അവിശ്വാസികളെ വധിക്കാൻ വിശുദ്ധ ഖുർആൻ മുസ്ലീങ്ങളോട് കൽപ്പിക്കുന്നുണ്ടോ ! ?

Image courtesy: The Holy War : Is Islam a religion of war or a religion of peace? – The Muslim Vibe

എം. എസ്

സത്യദൂതൻ , നവമ്പർ 2012.

فَاِذَا انۡسَلَخَ الۡاَشۡہُرُ الۡحُرُمُ فَاقۡتُلُوا الۡمُشۡرِکِیۡنَ حَیۡثُ وَجَدۡتُّمُوۡہُمۡ وَخُذُوۡہُمۡ وَاحۡصُرُوۡہُمۡ وَاقۡعُدُوۡا لَہُمۡ کُلَّ مَرۡصَدٍ ۚ فَاِنۡ تَابُوۡا وَاَقَامُوا الصَّلٰوۃَ وَاٰتَوُا الزَّکٰوۃَ فَخَلُّوۡا سَبِیۡلَہُمۡ ؕ اِنَّ اللّٰہَ غَفُوۡرٌ رَّحِیۡمٌ

“അങ്ങനെ ആ നിരോധിക്കപ്പെട്ട മാസങ്ങള്‍ (അശ്ശഹറുല്‍ ഹുര്‍മ) കഴിഞ്ഞാല്‍ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടുമുട്ടുന്നിടത്ത് വെച്ച് വധിക്കുക. അവരെ പിടികൂടുകയും അവരെ തടഞ്ഞു നിര്‍ത്തുകയും എല്ലാവിധ പതിതസ്ഥലങ്ങളിലും അവരെ നോക്കി തക്കം പാര്‍ത്തിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിച്ചു മടങ്ങുകയും നമസ്‌ക്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്തു കൊടുക്കുകയും ചെയ്യുന്നതായാല്‍ അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു സര്‍വദാ പൊറുത്തുകൊടുക്കുന്നവനും കരുണാമയനുമാകുന്നു.”(വിശുദ്ധ ഖുര്‍ആന്‍ 9:5)

വിശുദ്ധ ഖുര്‍ആനിലെ അത്തൗബ (പശ്ചാത്താപം) എന്ന അദ്ധ്യായത്തിലെ 5ാം വചനമാണ് മേല്‍ കൊടുത്തിരിക്കുന്നത്. ഈ ഖുര്‍ആന്‍ വചനമാണ് ഇസ്‌ലാമിനെ വിമര്‍ശിക്കാനും അപകീര്‍ത്തിപ്പെടുത്താനും എതിരാളികള്‍ ഉപയോഗിക്കുന്നത്. അവിശ്വാസികളെ കൊല്ലാന്‍ ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് അനുമതി നല്‍കുന്നു എന്നാണ് വിമര്‍ശനം.

ഈ ഖുര്‍ആന്‍ വചനം അതിന്റെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അതിന് പിന്നിലെ ചരിത്രവും പശ്ചാത്തലവും കരുതികൂട്ടി മറച്ചു വെച്ചു കൊണ്ടാണ് വിമര്‍ശകന്മാര്‍ തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കുന്നത്.

ചരിത്രം

മുഹമ്മദ് നബി(സ) മക്കയില്‍തന്റെ ദിവ്യദൗത്യ പ്രഖ്യാപനത്തിന് ശേഷം ഏകദൈവ വിശ്വാസം പ്രബോധിക്കാനാരംഭിച്ചപ്പോള്‍ 13 വര്‍ഷക്കാലം ഇബ്‌റാഹിംനെ പോലെയും ഈസാനബി(അ)നെ പോലെയും കടുത്തപീഡനങ്ങള്‍ക്ക് അവിടുന്ന് വിധേയനായി. സ്വദേശത്ത് തന്റെ ജനതയാല്‍ പീഡിതനായി അരക്ഷിതാവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്ത് സമാധാന പൂര്‍വം തനിക്ക് വെളിപ്പെട്ട സത്യം പ്രബോധനം ചെയ്യാന്‍ മുഹമ്മദ് നബി(സ)തീരുമാനിച്ചു.

