മാലിക്ക് അമീൻ കാക്കനാട്
സത്യദൂതൻ , ജനുവരി 2013
പ്രവാചകന്റെ മരണവാര്‍ത്ത ഉമറി (റ)നെ അക്ഷരാര്‍ഥത്തില്‍ അമ്പരിച്ചു. അത് വിശ്വസിക്കാന്‍ അദ്ദേഹം സന്നദ്ധനായില്ല. വിഭ്രാന്തമായ ആ മനസ്സിന്റെ പ്രതികരണം ഇതായിരുന്നു. മുഹമ്മദ് (സ) മരിച്ചുവെന്ന് ഒരു വിഭാഗം മുനാഫിഖുകള്‍ വാദിക്കുന്നു. അല്ലാഹുവാണെ അവിടുന്ന് മരിച്ചിട്ടില്ല. ഇംറാന്റെ പുത്രന്‍ മൂസാ പോയത് പോലെ അദ്ദേഹവും ദൈവസന്നിധിയിലേക്ക് പോയിരിക്കയാണ്. അദ്ദേഹം നാല്‍പ്പത് നാള്‍ തന്റെ ജനതയില്‍ മറഞ്ഞിരുന്നു. പിന്നീട് തിരിച്ചു വന്നു. എന്നാല്‍ ജനം പറഞ്ഞു അദ്ദേഹം മരിച്ചുവെന്ന് . അതിനാല്‍ മൂസാ വന്നത് പോലെ നബി(സ)യും വരും. തിരുമേനി (സ) മരിച്ചുവെന്ന് വാദിക്കുന്നവന്റെ കൈകാലുകള്‍ തീര്‍ച്ചയായും ഛേദിക്കപ്പെടുക തന്നെ ചെയ്യും.
ഉമറി (റ)നെ സമാശ്വസിപ്പിക്കാനും സത്യം ബോദ്ധ്യപ്പെടൂത്താനും മുഗീറ നടത്തിയ ശ്രമം വിഫലമാവുകയാണുണ്ടായത്. എങ്കിലും അധികം താമസിയാതെ അബൂബക്കര്‍ (റ) സ്ഥലത്തെത്തി. പ്രവചകന്റെ വിയോഗം ഉറപ്പുവരുത്തിയ ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു ആരെങ്കിലും മുഹമ്മദിനെ (സ)യാണ് ആരാധിച്ചിരുന്നതെങ്കില്‍ തീച്ചയായും മുഹമ്മദ് ഇതാ മരിച്ചു കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അവന്‍ മരണമില്ലാത്തവനും ജീവിച്ചിരിക്കുന്നവനുമാണ്. തുടര്‍ന്ന് ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്തു:
മുഹമ്മദ് (സ) ദൈവദൂതനല്ലാതൊന്നുമല്ല അദ്ദേഹത്തിന് മുന്‍പ് പല പ്രവാചകന്മാരും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ അദ്ദേഹം മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിറകോട്ട് തിരിഞ്ഞു പോകുകയോ ! ? ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുക തന്നെ ചെയ്യും.
അബൂബക്കറിന്റെ വാക്കുകളും ഖുര്‍ആന്‍ വചനങ്ങളും ഉമറി (റ)ന് ബോധോദയമുണ്ടാക്കി. അദ്ദേഹം അല്ലാഹുവിന്റെ മുമ്പില്‍ പ്രണമിച്ചു. ആ ദിവ്യ വചനം മുമ്പ് കേട്ടിട്ടില്ലാത്ത വിധം അദ്ദേഹത്തിന്റെ അന്തരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ ഉമര്‍ വ്യഥിത ചിത്തനായി വിലപിച്ചു. ധീരനും കരുത്തനുമായ ആ യോദ്ധാവ് പ്രവാചക വിയോഗത്തിന്മുമ്പില്‍ പകച്ചു നിന്നു, ഇടിവെട്ടേറ്റത് പോലെ
(ഫാറൂക്ക് ഉമര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പേജ് 52, 53)
ഇത് ഉമറി (റ)ന്റെ ജീവിതത്തിലുണ്ടായ വേദനാജനകമായ ഒരു സംഭവമാണ്. ലോകാനുഗ്രഹിയായ പ്രവാചകന്‍ ഇഹലോകവാസം വെടിയാന്‍ സമയമായിട്ടില്ലെന്ന് തെറ്റിദ്ധരിച്ച ഉമര്‍ (റ) പ്രവാചകന്‍ മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുകയും അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ആ പറയുന്നവന്റെ ഗളം ഛേദിക്കുമെന്നും ആക്രോശിക്കുകയുണ്ടായി. ഈ സംഭവം അറിഞ്ഞ അബൂബക്കര്‍(റ) അവിടെ സന്നിഹിതനായിരുന്ന സഹാബി വര്യന്മാരെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു ചെറിയ പ്രഭാഷണം നടത്തി. ആ പ്രഭാഷണത്തില്‍ അദ്ദേഹം കാര്യങ്ങളുടെ നിജ സ്ഥിതി വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ആലുഇംറാനിലെ 145ാമത്തെ ആയത്ത് പാരായണം ചെയ്തു.
