സ്ത്രീയും ഇസ്ലാമും

ഹദ്റത്ത് മിർസാ ത്വാഹിർ അഹ്മദ്, ഖലീഫത്തുൽ മസീഹ് റാബിഅ് (റഹ്) – അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നാലാം ഖലീഫ

സത്യദൂതൻ , 2014 ജനുവരി

സ്ത്രീകളോടുള്ള സമീപനത്തില്‍ തുടക്കത്തില്‍ തന്നെ ഇസ്‌ലാം ഒരു രൂപരേഖ സമര്‍പ്പിക്കുന്നു. ചാരിത്രം, വിശ്വസ്തത, സംയമനം, വിശുദ്ധ ജീവിതം എന്നീ മൂല്യങ്ങള്‍ക്കായി ഇസ്‌ലാം ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ചാരിത്രത്തിലൂന്നിക്കൊണ്ടുള്ള സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്ക് പരസ്പരം ഊന്നല്‍ നല്‍കിയും പരസ്പരം കൂടിക്കലര്‍ന്ന് ലൈംഗികപരമായ സംഗമങ്ങളിലേക്ക് നയിക്കാതിരിക്കാനും ഇസ്‌ലാമിക സമൂഹം വളരെ പ്രധാനട്ടെ ചില നിരോധനോപാധികള്‍ സ്വീകരിച്ചിട്ടുണ്ട്. കുടുംബ വ്യവസ്ഥയുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഇസ്‌ലാമിലെ സാമൂഹികപാഠങ്ങള്‍ അതീവ പ്രാധാന്യം നല്‍കുന്നു. ഇക്കാലത്തെ ഏറ്റവും പ്രധാനപെട്ട ആവശ്യമിതാണ്.

കുടുംബം എന്ന ഘടകത്തെ ചുരുക്കി ചെറുതാക്കുന്നതിനേക്കാള്‍ അതിനെ വിപുലീകരിക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. ഒരു കുടുംബം എന്നത് അതിലെ അംഗങ്ങള്‍ തമ്മില്‍ മനുഷ്യസാധ്യമായ നിലയില്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. ഇത് വെറും കാമപൂരണത്തിലധിഷ്ഠിതമായ ഒന്നല്ല. കൂടുതല്‍ സഭ്യവും സംസ്‌കൃതവുമായ സൗഹൃദവും കൂടിക്കലരലുമാണ്. അടുത്തതും അകന്നതുമായ രക്ത ബന്ധുക്കള്‍ തമ്മില്‍ സ്വാഭാവികമായും അത്തരത്തിലുള്ള ബന്ധമാണ് നിലനില്‍ക്കുന്നത്.

സമൂഹത്തില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട സുഖാനുഭൂതികള്‍ കടിഞ്ഞാണില്ലാത്ത നിലയില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണ് ആധുനിക സമൂഹത്തിലെ ജ്ഞാനികള്‍ കാണാതെ പോകുന്നത്?. മറ്റു പരിഷ്‌കൃത മൂല്യങ്ങളുടെ ചെലവില്‍ ലൈംഗികത തഴച്ച് വളരുകയും അവരുടെ ജീവരക്തം അത് ഊറ്റി ക്കളയുകയും ചെയ്യുന്നു. സിഗ്മണ്ട് ഫ്രോയിഡ് അത്തരം ഒരു സമൂഹത്തിന്റെ സൃഷ്ടിയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ മനുഷ്യ പ്രവര്‍ത്തനങ്ങളെയും സെക്‌സിന്റെ വര്‍ണക്കണ്ണാടിയിലൂടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉദാത്തമായ മാതൃശിശുബന്ധം ലൈംഗികതയുമായി ബന്ധപ്പെട്ടതായിരുന്നു. പിതാവും മകളും തമ്മിലുള്ള ബന്ധം പോലും ലൈംഗിക ആഭിമുഖ്യമുള്ളതും ലൈംഗിക പ്രചോദനപരവുമാണ്. അല്ലാതെ അതിന് യാതൊരു പവിത്രതയുമില്ല. മനുഷ്യന്റെ കര്‍മങ്ങളെല്ലാം ബോധ പൂര്‍വമാകട്ടെ അല്ലാതാവട്ടെ ഉപബോധ മനിന്റെ അഗാധമായ ലൈംഗികാവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. ഇന്നത്തെ രീതിയിലുള്ള സ്ത്രീ പുരുഷ മിശ്രണം ഫ്രോയിഡിന്റെ കാലത്ത് ഉണ്ടായിരുന്നുവെങ്കില്‍ മനുഷ്യ മനഃശാസ്ത്രം പൂര്‍ണമായും ലൈംഗികോന്മുഖമായി മനസ്സിലാക്കപ്പെടുമായിരുന്നു. എന്നാല്‍ ഫ്രോയിഡിന്റെ വാദം ശരിയായിരുന്നുവെങ്കില്‍ തന്നെ അഗമ്യഗമനങ്ങള്‍ക്ക് കാരണമാകുന്ന അത്തരം അപകടകരമായ ശക്തികളെ യാതൊരു കരുതലുമില്ലാതെ സമൂഹത്തില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് അനിവാര്യമായിത്തീരുമായിരുന്നു.

