ജിന്നുകൾ കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലുമുള അരൂപിയായ സൃഷ്ടികളാണോ? വിശുദ്ധഖുർആനിൽ പ്രാതിപാദിക്കപ്പെട്ട ജിന്നുകളുടെ യാഥാർത്ഥ്യമെന്ത്?
എ. പി. കുഞ്ഞാമു ,സത്യദൂതൻ മാർച്ച് 2003
അത്ഭുതങ്ങളുടെയും നിറംപിടിപ്പിച്ച കഥകളുടെയും വിസ്മയങ്ങള്‍ നിറഞ്ഞതാണ് ജിന്നിന്റെ ലോകം. അനന്തവിചിത്രങ്ങളായ അനേകം വിശ്വാസങ്ങള്‍ ജിന്നിനെ സംബന്ധിച്ച് ആളുകള്‍ വെച്ചുപുലര്‍ത്തുന്നു. അരൂപിയായ ഈ ശക്തി മനുഷ്യശരീരത്തില്‍ പ്രവേശിച്ച് പല അത്ഭുതങ്ങളും കാണിക്കുമെന്നും ഇവര്‍ക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ഞൊടിയിടയില്‍ സഞ്ചരിക്കുവാന്‍ സാധിക്കുമെന്നും അവര്‍ കരുതുന്നു. കാല്‍പ്പനിക സാഹിത്യം കൊണ്ട് സമ്പന്നമായ അറബിഭാഷയിലെ ജിന്നുകളുടെയും ഇഫ്‌രീത്തുകളുടെയും കഥാവര്‍ണ്ണനകള്‍ ലോകോത്തരങ്ങളാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മുസ്‌ലിം സമുദായത്തില്‍ ജിന്നുകളെ സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ ജീവിതം ദുസ്സഹമാക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.
പദനിഷ്പ്പത്തി ശാസ്ത്രപ്രകാരം മറഞ്ഞിരിക്കുന്ന അവസ്ഥയിലുള്ള ജീവികളെപ്പറ്റി പ്രതിപാദിക്കാന്‍ ഈ പദം ഉപയോഗിക്കും. അരൂപിയാണെന്ന് ആളുകള്‍ ധരിക്കുന്ന ജിന്ന് അധികവും പരകായ പ്രവേശനം നടത്തുന്നത് സ്ത്രീകളിലാണ്. ജിന്ന് ശരീരത്തില്‍ കൂടിയാല്‍ പിന്നെ ആവേശിക്കപ്പെട്ട ആ സ്ത്രീ അത്ഭുതസിദ്ധികളുടെ മൂര്‍ത്തിയായി മാറുന്നു. മറഞ്ഞ കാര്യങ്ങള്‍ അറിയാനും അവര്‍ക്ക് സാധിക്കുമത്രെ. ജിന്ന് കൂടിയാല്‍ നിരീക്കുമ്പോഴേക്കും എത്ര വിലപിടിപ്പുള്ളതും ഘനമുള്ളതുമായ സാധനം കണ്‍മുമ്പില്‍ എത്തിക്കാനും ഇവര്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. എപ്പോഴും അത്ഭുതങ്ങള്‍ കാണിക്കുന്ന ജിന്നുമ്മമാര്‍ ജീവിച്ചിരിക്കുന്നുതായും പറയപ്പെടുന്നു. ജിന്നിലുമുണ്ട് കാഫിര്‍ മുസ്‌ലിം വകതിരിവുകള്‍. കാഫിര്‍ ജിന്നിനെപ്പറ്റിയും മുസ്‌ലിം ജിന്നിനെപ്പറ്റിയും പണ്ട് ഉമ്മാമ പറഞ്ഞുതന്നതായി ഓര്‍ക്കുന്നു. ജിന്ന് എന്ന പദത്തിന്റെ അര്‍ത്ഥം മറഞ്ഞിരിക്കുന്നത് എന്നാണ്. ഗിരിപ്രദേശങ്ങളില്‍ വസിക്കുന്ന ഗിരിവര്‍ഗ്ഗക്കാര്‍, മാളങ്ങളില്‍ ജീവിക്കുന്ന പാമ്പ്, കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ബാക്ടീരിയ മുതലായവ ഈ പദത്തിന്റെ വിവക്ഷകളില്‍ വരും. റസൂല്‍ തിരുമേനി (സ) ഒരവസരത്തില്‍ ഒരാള്‍ ഒട്ടകത്തിന്റെ എല്ലുകൊണ്ടു ശൗച്യം ചെയ്യുന്നത് കണ്ടപ്പോള്‍ അതു വിരോധിക്കുകയുണ്ടായി. കാരണമായി പറയപ്പെട്ടത് അതില്‍ ജിന്നുണ്ടാകുമെന്നാണ്. അതായതു പഴയ എല്ലില്‍ മാരകമായ ബാക്ടീരിയകള്‍ ഉണ്ടാകുമെന്നര്‍ത്ഥം. ഈ അത്ഭുത പ്രതിഭാസമായ ജിന്നും ഇന്നത്തെ മൊല്ലാക്കമാരുടെ സൃഷ്ടി തന്നെയാണ്. അവര്‍ക്ക് മന്ത്രങ്ങളും തന്ത്രങ്ങളും നടത്തി പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്തു സ്വന്തം വയറു വീര്‍പ്പിക്കാനുള്ള ഒരു വഴിയാണിത്. ഇംഗ്ലീഷ് പഠിക്കരുതെന്നും മലയാളം പഠിക്കരുതെന്നും അതൊക്കെ കാഫിറുകളുടെ ഭാഷയാണെന്നും പറഞ്ഞുകൊണ്ട് ഇന്നലെവരെ മുസ്‌ലിം സമൂഹത്തെ വെള്ളം കോരികളും വിറക് വെട്ടുന്നവരുമായി അധഃപതിപ്പിച്ച ഈ മൊല്ലാക്കമാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കാന്‍ കാശിന് വേണ്ടി അറബ് നാടുകളില്‍ ഭിക്ഷാപാത്രവുമായി നെട്ടോട്ടമോടുകയാണ് ഇന്ന്. അതേപോലെ ഈ ജിന്ന് കൂടലില്‍ നിന്നും അടുത്ത ഭാവിയില്‍ മുസ്‌ലിം സമൂഹം രക്ഷപ്രാപിക്കുമെന്ന് നമുക്കാശിക്കാം.
