മതസൗഹാര്‍ദത്തിന് ഇസ്‌ലാം നല്‍കുന്ന ഉന്നതമായ അദ്ധ്യാപനങ്ങള്‍

ഹദ്‌റത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് സാഹിബ് ഖലീഫത്തുല്‍ മസീഹ് സാനി (റ)

തഫ്‌സീറെ കബീര്‍

ഖുല്‍ മാ അസ്അലുകും അലയ്ഹി മിന്‍ അജ്‌രിന്‍ ഇല്ലാ മന്‍ശാഅ അന്‍ യത്തഖിദ ഇലാ റബ്ബിഹി സബീലന്‍ (25:58)

”നീ അവരോട് പറയുക, അല്ലാഹുവിന്റെ ദിവ്യസന്ദേശം നിങ്ങളിലേക്ക് എത്തിക്കുന്നതിന് പകരമായി ഞാന്‍ നിങ്ങളോട് പ്രതിഫലമൊന്നും ആവശ്യപ്പെടുന്നില്ല. പക്ഷെ ആരുടെയെങ്കിലും ഹൃദയം ഇസ്‌ലാമിന്റെ സത്യസാക്ഷ്യത്തെ സ്വീകരിക്കുന്നതിനായി തുറക്കപ്പെടുകയും സ്വന്തം ഇഷ്ടപ്രകാരം ദൈവ പ്രാപ്തിക്കുള്ള പ്രസ്തുത മാര്‍ഗം തിരഞ്ഞെടുക്കുകയും ദൈവ പ്രീതി കരസ്ഥമാക്കുകയും ചെയ്താല്‍ അതുതന്നെയായിരിക്കും എന്റെ പ്രതിഫലം.”

ഹദ്‌റത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് സാഹിബ് ഖലീഫത്തുല്‍ മസീഹ് സാനി (റ) പറയുന്നു;

മതം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ വ്യക്തിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, ഇഷ്ടമുള്ള മതം സ്വീകരിക്കാവുന്നതാണ്, തല്‍സംബന്ധമായി ആരിലും സമ്മര്‍ദ്ദം ചെലുത്തുന്നത് അനുവദനീയമല്ല എന്ന ഉന്നത വീക്ഷണമാണ് ഈ ആയത്ത് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത്. നബി (സ) തിരുമേനി ലോകത്ത് ആഗതരായപ്പോള്‍ അറേബ്യയിലേയും മറ്റ് നാടുകളിലേയും ജനങ്ങള്‍ മതകാര്യങ്ങളില്‍ ബലാല്‍ക്കാരത്തെ അനുവദനീയമായി ഗണിച്ചിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഈ രീതിയെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് പറയുന്നു;

ലാ ഇക്‌റാഹഫിദ്ദീന്‍ ഖത്തബയ്യനര്‍ റുശ്ദു മിനല്‍ ഗയ്യി(2:257)

അതായത് മതകാര്യത്തില്‍ യാതൊരു ബലാല്‍ക്കാരവും ഇല്ല. കാരണം നേര്‍മാര്‍ഗത്തിലും വഴികേടിലും അല്ലാഹു വ്യക്തമായ വ്യതിരിക്തത കാണിച്ചു തന്നിരിക്കുന്നു. മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെളിവുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അയാളില്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്താവതല്ല.

ഇസ്‌ലാം മറ്റ് മതങ്ങളുമായി എത്രത്തോളം സൗഹാര്‍ദത്തിന്റെ അദ്ധ്യാപനമാണ് നല്‍കുന്നതെന്നും മതകാര്യങ്ങളില്‍ അവര്‍ക്ക് എത്രത്തോളം സ്വാതന്ത്ര്യമാണ് നല്‍കുന്നതെന്നും ഈ വചനത്തിലൂടെ ഓരോരുത്തര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഖേദമെന്നു പറയട്ടെ ഇത്രമേല്‍ വ്യക്തമായ അദ്ധ്യാപനം ഇസ്‌ലാമില്‍ ഉണ്ടായിരുന്നിട്ട് കൂടി പാശ്ചാത്യ ചിന്തകര്‍ അങ്ങേയറ്റത്തെ അനീതി പ്രകടിപ്പിച്ചു കൊണ്ട് ഇസ്‌ലാമിന്റെ സ്ഥാപകര്‍ക്കെതിരില്‍ ആരോപണം ഉന്നയിച്ചു കൊണ്ട് പറയുന്നു, മറ്റ് മതസ്ഥരോടുള്ള നബി (സ) തിരുമേനിയുടെ വ്യവഹാരം ബലാല്‍ക്കാരത്തില്‍ അധിഷ്ഠിതമായതായിരുന്നു. നബി (സ) തിരുമേനിയുടെ മതം വാള്‍ ആയിരുന്നു. എന്നാല്‍ മതസൗഹാര്‍ദത്തിനായി ഇസ്‌ലാം നല്‍കിയിരിക്കുന്നത്രത്തോളം ഊന്നല്‍ ഇതര മതങ്ങളില്‍ കാണപ്പെടുന്നില്ല.