സ്ത്രീ പുരുഷ വേര്‍തിരിവ്

സ്ത്രീ പുരുഷന്മാരെ പരസ്പരം വിഭജിക്കുന്ന ഒന്നാണ് ഇസ്‌ലാമിലെ പര്‍ദ്ദാ സമ്പ്രദായം എന്ന് പശ്ചാത്യ ജനത വ്യാപകമായി തെറ്റിധരിച്ചിരിക്കുന്നു. മുസ്‌ലിം ലോകത്തിലെ പല ഭാഗങ്ങളിലും ഇസ്‌ലാമിന്റെ യഥാര്‍ഥത്തിലുള്ള അധ്യാപനങ്ങളുടെ തെറ്റായ പ്രയോഗമാണ് ഈ തെറ്റിധാരണക്ക് ഭാഗികമായ ഒരു കാരണം. മറ്റൊന്ന്, പാശ്ചാത്യ മാധ്യമങ്ങളുടെ നിഷേധാത്മകമായ പ്രചാരണമാണ്. എവിടെയെല്ലാം സ്വഭാവ ദൂഷ്യങ്ങള്‍ കാണുന്നുവോ അവിടെയെല്ലാം ഇസ്‌ലാമുമായി ബന്ധപ്പെടുത്തിപ്പറയുക എന്നത് പാശ്ചാത്യ മാധ്യമങ്ങളുടെ പതിവ് രീതിയാണ്. അതേ സ്വഭാവ ദൂഷ്യങ്ങള്‍ യഹൂദമതമായോ ക്രിസ്തുമതമായോ, ബുദ്ധമതമായോ, ഹിന്ദു മതമായോ ചേര്‍ത്തുപറയാറില്ല.

ഇസ്‌ലാമിലെ സ്ത്രീ പുരുഷ വിഭജന വ്യവസ്ഥ ഒരിക്കലും തന്നെ ഇരുണ്ട കാലഘട്ടത്തിലെ സങ്കുചിത മനസ്സുകളുടെ സൃഷ്ടിയല്ല. വാസ്തവത്തില്‍ സമൂഹത്തിന്റെ മുന്നാക്കാവസ്ഥയും പിന്നാക്കാവസ്ഥയും സ്ത്രീ പുരുഷ മിശ്രണവുമായി യാതൊരു ബന്ധവുമില്ല. ചരിത്രത്തിലുടനീളം സാമൂഹ്യപരമായും മതപരമായുള്ള തരംഗങ്ങളുടെ ഉയർചയിലും താഴ്ചയിലും ഇത്തരം മിശ്രിത സമൂഹങ്ങളെ കാണാം.

മനുഷ്യ സമൂഹത്തില്‍ സ്ത്രീ വിമോചന സങ്കല്‍പം ഒരു പുരോഗമനാത്മക പ്രവണതയൊന്നുമായിരുന്നില്ല. അതിപുരാതന ഭൂതകാലത്താകട്ടെ സമീപകാലത്താകട്ടെ, ലോകത്തിലെ വിവിധ ഭാഗങ്ങളിലായി മനുഷ്യസമൂഹത്തില്‍ സ്ത്രീകള്‍ വളരെ ശക്തിയും പ്രമുഖവുമായ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു എന്നതിന് ചരിത്രത്തില്‍ വ്യക്തമായ തെളിവുകളുണ്ട്.

സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ യാതൊരു നിരോധനങ്ങളൊന്നുമില്ലാത്ത സ്വതന്ത്രമായ ലൈംഗിക വേഴ്ചയില്‍ നൂതനമായി ഒന്നുമില്ല. നാഗരികതകള്‍ വന്നും പോയുമിരിക്കും. പെരുമാറ്റ സമ്പ്രദായങ്ങളുടെ ശൈലികള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും. അറ്റമില്ലാത്ത സാമൂഹിക പ്രവണതകളുടെ വിവിധ മാതൃകകള്‍ പുതിയ പരീക്ഷണമായും രൂപവത്കരണമായും ഉണ്ടാവുന്നതും അവസ്ഥിരപ്പെടുത്തുന്നതും കാലത്തിന്റെ കണ്ണാടിക്കുഴലിലൂടെ നോക്കിയാല്‍ ഓരോ വഴിത്തിരിവിലും നമുക്ക് കാണാം. എന്നാല്‍ ചരിത്രത്തിലുടനീളം തന്നെ ഒരു സമൂഹവും സ്ത്രീ പുരുഷ വേര്‍തിരിവില്‍ നിന്ന് മിശ്രണത്തിലേക്കും സ്ത്രീകളുടെ അന്തസ്സാര്‍ന്ന അടക്കങ്ങളില്‍ നിന്നും സ്ത്രീ വിമോചനത്തിലേക്കും സ്ത്രീ സ്വാതന്ത്ര്യത്തിലേക്കും പ്രയാണം ചെയ്യുന്ന പ്രവണതയില്‍ മാത്രം ഉറച്ചുനിന്നിരുന്നില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

സ്ത്രീകളുടെ അവകാശം: നവയുഗത്തിന്റെ ഉദയം

അറേബ്യന്‍ ചരിത്രത്തിലെ ആ ഇരുണ്ട കാലഘട്ടത്തില്‍ ദൈവിക നിയോഗത്തിലൂടെ ഇസ്‌ലാം അവതരിച്ചുവെന്ന് മുസ്‌ലിംകളും അല്ലെങ്കില്‍ മുഹമ്മദിന്റെ വ്യക്തിപരമായ ഉല്‍ബോധനങ്ങളിലൂടെ ഇസ്‌ലാം സ്ഥാപിക്കപ്പെട്ടുവെന്ന്  അമുസ്‌ലിംകളും കരുതുന്നു. ഈ കാലഘട്ടത്തിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവിടെ ഉചിതമായിരിക്കുമെന്ന് കരുതുന്നു. ചില ദൈവശാസ്ത്രികളുടെ അഭിപ്രായങ്ങള്‍ എന്തുതന്നെയായാലും ശരി സ്ത്രീ പുരുഷന്‍മാരുടെ വേര്‍തിരിവ് സംബന്ധിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ ഒരിക്കലും അറബികളുടെ പെരുമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നില്ല.

സ്ത്രീകളോടുള്ള സമീപനത്തില്‍ അക്കാലത്തെ അറേബ്യന്‍ സമൂഹം അത്യന്തം പരസ്പര വിരുദ്ധമായ നിലപാടുകളായിരുന്നു വെച്ച് പുലര്‍ത്തിയിരുന്നത്. ഒരു വശത്ത് ലൈംഗികമായി അനിയന്ത്രിതമായ സ്വാധീനവും വിലക്കുകളില്ലാത്ത പരസ്പരം കൂടിക്കലരലും മദ്യം വിളമ്പിക്കൊണ്ടുള്ള ഭ്രാന്തമായ മദിരോത്സവങ്ങളും അരങ്ങേറിയിരുന്നു. സ്ത്രീയും സംഗീതവുമായിരുന്നു അറേബ്യന്‍ സമൂഹത്തിന്റെ ഉജ്ജ്വലമായ പ്രകടിത ചിഹ്നങ്ങള്‍. മറുവശത്താകട്ടെ പെണ്‍കുഞ്ഞിന്റെ ജനനം അവമതിപ്പും അപമാനവുമായി അവര്‍ കരുതി. പെണ്‍കുഞ്ഞിന്റെ ജനനം എന്ന ഈ അപഖ്യാതിയില്‍ നിന്ന് മോചനം നേടാന്‍ അവരില്‍ ചിലര്‍ തങ്ങളുടെ സ്വന്തം കരങ്ങള്‍ കൊണ്ടു തന്നെ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയിരുന്നു.