റസൂല്‍ തിരുമേനി (സ) ജിന്നിനും ഇന്‍സിനും പ്രവാചകനായി അവതരിച്ച സത്യാത്മാവാണ് “ജിന്നിനെയും ഇന്‍സിനെയും സൃഷ്ടിച്ചത് അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്“. (51:56). വിശുദ്ധഖുര്‍ആന്റെ ഈ വീക്ഷണം ശരിയാണെങ്കില്‍ ശരീഅത്തിലെ എല്ലാ കര്‍മ്മങ്ങളും ഇന്‍സിനെപ്പോലെ ജിന്നും അനുഷ്ഠിക്കാന്‍ ബാദ്ധ്യസ്ഥരാണ്. റസൂല്‍തിരുമേനി (സ) ജിന്നുകളോടു മാത്രമായിട്ട് ഒരു ഉപദേശമോ, നിര്‍ദ്ദേശമോ അവരെ ഒരുമിച്ചുകൂട്ടുകയോ ചെയ്തതായി ഒരു ഹദീസില്‍ പോലും ഉള്ളതായി കാണുന്നില്ല.
എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ ഇന്‍സിനോടൊപ്പം ജിന്നിനെ ചേര്‍ത്തു പറഞ്ഞിടത്തെല്ലാം അതിന്റെ അര്‍ത്ഥം മനുഷ്യരില്‍ തന്നെയുള്ള ഉയര്‍ന്നകിടയില്‍ ജീവിതം നയിക്കുന്നവരെപ്പറ്റിയാണെന്നാണ്. പൊതുവില്‍ മനുഷ്യസമൂഹത്തെ ‘യാഅയ്യുഹന്നാസ്’ എന്നാണ് വിശുദ്ധഖുര്‍ആനില്‍ സംബോധന ചെയ്യുന്നത്. ഈ അന്നാസില്‍പെട്ട രണ്ടു വിഭാഗത്തെയാണ് ഇന്‍സും ജിന്നുമായി തരംതിരിച്ചിരിക്കുന്നത്. ഇന്‍സ് സാധാരണക്കാരും ജിന്ന് അവരിലെ മൂപ്പന്മാരുമാണ്. ഉദാഹരണത്തിന് കുബേരന്‍-കുചേലന്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പണ്ഡിതന്മാര്‍- പാമരന്മാര്‍, ബുദ്ധിജീവികള്‍-സാധാരണക്കാര്‍, രാജാവ്-പ്രജ, ഭരണകര്‍ത്താക്കള്‍-ഭരണീയര്‍ ഇങ്ങനെ പോകുന്നു. ഇതില്‍ ഉയര്‍ന്ന കിടക്കാരെ ജിന്ന് എന്നുവിളിക്കുന്നു. ഇബ്‌ലീസിനെ വിശുദ്ധഖുര്‍ആന്‍ ജിന്നായിട്ടാണ് വിശേഷിപ്പിച്ചത്. ആദം നബി (അ)യുടെ കാലത്ത് അദ്ദേഹത്തിന്റെ ദൗത്യത്തെ എതിര്‍ത്ത ശത്രു മൂപ്പനാണ് ഇബ്‌ലീസ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആദം നബിയെ (അ) അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനല്ല. കാരണം, ആദംനബി (അ) അതിന്നര്‍ഹനല്ല. അങ്ങനെ വല്ല അര്‍ഹതയുണ്ടെങ്കില്‍ അതു തനിക്കാണ്. കാരണം, അദ്ദേഹത്തേക്കാള്‍ ഉത്തമന്‍ താനാണെന്നാണ് ഇബ്‌ലീസ് പറഞ്ഞത്.
”മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ ആദമിന് കീഴ്‌പ്പെടുക. അപ്പോള്‍ അവരെല്ലാം കീഴ്‌പ്പെട്ടു. ഇബ്ലീസ് ഒഴികെ അവന്‍ ജിന്നില്‍പ്പെട്ടവനായിരുന്നു. അങ്ങനെ അവന്‍ തന്റെ നാഥന്റെ കല്‍പനയെ ധിക്കരിച്ചു” (18:57).
എല്ലാ പ്രവാചകന്മാര്‍ക്കും ജിന്നില്‍ നിന്നും ഇന്‍സില്‍ നിന്നും ശത്രുക്കളുണ്ടാകുമെന്ന് വിശുദ്ധഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നു.
