ഇവിടെ ഒരു ദൈവമുണ്ടോ?

Credits: NASA, ESA and J. Olmsted (STScI)

അവലംബം: Is there a God? by Rafi Ahmed, Ph.D. at Annual West Coast USA Convention 2007. alislam.org

വിവർത്തനം : ഇബ്നു സബാഹ്.

ദൈവാസ്തിത്വത്തെക്കുറിച്ച് നാസ്തികരും ആസ്തികരും തമ്മിൽ വളരെ സജീവമായിത്തന്നെ രൂക്ഷമായ ചർച്ചകൾ നടക്കുന്നു[1,2,3,4,5,6] എന്നുള്ളത് ആരോഗ്യകരവും ഉത്തേജകവുമായ ബൗദ്ധിക ചേതനകളുടെ ലക്ഷണമാണ്. ഹസ്രത്ത് ഖലീഫത്തുൽ മസിഹ് സാനി (റ) ‘ഹസ്തി ബാരി തആല‘[7] എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം എഴുതുന്നു.

“ആളുകൾ കേട്ടുകേൾവികോണ്ടു മാത്രം ദൈവത്തിൽ വിശ്വസിക്കുകയോ ഒരു സംവാദം ഒഴിവാക്കാൻ ദൈവത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയോ ചെയ്താൽ, ഇക്കാര്യം അവരുടെ മോക്ഷപ്രാപ്തിക്ക് ഒരുറപ്പും നല്കുകയില്ല…. അതിനാൽ, ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഗൗരവമായ ചിന്ത നൽകേണ്ടത് വളരെ പ്രധാന്യമുള്ള കാര്യമാണ്“

അതിനാൽ ഈ പ്രഭാഷണം അഭിസംബോധന ചെയ്യുന്ന ചോദ്യം : “ഇവിടെ ഒരു ദൈവമുണ്ടോ?“ എന്നുള്ളതാണ്.

തെളിവുകൾ സമർപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വഭാരം ആസ്തികരുടെ അഥവാ ദൈവവിശ്വാസികളുടെ മേലാണ് എന്ന പൂർണ്ണമായ ബോധ്യത്തോടുകൂടെയായിരിക്കണം ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഒരു ചർച്ച ആരംഭിക്കേണ്ടത്.

ഇക്കാര്യങ്ങൾ പരിചിന്തനം ചെയ്യുന്ന ആളുകളെ ആശ്ചര്യപ്പെടുത്തുന്ന ചില ചോദ്യങ്ങളുണ്ട്: പ്രകൃതിനിയമങ്ങൾ എങ്ങനെയുണ്ടായി?

പ്രപഞ്ചം എങ്ങനെ നിലവിൽ വന്നു?

ജീവൻ(life) എന്ന പ്രതിഭാസം എങ്ങനെയാണ് ജീവനല്ലാത്തതിൽ (non-life) നിന്ന് ഉത്ഭവിച്ചത്?

മധ്യകാല മുസ്ലിം തര്‍ക്കശാസ്‌ത്രവിദഗ്‌ദ്ധർ വികസിപ്പിച്ചെടുത്തതും തത്ത്വചിന്തകനായ വില്യം ക്രെയ്ഗ് പാശ്ചാത്യനാടുകളിൽ ജനപ്രിയമാക്കിയതുമായ ഒരു വാദരീതിയായ ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കുന്നതിന്നായി പ്രയോഗിച്ചുപ്പോരുന്ന ‘കലാം കോസ്മോളജിക്കൽ വാദം‘[8] (Kalam cosmological argument) നമുക്ക് പരിഗണിക്കാം. ഇതിൻപ്രകാരം, നിരീക്ഷിക്കാവുന്ന ഒരു പ്രപഞ്ചം (Observable Universe) നിലനിൽക്കുന്നതിനാൽ, മൂന്ന് സാധ്യതകളാണുള്ളത്:

ഒന്നാമതായി, പ്രപഞ്ചം എല്ലായ്പ്പോഴും നിലനിന്നിരുന്നു.

രണ്ടാമതായി, പ്രപഞ്ചം അതിനെതന്നെ സ്വയം സൃഷ്ടിച്ചു.

മൂന്നാമതായി, നാം ‘ദൈവം’ എന്ന് വിളിക്കുന്ന സർവശക്തനും സർവ്വജ്ഞനുമായ അതീന്ദ്രിയ അസ്തിത്വമാണ് അത് സൃഷ്ടിച്ചത്.

നമുക്ക് ഇക്കാര്യങ്ങളെ ഒന്നൊന്നായി പരിശോധിക്കാം.

അനശ്വര പ്രപഞ്ചം

നിത്യപ്രപഞ്ചം, എന്നെന്നും നിലനിന്നിരുന്ന പ്രപഞ്ചം എന്നിവയുടെ സാധ്യതകൾ പരിചിന്തിക്കുക. എന്നാൽ തെർമോഡൈനാമിക്സിന്റെ രണ്ടാം നിയമവും എൻട്രോപ്പി സിദ്ധാന്തവും ഈ സാധ്യതയെ തള്ളിക്കളയുന്നു. പ്രപഞ്ചം യഥാർത്ഥത്തിൽ അനന്തമായ ഒരു നീണ്ട കാലയളവ് നിലനിന്നിരുന്നെങ്കിൽ, അതിന്റെ തന്മാത്രാക്രമക്കേടിന്റെ (Molecular Disorder) അളവായ അതിന്റെ എൻട്രോപ്പി (Entropy) അതിന്റെ പരമാവധി മൂല്യത്തിൽ എത്തുമായിരുന്നു; അപ്രകാരം പ്രപഞ്ചത്തിന് ഒരു ‘ചൂട് മരണം’ (Heat Death) [9,10] അനുഭവപ്പെടുമായിരുന്നു. പ്രപഞ്ചം ഈ രീതിയിൽ ഇതുവരെ മരണപ്പെട്ടിട്ടില്ല എന്ന വസ്തുത അത് എല്ലാ ‘നിത്യതയിലും‘ നിലനിന്നിരുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്.