സ്ത്രീകളെ ഒരു ജംഗമ സ്വത്തായിട്ടായിരുന്നു അവര്‍ കരുതിയിരുന്നത്. അവര്‍ക്ക് ഭര്‍ത്താക്കന്‍മാരെയോ പിതാക്കന്‍മാരെയോ മറ്റു കുടുംബത്തിലെ പുരുഷ അംഗങ്ങളെയോ എതിര്‍ക്കാനുള്ള യാതൊരു അവകാശവും ഇല്ലായിരുന്നു. എങ്കിലും ഈ നിയമത്തിന് ചില അപവാദങ്ങള്‍ ഉണ്ടായിരുന്നു. ചിലപ്പൊള്‍ അസാമാന്യ നേതൃഗുണമുള്ള സ്ത്രീകള്‍ അവരുടെ ഗോത്ര കാര്യങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഇസ്‌ലാം അതെല്ലാം മാറ്റിയെടുത്തു. സാമൂഹിക സംഘര്‍ഷങ്ങളില്‍ നിന്നുണ്ടാവുന്ന പുരോഗമനപരമായ സ്വാഭാവിക പരിണിതി എന്ന നിലക്കല്ലായിരുന്നു അത്. മറിച്ച് മൂല്യങ്ങളുടെ വിധാതാവായിക്കൊണ്ടായിരുന്നു ഇസ്‌ലാം ഈ പരിവര്‍ത്തനം സാധിച്ചത്. സമൂഹത്തെ രൂപപ്പെടുത്തുന്ന സാധാരണ ശക്തികളുമായി ബന്ധമില്ലാത്തതും അത്യുന്നതങ്ങളില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്നതുമായ ഒരു സാമൂഹിക വ്യവസ്ഥയായിരുന്നു അത്.

ആണ്‍, പെണ്‍വിഭജനത്തിന്റെ അദ്ധ്യാപനത്തിലൂടെ ലൈംഗിക അരാജകത്വം പെട്ടെന്ന് നിലച്ചു. സ്ത്രീ പുരുഷ ബന്ധം അഗാധമായ ധാര്‍മിക തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമായി. അതുവരെ നിസ്സാഹായയായ ഒരു വില്‍പ്പന ചരക്കിനെപോലെ ഗണിച്ചിരുന്ന സ്ത്രീയുടെ സ്ഥാനം ശ്രേഷ്ഠമായ ഒരു നിലയിലേക്ക് ഉയർത്തപ്പെട്ടു. ജീവിത വ്യവഹാരങ്ങളില്‍ അവര്‍ക്ക് തുല്യപാതി എന്ന അവസ്ഥയുണ്ടായി. അതിന് മുമ്പ് സ്ത്രീകള്‍, അനന്തരാവകാശമായി ലഭിക്കുന്ന കേവലം ജംഗമ സ്വത്ത് മാത്രമായിരുന്നു. അവരുടെ പിതാക്കളുടെ അനന്തര സ്വത്തില്‍ മാത്രമല്ല ഭര്‍ത്താക്കന്‍മാരുടെയും സന്താനങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും അനന്തരസ്വത്തില്‍ അവകാശം ലഭിച്ചു. അവര്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് മുമ്പില്‍ നിവര്‍ന്ന് നില്‍ക്കാനും ഉരുളക്കുരേി എന്നതു പോലെ മറുപടി നല്‍കാനും കഴിഞ്ഞു.

