വിവാഹ സമയത്തെ ഹദ്റത്ത് ആയിശ സിദ്ദീഖ (റ)യുടെ പ്രായം

ഹദ്റത്ത് മിർസാ ബശീർ അഹ്മദ് സാഹിബ് എം.എ (റ)

(സീറത്ത് ഖാത്തമുന്നബിയ്യീന്‍ (സ), വിവ. മൗലവി അബ്ദുല്‍മുജീബ്), സത്യദൂതൻ, ഏപ്രിൽ-2016

ഹദ്‌റത്ത് ഖദീജ (റ) ന്റെ വഫാത്തിന് ശേഷം നബി തിരുമേനി (സ) യുടെ വിവാഹം ഹദ്‌റത്ത് ആയിശ സിദ്ദീഖ (റ) യുമായി നടന്നു. പ്രവാചക വാദത്തിന്റെ 10ാം വര്‍ഷത്തിലെ ശവ്വാല്‍ മാസത്തിലായിരുന്നു ഈ നിക്കാഹ്. അന്നേരം ഹദ്‌റത്ത് ആയിശ (റ) യുടെ പ്രായം 7 വയസ്സായിരുന്നു. എന്നാല്‍ അവരുടെ ശാരീരികവളര്‍ച്ച അസാധാരണ നിലയിലായിരുന്നു എന്നാണ് മനസ്സിലാകുന്നത്.

അല്ലെങ്കില്‍ പ്രസ്തുത നിക്കാഹിനായി പ്രേരിപ്പിച്ച ഖൗല ബിന്‍ത് ഹക്കീമിന്റെ ചിന്ത ഒരിക്കലും അവരിലേക്ക് തിരിയില്ലായിരുന്നു. എന്നിരുന്നാലും അവര്‍ക്കപ്പോള്‍ പ്രായപൂര്‍ത്തി ആയിരുന്നില്ല. അതിനാല്‍ അന്നേരം നിക്കാഹ് കഴിഞ്ഞുവെങ്കിലും വീടുകൂടല്‍ നടന്നില്ല. അവര്‍ സാധാരണ നിലയില്‍ തന്നെ തന്റെ മാതാപിതാക്കളുടെ കൂടെ കഴിയുകയാണ് ചെയ്തത്.

പിന്നീട് ഹിജ്‌റത്തിന്റെ രണ്ടാം വര്‍ഷം അതായത് നിക്കാഹിന് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ പ്രായം 12 വയസ്സായപ്പോള്‍ അവര്‍ പ്രായപൂര്‍ത്തിയാകുകയും അതിനാല്‍ സ്വയം ഹദ്‌റത്ത് അബൂബക്കര്‍ (റ) നബി (സ)യുടെ സവിധത്തില്‍ ഹാജറായി കൊണ്ട് ഹദ്‌റത്ത് ആയിശ (റ) യെ കൂട്ടികൊണ്ട് പോകുന്നതിനായി അപേക്ഷിച്ചു. അങ്ങനെ നബി (സ) മഹര്‍ തയ്യാറാക്കുകയും ഹിജ്‌രി രണ്ടാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ ഹദ്‌റത്ത് ആയിശ (റ)തന്റെ മാതാപിതാക്കളുടെ വീട്ടില്‍ നിന്നും വിടവാങ്ങി നബി (സ) തിരുമേനിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രവേശിച്ചു.

വീട്ടില്‍ നിന്നും വിടവാങ്ങിയ സമയത്ത് ഹദ്‌റത്ത് ആയിശ (റ) യുടെ പ്രായം എത്രയായിരുന്നു എന്നത് ഇക്കാലഘട്ടത്തില്‍ ഒരു ഭിന്നിപ്പുള്ള ചോദ്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സാധാരണചരിത്ര ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും ഹദ്‌റത്ത് ആയിശ (റ)യുടെ പ്രായം 9 അല്ലെങ്കില്‍ 10 വയസ്സായിട്ടാണ് രേഖപ്പെട്ടു കിടക്കുന്നത്.

