ജിഹാദ്

എ. പി കുഞ്ഞാമു സാഹിബ് മർഹൂം

സത്യദൂതൻ, ഡിസംബർ 2006

ജിഹാദ് എന്ന വിഷയത്തെ സംബന്ധിച്ച് ഇസ്ലാമീക ദൈവശാസ്ത്രത്തിലും, മുസ്ലിം ജനസാമാന്യത്തിനിടയിലും അമുസ്ലിംകൾക്കിടയിലും കടന്നുകൂടിയ തെറ്റായ ധാരണകളെ തിരുത്തുവാനും, ജിഹാദിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തി കൊടുക്കാനും ഏറ്റവും കൂടുതൽ അദ്ധ്വാനിച്ച ഒരു പ്രസ്ഥാനമാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത്.

ആധുനിക കാലത്തെ സംഘർഷഭരിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ ജിഹാദ് ചർച്ചക്കുള്ള പ്രസക്തി കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്. മുസ്ലിംകളിൽ ബഹുഭൂരിപക്ഷം ആളുകളും ജിഹാദിനെ മതത്തിന്ന് വേണ്ടിയുള്ള യുദ്ധമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. ഇങ്ങനെ ജിഹാദിനെ സംബന്ധിച്ച് തെറ്റായ ധാരണകൾ മുസ്ലിംകളിൽ വേര് പിടിച്ച സമയത്താണ് അവരുടെ നിഗമനങ്ങളെ തീർത്തും നിരാശപ്പെടുത്തിക്കൊണ്ടു അല്ലാഹുവിൽ നിന്ന് തന്നെ ഒരാൾ വന്ന് കൊണ്ട് ഈ ധാരണകളെ തിരുത്തിയത്.

ആ ഒരൊറ്റ കാരണത്താൽ മുസ്ലിം ലോകം മുഴുവനും ഭ്രഷ്ടും കുഫ്റ് ഫത്വകളുമായി ആ സത്യാത്മാവിന്റെ നേരെ തിരിഞ്ഞു. അദ്ദേഹം “ജിഹാദി”നെ റദ്ദാക്കി എന്നു പറഞ്ഞു അദ്ദേഹത്തെ കാഫിറായി പ്രഖ്യാപിക്കുകയുണ്ടായി. ഇന്നും അഹ്മദികളെ അവർ ജിഹാദിനെ നിഷേധിക്കുന്നുവരാണെന്ന് ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള കാരണം അവർ ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഒരു അർത്ഥസങ്കല്പം ജിഹാദിന് അഹ്മദികൾ നൽകുന്നില്ല എന്നതുകൊണ്ടാണ്.

ഞാൻ വന്നുകൊണ്ട് മതയുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നു എന്നാണ് ഹദ്റത്ത് അഹ്മദ് (അ) ലോകത്തോടു പ്രഖ്യാപിച്ചത്. ഇന്നു മുസ്ലിം ലോകത്ത് നടമാടുന്ന മനുഷ്യ- ബോംബിങ്ങുകൾ വരെ ജിഹാദായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. നിരപരാധികളായ വ്യക്തികൾ അതു മുഖേന കൊല്ലപ്പെടുന്നു. അങ്ങിനെ ഒരുപാടു പേരെ കൊല്ലുന്നതു മുഖേന സമൂഹത്തിൽ അനാഥരായ കുട്ടികളും വിധവകളും വർദ്ധിക്കുന്നു. ഇതിന്റെ ഫലമായി അവർ സൃഷ്ടിക്കുന്ന അപരിഹാര്യമായ മനുഷ്യദുഃഖങ്ങളെ കുറിച്ച് അവർ ഓർക്കുന്നില്ല.

ഇങ്ങിനെ ഒരുപാടു പേരെ വഴിയാധാരമാക്കുക വഴി ഈ മനുഷ്യബോംബിലൂടെ സ്വർഗ്ഗം ലഭിക്കുമെന്നാണ് അവരുടെ വിശ്വാസം. ഇവർ മനസ്സിലാക്കുന്ന ദൈവത്തെ കാരുണ്യവാനാണെന്ന് പറയാൻ സാധിക്കുമോ? ദൈവത്തെ ആരാധിക്കുവാനും സമസൃഷ്ടികൾക്ക് സേവനം ചെയ്യുവാനുമാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചതെങ്കിൽ ഇവർ എന്താണു ചെയ്യുന്നത്? ജിഹാദിനെക്കുറിച്ചുള്ള ഇവരുടെ ധാരണ അനിസ്ലാമികവും കിരാതവുമാണ്.