”നാം ഓരോ പ്രവാചകനും ജിന്നില്‍ നിന്നും ഇന്‍സില്‍ നിന്നുമുള്ള പിശാചുക്കളെ ശത്രുക്കളായിക്കിയിരിക്കുന്നു. വഞ്ചിക്കുവാനായി അവര്‍ അന്യോന്യം മോഹന വാക്കുകള്‍ ബോധിപ്പിക്കുന്നു” (6:113).
ഇവിടെ പ്രവാചകന്മാര്‍ക്കെതിരെ ശത്രുക്കളായ മൂപ്പന്മാരും അവരുടെ സില്‍ബന്ധികളായ സാധാരണക്കാരും ചേര്‍ന്ന് ഒരു ഐക്യമുന്നണിയുണ്ടാക്കി നടത്തുന്ന പൈശാചികമായ പദ്ധിതകളെയാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാരുടെ വൃത്താന്തങ്ങള്‍ വിശുദ്ധഖുര്‍ആനും മറ്റു മതഗ്രന്ഥങ്ങളും പരാമര്‍ശിക്കുന്നു. അവരുടെ ശത്രുക്കളെപ്പറ്റിയും പരാമര്‍ശിക്കുന്നു. എന്നാല്‍ ‘ജിന്നുകള്‍’ എന്ന സൃഷ്ടി അവരുടെ എതിരില്‍ വല്ലതും പ്രവര്‍ത്തിച്ചതായി എവിടെയും പറഞ്ഞുകാണു ന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ മലക്കുകളുടെ സഹായം പ്രവാചകന്മാര്‍ക്കുണ്ടായതായി വിശുദ്ധഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, സമൂഹത്തിലെ സ്വാധീനമുള്ള സമ്പന്നന്മാരും, പണ്ഡിതന്മാരും മറയുടെ പിന്നില്‍ നിന്നുകൊണ്ടു സാധാരണക്കാരെ മോഹനവാക്കുകള്‍ പറഞ്ഞ് അക്രമങ്ങള്‍ക്കും അനീതിക്കും പ്രേരിപ്പിക്കാറുണ്ട്. അവരുടെ അദൃശ്യസാന്നിദ്ധ്യമെന്ന ഗുണത്തെയാണ് അവരെ ജിന്ന് എന്ന വിശേഷണത്തിന് യോഗ്യരാക്കിതീര്‍ക്കുന്നത്. മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നത് കാണുക:
”പറയുക, ഇന്‍സും ജിന്നും ഒരുമിച്ചുചേര്‍ന്ന് അന്യോന്യം സഹായികളായിരുന്നാലും ഖുര്‍ആന്‍പോലുള്ള ഒരു ഗ്രന്ഥം അവര്‍ക്ക് കൊണ്ടുവരാന്‍ സാദ്ധ്യമല്ല. നിശ്ചയമായും നാം മനുഷ്യര്‍ക്കായി ഈ ഖുര്‍ആനില്‍ എല്ലാ വിവരങ്ങളും വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ അധികംപേരും നിഷേധിക്കുന്നവരാണ്” (17:88,89).
ഇവിടെ മനുഷ്യര്‍ക്കായി ‘നാസ്’ എന്ന പദമാണ് ഉപയോഗിച്ചത്. ജിന്ന്, ഇന്‍സ്, നാസ് എന്നീ മൂന്നു പദങ്ങളും ഈ ആയത്തില്‍ പ്രയുക്തമായിട്ടുണ്ട്. ഇന്‍സും ജിന്നും ‘നാസില്‍’ പെട്ട രണ്ടു തട്ടിലുള്ളവരാണ്. ഇവര്‍ രണ്ടുകൂട്ടരും ഒരുമിച്ച് ശ്രമിക്കണമെങ്കില്‍ ഇവര്‍ മനുഷ്യര്‍ ആയിരിക്കണം. പൊതുവില്‍ കരുതുന്നതുപോലെ സ്ഥൂലജീവിയും സൂക്ഷ്മജീവിയുമാണെങ്കില്‍ അന്യോന്യം എങ്ങനെ സഹവര്‍ത്തികളായി പ്രവര്‍ത്തിക്കാന്‍ സാധിക്കും? ഇവിടെ ബുദ്ധിരാക്ഷസന്മാരും പണ്ഡിത കേസരികളും സാധാരണക്കാരും ഒത്തുചേര്‍ന്നാലും ഇതുപോലുള്ള ഒരു ഗ്രന്ഥം രചിക്കാന്‍ സാദ്ധ്യമല്ലെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. വിശുദ്ധഖുര്‍ആന്‍ ഒരു സ്ഥലത്ത് ജിന്നിനെയും ഇന്‍സിനെയും മൃഗങ്ങളോടുപമിച്ചിരിക്കുന്നു.
”നിശ്ചയമായും നാം ജിന്നിലും ഇന്‍സിലും നിന്നുള്ള വളരെപ്പേരെ നരകത്തിനായിട്ട് സൃഷ്ടിച്ചിരിക്കുന്നു. അവര്‍ക്ക് ഹൃദയങ്ങള്‍ ഉണ്ട്. അവകൊണ്ട് അവര്‍ ഗ്രഹിക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. പക്ഷേ, അവര്‍ കാണുന്നില്ല. അവര്‍ക്ക് ചെവികളുണ്ട് അവര്‍ കേള്‍ക്കുന്നില്ല. അവര്‍ കന്നുകാലികളെപ്പോലെയാണ്. എന്നല്ല അവയേക്കാള്‍ കൊള്ളരുതാത്തവരാണ്. ഇവരത്രെ മതിമറന്നവര്‍” (7:179).