യുക്തിപരമായ രീതിയില്‍ ഭര്‍ത്താവിനോട് വിയോജിക്കാനും അവര്‍ക്ക് പൂര്‍ണ അവകാശം ലഭിച്ചു. സ്ത്രീകള്‍ വിവാഹമോചനം ചെയ്യപ്പെടുക മാത്രമല്ല അവര്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിക്കാനുള്ള തുല്യാവകാശവം ലഭിച്ചു. മാതാവ് എന്ന നിലക്ക് സ്ത്രീക്ക് ഇസ്‌ലാം കല്‍പ്പിക്കുന്നയത്ര ആദരം ലോകത്തിലെ മറ്റൊരു സമൂഹത്തിലും കാണാന്‍ പ്രയാസകരമാണ്.

ദൈവികമായ നിര്‍ദേശമനുസരിച്ച് ഇസ്‌ലാംമത സ്ഥാപകനായ റസൂല്‍ തിരുമേനി(സ) സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ നടത്തുകയായിരുന്നു. അവിടുന്ന് അരുള്‍ ചെയ്തു.

സ്വര്‍ഗം മാതാവിന്റെ കാലിന്‍ചുവട്ടിലാണ്

മരണാനന്തരം സാക്ഷാത്കരിക്കുന്ന ഒരു വാഗ്ദാനത്തെക്കുറിച്ച് മാത്രമായിരുന്നില്ല റസൂല്‍ തിരുമേനി (സ) ഇവിടെ പ്രതിപാദിച്ചത്. മാതാക്കളോട് അഗാധമായ ബഹുമാനവും ആദരവും കാണിക്കുന്നവര്‍ക്കും അവരെ പ്രീതിപ്പെടുത്താന്‍ ജീവിതം ഉഴിഞ്ഞുവെച്ച് സാധ്യമായ എല്ലാ സുഖസൗകര്യങ്ങളും അവര്‍ക്ക് നല്‍കുന്ന സന്താനങ്ങള്‍ക്ക് ഇവിടെ സാമൂഹിക സ്വര്‍ഗം ലഭിക്കുമെന്ന് കൂടി അവിടുന്ന് അരുള്‍ ചെയ്തു. സ്ത്രീപുരുഷന്‍മാരെ പരസ്പരം വേര്‍തിരിക്കുന്നതിന്റെ അദ്ധ്യാപനം ഈ പശ്ചാത്തലത്തിലാണ് നാം മനസ്സിലാക്കേണ്ടത്. അത് ഏതെങ്കിലും പുരുഷാധിപത്യ പ്രവണതയില്‍ നിന്നും ഉണ്ടായതല്ല. വീടിന്റെ പരിശുദ്ധി സ്ഥാപിക്കാന്‍ ഒരുക്കിയ സംവിധാനമാണത്.

പുരുഷനും അവന്റെ ഭാര്യയും തമ്മില്‍ മഹിതമായ വിശ്വസ്തത സൃഷ്ടിക്കാനും മനുഷ്യന്റെ അടിസ്ഥാന ചോദനകളെ മിതപ്പെടുത്തി കടിഞ്ഞാണിടാനും ആത്മനിയന്ത്രണമുണ്ടാക്കാനും വേണ്ടിയാണത്. ശക്തനായ ഒരു ദുര്‍ഭൂതം കണക്കെ അടിസ്ഥാന ചോദനകളെ തുറന്ന് വിടുന്നതിന് പകരം മെരുക്കപ്പെട്ട ഊര്‍ജ ശക്തികള്‍ പ്രകൃതിയില്‍ നിര്‍വഹിക്കുന്ന ക്രിയാത്മകമായ പ്രവര്‍ത്തനം പോലെ രചനാത്മകമായ ഒരു ശക്തിയായി അത് ഇവിടെ പ്രവര്‍ത്തിക്കുന്നു.

മുസ്‌ലിം സമൂഹത്തിലെ എല്ലാവിധ മാനുഷിക വ്യവഹാര മേഖലകളിലും പങ്കെടുക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കുന്ന ഒന്നായി സ്ത്രീ പുരുഷ വേര്‍തിരിവിനെ മനസ്സിലാക്കുമ്പോള്‍ മൊത്തത്തില്‍ അതിനെ തെറ്റിധരിച്ചിരിക്കുകയാണ്. ഇതൊരിക്കലും ശരിയല്ല. ഇസ്‌ലാമിക സങ്കല്‍പത്തിലെ സ്ത്രീ പുരുഷ വേര്‍തിരിവ് സ്ത്രീകളുടെ ചാരിത്രവും സമൂഹത്തില്‍ അവരുടെ ബഹുമാന്യതയും സംരക്ഷിക്കാനുള്ള ഒരു ഉപാധിയായി മാത്രമേ കാണേണ്ടതുള്ളൂ. അതുകൊണ്ട് ഈ ലക്ഷ്യത്തിലേക്കുള്ള പാതകള്‍ ലംഘിക്കെടുക എന്ന അപകടങ്ങള്‍ പരമാവധി കുറക്കാന്‍ ഈ വേര്‍തിരിവ് മുഖേന സാധിക്കുന്നു.

സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുള്ള സ്വച്ഛന്ദമായ കൂടിക്കലരലും അവര്‍ തമ്മിലുള്ള രഹസ്യമായ ബന്ധങ്ങളും ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ പരസ്പരമുള്ള കടക്കണ്ണെറിയല്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുക മാത്രമല്ല അത്തരത്തില്‍ അനിയന്ത്രിതമായ പ്രലോഭനങ്ങളിലേക്ക് നയിക്കുന്ന കാഴ്ചയിലൂടെയും ശാരീരിക ബന്ധങ്ങളില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കണമെന്ന് ഇസ്‌ലാം ഉപദേശിക്കുന്നു.

സ്ത്രീകള്‍ മാന്യമായ വസ്ത്രം കൊണ്ട് മൂടിമറക്കണമെന്ന് ഇസ്‌ലാം പ്രതീക്ഷിക്കുന്നു. ദുഷിച്ച ചിന്തയുള്ള പുരുഷനെ ആകര്‍ഷിക്കും വിധം അനഭിലഷണീയമായ രീതിയില്‍ പെരുമാറരുതെന്നും ഇസ്‌ലാം ഉപദേശിക്കുന്നു. സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും ആഭരണങ്ങളുടെയും ഉപയോഗം ഇസ്‌ലാം നിരോധിക്കുന്നില്ല. പൊതുജന മധ്യത്തില്‍ ആകര്‍ഷണമെല്ലാം തന്റെ നേരെയാകാന്‍ വേണ്ടി ഒരിക്കലും അണിഞ്ഞൊരുങ്ങരുതെന്നാണ് ഇസ്‌ലാം കല്‍പ്പിക്കുന്നത്. ഇത്തരം അദ്ധ്യാപനങ്ങള്‍ ഇന്നത്തെ ലോകസമൂഹങ്ങളില്‍ അരോചകവും കര്‍ക്കശവും വര്‍ണരഹിതവുമായിരിക്കുമെന്ന കാര്യം നമുക്ക് പൂര്‍ണമായും അറിയാം. എന്നിരുന്നാലും ഇസ്‌ലാമിലെ സാമൂഹിക വ്യവസ്ഥ സമഗ്രമായും ആഴത്തിലും പഠിക്കുന്ന ഒരാള്‍ക്ക് ഇത്തരം വിധി പ്രസ്താവങ്ങള്‍ ധൃതി പിടിച്ചുള്ളതും ബഹിര്‍ഭാഗസ്ഥവുമാണെന്ന വിശ്വാസത്തിലേക്ക് നയിക്കുന്നതാണ്. അതുകൊണ്ട് ഈ അദ്ധ്യാപനങ്ങള്‍ മൊത്തം ഇസ്‌ലാമിക കാലാവസ്ഥയുടെ ഭാഗമായി മനസ്സിലാക്കേണ്ടതുണ്ട്.

ഇസ്‌ലാമിക സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം അന്തഃപുരങ്ങ ളിലെ വെപ്പാട്ടികളുടെയോ സ്വന്തം വീടുകളിലെ നാലുചുമരുകള്‍ക്കുള്ളില്‍ ബന്ധനസ്ഥയായവരുടെയോ പുരോഗതി തടയപ്പെട്ടവരുടെയോ വിജ്ഞാനത്തിന്റെ പ്രകാശം നിഷേധിക്കപ്പെട്ടവരുടെയോ അല്ല. സ്ത്രീകളെ സംബന്ധിച്ച ജുഗുസ്പയുളവാക്കുന്ന ഈ ചിത്രം ഇസ്‌ലാമിന് അകത്തും പുറത്തുമുള്ള ശത്രുക്കള്‍ വരച്ചു കാട്ടുന്നതാണ്. അല്ലെങ്കില്‍ ഇസ്‌ലാമിക ജീവിത ശൈലിയെപറ്റി ആസകലം തെറ്റിധരിച്ച പണ്ഡിതന്‍മാരുടെ സൃഷ്ടിയാണ്.