1. നബി (സ) തിരുമേനിയുടെ ആഗമനത്തിനു മുമ്പ് പൊതുവില്‍ മനസ്സിലാക്കിയിരുന്ന വസ്തുത, ഏത്‌വരെ ഇതര മതസ്ഥരെ പൂര്‍ണമായും കള്ളവാദികളെന്ന് സ്ഥാപിക്കുന്നില്ലയോ അത്‌വരെ സ്വന്തം മതത്തിന്റെ സത്യത സ്ഥാപിതമാകുന്നില്ല എന്നായിരുന്നു. എന്നാല്‍ ഇസ്‌ലാം ഈ വീക്ഷണത്തെ തെറ്റായി വിധിച്ചിരിക്കുന്നു. ഇസ്‌ലാം സ്വന്തം സവിശേഷതകളെ സമര്‍പ്പിക്കുന്നതിനുള്ള കല്പന നല്‍കുന്നതിനോടൊപ്പം തന്നെ നബി തിരുമേനി (സ) വളരെ വ്യക്തമായ നിലയില്‍ ഇതര മതസ്ഥരുടെ സവിശേഷതകളെ നിരാകരിക്കരുതെന്ന അദ്ധ്യാപനവും നല്‍കിയിരിക്കുന്നു. ഓരോ മതത്തിലും ഏതെങ്കിലും സവിശേഷത ഉണ്ട് അതിനെ നിരാകരിക്കുന്നത് അക്രമമാണ് എന്നും പറഞ്ഞിരിക്കുന്നു. വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു:


വഖാലത്തില്‍ യഹൂദു ലയ്‌സത്തിന്നസാറാ അലാ ശയ്ഇന്‍ വഖാലത്തിന്നസാറാ ലയ്‌സത്തില്‍ യഹൂദു അലാ ശയ്ഇന്‍ വഹും യത്‌ലൂനല്‍ കിതാബ.(2:114)

അതായത് കൃസ്ത്യാനികള്‍ പറയുന്നു യഹൂദികളില്‍ യാതൊരു സവിശേഷതകളും ഇല്ല. യഹൂദികള്‍ പറയുന്നു കൃസ്ത്യാനികളില്‍ യാതൊരു സവിശേഷതകളും ഇല്ല. ഇത് എത്രത്തോളം അക്രമമാണ്. ഇരുകൂട്ടരും ഒരേ ഗ്രന്ഥം പാരായണം ചെയ്യുന്നവരായിരുന്നിട്ടു കൂടി. ഇരുകൂട്ടരിലും ഏതെങ്കിലും തരത്തിലുള്ള സവിശേഷതകള്‍ കാണുന്നതാണ്. യഹൂദികള്‍ കൃസ്ത്യാനികളുടെയും കൃസ്ത്യാനികള്‍ യഹൂദരുടെയും സവിശേഷതകളെ സ്വീകരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ കൃസ്ത്യാനികളെ സംബന്ധിച്ച് യഹൂദര്‍ അവരില്‍ യാതൊരു സവിശേഷതകളുമില്ല അതുപോലെ യഹൂദരെ സംബന്ധിച്ച് അവരില്‍ യാതൊരു സവിശേഷതകളുമില്ല എന്ന് കൃസ്ത്യാനികളും പറയുകയല്ല ചെയ്യേണ്ടിയിരുന്നത്. വിശേഷിച്ച് ഇരുകൂട്ടരും ഒരേ ഗ്രന്ഥത്തെ അംഗീകരിക്കുന്നവരായിരിക്കുമ്പോള്‍.

