പതിവുചോദ്യങ്ങൾ

വിശ്വാസാദർശങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾ

അല്ലാഹുവിനെ സംബന്ധിച്ചുള്ള വിശ്വാസം

അല്ലാഹു ഉണ്ടെന്നും അവൻ ഏകനും വിശുദ്ധ ഖുർആനിൽ വിവരിച്ചിട്ടുള്ള എല്ലാ ഗുണവിശേഷങ്ങളുടെയും കേദാരവും ആണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

ഇസ്സ്ലാം മതത്തെക്കുറിച്ചുള്ള വിശ്വാസം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതമാണ് ഇസ്ലാം. ഇസ്ലാം എന്ന വാക്കിന്റെ അർഥം അക്ഷരാർത്ഥത്തിൽ ‘സമാധാനം, സ്രഷ്ടാവായ അല്ലാഹുവിന്റെ ഇംഗത്തിന് കീഴടങ്ങുക’ എന്നുള്ളതാണ്.

അറേബ്യയിൽ 1400 വർഷങ്ങൾക്ക് മുമ്പ് ഹസ്രത്ത് മുഹമ്മദ്(സ) മുഖേന ഇസ്ലാം സ്ഥാപിക്കപ്പെട്ടു. പ്രവാചകൻ മുഹമ്മദ് നബി(സ്)യ്ക്ക് സർവ്വലോക രക്ഷിതാവായ അല്ലാഹുവിൽ നിന്ന് ലഭിച്ച വെളിപാടിൻ്റെ വെളിച്ചത്തിൽ ഇസ്ലാം മനുഷ്യവർഗത്തിന്റെ അന്തിമവും പൂർണ്ണവുമായ മതമാണ് എന്നു ഞങ്ങൾ വിശ്വസിക്കുന്നു.

മലക്കുകളെ സംബന്ധിച്ചുള്ള വിശ്വാസം

മലക്കുകൾ അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യരിൽ നിന്ന് വ്യതിരിക്തമായ സൃഷ്ടികളാണവ. അവർ ഭാവനാസൃഷ്ടികളല്ല. മറിച്ച്, അവർ ഭൗതികസംവിധാനത്തിന്റെ അവസാന ഘടകമായി അല്ലാഹു നിർണയിച്ചിട്ടുള്ള അസ്തിത്വങ്ങളാണവർ എന്നാണ് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നത്. അവർ അല്ലാഹുവിന്റെ ആജ്ഞകൾ നടപ്പാക്കാൻ പ്രപഞ്ചത്തിൽ തദനുസൃതമായ ചലനം സൃഷ്ടിക്കുകയും അത് പലവിധ ഘട്ടങ്ങൾ തരണം ചെയ്ത ശേഷം ഫലം പ്രകടമാക്കുകയും ചെയ്യുന്നു. അതാണ് നാം നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്നത്.

ദൈവിക വചനം സംബന്ധിച്ചുള്ള വിശ്വാസം

അല്ലാഹു തന്റെ ദാസന്മാരുടെ സന്മാർഗത്തിനായി വചങ്ങൾ ഇറക്കുന്നുവെന്നും ലോകം ഉണ്ടായ നാൾ മുതൽ (അത് എപ്പോഴാണെന്ന് കൃത്യമായി നിജപ്പെടുത്താൻ നമുക്ക് സാധ്യമല്ല. അത് ലക്ഷക്കണക്കിനോ കോടിക്കണക്കിനോ വർഷങ്ങൾക്കപ്പുറമാണെങ്കിലും ശരി) അല്ലാഹു തന്റെ പ്രത്യേക ദാസന്മാരോട് ലോകത്തിന്റെ സന്മാർഗത്തിന്നായി സംസാരിക്കുകയും ഇപ്പോഴും സംസാരിക്കുന്നുവെന്നും ഇനിയും സംസാരിക്കുമെന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