“മുഹമ്മദ് ഒരു ദൈവദൂതന്‍ മാത്രമാണ് അദ്ദേഹത്തിന്ന് മുമ്പുണ്ടായിരുന്ന എല്ലാ ദൈവദുതന്മാരും കാലഗതി പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അദ്ദേഹം മരിക്കുകയോ, കൊല്ലപ്പെടുക്കുകയോ ചെയ്തിരുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുതികാലുകളിന്‍ മേല്‍ പിന്തിരിഞ്ഞു പോവുകയോ?”
ഈ വിശുദ്ധ വചനം ഉമര്‍ (റ) ന്റെ ബോധമണ്ഡലത്തില്‍ തിരിച്ചറിവിന്റേയും വിവേകത്തിന്റേയും പ്രകാശം പരത്തി.
തിരുദൂതര്‍ക്ക് മുമ്പ് കടന്നു പോയ സര്‍വ പ്രവാചകന്മാരും മരണത്തിന്റെ കവാടത്തിലൂടെ കടന്ന് പോയി. അത് പോലെ മുഹമ്മദ് നബി(സ) യും മരണത്തിന്റെ കവാടത്തിലൂടെ ഇതാ കടന്നു പോയിരിക്കുന്നു എന്ന ഖുര്‍ആനിക വചനത്തിന്റെ സാരാംശം ഉമര്‍ (റ) ന്റെ ഹൃദയത്തെ ദുഖസാന്ദ്രമാക്കി.
മുഹമ്മദ് നബി (സ) മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുതികാലുകളില്‍ പിന്തിരിഞ്ഞുകളയുമോ?
ഖുര്‍ആന്‍ വചനത്തിന്റെ ചോദ്യശരത്തിന് മുമ്പില്‍ അദ്ദേഹം ശിരസു കുനിച്ചു. ഉമര്‍ ശാന്തനായി. യാഥാര്‍ഥ്യവുമായി സമരസപ്പെട്ടു. ഈ സംഭവം ഒരു മഹാസത്യത്തെയാണ് അനാവരണം ചെയ്യുന്നത്. ഈസാ നബി (അ) ആകാശത്ത് ജീവിച്ചിരിക്കുന്നു, അവസാന കാലം ലോകത്തേക്ക് തിരിച്ചുവരുമെന്നുമുള്ള അബദ്ധ വിശ്വാസത്തിന്റെ പൊള്ളത്തരങ്ങളെയാണ് അത് വെളിച്ചത്ത് കൊണ്ട് വന്നതെന്ന് ഈ സംഭവം വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വിശകലനം ചെയ്താല്‍ മനസ്സിലാക്കാം.
ഹദ്‌റത്ത് ഉമര്‍ (റ) നബി (സ) ഇഹലോക വാസം വെടിഞ്ഞിട്ടില്ലെന്ന് സമര്‍ഥിക്കാന്‍ ഉപോല്‍ ബലകമായി ചൂണ്ടിക്കാട്ടിയത് മൂസാ നബി (അ) തന്റെ അനുചരന്മാരില്‍ നിന്നും മറഞ്ഞിരുന്ന സംഭവമാണ് . മൂസാനബി (അ) യെ നാല്‍പ്പത് ദിവസങ്ങളോളം കാണാതായപ്പോള്‍ മൂസാ നബി (അ) യുടെ ജനത അദ്ദേഹം മരിച്ചുപോയി എന്ന് നിനച്ചു. അവര്‍ കരഞ്ഞു വിലപിച്ചു. പക്ഷേ മൂസാ നബി (അ) ജീവനോടെ വന്നു. അതുപോലെ നബി (സ) മരിച്ചിട്ടില്ല , മൂസാനബി(അ) തിരിച്ചു വന്നത് പോലെ വരുമെന്ന് സമര്‍ഥിക്കാനാണ് ഉമര്‍ (റ) ശ്രമിച്ചത്.