പ്രപഞ്ചത്തിന്റെ ഉത്ഭവം

ഈ പ്രപഞ്ചത്തെ സൗകര്യപൂർവ്വം ആരംഭമില്ലാത്തയൊന്നും അവസാനമില്ലാത്തയൊന്നുമായി കരുതിയിരുന്ന കാലത്തോളം, അതിന്റെ അസ്തിത്വം സ്വയം വിശദീകരിക്കുന്ന ഒരു മൃഗീയ വസ്തുതയായി കാണാൻ എളുപ്പമായിരുന്നു. അങ്ങനെ, മറ്റൊന്നിന്റെയും തന്നെ സൃഷ്ടിയായി ഇതിനെ സങ്കൽപ്പിക്കേണ്ട അവശ്യവുമില്ലായിരുന്നു. എന്നാൽ ബിഗ്-ബാംഗ് സിദ്ധാന്തം (The Big Bang Theory) ഈ സാഹചര്യം സമൂലമായി മാറ്റിമറിച്ചു.

NASA/WMAP Science Team – Original version: NASA; Public Domain

പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തമാണ് ബിഗ് ബാംഗ് സിദ്ധാന്തം. [5, 11] ഈ സിദ്ധാന്തമനുസരിച്ച്, 140 കോടി വർഷങ്ങൾക്ക് മുമ്പ്, പ്രപഞ്ചം വളരെ സങ്കീർണ്ണവും വളരെ ചൂടുള്ളതുമായ അവസ്ഥയിൽ നിന്ന് ഉത്ഭവിച്ച് പിന്നീട് അത് അതിവേഗം തണുക്കുകയും പിന്നീട് വികസിക്കുകയും ചെയ്തു എന്നുള്ളതാണ്. ബിഗ് ബാംഗ് സിദ്ധാന്തം ആധുനിക വിശ്വവിജ്ഞാനീയത്തിന്റെ ആധാരശിലയായി കണക്കാക്കപ്പെടുന്നു.

പ്രപഞ്ചത്തിന്റെ ഉത്ഭവഘട്ടത്തിൽ സൃഷ്ടിപ്പ് സംഭവിക്കാവുന്ന ഒരു സന്ദർഭം ബിഗ് ബാംഗ് സിദ്ധാന്തം മൂഖേന നൽകപ്പെടുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഉത്ഭവവേളയിൽ, ഭൗതികശാസ്ത്രജ്ഞർ ഏകത്വം (Singularity) എന്ന് വിളിക്കുന്ന ഒരു സന്ദർഭം നമുക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട് , ആ സിംഗുലാരിറ്റിയിൽ സ്ഥലം കാലം (space and time) എന്നിവയൊന്നും നിലവിലുണ്ടായിരുന്നില്ല അവിടെ വെച്ച് ഭൗതികശാസ്ത്രനിയമങ്ങളെല്ലാം തകരുകയാണ്. പ്രപഞ്ചത്തിന് ഒരു ഉത്ഭവമുണ്ടെങ്കിൽ, ‘ഈ ഉത്ഭവം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത് ?’ എന്നുള്ള ചോദ്യം തികച്ചും വിവേകപരവും അനിവാര്യവുമായിത്തീരുന്നു.

പക്ഷെ ഏകത്വത്തോടു(singularity)കൂടിയുള്ള പ്രപഞ്ചത്തിന്റെ ഉത്ഭവം എന്ന ആശയം അതിന്റെ സൃഷ്ടിയിൽ ദൈവത്തിന്റെ പങ്ക് സൂചിപ്പിക്കുന്നതിനാൽ തന്നെ നിരീശ്വരവാദികളായ പല ശാസ്ത്രജ്ഞരുമായും ഈ ആശയത്തിന്റെ ഇരിപ്പുവശം അത്ര നല്ലതായിരുന്നില്ല.[14]

പ്രപഞ്ചത്തിന് ഒരു തുടക്കം ആവശ്യമില്ലാത്ത വിധത്തിൽ പ്രപഞ്ചത്തിന്റെ വികാസം വിശദീകരിക്കാനുള്ള ശ്രമത്തിൽ ബോണ്ടിയും ഹോയ്ലും (Fred Hoyle and Hermann Bondi) സ്ഥിരാവസ്ഥ സിദ്ധാന്തം (steady-state theory) അവതരിപ്പിച്ചു. എന്നാൽ ഈ സിദ്ധാന്തം നിരീക്ഷിക്കപ്പെട്ട വസ്തുതകളുമായി (Observational Data) പൊരുത്തപ്പെടാത്തതിനാൽ ഉടനടി ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

കേംബ്രിഡ്ജ് സർവകലാശാലയിലെ ഗണിത പ്രൊഫസറായിരുന്ന സ്റ്റീഫൻ ഹോക്കിംഗും ജെയിംസ് ഹാർട്ടിലും ഒരു സിദ്ധാന്തം നിർദ്ദേശിച്ചിരുന്നു, ഇതുപ്രകാരം പ്രപഞ്ചത്തിന് സ്ഥലപരമായതോ സമയത്തിന്റെയോ അതിരുകളില്ല, അതായത്, അതിന് തുടക്കമോ അവസാനമോ ഇല്ല. ശേഷം ‘കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം’ [12]  എന്ന പുസ്തകത്തിൽ ഹോക്കിംഗ് ചോദിക്കുന്നുണ്ട്, “ഇനി ഇവിടെ ഒരു സ്രഷ്ടാവിന് എന്തെങ്കിലും സ്ഥാനമുണ്ടോ” എന്ന്.

ഹോക്കിംഗിന്റെ സിദ്ധാന്തത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. സാങ്കൽപ്പിക പ്രപഞ്ചങ്ങളെ നിർണ്ണയിക്കാൻ ഹോക്കിംഗിന്റെ ഈ പരിഹാരം സാങ്കൽപ്പിക സമയത്തെയാണ് ഉപയോഗിക്കുന്നത്. പരീക്ഷണാത്മകമായ പരിശോധനകൾക്ക് ഒട്ടും സാധ്യതയില്ലാത്ത തികച്ചും ഊഹാപോഹ സിദ്ധാന്തമായി നിലനിൽക്കാൻ മാത്രമേ ഈ സിദ്ധാന്തത്തിനു സാധിക്കുകയുള്ളൂ.

