നുബൂവ്വത്തിന്റെ മാർഗ്ഗത്തിലുള്ള ഖിലാഫത്ത്

 

അൽ ഹഖ്, 2012 മെയ്.

തഫ്സീറെ കബീർ വാള്യം : 6, പേജ് 389,392, വിവർത്തനം : കെ നജ്മുദ്ദീൻ മുറിയക്കണ്ണി

നാം നിങ്ങളിലേക്ക് നിങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന നമ്മുടെ ഒരു പ്രവാചകനെ അയച്ചിരിക്കുന്നു. ഫിര്‍ഔന്റെ അടുക്കലേക്ക് നാം അയച്ച ദൂതനെപ്പോലെയുള്ള ഒരു ദൂതന്‍ തന്നെയാണദ്ദേഹം.

നോക്കുക, അല്ലാഹു ഇവിടെ റസൂല്‍ തിരുമേനി(സ)യും ഹദ്‌റത്ത് മൂസാ(അ)യും തമ്മിലുള്ള സാദൃശ്യം വിവരിച്ചിരിക്കുകയാണ്. ഹദ്‌റത്ത് മൂസാ (അ) ഫിര്‍ഔന്റെ അടുക്കലേക്ക് അയക്കപ്പെട്ടതായിരുന്നു. എന്നാല്‍ റസൂല്‍ കരീം(സ)യെ ഒരു രാജാവിന്റെ അടുക്കലേക്കായി അയക്കപ്പെട്ടതായിരുന്നില്ല, മറിച്ച് ലോകത്തുള്ള എല്ലാ രാജാക്കന്‍മാരുടെയും അടുക്കലേക്കായി അയക്കപ്പെട്ടതായിരുന്നു. അതുപോലെ ഹസ്രത്ത് മൂസ(അ), ബനീ ഇസ്‌റായീലിന്റെ മാര്‍ഗ്ഗദര്‍ശനത്തിനായിട്ടാണ് വന്നത്. എന്നാല്‍ റസൂല്‍കരീം(സ) മുഴുലോകത്തി ന്റെയും മാര്‍ഗ്ഗദര്‍ശനത്തിനു വേണ്ടിയായിരുന്നു അയക്കപ്പെട്ടത്. കൂടാതെ ഹസ്രത്ത് മൂസാ(അ) യുടെ നിയോഗിതകാലഘട്ടം 1900 വര്‍ഷമായിരുന്നു. എന്നാല്‍ റസൂല്‍ കരീം(സ) യുടെ നിയോഗിത കാലഘട്ടം ഖിയാമത്തു നാള്‍ വരേക്കുമുള്ളതാണ്.

ഹദ്‌റത്ത് മൂസാ(അ)യുടെയും തിരുനബി(സ)യുടെയും അവസ്ഥകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളാണിവ. ഈ വ്യത്യാസങ്ങളൊക്കെയുണ്ടായിട്ടും മുസ്‌ലിംകള്‍ പറയുന്നത് ഹദ്‌റത്ത് റസൂല്‍ കരീം(സ), മൂസാ (അ)നു സദൃശനാണ് എന്നാണ്. അപ്പോള്‍ ഇവ്വിധ വ്യത്യാസങ്ങളൊക്കെയുണ്ടായിട്ടും അദ്ദേഹത്തിന്റെ സാദൃശ്യത്തില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെങ്കില്‍ പിന്നെ പൂരവ്വികരുടെ ഖിലാഫത്തില്‍ നിന്നും ഇസ്‌ലാമിക ഖലീഫയ്ക്ക് ചില ഭാഗിക കാര്യങ്ങളില്‍ വ്യത്യാസമുണ്ട് എന്നതില്‍ ആക്ഷേപമെന്താണുള്ളത്? മൂസാ(അ)യുടെ സമുദായത്തെ സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം അല്ലാഹു അവന്റെ പ്രത്യേകമായ ഹിഖ്മത്ത് അനുസരിച്ച് ചില അസ്തിത്വങ്ങളെ അദ്ദേഹത്തിന്റെ സമൂഹത്തിന്റെ സേവകരായി തിരഞ്ഞെടുത്തതുപോലെ റസൂല്‍കരീം(സ) യുടെ വഫാത്തിനു ശേഷവും അല്ലാഹു ഇങ്ങിനെയുള്ള അസ്തിത്വങ്ങളെ തങ്ങളുടെ ഉമ്മത്തിനെ സംരക്ഷിക്കുന്നതിനായി എഴുന്നേല്‍പ്പിക്കുന്നതാണ് എന്നുള്ള കാര്യമാണ് ഈ ആയത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

അങ്ങിനെ മുന്‍കഴിഞ്ഞ ഖലീഫമാരെ അപേക്ഷിച്ച് കൂടുതല്‍ നല്ല നിലയില്‍ റസൂല്‍ കരീം(സ)യുടെ ഖലീഫമാര്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുകയുണ്ടായി. കൂടാതെ ഹദ്‌റത്ത് മൂസ(അ)ക്കു ശേഷം 1300 വര്‍ഷങ്ങള്‍ കഴിഞ്ഞ് മസീഹ് നാസ്വിരിയെ അല്ലാഹു അയച്ചതുപോലെ, അദ്ദേഹം മൂസവീ ശരീഅത്തിന്റെ സേവകനായ, അദ്ദേഹത്തെ പിന്‍പറ്റിക്കൊണ്ടുള്ള പ്രവാചകനായിരുന്നു. മുഹമ്മദ് റസൂലുല്ലാഹ് (സ) ക്ക് 1300 വര്‍ഷങ്ങള്‍ക്കുശേഷം അല്ലാഹു മസീഹ് മൗഊദ് (അ)നെ അയയ്ക്കുകയും അതിലൂടെ റസൂല്‍ കരീം (സ)യുടെ സ്ഥാനമഹത്വത്തിനനുസൃദമായ രീതിയിലുള്ള ഉമ്മത്തീനുബുവ്വത്തിനെ പിന്‍തുടര്‍ന്നു കൊണ്ടുള്ള നുബുവ്വത്തിനായി കവാടങ്ങള്‍ തുറക്കപ്പെടുയും ചെയ്തു. പിന്നീട് അദ്ദേഹം മുഖേന അദ്ദേഹത്തെ പിന്‍പറ്റുന്നവരില്‍ ഖിലാഫത്ത് നിലനിര്‍ത്തുകയും ചെയ്തു. ആയതുകൊണ്ട് ഈ ഖിലാഫത്തു പരമ്പര ഹദ്‌റത്ത് മസീഹ് മൗഊദ്(അ) നു ശേഷം ആരംഭിച്ച് രണ്ടാം ഖിലാഫത്തുവരെ എത്തി ………..

അഹ്മദിയ്യാ ജമാഅത്ത് ഖിലാഫത്തിലുള്ള വിശ്വാസത്തില്‍ നില നില്‍ക്കുകയും അതിന്റെ നിലനില്‍പ്പിനായി ശരിയായ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ ഖിലാഫത്ത് പരമ്പര ഖിയാമത്തു വരെ നിലനില്‍ക്കുന്നതാണെന്നും ഒരു ദുഷ്‌കര്‍മിക്കും ഇതില്‍ തടസ്സം സൃഷ്ടിക്കാന്‍ സാധ്യമാകുന്നതല്ല എന്നും ഞാന്‍ മനസ്സിലാക്കുന്നു. മുസ്‌ലിംകളോട് ഖിലാഫത്തിന്റെ വാഗ്ദാനമുണ്ടായിരുന്നുവെങ്കില്‍ ഹദ്‌റത്ത് അലി(റ) നു ശേഷം ഖിലാഫത്ത് എന്തുകൊണ്ട് നിലച്ചുപോയി എന്നൊരാക്ഷേപം ഉന്നയിക്കപ്പെടാറുണ്ട്. ഈ വാഗ്ദാനം സോപാധികമായിരുന്നു എന്നതാണ് അതിനുള്ള മറുപടി. ഈ വാഗ്ദാനം ഖിലാഫത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഖിലാഫത്ത് കരസ്ഥമാക്കുവാനായി ഉചിതമായ രീതിയില്‍ സാമുദായിക പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കുമുള്ളതായിരുന്നു എന്നാണ് ആയത്തുകള്‍ വ്യക്തമാക്കുന്നത്.