ഇതിനെ തിരുത്താനും കൂടിയാണ് മുസ്ലിംകൾക്ക് വാഗ്ദാനം ചെയ്ത മഹ്ദി മസീഹ് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ തൂലികയിൽ കൂടി ഇതു സംബന്ധിച്ച നിരവധി ലേഖനങ്ങൾ പുറത്തുവരുകയും മുസ്ലിംകളിൽ വിദ്യാസമ്പന്നരായ ആളുകൾ അതിൽ ആകൃഷ്ടരാവുകയും അവരും ഈ ഉദ്യമത്തിൽ പങ്കാളികളാവുകയും ചെയ്തതു കൊണ്ടു ജിഹാദിനെ സംബന്ധിച്ച മുസ്ലിംകളിലുള്ള അബദ്ധധാരണകൾ കുറേയെങ്കിലും ഇല്ലാതാക്കാൻ സാധിച്ചു.

മറ്റു മതസ്ഥർക്ക് എതിരിലും സ്വമതത്തിൽ തന്നെയുള്ള അവാന്തരകക്ഷികൾക്കെതിരിലും മുല്ലമാർ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടു യുവാക്കളിൽ ആവേശം കുത്തിവെക്കുന്നതുകൊണ്ടാണ് ഇന്നു കാണുന്ന ഭീകരവാദങ്ങൾ പിറന്നുവീഴുന്നത്. ഇതിനെതിരെ യുവാക്കളെ യഥാർത്ഥ “ജിഹാദ്’ എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നിരപരാധികളെ ഹിംസിക്കലും അവരെ ദ്രോഹിക്കലും ഒരു പ്രകാരത്തിലും ജിഹാദിന്റെ പരിധിയിൽ വരികയില്ല തന്നെ. ഇസ്ലാമിന്റെ ശത്രുക്കൾ മുസ്ലിംകളെ അവരുടെ മതമനുസരിച്ചു ജീവിക്കാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും അതിന്റെ പേരിൽ അവരെ കൊല്ലും കൊലയും നടത്തുകയും ചെയ്യുന്ന ഘട്ടം ഉണ്ടായപ്പോൾ അതിനെ ചെറുക്കാനും മതസ്വാതന്ത്ര്യം കെവരിക്കാനും അവരോടു മുസ്ലിംകൾ യുദ്ധം ചെയ്തിട്ടുണ്ട്. ഇതിന് അനുമതിയുണ്ട്.

മുസ്ലിംകൾ റസൂൽ തിരുമേനി(സ)യുടെ മക്കാ മദീനാ ജീവിതത്തിൽ ശത്രുക്കളുമായി ഈ കാരണങ്ങളാൽ യുദ്ധം ചെയ്തിട്ടുണ്ട്. അതു ജിഹാദിന്റെ ഇനത്തിൽ പെട്ടതാണ്. അല്ലാതെ മറ്റു രാജ്യങ്ങളെ അവരുടെ ഭാഗത്തു നിന്ന് യാതൊരു ആക്രമണവുമില്ലാതെ മതം പ്രചരിപ്പിക്കാൻ വേണ്ടി അവരുടെ മേൽ ഒരു കടന്നാക്രമണപരമായ യുദ്ധത്തെ ഇസ്ലാം അനുകൂലിക്കുന്നില്ല.

13 കൊല്ലകാലം മക്കയിൽ ശത്രുക്കളുടെ പലവിധത്തിലുള്ള ദ്രോഹങ്ങളും യാതനകളും റസൂൽ തിരുമേനിയും അനുചരന്മാരും സഹിച്ചെങ്കിലും യാതൊരു പ്രതികാര നടപടിയും അവിടുന്ന് സ്വീകരിച്ചില്ല. ജീവിതം ദുസ്സഹമായപ്പോൾ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മക്കയിൽ നിന്നും വളരെ വിരഹ വേദനയോടുകൂടി അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്യുകയാണ്. അവിടെയും ശത്രുക്കൾ ഇരിക്കപ്പൊറുതി നൽകിയില്ല. മക്കക്കാർ അവരുടെ പടയാളികളെ മദീനായിലേക്കും അയച്ചു തിരുമേനി(സ)യേയും സഹാബത്തിനേയും വകവരുത്താൻ യുദ്ധം നയിച്ചു. തദവസരത്തിൽ അവരെ പ്രതിരോധിക്കാനുള്ള അനുവാദം അല്ലാഹു തിരുമേനി(സ)ക്ക് നൽകി.

