മൂയിൻ അഹ്മദ് സിദ്ദീഖ്, പഴയങ്ങാടി
സത്യദൂതൻ, മെയ് 2015
ലോകത്തെ ബഹുഭൂരിഭാഗം മുസ്‌ലിംകള്‍ക്കും ഇന്നുനടക്കുന്ന തീവ്രവാദ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല.അവരില്‍ ഭൂരിഭാഗവും സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്. മുസ്‌ലിംകളില്‍ ഒരു ചെറുന്യൂനപക്ഷം ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് കലാപത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ വിലയിരുത്തരുത്. ഭൂരിപക്ഷ മുസ്‌ലിംകളെ, തീവ്രവാദികളായ മുസ്‌ലിംകളുടെ പരിപ്രേക്ഷ്യത്തില്‍ കാണുകയുമരുത്. ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇസ്‌ലാമിക തീവ്രവാദം കൈകാര്യം ചെയ്യാന്‍ കാണിക്കുന്ന താല്‍പ്പര്യത്തിന്റെ പകുതി പോലും, ഇസ്‌ലാമിക സംഘടനകള്‍ സമാധാനം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് വാര്‍ത്തയാക്കാന്‍ കാണിക്കാറില്ല എന്നതാണ് വാസ്തവം. ഖിലാഫത്ത് വിഷയത്തിലും ഈ ഇരട്ടത്താപ്പ് നമുക്ക് കാണാവുന്നതാണ്. ഒരു ഗര്‍ഭകാലം മുന്‍പ് ഐ എസ് ഐഎസ് അവരുടെ ഖലീഫയെ പ്രഖ്യാപിച്ചത് മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ ഒരു നൂറ്റാണ്ട് പിന്നിട്ട അഹ്‌മദിയ്യാ ഖിലാഫത്തിന്റെ വാര്‍ത്ത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇവിടുത്തെ മാധ്യമങ്ങള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഒരു സത്യന്വേഷിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക ഖിലാഫത്ത് എങ്ങനെ ആയിരിക്കണം എന്ന് വിലയിരുത്താന്‍ കഴിഞ്ഞ പത്തുമാസം കൊണ്ട് സാധിച്ചിട്ടുണ്ടാകും.
ഐ എസ് ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കര്‍ ബാഗ്ദാദി സമാധാന കാംക്ഷികളുടെ ഹൃദയങ്ങള്‍ സംഭീതമാക്കുമ്പോള്‍,യഥാര്‍ഥ ഇസ്‌ലാമിക ഖലീഫ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്(അയ്യദഹു) 200 ല്‍ പരം രാജ്യങ്ങളില്‍ കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കി തന്റെ ജൈത്രയാത്ര തുടരുകയാണ്. ഇസ്‌ലാമിന്റെ വിജയം അല്ലാഹുവിന്റെ വാഗ്ദാനമാണെങ്കില്‍ അത് ഒരിക്കലും അക്രമത്തിലൂടെ നേടിയെടുക്കേണ്ട ആവശ്യമില്ല. മറിച്ച് സമാധാനത്തിന്റെ പാതയിലൂടെ നേടുന്ന വിജയമാണ് ദൈവീക പ്രസ്ഥാനത്തിന് എന്നും ഭൂഷണമായിതീരുക. ആയതിനാല്‍ ഇസ്‌ലാമിന്റെ വിജയത്തിന് എന്ന പേരില്‍ നടത്തപ്പെടുന്ന അക്രമണങ്ങള്‍ തീര്‍ച്ചയായും പരാജയത്തില്‍ ചെന്നു അവസാനിക്കുന്നതായിരിക്കും.