പ്രപഞ്ചത്തിന്റെ ഫൈൻ ട്യൂണിങ്

സകല നിയമങ്ങളുമുള്ള ഈ പ്രപഞ്ചം മനുഷ്യജീവൻ ഉൽപാദിപ്പിക്കാൻ അതിസൂക്ഷ്മമായി സന്തുലിതവും, മികച്ചരീതിയിലുള്ളതുമാണെന്നും[9,17] കാണപ്പെടുന്നു. ഭൗതികശാസ്ത്രജ്ഞർ ഇതിനെ നരവംശ തത്ത്വം (anthropic principle) എന്ന് വിളിക്കുന്നു.

പ്രപഞ്ചത്തിന്റെ അടിസ്ഥാന സവിശേഷതകളിൽ പലതും, സാരാംശത്തിൽ, അടിസ്ഥാന സ്ഥിരാങ്കങ്ങൾക്കും (fundamental constants) പ്രപഞ്ചത്തിന്റെ ആരംഭത്തിലെ പ്രാരംഭാവസ്ഥകൾക്കും നിർദ്ദേശിക്കപ്പെട്ട മൂല്യങ്ങളാലാണ് നിർണ്ണയിക്കപ്പെടുന്നത്.

മഹാവിസ്ഫോടനത്തിനു ശേഷമുള്ള ഒരു സെക്കൻഡിനു ശേഷം വിപുലീകരണനിരക്ക് (rate of expansion) ഒരു ലക്ഷം ട്രില്യണിൽ ഒരു ഭാഗം പോലും കുറഞ്ഞുപോയിരുന്നെങ്കിൽ പ്രപഞ്ചം അതിന്റെ ഇപ്പോഴത്തെ വലുപ്പത്തിലെത്തുന്നതിന് മുമ്പ് വീണ്ടും തകർന്നേനെ എന്ന് ഹോക്കിംഗ്[12] എഴുതുന്നു. വിപുലീകരണ നിരക്ക് അൽപ്പം ഉയർന്നിരുന്നെങ്കിൽ, ഈയുള്ള താരാപഥങ്ങൾ (Galaxies) ഒന്നുംതന്നെ ഒരിക്കലും രൂപപ്പെടില്ലായിരുന്നു.

നരവംശ തത്ത്വത്തിൽ, ദൈവത്തിന്റെ പ്രവൃത്തിയായ ലക്ഷ്യബോധത്തോടെയുള്ള ഒരു രൂപകല്പനയാണ് ആസ്തികർ ദർശിക്കുന്നത്. എന്നാൽ, പ്രപഞ്ചത്തിൽ മനുഷ്യജീവന്റെ നിലനില്പിനായി ആവശ്യമായതെല്ലാം കൃത്യമായി എല്ലാ ഘടകങ്ങളും ഒത്തുചേർന്നത് തികച്ചും യാദൃച്ഛികമായ വെറുമൊരു ഭാഗ്യമായി ഒരു നിരീശ്വരവാദി കണക്കാക്കുന്നു, അങ്ങനെ സ്വന്തം അസ്തിത്വത്തിന്റെ നിഗൂഢതയിൽ ചിന്താമഗ്നരാണവർ.

എന്നാൽ പ്രപഞ്ചത്തിൽ ജീവൻ ആവിർഭവിക്കാനുള്ള സാധ്യത അത്യന്തം സൂക്ഷ്മമാണ്, അവിശ്വസനീയമാംവിധം ചെറുതാണ്, ഇതെങ്ങനെ സാധിക്കുമെന്നുള്ളതിനു യുക്തിസഹമായൊരു വിശദീകരണം ആവശ്യമാണ്.

ഒന്നിലധികം പ്രപഞ്ചങ്ങൾ

ഇതിനുശേഷം, പല നിരീശ്വരവാദികളും നിരാശയോടെ മറ്റൊരു വിശദീകരണത്തിലേക്ക് പലായനം നടത്തി: അനേകം പ്രപഞ്ചങ്ങൾ[9, 15] – അതായത്, അനന്തമായ പ്രപഞ്ചങ്ങൾ എന്നുള്ളതിലേക്ക്. നമ്മുടെ പ്രപഞ്ചം എണ്ണമറ്റ പ്രപഞ്ചങ്ങളിൽ ഒന്നു മാത്രമാണ് എന്നവകാശപ്പെടുന്നതിലൂടെ ഈ പ്രപഞ്ചത്തിന്റെ അതുല്യതയും മികച്ച ട്യൂണിംഗും തള്ളിക്കളയുകയാണ് അവർ.

ഇത്തരം ഫാന്റസ്മാഗോറിക് (phantasmagoric theory) സിദ്ധാന്തത്തിന്റെ ഒരു ഭാഗത്ത്, നാളെയെന്നി‌ല്ല എന്ന മട്ടിൽ ഉദിച്ചുയരുന്ന പ്രപഞ്ചങ്ങളെക്കുറിച്ചാണ് അവർ പറയുന്നത്. എന്നാൽ എവിടെവെച്ച്, എങ്ങനെ എന്നൊന്നും ദയവായി അവരോട് ചോദിക്കുകയുമരുത്.

അപ്പോൾ, ആന്ദോളനം (Oscillating) ചെയ്യുന്നതും, സമാന്തരവും (Parallel) അതുപോലെതന്നെ അനേക പ്രപഞ്ചങ്ങൾക്കുമെല്ലാം (Multiple Universe) പ്രയോഗസിദ്ധമായ തെളിവുകൾ (empirical Evidence) എന്തെങ്കിലുമുണ്ടോ? ഒന്നും തന്നെയില്ല.

ഡോ. അബ്ദുസ്സലാമിനൊപ്പം നോബൽ സമ്മാനം പങ്കിട്ട ശാസ്ത്രജ്ഞനാണ് സ്റ്റീവൻ വെയിൻബെർഗ്. വെയിൻബെർഗ് ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരിൽ ഒരാളാണ്, അദ്ദേഹം ഒരു പ്രമുഖ നിരീശ്വരവാദി കൂടിയാണ്. അനേകം പ്രപഞ്ചങ്ങൾ എന്ന സിദ്ധാന്തമൊക്കെയും “യാതൊരു പരീക്ഷണാത്മക പിന്തുണയുമില്ലാത്ത തികച്ചും ഊഹാടിസ്ഥാനത്തിലുള്ള ആശയങ്ങളാണ് “[15] എന്ന് അദ്ദേഹവും സമ്മതിക്കുന്നുണ്ട്.

