ഖിലാഫത്ത് : ഹസ്രത്ത് മസീഹെ മൗഊദ്(അ)ന്റെ വീക്ഷണങ്ങൾ

ഖലീഫ എന്നതിന്റെ അര്‍ത്ഥം

ഖലീഫ എന്നതിന്റെ അര്‍ത്ഥം പ്രതിനിധി എന്നാകുന്നു. അദ്ദേഹം ദീനിനെ നവീകരിക്കുന്നു. പ്രവാചകാരുടെ കാലശേഷം അന്ധകാരം വ്യാപിക്കുമ്പോള്‍ അതിനെ ദുരീകരിക്കുന്നതിനായി അവരുടെ സ്ഥാനത്ത് അവരോധിതരാകുന്നവരെയാണ് ഖലീഫ എന്നു പറയുന്നത്. (മല്‍ഫൂസാത്ത് വാള്യം 4, പേജ് 383)

അല്ലാഹു നിയമിക്കുന്നു

റസൂലോ ശേഖ്മാരോ (ആത്മീയ ഗുരുക്കള്‍) മരിക്കുമ്പോള്‍ ലോകത്ത് ഒരു ഭൂകമ്പം തന്നെയുണ്ടാകുന്നു. അത് ഭയാനകമായ സമയമായിരിക്കും. എന്നാല്‍ അല്ലാഹു ഏതെങ്കിലും ഖലീഫ മുഖേന അതിനെ ഇല്ലാതാക്കുന്നു. ഒരർത്ഥത്തില്‍ തുടര്‍ന്ന് ആ ഖലീഫ മുഖേന ഇസ്‌ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യം മുതല്‍ തന്നെ തുടങ്ങുന്നു. (മല്‍ഫൂസാത്ത് ഭാഗം 10)

എനിക്കു ശേഷവും ഖിലാഫത്ത്

തിരുനബി (സ) എന്തുകൊണ്ട് തനിക്കുശേഷം ഖലീഫയെ പ്രഖ്യാപിച്ചില്ല? അതിലും ഒരു രഹസ്യമുണ്ട്. അല്ലാഹു സ്വയം ഖലീഫയെ നിശ്ചയിക്കുമെന്ന് നബി(സ)ന് നല്ലപോലെ അറിയാമായിരുന്നു. കാരണം അത് അല്ലാഹുവിന്റെ പ്രവര്‍ത്തിയാണ്. അവന്റെ തിരഞ്ഞെടുപ്പില്‍ ഒരു ന്യൂനതയും ഇല്ല. അല്ലാഹു ഹ.അബൂബക്കര്‍(റ) നെ ഈ കര്‍ത്തവ്യത്തിനു വേണ്ടി ഖലീഫ ആക്കുകയുണ്ടായി……………..ഒരു ഇല്‍ഹാമില്‍ അല്ലാഹു എന്റെ പേര് ശേഖ് എന്ന് വെച്ചിരിക്കുന്നു. അന്‍ത ശൈഖുല്‍ മസീഹുല്ലദീ ലാ യുളാഉ വക്തുഹൂ (മല്‍ഫൂസാത് ഭാഗം 10)

എന്റെ കുടുംബത്തില്‍ ഖിലാഫത്ത്

അനുഗ്രഹ വര്‍ഷത്തിന്റെ രണ്ടാമത്തെ മാര്‍ഗം മുര്‍സലീംകളും നബിമാരും ഇമാമുമാരും ഖലീഫമാരും നിയോഗിക്കപ്പെടുന്നുവെന്നതാണ്. അവരെ പിന്‍പറ്റിക്കൊണ്ടും മാര്‍ഗദര്‍ശനങ്ങളും മുഖേന ജനങ്ങള്‍ സത്യപാതയില്‍ വരികയും അവരുടെ മാതൃക സ്വായത്തമാക്കി മോക്ഷം പ്രാപിക്കുകയും ചെയ്യുന്നതാണ്. ആയതിനാല്‍ അല്ലാഹു ഈ വിനീതന്റെ സന്തതികള്‍ മുഖേനയും ഈ രണ്ട് ഭാഗങ്ങളും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. (സബ്‌സ് ഇശ്തിഹാര്‍)