‌ചുരുക്കത്തില്‍ നബി (സ) തിരുമേനി നല്‍കിയ അദ്ധ്യാപനം മറ്റുള്ളവരുടെ സവിശേഷതകളെ അംഗീകരിക്കേണ്ടതാണ് എന്നാണ്. മറ്റ് മതങ്ങളില്‍ യാതൊരു സവിശേഷതയും ഇല്ല എന്ന് പറയുന്ന വ്യക്തി തന്റെ അജ്ഞതയെയാണ് പ്രകടമാക്കുന്നത്. ഇത്തരത്തിലുള്ള ഉന്നതമായ ഒരു അദ്ധ്യാപനം നല്‍കിയതിലൂടെ നബി (സ) തിരുമേനി മുഴുവന്‍ സമുദായങ്ങളുടെയും അന്തസ് നിലനിര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്.

ഏതെങ്കിലും മതത്തെ സംബന്ധിച്ച് അതില്‍ യാതൊരു നന്മയും ഇല്ല എന്ന് പറയുന്നത് അതിന്റെ അനുയായികള്‍ക്ക് വളരെ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ തല്‍സംബന്ധമായി നബി (സ) തിരുമേനി നല്‍കിയിരിക്കുന്ന അടിസ്ഥാന അദ്ധ്യാപനം ഓരോ മതത്തിന്റെയും നന്മയെ അംഗീകരിക്കുക എന്നതാണ്. ഇത്തരത്തില്‍ നബി (സ) തിരുമേനി ലോകത്തുള്ള സര്‍വ മതങ്ങള്‍ക്കു മേലും ഔദാര്യമാണ് ചെയ്തിരിക്കുന്നത്.

2. പിന്നീട് നബി (സ) തിരുമേനി പറയുന്നു: ഏതെങ്കിലും മതത്തിന്റെ അനുയായികള്‍ തങ്ങളുടെ മതത്തെ അന്യായമായും ചതിയിലൂടെയുമാണ് വിശ്വസിക്കുന്നത് എന്ന് പറയുന്നതിനെ വിലക്കിയിരിക്കുന്നു. പ്രത്യുത മുന്‍ മതങ്ങള്‍ വികലമാക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ വിശ്വസിക്കുന്ന ഭൂരിഭാഗം ആളുകളും സത്യഹൃദയത്തോടു കൂടിയാണ് അതില്‍ വിശ്വസിക്കുന്നത്.

യഹൂദരെ സംബന്ധിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നു: അവരില്‍ ചിലരുടെ പക്കല്‍ കൂമ്പാരമായി ധനം സൂക്ഷിക്കുന്നതിനായി ഏല്‍പ്പിക്കുകയാണെങ്കില്‍ പോലും അവര്‍ അതില്‍ വിശ്വാസവഞ്ചന കാണിക്കുന്നതല്ല. (03:76) യഹൂദരില്‍ തങ്ങളുടെ മതത്തെ സത്യമതമായി ഗണിക്കുന്നവരും ഉണ്ടായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

അതുപോലെ കൃസ്ത്യാനികളെ സംബന്ധിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നു: തങ്ങളുടെ മുന്നില്‍ അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ കണ്ണുനീര്‍ പൊഴിക്കുന്നവരും കൃസ്ത്യനികളിലുണ്ട്. അവരുടെ ഹൃദയങ്ങള്‍ ദൈവഭയത്താല്‍ നിറയുന്നു. (05:84) അത്തരക്കാര്‍ തങ്ങളുടെ മതത്തില്‍ അന്യായമായി വിശ്വസിക്കുന്നവരാണെന്ന് എങ്ങനെ പറയുവാന്‍ സാധിക്കും? യഥാര്‍ഥത്തില്‍ നബി തിരുമേനി (സ) പ്രസ്തുത അദ്ധ്യാപനം നല്‍കിക്കൊണ്ട് തന്റെ സമുദായത്തോട് പറയുന്നത് മറ്റുള്ള മതാനുയായികളുടെ വികാരത്തെ എപ്പോഴും ആദരിക്കണമെന്നാണ്. കാരണം അവര്‍ വ്യാജമതത്തെ പിന്‍പറ്റുന്നവരാണെങ്കിലും അവര്‍ അതിനെ സത്യമാണെന്ന് വിശ്വസിച്ചാണ് പിന്‍പറ്റുന്നത്.