എന്റെ അഭിപ്രയത്തിൽ, നിരീശ്വരവാദികൾ സുവ്യക്തമായ ഒരു പരിഹാരത്തെ പിന്തള്ളാൻ വേണ്ടി കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങൾ കണ്ടുപിടിച്ചുകൊണ്ടുവരികയാണ്. നിരീക്ഷണം സാധ്യമല്ലാത്തൊരു ദൈവത്തെ ഇല്ലായ്മചെയ്യാൻ വേണ്ടി നിരീക്ഷിക്കാൻ സാധിക്കാത്ത അനന്തമായെ എണ്ണം പകരക്കാരെ ഉണ്ടാക്കുകയാണവർ, ഇതൊക്കെ ഹോളിവുഡ് സയൻസ് ഫാന്റസി സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതുതന്നെയാണ്.

പ്രകൃതി നിയമങ്ങൾ

തകർന്നുകൊണ്ടിരിക്കുന്ന തമോദ്വാരത്തിൽ നിന്ന് ഉത്ഭവിക്കുന്ന അനേകം-പ്രപഞ്ചങ്ങൾ എന്നുള്ളതും, അതുപോലെ, ഹോക്കിംഗിന്റെ അതിർത്തി രഹിത പ്രപഞ്ചം എന്നുമെല്ലാമുള്ള എല്ലാ തരം പ്രപഞ്ച മാതൃകകൾക്കും മുമ്പേ-നിലവിലുണ്ടായിരിക്കേണ്ട ഭൗതികശാസ്ത്ര നിയമങ്ങൾ ആവശ്യമാണ്. ഭൗതികശാസ്ത്രത്തിന്റെ ഈ മഹത്തായ നിയമങ്ങളെല്ലം എങ്ങനെ നിലവിൽ വന്നു എന്നതിന് ആർക്കും ഒരു വിശദീകരണവുമില്ലതാനും. [14]

ആരാണ് ഈ നിയമാവലി ആവിഷ്കരിച്ചത്? ആരാണ് ഈ മഹത്തായ മൾട്ടി-വേരിയബിൾ ഡിഫറൻഷ്യൽ സമവാക്യങ്ങൾ എഴുതിയത്? ഈ സമവാക്യങ്ങൾക്ക് ആരാണ് പരിഹാരം കണ്ടെത്തിയത്?

തീർച്ചയായും ഇനിയും കുറേകൂടി ആഴത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയും. നിർജീവമായ അടിസ്ഥാന കണങ്ങൾക്ക് നിർദ്ദേശങ്ങൾ അനുസരിക്കാനും മഹത്തായ ഗണിത നിയമങ്ങൾ പാലിക്കാനും എങ്ങനെ സാധിക്കുന്നു? നിലനിർത്തി കൊണ്ടുപോകുന്നയൊരാൾ ഇല്ലാതെ പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കും?

നിരീശ്വരവാദികളുടെ വീക്ഷണങ്ങൾക്ക് പ്രകൃതിയുടെ അഗാധമായ നിയമാനുവര്‍ത്തിത്വം വിശദീകരിക്കാൻ കഴിയില്ല. ഗണിത-ഭൗതികശാസ്ത്രജ്ഞൻ പോൾ ഡേവിസ് എഴുതുന്നു[9] , “നിയമങ്ങളുടെ ദൈവികമായ അടിത്തറ ഇല്ലാതാക്കിയാൽ, അവയുടെ അസ്തിത്വം ആഴമേറിയ നിഗൂഢതയായി മാറുന്നു.”

സ്രഷ്ടാവിന്റെ സൃഷ്ടിപ്പ്

പ്രസിദ്ധ പരിണാമ ജീവശാസ്ത്രജ്ഞനും ഓക്സ്ഫോർഡിലെ പബ്ലിക്ക് അണ്ടർസ്റ്റാന്റിങ്ങ് ഒഫ് സയൻസ് പ്രൊഫസറുമാണ് റിച്ചാർഡ് ഡോക്കിൻസ്, തന്റെ പുസ്തകമായ ‘ദി ഗോഡ് ഡെല്യൂഷനി’[1]ൽ, ആസ്തികർക്കെതിരെ സമഗ്രമായ ആക്രമണം നടത്തുകയും പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിന്റെ ആവശ്യമുണ്ടോ, അങ്ങനെയെങ്കിൽ ദൈവത്തിനോ? ആരാണ് ദൈവത്തെ സൃഷ്ടിച്ചത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

ദൈവശാസ്ത്രപരമായ നിലപാടിനെതിരായ എല്ലാ വാദങ്ങളുടെയും മാതാവ് എന്നനിലയ്ക്കാണ് ഡോക്കിൻസ് ഈ ചോദ്യം അവതരിപ്പിക്കുന്നത്. ഹസ്രത്ത് ഖലീഫതുൽ മസീഹ് രണ്ടാമൻ, ‘ഹസ്തി ബാരി തആല‘[7] എന്ന പുസ്തകത്തിൽ ഒരു ഹദീസ് പരാമർശിക്കുന്നുണ്ട്, നിരീശ്വരവാദികൾ ദൈവത്തിന്റെ അസ്തിത്വത്തിനെതിരായി ഇത്തരമൊരു വാദവുമായി ഇങ്ങനെയുള്ള ചോദ്യങ്ങൾ ഉപയോഗിക്കുന്ന ഒരു കാലത്തെക്കുറിച്ച് അതിൽ പ്രവചനം ചെയ്യപ്പെട്ടിട്ടുണ്ട്.