ഖലീഫമാര്‍ പ്രവാചകരുടെ പ്രതിരൂപം

പ്രതിനിധിയെയാണ് ഖലീഫ എന്നു പറയുന്നത്. പ്രവാചകന്മാരുടെ ഗുണവിശേഷങ്ങളുടെ പ്രതിരൂപത്തെ ഉള്‍ക്കെള്ളുന്നവരാണ് യഥാര്‍ത്ഥത്തില്‍ പ്രവാചകന്മാരുടെ പ്രതിനിധികള്‍. അതുകൊണ്ടു തന്നെയാണ് റസൂല്‍ തിരുമേനി (സ) നിഷ്ഠൂരരായ ചക്രവര്‍ത്തിമാരെ ഖലീഫ എന്ന് പറയാന്‍ ഇഷ്ടപ്പെടാതിരുന്നത്, കാരണം ഖലീഫ യഥാര്‍ത്ഥത്തില്‍ പ്രവാചകന്മാരുടെ പ്രതിരൂപമാകുന്നു. (റൂഹാനി ഖസായിന്‍ വാള്യം 6, ശഹാദത്തുല്‍ ഖുര്‍ആന്‍ പേജ് 353)

ഖലീഫയെ അല്ലാഹു തിരഞ്ഞെടുക്കുന്നു

സൂഫിയാക്കള്‍ എഴുതുന്നു, ഏത് വ്യക്തിയാണോ ഏതെങ്കിലും ശേഖിനോ, റസൂലിനോ, നബിക്കോ ശേഷം ഖലീഫയാകുക അല്ലാഹു ആദ്യം ആ വ്യക്തിയുടെ ഹൃദയത്തില്‍ സത്യം ഇടുന്നു. റസൂലോ ശേഖോ വഫാത്താകുമ്പോള്‍ ലോകത്ത് ഒരു പ്രകമ്പനം ഉണ്ടാകുന്നു. വളരെയധികം അപകടകരമായ ഒരു ഘട്ടമാകുന്നു അത്. എന്നാല്‍ അല്ലാഹു ഏതെങ്കിലും ഖലീഫമാര്‍ മുഖേന അതിനെ ഇല്ലാതാക്കുന്നു. പിന്നീട് ഇക്കാര്യത്തില്‍ ആ ഖലീഫ മുഖേന സമുദ്ധാരണത്തിന്റേയും സുസ്ഥിരതയുടെയും ജോലി വീണ്ടും ആരംഭിക്കുന്നു. നബി തിരുമേനി (സ) തനിക്ക് ശേഷം ഖലീഫയെ നിശ്ചയിക്കാതിരുന്നത് എന്തുകൊണ്ടാണ്. അല്ലാഹു സ്വയം ഒരു ഖലീഫയെ നിയമിക്കുമെന്ന് നബി (സ)യ്ക്ക് നല്ലപോലെ അറിയുമായിരുന്നു. കാരണം ഇത് അല്ലാഹുവിന്റെ മാത്രം ജോലിയാണ്. അല്ലാഹുവിന്റെ തിരഞ്ഞെടുപ്പില്‍ ന്യൂനത ഉണ്ടാവില്ല. അങ്ങിനെ ഹദ്‌റത്ത് അബൂക്കര്‍ സിദ്ദീഖ് (റ)നെ അല്ലാഹു ഖലീഫയാക്കി. ഏറ്റവും ആദ്യം സത്യം ഇറക്കിയതും അദ്ദേഹത്തിന്റെ ഹൃദയത്തിലാണ്. (മല്‍ഫൂസാത്ത് വാള്യം 5, പേജ് 524-525)