അങ്ങനെ അനുയായികള്‍ ആദ്യവും റസൂല്‍ തിരുമേനി(സ) അവസാനവുമായി മദീനയിലേക്ക് മുസ്‌ലിംകള്‍ പലായനം ചെയ്യുകയും അവിടെ ശാന്തസുന്ദരവും അതുല്യവുമായ ഒരു ലോകക്രമം കെട്ടിപടുക്കുകയും ചെയ്തു. അത്യധികം ആഹ്‌ളാദത്തോടെയാണ് റസൂല്‍തിരുമേനി(സ) യുടെ വരവ് മദീനാ നിവാസികള്‍ ആഘോഷിച്ചത്.

തിരുമേനി (സ) യോടുള്ള അടങ്ങാത്ത അഭിനിവേശവും നിലക്കാത്ത സ്‌നേഹവും കാരണം യത്‌റിബ് നിവാസികള്‍ തങ്ങളുടെ നഗരത്തെ മദീനത്തുന്നബി(നബിയുടെ പട്ടണം) എന്ന് പേരുമാറ്റിയിടുകയായിരുന്നു. അന്ന് മുതലാണ് ആ നഗരം മദീന എന്നറിയപ്പെടാന്‍ തുടങ്ങിയത്.

പക്ഷേ മദീനത്തേക്ക് മാറിതാമസിച്ചിട്ടും മക്കത്തെ സത്യത്തിന്റെ വിരോധികള്‍ റസൂല്‍ തിരുമേനി(സ)ക്ക് അവിടെയും സ്വൈര ജീവിതം അനുവദിച്ചില്ല. മക്കക്കാര്‍ മദീനയില്‍ ചെന്ന് ഇടക്കിടെ മുസ്‌ലിംകളെ ആക്രമിക്കുകയും മുസ്‌ലിംകളുടെ കന്നുകാലികളെയും വസ്തുവകകളും കൊള്ളയടിച്ചുകൊണ്ടു പോകുകയും യുദ്ധഭീഷണി മുഴക്കിയും ജീവിതം ദുസ്സഃഹമാക്കി. സഹനത്തിന്റെയും സഹിഷ്ണുതയുടെയും അവസാനത്തില്‍ അവിടുന്ന് സ്വയം പ്രതിരോധിക്കാനായി യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുകയാണുണ്ടായത്.

അവസാനം തന്നെ ദ്രോഹിച്ചവര്‍ക്കെല്ലാം മാപ്പ് നല്‍കി വിജയശ്രീലാളിതനായി മക്കയിലേക്ക് സമാധാന പൂര്‍വം ജേതാവായി തിരിച്ചുവരികയുമുണ്ടായി. ആളുകള്‍ വിഷമിക്കുന്നത് കണ്ടാല്‍ അസ്വസ്ഥനാകുകയും മറ്റുള്ളവര്‍ ദുഃഖിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന കാരുണ്യത്തിന്റെ മഹാസാഗരമായിരുന്നു അദ്ദേഹം. റസൂല്‍തിരുമേനി(സ) ഒരിക്കലും യുദ്ധം ആഗ്രഹിക്കുകയോ സംഘര്‍ഷം ഇഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ആശയ സമ്പുഷ്ടവും സംവാദാത്മകവുമായ പുതിയ ദൗത്യം പ്രചരിപ്പിക്കാന്‍ ഏറ്റവും ആവശ്യമായി വേണ്ടിയിരുന്നത് സമാധാനമായിരുന്നു. അത് സ്ഥാപിക്കാനായിരുന്നു അദ്ദേഹം സദാ ശ്രമിച്ചു കൊണ്ടിരുന്നത്.

വചനം പരാമർശിക്കുന്ന കാലഘട്ടവും പശ്ചാത്തലവും

ഒന്നാമതായി ഈ ഖുര്‍ആന്‍ വചനത്തില്‍ പരാമര്‍ശിക്കുന്നത് അവിശ്വാസികളെ (കാഫിർ / Infidel) വധിക്കുന്ന കാര്യമല്ല. മറിച്ച് കരാര്‍ ലംഘിച്ചത് മൂലം യുദ്ധത്തിലേര്‍പ്പെട്ട ഒരു പ്രത്യേക വിഭാഗം ബഹുദൈവ വിശ്വാസികളെ (മുശ്‌രിക്കുകള്‍) പറ്റിയാണെന്ന് നാം ഓര്‍ക്കണം.

കുറേകൂടി വ്യക്തമായി പറഞ്ഞാല്‍ ബനൂ കുസാഅ:, ബനൂമുദിലിജ്, ബനൂ ദംറ:, ബനൂ ബക്കര്‍, ബനൂ സുലൈമാന്‍ എന്നീ കരാര്‍ ലംഘകരും അക്രമണകാരികളുമായ അഞ്ചു ഗോത്രങ്ങളെക്കുറിച്ചാണ്. മുസ്‌ലികളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ച് യുദ്ധത്തിലേര്‍പ്പെട്ട ഒരു വിഭാഗമായിരുന്നു അവര്‍.

പ്രതിരോധ യുദ്ധത്തിന്റെ ഭാഗമായി യുദ്ധം പ്രഖ്യാപിക്കപ്പെട്ട അക്രമണകാരികളോട് സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചാണ് ഇവിടെ ഖുര്‍ആന്‍ പറയുന്നത്. അതും മുസ്‌ലിംകള്‍ കര്‍ശനമായി പാലിക്കാന്‍ ബാദ്ധ്യതപെട്ട പവിത്രമാസത്തിലെ സംയമനഘട്ടം കഴിഞ്ഞതിന് ശേഷം മാത്രമേ അതിന്റെ നടപടികളിലേക്ക് പോകാവൂ എന്ന നിബന്ധനയോടെയാണ് ഖുര്‍ആന്റെ ഈ പ്രഖ്യാപനം. യുദ്ധമുഖത്ത് പ്രതിയോഗിയെ വധിക്കാമെന്നത് സാര്‍വത്രികമായി സ്വീകരിക്കപ്പെട്ട ഒരു തത്ത്വവുമാണ്.

തൗബ സൂറത്തി ലെ 5ാം വചത്തിനു തൊട്ട് മുമ്പിലുള്ള വചനങ്ങള്‍ കൂടി ചേര്‍ത്ത് വായിക്കാം.

“ബഹു ദൈവ വിശ്വാസികളില്‍ പെട്ട ആരുമായാണോ നിങ്ങള്‍ ഉടമ്പടി ചെയ്തിട്ടുള്ളത് (അവര്‍ ഉടമ്പടയി ലംഘിച്ച കാരണത്താല്‍) മേലില്‍ അവരോട് ഒരു ബാദ്ധ്യതയുമില്ലെന്ന് അല്ലാഹുവില്‍ നിന്നും അവന്റെ ദൂതനില്‍ നിന്നുമുള്ള ഒരു വിടുതല്‍ പ്രഖ്യാപനമാണിത്. അതിനാല്‍ നിങ്ങള്‍ നാട്ടില്‍ നാലു മാസം സഞ്ചരിച്ചു കൊള്ളുക. നിങ്ങള്‍ക്ക് അല്ലാഹുവിനെ പരാജയപ്പെടുത്തുവാന്‍ സാധ്യമല്ലെന്നും അവിശ്വാസികളെ അല്ലാഹു അപമാനിതനാക്കുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞു കൊള്ളുക.

മഹത്തായ ഹജ്ജ് നാളില്‍ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്ത് നിന്നുള്ള സകല ജനങ്ങള്‍ക്കുമുള്ള ഒരു പ്രഖ്യാപനമാണിത്. തീര്‍ച്ചയായും അല്ലാഹുവും അവന്റെ റസൂലും ബഹുദൈവവിശ്വാസികളില്‍ നിന്നും (അവരുമായുള്ള ഉടമ്പടി ബാദ്ധ്യതകളില്‍ നിന്ന്) വിമുക്തരാണ്. എന്നാല്‍ നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുന്ന പക്ഷം നിങ്ങള്‍ക്ക് അത് ഗുണകരമായിരിക്കും. നിങ്ങള്‍ അത് ചെയ്യാതെ പിന്മാറുന്നതായാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിനെ പരാജയപ്പെടുത്താനാവില്ലെന്നും അറിഞ്ഞുകൊള്ളുക.

അവിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക. ബഹുദൈവ വിശ്വാസികളില്‍ നിന്നും കരാര്‍ ചെയ്യുകയും (എന്നിട്ട് അതില്‍ ) നിങ്ങള്‍ക്ക് ഒരു കുറവും വരുത്താതിരിക്കുകയും നിങ്ങള്‍ക്കെതിരെ ഒരാളേയും സഹായിക്കാതിരിക്കുകയും ചെയ്തവരൊഴികെ.

അപ്പോള്‍ അവരുടെ കരാര്‍ അവരുടെ (കരാറിന്റെ കാലപരിധി വരെ) നിങ്ങള്‍ തികച്ചും പൂര്‍ത്തിയാക്കുക. നിശ്ചയമായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ സ്‌നേഹിക്കുന്നു.” (9: 14)

പക്ഷേ വിമര്‍ശകന്മാര്‍ ആദ്യത്തെ വചനങ്ങള്‍ വിട്ടുകൊണ്ട് ഖുര്‍ആന്‍ അവിശ്വാസികളെ കൊന്നൊടുക്കാനുള്ള ആഹ്വാനമാണ് നല്‍കുന്നതെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യാറ്.

ഈ വചനത്തില്‍ പറയുന്ന “ആദരണീയ മാസങ്ങള്‍” (അല്‍ അശ്ഹുറുല്‍ ഹുറും) എന്നത്

  1. ശവ്വാല്‍
  2.  ദുൽഖഅ്ദ
  3.  ദുല്‍ഹിജ്ജ
  4. റജബ്

എന്നീ നാലു മാസങ്ങളാണ്. ഇവിടെ ബഹുവചനമായും മറ്റു അഞ്ചു സ്ഥലങ്ങളില്‍ ഏക വചനത്തിലും “ആദരണീയ മാസം” അഥവാ – പരിശുദ്ധ മാസം (അശ്ശഹറുല്‍ ഹറാം) എന്നും ഖുര്‍ആന്‍ പ്രതിപാദിക്കുന്നു. “നിരോധിക്കപ്പെട്ട മാസങ്ങള്‍” എന്നും ഇതിനര്‍ഥമുണ്ട്.

ഇതില്‍ ആദ്യത്തെ മൂന്ന് മാസം ഹജ്ജിനുള്ള തീർഥാടന കാലവുമായി ബന്ധപ്പെട്ടതാണ്. റജബ് മാസം പൊതുവേ ഉംറ നിര്‍വഹിക്കാനുമുള്ള മാസമാണ്. അതുകൊണ്ട് ഈ മാസങ്ങളില്‍ യുദ്ധം നിരോധിക്കപ്പെട്ടിരുന്നു.

ഇസ്‌ലാം ആവിര്‍ഭവിക്കുന്നതിന് മുമ്പ് തന്നെ ഇബ്രാഹിം നബി(അ)യുടെ കാലത്തോ അതിന് മുമ്പോ ആചരിച്ചുവരുന്ന സാര്‍വത്രികമായ ഒരു സമ്പ്രദായമാണിത്. അതിന്റെ പൗരാണികതയിലേക്ക് താഴെ പറയുന്ന ഖുര്‍ആന്‍ വചനം വിരല്‍ ചൂണ്ടുന്നു.

“ആകാശവും ഭൂമിയും സൃഷ്ടിച്ച നാള്‍ മുതല്‍ അല്ലാഹുവിന്റെ നിയമമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം ആദരണീയ മാസങ്ങളാകുന്നു.” (9:36).

യുദ്ധപ്രിയരായ അറബികള്‍ ഈ പൗരാണിക ചട്ടം ചിലപ്പോള്‍ ലംഘിക്കാറുണ്ടായിരുന്നു. അതിന് “നസീഅ:” എന്നാണ് പറയുക. ഈ വചനത്തിന്ന് തുടര്‍ന്നുള്ള വചനത്തില്‍ 9:37 ല്‍ അത് സംബന്ധിച്ച് പരാമര്‍ശമുണ്ട്. ഈ ലംഘനം (നസീഅ:) അവിശ്വാസം(കുഫ്ര്‍) ആണെന്നാന്ന് ഖുര്‍ആന്‍ പറയുന്നത്. അതായത് യാതൊരു കാരണവശാലും സമാധാനത്തിന്റെയും ആദരവിന്റെയും യുദ്ധനിരോധനത്തിന്റെയും ഈ നാലു മാസങ്ങളുടെ പവിത്രത ലംഘിക്കരുതെന്ന തത്ത്വം വളരെ കര്‍ശനമായി പാലിക്കണമെന്നാണ് ഖുര്‍ആന്റെ നിര്‍ദേശം.

