യേശുവിന്റെ ഖബറും ക്രിസ്ത്യാനികളുടെ പ്രതികരണങ്ങളും

മൗലാനാ ദോസ്ത് മുഹദ് ശാഹിദ്, വിവർത്തനം : കെ വി ഹസ്സൻ കോയ

സത്യദൂതൻ 2002 സെപ്തംബർ

നബി നായകര്‍ (സ) ഏതൊരു വിശ്വാസത്തിലേക്ക് ക്ഷണിച്ചുവോ അതേ വിശ്വാസത്തിലേക്ക് തന്നെയാണ് മഹ്ദിയും അവരെ ക്ഷണിക്കുക. (ബിഹാറുല്‍ അന്‍വാര്‍ വാല്യം 13 പേജ് 179-80 ഇറാനില്‍ പ്രിന്റ് ചെയ്തത്).

യാഥാര്‍ത്ഥ്യത്തിന്റെ മുഖംമൂടി ചിരപ്രതീക്ഷിതനായ മഹ്ദി അനാവരണം ചെയ്യുകയും ഇസ്‌ലാമിന് ഒരു പുതുജീവന്‍ നല്‍കുകയും ചെയ്യുമെന്ന് ചില പഴയ ഹദീസുകളില്‍ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മതത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ട അന്യമായ കാര്യങ്ങള്‍ വിലയില്ലാത്തതും ദ്രോഹകരവുമാണെന്ന് തെളിയിക്കപ്പെടും. ഇവകള്‍ ഇത്തരത്തില്‍ നീക്കം ചെയ്യപ്പെടുമ്പോള്‍ മഹ്ദി ഒരു പുതിയ മതവും പുതിയ ഗ്രന്ഥവും കൊണ്ടുവന്നിരിക്കുന്നുവെന്ന് ജനങ്ങള്‍ വിചാരിക്കും. (പേര്‍ഷ്യന്‍ഭാഷയിലെഴുതിയ ‘കിത്താബുല്‍ മഹ്ദി’ സെയ്ത് സദറുദ്ദീന്‍ സദര്‍ സമാഹരിച്ചത് പേജ് 229. ഇറാനില്‍ അച്ചടിച്ചത്).

ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായ അഹ്മദിയ്യാ പ്രസ്ഥാനത്തിന്റെ സ്ഥാപകര്‍ മുസ്‌ലിംകളെ പൊതുവില്‍ അഭിസംബോധന ചെയ്തുകൊണ്ടിപ്രകാരം പറഞ്ഞു: യേശുവിന്റെ മരണം സ്ഥാപിക്കപ്പെടാതെ കുരിശുമതം നശിക്കയില്ലെന്ന് നല്ലപോലെ ഓര്‍ത്തുകൊള്‍വിന്‍. വിശുദ്ധഖുര്‍ആന്റെ അദ്ധ്യാപനത്തിനെതിരായി യേശു ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസംകൊണ്ട് നമുക്കെന്തു നേട്ടം? ഇസ്‌ലാം ജീവിക്കാന്‍വേണ്ടി അദ്ദേഹത്തെ മരിക്കാന്‍ അനുവദിക്കുക. (കശ്തീനൂഹ് പേജ് 15) ഖാദിയാനിലെ വാര്‍ഷിക സമ്മേളനത്തില്‍ ആ മഹാത്മാവ് പറഞ്ഞത് എത്ര ശരിയാണ്! ഇസ്‌ലാമിന്റെ പുനരുദ്ധാരണവും ക്രിസ്തുവിന്റെ മരണവും പരസ്പരം ബന്ധിതമാണ്. യേശു ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസം ഇസ്‌ലാമിനേല്‍പ്പിച്ചിരിക്കുന്ന ക്ഷതം കണക്കറ്റതാണ്. ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഈ വിശ്വാസം തെറ്റാണെന്ന് തന്നെ കരുതപ്പെട്ടിരുന്നു. എന്നാല്‍ ഈ അബദ്ധം ഇപ്പോള്‍ ഭീകരനായ ഒരു കഴുകനെപ്പോലെ ഇസ്‌ലാമിനെ വിഴുങ്ങാന്‍ തന്നെ തയ്യാറായി നില്‍ക്കുകയാണ്.

