ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് (റ)
സംബാ: മുഹമ്മദ് ആരിഫ്, അൽ ഹഖ് ഏപ്രിൽ-മെയ് 2014
ഖിലാഫത്തിന്റെ നിർവ്വചനം
ഒന്നാമത്തെ പ്രശ്‌നം ഖിലാഫത്തിന്റെ നിര്‍വ്വചനം സംബന്ധിച്ചുള്ളതാണ്. അതായത്, ഖിലാഫത്ത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഖിലാഫത്ത് എന്ന് പറഞ്ഞാല്‍ എന്താണ്?
ഖിലാഫത്ത് എന്നത് ഒരു അറബി പദമാണ്. നിഘണ്ഡുവില്‍ അതിനുള്ള അര്‍ത്ഥം ഒരാളുടെ പിറകെ വരിക, പകരം നില്‍ക്കുക, അദ്ദേഹത്തിന്റെ സഹായിയായിക്കൊണ്ട് തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങള്‍ നിരവ്വഹിക്കുക എന്നൊക്കെയാണ്. ഖലീഫ എന്ന പദം സാങ്കേതികമായി രണ്ടര്‍ഥത്തിലാണ് പ്രയോഗിക്കാറ്.
ഒന്ന്, ലോകത്തിന്റെ പരിഷ്‌കരണത്തിനായി നിയോഗിക്കപ്പെടുന്ന ദൈവിക പരിഷ്‌ക്കര്‍ത്താവ്. ഈ അര്‍ഥത്തില്‍ എല്ലാ പ്രവാചകന്മാരും ദൈവദൂതരും അല്ലാഹുവിന്റെ ഖലീഫമാരാണ്. എന്തെന്നാല്‍, അവരെല്ലാം ദൈവത്തിന്റെ പ്രതിനിധികള്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൊണ്ടാണ് ഹദ്റത്ത് ആദം നബി(അ)യെയും ഹദ്‌റത്ത് ദാവൂദ് നബി(അ)യെയും വിശുദ്ധ ഖുര്‍ആന്‍ ഖലീഫമാര്‍ എന്ന് വിളിച്ചത്.
രണ്ട്, ഒരു പ്രവാചകന്റെയോ ആത്മീയപരിഷ്‌ക്കര്‍ത്താവിന്റെയോ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ദൗത്യപൂര്‍ത്തീകരണത്തിനു വേണ്ടി പകരക്കാരനായും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ ഇമാമായിക്കൊണ്ടും നിയുക്തനാകുന്ന വ്യക്തി; നബി (സ)ക്ക് ശേഷം ഹദ്റത്ത് അബൂബക്കര്‍(റ), ഹദ്റത്ത് ഉമര്‍(റ) തുടങ്ങിയവര്‍ ഖലീഫമാരായതു പോലെ.
ഖിലാഫത്തിന്റെ ആവശ്യകത
രണ്ടാമത്തെ പ്രശ്‌നം ഖിലാഫത്തിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ളതാണ്.അതായത്, ഖിലാഫത്ത് വ്യവസ്ഥിതിയുടെ അനിവാര്യത എന്താണ് എന്നതാണത്. ഇതു സംബന്ധിച്ച് നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം അല്ലാഹുവിന്റെ ഒരോ പ്രവര്‍ത്തിയും യുക്തിയിലധിഷ്ഠിതമാണ്. അവന്റെ പ്രകൃതി നിയമമനുസരിച്ച് മനുഷ്യന്റെ ജീവിതകാലം പരിമിതമാണ്. എന്നാല്‍ പരിഷ്‌കരണം എന്ന ദൗത്യത്തിന് ഒരു നീണ്ട കാലത്തിന്റെ ആവശ്യമുണ്ട്. അതു കൊണ്ടാണ് അല്ലാഹു നുബുവ്വത്തിനു ശേഷം ഖിലാഫത്തിന്റെ വ്യവസ്ഥിതി നിശ്ചയിച്ചിട്ടുള്ളത്.
നബിയുടെ വഫാത്തിനു ശേഷം അദ്ദേഹത്തിന്റെ ദൗത്യനിര്‍ഹണം നടക്കുന്നത് ഖലീഫമാരിലൂടെയാണ്. ഒരു നബി മുഖേന വിതയ്ക്കപ്പെടുന്ന വിത്തിനെ അല്ലാഹു ഖലീഫമാരിലൂടെ അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. എത്രത്തോളമെന്നാല്‍ അത് അതിന്റെ ആരംഭം തൊട്ടേ പല അപകടങ്ങളെയും അതിജീവിച്ച് ഒരു ചെടിയുടെ രൂപം പ്രാപിക്കുന്നു. ഇതില്‍ നിന്നും ഖിലാഫത്ത് വ്യവസ്ഥിതി നുബുവ്വത്തിന്റെ അനുബന്ധമാണെന്ന് വ്യക്തമാണ്. ഓരോ നുബുവ്വത്തിനു ശേഷവും ഖിലാഫത്തുണ്ടെന്ന് നബി(സ) പറഞ്ഞതും അത് കൊണ്ടാണ്.