നമുക്ക് ഈ ചോദ്യം കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കാം. ഇക്കാര്യം പ്രമാണികമായ യുക്തിയുടെ (Inductive Reasoning) പരിമിതിയിലേക്ക് വിരൽ ചൂണ്ടുന്നതായി നമുക്ക് കണ്ടെത്താൻ സാധിക്കും. ‘സൃഷ്ടിക്കപ്പെട്ടിട്ടില്ല‘  എന്നുള്ള നിർവചനം കണക്കിലെടുക്കുകയാണെങ്കിൽ, മൂല കാരണത്തിന് ഈ ചോദ്യം ബാധകമാവുകയില്ല എന്നുള്ളതാണ് കാര്യം. നിരീശ്വരവാദികൾ വാദിച്ചിരുന്ന “ഒരു തുടക്കമുള്ള എല്ലാത്തിനും ഒരു കാരണമുണ്ടായിരിക്കണം എന്നു നിർബന്ധമില്ല, അതുകൊണ്ടുതന്നെ പ്രപഞ്ചം ഇങ്ങനെ നിലനിന്നുവന്നിരുന്നു“ എന്നുള്ള അവരുടെ ആദ്യത്തെ നിലപാടിനെ നിഷേധിക്കുന്നതായാണ് കാണുന്നത്.

ഇപ്പോൾ ഇവിടെ രണ്ട് സാധ്യതകളാണുള്ളത്. അളവറ്റ വിവേകമതിയായ ഒരു ചേതസ്സ്, സർവശക്തനായ ഒരു അസ്തിത്വം, സ്ഥല-കാലങ്ങൾക്കെല്ലാം അതീതമായി നിലനിൽക്കുന്ന ഒരു കാര്യകർത്താവ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു. മറ്റൊന്ന്, മനസ്സോ ബോധമോ ഇല്ലാതെ, ഇച്ഛാശക്തിയോ ബുദ്ധിയോ ഇല്ലാതെ, ഉദ്ദേശ്യമോ വിവേകമോ ഒന്നുംതന്നെയില്ലാതെ പ്രപഞ്ചം സ്വയം തന്നെ ആദ്യം പ്രകൃതിയുടെ മഹത്തായ നിയമങ്ങൾ ആവിഷ്കരിക്കുകയും പിന്നീട് തികച്ചും ശൂന്യതയിൽ നിന്ന് സ്വയം സൃഷ്ടിക്കുകയും ചെയ്തു എന്നുള്ളത്.

ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്: ദൈവമോ പ്രപഞ്ചമോ ? മൂല കാരണമായി ഗണിക്കാവുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥി ആരാണ് ? ഏതാണ് കൂടുതൽ യുക്തിസഹവും ബൗദ്ധികമായി സംതൃപ്തവുമായ ബദൽ?

ഉറവിടത്തിന്റെ ഐക്യം

ദൈവത്തിന്റെ അസ്തിത്വത്തെ അനുകൂലിക്കുന്ന മറ്റൊരു വാദമുഖം ഉറവിടത്തിന്റെ ഐക്യം സ്ഥാപിക്കുകപ്പെടുക എന്നതാണ്. അതായത്, വിശുദ്ധ ഖുർആന്റെയും പ്രപഞ്ചത്തിന്റെയും രചയിതാവ് ഒന്നുതന്നെ എന്ന വസ്തുത സ്ഥാപിക്കപ്പെടുക എന്നുള്ളത്.

വിശുദ്ധ ഖുർആൻ പറയുന്നു:

“അവിശ്വാസികൾ കാണുന്നില്ലേ. ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിപ്പിടിച്ചതായിരുന്നു. പിന്നെ നാം അവയെ വേർപ്പെടുത്തുകയും ജീവനുള്ള എല്ലാ വസ്തുക്കളേയും നാം വെള്ളത്തിൽ നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ട് അവർ വിശ്വസിക്കുന്നില്ലേ?”

(21:31)

ഈ വാക്യം ബിഗ് ബാംഗ് സിദ്ധാന്തം വിഭാവനം ചെയ്ത പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ളത്തിൽ നിന്ന് ജീവൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ള കാര്യവും സുസ്ഥിരമായ ശാസ്ത്രീയ വസ്തുതയാണ്. ഇവിടെ ശ്രദ്ധേയമായൊരു കാര്യം ഈ വാക്യം അവിശ്വാസികളെയും നിരീശ്വരവാദികളെയും വെല്ലുവിളിക്കുകയും പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും ഉത്ഭവത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു എന്നതാണ്, ഇക്കാലത്ത് എറ്റവും ചൂടേറിയ ചർച്ചാവിഷയങ്ങളും[1,2,4,5,6] ഇവ രണ്ടും തന്നെയാണല്ലോ. ഹസ്രത്ത് ഖലീഫത്തുൽ മസീഹ് നാലാമൻ തിരുമനസ്സ് (റഹ്) തന്റെ “വെളിപാട്, യുക്ത, ജ്ഞാനം, സത്യം” [10] (Revelation, Rationality, Knowledge and Truth) എന്ന പുസ്തകത്തിൽ, അടുത്തിടെ മാത്രം കണ്ടെത്തിയ ശാസ്ത്രീയ വസ്തുതകളെ പരാമർശിക്കുന്ന ഖുർആൻ വാക്യങ്ങളുടെ നിരവധി ഉദാഹരണങ്ങൾ പരാമർശിക്കുന്നുണ്ട്.

ഡാർവിന്റെ പരിണാമം

ദൈവത്തിന്റെ അസ്തിത്വത്തിനെതിരായ തെളിവായി പലരും തെറ്റിദ്ധരിച്ചിരിക്കുന്ന ഡാർവിനിയൻ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ഞാൻ ഇവിടെ ഹ്രസ്വമായി പറയാം. ഡാർവിനിയൻ പരിണാമ സിദ്ധാന്തം വരുന്നതിനു മുമ്പ് ഒരു നിരീശ്വരവാദിയായിരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് ഡോക്കിൻസ് തന്റെ പുസ്തകമായ “ദി ബ്ലൈൻഡ് വാച്ച്മേക്കർ” [3]ൽ സൂചിപ്പിക്കുന്നുണ്ട്. ഡാർവിനിയൻ സിദ്ധാന്തം പ്രാവർത്തികമാകുവാൻ കോശത്തിന്റെ തന്മാത്രാ യന്ത്രങ്ങളുടെയും (molecular machinery) ആർഎൻഎയുടെയും ഡിഎൻഎയുടെയും ജനിതക വസ്തുക്കളുടെയും അസ്തിത്വത്തെ മുൻകൂട്ടി സങ്കൽപ്പിച്ചിരുന്നു എന്നുള്ള വസ്തുത ഊന്നിപ്പറയേണ്ടതാണ്[6,16,17]. ജീവന്റെ ഉത്ഭവത്തിനോ ജനിതക വസ്തുവിനോ (genetic material) ഒരു വിശദീകരണവും നൽകാൻ പരിണാമ സിദ്ധാന്തത്തിന് സാധിച്ചിട്ടില്ല.

