മെയ് 27 – ഖിലാഫത്ത് ദിനം

ഖിലാഫത്ത്‌ ദിനത്തിന്റെ പശ്ചാത്തലം

എല്ലാ വര്‍ഷവും മെയ്‌ 27 നാണ് നാം ഖിലാഫത്ത്‌ ദിനം ആചരിക്കാറുള്ളത്. ഖിലാഫത്ത്‌ നിലവില്‍ വന്ന നാള്‍ മുതൽ തന്നെ ഖിലാഫത്ത്‌ ദിനം ആചരിച്ചിക്കപ്പെട്ടിട്ടില്ല എന്നതാണ്‌ യാഥാര്‍ഥ്യം. മറിച്ച്‌ ആദ്യമായി അത്‌ കൊണ്ടാടിയത്‌ 1957 മെയ്‌ 27 നായിരുന്നു.

അഹ്മദിയാ ഖിലാഫത്തിന്റെ പ്രാധാന്യവും അനുഗ്രഹവും ജമാഅത്തിന്‌ മനസിലാക്കി കൊടുക്കാന്‍ ഹസ്രത്ത്‌ മുസ്ലിഹ് മഈദ്‌ (റ) [ഖലീഫത്തുൽ മസീഹ് രണ്ടാമൻ] തന്നാലാവും വിധം പരിശ്രമിച്ചു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്‌. ഖിലാഫത്തിനെ തകര്‍ത്താല്‍ മാത്രമേ അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ അത്ഭുത വളര്‍ച്ചക്ക്‌ തടയിടാന്‍ സാധിക്കൂ എന്ന തിരിച്ചറിവില്‍ നിന്ന്‌ ശത്രുക്കള്‍ ഖിലാഫത്തിനെതിരെ പടയൊരുക്കവും തുടങ്ങിക്കഴിഞ്ഞിരുന്നു. 1914 ല്‍ ഹസ്രത്ത്‌ മുസ്‌ലിഹ്‌ മഊദ്‌(റ) ഖലീഫ ആയത്‌ മുതല്‍ ഖിലാഫത്ത്‌ വ്യവസ്ഥിതിക്ക്‌ നേരെ പല രീതിയിലുള്ള ആക്രമണങ്ങള്‍ നടന്നു കൊണ്ടേയിരുന്നു. അത്കൊണ്ട്‌ തന്നെ, ജമാഅത്തിനിടയില്‍ ഈ അനുഗ്രഹീത വ്യവസ്ഥിതിയെ കുറിച്ച്‌ കൂടുതല്‍ അവബോധം വളര്‍ത്തണമെന്നും, അവരെ അല്ലാഹുവിനോട്‌ നന്ദിയുള്ളവരാക്കി തീര്‍ക്കണമെന്നും അദ്ദേഹം നിശ്ചയിച്ചു.

1956 ല്‍ റബ്വയില്‍ നടന്ന മജ്ലിസ്‌ ഖുദ്ദാമുല്‍ അഹ്മദിയ്യയുടെ ദേശീയ ഇജ്തിമയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത്‌ കൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി:

“ഖിലാഫത്തിന്റെ അനുഗ്രഹങ്ങളെ എപ്പോഴും സ്മരിക്കേണ്ടതാണ്‌. ഒരു കാര്യം ഓര്‍ക്കണമെന്നുണ്ടെങ്കില്‍, അവക്കായി ഒരു ദിനം മാറ്റിവെക്കുന്ന പതിവ്‌ ലോകരാഷ്ടരങ്ങള്‍ക്കുണ്ട്‌…………അത്പോലെ, ഖിലാഫത്തിനെ സ്മരിക്കാനും, അതില്‍ അല്ലാഹുവിനെ കൂടുതല്‍ ഓര്‍ക്കാനും ചരിത്രത്തിന്റെ ഓര്‍മ പുതുക്കാനുമായി ഒരു ദിനം നിശ്ചയിക്കണമെന്ന്‌ ഞാന്‍ നിങ്ങളോട്‌ നിര്‍ദ്ദേശിക്കുകയാണ്‌. പഴയ വാര്‍ത്താപത്രങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ട്‌ തന്നെയാണ്‌. എന്നിരുന്നാലും ഖിലാഫത്തിന്റെ മുഴുവന്‍ ചരിത്രവും അല്‍ ഫസലില്‍ ഈ അടുത്ത കാലത്ത്‌ വിശദീകരിച്ചിട്ടുണ്ട്‌. ഹസ്റത്ത്‌ ഖലീഫത്തുല്‍ മസീഹ്‌ അവ്വല്‍(റ) ന്റെ ഖിലാഫത്തും ലാഹോര്‍ അഞ്ചുമന്‍ ഇശാഅത്തെ ഇസ്ലാം (പൈഗാമികള്‍) ഉയര്‍ത്തിയ എതിര്‍പ്പുകളെല്ലാം തന്നെ അല്‍ ഫസല്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്‌.”