ഖലീഫയുടെ പദവി

….പിന്നീട് പരിപൂര്‍ണ്ണ മനുഷ്യന് അല്ലാഹുവില്‍ നിന്നും ഖിലാഫത്തിന്റെ സ്ഥാനം നല്‍കപ്പെടുന്നു. ഖിലാഫത്തിന്റെ സ്ഥാനത്തിനര്‍ഹനായിത്തീരുന്നതിനായി അദ്ദേഹത്തെ ദൈവിക സവിശേഷഗുണങ്ങളുടെ നിറത്താല്‍ വിഭൂഷിതനാക്കി മാറ്റുന്നു. പ്രതിരൂപം എന്ന നിലയിലാണ് ഇത് സംഭവിക്കുക. ശേഷം സൃഷ്ടികളെ ആത്മീയതയിലേക്ക് വലിച്ചടുപ്പിക്കുവാനും ഈ ഭൂമിയിലെ അന്ധകാരങ്ങളില്‍ നിന്നും പുറത്തെടുത്ത് ആകാശീയ പ്രകാശത്തിലേക്ക് കൊണ്ടു പോകുന്നതിനുമായി അവരിലേക്ക് തിരിയുന്നു…….മുന്‍ഗാമികളുടെ അറിവും, മുന്‍കടന്ന സാത്വികരുടേയും ചിന്തകരുടേയും ജ്ഞാനവും അവര്‍ക്ക് നല്‍കപ്പെടുന്നു. യഥാര്‍ത്ഥ പിന്‍ഗാമിയുടെ സ്ഥാനത്തിന് അവര്‍ അര്‍ഹരാകുന്നതാനായിട്ടാണിത്. പിന്നീട് സൃഷ്ടികളെ സാര്‍ഗപ്രകാശത്താല്‍ പ്രശോഭിതമാക്കുന്നതിന്നായി ആ ദാസന്‍ അല്ലാഹു ഇഛിക്കുന്നത്രയും കാലം ഭൂമിയില്‍ വസിക്കുന്നു. സൃഷ്ടികളെ തന്റെ നാഥന്റെ പ്രകാശത്താല്‍ പ്രശോഭിതരാക്കിക്കഴിഞ്ഞാല്‍ അല്ലെങ്കില്‍ സന്ദേശപ്രചാരണത്തെ തന്റെ പ്രാപ്തിക്കനുസരിച്ച് പൂര്‍ത്തിയാക്കികഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ജോലി പൂര്‍ണ്ണമാകുന്നു. അദ്ദേഹത്തിന്റെ നാഥന്‍ അദ്ദേഹത്തെ തിരിച്ച് വിളിക്കുന്നു. (ഖുത്വുബ ഇല്‍ഹാമിയ്യ, പേജ് 38-40)