താരതമ്യേന ലളിതമായതിൽ നിന്നും അതിസങ്കീർണ്ണമായവയിലേക്ക്,  ദശലക്ഷക്കണക്കിന് വർഷങ്ങളുടെ കാലയളവിൽ പുരോഗമനപരമായ രീതിയിൽ, ജീവരൂപങ്ങളുടെ ആവിർഭാവമുണ്ടായി എന്നുള്ളത് ഫോസിലുകളിൽ നിന്നും നമുക്ക് കണ്ടെത്താൻ സാധിച്ചിട്ടുണ്ട് എന്ന വസ്തുത നാം അംഗീകരിക്കുന്നു[10]. എന്നാൽ, ഈ നിരീക്ഷണങ്ങളുമായി ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങളാകട്ടെ, ഒരു പൊതു വംശത്തിന്റെ രൂപാന്തരം (common descent with modification) എന്ന പരികല്പനയും, ഡാർവിനിയൻ പ്രക്രിയകളായ ക്രമരഹിതമായ പരിവര്‍ത്തനവും (random mutation) പ്രകൃതി നിർധാരണവുമാണ് (natural selection). ഏതൊരു ജീവിയുടെയും കൃത്യമായ പരിണാമ പാതകൾ ഇപ്പോഴും കണ്ടുപിടിക്കാൻ  സാധ്യച്ചിട്ടില്ലാത്ത അവസ്ഥയിൽ[10], അസംഖ്യം ജീവി വൈവിധ്യങ്ങളുടെ പിന്നിലെ ഏക സർഗ്ഗാത്മക ശക്തിയായി ഇതിനെ കണക്കാകുന്നതാണ് ഞങ്ങളെ സംശയാലുക്കളായിരിക്കുന്നത്.

ഡാർവിനിസത്തെ ചോദ്യം ചെയ്യുന്ന ശാസ്ത്രജ്ഞർ ഇപ്പോഴും ഒരു ന്യൂനപക്ഷം മാത്രമാണ്, പക്ഷേ ശാസ്ത്രലോകത്ത് വിയോജിപ്പ് വർദ്ധിച്ചുവരികയാണ്. അടുത്തിടെ, വിവിധ ശാസ്ത്ര മേഖലകളിൽ നിന്നുള്ള നൂറോളം വരുന്ന വിശ്വാസികളും, അവിശ്വാസികളും ഉൾപ്പെടുന്ന പ്രമുഖ ശാസ്ത്രജ്ഞർ ഒരു പരസ്യ പ്രഖ്യാപനം[19] നടത്തിയിരുന്നു അതിൽ അവർ പറയുന്നു; “ജീവന്റെ സങ്കീർണ്ണത വിശദീകരിക്കാൻ ക്രമരഹിതമായ പരിവര്‍ത്തനത്തിനും (random mutation ) പ്രകൃതി നിർധാരണത്തിനും (natural selection) സാധിക്കുന്നുണ്ട് എന്നുള്ള അവകാശവാദങ്ങളിൽ അവർക്ക് സംശയമുണ്ട് “ എന്നും,  അതുപോലെതന്നെ “ഡാർവിനിയൻ സിദ്ധാന്തത്തിന്റെ തെളിവുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം.” എന്നും അവർ ആവശ്യപ്പെടുകയുണ്ടായി.

ഹസ്രത്ത് ഖലീഫത്തുൽ മാസിഹ് നാലാമൻ തന്റെ “വെളിപാട്, യുക്തി, ജ്ഞാനം, സത്യം” എന്ന പുസ്തകത്തിൽ ഡാർവിനിയൻ സിദ്ധാന്തത്തെക്കുറിച്ച് സമാനമായ സന്ദേഹവാദം[10] പ്രകടിപ്പിച്ചിരുന്നു.

വിടവുകളുടെ ദൈവം (God of the Gaps)

അടുത്തതായി പൊതുവിലുള്ള ഒരു വലിയ തെറ്റിദ്ധാരണയെക്കുറിച്ച് സംസാരിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. നിരീശ്വരവാദികൾ ആസ്തികർ പലപ്പോഴും “വിടവിന്റെ ദൈവം”[1,2,3] എന്ന തന്ത്രം ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്നു ശാസ്ത്രീയമായ അറിവുകളിലെ അവശേഷിക്കുന്ന വിടവുകൾ വിശദീകരിക്കാൻ ആസ്തികർ ദൈവത്തെ ഉപയോഗിക്കുന്നു എന്നാണ് അവരുടെ വാദം. നിലവിലെ അറിവുകളിൽ ഒരു വിടവ് കണ്ടെത്തികഴിഞ്ഞാൽ, ആ വിടവിൽ ‘ദൈവം’ പ്രതിഷ്ഠിക്കപ്പെടും എന്നവർ അനുമാനിക്കുകയാണ്. എന്നാൽ ശാസ്ത്രം മുന്നേറുമ്പോൾ വിടവുകൾ ചുരുങ്ങുകയും വിടവുകളുടെ ദൈവം ഒടുവിൽ ജീവിക്കാൻ ഒരിടവുമില്ലാതെ സ്ഥാനഭ്രഷ്ടനാവുകയും ചെയ്യുമെന്നാണവർ പറയുന്നത്.