സഹീഹ് ബുഖാരിയില്‍ ഹദ്‌റത്ത് ആയിശ (റ) വിവാഹ സമയത്ത് തന്റെ വയസ്സ് 9 ആയിരുന്നു എന്ന് പറഞ്ഞിട്ടുമുണ്ട്. അക്കാരണത്താലാണ് എല്ലാ ചരിത്രകാരന്മാരും 9 വയസായിരുന്നു എന്ന് രേഖ‌പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിന് വിരുദ്ധമായി ചില അന്വേഷകര്‍ വിവിധ തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് 14 വയസായിരുന്നു എന്നും16 വയസായിരുന്നു എന്നും തെളിയിക്കുവാനായി ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ നമുക്ക് ഈ അന്വേഷകരുടെ അഭിപ്രായത്തോട് യോജിപ്പില്ല. എന്നാല്‍ അവസ്ഥകള്‍ പരിശോധിക്കുമ്പോള്‍ 9 വയസായിരുന്നു എന്നുള്ളതും ശരിയായി തോന്നുന്നില്ല. മറിച്ച് മേലുദ്ധരിച്ചതു പോലെ വിടവാങ്ങുന്ന അവസരത്തില്‍ ഹദ്‌റത്ത് ആയിശ (റ) 12 വയസ്സ് പൂര്‍ത്തിയാക്കുകയോ അല്ലെങ്കില്‍ അതിനടുത്തായിരുന്നു എന്നാണ് തെളിയുന്നത്. യഥാര്‍ഥത്തില്‍ മുന്‍കടന്നവര്‍ക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റാന്‍ കാരണം അവര്‍ സഹീഹ് ഹദീസില്‍ വന്നിട്ടുള്ള ഹദ്‌റത്ത് ആയിശയുടെ തന്റെ പ്രായത്തെ സംബന്ധിച്ചുള്ള അനുമാനത്തെ കൃത്യമായതും ശരിയായതുമാണെന്ന് കരുതി മറ്റൊന്നിലേക്കും ശ്രദ്ധിച്ചില്ല എന്നതാണ്.

എന്നാല്‍ നിവേദനം ശരിയാകുക എന്നതും അനുമാനം ശരിയാകുക എന്നതും രണ്ടും രണ്ടാണെന്ന് ബുദ്ധിയുള്ള വര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അതായത് ഹദ്‌റത്ത് ആയിശ (റ) യുടെ വിവാഹസമയത്തുള്ള തന്റെ പ്രായത്തെകുറിച്ചുള്ള അനുമാനം രേഖപ്പെട്ടു കിടക്കുന്ന സഹീഹ് ഹദീസിലെ നിവേദനങ്ങള്‍ രിവായത്തുകളുടെ അടിസ്ഥാനത്തില്‍ ശരിയായിരിക്കും. എന്നാല്‍ തന്റെ പ്രായത്തെ സംബന്ധിച്ചുള്ള ഹദ്‌റത്ത് ആയിശ (റ)യുടെ അനുമാനം തെറ്റാകാം. ചിലപ്പോള്‍ ആളുകളുടെ സ്വന്തം പ്രായത്തെ സംബന്ധിച്ചുള്ള അനുമാനം തെറ്റാറുള്ളതു പോലെ.

എന്നാല്‍ ഇതിന് വിപരീതമായി 9 വയസായിരുന്നു എന്നുള്ള ചിന്തയെ തെറ്റായി കരുതി സ്വതന്ത്രമായി അന്വേഷിക്കാന്‍ ശ്രമിച്ചവര്‍ അന്വേഷണത്തിന്റെ ശരിയായമാര്‍ഗം ഉപേക്ഷിച്ചു കൊണ്ട് ഹൃദയത്തിന് സംതൃപ്തി നല്‍കാത്ത കുഴഞ്ഞുമറിഞ്ഞ മാര്‍ഗമാണ് സ്വീകരിച്ചത്.