3. ലോകത്തുള്ള സകല സമുദായങ്ങളെയും സംബന്ധിച്ച് നബി (സ) തിരുമേനി നല്‍കിയിരിക്കുന്ന മൂന്നാമത്തെ അടിസ്ഥാന അദ്ധ്യാപനം, അവയില്‍ ദൈവദൂതന്മാര്‍ നിയോഗിക്കപ്പെട്ടിരുന്നു എന്നതാണ്. ആ മഹാത്മാവ് പറയുന്നു;

വഇമ്മിന്‍ ഉമ്മത്തിന്‍ ഇല്ലാ ഖലാ ഫീഹാ നദീറുന്‍ (35:25).

അതായത് ദൈവനിയോഗിതന്‍ അയക്കപ്പെടാത്ത ഒരു സമുദായവും ലോകത്തില്ല. ഈ അദ്ധ്യാപനത്തിലൂടെ മുഴു സമുദായങ്ങളുടെയും പ്രവാചകന്മാരുടെ പരിശുദ്ധിയെ അംഗീകരിച്ചിരിക്കുന്നു. തല്‍ഫലമായി സല്‍മാര്‍ഗത്തെ പരിമിതപ്പെടുത്തുന്നതു മൂലം ഹൃദയത്തില്‍ ഉടലെടുത്തിരിക്കുന്ന വിദ്വേഷം വിപാടനം ചെയ്യപ്പെടുന്നു. അതോടൊപ്പം തന്നെ വിശ്വാസപരമായി എല്ലാ മതങ്ങളുടെയും അടിസ്ഥാനം സത്യത്തിലധിഷ്ഠിതമാണെന്നും വ്യത്യസ്ഥങ്ങളായ നിലയില്‍ സല്‍മാര്‍ഗം ഇതര മതങ്ങളിലും കാണപ്പെടുന്നു എന്നുമുളള വസ്തുത മനുഷ്യന്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. കാരണം അവയുടെ ഉല്‍ഭവം ദൈവത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. ചുരുക്കത്തില്‍ ഇതര മതങ്ങളെ മനുഷ്യന്‍ എത്രതന്നെ വികലമാക്കിയാലും ദൈവത്തിന്‍ നിന്നുള്ള സല്‍മാര്‍ഗത്തിന്റെ എന്തെങ്കിലും അംശം നിശ്ചയമായും അവയില്‍ കാണപ്പെടുന്നതാണ്. അതിനാല്‍ എത്രതന്നെ വിയോജിപ്പുണ്ടായാലും അവയുമായി ഐക്യപ്പെടേണ്ടതും അവയെ സ്‌നേഹത്തോടും സൗഹാര്‍ദത്തോടും കാണേണ്ടത് തനിക്ക് ആവശ്യമായി വരുന്നു.

4. നാലാമതായി ആ മഹാത്മാവ് നല്‍കിയ അദ്ധ്യാപനം, മതപരമായ ഏതെങ്കിലും ചര്‍ച്ച നടക്കുമ്പോള്‍ ആവേശത്തിനടിമപ്പെട്ട് അസഭ്യം പറയരുത് എന്നതാണ്. വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നു:

ലാ തസുബ്ബു ല്ലദീന യദ്ഊന മിന്‍ദൂനില്ലാഹി ഫയസുബ്ബുല്ലാഹ അദ്‌വന്‍ ബിഗൈരി ഇല്‍മിന്‍ (06:109).

അതായത് ഇതര മതസ്ഥരുമായി നിങ്ങള്‍ വാഗ്വാദം നടത്തുമ്പോള്‍ ദൈവത്തിന് പകരമായി അവര്‍ സമര്‍പ്പിക്കുന്നവയെ നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കൂടി അവയെ മോശമായി ചിത്രീകരിക്കരുത്. അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ അവര്‍ അസഭ്യം പറയുന്നതാണ്. അപ്രകാരം നിങ്ങള്‍ അല്ലാഹുവിനെ അസഭ്യം പറയിപ്പിക്കുന്നവരായി മാറുന്നതാണ്.