ശത്രുക്കളെ ബദ്റിൽ വെച്ചു തടഞ്ഞു. ആ യുദ്ധത്തിൽ അല്ലാഹുവിന്റെ പ്രത്യേക സഹായത്തോടെ വിശ്വാസികൾ വിജയിച്ചു. അതിന്ശേഷവും പല യുദ്ധങ്ങളും അരങ്ങേറി. അതെല്ലാം തന്നെ ശത്രുക്കൾ മുസ്ലിംകളെ ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നു. ധർമ്മയുദ്ധത്തിൽ ഏർപ്പെട്ടാൽ മുഖം തിരിക്കാതെ അതിൽ വ്യാപൃതമാകണമെന്നാണ് വിശുദ്ധ ഖുർആന്റെ പാഠം. അതു സമാധാനത്തിൽ കഴിയുന്നവരോടാകാൻ പാടില്ല.

ഈ കാലഘട്ടത്തിൽ തീവ്രവാദത്തെ “ജിഹാദായി’ ചിത്രീകരിക്കപ്പെട്ടിരിക്കയാണ്. ഇസ്ലാമിൽ തീവ്രവാദവും, ഭീകരവാദവുമില്ല. ആത്മഹത്യാ ബോംബിങ്ങുകൾ ചെയ്ത് നിരപരാധികളായ പൊതുജനങ്ങളെ കൂട്ടക്കൊല നടത്തുന്നത് ഒരു പ്രകാരത്തിലും ഇസ്ലാമിൽ അനുവദനീയമല്ല.

“നിങ്ങൾ നിങ്ങളെ തന്നെ വധിക്കരുത്. തീർച്ചയായും, അല്ലാഹു നിങ്ങളോടു വളരെയേറെ കരുണയുള്ളവനാക്കുന്നു. ”

(4:3)

“നിങ്ങളുടെ കെകളാൽ നിങ്ങളെ സ്വയം നാശത്തിൽ ആപതിപ്പിക്കരുത്. .”

(2:196)

“അക്രമികളല്ലാത്തവരുടെ മേൽ യാതൊരു കെയേറ്റവും വിഹിതമല്ല ”

(2:194)

മേൽ കാണിച്ച മൂന്ന് വിശുദ്ധ ഖുർആൻ വചനങ്ങളിലും പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമാണ് മുസ് ലിംകളുടെ തീവ്രവാദനടപടികൾ. ആത്മഹത്യാബോംബും , നിരപരാധികളെ കൊന്നൊടുക്കുന്നതിനോടും ഒരുപ്രകാരത്തിലും ഖുർആൻ യോജിക്കുന്നില്ല.

ഇത്തരം തീവ്രവാദികളുടെ പ്രവർത്തനങ്ങൾ അവരെ മോക്ഷത്തിന് അർഹരാക്കുമെന്ന ഒരു മിഥ്യാവിശ്വാസം യാഥാസ്ഥിതിക മുസ്ലിംകളുടെതായിട്ടുണ്ട്. വാസ്തവത്തിൽ ഇസ്ലാമിൽ പറയപ്പെട്ട യഥാർത്ഥ ജിഹാദ് എന്താണെന്ന് ഇന്നു ചെറുപ്പക്കാരെ ബോധവൽക്കരിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് നാമിന്ന് “ജിഹാദ്” ചെയ്യേണ്ടത്.