“ഇത്തരം ലേഖനങ്ങള്‍ വായിക്കപ്പെടേണ്ടതുണ്ട്‌. എല്ലാ വര്‍ഷവും ഖിലാഫത്ത്‌ ദിനമുണ്ടെങ്കില്‍ യുവതലമുറ ഇത്തരം ലേഖനങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കുകയും അവര്‍ക്ക്‌ അത്‌ മനഃപാഠമാവുകയും ചെയ്യുന്നതാണ്‌. ഇത്തരം ഖിലാഫത്ത്‌ സമ്മേളനങ്ങള്‍ എല്ലാ കാലവും നിലനിര്‍ത്തേണ്ടതും ഖിലാഫത്തിന്റെ അനുഗ്രഹങ്ങള്‍ സ്മരിക്കപ്പെടേണ്ടതുമാണ്‌.”

“ഹസ്‌റത്‌ ഖലീഫത്തുല്‍ മസീഹ്‌ അവ്വലി(റ) ന്റെ ഖിലാഫത്തും അതിനെതിരെ രൂപംകൊണ്ട പൈഗാമികളുടെ എതിര്‍പ്പുമെല്ലാം യുവതലമുറക്ക്‌ മനസിലാക്കാന്‍ ഉതകുന്ന തരത്തിലുള്ള ലേഖനങ്ങള്‍ അല്‍ ഫസലില്‍ നിന്ന്‌ തിരഞ്ഞെടുക്കാനും അവ വായിച്ചു കേള്‍പ്പിക്കാനുമുള്ള നിര്‍ദ്ദേശം മര്‍ക്കസില്‍ നിന്നും ജമാഅത്തുകള്‍ക്ക്‌ നല്‍കേണ്ടതാണ്‌. അല്ലാഹു എനിക്ക്‌ നല്‍കിയ സ്വപ്നങ്ങളും ദര്‍ശനങ്ങളും കാലം കഴിയുംതോറും പൂര്‍ത്തീകരിക്കപ്പെടുന്നു എന്നത്‌, ഖിലാഫത്തിന്റെ കൂടെ അല്ലാഹുവിന്റെ അനുഗ്രഹം ഇപ്പോഴുമുണ്ടെന്നാണ്‌ തെളിയിക്കുന്നത്‌.”

ഹസ്റത്ത്‌ മുസ്‌ലിഹ്‌ മൗഊദ്(റ) ന്റെ ഈ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തിലാണ്‌ നസാറത്ത്‌ ഇസ്‌ലാഹോ ഇര്‍ഷാദ്‌ ജമാഅത്തുമായി കൂടിയാലോചിച്ചു കൊണ്ട്‌ മെയ്‌ 27 ഖിലാഫത്ത്‌ ദിനമായി നിശ്ചയിച്ചത്‌. 1956 നവംബര്‍ 9 ന്റെ അല്‍ ഫസല്‍ പത്രത്തിലൂടെ ഈ തീരുമാനം വിളംബരപ്പെടുത്തുകയുണ്ടായി.

അന്ന്‌ മുതല്‍ അഹ്മദിയ്യാ മുസ്ലിം ജമാഅത്ത്‌ ഖിലാഫത്ത്‌ ദിനം ആചരിക്കുകയും ഖിലാഫത്തിന്റെ അനുഗ്രഹങ്ങളെ നന്ദിപൂര്‍വം സ്മരിക്കുകയും പ്രത്യേകമായി പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. അതുവഴി, വര്‍ഷം കഴിയും തോറും ഈ അനുഗൃഹീത നേതൃത്വത്തിന്റെ കീഴില്‍ ജമാഅത്തിന്‌ കൈവന്നു കൊണ്ടിരിക്കുന്ന അഭിവൃദ്ധിയെ നന്ദിപൂര്‍വം സ്മരിക്കാനുള്ള ഒരു സന്ദർഭം കൂടിയാകുന്നു ഈ സുദിനം.