എന്നാല്‍ ഈസാ നബി (അ) ആകാശത്ത് ജീവിച്ചിരിക്കുന്നുവെന്നും അദ്ദേഹം തിരികെ ഇറങ്ങുമെന്നും ഉള്ള വിശ്വാസം പ്രവാചകന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഉമര്‍ അത് ഉദ്ധരിക്കുമായിരുന്നു. മാത്രമല്ല അബൂബക്കറി (റ) ന്റെ വാദഗതിയെ ചോദ്യം ചെയ്യുകയും ചെയ്യുമായിരുന്നു. കാരണം ഉമര്‍ (റ) ധീരനായിരുന്നു. തനിക്ക് തന്റെ അഭിപ്രായങ്ങള്‍ ആരോടും തുറന്ന് പറയാനും തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ വിയോജിക്കാനും സത്യത്തേയും അസത്യത്തേയും വേര്‍തിരിച്ചു മനസ്സിലാക്കാനുമുള്ള ആര്‍ജവവും തന്റേടവും ഉമര്‍ (റ)ന് ഉണ്ടായിരുന്നു.
എന്നാല്‍ അദ്ദേഹം നിഷ്‌ക്കളങ്കനായ ഒരു കുട്ടിയെപ്പോലെ അബൂബക്കറി(റ)ന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് ചെയ്തത്. പ്രവാചകന്റെ കാലഘട്ടത്തില്‍ ഈസാ നബി(അ) യെക്കുറിച്ച് മുന്ന് തരത്തിലുള്ള അഭിപ്രായമാണ് പ്രചാരത്തിലുണ്ടായിരുന്നതെന്ന് ചരിത്രം സാക്ഷ്യം പറയുന്നു.
- ഈസാ നബി (അ)യെ ശപ്തനാക്കി കുരിശില്‍ തറച്ചു കൊന്നുവെന്ന യഹൂദരുടെ വിശ്വാസം.
- ഈസാനബി(അ) കുരിശില്‍ കിടന്ന് മരിച്ച് മൂന്നു നാള്‍ക്ക് ശേഷം ആകാശത്തേക്ക് ഉയര്‍ന്ന് പോയി എന്ന ക്രൈസ്തവരുടെ വിശ്വാസം.
- ഈസാ നബി 120 വയസ്സില്‍ സാധാരണ നിലയില്‍ മരിച്ചു പോയി എന്ന വിശ്വാസം.
ഈ മൂന്ന് വിശ്വാസങ്ങള്‍ക്കുറത്ത് നാലാമതൊരു വിശ്വാസം ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അങ്ങനെ നാലാമതൊരു വിശ്വാസം ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഉമര്‍ (റ)ന്റെ വാള്‍ അന്ന് ഉറയില്‍ വിശ്രമിക്കുമായിരുന്നില്ല.
പ്രവാചകന്റേയും ഖുലഫാഉര്‍റാശിദീങ്ങളുടെയും കാലഘട്ടത്തിന് ശേഷം എവിടെ നിന്നോ എങ്ങനെയോ ഇസ്‌ലാമിക വിശ്വാസം എന്ന പേരില്‍ കടന്നു കൂടിയ അന്ധവിശ്വാസമാണ് ഈസാ നബി (അ) ആകാശത്ത് ജീവിച്ചിരിക്കുന്നു എന്നത്. ഈ വിശ്വാസത്തിന് ഖുര്‍ആന്റെയോ ഹദീസിന്റെയോ ചരിത്ര രേഖകളുടെയോ യാതൊരു പിന്‍ബലവുമില്ല. എന്നാല്‍ ഈ കാലഘട്ടത്തിലെ യുഗപുരുഷനായ ഹ: അഹ്‌മദ് (അ) ഈസാ നബി (അ)ആകാശത്ത് ജീവിച്ചിരിപ്പില്ല. മറ്റ് പ്രവാചകന്മാര്‍ മരിച്ച് പോയത് പോലെ മരിച്ചു പോയിയെന്ന് വിശുദ്ധ ഖുര്‍ആനിലെ മുപ്പതോളം ആയത്തുകള്‍ ഉദ്ധരിച്ചു കൊണ്ട് വളരെ യുക്തി സഹജമായി സ്ഥാപിക്കുകയുണ്ടായി.