ഇസ്‌ലാം ഇപ്പോള്‍ പതിതാവസ്ഥയിലാണ്. എന്നാല്‍ ക്രിസ്തുമതമാകട്ടെ മസീഹ് ആകാശത്ത് ജീവിച്ചിരിക്കുന്നുവെന്ന മാരകമായ ഒരേയൊരു ആയുധം കൊണ്ട് ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം തലമുറകള്‍ ക്രിസ്ത്യാനികളുടെ ഈ ആയുധത്തിനിരയായിരിക്കുന്നു. അതിനാല്‍ അല്ലാഹു മുസ്‌ലിംകളെ താക്കീതുചെയ്യാന്‍ ആഗ്രഹിച്ചു. (മല്‍ഫൂസാത്ത് വാല്യം 10 പേജ് 336-337,345) വീണ്ടും വാഗ്ദത്ത മസീഹ് പറ ഞ്ഞു: ഇപ്പോള്‍ യേശുവിന്റെ മരണം ഇസ്‌ലാമിന് നിര്‍ണ്ണായകമാണ്. മൂസായുടെ ഈസാക്ക് പകരം ഇനി മുഹദിന്റെ ഈസാ വരട്ടെ. ഇതിലാണ് ഇസ്‌ലാമിന്റെ അന്തസ്സ്നിലകൊള്ളുന്നത്. (മല്‍ഫൂസാത്ത് വാല്യം 10 പേജ് 498)

