അഹ്മദിയ്യാ ഖലീഫമാർ


2018 യു.കെ ജലസാ സലാനയിൽ വെച്ചു നടത്തപ്പെട്ട ആഗോള ബയ്അത്തിന്റെ ചിത്രം

വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട മഹത്തായ ദൈവീക പാരിതോഷികമാണ് ഖിലാഫത്ത് വ്യവസ്ഥിതി. ജനങ്ങൾ ആധികാരികമായി സന്മാർഗ്ഗത്തിലൂടെ നയിക്കപ്പെടാനുള്ള ദൈവീക സംവിധാനമാണ്. അഥവാ അല്ലാഹുവിൽ നിന്നും മാർഗദർശനം സിദ്ധിച്ച ജനനായകരാണ് ഖലീഫമാർ. ഇസ്‌ലാമിക സാങ്കേതിക ഭാഷയിൽ ആരുടെയെങ്കിലും പ്രധിനിത്യത്തിൽ വരുന്ന ആൾക്കാണ് ഖലീഫ എന്ന് പറയുന്നത്.

ഹസ്രത്ത് അൽഹാജ് മൗലാന ഹാഫിസ് ഹക്കീം നൂറുദ്ദീൻ (റ)

(1908 – 1914)

1841 ൽ പഞ്ചാബിലെ ഭേരയിൽ ജനിച്ച ഹസ്രത്ത് അൽഹാജ് മൗലാന ഹാഫിസ് ഹക്കീം നൂറുദ്ദീൻ (റ) രാജ്യത്തെ പ്രസിദ്ധനായ വൈദ്യനും മത പണ്ഡിതനുമായിരുന്നു. കൂടുതൽ കൂടുതൽ അറിവ് കരസ്ഥമാക്കായി ഒരുപാട് യാത്രകൾ ചെയ്തു. ഈ യാത്രകളിൽ അറബി, ഫാർസി, തത്വശാസ്ത്രം, വൈദ്യ ശാസ്ത്രം എന്നിവ കരസ്ഥമാക്കി. കുറച്ച് പണം സമ്പാദിച്ച് ഹജ്ജ് ചെയ്യുവാൻ പോകുകയും ആ യാത്രയിൽ ഹദീസിന്റെ പല അറിവുകളും മനസ്സിലാക്കുകയും ചെയ്തു. ഭേരയിലെ ഇദ്ദേഹത്തിന്റെ ക്ലിനിക്കിൽ വരുന്നവർക്ക് മരുന്നുകളുടെ കുറിപ്പ് കുറിക്കുന്നതിന്റെ കൂടെ തന്നെ ആത്മീയ അറിവുകളും പകർന്നു നൽകി. കാലത്തിന്റെ ഇമാമിന്റെ പാതകൾ ലവലേശം മാറ്റം സംഭവിക്കാതെ പിന്തുടരാൻ ശ്രമിച്ച ഈ മഹാൻ സൽസ്വഭാവം കൊണ്ട് ഒരുപാട് ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു.

ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി(അ) ന്റെ പുണ്യ ഹസ്തങ്ങളിൽ ബൈഅത്ത് ചെയ്തുകൊണ്ട് അഹ്മദിയ്യാ ജമാഅത്തില്‍ പ്രവേശിച്ച പ്രഥമവ്യക്തി എന്ന പദവി ലഭിച്ചത്‌ ഇദ്ദേഹത്തിനാണ്‌.

ഹസ്രത്ത് അഹ്മദ് (അ) ന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ഏറ്റവും അടുത്തതും പ്രധാനപ്പെട്ട സഹാബിയുമായിരുന്ന ഹദ്റത്ത്‌ മാലവി ഹാഫിസ്‌ അൽഹാജ്ജ് ഹക്കീം നൂറുദ്ദീന്‍ സാഹിബ്‌ (റ) അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ഒന്നാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ആറു വര്‍ഷക്കാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഖിലാഫത്ത്‌ കാലഘട്ടത്തില്‍ അഹ്മദിയ്യാ പ്രസ്ഥാനം കൂടുതല്‍ പുരോഗതി പ്രാപിക്കുകയുണ്ടായി.

ഇദ്ദേഹം 1914 മാർച്ച് 13 ന്‌ ഈ ലോകത്തോട് വിട പറഞ്ഞു. ഖാദിയാനിലെ ബിഹിശ്തി മഖ്ബറയിൽ തന്റെ പ്രിയ നേതാവിന്റെ അരികിലെ ഖബറിൽ അന്ത്യ വിശ്രമം കൊള്ളുന്നു.