ഇസ്‌ലാമിക ചരിത്രത്തില്‍ ഉമറി(റ)ന്റെ ഭരണം അമുസ്‌ലിംകള്‍ക്ക് പോലും ആശ്വാസമായിരുന്നെങ്കില്‍ ബാഗ്ദാദിയുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ തന്നെയും പരിഭ്രാന്തരാണ്. എന്നാല്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തില്‍ ഒരേ സമയം അല്ലാഹുവിനോടും സമസൃഷ്ടികളോടുമുള്ള സേവനത്തില്‍ മുഴുകിയിരിക്കുന്ന ഒരു നേതാവിനെയും അവരുടെ അനുയായികളെയും കാണാം. ഇവിടെ നിങ്ങള്‍ക്ക് ഒരേ സമയം തന്റെ വിശ്വാസത്തോടും രാജ്യത്തോടും സ്‌നേഹവും ആദരവും വച്ചുപുലര്‍ത്തുന്ന ഒരു ജനവിഭാഗത്തെ കാണാം. റസൂല്‍ (സ)യോടും വിശുദ്ധ ഖുര്‍ആനോടും അങ്ങേയറ്റത്തെ ആദരവ് വച്ചുപുലര്‍ത്തുന്ന വിശ്വാസിസമൂഹത്തെ കാണാം. ദൈവികമായ ശാന്തിയുടെയും സമാധാനത്തിന്റെയും ആത്മീയ വിഭൂതിയുടെ മുദ്രകള്‍ മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് (അയ്യദഹു) നേതൃത്വം നല്‍കുന്ന അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിൽ ദര്‍ശിക്കാം.
അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു,
നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട്, അവര്‍ക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയത് പോലെ തീര്‍ച്ചയായും അവരെയും ഭൂമിയില്‍ ഖലീഫമാരാക്കുകയും അവര്‍ക്കായി അവന്‍ തൃപ്തിപ്പെട്ട മതത്തെ അവര്‍ക്ക് പ്രബലപ്പെടുത്തികൊടുക്കുകയും, അവരുടെ ഭയത്തിനുശേഷം രക്ഷയും സമാധാനവും അവര്‍ക്ക് പകരം നല്‍കുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു(വിശുദ്ധ ഖുര്‍ആന്‍ 24:56).
അതുകൊണ്ടുതന്നെ ഖിലാഫത്ത് എന്നത് ആരാലും തടയപ്പെടാന്‍ സാധിക്കാത്ത ദൈവീക പ്രസ്ഥാനമാണ്. ബാഗ്ദാദി ഖിലാഫത്തുമായി യഥാര്‍ഥ ഇസ്‌ലാമിക ഖിലാഫത്തിനുള്ള പ്രകടമായ വ്യത്യാസവും ഇത് തന്നെയാണ്. മാത്രമല്ല, ഈ ഖിലാഫത്ത് പുനഃസ്ഥാപിക്കപ്പെട്ടത് പ്രവാചക ശ്രേഷ്ഠന്‍ മുഹമ്മദ് മുസ്തഫാ (സ)യുടെ പ്രവചനപ്രകാരവുമാകുന്നു.
തിരുനബി (സ)പറഞ്ഞു: “അല്ലാഹു ഉദ്ദേശിക്കുന്നിടത്തോളം കാലം നിങ്ങളില്‍ നുബുവ്വത്ത് നിലനില്‍ക്കും. പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനെ ഉയര്‍ത്തും. തുടര്‍ന്നു പ്രവാചകത്വത്തിന്റെ മാര്‍ഗത്തിലുള്ള ഖിലാഫത്ത് നിലവില്‍ വരും.അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അത് നിലനില്‍ക്കും. പിന്നെ അവന്‍ അതിനെ ഉയര്‍ത്തും.പിന്നീട് പരുക്കന്‍ ഭരണകൂടങ്ങള്‍ വരും. അല്ലാഹു ഇച്ഛിക്കുന്നിടത്തോളം അത് നിലനില്‍ക്കും. അതിനു ശേഷം അത് എടുക്കപ്പെടും. പിന്നീട് സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ വരും. അല്ലാഹു ഇച്ഛിക്കുന്നിടത്തോളം അതു നിലനില്‍ക്കും. പിന്നീട് അല്ലാഹു അതിനെ എടുത്തുകളയും. അതിനുശേഷം നുബുവ്വത്തിന്റെ പാതയിലുള്ള ഖിലാഫത്ത് സ്ഥാപിതമാകുന്നതാണ്. ഇതിനുശേഷം നബി(സ) മൗനമവലംബിച്ചു.” (മിശ്കാത്ത്).