ഖിലാഫത്തിന്റെ സംസ്ഥാപനം
ഖിലാഫത്ത് നുബുവ്വത്തിന്റെ അനുബന്ധമായതിനാല്‍ നുബുവ്വത്തിനെപ്പോലെത്തന്നെ ഖിലാഫത്തിനെയും അല്ലാഹു സംരക്ഷിക്കുന്നു. അവിടെ സന്നിഹിതരായിക്കുന്ന ജനങ്ങളില്‍ നിന്ന് യോഗ്യനായ വ്യക്തി ഖിലാഫത്തിന്റെ സ്ഥാനത്ത് ഉപവിഷ്ഠനാകാന്‍ വേണ്ടിയാണിത്. ഒരു നബിയുടെ നിയോഗത്തിനു ശേഷം വിശ്വാസികളുടെ ഒരു വ്യൂഹം ഉണ്ടായിത്തീരുന്നതിനാല്‍ ഈ തെരെഞ്ഞെടുപ്പില്‍ അല്ലാഹു അവരെയും ഉള്‍ക്കൊള്ളിക്കുന്നു എന്നതാണ് വാസ്തവം. ഇതിലൂടെ അവര്‍ക്ക് ഖിലാഫത്തിനോട് അനുസരണവും കൂറും ആത്മാര്‍ഥതയും പുലര്‍ത്താന്‍ സാധിക്കുന്നു. ഇങ്ങനെ വളരെ അത്ഭുതാവഹമായ നിലയിലാണ് ഖലീഫയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യക്ഷത്തില്‍ ഖലീഫയെ തെരെഞ്ഞെടുക്കുന്നത് വിശ്വാസികളാണെങ്കിലും അല്ലാഹുവിന്റെ തഖ്ദീര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയും വിശ്വാസികളുടെ ഹൃദയത്തെ യോഗ്യനായ വ്യക്തിയിലേക്ക് തിരിക്കുകയും ചെയ്യുന്നു. അതു കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ഖലീഫമാരെ നിയമിക്കുന്നത് അല്ലാഹുവാണെന്ന് പറഞ്ഞിരിക്കുന്നത്.
തനിക്ക് ശേഷം അല്ലാഹു ഹദ്റത്ത് അബൂബക്കറിന്റെ ഖിലാഫത്തിലല്ലാതെ മറ്റാരിലും തൃപ്തനാവുകയില്ല എന്ന് നബി(സ) പറഞ്ഞതും ഇതി ലേക്ക് വിരല്‍ ചൂണ്ടുന്നു. ഹദ്റത്ത് വാഗ്ദത്ത മസീഹും ഇക്കാര്യം തന്റെ അല്‍വസിയ്യത്ത് എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഖിലാഫത്തിന്റെ അടയാളങ്ങള്‍
സത്യവാന്മാരായ ഖലീഫമാരെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ എന്തൊക്കെയാണ് എന്നതാണ് അടുത്ത ചോദ്യം. സത്യവാനായ ഖലീഫക്ക് രണ്ട് അടയാളങ്ങള്‍ ഉണ്ടെന്നാണ് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മനസ്സിലാകുന്നത്. സൂറ നൂറില്‍ വിവരിക്കപ്പെട്ടിട്ടുള്ളതാണ് ഒന്നാമത്തേത്. അതായത്,
അവര്‍ക്കായി തൃപ്തിപ്പെട്ട മതത്തെ അവര്‍ക്ക് പ്രബലപ്പെടുത്തിക്കൊടുക്കുകയും അവരുടെ ഭയത്തിനു ശേഷം രക്ഷയും സമാധാനവും അവര്‍ക്ക് പകരം നല്‍കുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ എന്നെ മാത്രം ആരാധിക്കുന്നതാണ്. എന്നോട് മറ്റൊന്നിനെയും അവര്‍ പങ്കുചേര്‍ക്കുന്നതല്ല. (24:56)
ആയതിനാല്‍ വൃക്ഷം അതിന്റെ ഫലത്തിലൂടെ തിരിച്ചറിയപ്പെടുന്നതു പോലെ സത്യവാനായ ഖലീഫയും തന്റെ ആത്മീയ ഫലങ്ങളിലൂടെ തിരിച്ചറിയപ്പെടുന്നതാണ്. ഹദീസില്‍ വന്നിരിക്കുന്ന രണ്ടാമത്തെ അടയാളം വിശ്വാസികളുടെ അഭിപ്രായ ഐക്യത്തിലൂടെയോ ഭൂരിപക്ഷ അഭിപ്രായത്തിലൂടെയോ തെരഞ്ഞെടുക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ അല്ലാഹുവിന്റെ തഖ്ദീര്‍ ആണ് നടക്കുന്നതെങ്കിലും അല്ലാഹു വിശ്വാസികളുടെ അഭിപ്രായത്തേയും ഇത്തരുണത്തില്‍ മാനിക്കുന്നതാണ്. നബി(സ) പറയുന്നു; ഹദ്റത്ത് അബൂബക്കര്‍ ഖലീഫയാകുമെന്നതും വിശ്വാസികളുടെ ഒരു വലിയ വ്യൂഹം അദ്ദേഹത്തിന്റെ ഖിലാ ഫത്തില്‍ തൃപതരായിക്കുമെന്നും വിധിക്കപ്പെട്ടിരിക്കുന്നു.