യുദ്ധം നിര്‍ത്തിവെച്ച് വിശ്രമിക്കുന്ന അഥവാ ഇരിക്കുന്ന മാസമായതിനാലാണ്ന “ദുല്‍ഖഅ്ദ:” (ഇരുത്തത്തിന്റെ മാസം) എന്ന പേര്‍ പോലും ഹജ്ജിന് മുമ്പുള്ള മാസത്തിന് വന്നത്. പൗരാണികമായ ഈ സമ്പ്രദായം അറബികള്‍ പൊതുവേപാലിച്ചിരുന്നു.

മുസ്‌ലിംകള്‍ വളരെ പ്രതിബദ്ധതയോടെ പവിത്രത കാത്തുസൂക്ഷിക്കുന്ന യുദ്ധ നിരോധന മാസങ്ങളില്‍ മേല്‍പറഞ്ഞ ബഹുദൈവ വിശ്വാസികളായ അഞ്ച് ഗോത്രങ്ങള്‍ നിരന്തരം മുസ്‌ലിംകളെ അക്രമിക്കുകയും യുദ്ധം ചെയ്യുകയും മുസ്‌ലിംകളെ ബഹിഷ്ക്കരിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുകൊണ്ടിരുന്നു. മക്കാവിജയത്തിന് ശേഷവും പോലും അവര്‍ മുസ്‌ലിംകളുമായി കരാര്‍ ചെയ്യാന്‍ ഒരുക്കമല്ലായിരുന്നു. ഈ യുദ്ധ നിരോധനമാസം കഴിഞ്ഞാല്‍ സമാധാന കരാര്‍ ലംഘിച്ച ഗോത്രങ്ങള്‍ക്കെതിരെ യുദ്ധം തുടരാമെന്നാണ് ഈ പ്രഖ്യാപനം പറയുന്നത്.

അല്ലാതെ എല്ലാ ബഹുദൈവ വിശ്വാസികള്‍ക്കും എതിരെയുള്ള യുദ്ധപ്രഖ്യാപനമോ അവരെ മുഴുവന്‍ കൊന്നൊടുക്കാനുള്ള ആഹ്വാനമോ അല്ല.

മുസ്‌ലിംകളല്ലാത്ത എല്ലാവരേയും കണ്ടുമുട്ടുന്നിടത്ത് വെച്ച് വധിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്തു എന്ന ദുരുപധിഷ്ഠിതമായ ആരോപണമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. വിമര്‍ശകര്‍ ഒഴിവാക്കുന്ന തൊട്ടു മുമ്പത്തെ വചനങ്ങളില്‍ അക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

“ബഹുദൈവ വിശ്വാസികളില്‍ നിന്നും കരാര്‍ ചെയ്യുകയും (എന്നിട്ട് അതില്‍) നിങ്ങള്‍ക്ക് ഒരു കുറവും വരുത്താതിരിക്കുകയും നിങ്ങള്‍ക്കെതിരെ ഒരാളേയും അശ്രയിക്കാതിരിക്കുകയും ചെയ്തവരൊഴികെ. അപ്പോള്‍ അവരുടെ കരാര്‍ അവരുടെ (കരാറിന്റെ കാലപരിധി വരെ) നിങ്ങള്‍ തികച്ചും പൂര്‍ത്തിയാക്കുക. നിശ്ചയമായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ സ്‌നേഹിക്കുന്നു.”(9:4)