എന്നാൽ ശരിക്കും ഇതാണോ സത്യം? നമുക്ക ഉദാഹരണസഹിതം തന്നെ പരിശോധിക്കാം. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത പരിണാമ ജീവശാസ്ത്രജ്ഞനായിരുന്നു ഏണസ്റ്റ് ഹെക്കൽ തന്റെ സമകാലികരിൽ പലരെയും പോലെ, ഒരു കോശം “പ്രോട്ടോപ്ലാസത്തിന്റെ പ്രാഥമികമായ ഒരു ചെറിയ പിണ്ഡം”[16] ആണെന്ന് അദ്ദേഹം വിശ്വസിച്ചുവന്നിരുന്നു അതോടൊപ്പം തന്നെ ജീവന്റെ യാദൃച്ഛികോല്പാദന സിദ്ധാന്തത്തെ അനുകൂലിക്കുകയും വാദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അമ്പതു വർഷത്തിനുള്ളിൽ തന്നെ തന്മാത്രാ ജീവശാസ്ത്രശാസ്ത്രം (molecular biology) വമ്പിച്ച പുരോഗതി കൈവരിച്ചുകഴിഞ്ഞിരിക്കുന്നു. മനുഷ്യമനസ്സ് [6] ഇതുവരെ മനസ്സിലാക്കിയതിനേക്കാൾ പ്രവർത്തനക്ഷമതയിലും, അതിന്റെ ഘടനയിലും, വളരെ സങ്കീർണ്ണമായ ഒരു തന്മാത്രാ യന്ത്രമാണ് കോശമെന്ന് ഇപ്പോൾ നമുക്ക് മനസ്സിലാക്കുന്നു. കോശത്തിന്റെ യാദൃച്ഛികോല്പാദനം അങ്ങനെ ഊഹാതീതമായി കണക്കാക്കപ്പെടുന്നു. ഈ പുരോഗതികൾ ദൈവത്തെ എവിടെ നിന്നും സ്ഥാനഭ്രഷ്ടനാക്കിയിട്ടില്ല എന്നുമാത്രമല്ല. തികച്ചും വിപരീതമായി, ഇരുപതാം നൂറ്റാണ്ടിലെ പല വലിയ കണ്ടെത്തലുകളും ബൗദ്ധിക സംവാദത്തിൽ[5,6] ദൈവത്തെ കൂടുതൽ ദൃഢപ്പെടുത്തുകയാണ് ചെയ്യുന്നത്.

ദൈവത്തെ തിരസ്കരിക്കുന്നതിനുള്ള കാരണം

നിരീശ്വരവാദത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഞാൻ ഹ്രസ്വമായി ഇവിടെ സംസാരിക്കാം. മിക്ക നിരീശ്വരവാദികളും ബുദ്ധിമാന്മാരും ചിന്താശേഷിയുള്ളവരും ആത്മാർഥതയുള്ളവരും തന്നെയാണ്. നല്ല അറിവുള്ളവരുടെ ഭാഗത്ത് നിന്ന് എന്തുകൊണ്ടാണ് ഇത്തരം അവിശ്വാസവും നിരന്തരമായ തിരസ്കാരവും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന വിഷമകരമായ ചോദ്യം ഉയരുന്നു. എന്റെ വീക്ഷണത്തിൽ, ദൈവത്തിന്റെ അസ്തിത്വത്തെ അവർ നിരസിക്കുന്നത് ശാസ്ത്രീയാടിസ്ഥാനത്തിലാണ് എന്നാകണം എന്നില്ല, എന്നിരുന്നാലും ശാസ്ത്രലോകം അടിസ്ഥാനപരമായി ദൈവത്തിന്റെ അസ്തിത്വം ഉണ്ടെന്നോ ഇല്ലെന്നോ തീർച്ചയില്ലാതെ തന്നെ തുടരുന്നു.

മനുഷ്യർ ദൈവത്തെ തള്ളിക്കളയാനുള്ള കാര്യങ്ങൾ മനുഷ്യാവസ്ഥയിൽ നിന്നു തന്നെയാണ് ഉണ്ടാകുന്നത്: ദൈവിക സർവജ്ഞതയ്ക്ക് കീഴിൽ സ്വതന്ത്ര ഇച്ഛാശക്തി (Free will), നന്മയുടെ ദൈവം തിന്മയെ സൃഷ്ടിക്കൽ, ശാശ്വതമായ വിനാശത്തിലുള്ള വിശ്വാസം, കരുണയുടെ ദൈവമായിരിക്കെ മനുഷ്യനുമേൽ ചെയ്യുന്ന കഷ്ടതകൾ എന്നിങ്ങനെ[1,2,15].

ഒരുപക്ഷേ ദൈവത്തെയും മതത്തെയും തിരസ്കരിക്കുന്നതിനുള്ള പ്രാഥമിക കാരണം മതം തന്നെയായിരിക്കാം. തനിക്കറിയാവുന്ന പ്രപഞ്ചത്തിന്റെ മഹത്വവുമായി പൊരുത്തപ്പെടാത്ത ഒരു ദൈവത്തെ കുറിക്കുന്നു എന്നുള്ള കാരണം കൊണ്ട് നിരീശ്വരവാദിയായ ഒരു ശാസ്ത്രജ്ഞൻ മതപ്രമാണങ്ങളെയും തിരുവെഴുത്തുകളെയും നിന്ദിക്കുന്നതിനെ ന്യായീകരിക്കാറുണ്ട്.

അന്ധവിശ്വാസങ്ങളായ നാടോടിക്കഥകൾ, സ്ത്രീകളോടുള്ള സമീപനം, അവരെ ഒറ്റപ്പെടുത്തൽ, അരികുവൽക്കരണം, നിഗൂഢമായ ദൈവശാസ്ത്രം, വികലമായ ആചാരങ്ങൾ, അനാചാരങ്ങൾ, അസഹിഷ്ണുതയുടെയും യുക്തിരാഹിത്യത്തിന്റെയും സിദ്ധാന്തങ്ങൾ, എന്നിങ്ങനെയെല്ലാം ഈ മഹത്തായതും ഉന്നതവുമായ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനുമേൽ ആരോപിക്കപ്പെടുമ്പോൾ, നിരീശ്വരവാദം ഒരു സ്വാഭാവിക അനന്തരഫലമാണ് എന്നു പറയാതിരിക്കാനാവില്ല.