ഹദ്‌റത്ത് ആയിശ (റ) യുടെ ജനന കാലവും അതോടൊപ്പം വിടവാങ്ങിയ (വീടുകൂടൽ) കാലവും മനസ്സിലാക്കുന്നതാണ് അവരുടെ പ്രായം കണക്കാക്കാന്‍ ഏറ്റവും പ്രബലവും എളുപ്പവുമായ മാര്‍ഗമെന്നതില്‍ ബുദ്ധിമാനായ എല്ലാവരും യോജിക്കുന്നതാണ്. കാരണം പ്രസ്തുത രണ്ട് കാലങ്ങളും വ്യക്തമായാല്‍ വിടവാങ്ങുന്ന സമയത്ത് ഹദ്‌റത്ത് ആയിശ (റ) യുടെ പ്രായം എത്രയായിരുന്നു എന്നതില്‍ യാതൊരു സന്ദേഹത്തിനും സംശയത്തിനും ഇടമുണ്ടാകില്ല.

ആദ്യം നമുക്ക് ജനനത്തെയെടുക്കാം.

ഇബ്‌നു സഅദ് ത്വബ്ഖാതില്‍ ഒരു രിവായത്ത് രേഖപ്പെടുത്തിയിരിക്കുന്നു. അതില്‍ ഹദ്‌റത്ത് ആയിശ പ്രവാചകവാദത്തിന്റെ 4ാം വര്‍ഷാരംഭത്തിലാണ് ജനിച്ചത് എന്നാണ് പറയുന്നത്.

ഹദ്‌റത്ത് ആയിശ (റ)യുടെ ജനന കാലത്തെ സംബന്ധിച്ച് ഇതല്ലാതെ മറ്റൊരു വ്യക്തമായ രിവായത്തും ആരംഭകാല ചരിത്രകാരന്മാരുടെ ഗ്രന്ഥങ്ങളില്‍ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. ഹദീസിന്റെ ഗ്രന്ഥങ്ങളിലും തല്‍സംബന്ധമായി ഒരു രിവായത്തും തന്നെയില്ല. അതിനാല്‍ ജനനകാലം പ്രാവചക വാദത്തിന്റെ 4 ാം വര്‍ഷാരംഭത്തിലായിരുന്നു എന്നത് വളരെ എളുപ്പത്തില്‍ നിര്‍ണയിക്കാന്‍ സാധിക്കുന്നതാണ്.

ഇനി നമുക്ക് വിടവാങ്ങിയ(വീടുകൂടൽ)കാലത്തെ കുറിച്ച് നോക്കാം.

ഇതിനെ സംബന്ധിച്ചുള്ള നിവേദനങ്ങളില്‍ ഭിന്നതയുണ്ട്. ചില നിവേദനങ്ങളില്‍ പറഞ്ഞിരിക്കുന്ന കാലം ഹിജ്‌റ ഒന്നാം വര്‍ഷം ശവ്വാല്‍ മാസമാണെന്നാണ്. ചിലതില്‍ ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാല്‍ മാസമെന്നും. എന്നാല്‍ ചിന്തിക്കുമ്പോള്‍ രണ്ടാമത് പരാമര്‍ശിച്ച നിവേദനമാണ് കൂടുതല്‍ പ്രാമാണികമായി തോന്നുക.

ഹിജ്‌റ ഒന്നാം വര്‍ഷം ശവ്വാല്‍ മാസം എന്ന നിവേദനത്തിന്റെ യഥാര്‍ഥ ഉറവിടം ഇബ്‌നു സഅദ് ആകുന്നു. അദ്ദേഹം നിവേദനങ്ങളുടെ ഒരു ശൃംഖലയിലൂടെ ഈ രിവായത്തിനെ ഹദ്‌റത്ത് ആയിശ (റ) യിലേക്കെത്തിച്ചിരിക്കുന്നു. ഭൂരിഭാഗം ചരിത്രകാരന്മാരും ഇബ്‌നു സഅദിന്റെ നിവേദനത്തെ അടിസ്ഥാനമാക്കിയാണ് ഹിജ്‌റ ഒന്നാം വര്‍ഷം ശവ്വാല്‍ മാസമാണ് വിടവാങ്ങല്‍ നടന്നത് എന്ന് നിര്‍ണയിച്ചിരിക്കുന്നത്.