എന്തെന്നാല്‍ ഇവിടെ “ആമനൂ വഅമിലു സ്സ്വാലിഹാത്ത്” എന്നീ പദങ്ങളാണുള്ളത്, സലുഹ എന്നതിന് അറബി ഭാഷയില്‍ സാഹചര്യങ്ങള്‍ക്കനുയോജ്യമായ കര്‍ങ്ങള്‍ക്കാണു പറയുക. ഈ ആയത്തില്‍ ഖിലാഫത്തിനെക്കുറിച്ചുള്ള പ്രതിപാദ്യമായതിനാല്‍ ആമനൂ എന്നതുകൊണ്ട് ആമനൂ ബില്‍ ഖിലാഫ എന്നും, അമിലു സ്സ്വാലിഹാത്ത് എന്നതു കൊണ്ട് അമിലൂ അമലന്‍ മുനാസിബന്‍ ലി ഹുസൂലില്‍ ഖിലാഫത്തി എന്നുമാണ് ഉദ്ദേശ്യം. ഈ നിബന്ധന പൂര്‍ത്തിയാകുന്നില്ലെങ്കില്‍ അല്ലാഹുവിന്റെ വാഗ്ദാനവും പൂര്‍ത്തിയാകുകയില്ല.

ഹദ്‌റത്ത് അലി (റ)ന് ശേഷം ഖിലാഫത്ത് എന്ന പദം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. പ്രത്യക്ഷത്തില്‍ രാജവാഴ്ച നിലനിന്നുരുന്നുവെങ്കിലും ഖിലാഫത്തിന്റെ നിബന്ധനയായ ദീനീപ്രബോധനവും ഇസ്‌ലാമിക പ്രബോധനവും നിലച്ചുപോയിരുന്നു. അതുകൊണ്ട്, നിബന്ധനകള്‍ ഇല്ലാതായപ്പോള്‍ ഉപാധിവെക്കപ്പെട്ടതും ഇല്ലാതായി. അല്ലാഹുവിന്റെ വാഗ്ദാനവും നീങ്ങിപ്പോയി. അല്ലാഹു പറയുന്നു, ലയസ്തഖ്‌ലിഫന്നഹും അവന്‍ അവരെ ഖലീഫമാരാക്കുന്നതാണ്. അതുകൊണ്ട് ഖലീഫമാരുടെ തിരഞ്ഞെടുപ്പ് സത്യവിശ്വാസികള്‍ മുഖേനയായിരിക്കും ഉണ്ടാകുക. എന്നാല്‍ അല്ലാഹുവിന്റെ ഇല്‍ഹാം അവരുടെ ഹൃദയങ്ങളെ അതിനര്‍ഹതപ്പെട്ടയാളിലേക്കു തിരിക്കുന്നു. എന്നിട്ട് അല്ലാഹു പറയുന്നു, ഇങ്ങിനെയുള്ള ഖലീഫമാരില്‍ ഞാന്‍ ഇന്നയിന്ന സവിശേഷതകള്‍ ജനിപ്പിക്കുകയും ചെയ്യുന്നു. അങ്ങിനെ ഈ ഖലീഫമാര്‍ അല്ലാഹുവിന്റെ അനുഗ്രഹമായിരിക്കും…………..

ഇങ്ങിനെയുള്ള വ്യക്തിയെ മുസ്‌ലിം സമുദായത്തിന് നീക്കം ചെയ്യുവാന്‍ സാധിക്കുകയില്ലാ എന്നത് വ്യക്തമാണ്. ശയ്ത്വാന്റെ ചേലകള്‍ക്കേ ഇങ്ങിനെയുള്ള വ്യക്തിയെ നീക്കം ചെയ്യാനാകുമെന്നു വാദിക്കാന്‍ സാധിക്കൂ. ……………….