കരാര്‍ പാലിച്ച ബഹുദൈവാരാധകരോട് നിശ്ചയമായും കരാര്‍ പാലിക്കാന്‍ മുസ്‌ലിംകള്‍ ബാദ്ധ്യസ്ഥരാണ്. മാത്രമല്ല ദൈവത്തിന്റെ നിയമമോ പൗരാണികമായ കീഴ്‌വഴക്കങ്ങളോ നീതിതത്ത്വങ്ങളോ ദൈവിക നിയമങ്ങളോ പാലിക്കാതെ മുസ്‌ലിംകളെ നിരന്തരം ഉപദ്രവിക്കുകയും മുസ്‌ലിംകളെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയും വഞ്ചനയുടെ കരുക്കള്‍ എപ്പോഴും നീക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രസ്തുത ബഹുദൈവ വിശ്വാസികള്‍ക്കെതിരെ പോലും യുദ്ധനിരോധന മാസങ്ങള്‍ കഴിഞ്ഞ് മാത്രമേ പ്രതികരിക്കാന്‍ പാടുള്ളൂ എന്ന ആജ്ഞ കൂടി ഖുര്‍ആന്‍ ഇവിടെ നല്‍കുന്നു.

യുദ്ധം ചെയ്യാന്‍ കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്ന ബഹുദൈവ വിശ്വാസികളില്‍ പെട്ട ഒരു വിഭാഗത്തിന് മുന്നിലും ഈ നാല് മാസം യുദ്ധനിരോധനവും ആത്മസംയമനവും പാലിക്കണമെന്നും ആ സമയം കഴിഞ്ഞാല്‍ മാത്രമേ പ്രതിരോധവും പ്രത്യാക്രമണവും നടത്താവൂ എന്നാണ് ഈ വചനങ്ങളിലൂടെ ഖുര്‍ആൻ വ്യക്തമാക്കുന്നത്. വിമര്‍ശകന്മാര്‍. “ബഹുദൈ വിശ്വാസികളെ നിങ്ങള്‍ കണ്ടുമുട്ടുന്നിടത്ത് വെച്ച് വധിക്കുക. എന്ന വചനം മാത്രം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുഷ്പ്രചരണം നടത്തുകയാണ്.

അമുസ്‌ലിംകള്‍ എല്ലാവരെയും അല്ലെങ്കില്‍ ബഹുദൈവ വിശ്വസികളെയെല്ലാവരെയും വധിക്കാനുള്ള ആഹ്വാനമല്ല ഖുര്‍ആന്‍ നടത്തിയത് എന്നതിന് മറ്റൊരു പ്രകടമായ തെളിവ് തൊട്ട് പിറകെയുള്ള 6ാം വചനത്തിലും കാണാം.

“ബഹുദൈവ വിശ്വാസികളില്‍പെട്ട ആരെങ്കിലും നിന്നോട് അഭയം തേടുന്നതായാല്‍ അയാള്‍ക്ക് അഭയം നല്‍കുക. കാരണം അയാള്‍ അല്ലാഹുവിന്റെ വചനങ്ങള്‍ ശ്രവിച്ചേക്കാം. പിന്നെ അവന്റെ രക്ഷാസ്ഥാനത്ത് അവനെ എത്തിച്ചു കൊടുക്കുക. ഇത് അവര്‍ കാര്യംഗ്രഹിക്കാത്ത ജനങ്ങളായത് കൊണ്ടാണ്.”(9:6)

ഈ വചനം അഭയം തേടുന്ന ബഹുദൈവ വിശ്വാസികള്‍ക്ക് അഭയം നല്‍കണമെന്നും. പിന്നീട് അവര്‍ സന്മാര്‍ഗം പ്രാപിച്ചേക്കാന്‍ സാദ്ധ്യതയുണ്ടെന്നും ബഹു ദൈവവിശ്വസിയായിരിക്കെതന്നെ അഭയം തേടിയ ആ അഭയാര്‍ഥിയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു കൊടുക്കണമെന്നും ഖുര്‍ആന്‍ നിര്‍ദേശിച്ചിരിക്കെ യാതൊരു വകതിരിവുമില്ലാതെ അവിശ്വാസികളെ വധിക്കണമെന്നാണ് ഖുര്‍ആന്‍ കല്പനയെന്ന വാദം ഇസ്‌ലാം വിരോധികളുടെ വ്യാജാരോപണമെന്നല്ലാതെ മറ്റൊന്നുമല്ല.