മതത്തിന്റെ പേരിൽ മുസ്ലിങ്ങളും അമുസ്ലീങ്ങളും നടത്തിവരുന്ന പൈശാചികകൃത്യങ്ങളുടെ ഉദാഹരണങ്ങൾ ഒട്ടനവധിയാണ്. ഇക്കാര്യത്തിൽ സ്റ്റീവൻ വെയിൻബർഗ് ഈ വിഷയം സംക്ഷിപ്‌തമായി ഇത്തരത്തിൽ പറഞ്ഞുപോകുന്നുണ്ട്, അദ്ദേഹം എഴുതുന്നു, “നല്ല ആളുകൾ നല്ല കാര്യങ്ങൾ ചെയ്യും, ചീത്ത ആളുകൾ മോശം കാര്യങ്ങളും ചെയ്യും, എന്നാൽ നല്ല ആളുകൾക്ക് മോശം കാര്യങ്ങൾ ചെയ്യണം എന്നുണ്ടെങ്കിൽ – അതിനു മതം വേണം.” [13]

ദൈവത്തെ അനുഭവിച്ചറിയുക

ദൈവിക അടയാളങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ദൈവത്തിന്റെ അസ്തിത്വത്തിനുള്ള അന്തിമവും ആത്യന്തികവുമായ തെളിവ്.

വാഗ്ദത്ത മഹ്ദീ മസീഹ് (അലൈഹിസ്സലാം) പറയുന്നു[20]:

“ദൈവത്തെ തിരയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആകാശഭൂമികളെ നിരീക്ഷിക്കുന്നതിലൂടെയും പ്രപഞ്ചത്തിന്റെ തികവുറ്റ ക്രമത്തിന്റെ പ്രതിഫലനവുമെല്ലാം പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണം എന്ന നിഗമനത്തിലേക്ക് മാത്രമേ നയിക്കുന്നുള്ളൂ, എന്നിരുന്നാലും അത്തരമൊരു സ്രഷ്ടാവ് ഉണ്ടെന്നതിന് ഇതൊരു തെളിവാകുന്നില്ല. ഉണ്ടായിരിക്കേണ്ടതുണ്ട് എന്നുള്ളതും ഉണ്ട് എന്നുള്ളതും തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ, ഒരു വ്യക്തിയുടെ ആദ്യ കടമ, ദൈവത്തിന്റെ അസ്തിത്വം ഉറപ്പുവരുത്തുക എന്നതാണ്…… ഈ ഉറപ്പ് എങ്ങനെയാണ് നേടിയെടുക്കാൻ കഴിയുക? കേവലം കഥകളിലൂടെ അത് നേടിയെടുക്കാൻ കഴിയില്ല. വെറും വാദങ്ങളിലൂടെ അത് നേടാൻ കഴിയില്ല. അല്ലാഹുവുമായി സംഭാഷണം നടത്തിക്കൊണ്ടോ, അസാധാരണമായ ദൃഷ്ടാന്തങ്ങൾ ദർശിച്ചുകൊണ്ടോ അല്ലാഹുവിനെ അനുഭവിക്കുക എന്നതാണ് ദൃഢനിശ്ചയം നേടുന്നതിനുള്ള ഏക മാർഗം.”

ശാസ്ത്രത്തിന്റെ പുരോഗതി പ്രപഞ്ചത്തിന്റെ സങ്കീർണ്ണതയും ദൈവിക രൂപകല്പനയുടെ മഹത്വവും വെളിപ്പെടുത്തുകയും പ്രപഞ്ചത്തിന്റെ പ്രവർത്തനങ്ങളിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന വസ്തുതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നുള്ള നമ്മുടെ അഗാധബോധ്യത്തിന്റെ ഭാഗമായ ലളിതമായ ഒരു സത്യം ആവർത്തിച്ചുകൊണ്ട് ഈ പ്രസംഗം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:

“അവൻ, സ്രഷ്ടാവും ഇല്ലായ്മയിൽ നിന്ന് ഉണ്ടാക്കുന്നവനും രൂപസന്ദായകനുമായ അല്ലാഹുവാകുന്നു. ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ അവനുള്ളതാണ്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അവൻ പ്രതാപവാനും അഗാധജ്ഞനുമാകുന്നു.“ (59:25)

അവസാനം, ആരംഭത്തിലെന്നപോലെ, എല്ലാ സ്തുതിയും അല്ലാഹുവിന് മാത്രമാണ്……………

References:

 1. Richard Dawkins, “The God Delusion”, Houghton Mifflin Company, New York,
 2. Victor Stenger, “God: The Failed Hypothesis”, Prometheus Books,
 3. Richard Dawkins, “The Blind Watchmaker: Why the evidence of Evolution Reveals a Universe without Design”, W.W. Norton, New York,
 4. Antony Flew, There is a God: How the World’s Most Notorious Atheist Changed His Mind, Harper Collins,
 5. Owen Gingerich, “God’s Universe”, Harvard University Press, Cambridge,
 6. Francis Collins, “The Language of Gods”, Free Press, New York,
 7. Hazrat Mirza Bashiruddin Mehmud Ahmad, “Hasti-Bari-Tala” Ahmadiyya Movement in Islam, Qadian, India,
 8. William Lane Craig, “The Kalam Cosmological Argument”, Barnes and Noble, New York,
 9. Paul Davies, “The Mind of God: The Scientific Basis for a Rational World”, Touchstone Books, New York, 1993.
 10. Hazrat Mirza Tahir Ahmad, “Revelation, Rationality, Knowledge and Truth”, Islam International Publications, Ltd. U.K.,
 11. Steven Weinberg, “The First Three Minutes: A Modern View of the Origin of the Universe”, Basic Books, New York,
 12. Stephen Hawking, “A Brief History of Time”, Bantam, New York,
 13. Steven Weinberg, “Facing Up: Science and Its Cultural Adversaries”, Harvard University Press, 2001.
 14. Ferguson, “The Fire in the Equations: Science Religion and the Search for God”, Templeton Foundation Press, Philadelphia, 1994.
 15. Steven Weinberg, “Dreams of a Final Theory: the Scientist’s Search for the Ultimate Laws of Nature”, Vintage, New York, 1993.
 16. Michael Behe, “Darwin’s Black Box”, The Free Press,
 17. Allan J. Tobin and Jennie Dusheck, “Asking About Life”, Thomson Brooks/Cole,
 18. John D. Barrow, “The Constants”, Pantheon Books, New York,
 19. http://www.reviewevolution.com/press/pressRelease_100Scientists.php
 20. Hazrat Mirza Ghulam Ahmad, “The Essence of Islam”, Vol. 1, Islam International Publications, Ltd. U.K.,