ഈസാ നബി (അ) ആകാശത്ത് ജീവിച്ചിരിക്കുന്നുവെന്ന് വാദിക്കുന്ന ആളുകള്‍ വി. ഖുര്‍ആനിലെ ഒരു വാക്കോ വചനമോ എങ്കിലും ഉദ്ധരിച്ച് കൊണ്ട് ഹ: അഹ്‌മദി(അ)ന്റെ വാദത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കാതെ വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഒരു നൂറ്റാണ്ടില്‍ പരമായി ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
ഈസാ നബി(അ) യുടെ മരണവുമായി ബന്ധപ്പെട്ട് ഹദ്‌റത്ത് അഹ്‌മദ് (അ) രചിച്ച “യേശു മിശിഹാ ഇന്ത്യയില്‍” എന്ന ഗവേഷണ കൃതി വിശ്വപ്രസിദ്ധമാണ്. ആ കൃതിയില്‍ അദ്ദേഹം ബൈബിളിന്റേയും ഖുര്‍ആന്റെയും ഹദീസിന്റെയും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുടെയും ചരിത്ര രേഖകളുടെയും തെളിവുകള്‍ നിരത്തി വെച്ചു കൊണ്ട് ഈസാ നബി (അ) കുരിശില്‍നിന്നും മരിക്കാതെ രക്ഷപ്പെടുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് പ്രയാണം ചെയ്ത് കാശ്മീരില്‍ വെച്ച് ദിവംഗതനാകുകയുമാണ് ഉണ്ടായതെന്ന് തെളിയിക്കുന്നു. കാശ്മീരിലെ ശ്രീനഗറില്‍ യൂസ് ആസഫ് എന്ന പ്രവാചകന്റേതായി അറിയപ്പെടുന്ന ഖബര്‍ ഈസാ നബി(സ) യുടെതാണ് എന്നദ്ദേഹം സ്ഥാപിക്കുകയും ചെയ്തു.
ഹദ്‌റത്ത് അഹ്‌മദി(അ) ന്റെ വാദഗതിക്കെതിരെ ലോകത്തെമ്പാടും കോലാഹലങ്ങളുടെ പരമ്പരകള്‍ മുഴക്കപ്പെടുന്നുണ്ടെങ്കിലും എതിരാളികളില്‍ നിന്ന് ഒരാളും തന്നെ പ്രസ്തുത കൃതിക്ക് ഖണ്ഡനമെഴുതാനോ അവരുടെ വാദഗതികള്‍ ശരിയെന്ന് സ്ഥാപിച്ചു കൊണ്ട് ഗ്രന്ഥം രചിക്കാനോ അവര്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ എതിരാളികള്‍ ഹദ്‌റത്ത് അഹ്‌മദി (അ) നെ അസഭ്യം പറയാനും അടിസ്ഥാനരഹിതവും മാന്യതയുടെ സീമകള്‍ ലംഘിച്ചുമുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാനുമാണ് അവരുടെ പുസ്തകതാളുകളും പത്രകോളങ്ങളും ഉപയോഗിച്ചത്.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന സമീപനം സ്വീകരിച്ചു കൊണ്ട് എതിരാളികള്‍ ഹദ്‌റത്ത് അഹ്‌മദി (അ) നെ വളിച്ചതും പുളിച്ചതുമായ അസഭ്യങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്തു കൊണ്ടിരുന്നപ്പോഴും പ്രസ്തുത ഗ്രന്ഥത്തെ ആസ്പദമാക്കി ശ്രീനഗറിലെ യേശുവിന്റെ കബറിനെ കുറിച്ച് സാര്‍വത്രികമായി ഗവേഷണങ്ങള്‍ തുടങ്ങുകയും അതുമായി ബന്ധപ്പെട്ട് പല ഗവേഷണ കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അതില്‍ എടുത്ത് പറയേണ്ട ഒരു കൃതിയാണ് സ്‌പെയിന്‍ കാരനായ ആന്‍ഡ്രിയാസ് ഫേബര്‍ കൈസറുടെ കൃതി. ഈ കൃതിയുടെ മലയാള തര്‍ജമ ശ്രീ ആന്റണി പുളിക്കലാണ് നിര്‍വഹിച്ചിരിക്കുന്നത്. ഹദ്‌റത്ത് അഹ്‌മദി(അ)ന്റെ ശിഷ്യ ഗണം ഈ വിഷയത്തെ സംബന്ധിച്ച് ലോകത്തിലെ പല ഭാഷകളിലും ഒരുപാടു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ ആ ഗ്രന്ഥങ്ങള്‍ക്ക് ഒന്നിനു പോലും മറുപടി എഴുതാന്‍ ആരും തന്നെ മുന്നോട്ട് വന്നിട്ടില്ല.