റസൂല്‍(സ)യുടെ മരണാനന്തരം നാല് ഖലീഫമാര്‍ തുടര്‍ച്ചയായി ഇസ്‌ലാമിനെ നയിക്കുകയുണ്ടായി. നാലാമത്തെ ഖലീഫ ഹസ്രത്ത് അലി (റ) വധിക്കപ്പെട്ടതിനു ശേഷം ആത്മീയ ഖിലാഫത്ത് വ്യവസ്ഥിതി ഇസ്‌ലാമിനു നഷ്ടപ്പെടുകയാണുണ്ടായിട്ടുള്ളത്. ഖുലഫാഉ റാശിദയ്ക്കു ശേഷം ഇസ്‌ലാമില്‍ ഏകാധിപത്യ ഭരണം വന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. സ്വേച്ഛാധിപത്യത്തിന്റെ ക്രൂരതയ്ക്കു ഇസ്‌ലാം വിധേയമായതും ഈ കാലയളവിലാണ്. 1300വര്‍ഷമായി മുസ്‌ലിംകള്‍ക്ക് തിരികെ കൊണ്ടു വരാന്‍ കഴിയാതിരുന്ന ആ ഖിലാഫത്ത് വ്യവസ്ഥിതിയാണ് 1908ല്‍ മഹ്ദി ഇമാമിലൂടെ പുനഃസ്ഥാപിക്കപ്പെട്ടത്. ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള റസൂല്‍ (സ)യുടെ ദിവ്യപ്രവചനം അദ്ദേഹത്തിന്റെ സത്യസാക്ഷ്യത്തിനുള്ള തെളിവുകൂടിയാണ്.

1300 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാന്‍പോകുന്ന പ്രവൃത്തി യാദൃച്ഛികമായി പ്രവചിക്കുക അസാധ്യമാണ്, അതും ഇത്രവ്യക്തമായ നിലയില്‍!!!റസൂല്‍ (സ)യുടെ പ്രവചനം അഹ്‌മദിയ്യാ ഖിലാഫത്തിൽ പൂര്‍ത്തിയായോ എന്നറിയാന്‍ കഴിഞ്ഞ 100 വര്‍ഷത്തെ അഹ്‌മദിയ്യാ ഖിലാഫത്ത് ചരിത്രം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാല്‍ മതി. 1908ല്‍ ഈ ഖിലാഫത്തിന്റെ രൂപീകരണം ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടായിരുന്നു. വാഗ്ദത്ത മഹ്ദീ മസീഹിന്റെ മരണത്തോടുകൂടി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ അന്ത്യമാകുമെന്ന് വിമര്‍ശകര്‍ വിധിയെഴുതി.എന്നാല്‍ നുബുവ്വത്തിന്റെ മാര്‍ഗത്തിലുള്ള ഖിലാഫത്ത് പുനഃസ്ഥാപിക്കപ്പെടുകയും ഖിലാഫത്തിൽ പ്രവേശിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയുമാണുണ്ടായത്. 1914ല്‍ ഒന്നാം ഖലീഫ വഫാത്തായപ്പോള്‍ ചിലര്‍ ജമാഅത്ത് വിട്ടുപോവുകയുണ്ടായി. എന്നാല്‍ മിര്‍സാ മഹ്‌മൂദ് അഹ്‌മദി(റ)ന്റെ കീഴില്‍ ജമാഅത്ത് കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്.