ഈ മിഥ്യാവിശ്വാസത്തെ വിപാടനം ചെയ്യാനുള്ള തീവ്രമായ ശ്രമത്തിനാണ് ഇന്ന്  “ജിഹാദ്” എന്നു പറയുന്നത്. റസൂൽ തിരുമേനി(സ)യുടെ അദ്ധ്യാപന പ്രകാരം “ജിഹാദ്” എന്നത് ഒരു മനുഷ്യനിലുള്ള പെശാചിക ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും എതിരെയുള്ള അവന്റെ കഠിനപരിശ്രമമാണ്. ഇതാണ് ഏറ്റവും വലിയ “ജിഹാദാ”യി തിരുമേനി (സ) പഠിപ്പിച്ചത്.

അതിനുശേഷം അതിൽ കുറഞ്ഞ “ജിഹാദാ”ണ് അവന്റെ സമീപത്തുള്ളവരെ തിരുത്തുക എന്നത്. എന്നാൽ ഇതിനെയാണ് മറ്റുള്ളവർ മുഖ്യമായും ജിഹാദ് അഥവാ ഹോളിവാർ (Holy War) ആയി ചിത്രീകരിക്കുന്നത്. ഇസ്ലാം ഒരു പ്രകാരത്തിലും കടന്നാക്രമണം അനുവദിക്കുന്നില്ല. അവർക്ക് പ്രതിരോധ യുദ്ധം മാത്രമാണ് അനുവദിച്ചിച്ചത്.

“യുദ്ധം ചെയ്യപ്പെടുന്നവർക്ക് എതിരെ തിരിച്ചും യുദ്ധം ചെയ്യുവാൻ അനുമതി നൽകപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അവർ അക്രമിക്കപ്പെട്ടിരിക്കുകയാണ്.” .

(22:40)

ഈ വാക്യം വളരെ വ്യക്തമായി മനസ്സിലാക്കിത്തരുന്നത് അക്രമിക്കപ്പെടുമ്പോൾ പ്രതിരോധിക്കാനുള്ള അനുവാദം മാത്രമാണ് നൽകപ്പെട്ടത് എന്നാണ്. ഇസ്ലാമിൽ അവരുടെ മാത്രം സമാധാനത്തിന് വേണ്ടി മാത്രമല്ല, മറ്റു സഹോദരസമുദായങ്ങളുടെ സമാധാനജീവിതത്തിന് വേണ്ടിയും ശ്രമിക്കാനുള്ള ആഹ്വാനം കാണാവുന്നതാണ്.

“മനുഷ്യ രിൽ ചിലർക്ക് മറ്റു ചിലരിൽ നിന്നുള്ള അക്രമത്തിൽ നിന്ന് സ്വയം രക്ഷിക്കുന്നതിന് അല്ലാഹു അനുമതി നൽകിയില്ലായിരുന്നുവെങ്കിൽ സന്യാസി മഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, ജൂതപള്ളികളും മുസ്ലിംപള്ളികളും എല്ലാം തകർക്കപ്പെടുമായിരുന്നു. അവയിൽ വെച്ചു അല്ലാഹുവിന്റെ നാമം ധാരാളമായി അനുസ്മരിക്കപ്പെടുന്നു” .

(22:41)

ഇതു മനസ്സിലാക്കിത്തരുന്നത് അമ്പലങ്ങളും ക്രിസ്തീയ ദേവാലയങ്ങളും യഹൂദദേവാലയങ്ങളും സംരക്ഷിക്കേണ്ട ബാദ്ധ്യതകൂടി മുസ്ലിംകൾക്കുണ്ട് എന്നാണ്. പിന്നെ തീവ്രവാദത്തിനുള്ള സ്ഥാനം എവിടെ? ഒരു പ്രതിരോധയുദ്ധത്തിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു റസൂൽ തിരുമേനി (സ) നൽകിയ ഉപദേശനിർദ്ദേശങ്ങൾ കൂടി നാം മനസ്സിലാക്കിയാൽ ഇന്ന് മതത്തിന്റെ പേരിൽ കാട്ടികൂട്ടുന്ന വിധ്വംസകപ്രവർത്തനങ്ങളോടു ഒരു മുസ്ലിമിനും അനുകൂലിക്കാൻ സാദ്ധ്യമല്ല.