ഇതിലേക്കു സൂചന നല്‍കിക്കൊണ്ടു അല്ലാഹു പറയുന്നു, “മന്‍ കഫറ ബഅ്ദ ദാലിക്ക ഫഉലാഇക്ക ഹുമുല്‍ ഫാസിഖൂന്‍”. തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തിന് നാം അധികാരം നല്‍കിയിരുന്നു എന്നാല്‍ നാം ഈ തിരഞ്ഞെടുപ്പില്‍ ഉത്തിനെ വഴി കാണിക്കുകയും ആ വ്യക്തിയെ സ്വന്തമാക്കുകയും ചെയ്തിരിക്കയാല്‍ അതിനുശേഷം ഉമ്മത്തിന് ഒരു അധികാരവും അവശേഷിക്കുന്നില്ല. എന്നിട്ടും ആരാണോ തന്നിഷ്ടം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത്, അവന്‍ ഖലീഫയോട് ഏറ്റുമുട്ടുകയല്ല ചെയ്യുന്നത് മറിച്ച് നമ്മുടെ അനുഗ്രഹത്തെ അവമതിക്കുകയാണ് ചെയ്യുന്നത് എന്ന് ഓര്‍ത്തുകൊള്ളട്ടെ.

തുടര്‍ന്ന് പറയുന്നു, “വ അഖീമു സ്സ്വലാത്ത വ ആത്തു സ്സകാത്ത വ അത്വീഉര്‍റസൂല ലഅല്ലക്കും തുര്‍ഹമൂന്‍”. ഈ ആയത്തിൽ വമന്‍ കഫറ ബഅ്ദ ദാലിക്ക ഫ ഉലാഇക്ക ഹുമുല്‍ ഫാസിഖൂന്‍ എന്നതിനു തൊട്ടുതന്നെ നമസ്‌കാരത്തെക്കുറിച്ചും സക്കാത്തിനെക്കുറിച്ചും റസൂല്‍ (സ) നെ അനുസരിക്കുന്നതിനെ ക്കുറിച്ചും പ്രതിപാദിച്ചുകൊണ്ട് ശ്രദ്ധ ക്ഷണിക്കുന്നത്, ഖിലാഫത്തിന്റെ അനുഗ്രഹം ഇറങ്ങുന്നതില്‍ ഏതെങ്കിലും സമയത്ത് കുറവ് സംഭവിക്കുകയാണെങ്കില്‍ മുസ്‌ലിംകള്‍ ഒരു സമുദായമെന്ന നിലയ്ക്ക് നമസ്‌കാരത്തില്‍ വ്യാപൃതരാവുകയും സക്കാത്ത് കൊടുക്കുന്നതില്‍ ഉണർവ്വ് കാണിക്കുകയും റസൂല്‍കരീം(സ)യെ പൂര്‍ണ്ണമായും അനുസരിക്കുകയും ചെയ്യേണ്ടതാകുന്നു. അവര്‍ അങ്ങിനെ ചെയ്യുകയാണെങ്കില്‍ അവരില്‍ കരുണ ചെയ്യപ്പെടുന്നതും എല്ലാ മുസ്‌ലിംകളെയും ഒന്നിപ്പിക്കുന്ന, റസൂല്‍ കരീം(സ)ന്റെ ഏതെങ്കിലുമൊരു ദാസനെ എഴുന്നേല്‍പിക്കുന്നതാണ്. എന്നാല്‍ ഖിലാഫത്തു നിഷേധികള്‍ ഒരവസ്ഥയിലും ഭൂമിയില്‍ വിജയികളാകുകയില്ല മറിച്ച്, ഖിലാഫത്തില്‍ വിശ്വസിക്കുന്ന അളുകളെ അല്ലാഹു എഴുന്നേല്‍പിച്ചു കൊണ്ടിരിക്കുന്നതാണ്.