ അങ്ങേയറ്റം അനീതി പുലര്‍ത്തിക്കൊണ്ട് ഫലസ്തീന്‍ വിഭജനത്തിന്നനുകൂലമായ പ്രമേയം പാസ്സാക്കി. അഹ്‌മദിയ്യാ ജമാഅത്തിന്റെ രണ്ടാമെത്ത ഖലീഫ ഹസ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അമദ് (റ) ഫലസ്തീൻ വിഭജനത്തിന്റെ യാഥാര്‍ത്ഥ്യത്തെ വ്യക്തമാക്കിക്കൊണ്ട് രണ്ട് കനത്ത ലേഖനങ്ങള്‍ എഴുതുകയുണ്ടായി. ആദ്യത്തെ ലേഖനം 1947 നവംബർ 28നും രണ്ടാമത്തെത് ഡിസംബര് 11നും പ്രസിദ്ധീകരിക്കപ്പെട്ടു. ഫലസ്തീനിലെ ജൂത അധിനിവേശം അമേരിക്കയും റഷ്യയും ഭാഗഭാക്കായിക്കൊണ്ടുള്ള ഗൂഢാലോചനയുടെ ഫലമായുണ്ടായതാണെന്ന് ആ ലേഖനങ്ങളില്‍ അദ്ദേഹം ശക്തിയുക്തം സ്ഥാപിച്ചു. ഈ രണ്ട് വന്‍ ശക്തികളും രാഷ്ട്രീയമായി വിരുദ്ധ ചേരികളിലായാണ് കാണെപ്പടുന്നതെങ്കിലും മുസ്‌ലിംകളോടുള്ള വിദ്വേഷത്തിന്റെ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണെന്നും മുസ്‌ലിംകളോടോ അറബ് ജനതയോടോ അശേഷം ദയ അവര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നും അതിനു വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഖലീഫത്തുല്‍ മസീഹിന്റെ വിപ്ലവാത്മകമായ ഈ ലേഖനങ്ങള്‍ സിറിയയിലും ലബനോണിലും ജോര്‍ദ്ദാനിലും മറ്റു അറബ് രാജ്യങ്ങളിലും നല്ല പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. സിറിയന്‍ റേഡിയോ ആലേഖനങ്ങളുടെ സംക്ഷിപ്ത രൂപം പ്രക്ഷേപണം ചെയ്യുകയും അത് മുഖേന അവരുടെ ഇംഗിതം അറബ് രാജ്യങ്ങളെ മുഴുവന്‍ അറിയിക്കുകയും ചെയ്തു. അല്‍ യൗം, അല്‍ ഖബര്‍, അല്‍ ഖബാസ്, അല്‍ നസര്‍, സൗത്തുല്‍ അശ്ഹാര്‍ തുടങ്ങിയ പ്രസിദ്ധ അറബി പത്രങ്ങള്‍ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുകയും ലേഖകന്റെ വീക്ഷണങ്ങളെ ഏക കണ്ഠമായി പുകഴ്ത്തുകയും അനുമോദിക്കുകയും ചെയ്തു.

1948 ജൂണ്‍ മാസത്തില്‍ ലാഹോറില്‍ വെച്ച് ഹസ്റത്ത് ഖലീഫത്തുല്‍ മസീഹ് രണ്ടാമന്‍ നിര്‍വ്വഹിച്ച ഒരു പ്രഭാഷണത്തില്‍ മുസ്‌ലിംകള്‍ ഒരുമിച്ചു നിന്നുകൊണ്ട് സിയോണ്സ്റ്റുകളുടെ പിടിയില്‍ നിന്ന് ഫലസ്തീനെ മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ഈ പ്രഭാഷണത്തെക്കുറിച്ച് ബഗ്ദാദിലെ ശൂറാ പത്രം 1948 ജൂണ്‍ 10-ാം തിയ്യതി ഇപ്രകാരം പ്രതികരിച്ചു:

“ബഗ്ദാദില്‍ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. അഹ്‌മദിയ്യാ പ്രസ്ഥാനത്തിന്റെ നേതാവ് ഹസ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ് ഇസ്റായീല്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടതിനു ശേഷം ലാഹോറില്‍ നിര്‍വ്വഹിച്ച ഒരു പ്രഭാഷണമാണ് അതിലെ ഇതിവൃത്തം. ‘അവിശ്വാസികള്‍ ഒറ്റ സമുദായമാകുന്നു’ എന്നാണ് ആ ലഘുലേഖയുടെ തലെക്കട്ട്. വളരെ പ്രയോജനപ്രദമായ ഈ ലഘുലേഖ പ്രസിദ്ധീകരിച്ചവരുടെ ധാര്‍മ്മിക രോഷത്തെയും ഇസ്ലാമിക സ്പിരിറ്റിനെയും ഞങ്ങള്‍ അനുമോദിക്കുന്നു.”

അല്‍ നഹ്ശാഅ് 1948 ജൂലായ് 12-ാമത്തെ ലക്കത്തില്‍ ഇപ്രകാരം എഴുതി:

“ലാഹോറില്‍ വെച്ച് അസ്സയ്യിദ് മിര്‍സാ മഹ്‌മൂദ് അഹ്‌മദ് സാഹിബ് നിര്‍വ്വഹിച്ച ഒരു പ്രഭാഷണം അടങ്ങുന്ന ഒരു ലഘുലേഖ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. അതില്‍ അദ്ദേഹം മുസ്‌ലിംകള്‍ ഐക്യപ്പെട്ടുകൊണ്ട് അക്രമികളായ സിയോണിസ്റ്റുകളുടെ കൈയില്‍ നിന്ന് ഫലസ്തീനെ മോചിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. പാക്കിസ്താനിലെ ജനങ്ങള്‍ ഫലസ്തീനിലെ അറബികള്‍ക്ക് സഹായമെത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം അതില്‍ പറയുന്നു. മുസ്‌ലിംകള്‍ക്ക് മുഹമ്മദ്(സ) നബിയോടുള്ള ഭയഭക്തി ഓര്‍മ്മിപ്പിച്ചുകൊണ്ടും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചു കൊണ്ടും അമേരിക്കയുടെയും കമ്മ്യൂണിസ്റ്റ് റഷ്യയുടെയും പ്രത്യേക താല്‍പ്പര്യത്തോടെയും പിന്തുണയോടെയും സ്ഥാപിതമായ ഇസ്രായീല്‍ രാഷ്ട്രത്തിലെ സിയോണിസ്റ്റ് ക്രിമിനലുകളെ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പ്രഭാഷകന്‍ ആഹ്വാനം ചെയ്യുന്നു. ആലസ്യവും തളര്‍ച്ചയും പ്രകടിപ്പിക്കാതെ ഇസ്ലാമിനെയും മുസ്‌ലിംകളെയും ഉദ്ധരിക്കാന്‍, ജിഹാദിനോടുള്ള പ്രതിബദ്ധത മനസ്സില്‍ വെച്ചുകൊണ്ട് കര്‍മ്മ രംഗത്തേക്കിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.”

അഹ്‌മദിയ്യാ ജമാഅത്തിന്റെ ഖലീഫ ഹസ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) ഉം അഹ്‌മദിയ്യാ ജമാഅത്തിലെ വിനീത സേവകനായിരുന്ന മുഹമ്മദ് സഫറുല്ലാഹ് ഖാന്‍ സാഹിബും(റ) ഇസ്റായീല്‍ രാഷ്ട്രസ്ഥാപനത്തിന്നെതിരായി നടത്തിയ ശ്രമത്തിന്റെ ഏതാനും ഉദാഹരണങ്ങളാണ് മുകളില്‍ വിവരിച്ചത്. വാസ്തവമെന്തെന്നാല്‍, അഹ്‌മദിയ്യാ ജമാഅത്തല്ലാതെ മറ്റാരും തന്നെ ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല. ഈ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ പോകട്ടെ, മുസ്‌ലിം സഹോദരന്മാര്‍ അഹ്‌മദികളെ ഇസ്രായീല്‍ ഏജന്‍റുകളായി മുദ്രകുത്താനാണ് ശ്രമിക്കുന്നത്!