പ്രവാചകന്മാരും ഖലീഫമാരും

അവലമ്പം: അൽ ഹഖ്, 2012 മെയ്

മനുഷ്യകുലത്തെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നതിനായും അവര്‍ക്ക് തന്റെ സാമീപ്യത്തിനുള്ള മാര്‍ഗങ്ങള്‍ കാണിച്ചുകൊടുന്നതിനുമായിട്ടും തന്റെ സമീപസ്ഥരേയും ദൂതരേയും അയച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതി അതിസൂക്ഷ്മജ്ഞനായ അല്ലാഹു നിലനിര്‍ത്തി വരുന്നു. അവരിലൂടെ മനുഷ്യര്‍ക്കിടയില്‍ ഐക്യവും, ഇണക്കവും, സാമൂഹിക പൊരുത്തവും, ഏകോപനവും, സമാധാനവും, സാമുദായിക ഐക്യത്തിനുമുള്ള വിത്ത് വിതയ്ക്കപ്പെടുന്നു. ഈ വിത്ത് ഖിലാഫത്തിലൂടെ അഭിവൃദ്ധി പ്രാപിക്കുകയും വലിയൊരു വൃക്ഷമായി പരിണമിക്കുകയും ചെയ്യുന്നു. പ്രവാചകാരുടെ ഏതെങ്കിലും തരത്തില്‍ അപൂര്‍ണ്ണമായ ജോലിയുടെ പൂര്‍ത്തീ കരണത്തിനായിട്ടും, താന്‍ നട്ട തോട്ടത്തിന്റെ സേചനത്തിനായിട്ടും ഖിലാഫത്തിലൂടെ തന്റെ കഴിവ് വെളിപ്പെടുത്തുന്നു. അങ്ങിനെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തില്‍ വിശ്വാസികള്‍ തങ്ങളില്‍ നിന്ന് ഒരു ദൈവദാസനെ തിരഞ്ഞെടുക്കുന്നു. അത് യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ തിരഞ്ഞെടുപ്പാകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഈ ഖലീഫമാര്‍ പ്രവാചകാരുടെ പ്രസ്തുത നാല് അടിസ്ഥാന ജോലികളുടെ പൂര്‍ത്തീകരണത്തിനായി പരിപൂര്‍ണ്ണമായും മുഴുകുന്നു.

വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പ്രവാചകാരുടെ നാല് അടിസ്ഥാന ജോലികളാണ് പറഞ്ഞിട്ടുള്ളത്. അതിന്റെ ബീജാവാപം പ്രവാചകാര്‍ നിര്‍വഹിക്കുന്നു. പിന്നീട് പ്രവാചകാരുടെ വഫാത്തിന് ശേഷം അവരുടെ പരിശുദ്ധ ഖലീഫമാര്‍ അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നു.

1. യത്‌ലൂ അലൈഹിം ആയാതിക്ക. ശരിയാം നിലയില്‍ തബ്‌ലീഗ് ചെയ്യുക, ചെയ്യിപ്പിക്കുക, ഇസ്‌ലാമിന് പുറത്തുള്ള അന്യരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക, വിശ്വാസികളുടെ വിശ്വാസത്തേയും ആദര്‍ശങ്ങളേയും ശരിയാക്കുക.

2. യുഅല്ലിമുഹുമുല്‍ കിതാബ്. ശരീഅത്ത് കടമകളെ കുറിച്ച് മുസ്‌ലിംകളെ ബോധവാന്മാരാക്കുക. അതിന്റെ അദ്ധ്യാപനങ്ങളിലും നിര്‍ദേശങ്ങളിലും പ്രവര്‍ത്തിക്കു ന്നവരാക്കി മാറ്റുക.

3. വല്‍ഹിക്മത. കര്‍മ്മങ്ങളില്‍ താല്‍പര്യവും ദൃഢതയും ജനിക്കുന്നതിനായി കടമകളുടേയും കല്പനകളുടേയും തത്വങ്ങളും പഠിപ്പിക്കുക.

4. വയുസക്കീഹിം. വിശ്വാസികളുടെ അത്മാക്കളെ വിശുദ്ധീകരിക്കുക. പാപങ്ങളെ വെറുക്കും വിധത്തിലുള്ള ആത്മാവ് തങ്ങളുടെ പരിശുദ്ധ സഹവാസത്തിലൂടെ ഉണ്ടാക്കിയെടുക്കുക. (സൂറത്തുല്‍ ബഖറ. 130)

കടമ നിര്‍വഹണത്തില്‍ യഥാര്‍ത്ഥത്തില്‍ ഖിലാഫത്ത് നുബുവ്വത്തിന്റെ പൂരണമാകുന്നു. രണ്ടിനുമിടയില്‍ ഒരു അടിസ്ഥാന വിത്യാസവുമുണ്ട്. പ്രവാചകന്മാർ വരുന്നത് എല്ലായിടത്തും അധര്‍മ്മവും അക്രമവും അധികരിക്കുമ്പോഴാണ്. അന്നേരം മനുഷ്യന് നാശമല്ലാതെ മറ്റൊന്നുമില്ലെന്ന് തോന്നും. വിശുദ്ധഖുര്‍ആന്റെ വാക്കുകളില്‍ ളഹറല്‍ ഫസാദു ഫില്‍ ബര്‍രി വല്‍ ബഹ്‌രി (അര്‍റൂം, 42) എന്ന അവസ്ഥയായിരിക്കും. അതായത്, കരയിലും കടലിലും അധര്‍മ്മം വ്യാപിച്ചു. അത്തരം സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ ആദ്യ ഖുദ്‌റത്തിന്റെ ദിവ്യ പ്രകടനം നുബുവ്വത്തിന്റെ രൂപത്തില്‍ വെളിപ്പെടുന്നു. അതിനു വിപരീതമായി രണ്ടാമത്തെ ഖുദ്‌റത്തിന്റെ വെളിപ്പെടല്‍ ഖിലാഫത്തിന്റെ രൂപത്തിലാകുന്നു. നബിമാരിലൂടെ ബീജാവാപം മാത്രമേ നടത്തപ്പെടുന്നുള്ളു. അവരുടെ കൈകളാല്‍ ആ ലക്ഷ്യത്തിന്റെ പ്രാരംഭം കുറിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. അവര്‍ പോയ ശേഷം ഖിലാഫത്ത് നുബുവ്വത്തിന്റെ ഭാഗമായിക്കൊണ്ട് വെളിപ്പെടുന്നു. ഇത് അല്ലാഹുവിന്റെ സനാതന ചര്യയാകുന്നു.

ഹദ്‌റത്ത് മുഹമ്മദ് മുസ്തഫാ (സ) തിരുമേനി പറയുന്നു, മാ കാനത് നുബുവ്വത്തന്‍ ഖത്ത്വു ഇല്ലാ തബിഅത്ത്ഹാ ഖിലാഫത്തുന്‍.(കന്‍സുല്‍ ഉമ്മാല്‍) എല്ലാ നുബുവ്വത്തിനു ശേഷവും നിര്‍ബന്ധമായും ഖിലാഫത്ത് നിലവില്‍ വരുന്നു. അഥവാ നുബുവ്വത്തിന് ശേഷം ഖിലാഫത്തിന്റെ ശൃംഖല ഇല്ലെങ്കില്‍ അത് അല്ലാഹുവിന്റെ ഒരു ന്യൂനതയാകും. കാരണം മനുഷ്യരുടെ നേര്‍മാര്‍ഗത്തിനായി അവന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്യുകയും അതനുസരിച്ച് പ്രവാചകനെ അയച്ചുകൊണ്ട് അതിന്റെ ബീജാവാപം നടത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ പദ്ധതി പരിപൂര്‍ണ്ണതയില്‍ എത്തുന്നതിനു മുന്നേ തന്നെ സ്വന്തം കൈകളാല്‍ നശിപ്പിക്കുന്നു. അതായത് അത് സമുദ്രത്തിന്റെ തിരമാലകളില്‍ രൂപപ്പെട്ട കുമിളകളായിരുന്നു. അല്പ നേരത്തിനുശേഷം അത് എന്നെന്നേക്കുമായി ഇല്ലാതായി.

പ്രവാചകരുടേയും ഖലീഫമാരുടേയും തിരഞ്ഞെടുപ്പില്‍ അടിസ്ഥാനപരമായ ഒരു വ്യതിരിക്തത ഉണ്ടാകാന്‍ കാരണമിതാണ്. നബിയെ അല്ലാഹു സ്വയം തിരഞ്ഞെടുക്കുന്നു. കാരണം തിരഞ്ഞെടുപ്പിനായി അന്ധകാരകാലഘട്ടത്തില്‍ ഒരു ജമാഅത്തും ഉണ്ടാകില്ല. എന്നാല്‍ ഖലീഫയെ അല്ലാഹു വിശ്വാസികളുടെ ഒരു ജമാഅത്ത് മുഖാന്തിരം തിരഞ്ഞെടുക്കുന്നു. പ്രത്യക്ഷത്തില്‍ വിശ്വാസികളാണ് തിരഞ്ഞെടുക്കുന്നതെങ്കിലും അതിനു പിന്നില്‍ അല്ലാഹുവിന്റെ ഇഛയും ആഗ്രപഹവും ഉണ്ടാകുന്നു. ഇസ്തിഖ്‌ലാഫിന്റെ ആയത്തില്‍ അല്ലാഹു പരാമര്‍ശിച്ച അടയാളങ്ങള്‍ മുഖേന യഥാര്‍ത്ഥ ഖലീഫയുടെ സ്ഥാനവും പദവിയും ലോകത്തിനു മുന്നില്‍ വെളിടുത്തുകയും ചെയ്യുന്നു.

ഖിലാത്തിനൊപ്പം ഭരണം അനിവാര്യമാണോ?

മനുഷ്യകുലത്തിന്റെ നേര്‍മാര്‍ഗത്തിനായിട്ടാണ് പ്രവാചകര്‍ നിയോഗിതരാകുന്നത്. ഭൗതിക ഭരണം സ്ഥാപിക്കുക അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യമോ ലക്ഷ്യമോ ആയിരിക്കില്ല. അക്കാരണം കൊണ്ടു തന്നെ ധാരാളം പ്രവാചകന്മാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഭരണം ലഭിക്കുന്നില്ല. അതിനാല്‍ നുബുവ്വത്തിനോടൊപ്പം ഭരണം അനിവാര്യമല്ലാതിരിക്കെ ഖിലാഫത്തിനൊപ്പം ഭരണം അനിവാര്യമാക്കപ്പെടുന്നത് എന്തു കൊണ്ടാണ്?

അല്ലാമ ഇബ്‌നു ഖുല്‍ദൂന്‍ എഴുതുന്നു, ആദ്യത്തില്‍ പല പ്രാവശ്യം ഖിലാഫത്ത് ഭരണാധികാരമില്ലാതെ വെളിപ്പെട്ടു. പിന്നീട് പല തവണ ഖിലാഫത്തും ഭരണവും ഒരുമിച്ച് കാണപ്പെട്ടു. പിന്നീട് ഭരണം വേര്‍പെട്ട നിലയില്‍ കാണപ്പെട്ടു. (മുഖദ്ദമ ഇബ്‌നു ഖുല്‍ദൂന്‍ പേജ്, 174)

ഹദ്‌റത്ത് ശാഹ് വലിയുല്ലാഹ് ദഹ്‌ലവി (റഹ്) നുബുവ്വത്തിനേയും ഖിലാഫത്തിനേയും ഭംഗിയായി വിശദീകരിച്ചുകൊണ്ട് പറയുന്നു:

“ലോകത്തെ സമുദ്ധരിക്കുകയും, അക്രമികളേയും നിഷേധികളേയും അധര്‍മ്മത്തില്‍ നിന്നു രക്ഷപ്പെടുത്തുകയും, പ്രവാചകാരുടെ വാക്കുകളും കര്‍മ്മങ്ങളും മുഖേന ശരീഅത്തിനെ നില നാട്ടുകയും ചെയ്യുക എന്നതാണ് പ്രവാചകന്മാരിലൂടെ അല്ലാഹു ആഗ്രഹിക്കുന്നത്. ഖിലാഫത്തിലൂടെ അല്ലാഹു ആഗ്രഹിക്കുന്നത്, പ്രവാചകന്റെ സമുദായത്തില്‍ നിന്ന് ഒരു വ്യക്തിയെ ഖലീഫയാക്കി അദ്ദേഹത്തിലൂടെ പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ പാരമ്യതയില്‍ എത്തിക്കുക, പ്രവാചകരുടെ പ്രകാശത്തെ പ്രചരിപ്പിക്കുക, അദ്ദേഹം കൊണ്ടു വന്ന ദീനിനെ വിജയിപ്പിക്കുന്നതിനുള്ള പൂര്‍ണ്ണ ആവേശം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ജനിപ്പിക്കുക എന്നതാണ്. ഇത്തരത്തിലുള്ള ഖലീഫമാര്‍ തങ്ങളുടെ ബുദ്ധിപരവും കര്‍മ്മപരവുമായ കഴിവുകളില്‍ പ്രവാചകന്മാരുടെ വ്യക്തിത്വവുമായി സാദൃശ്യം പുലര്‍ത്തുന്നു. അവര്‍ക്ക് വെളിപാടുകള്‍ ഉണ്ടാകുന്നു. അവരുടെ ദീര്‍ഘവീക്ഷണം ദൈവീക വെളിപാടുകള്‍ക്കനുഗുണമാകുന്നു. അവരുടെ ആത്മീയ പാരമ്യതയിലേക്ക് വിവിധ അല്‍ഭുത ദൃഷ്ടാന്തങ്ങളും ആത്മീയ അനുഗ്രഹങ്ങളും സൂചന നല്‍കുന്നു.

ഖലീഫ തന്റെ ഔപചാരിക രൂപത്തില്‍ പ്രവാചകന് അനുഗുണനാകേണ്ടത് അനിവാര്യമാണ്. നബി ചക്രവര്‍ത്തിയാണെങ്കില്‍ അദ്ദേഹത്തിന്റെ ഖലീഫയും ചക്രവര്‍ത്തിയാകേണ്ടതാണ്. അഥവാ നബി ഭൗതീക ഭരണമില്ലാത്ത ലളിതവും ത്യാഗത്തിന്റെ നിറകുടവുമായിട്ടാണ് വെളിപ്പെടുന്നതെങ്കില്‍ ഖലീഫയും അതേ നിലയില്‍ ആയിരിക്കും……. ചിലപ്പോള്‍ നബി ചക്രവര്‍ത്തിയായി വെളിപ്പെട്ടിട്ടുണ്ട്. ഹദ്‌റത്ത് ദാവൂദ് (അ) ഉം ഹദ്‌റത്ത് സുലൈമാന്‍ (അ) ഉം അത്തരം പ്രവാചകന്മാരാണ്. ചില പ്രവാചകര്‍ കേവലം ദൈവീക ജ്ഞാനത്താല്‍ വിഭൂഷിതരായിരുന്നു. ഉദാഹരണമായി ഹദ്‌റത്ത് സക്കരിയ്യാ (അ). ചില പ്രവാചകര്‍ പരിത്യാഗിയുടെ രൂപത്തില്‍ വെളിപ്പെടുന്നു. ഉദാഹരണമായി ഹദ്‌റത്ത് യൂനസ് (അ), ഹദ്‌റത്ത് യഹ്‌യാ (അ)”. (ഇസാലത്തുല്‍ ഖുലഫാഅ്, പേജ് 259-260)

പ്രസ്തുത ഉദ്ധരണികളില്‍ നിന്നും വ്യക്തമാകുന്നത്, സംഭവങ്ങളുടെ അടിസ്ഥാനത്തിലും സ്വീകാര്യരായ മതഗുരുക്കാരുടേയും അഭിപ്രായത്തില്‍ എല്ലാ ഖലീഫയും രാജാക്കന്മാരാകേണ്ടത് അനിവാര്യമല്ല. യഥാര്‍ത്ഥത്തില്‍ ആത്മീയവും പ്രത്യക്ഷവുമായ നിലയില്‍ അനുസരിക്കപ്പെടേണ്ട പ്രവാചകനുമായി അനുവര്‍ത്തനം ഉണ്ടാക്കുക എന്നതാണ് ഖിലാഫത്തിന്റെ യാഥാര്‍ത്ഥ്യം. ഖിലാഫത്തിന് വേണ്ടിയല്ല നുബുവ്വത്തിന് വേണ്ടി പോലും ഭരണം അനിവാര്യമല്ല. പരിത്യാഗികളും ധര്‍മ്മനിഷ്ഠരുമായ ധാരാളം പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. അത്തരത്തിലുള്ള പ്രവാചകന്മാര്‍ക്കു ശേഷവും പ്രവാചകദൗത്യം തുടര്‍ന്നു കൊണ്ടിരുന്നു. കാരണം നബി (സ) വ്യക്തമായും പറഞ്ഞു:

മാകനത് നുബുവ്വത്തു ഖത്ത്വു ഇല്ലാ തബ്ഉഹാ ഖിലാഫത്തന്‍. എല്ലാ നുബുവ്വത്തിനും ശേഷം ഖിലാഫത്ത് നിലനിന്നുവന്നു. (കന്‍സുല്‍ ഉമ്മാല്‍ വാള്യം 6, പേജ് 119)