നബി (സ) തിരുമേനി പറയുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാവിനെ അസഭ്യം പറയരുത്. സഹാബാക്കള്‍ (റ) ചോദിച്ചു, അല്ലാഹുവിന്റെ ദൂതരെ! സ്വന്തം പിതാവിനെ ആരെങ്കിലും അസഭ്യം പറയുമോ? നബി (സ) പറഞ്ഞു, നിങ്ങള്‍ ആരുടെയെങ്കിലും പിതാവിനെ അസഭ്യം പറയുമ്പോള്‍ അവര്‍ നിങ്ങളുടെ പിതാവിനെയും അസഭ്യം പറയുന്നതാണ്. അങ്ങനെ നിങ്ങള്‍ സ്വന്തം പിതാവിനെ അസഭ്യം പറയിപ്പിക്കുന്നവരായി ഗണിക്കപ്പെടുന്നതാണ്.

5. അഞ്ചമതായി നല്‍കിയിരുന്ന അദ്ധ്യാപനം, കേവലം മതപരമായ വിയോജിപ്പ് കാരണത്താല്‍ ഏതെങ്കിലും സമുദായത്തെ ആക്രമിക്കാവതല്ല. നബി (സ) തിരുമേനിക്ക് മുമ്പ് പൊതുവായി കരുതപ്പെട്ടിരുന്നത് മതപരമായ വിയോജിപ്പുള്ള സമുദായത്തെ ആക്രമിച്ച് നശിപ്പിക്കുന്നത് അനുവദനീയമാണ് എന്നായിരുന്നു. എന്നാല്‍ നബി (സ) തിരുമേനി തികച്ചും അതിന് വിരുദ്ധമായ അദ്ധ്യാപനമാണ് നല്‍കിയിരിക്കുന്നത്. അല്ലാഹു ആ മഹാത്മാവ് മുഖാന്തിരം ഇപ്രകാരം വിളംബരം നടത്തി,

വഖാത്തിലൂ ഫീ സബീലില്ലാഹില്ലദീന യുഖാത്തിലൂനകും വലാ തഅ്തദൂ (02:191).

അതായത് നിങ്ങള്‍ക്ക് യുദ്ധം ചെയ്യാവുന്നതാണ്. എന്നാല്‍ കേവലം നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് മാത്രം. മതപരമായ വിയോജിപ്പ് കാരണത്താല്‍ മാത്രം ആരോടും യുദ്ധം ചെയ്യരുത്. അപ്രകാരം നബി (സ) തിരുമേനി വഞ്ചകരായ അമുസ്‌ലിംകള്‍ക്കും ആത്മസ്വാതന്ത്ര്യം നല്‍കിക്കൊണ്ട് ഏത് മതത്തെ പിന്‍പറ്റിയാലും അക്കാരണം കൊണ്ട് മാത്രം അവരെ വധിക്കാനോ അല്ലെങ്കില്‍ അവര്‍ക്ക് നാശനഷ്ടങ്ങള്‍ ഏല്‍പ്പിക്കാനോ ആര്‍ക്കും തന്നെ അധികാരം ഇല്ല എന്ന് പറഞ്ഞിരിക്കുന്നു.

6. ആറാമതായി നബി (സ) തിരുമേനി ഇതരമതസ്തര്‍ക്ക് നല്‍കിയിട്ടുള്ള അവകാശം എന്തെന്നാല്‍ ഏതെങ്കിലും സമുദായവുമായി നിങ്ങളുടെ ഏതെങ്കിലും ഉടമ്പടി ഉണ്ടെങ്കില്‍ അതിനെ നിലനിര്‍ത്തേണ്ടതാണ് എന്നാണ്. ഇതര മസ്ഥരോടുള്ള കരാര്‍ ലംഘിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല എന്ന തെറ്റിദ്ധാരണ പൊതുവായി ജനങ്ങളില്‍ കാണപ്പെടുന്നു. വിശുദ്ധഖുര്‍ആനില്‍ ചിന്തിക്കാത്ത മുസ്‌ലിംകളും ഇതില്‍ അകപ്പെട്ടിരിക്കുന്നു. എന്നാല്‍ നബി (സ) തിരുമേനി അതിന് വിരുദ്ധമായ കല്പനയാണ് നല്‍കിയിരിക്കുന്നത്. വിശുദ്ധഖുര്‍ആ നില്‍ അല്ലാഹു പറയുന്നു:

വഇമ്മാഅ തഖാഫന്ന മിന്‍ ഖൗമിന്‍ ഖിയാനതന്‍ ഫന്‍ബിദ് ഇലയ്ഹിം അലാ സവാഇന്‍ ഇന്നല്ലാഹ ലാ യുഹിബ്ബുല്‍ ഖാഇനീന്‍ (08:59).