എല്ലാ മുസ്‌ലിംകളോടും വാഗ്ദത്ത മസീഹിന്റെ പ്രധാനപ്പെട്ട ഉപദേശം

ഈസാനബി ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസത്തെക്കുറിച്ച് വാഗ്ദത്ത മസീഹ് ഇത്രയധികം അപഗ്രഥിക്കുകയും ഈ മാരകമായ വിശ്വാസം മുഖേനയുണ്ടാകുന്ന ദോഷങ്ങളെയും തിന്മകളേയും വളരെയധികം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിനെ അതിന്റെ പതിതാവസ്ഥയില്‍ നിന്നുയര്‍ത്തി അതിന് മേല്‍ക്കോയ്മ നല്‍കി അതിനെ പ്രചരിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് യേശുവിന്റെ മരണം. അദ്ദേഹം മുസ്‌ലിംകളെ ഇപ്രകാരം ഉപദേശിച്ചു: അല്ലയോ, സ്‌നേഹിതരേ, എന്റെ അവസാനത്തെ ഉപദേശം ചെവിക്കൊള്‍വിന്‍, ഞാന്‍ മഹത്തായ ഒരു രഹസ്യം പറഞ്ഞുതരാം. അത് നിങ്ങള്‍ ഹൃത്തടങ്ങളില്‍ സൂക്ഷിക്കുവിന്‍. ക്രിസ്തീയരുമായുള്ള നിങ്ങളുടെ സംഭാഷണങ്ങളില്‍ നിങ്ങളുടെ സമീപനരീതിയില്‍ മാറ്റം വരുത്തുവിന്‍. മറിയമിന്റെ പുത്രനായ യേശു എന്നെന്നേക്കുമായി മരിച്ചുപോയിരിക്കുന്നു എന്ന് ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തുവിന്‍. ക്രിസ്ത്യാനികള്‍ക്കെതിരില്‍ നിങ്ങള്‍ സ്വീകരിക്കേണ്ട വാദഗതി ഇതാണ്. രംഗത്ത് നിന്ന് മാറിക്കളയാന്‍ ഇതവരെ പ്രേരിതരാക്കും. ദീര്‍ഘമായ തര്‍ക്കങ്ങള്‍ മുഖേന നിങ്ങളുടെ വിലയേറിയ സമയം വ്യര്‍ത്ഥമാക്കേണ്ടതില്ല. യേശുവിന്റെ മരണത്തില്‍ ഊന്നിക്കൊണ്ട് അവരെ പരാജയപ്പെടുത്തുക. ക്രിസ്തു മരിച്ചുപോയതായി ക്രിസ്ത്യാനികളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ നിങ്ങള്‍ വിജയിച്ചാല്‍ ക്രിസ്തുമതത്തെ ഭൂമുഖത്തുനിന്നും നിഷ്‌കാസനം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വിജയം വരിക്കാന്‍ സാധിക്കും. അവരുടെ ദൈവം മരിക്കാത്തിടത്തോളം കാലം അവരുടെ വിശ്വാസത്തെ വിപാടനം ചെയ്യാന്‍ സാധ്യമല്ല എന്ന വസ്തുത നിങ്ങളുടെ ഹൃദയങ്ങളില്‍ കൊത്തിവെക്കുവിന്‍. അവരുമായുള്ള മറ്റു വാദങ്ങള്‍ക്കൊണ്ടൊന്നും ഒരു നേട്ടവുമുണ്ടാവുന്നില്ല. അവരുടെ മതത്തിന് ഒരു സ്തംഭം മാത്രമാണുള്ളത്. അത് മറിയമിന്റെ പുത്രനായ യേശു ജീവനോടെ ആകാശത്തിരിക്കുന്നുവെന്നതാണ്. ഈ സ്തംഭം തകര്‍ക്കുക. പിന്നീട് കണ്ണുയര്‍ത്തിനോക്കുക. ക്രിസ്തുമതം എവിടേക്കാണ് പോയത് എന്ന്. ഈ സ്തംഭം തകര്‍ത്തുകളയാന്‍ ദൈവം ഇപ്പോള്‍ ഇച്ഛിക്കുന്നു. എന്നിട്ട് ദൈവത്തിന്റെ ഏകത്വമാകുന്ന മന്ദമാരുതന്‍ യൂറോപ്പിന്റെയും ഏഷ്യയുടെയും മേല്‍ വീശാന്‍ ദൈവമിച്ഛിക്കുന്നു. അതിന്നാണ് ദൈവം എന്നെ അയച്ചിരിക്കുന്നത്. അവന്റെ പ്രത്യേകമായ വെളിപാട് മുഖേന എന്നെ അറിയിച്ചിരിക്കുന്നു, മര്‍റിയമിന്റെ പുത്രനായ യേശു മരിച്ചുപോയിരിക്കുന്നുവെന്ന്. ദൈവത്തിന്റെ വാഗ്ദാനപ്രകാരം യേശുവിന്റെ ആത്മാവും കൊണ്ട് ഞാന്‍ വന്നിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനം എപ്പോഴും പൂര്‍ത്തിയാവുന്നു. (ഇസാലയെ ഔഹാം പേജ് 560-562 ആദ്യപതിപ്പ് 1891)

യേശുവിന്റെ ഖബറിനെ സംബന്ധിച്ച അതുല്യമായ ഗവേഷണം ഇസ്‌ലാമിന്റെ വിജയവുമായി അതിന്നുള്ള ബന്ധം