1974ല്‍ മുസ്‌ലിം ഉലമാക്കൾ ഐകകണ്‌ഠ്യേന അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ലോകം അഹ്‌മദിയ്യാ ഖിലാഫത്തിന്റെ ചരമക്കുറിപ്പിനായി കാതോര്‍ത്തു. മൂന്നാം ഖിലാഫത്തിന്റെ കീഴില്‍ അവിടെയും അഹ്‌മദിയ്യത്തിന് വര്‍ധനവല്ലാതെ കോട്ടമൊന്നും സംഭവിച്ചില്ല. 1984ല്‍ അറസ്റ്റും വധഭീഷണിയും കാരണം നാലാം ഖലീഫ പാകിസ്താന്‍ വിട്ടപ്പോള്‍ ഖിലാഫത്തിന്റെ അന്ത്യമാണെന്നു ശത്രുക്കള്‍ പാടിനടന്നു. എന്നാൽ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ അഹ്‌മദിയ്യാ ഖലീഫ അവിടുന്നു പറന്നുയരുകയാണുണ്ടായത്.
ഇന്ന് ലോകവ്യാപകമായി ഇസ്‌ലാമിനെതിരെയുള്ള ശത്രുത വളരുകയും അതേ അളവില്‍ അഹ്‌മദികളോടുള്ള മറ്റു മുസ്‌ലിം സംഘടനകളുടെ ശത്രുത ക്രമാതീതമായി വളരുകയും ചെയ്തിരിക്കുന്നു. എന്നാല്‍ മിര്‍സാ മസ്‌റൂര്‍ അഹ്‌മദി(അയ്യദഹു)ന്റെ കീഴില്‍ അഹ്‌മദിയ്യാ ഖിലാഫത്ത് 100 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇന്നു ലോകത്തെ ഏറ്റവും വലിയ സംഘടിത മുസ്‌ലിം വിഭാഗവും, ഏറ്റവും വേഗം വളരുന്ന മുസ്‌ലിം വിഭാഗവും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്താണ്. ഒരു അഹ്‌മദി ലോകത്ത് എവിടെയായാലും, അത് അമേരിക്കയിലായാലും ആഫ്രിക്കയിലായാലും, ഇന്ത്യയിലായാലും ഇന്തോനേഷ്യയിലായാലും, പാകിസ്താനിലായാലും ജര്‍മനിയിലായാലും,യു.കെയില്‍ ആയാലും യു.എ.ഇയില്‍ ആയാലും അവന്റെ വിശ്വാസപരമായ പ്രതിജ്ഞ (ബൈഅത്ത്)ഏക ഖിലാഫത്തിന്റെ കീഴിലായിരിക്കും.
ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്(അയ്യദഹു) ഖലീഫ ആയി തിരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശം ലോകനേതാക്കള്‍ക്ക് എഴുത്ത് മുഖേന എത്തിച്ചു കൊണ്ടിരിക്കുന്നു. സംഘര്‍ഷഭരിതമായലോകത്ത് ഒരു ലോക മഹായുദ്ധം ഒഴിവാക്കാന്‍ വേണ്ടി അദ്ദേഹം ലോകനേതാക്കളെ സമാധാനത്തിലേക്ക് ക്ഷണിക്കുന്നു. സമാധാന സന്ദേശവുമായി അദ്ദേഹം വിവിധ രാജ്യങ്ങളിലെ അസംബ്ലികളിലും പാര്‍ലമെന്റുകളിലും ആര്‍മി ഹെഡ്‌കോര്‍ട്ടേഴ്‌സുകളിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെ മറ്റു മതങ്ങളുടെമേല്‍ വിജയിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ഇമാമില്‍ അര്‍പ്പിതമായിട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ ഈ പ്രയാണത്തെ തടയുക ആരാലും സാധ്യമല്ല.