നിങ്ങൾ ശത്രുരാജ്യത്ത് പ്രവേശിച്ചാൽ ദൈവസ്മരണയിൽ കഴിയുന്നവരെ വിട്ടേക്കുക. അവർക്ക് യാതൊരു ദ്രാഹവും ചെയ്യരുത്. ശത്രുരാജ്യത്തെ സ്ത്രീകളേയും കുട്ടികളേയും കൊല്ലുവാൻ പാടുള്ളതല്ല. അതേപോലെ കുരുടന്മാരെയും വൃദ്ധജനങ്ങളേയും കൊല്ലാൻ പാടില്ല. ഒരു മരവും നശിപ്പിക്കാൻ പാടില്ല. അതേപോലെ ഒരു കെട്ടിടവും പൊളിക്കാൻ പാടുള്ളതല്ല (ഹൽബിയ്യാ).

ഒരു യുദ്ധത്തിൽ പോലും മേൽ എഴുതിയ കാര്യങ്ങൾ ശ്രദ്ധിക്കേണമെന്ന് വരുമ്പോൾ സമാധാനാന്തരീക്ഷത്തിൽ സിവിലിയന്മാർക്കെതിരെ മനുഷ്യബോംബായും മറ്റും ചെയ്യുന്ന ജുഗുപ്ത്സാവഹമായ കാര്യങ്ങളോടു എങ്ങിനെ പ്രതികരിക്കേണമെന്ന് വായനക്കാർ തന്നെ മനസ്സിലാക്കുക.

താലിബാൻ പോലെയുള്ള സംഘടനകൾ ഇന്ന് കാണിക്കുന്ന പേക്കൂത്തുകൾക്ക് യാതൊരു പ്രകാരത്തിലും ഇസ്ലാമിൽ നീതികരണമില്ല. മറിച്ചു അവർ ഇസ്ലാമിന്റെ മുഖത്ത് കരിവാരിത്തേക്കുകയാണ് ചെയ്യുന്നത്. ഇവരുടെ കുത്സിതമായ പ്രവർത്തനമാണ് ഇന്ന് ആധുനികയുഗത്തിൽ “ജിഹാദാ”യി വ്യാഖ്യാനിക്കപ്പെടുന്നത്.

വിശുദ്ധ ഖുർആന്റെയും റസൂൽ തിരുമേനി(സ)യുടെ വാക്കുകളും നാം മുകളിൽ വായിച്ചു. വാസ്തവത്തിൽ ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും അതിന്റെ ഉദ്ദേശം തന്നെ മനുഷ്യകുലത്തിന്റെ സാമൂഹികവും ആത്മീയവുമായ ശാന്തജീവിതമാണെന്നും കണ്ടെത്താൻ യാതൊരു പ്രയാസവുമില്ല.

നൂറുവർഷങ്ങൾക്ക് മുമ്പ് തീവ്രവാദികളുടെ വിളയാട്ടം അഫ്ഗാനിസ്ഥാനിൽ ഉണ്ടായപ്പോൾ ഹദ്റത്ത് അഹ്മദ് (അ) അവിടുത്തെ അമീറിനെ അഭിസംബോധന ചെയ്തുകൊണ്ടു യഥാർത്ഥമായ ഇസ്ലാമിക “ജിഹാദി”നെ പറ്റി അഫ്ഗാൻ യുവാക്കളെ ബോധവൽക്കരിക്കണമെന്നും അതിനുവേണ്ടി പണ്ധിതന്മാരെ വിളിച്ചുകൂട്ടി അവരുടെ ഭാഷയായ പുഷ്തുഭാഷയിൽ നോട്ടീസുകൾ തയ്യാറാക്കി അവരിൽ വിതരണം ചെയ്യണമെന്നും. അല്ലെങ്കിൽ ഭാവിയിൽ അത് രാജ്യത്തിന് തന്നെ ആപത്തായിരിക്കും എന്നും ഉപദേശിച്ചു.

എന്നാൽ ആ ദിവ്യാത്മാവിന്റെ വചനങ്ങൾക്ക് യാതൊരു വിലയും കല്പിച്ചില്ല. അതിന്റെ ദുരന്തഫലങ്ങൾ ഇപ്പോഴും അഫ്ഗാനിസ്ഥാൻ പേറികൊണ്ടിരിക്കയാണ്. അവിടുത്തെ ജനങ്ങളുടെ “തീവ്രവാദ വാസന” ആ രാഷ്ട്രത്തെ മുമ്പോട്ടു നയിക്കാൻ സാധിക്കാത്ത പരുവത്തിലാക്കിയിരിക്കുന്നുവെന്ന് അവിടുത്തെ പ്രസിഡണ്ട് കർസായി തന്നെ പറയുകയുണ്ടായി.