ഇവിടെ ജിന്നിനും ഇന്‍സിനും ഉള്ളതായി പറഞ്ഞ ഗുണങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്. ജിന്നുകള്‍ സൂക്ഷ്മ ജീവികളും, ജഡികാവശ്യങ്ങളുമായി ബന്ധമില്ലാത്തവരുമാണെങ്കില്‍ ആ അത്ഭുതസൃഷ്ടിയെ മൃഗത്തോടുപമിക്കുന്നത് യുക്തിസഹമായിരിക്കില്ലല്ലോ? ആകയാല്‍ ജിന്ന് എന്നു പറഞ്ഞത് വലിയവരെന്ന് ഊറ്റം നടിക്കുന്ന മനുഷ്യരെക്കുറിച്ച് തന്നെയാണെന്ന് കരുതാനെതരമുള്ളൂ. മറ്റൊരു സ്ഥലത്ത് വിശുദ്ധ ഖുര്‍ആന്‍ മരിച്ചവരില്‍പ്പെട്ട സാധാരണ ജനങ്ങള്‍ ജിന്നുകളില്‍പ്പെട്ട ആളുകളില്‍ അഭയം തേടുന്നതായി പറയുന്നു.
”തീര്‍ച്ചയായും മനുഷ്യരില്‍പ്പെട്ട ആളുകള്‍ ജിന്നുകളില്‍പെട്ട ആളുകളില്‍ അഭയം തേടുന്നു. അതുകൊണ്ടവര്‍ അനര്‍ത്ഥമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല” (72:6).
ഇവിടെ ആളുകള്‍ എന്ന് തര്‍ജ്ജമക്ക് വിധേയമായ പദം ‘രിജാല്‍’ എന്ന പദമാണ് (ബിരിജാലി). രിജാല്‍ എന്ന പദം മനുഷ്യരെ മാത്രം സൂചിപ്പിക്കുന്ന പദമാണ്. ഇതും ജിന്നുകള്‍ മനുഷ്യവര്‍ഗ്ഗത്തില്‍പെട്ടതാണെന്നു സൂചിപ്പിക്കുന്നു. മറ്റൊരു സ്ഥലത്തു
”അല്ലയോ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ നിങ്ങളുടെ ഈ ദിവസത്തെ കൂടിക്കാഴ്ചയെക്കുറിച്ചു മുന്നറിയിപ്പു നല്‍കുകയും എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുള്ള ദൂതന്മാര്‍ നിങ്ങളുടെ അടുത്തു വന്നില്ലേ? അവര്‍ പറയും ഞങ്ങള്‍ക്കെതിരെ നിങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. ഈ ലോകജീവിതം അവരെ വഞ്ചിച്ചു. അവര്‍ സത്യനിഷേധികളായിരുന്നു എന്ന് അവര്‍ തന്നെ സാക്ഷി പറയും” (6:130).
ഈ ആയത്ത് ജിന്നുകളിലും മനുഷ്യരിലും പ്രവാചകന്മാര്‍ വന്നതായി പറയുന്നു. പ്രവാചകന്മാരെ നിഷേധിക്കാന്‍ കാരണമായത് ഈ ഭൗതിക ലോകത്തിലെ അസ്വാദനങ്ങള്‍ അവരെ വിശ്വസിക്കുന്നതില്‍നിന്നു തടഞ്ഞുവെന്നാണ് പറയുന്നത്. അപ്പോള്‍ ജിന്നും ജഢികമായ ജീവിയാകുന്നുവെന്ന് പറയേണ്ടിവരും. ചുരുക്കത്തില്‍ ഇത് മനസ്സിലാക്കിത്തരുന്നത് ജിന്നും ഇന്‍സും മനുഷ്യരില്‍പെട്ട രണ്ടുവര്‍ഗ്ഗങ്ങള്‍ തന്നെയാണെന്നാണ്. വിശുദ്ധ ഖുര്‍ആന്‍ മറ്റൊരു സ്ഥലത്ത് ജിന്നും ഇന്‍സും അന്യോന്യം മിത്രങ്ങളാണെന്നു പറയുന്നു.
”അവരെ എല്ലാവരെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിനം അല്ലയോ ജിന്നുകളുടെ സമൂഹമേ ഇന്‍സുകളില്‍ നിന്നും അധികം പേരെ നിങ്ങള്‍ സ്വാധീനിച്ചെടുത്തു. ഇന്‍സില്‍ പെട്ട അവരുടെ മിത്രങ്ങള്‍ പറയും. ഞങ്ങളുടെ രക്ഷിതാവേ, നിങ്ങളില്‍ ചിലര്‍ ചിലരെക്കൊണ്ടു പ്രയോജനമെടുത്തു. എന്നാല്‍ നിങ്ങള്‍ക്ക് നിശ്ചയിച്ച അവധി വന്നെത്തിയിരിക്കുന്നു. അവന്‍ പറയും നിങ്ങളുടെ പാര്‍പ്പിടം നരകാഗ്നിയാണ്. അതില്‍ അല്ലാഹു നിശ്ചയിക്കുന്ന(കാലം) ഒഴികെ നിങ്ങള്‍ എന്നെന്നും പാര്‍ക്കുകയായി. തീര്‍ച്ചയായും നിന്റെ നാഥന്‍ തന്ത്രജ്ഞനും അറിവുള്ളവനുമാകുന്നു” (6:129).