മെയ്‌ 27 ന്റെ പ്രാധാന്യം

ഹദ്റത്‌ ഖലീഫത്തുല്‍ മസീഹ്‌ അല്‍ഖാമിസ്‌ (അയുദഹുല്ലാഹു) പറയുന്നു:

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന്‌ അഹ്‌മദിയ്യാ ജമാഅത്തിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാനമര്‍ഹിക്കുന്ന ദിനമാണ്‌. ഇന്നേ ദിവസമാണ്‌ ഹദ്റത് മസീഹ് മൗഊദ് (അ) ന്റെ വഫാത്തിന്‌ ശേഷം അഹ്മദികളുടെ ഭയാവസ്ഥയെ സമാധാനത്തിലേക്ക്‌ മാറ്റിക്കൊണ്ട്‌ അല്ലാഹു ഖിലാഫത്ത്‌ വൃവസ്ഥിതിയെ സ്ഥാപിച്ചത്‌. തന്റെ വാഗ്ദാനമനുസരിച്ച്‌ അഹ്മദിയ്യാ ഖിലാഫത്തിന്‌ അവന്‍ ശക്തി പകര്‍ന്നു. അതായത്‌ ആദ്യമുണ്ടായിരുന്ന ആ പ്രൗഢിയെ അല്ലാഹു വീണ്ടും നിലനിര്‍ത്തി. ഹദ്റത്‌ മസീഹ് മൗഊദ് (അ) തന്റെ ദൂതനും നബിയുമാണെന്ന്‌ അല്ലാഹു സാക്ഷി പറയുകയും ചെയ്തു. നബി തിരുമേനി (സ)യാല്‍ സ്ഥാപിതമായ ശരീഅത്തിനെ പുനസ്ഥാപിക്കാന്‍ വേണ്ടി നിയോഗിതനായ മഹാനാണ്‌ അദ്ദേഹമെന്ന്‌ സാക്ഷി പറഞ്ഞു. ആ മഹാത്മാവിന്റെ വേര്‍പാടിനു ശേഷം, നബി (സ) തിരുമേനിയുടെ പ്രവചനമനുസരിച്ച്‌ ഖിലാഫത്ത്‌ പരമ്പര അന്ത്യനാള്‍ വരെ നിലനില്‍ക്കേണ്ടതുണ്ടായിരുന്നു.

ചുരുക്കത്തില്‍ ഇന്ന്‌ 97 വര്‍ഷം പിന്നിടുമ്പോള്‍ അഹ്മദിയ്യാ ജമാഅത്തിലെ ഓരോ കുട്ടിയും യുവാവും വൃദ്ധനും പുരുഷനും സ്ത്രീയും തല്‍സംബന്ധമായുള്ള അല്ലാഹുവിന്റെ ആദൃത്തെ സാക്ഷ്യം പൂര്‍ത്തിയായി കണ്ടിരിക്കുന്നുവെന്ന്‌, കണ്ടുകൊണ്ടിരിക്കുന്നുവെന്ന്‌ സാക്ഷ്യം പറയുന്നവരാണ്‌. അഹ്മദികള്‍ മാത്രമല്ല, പ്രത്യുത അനഹ്മദികള്‍ പോലും ഇക്കാര്യം അംഗീകരിക്കുന്നു…

അഞ്ചാമത്തെ ഖിലാഫത്ത്‌ നിലവില്‍ വന്ന ശേഷം എം.ടി.എ.യില്‍ സംപ്രേഷണം ചെയ്ത അവിടെ നടന്ന പരിപാടികളെല്ലാം കണ്ട ശേഷം എതിരാളികള്‍ പോലും അംഗീകരിച്ച ഒരു യാഥാര്‍ഥ്യമുണ്ട്‌. അവര്‍ പറഞ്ഞു, നിങ്ങള്‍ സത്യവാന്മാരാണോ എന്ന്‌ ഞങ്ങള്‍ക്കറിയില്ല. എന്നാല്‍ അല്ലാഹുവിന്റെ ആദ്യ സാക്ഷ്യം നിങ്ങളോടൊപ്പമാണെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്തായാലും അഹ്മദിയ്യാ ജമാഅത്തിന്മേലുള്ള അല്ലാഹുവിന്റെ ഏറ്റവും വലിയ ഔദാര്യമാണിത്‌. അവന്റെ അനുഗ്രഹമാണിത്‌. അതിന്‌ എത്രയധികം നന്ദി കാണിച്ചാലും കുറവായിരിക്കും.

(ഖുത്വുബ ജുമുആ: 27.05.2005)