യേശുവിന്റെ കശ്മീരിലേക്കുള്ള യാത്രയെസംബന്ധിച്ചും കശ്മീരില്‍ അദ്ദേഹത്തിന്റെ ഖബര്‍ ഇന്നും കാണാം എന്നതിനെ സംബന്ധിച്ചും വാഗ്ദത്ത മസീഹ് നടത്തിയ പ്രഖ്യാപനം ക്രിസ്തീയലോകത്തെ നടുക്കിക്കളഞ്ഞു. തന്റെ പ്രഖ്യാപനത്തെ സമര്‍ത്ഥിക്കാന്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആനില്‍നിന്നും നബിതിരുമേനി (സ) യുടെ ഹദീസുകളില്‍നിന്നും പുരാതന കഥകളില്‍ നിന്നും ഹിന്ദുക്കളുടെയും ബൗദ്ധരുടേയും രേഖകളില്‍ നിന്നും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. ഈ പ്രഖ്യാപനം ഇസ്‌ലാമിന്റെ ശത്രുക്കളെ നിരുദ്ധകണ്ഠരാക്കി. ഈ അതുല്യമായ ഗവേഷണം വിശുദ്ധ ഖുര്‍ആന്റെ സത്യതക്കുള്ള ശ്രേഷ്ഠമായ തെളിവാണ്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”ഗ്രന്ഥാനുസാരികള്‍ ആരും തന്നെ തന്റെ മരണത്തിന് മുമ്പായി അതില്‍ വിശ്വസിക്കാത്തവരായിട്ടില്ലാതെയില്ല. പുനരുത്ഥാനനാളില്‍ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയായിരിക്കും.” (4:160)

ബുഖാരി വ്യാഖ്യാതാവായ അല്ലാമാ ബദറുദ്ദീന്‍ ദൈവിക പ്രചോദനത്താല്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത് കുരിശുടക്കും എന്നതിന്റെ അര്‍ത്ഥം ക്രിസ്തീയ വിശ്വാസത്തിന്റെ പൊള്ളത്തരം വാഗ്ദത്ത മസീഹ് തുറന്നുകാണിക്കും എന്ന് തന്നെയാണ്. (ആയിനെ ശറഅ്, ബുഖാരി വാല്യം 5 പേജ് 554) ഈ വീക്ഷണത്തില്‍ നാം ഈ ആയത്തിന്റെ പശ്ചാത്തലം പരിഗണിക്കുകയാണെങ്കില്‍ അത്ഭുതകരമായ ഒരു പ്രവചനത്തിന്റെ രൂപം നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും. യഥാര്‍ത്ഥ വസ്തുതകളും ചരിത്രപരമായ തെളിവുകളും നാം പരിശോധിച്ചാല്‍ യേശുവിനെ സംബന്ധിച്ച പഴയ ആശയങ്ങളുടെ അവ്യക്തത നമ്മുടെ കണ്‍മുമ്പില്‍ പ്രകടമാവാന്‍ തുടങ്ങും. അഹ്‌ലുകിത്താബിലെ ബുദ്ധിമാന്മാരായ പണ്ഡിതന്മാര്‍ ഏകദൈവത്തില്‍ വിശ്വസിക്കുകയും അവന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുകയും അവയുടെ അദ്ധ്യാപനങ്ങളെ പിന്തടരുകയും ചെയ്യുന്നു. ഒടുവില്‍ വിശുദ്ധ ഖുര്‍ആന് അടിയറവ് പറയുകയും നബിതിരുമേനിയെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യും. അങ്ങനെ ആദ്യത്തില്‍ മദീനയിലെ സത്യസ്‌നേഹികളായ മനുഷ്യരുടെ ഹൃദയങ്ങളെ കീഴടക്കിയതുപോലെ ചരിത്രം ആവര്‍ത്തിക്കും. അതേപ്രകാരം പടിഞ്ഞാറിലേയും കിഴക്കിലേയും ജനഹൃദയങ്ങള്‍ നബിതിരുമേനിയെ സ്വീകരിക്കും. അങ്ങനെ പത്തു ദശാബ്ദങ്ങള്‍ക്ക് മുമ്പ് വാഗ്ദത്ത മസീഹ് പ്രഖ്യാപിച്ച സത്യം മുഖേന കിഴക്കും പടിഞ്ഞാറുമുള്ള ജനങ്ങള്‍ക്ക് ഇസ്‌ലാമിലേക്കുള്ള പ്രവേശന കവാടം തുറന്നിടപ്പെടുമാറുള്ള കണ്ടുപിടിത്തം മുഖേനയാണിത് നടക്കുക. അദ്ദേഹം പറഞ്ഞു: യേശുവിന്റെ കല്ലറ ശ്രീനഗറിലെ ഖാന്‍യാര്‍ത്തെരുവില്‍ ഉള്ളതായി തീര്‍ച്ചയായും തെളിയിക്കപ്പെട്ടിരിക്കുന്നു.