വിശുദ്ധ ഖുർആനെ സംബന്ധിച്ചുള്ള വിശ്വാസം

ദൈവിക വചനങ്ങൾ പല വിധത്തിലുണ്ടെന്ന് നാം ഉറപ്പായും വിശ്വസിക്കുന്നു. അതിൽ ഒന്ന് ശരീഅത്ത് അഥവാ ന്യായപ്രമാണത്തോടുകൂടിയ വചനങ്ങളാണ്. മറ്റൊന്ന് വ്യാഖ്യാനവും മാർഗദർശനങ്ങളുമാണ്. അതായത് അതുമുഖേന ന്യായപ്രമാണം വ്യാഖ്യാനിക്കപ്പെടുകയും അതിന്റെ യഥാർഥ വിവക്ഷ വിവരിക്കുകയും യഥാർഥമാർഗത്തെക്കുറിച്ച് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. ആ ന്യായപ്രമാണത്തെക്കുറിച്ച് പ്രസ്തുത ദൈവസന്ദേശവാഹകൻ മുഖേനയോ അതിന് മുമ്പ് മറ്റേതെങ്കിലും ദൈവസന്ദേശവാഹകൻ മുഖേനയോ ലോകത്തിന് പറഞ്ഞുകൊടുത്തിട്ടുള്ളതാണെങ്കിലും ശരി. ദൈവികസംബോധനയുടെ (ഇൽഹാമിന്റെ) വേറൊരു ഇനം ഉറപ്പും ദൃഢവിശ്വാസവും ഉണ്ടാക്കുകയാണ്. മറ്റൊരു ഇനം ഇൽഹാം സ്നേഹ പ്രകടനത്തെ മുൻനിർത്തിയുള്ളതാണ്. വേറൊന്ന് മുന്നറിയിപ്പ് നുവേണ്ടിയുള്ളതാണ്. ഇത്തരം ഇൽഹാം നിഷേധികൾക്കും ബഹുദൈവവിശ്വാസികൾക്കുമേലും അവതരിക്കാറുണ്ട്. ഈ ലോകത്തിനുള്ള ന്യായപ്രമാണം വിശുദ്ധഖുർആനിൽ അവസാനിച്ചിരിക്കുന്നുവെന്നതാണ് ഞങ്ങളുടെ ദൃഢവിശ്വാസം.

തിരുനബി (സ)യെ കുറിച്ചുള്ള വിശ്വാസം

മുഹമ്മദ് റസൂലുല്ലാഹ്(സ) ന്യായപ്രമാണവാഹകരിലെ അവസാന കണ്ണിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മാത്രമല്ല, വിശുദ്ധ ഖുർആനു ശേഷം യാതൊരുവിധ ന്യായപ്രമാണ ഗ്രന്ഥവും അല്ലാഹുവിൽ നിന്ന് അവതരിക്കുകയില്ലെന്നും റസൂൽ കരീം(സ)നു ശേഷം പുതിയ ന്യായപ്രമാണവുമായോ ഇല്ലാതാക്കിയ നിയമം പുതിയ തരത്തിൽ സ്ഥാപിക്കാനോ ഒരു പ്രവാചകനും വരാവുന്നതല്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അതായത്. ഈ ന്യായപ്രമാണത്തിൽ എന്തെങ്കിലും കൂട്ടുകയോ ദുർബലപ്പെടുത്തപ്പെട്ടു കഴിഞ്ഞകാല ആജ്ഞകൾ പുതിയ പ്രവാചകൻ മുഖേന സ്ഥാപിക്കപ്പെടുകയോ ചെയ്യുന്നതല്ല.

ഇസ്ലാം കാര്യങ്ങളിലും ഈമാൻ കാര്യങ്ങളിലുമുള്ള വിശ്വാസം

അഹ്മദികൾ ഇസ്ലാം കാര്യങ്ങൾ അഞ്ചെണ്ണങ്ങളിലും ഇമാൻ കാര്യങ്ങൾ ആറെണ്ണങ്ങളിലും ഉറച്ചു വിശ്വസിക്കുന്നു.