മൗലാനാ മുഹമ്മദ് ഉമര്‍ എച്ച്. എ, സാഹിബ് എഴുതിയ ‘ഈസാ നബി(അ)യുടെ മരണം’ എന്ന കൃതി കേരളത്തിലെ എല്ലാ മുസ്‌ലിം പ്രസ്ഥാനങ്ങളിലെയും പണ്ഡിതന്മാരെ വല്ലാതെ ഉറക്കം കെടുത്തിയ കൃതിയാണ്. അഹ്‌മദിയ്യാ ജമാഅത്തിന്റെ മുന്നേറ്റത്തെ തടയിടാന്‍ പല തരത്തിലുള്ള ഗ്രന്ഥങ്ങളും രചിച്ച് പ്രസിദ്ധീകരിച്ചവര്‍ ഇത്‌വരെ ഈസാ നബിയുടെ മരണത്തിന് മറുപടി എഴുതിയിട്ടില്ല.
ഈസാ നബി ആകാശത്ത് ജീവിച്ചിരിക്കുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ പ്രസ്തുത കൃതിക്കെതിരെ എന്തു കൊണ്ട് മുസ്‌ലിം ഉലമാക്കള്‍ മൗനം പാലിക്കുന്നു.?
ഹദ്‌റത്ത് അഹമദി(അ)ന്റെ കാലത്ത് ഈസാ നബി(അ)യുടെ മരണത്തെകുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ പണ്ഡിതന്മാര്‍ പറഞ്ഞത് ഈസാ നബി മരിച്ച് ഞങ്ങള്‍ ജീവിച്ചിരുന്നിട്ടെന്ത് കാര്യം എന്നാണ്. അത്തരമൊരു വിചാരത്തിലും മനോദുഃഖത്തിലുമാണ് അവര്‍ ഹദ്‌റത്ത് അഹ്‌മദ് (അ) നെ എതിരിട്ട് കൊണ്ടിരുന്നത്. എന്നാല്‍ അഭിനവ മുസ്‌ലിം പണ്ഡിതന്മാര്‍ ഈസാനബി(സ) യുടെ മരണം ചര്‍ച്ചചെയ്യാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറിക്കൊണ്ട് ഈസാ നബി (സ) മരിക്കട്ടെ മരിക്കാതിരിക്കട്ടെ എന്ന സമീപനം സ്വീകരിച്ച് കൊണ്ട് ഈ കാര്യം ഇസ്‌ലാമിൽ പ്രസക്തമല്ല എന്ന് പറഞ്ഞ് നിസ്സാര വത്ക്കരിക്കുന്നു.
ഹദ്‌റത്ത് അഹ്‌മദ് (അ) പറയുന്നു: “ഈസാ നബിയുടെ കാലത്ത് കല്ലറകളില്‍ ശിലാ രേഖകള്‍ എഴുതി വെക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിലാകുടീരവും അത്തരം അടയാളങ്ങളില്‍ നിന്നും ഒഴിഞ്ഞിരിക്കുമെന്ന് കരുതുന്നതും യുക്തിസഹമല്ല. കബര്‍ തുറന്നു നോക്കുകയാണെങ്കില്‍ അമ്പരപ്പിക്കുന്ന പല രഹസ്യങ്ങളും പുറത്ത് വരുന്നതാണ്” (യേശു മിശിഹ ഇന്ത്യ യില്‍)
ഹദ്‌റത്ത് അഹ്‌മദി(അ)ന്റെ ഈ വെല്ലുവിളി നേരിടുവാന്‍ പണ്ഡിത ലോകം തയ്യാറാകുമോ?