ഇബ്‌നു സഅദ് വിശ്വാസയോഗ്യനാണെങ്കിലും പ്രസ്തുത നിവേദനത്തില്‍ അദ്ദേഹത്തിന്റെ നിവേദകരില്‍ ഒരു നിവേദകന്‍ വാഖ്ദിയാകുന്നു. അയാള്‍ വിശ്വാസയോഗ്യനല്ലെന്നും കളവ് പറയുന്ന ആളാണെന്നും ഉള്ളതില്‍ അന്വേഷകര്‍ ഭൂരിഭാഗവും ഏകാഭിപ്രായക്കാരാണ്. മറ്റ് നിവേദനങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനാല്‍ വാഖ്ദിയുടെ രിവായത്തുണ്ടെന്ന കാരണത്താല്‍ ഒരു ചരിത്ര സംഭവത്തിന്റെ അടിസ്ഥാനമായി പ്രസ്തുത രിവായത്തിനെ കണക്കാക്കുകസാധ്യമല്ല.

അതിന് വിരുദ്ധമായി അല്ലാമ നൂദീ, അല്ലാമ ഐനീ, ഖസ്തലാനീ തുടങ്ങിയ മറ്റ് ചില അന്വേഷകര്‍ ശവ്വാല്‍ രണ്ടാം ഹിജ്‌രിക്കാണ് പ്രാഥമികത നല്‍കിയിരുന്നത്. അല്ലാമ നൂദീ വളരെ വ്യക്തമായും ശക്തമായും ശവ്വാല്‍ ഹിജ്‌രി ഒന്നാം വര്‍ഷം എന്നുള്ള ഹദീസിനെ ദുര്‍ബലവും വിശ്വാസയോഗ്യമല്ലാത്തതും എന്നാണ് വിധിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ ചരിത്രകാരന്മാര്‍ പൊതുവായി ശവ്വാല്‍ ഒന്നാം ഹിജ്‌രി എന്ന രിവായത്തിനെയാണ് പിന്‍തുടരുന്നത് എന്നത് ഒരു പ്രബലമായ അഭിപ്രായത്തെ നിഷേധിക്കുന്നതിന് കാരണമാകേണ്ടതില്ല.

യഥാര്‍ഥത്തില്‍ ചരിത്രകാരന്മാര്‍ വാഖ്ദിയുടെ രിവായത്തിനെ പിന്‍പറ്റാന്‍ കാരണം അത് സഹീഹ് ഹദീസില്‍ രേഖപ്പെട്ടു കിടക്കുന്ന 9 വയസ്സെന്നുള്ള അനുമാനവുമായി യോജിക്കുന്നു എന്നകാരണത്താലാണ്. അതിനാലാണ് സർഖാനിയെ പോലെയുള്ള അന്വേഷകര്‍ ശവ്വാല്‍ രണ്ടാം ഹിജ്‌രി എന്ന ഹദീസിനെ സ്വീകാര്യമല്ലാത്തതായി പറയുന്നത്.

കാരണം അതിനെ ശരിയായി അംഗീകരിച്ചാല്‍ പ്രായം 9 ല്‍ കൂടുതലാകും. എന്നാല്‍ വയസ്സും തല്‍സംബന്ധമായ രിവായത്തും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഏതെങ്കിലും പ്രത്യേക ഹദീസിനെ ശരിയായതായി നിര്‍ണയിക്കുക ഉചിതമല്ല. 9 വയസ്സായിരുന്നു എന്നുള്ള അനുമാനത്തെ തെറ്റായി മനസ്സിലാക്കുന്നത് കൊണ്ട് 9 വയസ്സായിരുന്നു എന്നു‌ള്ള രിവായത്ത് തന്നെ തെറ്റാണെന്ന അര്‍ഥമില്ല. ‌

എന്നാല്‍ അദ്ഭുതമെന്ന് പറയട്ടെ അല്ലാമ സര്‍ഖാനി മറ്റൊരു സ്ഥലത്ത് ശവ്വാല്‍ 2 ഹിജ്‌രി എന്നുള്ള ഹദീസിന് മുന്‍ഗണന നല്‍കിയിട്ടുമുണ്ട്. ചുരുക്കത്തില്‍ ശവ്വാല്‍ രണ്ടാം ഹിജ്‌രി എന്ന ഹദീസിനെ അപേക്ഷിച്ച് ശവ്വാല്‍ ഒന്നാം ഹിജ്‌രി എന്ന ഹദീസ് വിശ്വാസയോഗ്യമായി തോന്നുന്നില്ല.

ഹദ്‌റത്ത് ആയിശ (റ) യുടെ വിവാഹം ശവ്വാല്‍ രണ്ടാം ഹിജ്‌രിയിലാണ് നടന്നത് എന്ന് തന്നെയാണ് യഥാര്‍ഥമായി മനസിലാകുന്നത്.

ഇനി ജനനകാലവും വിടവാങ്ങല്‍ (വീടുകൂടൽ) കാലവും നിര്‍ണിതമായിക്കഴിഞ്ഞതിനാല്‍ പ്രായം കണക്കാക്കുക പ്രയാസമുള്ള കാര്യമല്ല. മറിച്ച് ഒരു ചെറിയ കുട്ടിക്ക് പോലും ചെയ്യാന്‍ സാധിക്കുന്ന എളുമുള്ള ഒരു കണക്കായി മാറിയിരിക്കുന്നു. ‌

ഹദ്‌റത്ത് ആയിശ (റ) നുബുവ്വത്ത് വാദത്തിന്റെ 4 ാം വര്‍ഷാരംഭത്തില്‍ ജനിച്ചു. നുബുവ്വത്ത് വാദത്തിന്റെ 14ാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തിലാണ് നബി (സ) തിരുമേനി ഹിജ്‌റത്ത് ചെയ്ത്. അങ്ങനെ ഹിജ്‌റത്ത് സമയത്തുള്ള ഹദ്‌റത്ത് ആയിശ (റ) യുടെപ്രായം ഏകദേശം 10 വയസ്സും 6മാസവുമാകുന്നു. ഹിജ്‌റത്ത് നടന്ന ഹിജ്‌റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മുതല്‍ ഹദ്‌റത്ത് ആയിശ (റ) യെ കൂട്ടിക്കൊണ്ടു പോയ ശവ്വാല്‍ ഹിജ്‌രി 2 വരെയുള്ള കാലം 2വര്‍ഷവും ഏതാനും മാസവുമാകുന്നു.

ഇനി ഈ രണ്ട് കാലത്തേയും യോജിപ്പിക്കുകയാണെങ്കില്‍ നാം ആരംഭത്തില്‍ പറഞ്ഞ 12 വര്‍ഷം തന്നെയാണ് ലഭിക്കുക. ഇനി അഥവാ ഇബ്‌നു സഅദിന്റെ നിവേദനം അനുസരിച്ച് ഹിജ്‌റ ഒന്നാം വര്‍ഷം തന്നെയാണ് കൂട്ടിക്കൊണ്ട് പോയതെങ്കില്‍ തന്നെയും 11 വര്‍ഷം ലഭിക്കുന്നു.

9 ഓ 10 ഓ വയസ്സല്ല. ഇത് കണക്കു കൂട്ടിയെടുത്തതാണ്. ഇതിനെതിരില്‍ അനുമാനം സ്വീകാര്യ യോഗ്യമല്ല.