ഏതെങ്കിലും സമുദായം കരാര്‍ ലംഘിക്കുകയാണെങ്കില്‍ അവരോട് പറയുക നിങ്ങള്‍ കരാര്‍ ലംഘിച്ചതിനാല്‍ കരാര്‍ പാലിക്കാന്‍ ഞങ്ങളും ബാധ്യസ്ഥരല്ല. യാതൊരു കാരണവുമില്ലാതെ ആക്രമിക്കാന്‍ പാടില്ല. ഹുദൈബിയ സന്ധിയ്ക്കു ശേഷം മക്കയില്‍ വന്ന് കൊണ്ട് ഞാന്‍ ഇനി പുതുതായി കരാര്‍ ചെയ്യുന്നു എന്ന് അബൂസുഫ്‌യാന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ നബി (സ) തിരുമേനി പറഞ്ഞു, അബുസുഫ്‌യാന്‍ ഈ വിളംമ്പരം താങ്കള്‍ സ്വയം നടത്തിയതാണ്. ഞാന്‍ നടത്തിയിട്ടില്ല. അതിലൂടെ ഇനി ഞങ്ങള്‍ നിങ്ങളെ ആക്രമിക്കുന്നതാണെന്ന് പറയുകയുണ്ടായി. ഇതിന് വിരുദ്ധമായി ഇക്കാലഘട്ടത്തില്‍ ഏതെങ്കിലും രാജ്യത്തെ ആക്രമിക്കുകയാണെങ്കില്‍ ഇന്ന ഭരണകൂടവുമായി ഞങ്ങള്‍ക്ക് വളരെ നല്ല ബന്ധമാണെന്ന് വിളംബരം നടത്തുന്നു. ഇറ്റലി തുര്‍ക്കിയ ആക്രമിക്കുന്നതിന് മൂന്ന് നാള്‍ മുമ്പ് തുര്‍ക്കിയുമായി ഞങ്ങള്‍ക്ക് മുമ്പില്ലാത്ത വിധത്തിലുള്ള നല്ല ബന്ധമാണെന്ന് വിളംബരപ്പെടുത്തുകയുണ്ടായി. തുര്‍ക്കിയുടെ ശ്രദ്ധ മാറ്റുന്നതിനും അപ്രതീക്ഷിതമായി അതിനെ ആക്രമിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള വിളംബരം നടത്തിയത്. എന്നാല്‍ അബുസുഫ്‌യാന്‍ വിളംബരം നടത്തിയ സമയത്ത് നബി (സ) മൗനം ദീക്ഷിച്ചിരുന്നെങ്കില്‍ തന്നെയും ആ മഹാത്മാവിന് മേല്‍ യാതൊരു ഉത്തരവാദിത്വവും വന്നുചേരുന്നതായിരുന്നില്ല. കാരണം മക്കക്കാര്‍ ഉടമ്പടി ലംഘിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ നബി (സ) നിശബ്ദനായിരുന്നില്ല. മറിച്ച് ഇത് നിങ്ങളുടെ സ്വന്തം വിളംബരമാണ് ഞങ്ങളുടേതല്ല എന്ന് പറയുകയാണ് ചെയ്തത്. അപ്രകാരം ഇനി ഞങ്ങള്‍ ആക്രമിക്കുന്നതാണെന്ന സൂചന നല്‍കുകയാണ് ചെയ്തത്.