യേശുവിന്റെ കല്ലറ കണ്ടെത്തിയശേഷം ആദ്യമായുണ്ടായ പ്രതികരണങ്ങള്‍:

”ക്രിസ്തീയ പാതിരിമാരും മുസ്‌ലിം പണ്ഡിതന്മാരില്‍ അവരെ അനുകൂലിച്ചിരുന്നവരും കൈകോര്‍ത്തുപിടിച്ച് വാഗ്ദത്ത മസീഹില്‍ രാജ്യദ്രോഹക്കുറ്റമാരോപിക്കുകയും ബ്രിട്ടീഷ് ഭരണകൂടത്തില്‍ അദ്ദേഹത്തിനെതിരില്‍ പ്രേരണ ചെലുത്തുകയുമാണുണ്ടായത്. (തൌസീനുല്‍ അഖ്‌വാല്‍ പേജ് 40. – പാദ്രി ഇമാദുദ്ദീന്‍)  (അഹ്‌ലെ ഹദീസിന്റെ വക്താവായ മൗലവി മുഹദ് ഹുസ്സയിന്‍ ബട്ടാലവിയുടെ പത്രാധിപത്യത്തിലുള്ള ഇശാഅത്തുസ്സുന്ന വാല്യം 16, പേജ് 168) (ലുധിയാനയിലെ കോര്‍ട്ട് ഇന്‍സ്‌പെക്ടറായ ഖാസി ഫസല്‍ അഹ്മദ് എഴുതിയ കലീമാ ഫാസിലി റബ്ബാനി പേജ് 24).

യേശുവിന്റെ കല്ലറ കണ്ടെത്തിയതിനുശേഷം ഈ ജനങ്ങളെല്ലാം കൂടുതല്‍ ശത്രുത പുലര്‍ത്തുകയും ക്ഷുഭിതരാകുകയും ചെയ്തു. ഉദാഹരണമായി വളരെ സ്വാധീനമുള്ള വ്യക്തിയും ബഹു മാന്യനും വടക്കെ ഇന്ത്യ യില്‍ പ്രശസ്തിയാര്‍ജ്ജിച്ച ആളുമായ ഒരു ഹനഫീ പണ്ഡിതന്‍ താഴെപറയുന്ന വാക്കുകളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ താക്കീതു ചെയ്യുകയുണ്ടായി. ”മുസ്‌ലിംപ്രജകളുടെ കൂറിനെ സംബന്ധിച്ചേടത്തോളം സര്‍ക്കാര്‍ പൂര്‍ണ്ണതൃപ്തരാണ്. മഹ്ദീ മസീഹ് ആണെന്നവകാശവാദം പുറപ്പെടുവിക്കുന്ന മിര്‍സായെ സംബന്ധിച്ചും സര്‍ക്കാര്‍ തികച്ചും ബോധവാന്മാരാണ്. ഈ പറയപ്പെട്ട മഹ്ദീമസീഹ് ഇപ്പോള്‍ ഖാദിയാനില്‍ ഉണ്ട്. അദ്ദേഹം വാദിക്കുന്നത് താന്‍ കുരിശിനെ മുറിക്കാന്‍ നിയുക്തനായിരിക്കുന്നുവെന്നാണ്. ഇസ്‌ലാമിനെ പുനരുദ്ധരിക്കാന്‍ ക്രിസ്തീയ വിശ്വാസത്തെ ഉന്മൂലനാശം വരുത്തുമെന്നുമാണ്. ഇത്തരക്കാരെക്കുറിച്ച് വളരെ ജാഗ്രത പുലര്‍ത്തണമെന്ന് നാം സര്‍ക്കാരിനെ ഉപദേശിക്കുന്നു. (താനിയാനെ ഇബ്രത്ത് പേജ് 9394. ശേറെ ഇസ്‌ലാം മൗലവി കറംദീന്‍ ദാബിര്‍ എഴുതിയത് രണ്ടാംപതിപ്പ്).

ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചേടത്തോളം അവരുടെ നേതാക്കള്‍ (ഒരുഭാഗത്ത്) ക്രിസ്തുവിന്റെ കല്ലറ ഒരു സാങ്കല്പിക കഥയാണെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. (റവ. അല്‍ബര്‍ മസീഹ് എഴുതിയ സര്‍ബത്തി ഇസാവി പേജ് 156) മറുവശത്ത് അവര്‍ വാഗ്ദത്ത മസീഹിനെ ക്രിമിനല്‍ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. ഡോക്ടര്‍ ഹെന്റിമാര്‍ട്ടിന്‍ ക്ലാര്‍ക്ക് വാഗ്ദത്ത മസീഹിനെതിരില്‍ വധോദ്യമത്തിന് വ്യാജാരോപണം കൊണ്ടുവന്നു. വിചാരണക്കായി അയാള്‍ നിരവധി മുസ്‌ലിം പണ്ഡിതന്മാരെ ഹാജരാക്കി. അവര്‍ വാഗ്ദത്ത മസീഹിനെതിരില്‍ കള്ളസാക്ഷ്യം പറഞ്ഞു. ഈ ‘സേവന’ത്തിന് പ്രത്യുപകാരമായി സര്‍ക്കാര്‍ ഈ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് കുറേ ഭൂമി പതിച്ചുനല്‍കി. (ഇശാഅത്തുസ്സുന്ന വാല്യം 18 പേജ് 1 മൗലാനാ മുഹദ് ഹുസ്സയിന്‍).

വാഗ്ദത്ത മസീഹിനെ തൂക്കിലേറ്റണമെന്നാഗ്രഹിച്ചു കൊണ്ടായിരുന്നു ക്രിസ്ത്യാനികള്‍ ഇത്തരം നടപടികള്‍ കൈക്കൊണ്ടിരുന്നത്. എന്നാല്‍ സര്‍വ്വശക്തനായ അല്ലാഹു ഗുരുദാസ്പൂരിലെ മജിസ്‌ട്രേട്ടായ മി. വില്യം ഡഗ്ലസ്സിന്റെ ഹൃദയത്തില്‍ സത്യമിട്ടു കൊടുത്തു. അതിനാല്‍ അദ്ദേഹം കേസ്സ് തള്ളിക്കളഞ്ഞു. മറുകക്ഷികള്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാന്‍ മിര്‍സാ സാഹിബിന് അനുമതിയുണ്ടെന്ന് ഡഗ്ലസ്സ് തന്റെ വിധിന്യായത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു. എന്നാല്‍ വാഗ്ദത്തമസീഹ് പറഞ്ഞു: ”അവര്‍ക്കെതിരില്‍ ഒരു നിയമനടപടിയും കൈക്കൊള്ളാന്‍ ഞാനാഗ്രഹി ക്കുന്നില്ല. എന്റെ കേസ്സ് മുമ്പെ തന്നെ ദൈവസമക്ഷം സമര്‍പ്പിച്ചുകഴിഞ്ഞു.” (ലക്ചര്‍ ലുധിയാന പേജ് 22)

മുഖചിത്രം: https://searchkashmir.org/2009/05/origin-of-fantastical-tales-about-yus.html.