റസൂൽ തിരുമേനി (സ)യുടെ ജീവിതത്തിൽ അവിടുന്ന് ആത്മസംയമനത്തോടെ സഹിച്ച കഷ്ടപ്പാടുകളെ സംബന്ധിച്ച് നമുക്കറിയാം. 13 വർഷക്കാലം മക്കാ ജീവിതത്തിൽ റസൂൽ തിരുമേനി (സ)വും അദ്ദേഹത്തിന്റെ അനുചരന്മാരും അനുഭവിക്കേണ്ടി വന്ന യാതനകൾക്കും വേദനകൾക്കും കൈയ്യും കണക്കുമുണ്ടായിരുന്നില്ല. റസൂൽ തിരുമേനി(സ) യുടെ എത്രയോ സഖാക്കളെ ശത്രുക്കൾ വാളിന്നിരയാക്കി. സ്ത്രീകളേയും പുരുഷന്മാരേയും ദ്രോഹിക്കുകയും നിഗ്രഹിക്കുകയും ചെയ്തു. അവരുടെ ഇരുകാലുകളിലും കയറുകൾ കെട്ടി അത് രണ്ടു ഒട്ടകത്തിന്റെ മേൽ ബന്ധിച്ച് രണ്ടുവശത്തേക്ക് തെളിച്ചു മനുഷ്യനെ രണ്ടായി പിളർത്തിയ സംഭവങ്ങൾ വരെ ഉണ്ടായി. അപ്പോഴെല്ലാം തന്നെ സംയമനം പാലിക്കാനുള്ള നിർദ്ദേശമാണ് തിരുമേനി(സ) തിരുസഹചരർക്ക് നൽകിയത്.

ഒടുവിൽ യാതൊരു ഗത്യന്തരവുമില്ലാതെ വന്നപ്പോൾ അവർ മക്ക വിട്ടു അയൽ രാജ്യങ്ങളിലേക്കും മദീനയിലേക്കും പാലായനം ചെയ്തു. മദീനയിലും മക്കക്കാർ അവർക്ക്  സ്വൈര്യം നൽകാതെവന്നപ്പോൾ അല്ലാഹു അവർക്ക് പ്രതിരോധയുദ്ധത്തിനുള്ള അനുവാദം നൽകുകയായിരുന്നു. വീടുകളിൽ നിന്നും നാട്ടിൽ നിന്നും നിഷ്കാസിതരായവരുടെയും ബലിദാനികളുടെയും ദീനരോദനങ്ങൾ ക്ക് അല്ലാഹു നൽകിയ മറുപടിയായിരുന്നു അത്.

മക്കാജീവിതത്തിൽ തന്നെ പ്രതിക്രിയ ചെയ്യാൻ അവർ ആഗ്രഹിച്ചുവെങ്കിലും അതിന് അനുവാദം അവർക്ക് ലഭിച്ചില്ല. വാസ്തവത്തിൽ ഈ യുദ്ധത്തെയാണ് “ജിഹാദ്” എന്നു വിളിക്കുന്നത്. ജിഹാദിന് അങ്ങിനെയും അർത്ഥമുണ്ട്. ഒരു സമൂഹം മർദ്ദിക്കപ്പെട്ടാൽ അതിനെ പ്രതിരോധിക്കാനുള്ള യുദ്ധത്തിനാണ് “ജിഹാദ്” എന്നു വിളിക്കുന്നത്.

അങ്ങിനെയുള്ള സാഹചര്യം ഇല്ലാത്ത അവസരത്തിൽ മറ്റു മതസ്ഥരുടെയും ഭരണകൂടത്തിന്റേയും സ്വൈര്യം കെടുത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് ആ പരിശുദ്ധ വാക്ക് ഉപയോഗിക്കരുത്. ആ കാലത്തുള്ള പണ്ധിതന്മാർ സ്ഥാനത്തും അസ്ഥാനത്തും മുസ്ലിം യുവാക്കളെ ജിഹാദിന്റെ പേരിൽ ആവേശം കൊള്ളിക്കുകയും അവർ കാണിക്കുന്ന അനിസ്ലാമിക പ്രവർത്തനത്തെ ജിഹാദായി ചിത്രീകരിക്കുകയും ചെയ്തു.