സമാധാനത്തിന്റെ മാലാഖ മിര്‍സാ മസ്‌റൂർ അഹ്‌മദ് (അയ്യദഹു) ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശവുമായി ലോകത്തിന്റെ കോണുകളോളം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഖലീഫയുടെ നിയന്ത്രണത്തില്‍ വിശ്വവ്യാപകമായി പ്രവര്‍ത്തിക്കുന്ന അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തും ശാന്തിയിലധിഷ്ഠിതമായ യഥാര്‍ഥ ഇസ്‌ലാമിക അധ്യാപനങ്ങള്‍ ലോകത്താകമാനം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. 2004ല്‍ ഖലീഫ തിരുമനസ്സ് തുടങ്ങിവെച്ച വാര്‍ഷിക രാഷ്ട്രസമാധാന യോഗങ്ങള്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ ലോകസമാധാനത്തിനും ഐക്യത്തിനുമായി സമ്മേളിപ്പിച്ചു. ഇന്ന് ഈ പ്രവൃത്തി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ ലോകവ്യാപകമായി നടത്തി വരുന്നു. 2009 മുതല്‍ ലണ്ടനില്‍ വച്ചുനടക്കുന്ന പീസ് സിമ്പോസിയത്തില്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവന രംഗത്ത് ആഗോളതലത്തില്‍ മികച്ചു നില്‍ക്കുന്നവരെ പീസ് അവാര്‍ഡ് നല്‍കി ആദരിച്ചു വരുന്നു. ഓരോവര്‍ഷവും ഈ സിമ്പോസിയങ്ങള്‍ നിരവധി പ്രമുഖരെ ആകര്‍ഷിക്കുന്നുണ്ട്.

ഹസ്രത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് (അയ്യദഹു) ഇപ്പോള്‍ ലണ്ടന്‍ കേന്ദ്രമാക്കിയാണ് തന്റെ പ്രവര്‍ത്തനങ്ങളില്‍ നിരതനായിരിക്കുന്നത് * (ലേഖനം 2015 ലെ സ്ഥിതിഗതികൾ പ്രകരാമുള്ളതാണ്, ഇപ്പോൾ ഇംഗ്ലണ്ടിലെ സുറൈ, ടില്ഫോർഡിലെ “ഇസ്ലാമാബാദ്” ആണ് അഹ്മദിയ്യാ ജമാഅത്തിന്റെ ആസ്ഥാനം) ലോക അഹ്‌മദി മുസ്‌ലിംകളുടെ ആത്മീയ നേതാവെന്ന നിലയില്‍ സമാധാനത്തിന്റെയും സഹതാപത്തിന്റെയും ഇസ്‌ലാമിക ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. മനുഷ്യ സേവനം ലക്ഷ്യമാക്കി കൊണ്ട്ഖലീഫ തിരുമനസ്സ് വിവിധ ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, തുടങ്ങിയവര്‍ക്കയച്ച കത്തുകളെ സൂചിപ്പിച്ചുകൊണ്ട് ഹുസൂർ തിരുമനസ്സ് പറയുന്നു: “എന്റെ കത്തുകള്‍ക്ക് മേല്‍പറഞ്ഞ നേതാക്കള്‍ വല്ല വിലയും കല്‍പ്പിക്കുമോ എന്നത് മറ്റൊരുകാര്യമാണ്. അവരുടെ പ്രതികരണങ്ങള്‍ ഏത് തരത്തിലുള്ളതാകട്ടെ, ലോകത്തെമ്പാടുമുള്ള ലക്ഷോപ ലക്ഷം അഹ്‌മദി മുസ്‌ലിംകളുടെ ആത്മീയ നേതാവെന്ന നിലയില്‍ അവരുടെ വിചാര വികാരങ്ങള്‍ ഞാന്‍ ലോകനേതാക്കളെ ധരിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരിക്കുന്നു. മനുഷ്യ കുലത്തോടുള്ള നിര്‍വ്യാജ സ്‌നേഹം മാത്രമാണിതിനെന്നെ പ്രേരിപ്പിക്കുന്നത്. ഒരുതരത്തിലുള്ള സ്വാര്‍ഥ താല്‍പര്യവും ഇതില്‍ എനിക്കില്ല…..