ഇസ്ലാം കാര്യങ്ങൾ

 1. ശഹാദത്ത് കലിമ
  اَشْہَدُ اَنْ لَا اِلٰہَ اِلَّا اللّٰہُ وَ حْدَہٗ لَا شَرِیْکَ لَہٗ وَ اَشْھَدُ اَنَّ مُحَمَّدًا عَبْدُہٗ وَ رَسُوْلُہٗ

  അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനാണ് അവന് യാതൊരു പങ്കുകാരുമില്ല. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിൻറെ ദൂതനും ദാസനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

 2. നമസ്ക്കാരം
  അഞ്ചുനേരവും മുറപ്രകാരം ഉള്ള നമസ്കാരം.
 3. നോമ്പ്
  പരിശുദ്ധ റമദാൻ മാസത്തിൽ ഉള്ള വ്രതം.
 4. സക്കാത്ത്
  സകല മുസ്ലീങ്ങളും നിർവഹിക്കപ്പെട്ട തോതനുസരിച്ച് സകാത്ത് വിഹിതം നൽകേണ്ടതാണ്.
 5. ഹജ്ജ്
  കഴിവുള്ളവർ മക്കയിൽ പോയി ഹജ്ജ് കർമ്മം നിർവഹിക്കേണ്ടതാണ്.

ഈമാൻ കാര്യങ്ങൾ

 1. അല്ലാഹുവില്‍ വിശ്വസിക്കുക
 2. അല്ലാഹുവിന്റെ മലക്കുകളില്‍ വിശ്വസിക്കുക
 3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക
 4. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക
 5. അന്ത്യ ദിനത്തില്‍ വിശ്വസിക്കുക
 6. നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക

പൊതുവിൽ നിലനിനിന്നുപോരുന്ന തെറ്റിദ്ധാരണകൾ

അഹ്മദികൾ ഹജ്ജ് നിർവ്വഹിക്കുന്നത് എവിടെ

മക്കയിലല്ലാതെ മറ്റെവിടെയുമല്ല, പുണ്യ മക്കയിൽ തന്നെ. ഹസ്രത്ത് തിരുനബി(സ)യും സ്വഹാബാക്കളും നിർവ്വഹിതുപോലെ, തിരുസുന്നത്തനുസരിച്ചു ആരോഗ്യവും സമ്പത്തുമുള്ള അഹ്മദികൾ മക്കയിൽ പോയി ഹജ്ജ് നിർവ്വഹിക്കുന്നു.

എന്നാൽ ചില രാജ്യങ്ങളിലെ വിവേചനപരമായ നിയമങ്ങൾ മൂലം അഹ്മദികളെ ഹജ്ജ് ചെയ്യുന്നതിൽ നിന്നും തടയപ്പെടുന്നു, ഉദാ: പക്കിസ്താനിലെ അഹ്മദികൾക്ക് അവരുടെ പാസ്സ്പോർട്ട്കളിൽ “അമുസ്ലിം“ എന്ന് പ്രത്യേകം രേഖപ്പെടുത്തുന്ന കാരണത്താൽ ഹജ്ജിനു തടസ്സം നേരിടുന്നുണ്ട്.

അഹ്മദികൾ വാർഷിക “ജൽസ“യിൽ (സമ്മേളനത്തിൽ) പങ്കെടുക്കുന്നത് ഹജ്ജുചെയ്യലാണ് എന്നു തെറ്റിദ്ധാരണ പരത്തുന്നവരുണ്ട്. എല്ലാ വർഷവും ഡിസംമ്പർ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച മുതൽ 3 ദിവസം നീണ്ടുനിൽകുന്ന വാർഷിക സമ്മേളനം “ജൽസ സലാന ഖാദിയാൻ“ ഇന്ത്യയിലെ  പഞ്ചാബിലെ ഖാദിയാനിൽ നടത്തപ്പെടാറുണ്ട്. അതുപോലെ ലോകത്ത് 190ൽ പരം രാജ്യങ്ങളിൽ ഒരോ വർഷവും വാർഷിക സമ്മേളനങ്ങൾ നടത്തപ്പെടാറുണ്ട്.

അഹ്മദികളുടെ നമസ്കാരം മൂന്നു നേരമോ

അഹ്മദികൾ സുബ്ഹി (പ്രഭാതത്തിനു മുമ്പ്), സുഹർ (സുര്യൻ മദ്ധ്യാഹ്നത്തിൽ നിന്നും മാറിയശേഷം), അസർ (സൂര്യാസ്തമയത്തിൻ്റെ തുടങ്ങിയത് മുതൽ), മഗ്രിബ് (സുര്യാസ്തമയത്തിന്ന് ശേഷം), ഇശാ (സൂര്യാസ്തമയം കഴിഞ്ഞ് ആകാശച്ചുകപ്പ് പരിപൂർണ്ണമായി മാറിയ ശേഷം) എന്നിങ്ങനെ 5 നേരം ഫർളായ നമസ്ക്കാരങ്ങൾ യഥാക്രമം 2,4,4,3,4 എന്നിങ്ങനെ റക്ക‘അത്തുകൾ നമസ്ക്കരിക്കുന്നു. ഇവയുടെ സുന്നത്ത്, സമയം എന്നിവ ഹനഫി മസ്ഹബ് അനുസരിച്ച് പോരുന്നു.

അഹ്മദികളുടെ ജുമാ നമസ്കാരം

വെള്ളിയാഴ്ച്ച സുഹർ നമസ്ക്കാരത്തിൻ്റെ സമയം(ഉച്ചയ്ക്ക്) ജുമാ നമസ്ക്കാരമാണ് നിർവ്വഹിക്കപ്പെടുന്നത്. ഈ നമസ്ക്കാരത്തിനു രണ്ട് തവണ ബാങ്ക് വിളിയുണ്ടായിരിക്കും. ഒരു ബാങ്ക് സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്നും മാറിയ ശേഷവും രണ്ടാമത്തെ ബാക് ഖുത്ബ പ്രഭാഷകൻ (ഇമാം) മിമ്പറിൽ (ജനത്തിനു അഭിമുഖമായി നിന്നതിനു) കയറിയതിനു ശേഷവും. ശേഷം ആദ്യ ഖുത്ബ അതായത് തഅവ്വുസും സൂറത്തുൽ ഫാതിഹയും കഴിഞ്ഞു ആനുകാലിക വിശയങ്ങളെ സംബന്ധിച്ചോ, അത്മീയ-വിജ്ഞാന വിശയങ്ങളെ സംബന്ധിച്ചോ ഉള്ള ഒരു പ്രഭാഷണമായിരിക്കും. അതിനു ശേഷം ഇമാം ഒന്നിരുന്നെഴുന്നേറ്റ് വീണ്ടും രണ്ടാമത്തെ ഖുത്ബ (ഖുത്ബ സാനിയ) നിർവ്വഹിക്കും. അതിനുശേഷം ജമാഅത്തായി തന്നെ രണ്ട് റക്കഅത്ത് നമസ്കരിക്കും.

 

അഹ്മദികളുടെ ഖുത്ബ റ്റെലിവിഷനെ നോക്കിക്കൊണ്ടും, ലണ്ടനിലേക്ക് തിരിഞ്ഞും ഒക്കെയാണ് എന്നുള്ളത് അസത്യങ്ങളാണ്.  

അഹ്മദിയ്യാ പള്ളികളിൽ എന്തിനാണ് റ്റെലിവിഷൻ

24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന ലോകത്തെ ആദ്യത്തെ മുസ്ലിം റ്റെലിവിഷൻ ചാനൽ അഹ്മദിയ്യാ മുസ്ലിം ജമാഅത്തിൻ്റെ “മുസ്ലിം റ്റെലിവിഷൻ അഹ്മദിയ്യാ“ അഥവാ MTA ആണ്. 1992 മുതൽ പ്രവർത്തിച്ചുവരുന്ന ഈ ചനൽ ഇപ്പോൾ വ്യത്യസ്തങ്ങളായ റ്റൈം സോണുകളിൽ 9 വ്യത്യസ്ത ചാനലുകളായി പ്രവർത്തിച്ച് വരുന്നു. MTA1, MTA2HD, MTA3 العربية, MTA3, MTA4 Africa, MTA5 Africa, MTA6 Asia, MTA7HD, MTA8HD, MTA8HD America + 3 എന്നിവ. ഇതിൽ ഇസ്ലാമിക പ്രബോധനപ്രവർത്തനങ്ങളും മുസ്ലിങ്ങളുടെ ആത്മീയവും ധാർമീകവുമായ ഉന്നമനത്തിനുതകുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് ഉള്ളത്. ഇതിലൂടെ ഹസ്രത്ത് ഖലീഫത്തുൽ മസീഹ് നിർവഹിക്കുന്ന ജുമാ ഖുത്ബ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നു. ഇത്തരം പരിപാടികൾ ജമാഅത്തായി കാണുവാനുള്ള സൗകര്യത്തിനു വേണ്ടിയും, വീടുകളിൽ ഡിഷ് ആൻ്റിന സൗകര്യം ഇല്ലാത്തവർക്കുവേണ്ടിയും കൂടിയാണ് റ്റെലിവിഷൻ പള്ളിയിൽ വെച്ചിരിക്കുന്നത്.

               

കൂടുതൽ വിവരങ്ങൾക്കും, മുസ്ലിം റ്റെലിവിഷൻ അഹ്മദിയ്യ കാണുവാനും www.mta.tv സന്ദർശിക്കുക, യൂറ്റ്യുബിലും തത്സമയം കാണുവാനുള്ള സൗകര്യമുണ്ട്, മൊബിൽ ആപ്ലികേഷനുകൾ ആപ്പ് സ്റ്റോറിലും , പ്ലേ സ്റ്റോറിലും ലഭ്യമാണ്.

ഹദ്റത്ത് മുഹമ്മദ് നബി (സ) യെ അഹ്‌മദികള്‍ പിന്‍പറ്റുന്നില്ലേ

തികച്ചും വ്യാജമായ ഒരാരൊപണം. മുകളില്‍ പറഞ്ഞത്പോലെ “ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ്” എന്ന കലിമയില്‍ അടിയുറച്ച് വിശ്വസിക്കുകയും മുസ്‌ലിംകളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന അഹ‌മദികള്‍ മുഹമ്മദ് നബി (സ) യില്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ? മുഹമ്മദ് നബി (സ) തിരുമേനി ‘ഖാത്തമുന്നബിയ്യീന്‍’ ആണെന്നും ആ പുണ്യ പുമാന് തുല്യമായി ഭൂമുഖത്ത് ഒരാളും ജനിച്ചിട്ടില്ലെന്നും ഇനി ജനിക്കുകയില്ലെന്നും അദ്ദേഹത്തെ പിന്‍പറ്റാത്ത ആര്‍ക്കും മോക്ഷം പ്രാപിക്കുക സാധ്യമല്ലെന്നുമാണ് അഹ്‌മദികള്‍ അടിയുറച്ചു വിശ്വസിക്കുന്നത്.

അഹ്‌മദിയ്യാ ജമാ‌അത്തിന്‍റെ സ്ഥപകര്‍ ഹദ്റത്ത് അഹ്‌മദ് (അ) റസൂല്‍ തിരുമേനിയെക്കുറിച്ചു പറഞ്ഞ ഏതാനും ഉദ്ധരണികള്‍ താഴെ:

“ഞാന്‍ എന്‍റെ നേതാവും യജമാനനും പ്രവാചക ശ്രേഷ്ഠനും മനുഷ്യകുലോത്തമനുമായ ഹദ്റത്ത് മുഹമ്മദ് മുസ്തഫാ (സ) തിരുമേനിയുടെ കാല്പ്പാടുകള്‍ പിന്തുടര്‍ന്നില്ലായിരുന്നുവെങ്കില്‍ ഈ അനുഗ്രഹങ്ങളൊന്നും എനിക്ക് കൈവരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ നേടിയതത്രയും അവിടത്തെ പിന്തുടര്‍ച്ച മൂലം നേടിയതത്രേ. ആ നബി ശ്രേഷ്ഠനെ പിന്‍പറ്റാതെ ദൈവപ്രാപ്തി കൈവരിക്കുകയും ദിവ്യജ്ഞാനത്തിന്‍റെ അംശം സമ്പാദിക്കുകയും ചെയ്യുവാന്‍ യാതൊരാള്‍ക്കും സാധിക്കുകയില്ലെന്ന് സത്യവും സമ്പൂര്‍ണ്ണവുമായ ജ്ഞാനം മുഖേനെ ഞാന്‍ മനസ്സിലാക്കുന്നു. നബി(സ) തിരുമേനിയെ ആത്മാര്‍ഥമായും പരിപൂര്‍ണ്ണമായും വഴിപ്പെട്ടതിനു ശേഷം മറ്റെന്തിനേക്കാളും മുന്‍പേ ഹൃദയത്തില്‍ ഉടലെടുക്കുന്നതെന്താണെന്നു കൂടി ഞാന്‍ ഇവിടെ വിവരിച്ചുകൊള്ളുന്നു. ഓര്‍ത്തുകൊള്ളുക! അത് പരിശുദ്ധ ഹൃദയമാകുന്നു. എന്നുവെച്ചാല്‍, ഹൃദയത്തില്‍ നിന്ന് ഭൗതികാസക്തി പാടേ നിഷ്ക്രമിക്കുകയും ഹൃദയം ശാശ്വതവും അനശ്വരവുമായ അനുഭൂതിയെ തേടിക്കൊണ്ടിരിക്കുന്ന അവസ്ഥയെ കൈവരിക്കുകയുമാണത്. അതിനു ശേഷം ആ ഹൃദയശുദ്ധി മുഖേന നിര്‍മ്മലവും പരിപൂര്‍ണ്ണവുമായ ദൈവപ്രേമം സംസിദ്ധമാകുന്നു. ഈ എല്ലാം അനുഗ്രഹങ്ങളും തിരുനബിയോടുള്ള പിന്തുടര്‍ച്ച മുഖേന പൈതൃകമെന്നോണം ലഭിക്കുന്നതാകുന്നു.” (റൂഹാനി ഖസായിന്‍, വാള്യം 22, ഭാ. 64, 65 – ഹഖീഖത്തുല്‍ വഹ്‌യ്)

“ഭൂമിയിലുള്ളവര്‍ കരുതുന്നുണ്ടാകും, ഒടുവില്‍ ഈ ലോകത്ത് പരക്കുന്നത് കൃസ്തുമതമായിരിക്കും എന്ന്. അല്ലെങ്കില്‍, അവസാനം നിലനില്‍ക്കുന്നത് ബുദ്ധമതമായിരിക്കും എന്ന്. എന്നാല്‍ അവരെല്ലാം തെറ്റായ ധാരണയിലാണ്. ആകാശത്തില്‍ തീരുമാനിക്കപ്പെടുന്നത് വരെ ഭൂമിയില്‍ ഒന്നും സംഭവിക്കയില്ലെന്ന് ഓര്‍ത്തുകൊള്ളുക. ജനഹൃദയങ്ങളെ അവസാനം കീഴ്പ്പെടുത്തുന്നത് ഇസ്‌ലാം മതമായിരിക്കുമെന്ന് സ്വര്‍ഗ്ഗത്തിന്‍റെ നാഥന്‍ എന്നെ അറീയിച്ചിരിക്കുന്നു.” (റൂഹാനി ഖസായിന്‍, വാള്യം 21, ഭാ. 427, ബറാഹീനെ അഹ്‌മദിയ്യ – വാള്യം – 5)