ഇവിടെ ജിന്നുകള്‍ (നേതാക്കന്മാരോ, വലിയ പണ്ഡിതന്മാരോ) സാധാരണ ജനങ്ങളെ (ഇന്‍സിനെ) അവരുടെ സ്വാധീനവലയത്തില്‍ നിര്‍ത്തി അവരുടെ ഇംഗിതങ്ങള്‍ നടപ്പില്‍ വരുത്തിയതിന്റെ ഫലമായി ഇരുകൂട്ടരും നരകാഗ്നിയില്‍ പ്രവേശിക്കുന്ന രംഗമാണ് പറയപ്പെട്ടിരിക്കുന്നത്. അവിശ്വാസികള്‍ പറയുന്നതായി മറ്റൊരു വൃത്താന്തം വിശുദ്ധഖുര്‍ആന്‍ പറയുന്നത് കാണുക.
”അവിശ്വാസികള്‍ പറയും ഞങ്ങളുടെ രക്ഷിതാവേ, ജിന്നിലും മനുഷ്യരിലും (ഇന്‍സ്) നിന്ന് ഞങ്ങളെ വഴി പിഴപ്പിച്ചവരെ ഞങ്ങള്‍ക്ക് കാണിച്ചുതന്നാലും. ഞങ്ങളുടെ പാദങ്ങള്‍ക്ക് താഴെ ഇരുവരെയും ഞങ്ങള്‍ മെതിക്കട്ടെ” (41:38).
ജിന്ന് സൂക്ഷ്മജീവിയോ അരൂപിയോ ആണെങ്കില്‍ എങ്ങനെ തങ്ങളുടെ പാദങ്ങള്‍ക്ക് താഴെ മെതിക്കാന്‍ സാധിക്കും? ഇത്രയും എഴുതിയതില്‍ നിന്ന്, ഇന്‍സിനോടുകൂടെ ജിന്നിനെ പറഞ്ഞിടത്തെല്ലാം മനുഷ്യരിലുള്ള രണ്ടു വിഭാഗങ്ങളെ സംബന്ധിച്ചാണ് അതായത് ഉയര്‍ന്നവരും താഴ്ന്നവരുമായ രണ്ട് വിഭാഗങ്ങളെക്കുറിച്ചാണ് എന്ന് നമുക്ക് മനസ്സിലാകുന്നു. ‘ജിന്ന്’ എന്ന വാക്ക് എല്ലാ അര്‍ത്ഥങ്ങളിലും വിശുദ്ധഖുര്‍ആനിലും ഹദീസുകളിലും പ്രയുക്തമായിട്ടുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ അന്ധമായി വിശ്വസിക്കുന്ന ശരീരത്തില്‍ കൂടുന്ന ജിന്ന്, അരൂപിയായ അദൃശ്യങ്ങളില്‍ പല കഴിവുകളും പ്രകടിപ്പിക്കുന്ന ജിന്ന് അന്ധവിശ്വാസത്തിന്റെ സൃഷ്ടിയാണ്. മനുഷ്യമനസ്സിന്റെ നിഗൂഡമായ ചില കഴിവുകളെ നാം നിഷേധിക്കുന്നില്ല. ഹിപ്പ്‌നോട്ടിസം, മെസ്മറിസം, മൈന്റ്‌റീഡിംഗ്, ടെലിപ്പതി എന്നീ മനുഷ്യരില്‍ അന്തര്‍ലീനമായ കഴിവുകളെ പോഷിപ്പിച്ചെടുത്ത് പല രൂപത്തിലും പ്രയോജനപ്പെടുത്തുന്ന വിദ്യകളെ ശാസ്ത്രം സമ്മതിക്കുന്നുണ്ട്. അതിനെ നാമും നിഷേധിക്കുന്നില്ല. അതൊന്നും തന്നെ ബാഹ്യമായ ഒരു സ്വതന്ത്ര അസ്തിത്വമുള്ള അരൂപികളുടെ ചെയ്തികളല്ല. മനസ്സിന്റെ ഇത്തരം കഴിവുകളെ അന്ധവിശ്വാസങ്ങളുടെ നിറം പിടിപ്പിച്ച് തല്‍പ്പരകക്ഷികള്‍ പാമരജനങ്ങളെ ചൂഷണം ചെയ്യുകയാണ്. മനുഷ്യമനസ്സിന്റെ അതീന്ദ്രിയപരവും നിഗൂഡവുമായ ചില പ്രവര്‍ത്തനങ്ങള്‍ മൂലം മനഃശാസ്ത്രത്തിന്റെ പരിധിയില്‍പ്പെടുന്ന ഇത്തരം വിഷയങ്ങള്‍ ആധുനികശാസ്ത്രം ഗവേഷണങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