എന്നാൽ ഇന്ന് മുസ്ലിംകളുടെ ജിഹാദിനെ പറ്റിയുള്ള മിഥ്യാധാരണയെ ഉന്മൂലനം ചെയ്യാൻ ഒരു ജിഹാദിന്റെ ആവശ്യകതയുണ്ടെന്ന് ഹദ്റത്ത് അഹ്മദ് (അ) ഉൽബോധിപ്പിക്കുകയുണ്ടായി. മുസ്ലിം തീവ്രവാദികളുടെ ജുഗുപ്സാവഹമായ പ്രവർത്തനങ്ങൾ പരിശുദ്ധ ഇസ്ലാമിന്റെ മുഖത്ത് വരുത്തിയ കറുത്ത പാടുകൾ ചില്ലറയല്ല. ഇസ്ലാമെന്നു പറയുമ്പോൾ ടെററിസത്തെയാണ് അവർ മുന്നിൽ കാണുന്നത്. ഇതു മാറ്റിയെടുക്കേണ്ട ചുമതല മുസ്ലിം സമൂഹത്തിനുണ്ട്, അതുകൊണ്ടു യഥാർത്ഥമായ ജിഹാദ് ഇന്ന് ഇസ്ലാമിന്റെ ശാന്തി സന്ദേശത്തെ ലോകസമക്ഷം എത്തിക്കുക എന്നതാണ്.

വിശുദ്ധ ഖുർആൻ മുഖേന ജിഹാദ് ചെയ്യാൻ വിശുദ്ധ ഖുർആൻ കല്പിക്കുന്നു. അതായത് യഥാർത്ഥ ഇസ്ലാമിക സന്ദേശം എത്തിക്കാനും ധനം കൊണ്ടും ദേഹം കൊണ്ടും പരിശ്രമിക്കുകയുമാണ് ആ ജിഹാദ്. ഇന്ന് അഹ്മദിയാ ജമാഅത്താണ് അത് നടത്തിവരുന്നത്. ജിഹാദ് ചെയ്യാൻ അതിന്റെ തലപ്പത്ത് ഖലീഫ ഉണ്ടാകണം. അതും ഇന്നു ഈ പരിശുദ്ധ ജമാഅത്തിൽ ഉണ്ട്. ഇന്നു ഇസ്ലാമിനെ മനസ്സിലാക്കാനാഗ്രഹിക്കുന്നവർ അഹ്മദിയ്യാ ജമാഅത്ത് മുഖേന അത് മനസ്സിലാക്കാൻ ശ്രമിക്കുക.

വാഗ്ദത്ത മഹ്ദി മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ)

വാഗ്ദത്ത മഹ്ദീ മസീഹിന്റെ കാലത്ത് മതയുദ്ധങ്ങൾ അവസാനിപ്പിക്കപ്പെടുമെന്നത് റസൂൽ തിരുമേനി (സ)യുടെ പ്രവചനമാണ്. മസീഹിന്റ ആയുധം പ്രാർത്ഥന മാത്രമായിരിക്കുമെന്നും എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഹദ്റത്ത് അഹ്മദ് (അ) ആധുനിക യുഗത്തിലെ മൗലവിമാരെ അഭിസംബോധന ചെയ്തുകൊണ്ടു ഈ കാലഘട്ടം ജിഹാദിന്റെ കാലഘട്ടമല്ല. നിങ്ങൾ റസൂൽ തിരുമേനി (സ)യെ അനുസരിക്കാതിരിക്കരുത്. നിങ്ങൽ കാത്തിരുന്ന മസീഹ് ഇതാ ആഗതനായിരിക്കുന്നു. അതുകൊണ്ട് വിനാശകരമായ സായുധ ജിഹാദിനെ മാർഗ്ഗം വിട്ടു ധിഷണാബദ്ധവും തത്ത്വജ്ഞാന നിർഭരവുമായ ആശയപ്രചാരണത്തിലൂടെ ഇസ്ലാംമതത്തെ പ്രചരിപ്പിച്ചു വിജയിപ്പിക്കുക എന്നു പ്രഖ്യാപിക്കുകയുണ്ടായി.