രണ്ടാം ശക്തിപ്രഭാവം

“ചുരുക്കത്തില്‍ രണ്ട് വിധത്തിലുള്ള ദിവ്യശക്തിപ്രഭാവങ്ങളാണ് വെളിപ്പെടുന്നത്. ഒന്നാമതായി പ്രവാചകന്‍മാരുടെ കരങ്ങളിലൂടെ അല്ലാഹു സ്വയം തന്റെ ദിവ്യശക്തിയുടെ ഹസ്തം പ്രകടമാക്കുന്നു. രണ്ടാമതായി പ്രവാചകന്റെ വഫാത്തിനുശേഷം പ്രയാസങ്ങളെ അഭിമുഖീകരക്കേണ്ടി വരികയും ശത്രുക്കള്‍ ശക്തിയാര്‍ജ്ജിക്കുകയും പ്രവര്‍ത്തനങ്ങള്‍ താറുമാറായെന്ന് കരുതപ്പെടുകയും ജമാഅത്ത് നാമാവേശഷമാവുമെന്നു ശത്രുക്കള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ ജമാഅത്തിലെ അംഗങ്ങള്‍ അങ്കലാപ്പിലകപ്പെടുകയും അവരുടെ സ്ഥൈര്യം ചോര്‍ന്ന് പോവുകയും, തുടര്‍ന്നു പല നിര്‍ഭാഗ്യവാന്മാരും മുര്‍ത്തദ്ദാവാനുള്ള (മതനിരാസം) വഴി അവലംഭിക്കുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹു തന്റെ അതി മഹത്തായ ദിവ്യ ശക്തി ഒരിക്കല്‍കൂടി വെളിപ്പെടുത്തിക്കൊണ്ട് വീഴാനാവുന്ന ജമാഅത്തിനെ സംരക്ഷിക്കുന്നു. അതിനാല്‍ അന്ത്യം വരെ സഹനം കൊള്ളുന്നവര്‍ അല്ലാഹുവിന്റെ ഈ അത്ഭുത ദൃഷ്ടാന്തം ദര്‍ശിക്കുന്നതാണ്. ഹസ്‌റത്ത് അബൂബക്കര്‍ സിദ്ദീഖി (റ)ന്റെ കാലത്ത് സംഭവിച്ചതുപോലെ, ഹസ്‌റത്ത് മുഹദ് മുസ്തഫാ (സ) തിരുമേനിയുടെ വേര്‍പാട്. അകാലത്തുണ്ടായ ഒരു വേര്‍പാടായിരുന്നുവെന്നു മനസ്സിലാക്കപ്പെടുകയും ദു:ഖഭാരത്താല്‍ സഹാബിമാര്‍ പരിഭ്രാന്തരാ വുകയും വളരെയേറെ ഗ്രാമീണവാസികള്‍ ഇസ്‌ലാംമതം ഉപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍ അല്ലാഹു ഹസ്‌റത്ത് അബൂ ബക്കര്‍ സിദ്ദീഖി(റ)നെ എഴുന്നേല്‍പ്പിച്ചുകൊണ്ട് വീണ്ടും തന്റെ ദിവ്യശക്തിയുടെ മാതൃക കാണിക്കുകയും ഇസ്‌ലാമിനെ നാമാവശേഷമാക്കപ്പെടുന്നതില്‍ നിന്ന് താങ്ങിനിര്‍ത്തുകയും ചെയ്തു. “ (അൽ വസിയ്യത്ത്)

രണ്ടാം ശക്തിപ്രഭാവത്തിനു തന്റെ വിയോഗം അനിവാര്യം

“എന്തെന്നാല്‍, നിങ്ങള്‍ക്ക് രണ്ടാമത്തെ ദിവ്യ ശക്തി പ്രഭാവം ദര്‍ശിക്കേണ്ടത് അത്യാവശ്യമാകുന്നു. അതിന്റെ ആഗമനം നിങ്ങള്‍ക്ക് ഗുണകരമാണ് !. എന്തുകൊണ്ടെന്നാല്‍ അത് ശാശ്വതവും അതിന്റെ ശൃംഖല അന്ത്യനാള്‍ വരെ മുറിഞ്ഞുപോകാത്തതുമാണ്. ഞാന്‍ പോകാത്തിടത്തോളം രണ്ടാമത്തെ ദിവ്യശക്തി വരാന്‍ സാധ്യമല്ല. ഞാന്‍ പോയാല്‍, അല്ലാഹു നിങ്ങള്‍ക്കു വേണ്ടി രണ്ടാം ദിവ്യശക്തിയെ അയക്കും.” (അൽ വസിയ്യത്ത്)

  1. ഒന്നാമത്തെ ദിവ്യശക്തി എന്നതു കൊണ്ടുള്ള വിവക്ഷ പ്രവാചകന്മാരാണ്. രണ്ടാമത്തെ ദിവ്യശക്തി എന്നത് ഖിലാഫത്തിന്റെ മറ്റൊരു പേരാണ്. രണ്ടാം ദിവ്വശക്തി ഖിലാഫത്താണ് എന്നതിന് ഹദ്റത്ത് അബൂബക്കർ(റ)ന്റെ അസ്ഥിത്വത്തെയാണ് മസീഹ് മൗഊദ് (അ) സാക്ഷിയാക്കിയിരിക്കുന്നത്.
  2. ഹദ്റത്ത് മസീഹ് മൗഊദ് (അ) ഒന്നാം ദിവ്യശക്തിയെ പ്രവാചകന്മാരായി തിട്ടപ്പെടുത്തി കൊണ്ട് രണ്ടാം ദിവ്യശക്തിയുടെ വെളിപ്പെടലിനെ പ്രവാചകന്മാർക്കു ശേഷമുള്ള സനാതന സുന്നത്തായി നിർണ്ണയിച്ചിരിക്കുന്നു. അങ്ങിനെ അഹമദിയാ ജമാഅത്തിന് ഇതിനെ സംബന്ധിച്ചുള്ള സുദൃഢ വാഗ്ദാനം നൽകിയിരിക്കുന്നു.
  3. ഹദ്റത്ത് മസീഹ് മൗഊദ് (അ) ഇസ്തിഖ്ലാഫിന്റെ ആയത്തുകൊണ്ട് ദൈവനിയോഗിതരുടെ ഖിലാഫത്ത് മാത്രമല്ല അർത്ഥമാക്കുന്നത്. മറിച്ച് അതിന് പൊതുരൂപം നൽകുന്നു. ആ ഖിലാഫത്തിനേയും ഇസ്തിഖ്ലാഫിന്റെ ആയത്തിന്റെ സാക്ഷ്യമായി മനസ്സിലാക്കുന്നു. ഹദ്റത്ത് അബൂബക്കർ സിദ്ദീഖ് (റ) അതിനർഹനായി ചുരുക്കത്തിൽ ഹദ്റത്ത് അബൂബക്കർ (റ) ന്റെ വ്യക്തിത്വത്തിലൂടെ ആരംഭം കുറിച്ച് ഖിലാഫത്ത് ശൃംഖലയേയും ഇസ്തിഖ്ലാഫിന്റെ ആയത്തിന്റെ സാക്ഷ്യമായി തിട്ടപ്പെടുത്തിയിരിക്കുന്നു.
  4. ഹദ്റത്ത് മസീഹ് മൗഊദ് (അ) പറഞ്ഞത് രണ്ടാം ദിവ്യശക്തി വരുന്നത് ഞാൻ പോയ ശേഷമായിരിക്കും എന്നാണ്. ഇതിൽ നിന്നും വ്യക്തമാകുന്നത് രണ്ടാം ദിവ്യശക്തി സദ്ർ അഞ്ചുമൻ അഹ്മദിയ്യാ അല്ല എന്നാണ്. ഹദ്റത്ത് മസീഹ് മൗഊദ് (അ) നു ശേഷം ചിലർ രണ്ടാം ദിവ്യശക്തി എന്നാൽ അഞ്ചുമനാണ് എന്ന് ഊന്നൽ നൽകി. എന്നാൽ ഹദ്റത്ത് മസീഹ് മൗഊദ് (അ)ന്റെ വാക്കുകൾ അതിനെ ഖണ്ഡിക്കുന്നു കാരണം അഞ്ചുമൻ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ കാലത്തു തന്നെ സ്ഥാപിതമായിരുന്നു. സദർ അഞ്ചുമൻ അഹ്മദിയ്യായുടെ സ്ഥാപനം സ്വയം ഹദ്റത്ത് മസീഹ് മൗഊദ് (അ)ന്റെ കൈകളാലായിരുന്നു. അതിനാൽ ഇത് വ്യക്തമാക്കുന്നത്. രണ്ടാം ദിവ്യശക്തി എന്നതുകൊണ്ടുള്ള വിവക്ഷ അഞ്ചുമനല്ല. മറിച്ച് ഖിലാഫത്തിന്റെ അനുഗ്രഹിത വ്യവസ്ഥിതിയാക്കുന്നു എന്നാണ്.