ഹസ്രത്ത് മിർസാ ബഷീറുദ്ധീൻ മഹ്മൂദ് അഹ്മദ് (റ)

(1914 – 1965)

ഹസ്രത്ത് മസീഹ് മൗഊദ് (അ)ന്റെ വാഗ്ദത്ത പുത്രൻ, ഹസ്രത്ത് മസീഹ് മൗഊദ്(അ) ന്റെ പ്രവചനത്തിന്റെ നിറപുലർച്ചയായി മുസ്‌ലിഹ്‌ മൗഊദ് (റ) 1889 ജനുവരി 12ന് ഭൂജാതനായി. അദ്ദേഹത്തിന്റെ മുഴുവൻ നാമം ഹസ്രത്ത് മിർസാ ബഷീറുദ്ധീൻ മഹ്മൂദ് അഹ്മദ് (റ) എന്നാണ്. തഅ്ലീമുൽ ഇസ്ലാം സ്കൂളിൽ പഠനം ആരംഭിച്ച അദ്ദേഹത്തിന് പല ആരോഗ്യ പ്രശ്നങ്ങളാൽ പഠനത്തിൽ മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. പതിനാറ് വയസ്സിൽ ആദ്യ ദൈവിക സന്ദേശം ലഭിച്ച അദ്ദേഹം ആത്മീയതയിൽ വളരെയേറെ ഉന്നതിയിൽ ആയിരുന്നു. ഹസ്രത്ത് മസീഹ് മൗഊദ് (അ) ഇഹലോക വാസം വെടിഞ്ഞപ്പോൾ ഇദ്ദേഹം അത്യുജ്ജലമായ ഒരു പ്രതിജ്ഞ നടത്തിയിരുന്നു. ഈ അനുഗ്രഹീത ജമാഅത്തിനെ ആരുതന്നെ ഉപേക്ഷിച്ച് പോയാലും താൻ ഒറ്റക്ക് നിന്ന് പൊരുതും എന്നതായിരുന്നു അതിന്റെ ചുരുക്കം. ആ പ്രതിജ്ഞയുടെ പൂർത്തീകരണം തന്നെയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം.

ഒന്നാം ഖലീഫയുടെ മരണാനന്തരം 1914 മാർച്ച് 14 ന് ഇദ്ദേഹം രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. വളരെയേറെ പേർ ഇദ്ദേഹത്തിന്റെ ചെറു പ്രായത്തെ വിമർശിക്കുകയും ജമാഅത്തിൽ നിന്ന് പുറത്ത് പോവുകയും ചെയ്തു. പക്ഷേ പിന്നീട് ലോകം കണ്ടത് വാഗ്ദത്ത പുത്രന്റെയും ആ പ്രവചനത്തിന്‍റെയും ശക്തമായ സത്യ സാക്ഷ്യങ്ങളായിരുന്നു. 51 വർഷക്കാലം നീണ്ടു നിന്ന ആ മനോഹരമായ ഖിലാഫത്ത് കാലഘട്ടത്തിൽ അദ്ദേഹം ഈ പ്രസ്ഥാനത്തെ ഉന്നതിയുടെ പടവുകൾ ദർശിപ്പിച്ചു. തഹ്രീകെ ജദീദ്, വക്ഫെ ജദീദ് തുടങ്ങിയ പല പദ്ധതികളും ശാഖാ സംഘടനകളും സ്ഥാപിച്ചു. മസീഹ് മൗഊദ് (അ) ന്റെ പ്രവചനത്തിൽ പറഞ്ഞ പ്രകാരം ലോകത്തിന്റെ കോണുകളോളം ഈ പരിശുദ്ധ സന്ദേശത്തെ പ്രിയ വാഗ്ദത്ത പുത്രൻ എത്തിച്ചിരുന്നു. അദ്ദേഹം ജമാഅത്തിലെ എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഉത്തമമായ ശിക്ഷണം നല്‍കുകയുണ്ടായി. ഇസ്ലാമിന്റെ പ്രചാരണത്തിന്നായി ആഫ്രിക്ക, യൂറോപ്പ്‌, അമേരിക്ക തുടങ്ങിയ വന്‍കരകളിലും മറ്റനേകം രാജ്യങ്ങളിലും മുബല്ലിഗുമാരെ അയച്ചു. അവിടങ്ങളില്‍ പള്ളികള്‍ പണിയുകയും വിവിധ ഭാഷകളില്‍ വിശുദ്ധ ഖുര്‍ആന്റെ പരിഭാഷ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. അദ്ദേഹത്തിലൂടെ ലക്ഷക്കണക്കിനാളുകള്‍ സത്യമതം സ്വീകരിച്ചു.

1965 നവംബർ 8 ന് അദ്ദേഹം തന്റെ നാഥനിലേക്ക്‌ യാത്രയായി. പാകിസ്താനിലെ റബുവയിലെ ബിഹിഷ്തി മഖ്ബറയിൽ അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നു.

ഹസ്രത്ത് മിർസാ നാസിർ അഹ്മദ് (റഹ്‌)

മൂന്നാം ഖലീഫ (1982 – 2003)

ദീനി സേവകനായ ഒരു പുത്രൻ തനിക്ക് ജനിക്കുമെന്ന് അല്ലാഹുവിന്റെ അറിയിപ്പ് പ്രകാരം ഹസ്രത്ത് മുസ്ലിഹ് മൗഊദ് ( റ) പ്രവചിച്ചിരുന്നു. 1909 നവംബർ 16ന് ഹസ്രത്ത് മിർസ നാസിർ അഹ്മദ് (റഹ്‌) ജനിച്ചു. പഠനത്തിൽ ഉന്നതനായ അദ്ദേഹം പതിമൂന്നാം വയസ്സിൽ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി. ഹസ്രത്ത് സയ്യിദ് മുഹമ്മദ് സർവർ ഷാഹ്‌ സാഹിബ് (റ) നിന്നും ഉർദു, അറബി ഭാഷകൾ വശമാക്കി. 1929 ൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും മൗലവി ഫാസിൽ പാസ് ആയ അദ്ദേഹം ഗവൺമെന്റ് കോളേജ് ലാഹോറിൽ നിന്നും ബി.എ. ഡിഗ്രി യും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ. യും കരസ്ഥമാക്കി.

അതിനു ശേഷം ഒരുപാട് മേഖലകൾ അദ്ദേഹത്തിന്റെ സേവനങ്ങൾ കൊണ്ട് അനുഗ്രഹീത പൂർണ്ണമായി. ഹസ്രത്ത് മുസ്‌ലിഹ്‌ മൗഊദ് (റ)വിന്റെ മരണാനന്തരം 1965 നവംബർ 8 നാണ് ഇദ്ദേഹത്തെ ഖലീഫയായി തിരഞ്ഞെടുക്കുന്നത്. മുസ്‌ലിഹ്‌ മൗഊദ്(റ) വിൻെറ പ്രവചനം പോലെ തന്നെ ദീനിന്റെ ആത്മാർത്ഥ സേവകൻ ആയിരുന്നു ഇദ്ദേഹം. പല പുതിയ പദ്ധതികളിലൂടെയും ജമാഅത്തിന്റെ ശക്തിയെ ഊട്ടിയുറപ്പിച്ചുകൊണ്ട് പതിനേഴ് വർഷക്കാലം ഈ അനുഗ്രഹീത ഖിലാഫത്ത് നീണ്ടു നിന്നു. 1982 ജൂൺ 9 ന് ഹസ്രത്ത് ഖലീഫത്തുൽ മസീഹ് സാലിസ് (റഹ്) ഇഹലോകവാസം വെടിഞ്ഞു. പാകിസ്താനിലെ റബുവയിലെ ബിഹിഷ്തി മഖ്ബറയിൽ പ്രിയ പിതാവിന്റെ ഖബറിന്റെ വലതു വശത്തായി ഖബറടക്കം ചെയ്തു.

ഹസ്രത്ത് മിർസാ താഹിർ അഹ്മദ് (റഹ്‌)

നാലാം ഖലീഫ (1982 – 2003)

അഹ്മദ്യ്യ മുസ്ലിം ജമാഅത്തിന്റെ നാലാം ഖലീഫ ഹസ്രത്ത് മിർസ താഹിർ അഹ്മദ് (റഹ്‌) വാഗ്ദത്ത പുത്രൻ ഹസ്രത്ത് മിർസ ബഷീറുദ്ധീൻ മഹ്മൂദ് അഹ്മദ് (റ) ന്റെ മകനാകുന്നു. 1928 ഡിസംബർ 28 നാണ്‌ ഈ പുണ്യാത്മാവ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവ് ഹസ്രത്ത് മറിയം ബീഗം സാഹിബ അദ്ദേഹത്തിന്റെ പഠന കാര്യത്തിൽ വളരെയേറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പഠനത്തിൽ മികച്ചു നിന്ന അദ്ദേഹം 1953 ൽ ജാമിഅ അഹ്മദിയ്യയിൽ നിന്നും ഷാഹിദ് ഡിഗ്രീ കരസ്ഥമാക്കിയ ശേഷം ഒരുപാട് ഉന്നത പഠനങ്ങൾ നിർവഹിച്ചിട്ടുണ്ട്. ദീനി സേവനങ്ങളിൽ വളരേ മുൻപന്തിയിൽ ആയിരുന്ന അദ്ദേഹം, ജമാഅത്തിൽ വളരെയേറെ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചു.

1982 ജൂൺ 10ന് അഹ്മദ്യ്യ മുസ്ലിം ജമാഅത്തിന്റെ നാലാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. പരിശുദ്ധവും അനുഗ്രഹീതവുമായ പല പദ്ധതികൾ നടപ്പിലാക്കി. “ഞാൻ നിന്റെ സന്ദേശത്തെ ഭൂമിയുടെ കോണുകളോളം എത്തിക്കും” എന്ന മസീഹ് മൗഊദ് (അ)ന് അല്ലാഹു നൽകിയ വാഗ്ദാനം മുസ്ലിം ടെലിവിഷൻ അഹ്മദ്യ്യ എന്ന ടീവി ചാനലിലൂടെ പൂർണതയുടെ മനോഹാരിതയിൽ എത്തിക്കുവാൻ സാധിച്ചത് ഇദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടത്തിലാണ്. ജമാഅത്തിന്റെ പുരോഗതി സഹിക്കവയ്യാതെ പാകിസ്താൻ ഭരണകൂടം പല തരത്തിലുള്ള എതിർപ്പുകൾ അഴിച്ചു വിടുകയുണ്ടായി. തുടർന്ന് ഖലീഫത്തുൽ മസീഹ്‌ റാബിഹ് (റഹ്) പാകിസ്താനിൽ നിന്നും ലണ്ടനിലേക്ക് പാലായനം ചെയ്തു. അവിടെ നിന്നും അദ്ദേഹം ജമാഅത്തിന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്കി. 2003 ഏപ്രിൽ 19 ന് നാലാം ഖലീഫ ദൈവ സന്നിധിയിലേക്ക് യാത്രയായി.

ഹദ്റത്ത്‌ മിര്‍സാ മസ്റൂര്‍ അഹ്മദ്‌ (അയ്യദഹൂ)

അഞ്ചാം ഖലീഫ (2003 ഏപ്രില്‍ 22 മുതൽ)

1950 സെപ്തംബര്‍ 15നാണ്‌ ഖലീഫത്തുല്‍ മസീഹ്‌ ഖാമിസ്‌ ഹദ്റത്ത്‌ മിര്‍സാ മസ്റുര്‍ അഹ്മദ്‌ (അയ്യദഹു)വിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ്‌ ഹദ്റത്ത്‌ സാഹിബ്‌ സാദാ മിര്‍സാ മന്‍സൂര്‍ അഹ്മദ്‌, മസീഹ് മൗഊദ് (അ) ന്റെ പൗത്രനായിരുന്നു. ഹദ്റത്ത്‌ സാഹിബ്‌ സാദി നാസിറ ബീഗം സാഹിബയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്‌. റബ്വയിലെ തഅ്ലീമുല്‍ ഇസ്‌ലാം കോളജില്‍ നിന്ന്‌ ബിരുദം നേടിയ അദ്ദേഹം അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 17-ം വയസ്സില്‍ വസിയ്യത്ത്‌ ചെയ്ത്‌ മൂസിയായ അദ്ദേഹം 1977-ല്‍ തന്റെ ജീവിതം ജമാഅത്തിനായി സമര്‍പ്പിച്ചു. അദ്ദേഹം ദീര്‍ഘനാള്‍ ആഫ്രിക്കയില്‍ സേവനമനുഷ്ഠിച്ചു. ഖലീഫത്തുല്‍ മസീഹ്‌ സാലിസ്‌ (റഹ്‌)ന്റെ നിര്‍ദ്ദേശപ്രകാരം നുസ്രത് ജഹാന്‍ പദ്ധതിയുടെ ഭാഗമായി അദ്ദേഹം ഘാനയിലെത്തി. ഘാനയില്‍ അഹ്മദിയ്യാ സെക്കന്‍ഡറി സ്കൂളിന്റെ പ്രിന്‍സിപ്പലായും അഹ്മദിയ്യാ അഗ്രിക്കള്‍ച്ചര്‍ ഫാമിന്റെ മാനേജരായും പ്രവര്‍ത്തിച്ചു. സംഘഠനയെ സാമ്പത്തിക വളര്‍ച്ചയിലേക്കും സ്വയം പര്യാപ്തതയിലേക്കും നയിക്കുമാറ്‌ ഘാനയുടെ മണ്ണില്‍ ആദായകരമായി ഗോതമ്പ്‌ വിളയിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചത്‌ ഖലീഫയാകുന്നതിമുമ്പുള്ള ശ്രദ്ധേയമായ നേട്ടമായിരുന്നു. പാകിസ്ഥാനില്‍ നാസിര്‍ ആഅ്ഃലയായി സേവനമനുഷ്ടിക്കവേയാണ്‌ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്‌.

ഖലീഫത്തുല്‍ മസീഹ്‌ ഖാമിസ്‌ (അയ്യദഹു) തന്റെ ഖുതുബയിലൂടനീളം നമസ്‌കാരത്തിന്റെയും ഇബാദത്തുകളുടെയും കാര്യത്തില്‍ തികഞ്ഞ കൃത്യതയും സമര്‍പ്പണവും വേണമെന്ന്‌ നമ്മെ ആവര്‍ത്തിച്ച്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.