ദാവൂദ് നബി (അ)യുടെയും സുലൈമാന്‍ നബി (അ)യുടെയും കീഴില്‍ ഗിരിവാസികളും ശക്തന്മാരുമായ ഒരു ജനതയും അവരില്‍പ്പെട്ട നേതാവും (ഇഫ്‌രീത്ത്) സേവനം ചെയ്തതായി കാണുന്നു. ശില്‍പ്പകലയില്‍ വിദഗ്ദനായിരുന്ന ഒരാളായിരുന്നു ഇഫ്‌രീത്ത്. പ്രതിഭാശാലി, ശക്തന്‍ എന്നൊക്കെയാണ് ഇഫ്‌രീത്തിന്റെ പദാര്‍ത്ഥം. അതേപോലെ നമ്മുടെ ഭാഷയില്‍തന്നെ ഏല്‍പിച്ച പ്രവൃത്തി നൊടിയിടയില്‍ ചെയ്യുന്ന ആളെ അവന്‍ ‘ഇഫ്‌രീത്താണ്’ എന്ന് വിശേഷിപ്പിക്കാറുണ്ട്. ‘ഇഫ്‌രീത്ത്’ ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം പോലെയുള്ള ഒരു സിംഹാസനം നൊടിയിടയില്‍ പണിതീര്‍ത്തുകൊണ്ടുവരാമെന്ന് പറഞ്ഞ സുലൈമാന്‍ നബി (അ)യുടെ സംഘത്തിലെ ഒരു ശില്‍പ്പിയായിരുന്നു. അദ്ദേഹത്തെയും ജിന്ന് എന്ന പദം പ്രയോഗിച്ചുകൊണ്ടാണ് ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നത്. അത്യപൂര്‍വ്വം കാണപ്പെടുന്ന വിദഗ്ധനായ പ്രതിഭ എന്ന അര്‍ത്ഥത്തിലാണ് ജിന്നുകള്‍ക്കിടയിലെ ഇഫ്‌രീത്ത് എന്ന പദം ഇവിടെ പ്രയുക്തമായത്.
മനുഷ്യരിലുള്ള ഈ രണ്ടു വര്‍ഗ്ഗത്തെ, ഇന്‍സിനെ കളിമണ്ണില്‍ നിന്നും ജിന്നിനെ തീകൊണ്ടും സൃഷ്ടിച്ചതായിട്ടാണ് വിശുദ്ധഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നത്. സൃഷ്ടിപ്പിലുള്ള ഈ അന്തരം ജിന്നിനെ ഒരു പുതിയ സൃഷ്ടിയായി കാണാന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. മനുഷ്യര്‍, മലക്കുകള്‍ എന്നിവയ്ക്ക് പുറമെ അതില്‍പ്പെടാത്ത മറ്റൊരു സൃഷ്ടിയായി അവര്‍ ജിന്നിനെയും കണ്ടു. മനുഷ്യന്റെ സൃഷ്ടിപ്പിനെപ്പറ്റി തന്നെ വിശുദ്ധഖുര്‍ആനില്‍ മണ്ണില്‍ നിന്ന് എന്നും മുട്ടിയാല്‍ ശബ്ദിക്കുന്ന കറുത്ത കളിമണ്ണില്‍നിന്ന് എന്നും ധൃതിയില്‍നിന്ന് എന്നും മറ്റുമൊക്കെ പറഞ്ഞിട്ടുണ്ട്. ഇതൊക്കെത്തന്നെ മാനുഷതയുടെ ഗുണങ്ങളെ അഭിവ്യഞ്ജപ്പിക്കുന്ന അമൂര്‍ത്തഗുണങ്ങളാണ്; പദാര്‍ത്ഥ വസ്തുക്കളല്ല. അതേപോലെ, ജിന്നിനെ തീയില്‍നിന്നും തീക്കാറ്റില്‍നിന്നും സൃഷ്ടിച്ചതായി പറയുന്നുണ്ട്. ഇതൊക്കെ ഗുണപരമായ പ്രത്യേകതകളെ ദ്യോതിപ്പിക്കുന്ന പദങ്ങളാണ്. വളരെ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാണ് ഇവ. ഞാനതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. ഒരുകാര്യം മാത്രം ഞാന്‍ വായനക്കാരുടെ ശ്രദ്ധ യില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഇത്തരം ഉപയോഗങ്ങള്‍ പ്രതിരൂപാത്മകം (Symbolic) ആണ്. ഏതാണ്ട് മനുഷ്യപ്രകൃതിയെ പ്രതിനിധാനം ചെയ്യുന്നവയാണ്.