മാനവസമൂഹത്തോടുള്ള കളങ്കമറ്റ ഈ സ്‌നേഹം മുഹമ്മദ് മുസ്തഫാ (സ) ആണ് എല്ലാ യഥാര്‍ത്ഥ മുസ്‌ലിംകളിലും അങ്കുരിപ്പിച്ചിരിക്കുന്നത്. മനുഷ്യരാശിക്കാകമാനം അദ്ദേഹം കാരുണ്യമായി അയക്കപ്പെട്ടിരിക്കുന്നു.ഞാന്‍ ഇത് പറയുമ്പോള്‍, നിങ്ങള്‍ഒ രുപക്ഷേ, അത്ഭുതം കൂറിയേക്കാം. എങ്ങനെയാണ് മുസ്‌ലിം തീവ്രവാദികള്‍ നിരപരാധികളായ മനുഷ്യരെ ചുട്ടുകൊല്ലുന്നതെന്ന്, എങ്ങനെയാണ് പല മുസ്‌ലിം ഭരണകൂടങ്ങളും അധികാര ഭ്രാന്ത്കൊണ്ട് അവരുടെ തന്നെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നത്? യഥാര്‍ഥ്യമെന്തെന്നാല്‍, ഈ വകദുഷ്‌കര്‍മങ്ങള്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമത്രെ. യാതൊരു സാഹചര്യത്തിലും വിശുദ്ധ ഖുര്‍ആന്‍ തീവ്രവാദത്തിനും ഭീകരവാദത്തിനും അനുമതി നല്‍കുന്നില്ല.”
ഒരു യഥാര്‍ഥ ഖലീഫ ഒരിക്കലും ലൗകിക സുഖലോലുപനായിരിക്കില്ല. ഗവണ്‍മന്റ് സ്ഥാപനങ്ങളില്‍ നിന്നോ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ കോര്‍പ്പറേറ്റ് സ്ഥാപങ്ങളില്‍ നിന്നോ പണമോ സംഭാവനയോ സ്വീകരിക്കുന്നതല്ല. ഇസ്‌ലാമിക മാനണ്ഡമനുസരിച്ച് (ബൈത്തുല്‍ മാല്‍സംവിധാനത്തിലൂടെ) വിശ്വാസികളില്‍ നിന്നുമുള്ള വിഹിതത്തിൽ നിന്നുമാണ് ഓരോതുണ്ട് നാണയവും സമാഹരിക്കുന്നത്.
ഐ.എസ്.ഐ.എസ് ഭീകരര്‍ ജപ്പാനീസ്തടവുകാരെ വിട്ടുകൊടുക്കാന്‍ 200മില്ല്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടപ്പോള്‍, ഇസ്‌ലാമിന്റെ യഥാര്‍ഥ ഖലീഫ നൂറുകണക്കിനു മില്യൺ ഡോളര്‍ സൃഷ്ടിസേവനത്തിനായി ചെലവഴിക്കുന്നു. നൂറുകണക്കിനു ഹോസ്പിറ്റലുകള്‍ സ്ഥാപിച്ച് നിര്‍ധനരായവര്‍ക്ക് സൗജന്യചികിത്സ നല്‍കുന്നു. താലിബാന്‍ പെഷവാറിലെ പിഞ്ചുകുഞ്ഞുങ്ങളെ വിദ്യാലയത്തിനകത്തിട്ട് നിഷ്ഠൂരമായി കൊല്ലുമ്പോള്‍ഹ ഹുസൂര്‍ തിരുമനസ്സ് നൂറുകണക്കിന് വിദ്യാലയങ്ങള്‍ തുറന്ന് എല്ലാ വിശ്വാസാദര്‍ശങ്ങളില്‍പെട്ട കുട്ടികളെയും സൗജന്യമായി പഠിപ്പിക്കുന്നു. അല്‍ഖ്വയ്ദ അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുമ്പോള്‍, നമ്മുടെ ഖലീഫ ഒരു സംഭാവന പോലും സ്വീകരിക്കാതെ മനുഷ്യത്വവും കാരുണ്യപരവുമായ അദ്ദേഹത്തിന്റെ സേവനങ്ങള്‍ വര്‍ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു.