എല്ലാ നുബൂവ്വത്തിനെ തുടർന്നും ഖിലാഫത്തുണ്ടായിരിക്കും : ഹദീസ്

ഖിലാഫത്തെ ഹഖ ഇസ്‌ലാമിയ

സമ്പാ : അബൂസ്വബാഹ്

അല്ലാഹു പറയുന്നത് ഖിലാഫത്തില്‍ നിങ്ങളുടെ വിശ്വാസം നിലനില്‍ക്കുകയും ഖിലാഫത്ത് നിലനിര്‍ത്തുന്നതിന് നിങ്ങളുടെ പരിശ്രമം തുടരുകയും ചെയ്യുന്നിടത്തോളം എന്റെ വാഗ്ദാനം നിങ്ങളില്‍ (അതായത് വിശ്വാസികളുടെ, നിങ്ങളുടെ ജമാഅത്തില്‍) ഞാന്‍ ഖലീഫയെ ഉണ്ടാക്കുന്നതാണ്. ഇതേക്കുറിച്ച് നബി(സ)ഉം വ്യക്തമാക്കിയിട്ടുണ്ട്.

നബി(സ) പറയുന്നു ; മാ കാനത്ത് നുബുവ്വത്തുന്‍ ഖത്തു ഇല്ലാ തബിഅത്ത്ഹാ ഖിലാഫ: ( ജാമിഉ സ്വഗീര്‍ ലിസ്വുയൂത്തി) അതായത് എല്ലാ നുബുവ്വത്തിനു ശേഷവും ഖിലാഫത്ത് ഉണ്ടായിട്ടുണ്ട്. എനിക്ക് ശേഷവും ഖിലാഫത്ത് ഉണ്ടാകും. അതിനു ശേഷം അക്രമ, മര്‍ദ്ദക ഭരണകൂടങ്ങള്‍ വരും. അതായത് അന്യസമുദായങ്ങള്‍ വന്ന് മുസ്‌ലീംകളെ ഭരിക്കും. അവര്‍ മുസ്ലീംകളില്‍ നിന്ന് ഭരണം പിടിച്ചെടുക്കും. അതിനു ശേഷം പറഞ്ഞു, തുടര്‍ന്ന് നുബുവ്വത്തിന്റെ മാര്‍ഗ്ഗത്തില്‍ ഖിലാഫത്ത് ഉണ്ടാകുന്നതാണ്. അതായത് നബിമാര്‍ക്ക് ശേഷമുണ്ടാകുന്ന ഖിലാഫത്ത് വീണ്ടും ഉണ്ടാകുന്നതാണ്. (മിശ്കാത്ത്)

നബിമാര്‍ക്ക് ശേഷമുള്ള ഖിലാഫത്തിനെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ രണ്ടു സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. അല്ലാഹു ഹദ്‌റത്ത് മൂസാ(അ)നു ശേഷം ബനീ ഇസ്രാഈലില്‍ ചിലരെ മൂസാ നബിയെ അനുദാവനം ചെയ്യുന്ന നബിമാരാക്കുകയുണ്ടായി. മറ്റു ചിലര്‍ക്ക് രാജാധികാരവും നല്‍കി. അങ്ങിനെയാണ് ബനീ ഇസ്രാഈലില്‍ ഖിലാഫത്തുണ്ടായത്. നബിയും രാജാവും ആക്കുന്നത് അല്ലാഹുവിന്റെ പ്രവര്‍ത്തിയാണ്. നമ്മുടെ കഴിവില്‍ പെട്ടതല്ല. ഖിലാഫത്തിന്റെ മൂന്നാമത്തെ രൂപം അല്ലാഹു ജനങ്ങളെ കൊണ്ട് ജോലിയെടുപ്പിക്കുന്നു എന്നതാണ്. അത് നമ്മുടെ പരിധിയില്‍ വരുന്നതുമാണ്. ക്രിസ്ത്യാനികള്‍ അതിനുവേണ്ടി തിരഞ്ഞെടുപ്പ് നടത്താറുണ്ട്. തങ്ങളില്‍ നിന്നുള്ള ഒരാളെ മതത്തിന്റെ വലിയ നേതാവാക്കുന്നു. അതിനുള്ള പേര് പോപ്പ് എന്നാണ് വച്ചിരിക്കുന്നത്. പോപ്പും പോപ്പിന്റെ അനുയായികളും വ്യതിചലിച്ചിരിക്കേ എന്തുകൊണ്ട് ഇവിടെ സദൃശ്യപ്പെടുത്തി എന്നു ആശങ്കപ്പെടേണ്ടതില്ല. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായും പറയുന്നു,
کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ (24:56) മുമ്പുള്ളവരെ ഖലീഫമാരാക്കിയതു പോലെ നിങ്ങളിലും ഞാന്‍ ഖലീഫമാരെ ഉണ്ടാക്കുന്നതാണ്. അതായത് മൂസ(അ) ശൃംഖലയില്‍ ഞാന്‍ ഖിലാഫത്ത് ഉണ്ടാക്കിയിരുന്നു. അതു പോലെ നിങ്ങളിലും മൂസവി ശൃംഖലയുമായി സാദൃശ്യമുള്ള ഭാഗം അതായത് ഖിലാഫത്ത് ഉണ്ടാക്കുന്നതാണ്. മുഹമ്മദ് റസൂലുല്ലാഹ്(സ)ന്റെ ഭരണം നേരിട്ടായിരിക്കും. പിന്നെ മസീഹ് മൗഊദ്(അ)ന്റെ കാലം വരുമ്പോള്‍ അത് ഈസ(അ)ന്റെ ഖിലാഫത്ത് ശൃംഖല പോലെ നിങ്ങള്‍ക്കുള്ളില്‍ ഞാന്‍ അത് നടപ്പില്‍ വരുത്തുന്നതാണ്.

ഹദ്‌റത്ത് മസീഹ് മൗഊദ്(അ) പറയുന്നു, മൂസവീ ശൃംഖലയില്‍ മസീഹ് വന്നിരുന്നു. മുഹമ്മദീ ശൃംഖലയിലും മസീഹ് വന്നു. പക്ഷെ മുഹമ്മദീ ശൃംഖലയിലെ മസീഹ് ആദ്യത്തെ മസീഹിനേക്കാള്‍ ശ്രേഷ്ഠനാണ്. അതുകൊണ്ട് തന്നെ അവര്‍ ചെയ്ത തെറ്റുകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുഹമ്മദീ മസീഹ് ചെയ്യുന്നതല്ല. അവര്‍ അല്ലാഹുവിനെ മറന്നു. മാത്രമല്ല ഒരു ദുര്‍ബലനായ മനുഷ്യനെ ദൈവപുത്രനാക്കി പൂജിക്കാനും തുടങ്ങി. എന്നാല്‍ മുഹമ്മദീ മസീഹ് തന്റെ ജമാഅത്തിന് ശിര്‍ക്കിനെതിരെ ശക്തമായ അദ്ധ്യാപനങ്ങളാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല വിശുദ്ധഖുര്‍ആനും പറയുന്നു, നിങ്ങള്‍ ഖിലാഫത്ത് ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും ശിര്‍ക്ക് ചെയ്യരുത്. എന്റെ സ്വച്ഛമായ ഇബാദത്തില്‍ എപ്പോഴും നിലകൊള്ളേണ്ടതാണ്. അതാണ്,
یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا എന്നതില്‍ സൂചിപ്പിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ ജമാഅത്ത് ഇതില്‍ നിലനില്‍ക്കുവോളം ആ അനുഗ്രഹവും ലഭിക്കുന്നവരായിരിക്കും.

ഇതിലുള്ള മറ്റൊരു സംഗതി വിശുദ്ധ ഖുര്‍ആന്‍ ശിര്‍ക്കിനെതിരെ നല്‍കിയിട്ടുള്ള അദ്ധ്യാപനത്തിന്റെ ആയിരത്തിലൊരംശം പോലും ഇഞ്ചീലില്‍ കാണാന്‍ കഴിയുകയില്ല. അതേപോലെ തന്നെ ശിര്‍ക്കിനെതിരെ ഹദ്‌റത്ത് മസീഹ് മൗഊദ്(അ) നല്‍കിയ അദ്ധ്യാപനം ഹദ്‌റത്ത് ഈസ(അ)ന്റെ ഇന്നത്തെ അദ്ധ്യാപനങ്ങളില്‍ കാണുന്നില്ല. ഹദ്‌റത്ത് മസീഹ് മൗഊദ്(അ)നുണ്ടായ ഇല്‍ ഹാമുകളിലും ഈ അദ്ധ്യാപനം കാണാം. ഒരു ഇല്‍ഹാം ഇപ്രകാരമാണ്.

ഖുദു ത്തൗഹീദ യാ അബ്‌നാ അല്‍ ഫാരിസ്(തദ്കിറ)

അല്ലയോ മസീഹ് മൗഊദ്, അദ്ദേഹത്തിന്റെ മക്കളേ! തൗഹീദിനെ എപ്പോഴും നിലനിര്‍ത്തുക. തൗഹീദിനെ സംബന്ധിച്ച് അല്ലാഹു ഈ ജമാഅത്തില്‍ ശക്തി ചെലുത്തിയത് കാണുമ്പോഴും ഖുര്‍ആനിക അദ്ധ്യാപനങ്ങളില്‍ പരിചിന്തനം നടത്തുമ്പോഴും ദൃഢമായും മനസ്സിലാകുന്നത് അല്ലാഹു തന്റെ അനുഗ്രഹത്താല്‍ സമ്പൂര്‍ണ്ണ തൗഹീദ് അഹ്മദികളില്‍ നിലനിര്‍ത്തുമെന്നാണ്. തല്‍ഫലമായി ഖിലാഫത്തും അവര്‍ക്കുള്ളില്‍ നിലനില്‍ക്കുന്നതാണ്. ആ ഖിലാഫത്താകട്ടെ ഇസ്‌ലാമിന്റെ സേവകരുമായിരിക്കും. ഈസാ മസീഹിന്റെ ഖിലാഫത്തിനെ പോലെ അവര്‍ സ്വയം തങ്ങളുടെ മതത്തെ തകര്‍ക്കുന്നവരായിരിക്കില്ല.

വിശുദ്ധഖുര്‍ആന്‍ പറയുന്നത് ഖലീഫമാര്‍ ഉണ്ടാകുമെന്നാണ്. നബി(സ) പറയുന്നു, എനിക്ക് ശേഷം ഖലീഫമാര്‍ ഉണ്ടാകും. തുടര്‍ന്ന് സ്വേച്ഛാധിപതികള്‍ വരും. പിന്നെ മര്‍ദ്ദക ഭരണകൂടങ്ങള്‍ ആയിരിക്കും. അതിനുശേഷം നുബുവ്വത്തിന്റെ മാര്‍ഗ്ഗത്തില്‍ ഖിലാഫത്ത് ഉണ്ടാകുന്നതാണ്. (മിശ്കാത്ത്) വിശുദ്ധ ഖുര്‍ആന്റെയും തിരുനബി(സ)ന്റെ സുന്നത്തിന്റേയും വെളിച്ചത്തില്‍ ഹദ്‌റത്ത് മസീഹ് മൗഊദ്(അ) അല്‍ വസിയത്തില്‍ പറയുന്നു ;

പ്രിയട്ടെവരെ , അല്ലാഹുവിന്റെ വളരെ പണ്ടേയുള്ള നടപടിക്രമം രണ്ട് ഖുദ്‌റത്തുകള്‍ വെളിപ്പെടുത്തുക എന്നുള്ളതാണ്. അങ്ങിനെ എതിരാളികളുടെ രണ്ട് തെറ്റായ സന്തോഷങ്ങളെ നിര്‍വീര്യമാക്കി കാണിക്കുന്നു, ആയതിനാല്‍ ഇപ്പോള്‍ അവന്‍ തന്റെ ഈ പുരാതനസുന്നത്തിനെ ഒഴിവാക്കുക സാധ്യമല്ല. ആയതിനാല്‍ ഞാന്‍ നിങ്ങളോട് പറഞ്ഞ ഈ കാര്യത്തില്‍ നിങ്ങള്‍ ദു:ഖിതരാകരുത്. നിങ്ങളുടെ ഹൃദയം പരിഭ്രമിക്കുകയുമരുത്. കാരണം രണ്ടാം ഖുദ്‌റത്ത് കാണേണ്ടതും നിങ്ങള്‍ക്ക് അനിവാര്യമാണ്. അതിന്റെ ആഗമനം നിങ്ങള്‍ക്ക് ഗുണകരമാണ്. എന്തുകൊണ്ടെന്നാല്‍ അത് എന്നെന്നും നിലനില്‍ക്കുന്നതാണ്. അതിന്റെ ശൃംഖല ഖിയാമത്ത് വരേയും മുറിക്കപ്പെടുന്നതല്ല. (അല്‍ വസിയത്ത്)

അതായത് നിങ്ങള്‍ ശരിയായ പാതയില്‍ ചരിക്കുകയാണെങ്കില്‍ അല്ലാഹു എന്നോട് വാഗ്ദാനം ചെയ്തത് രണ്ടാം ഖുദ്‌റത്ത് അതായത് ഖിലാഫത്ത് നിങ്ങള്‍ക്കുള്ളില്‍ വരികയും അത് ഖിയാമത്ത് വരേയും മുറിയന്നതല്ല എന്നുമാണ്.

This Post Has One Comment

  1. Yasar Arafath

    ശരിയായ രീതിയിലുള്ള ഖിലാഫത്ത് അല്ലാഹുവിന്റെ അനുഗ്രഹമായതിനാൽ, ഇന്ന് ഖിലാഫത്ത് നിലനിൽക്കുന്ന വിഭാഗമേതാണോ, അവരാണ് സത്യ ജമാഅത്തിന്റെ വക്താക്കൾ.. അത് ഇക്കാലത്ത് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് മാത്രമാണ്.

Comments are closed.