7. ഏഴാമതായി മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും സമാനമായ നാഗരികാവകാശമാണ് നബി (സ) തിരുമേനി നല്‍കിയിരിക്കുന്നത്. നബി (സ) തിരുമേനി മാത്രമാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. നബി (സ) യ്ക്ക് മുമ്പ് യഹൂദികളില്‍ ഉണ്ടായിരുന്ന കല്പന നിങ്ങള്‍ യഹൂദികളില്‍ നിന്ന് പലിശ വാങ്ങരുത് മറ്റുള്ളവരില്‍ നിന്ന് വാങ്ങാവുന്നതാണ് എന്നായിരുന്നു. (ആവര്‍ത്തനം: അദ്ധ്യായം 23, വചനം 19-20, ലേവ്യപുസ്തകം: അദ്ധ്യായം 25, വചനം 35-37)

എന്നാല്‍ നബി (സ) തിരുമേനി പറഞ്ഞു, യഹൂദികളില്‍ നിന്നും കൃസ്ത്യാനികളില്‍ നിന്നും മുസ്‌ലികളില്‍ നിന്നു പലിശ വാങ്ങരുത്. ആരില്‍ നിന്നും വാങ്ങരുത്. അതായത് എല്ലാവരോടും സമാനമായ വ്യവഹാരത്തിന്റെ കല്പനയാണ് നല്‍കിയത്. (02:279). അങ്ങനെ നാഗരിക വ്യവഹാരത്തിന്റെ കാര്യത്തില്‍ നബി തിരുമേനി (സ) മുസ്‌ലിംകളിലും അമുസ്‌ലിംകളിലും ഉണ്ടായിരുന്ന വ്യതിരിക്തതയെ ഇല്ലാതാക്കി.

8. എട്ടാമതായി നബി (സ) തിരുമേനി നല്‍കിയ അദ്ധ്യാപനം അടിമകളുടെ മോചനത്തിന്റെ കാര്യത്തിലും മുസ്‌ലിം അമുസ്‌ലിം വ്യതിരിക്തത വച്ചു പുലര്‍ത്തരുത് എന്നതാണ്. ഹുനൈന്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട നൂറുകണക്കിന് തടവുകാരെ അവര്‍ ശത്രുക്കളായിരുന്നിട്ടു കൂടി നബി (സ) തിരുമേനി വിട്ടയക്കുകയുണ്ടായി.

9. ഒന്‍പതാമതായി നബി (സ) തിരുമേനി അമുസ്‌ലിംകളെ സംബന്ധിച്ച് നല്‍കിയ അദ്ധ്യാപനം, ഇസ്‌ലാമിക ഭരണകൂടത്തില്‍ മുസ്‌ലിംകള്‍ക്ക് മേല്‍ കൂടുതല്‍ ഭാരവും മറ്റുള്ളവര്‍ക്ക് താരതമ്യേന കുറച്ച് ഭാരവും നല്‍കണം എന്നാണ്. ഇസ്‌ലാമിക ഭരണത്തില്‍ അനിവാര്യമായ കാര്യങ്ങള്‍ ഇവയാകുന്നു:

  • മുസ്‌ലിംകള്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതാണ്.
  • വിളവെടുപ്പിന്റെ പത്തിലൊന്ന് നല്‍കണം.
  • സക്കാത്ത് നല്‍കണം. എന്നാല്‍ അമുസ്‌ലിംകള്‍ക്ക് ഏകദേശം രണ്ടര രൂപയാണ് ടാക്‌സ് ആയി നിശ്ചിച്ചിരുന്നത്. ഇത് മുസ്‌ലിംകളെ അപേക്ഷിച്ച് വളരെ കുറവാണ്.
  • കൂടാതെ യുദ്ധത്തില്‍ അവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. മുസ്‌ലിംകളോട് അനുമതി വാങ്ങി സ്വന്തം താല്‍പര്യത്തില്‍ അവര്‍ക്ക് യുദ്ധത്തില്‍ പങ്കെടുക്കാമായിരുന്നു.

ചുരുക്കത്തില്‍ നബി (സ) തിരുമേനി അമുസ്‌ലിംകളോടുള്ള സൗഹാര്‍ദത്തിന് നല്‍കിയ അദ്ധ്യാപനങ്ങള്‍ക്ക് സമാനമായത് ഇതര മതങ്ങളില്‍ കാണുക അസാധ്യമാണ്.

(തഫ്‌സീറെ കബീര്‍: വാള്യം 6, പേജ് 526-529)

പരിഭാഷ: ടി.എം. അബ്ദുല്‍ മുജീബ്, ഖാദിയാന്‍.