  5. പ്രവാചകന്മാരുടെ കാലശേഷം കഠിനമായ പരീക്ഷണത്തിന്റെ കാലം തീർച്ചയായും വരുന്നതാണ്. ആ പരീക്ഷണങ്ങളെ ഖലീഫമാർ മുഖേന ശാന്തിയിലേക്ക് പരിവർത്തിക്കുക എന്നത് അല്ലാഹുവിന്റെ സനാതനമായ സുന്നത്താകുന്നു. എല്ലാ പ്രവാചകന്മാരുടേയും സമുദായത്തിന് ഇത് ബാധിച്ചിരുന്നു. ഈ സുന്നത്ത് അഹ്മദിയ്യാ ജമാഅത്തിലും നിശ്ചയമായും പൂർത്തിയാകുന്നതാണ്. ഹദ്റത്ത് മസീഹ് മൗഊദ് (അ) പറയുന്നു, അല്ലാഹു തന്റെ സനാതന സുന്നത്തിനെ ഉപേക്ഷിക്കുന്നതല്ല. അതായത് ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ വഫാത്തിന് ശേഷം ജമാഅത്തിന് കഠിനമായ പരീക്ഷണങ്ങളെ നേരിടേണ്ടി വരുന്നതാണ്. ഭയപ്പെടുത്തുന്ന അവസ്ഥ സംജാതമാകും, എന്നാൽ തന്റെ സനാതന ചര്യയനുസരിച്ച് അല്ലാഹു അദ്ദേഹത്തിന്റെ ഖലീഫമാർ മുഖേന ഈ ഭയത്തെ ശാന്തിയിലേക്ക് പരിവർത്തനം ചെയ്യുന്നതാണ്. പരീക്ഷണങ്ങളെ ഇല്ലാതാക്കുന്നതാണ്. ഹദ്റത്ത് മസീഹ് മൗഊദ് (അ) ന് ശേഷം ജമാഅത്തിന് പരീക്ഷണങ്ങളെ നേരിടേണ്ടി വന്നിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ ഖലീഫയുടെ കൈകളാൽ അല്ലാഹു അതിനെ ദുരീകരിച്ചു. അങ്ങിനെ അല്ലാഹുവിന്റെ സുന്നത്തും പൂർത്തിയായി.
  6. ഹദ്റത്ത് മസീഹ് മൗഊദ് (അ) രണ്ടാം ദിവ്യശക്തിയെ ശ്വാശ്വതമായി തിട്ടപ്പെടുത്തിയിരിക്കുന്നു. പറയുന്നു, അത് ശാശ്വതമാണ്, ഖിയാമത്ത് നാൾ വരെ അതിന്റെ ശൃംഖല മുറിച്ചു മാറ്റപ്പെടുന്നതല്ല. അതായത് ഖിലാഫത്ത് സ്ഥാപിതമായാൽ ഈ ജമാഅത്തിന്റെ അടിത്തറ സുദൃഢമാകും. അതിനു ശേഷം ഒന്നിനു പുറകേ മറ്റൊന്നായി രണ്ടാം ദിവ്യശക്തിയുടെ പ്രതിരൂപങ്ങൾ വന്നുകൊണ്ടിരിക്കും. അല്ലാഹു ഖിലാഫത്തിന് നിത്യത നൽകിക്കൊണ്ടിരിക്കുന്നതാണ്. ജമാഅത്ത് വ്യവസ്ഥിതി നിത്യേന ദൃഢത കൈവരിച്ചു കൊണ്ടിരിക്കും. ഖിയാമത്ത് നാൾ വരെ നിലനിൽക്കുന്ന തരത്തിൽ ദൃഢത കരസ്ഥമാക്കുന്നതാണ്.
  7. രണ്ടാം ദിവ്യശക്തി ആകാശത്തു നിന്ന് ഇറങ്ങുന്നതാണ്. ഹദ്റത്ത് മസീഹ് മൗഊദ് (അ) പറയുന്നു. രണ്ടാം ദിവ്യശക്തി ആകാശത്ത് നിന്ന് ഇറങ്ങുന്നതാണ്. അതായത് ഇത്തരത്തിലുള്ള ഖലീഫമാരുടെ തിരഞ്ഞെടുപ്പിൽ ആകാശീയ പിൻബലം ഉണ്ടായിരിക്കും അവരുടെ തിരഞ്ഞെടുപ്പിൽ ഒരു തരത്തിലുള്ള അല്ലാഹുവിന്റെ കൈകടത്തൽ ഉണ്ടായിരിക്കും.

അവലമ്പം: ഖിലാഫത്ത് അഹിയ്യത്ത് ഔർ ബർക്കാത്ത്