“തൗഹീദ് ഒരു പ്രകാശമാകുന്നു. ആന്തരീയമോ ഭാഹ്യമോ ആയ ലോകത്തിലെ എല്ലാ ദുര്‍ദൈവങ്ങളുടെയും നിരാകരണത്തിനു ശേഷം മാത്രം ഹൃദയത്തില്‍ ഉടലെടുക്കുന്ന ഒന്നാകുന്നു അത്. മനുഷ്യ സത്തയുടെ ഓരോ അണുവിലും അത് വ്യാപിക്കുമാറാകുന്നു. ദൈവത്തിന്‍റെയും അവന്‍റെ തിരു ദൂതരുടെയും സഹായമില്ലാതെ സ്വശക്തികൊണ്ട് മാത്രം അതെങ്ങനെ സം‌പ്രാപ്യമാകും? തന്‍റെ അഹന്തയ്ക്ക് അറുതിവരുത്തുകയും പൈശാചികമായ അഹങ്കാരത്തെ കൈയൊഴിക്കുകയും ചെയ്യുക എന്നതു മാത്രമാണ് മനുഷ്യന്‍റെ കര്‍ത്തവ്യം. അറിവില്‍ വളര്‍ന്നവനാണെങ്കിലും അറിവില്ലാത്തവനായി സ്വയം കരുതുകയും പ്രാര്‍ഥനയില്‍ നിരതനായിരിക്കുകയും വേണ്ടതാണ്. അപ്പോഴാണ് തൗഹീദിന്‍റെ പ്രകാശം ദൈവത്തില്‍ നിന്ന് അവനില്‍ ഇറങ്ങുക. അതോടെ അയാള്‍ക്ക് പുതിയൊരു ജീവിതം പ്രദാനം ചെയ്യപ്പെടുന്നു.” (റൂഹാനി ഖസായിന്‍, വാള്യം 22, ഭാ. 148 ഹഖീഖത്തുല്‍ വഹ്‌യ്)

“ഓ ഭൂവാസികളേ! അല്ലയോ കിഴക്കും പടിഞ്ഞാറും നിവസിക്കുന്ന മനുഷ്യാത്മാക്കളേ, സത്യമതം ഇന്ന് ലോകത്ത് ഇസ്‌ലാം മാത്രമാണെന്നും വിശുദ്ധ ഖുര്‍‌ആനില്‍ പറയപ്പെട്ട ദൈവം മാത്രമാണ് സത്യദൈവമെന്നും അത്മീയമായി ജീവിക്കുന്ന പ്രവചകന്‍, എന്നുവെച്ചാല്‍, മഹത്വത്തിന്‍റെയും പരിശുദ്ധിയുറ്റെയും സിംഹാസനത്തില്‍ എന്നെന്നും ഇരിക്കുന്ന പ്രവാചകന്‍ ഹദ്റത്ത് മുഹമ്മദ മുസ്തഫാ(സ) തിരുമേനിയാണെന്നുമുള്ള വസ്തുത സ്വീകരിക്കുവാന്‍ ഞാന്‍ നിങ്ങളെ ഹൃദയപൂര്‍‌വ്വം ക്ഷണിച്ചുകൊള്ളുന്നു.” (റൂഹാനി ഖസായിന്‍, വാള്യം 15 ഭാ. 141, തിരിയാഖുല്‍ ഖുലൂബ്, ഭാ.13)