ഇതുസംന്ധിച്ച ബൃഹത്തായ വ്യാഖ്യാനങ്ങള്‍ വാഗ്ദത്ത മസീഹ് ഹസ്‌റത്ത് അഹ്മദ് (അ)ഉം അദ്ദേഹത്തിന്റെ ഖലീഫമാരും നല്‍കിയിട്ടുണ്ട്. ആദ്ധ്യാത്മികമായും ഭൗതികമായും പല മാനങ്ങളിലും അതിന് ഗഹനമായ അര്‍ത്ഥവ്യാപ്തിയുണ്ട്. മനുഷ്യന്റെ മാനസികമായ വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍ അതിനെ സൂചിപ്പിക്കുന്നതായി മനസ്സിലാകുന്നു. മനുഷ്യന്‍ പ്രാകൃതനായി നഗ്നനായി മൃഗതുല്യമായ ഒരു ജീവിതം നയിച്ച കാലഘട്ടം പിന്നിട്ടിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ഒരു ജീവിതപദ്ധതിക്ക് വിധേയമാകാന്‍ സാധിക്കാത്തഘട്ടമാണ്. അതിനെ നമുക്ക് പൊടിമണ്ണായിട്ടെടുക്കാം. പിന്നീട് അവന്ന് വിവേകമുദിച്ചപ്പോള്‍ മണ്ണില്‍ വെള്ളംചേര്‍ത്തു കളിമണ്ണായിത്തീര്‍ന്നു. അതായത് അവന്ന് അദ്ധ്യാത്മിക വളര്‍ച്ചയുടെ ആദ്യഘട്ടം അതാണ് വെള്ളം. പിന്നീട് കറുത്ത മുട്ടിയാല്‍ ശബ്ദം കേള്‍ക്കുന്ന കറുത്ത മണ്ണ് എന്നു പറയുന്ന ഘട്ടം ഒരു പ്രവാചകന്‍ വിളിച്ചാല്‍ ആ വിളിക്ക് ഉത്തരം നല്‍കാന്‍ പ്രാപ്തമായ ഘട്ടം. അതാണ് ആദം നബി(അ)യുടെ കാലഘട്ടം. അതുകൂടാതെ കളിമണ്ണിനുള്ള പ്രകൃതി ദത്തമായ ഗുണം അതു ഏതു പരിവര്‍ത്തനത്തെയും സ്വീകരിക്കുമെന്നുള്ളതാണ്. കളിമണ്ണുകൊണ്ട് വിവിധ ശില്‍പ്പങ്ങളും പാത്രങ്ങളും ഉണ്ടാക്കാന്‍ സാധിക്കും. അത് മാറ്റി മറ്റു വല്ല ഉപകരണങ്ങളും ഉണ്ടാക്കാന്‍ സാധിക്കും.
പ്രവാചകന്മാരുടെ അവതരണകാലത്ത് അവരില്‍ വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ധനികരും പണ്ഡിതന്മാരും മറ്റു ഉയര്‍ന്നവരും വളരെ വിരളമായേ ആരംഭത്തില്‍ വിശ്വസിക്കാറുള്ളൂ. സാധാരണക്കാര്‍ പരിവര്‍ത്തനവിധേയരാണ്. ജിന്ന് വര്‍ഗ്ഗത്തില്‍ ഉള്ളവര്‍ തീയുടെ സ്വഭാവം കാണിക്കും. അത് എളുപ്പത്തില്‍ പരിവര്‍ത്തനം സ്വീകരിക്കുകയില്ല. ആളിക്കത്തുന്ന സ്വഭാവമാണ് തീക്കുള്ളത്. എളുപ്പത്തില്‍ വിധേയപ്പെടാത്തതും ജ്വലനസ്വഭാവമുള്ളതുമായ ഗുണം. ഇന്‍സ് അഥവാ സാധാരണ ജനം വിനീത വിധേയത്വത്തോടെ ഏതെങ്കിലും നേതൃത്വത്തിന് പിന്നില്‍ അണിനിരന്ന് സ്വയം സമര്‍പ്പിത സ്വഭാവം കാട്ടുമ്പോള്‍ ആര്‍ക്കും വഴിപ്പെടാതെ അഹംബോധത്തില്‍ ആളിക്കത്തുന്ന ഉയര്‍ന്ന ബോധമുള്ള ആളുകളാണ് ജിന്നുകള്‍. ഇന്‍സില്‍ നിന്ന് ജിന്നിനെ ഈ സ്വഭാവം വ്യതിരിക്തമാക്കുന്നു. എല്ലാം അറിയുന്നവന്‍ ഞാനാണ് എന്ന ഭാവം. ഫിര്‍ഔനും ഇബ്‌ലീസിനും അബുജഹലിനും സന്മാര്‍ഗ്ഗം ലഭിക്കാതെ പോയത് നമ്മെക്കാള്‍ താഴെക്കിടയിലുള്ള ഇവനെ ഞാന്‍ നേതാവായി അംഗീകരിക്കേണമോ എന്ന അഹങ്കാരം മൂലമാണ്. ഈ കാലത്ത് വാഗ്ദത്ത മഹ്ദി മസീഹി(അ)ന്റെ ശത്രുക്കളില്‍ ജിന്നിന്റെ പ്രകൃതിയോടുകൂടിയ പണ്ഡിതനേതാക്കന്മാരെ നമുക്ക് കാണാന്‍ സാധിക്കുന്നു. മനുഷ്യനെ ധൃതികൊണ്ടു സൃഷ്ടിച്ചിരിക്കുന്നു എന്നതും പ്രതീകാത്മകമാണ്. കാരണം ധൃതി ഒരു സ്ഥൂലപദാര്‍ത്ഥമല്ലല്ലോ? ചുരുക്കത്തില്‍ റസൂല്‍ തിരുമേനി(സ)യുടെ ദൗത്യം ജിന്നിനും ഇന്‍സിനും ഒരുപോലെ ബാധകമാണ്. അദ്ദേഹം കൊണ്ടുവന്ന ശരീഅത്ത് അനുസരിച്ചു ജീവിക്കുവാന്‍ അവരും ബാദ്ധ്യസ്ഥരാണ്. നമസ്‌ക്കരിക്കുക, നമസ്‌ക്കാരത്തിനുമുമ്പു ദേഹശുദ്ധിവരുത്തുക, നോമ്പനുഷ്ഠിക്കുക സക്കാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക ഇതൊക്കെ ശാരീരികമായി അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളാണ്. അരൂപിയായ ജീവിയാണ് ജിന്നെങ്കില്‍ അതെങ്ങനെ അവര്‍ക്കനുഷ്ഠിക്കാന്‍ സാധിക്കും? വിശുദ്ധഖുര്‍ആന്റെ പാഠമനുസരിച്ച്, ജിന്ന് ഒരു പ്രത്യേക ജീവിയാണെങ്കില്‍ അതില്‍നിന്നുതന്നെയുള്ള പ്രവാചകന്മാര്‍ അവര്‍ക്ക് വരുമായിരുന്നു. ഈ ഭൂമിയില്‍ മലക്കുകളാണ് വസിക്കുന്നതെങ്കില്‍ മലക്കുകളില്‍ നിന്നുള്ള പ്രവാചകന്മാരെ നാം അയക്കുമായിരുന്നുവെന്ന് (17:95) അല്ലാഹു പറയുന്നു. അതുകൊണ്ട് ജിന്നുകള്‍ മനുഷ്യനില്‍പ്പെട്ട ഒരു വിഭാഗമാണെന്ന് സൂര്യവെളിച്ചംപോലെ മനസ്സിലാകുന്നു.
വിശുദ്ധഖുര്‍ആന്‍ പരായണം ചെയ്യുന്നത് ഒളിഞ്ഞിരുന്നു കേട്ട ജിന്നുകളുടെ ഒരു സംഘത്തെക്കുറിച്ചും വിശുദ്ധഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അവര്‍ പിന്നീട് അവരുടെ നാടുകളില്‍ പോയി ഈ അത്ഭുത ഗ്രന്ഥത്തിലെ വചനങ്ങള്‍ അവരുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുകയുണ്ടായി. തൗറാത്തിന് ശേഷം ഇറക്കപ്പെട്ട ഒരു വിശുദ്ധഗ്രന്ഥത്തില്‍ നിന്നുള്ള വചനങ്ങളാണ് അതെന്ന് അവര്‍ പറഞ്ഞുകൊടുത്തു. ഈ സംഭവത്തെ പല മുഫസ്സിരീങ്ങളും അവര്‍ യഹൂദികളായിരുന്നു എന്ന് സമര്‍ത്ഥിച്ചിട്ടുണ്ട്. കാരണം ഈ പറയെപ്പട്ടവര്‍ ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി എന്ന് മനസ്സിലാകുന്നു. ഈ സംഭവം കൂടി ചേര്‍ത്തുവായിച്ചാല്‍ ജിന്നുകള്‍ സാധാരണ മനുഷ്യരുടെകൂടെ സഹവസിക്കാത്ത ഉയര്‍ന്ന മണ്ഡലത്തില്‍ വിഹരിക്കുന്ന മേലേക്കിടയിലുള്ളവരാണെന്നു മനസ്സിലാക്കാം.
ജിന്ന് എന്ന പദത്തിന്റെ ധാത്വാര്‍ത്ഥം മറഞ്ഞിരിക്കുന്നത് എന്നാണല്ലോ. നേതാക്കന്മാര്‍, ഭരണാധികാരികള്‍, മഹാപണ്ഡിതന്മാര്‍, ബുദ്ധിജീവികള്‍, അതിസമ്പന്നന്മാര്‍ മുതലായവര്‍ സമൂഹത്തിലെ ഉപരിശ്രേണിയില്‍ ജനങ്ങളില്‍ നിന്നകന്ന് നില്‍ക്കുന്ന ദന്തഗോപുര നിവാസികള്‍ അഥവാ കാഴ്ച മറഞ്ഞിരിക്കുന്നവര്‍ ഇവരെല്ലാം ആ പരിധിയില്‍ വരുന്നു.
”ജിന്നുകളില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ കേള്‍ക്കുന്നതിനായി നിന്റെ അടുക്കലേക്ക് നാം അയച്ചു. അവര്‍ സന്നിഹിതരായപ്പോള്‍ പറഞ്ഞു, നിശ്ശ്ദരായി കേള്‍ക്കുവിന്‍. അവര്‍ കേട്ടുകഴിഞ്ഞപ്പോള്‍ അവരുടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി മടങ്ങിപ്പോയി. അവര്‍ പറഞ്ഞു: അല്ലയോ ജനങ്ങളേ, മുസാക്കുശേഷം അവതരിച്ച ഒരു ഗ്രന്ഥം ഞങ്ങള്‍ ശ്രവിച്ചു. അതിന്റെ മുമ്പിലുള്ളതിനെ ശരിവെക്കുന്നതും സത്യത്തിലും നേരായ പാതയിലേക്ക് നയിക്കുന്നതുമാണത്” (46:30,31). ഇവർ അഫ്ഗാന്‍ പ്രദേശത്തെ ജൂതന്മാരുടെ നേതാക്കളായിരുന്നു എന്നാണ് ചരിത്രരേഖ.
പല കാഴ്ചപ്പാടുകളും കാണുന്നു.
ഇബ്‌ലീസ് ജിന്ന് വർഗ്ഗത്തിൽ പെട്ടതാണ് എന്നു അറിയുന്ന്ത്.
ജിന്നുകൾ മനുഷ്യ വർഗ്ഗത്തിൽ പെട്ടവരാണ് എന്ന് വരുമ്പോൾ ഇബ്‌ലീസ്വി എവിടെ വരും