സ്ത്രീ, പുരുഷന്റെ കൈയിലെ കളിപ്പാട്ടമായി മാറാനോ, അവളെ ചൂഷണം ചെയ്യാനോ പുരുഷന്റെ ഹീനത്വത്തിന് ഓച്ചാനിച്ചു നില്‍ക്കുന്നവളായി മാറാനോ ഇസ്‌ലാം അനുവദിക്കുന്നില്ല എന്നു മാത്രം. അത്തരം സമീപനങ്ങള്‍ സ്ത്രീകളോടു അനുവര്‍ത്തിക്കുന്നത് ഇസ്‌ലാം സമ്മതിക്കില്ല. സമൂഹത്തിന് ഒന്നടങ്കം ആവശ്യമായി വരുന്നു എന്ന കാരണത്താല്‍ മാത്രം സ്ത്രീകള്‍ തങ്ങളുടെ ആകാരഭംഗിയെയും വേഷഭൂഷാദികളെയും ചമയങ്ങളെയും സംബന്ധിച്ച് എപ്പോഴും ബോധവതികളായിരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അവരോടു കാണിക്കുന്ന ക്രൂരത മാത്രമാണ്. സ്ത്രീ സൗന്ദര്യം എപ്പോഴും പ്രദര്‍ശിപ്പിക്കപ്പെടുന്നു. ദൈനംദിന ജീവിതത്തിനാവശ്യമായ ഒരു ഭക്ഷ്യവസ്തുവോ അതുപോലെ അലക്കുപൊടിയോ വില്‍ക്കണമെങ്കില്‍ സ്ത്രീ മോഡലുകളുടെ പരസ്യത്തിന്റെ പിന്‍ബലം വേണം. സ്ത്രീകള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കൃത്രിമവും സ്റ്റൈലിനനുസരിച്ചുള്ള ചെലവേറിയതുമായ ജീവിത രീതികള്‍ അനിവാര്യമാണെന്ന വിധം അവതരിപ്പിക്കപ്പെടുന്നു. അത്തരം സമൂഹങ്ങള്‍ക്ക് സന്തുലിതമായോ, സമചിത്തതയോടെയോ ആരോഗ്യത്തോടെയോ ദീര്‍ഘകാലം നില്‍ക്കാനാവില്ല.

ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ ചൂഷണത്തില്‍ നിന്നും ആസ്വാദനത്തിനുള്ള കേവലം ഒരുപകരണം എന്ന നിലയില്‍ നിന്നും മോചിതയാവണം. അവര്‍ക്ക് തങ്ങളുടെ ഗൃഹപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനും വരാനിരിക്കുന്ന തലമുറകളുടെ ഭാവിക്കു വേണ്ടിയും കൂടുതല്‍ സമയം ആവശ്യമുണ്ട്.

സ്ത്രീകള്‍ക്ക് തുല്യാവകാശം

Photo Courtesy : Study Breaks Magazine

സ്ത്രീ വിമോചനത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും നിങ്ങള്‍ ധാരാളം കേട്ടിരിക്കും. ഇസ്‌ലാം എല്ലാ സാഹചര്യങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രവും അടിസ്ഥാനപരവുമായ തത്ത്വങ്ങളെപറ്റിയാണ് സംസാരിക്കുന്നത്.

അവര്‍ക്ക് (സ്ത്രീകള്‍ക്ക്) തുല്യമായതും സാമ്യമുള്ളതുമായ തത്തുല്യാവകാശങ്ങള്‍ (പുരുഷന്മാരുടെ മേലുണ്ട്) (അതായത് പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ മേല്‍ അവകാശമുള്ളത്‌പോലെ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ മേല്‍ പൂര്‍ണമായും തുല്യാവകാശങ്ങളാണുള്ളത്. ആയതിനാല്‍ മൗലികാവകാശങ്ങളി ല്‍ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.) എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരുടെ മേല്‍ ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തി ജ്ഞനുമാകുന്നു. (അദ്ധ്യാ.2, അല്‍ ബഖറ: 229)

ഖുര്‍ആനിലെ മറ്റൊരു സൂക്തം ഇപ്രകാരമാണ്.

പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ രക്ഷാധികാരമുള്ളവരാണ്. (എന്തെന്നാല്‍ വസ്തുത ഇതാണ്) അല്ലാഹു അവരില്‍ ചിലര്‍ക്ക് മറ്റവരെക്കാള്‍ ചില മേന്മകള്‍ നല്‍കിയതു കൊണ്ടും അവര്‍ തങ്ങളുടെ ധനത്തില്‍ നിന്ന് ചെലവ് ചെയ്യുന്നുവെന്നുള്ളതു കൊണ്ടുമാണിത്. (അദ്ധ്യാ.4, നിസാഅ്: 35)

അറബി ഭാഷയില്‍ ‘ഖവ്വാമുന്‍’ (രക്ഷാധികാരികള്‍, കീഴിലുള്ളവരെ ഉത്തരവാദിത്വത്തോടെ നേര്‍വഴിയില്‍ സംരക്ഷിക്കാന്‍ ഏല്‍പിക്കപ്പെട്ടവര്‍) എന്നതിന് ചില മദ്ധ്യകാല മനസ്ഥിതിക്കാരായ ഉലമാക്കന്‍മാര്‍ (മതപണ്ഡിതന്‍മാര്‍) സ്ത്രീകളുടെ മേല്‍ പുരുന്‍മാര്‍ക്ക് മേല്‍ക്കോയ്മയുണ്ടെന്ന് വാദിക്കുന്നു. എന്നാല്‍ ഇവിടെ ഖുര്‍ആന്‍ വചനത്തില്‍ തന്റെ ആശ്രിതര്‍ക്ക് ഉപജീവനത്തിന് വഴി കണ്ടെത്തുന്നയാള്‍ എന്ന നിലക്ക് പുരുഷന് ചില മേന്മകള്‍ കല്‍പിക്കുന്നു എന്ന് മാത്രമേയുള്ളൂ. അതുപോലെ രക്ഷാധികാരി ശരിയായ പാതയില്‍ വര്‍ത്തിക്കാന്‍ തന്റെ കീഴിലുള്ളവര്‍ അവരുടെ മേല്‍ ധാര്‍മികമായ ബലം ചുമത്തുന്നയാള്‍ എന്നാണ് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത്.

മനുഷ്യന്റെ മൗലികാവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഒരിക്കലും തന്നെ സ്ത്രീയെ പുരുഷനേക്കാള്‍ സമത്വത്തില്‍ കുറഞ്ഞവളാണെന്നോ പുരുഷന് സ്ത്രീയുടെ മേല്‍ അവകാശകോയ്മയുണ്ടെന്നോ പറയുന്നില്ല. ഈ വചനത്തില്‍ അവസാന ഭാഗം മേല്‍പറഞ്ഞ മേന്മയെക്കുറിച്ചാണ് പറയുന്നത്. ഇവിടെ വളരെ വ്യക്തമായി വെളിപെടുത്തുന്ന കാര്യം. ഈ മേന്മ വകവെച്ചുകൊടുക്കുന്നതോടൊപ്പം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ വളരെ കണിശമായും പുരുഷന്റേതിനോട് തുല്യമാണ് എന്നാണ് അറബിയിലെ ‘‘ എന്ന അക്ഷരം, ‘എന്നാലും വസ്തുത ഇതാണ്, ‘എന്നോ’, ‘എന്നിരിക്കെ’ എന്നൊക്കെ വിവര്‍ത്തനം ചെയ്യാം. ഈ പശ്ചാത്തലത്തില്‍ ഇതൊന്ന് മാത്രമാണ് ശരിയായ വിവര്‍ത്തനം.

ബഹുഭാര്യാത്വം

പാശ്ചാത്യ നാടുകളില്‍ ഇസ്‌ലാമിക വിഷയങ്ങള്‍ സംസാരിക്കുന്ന ഒരു പ്രഭാഷകന് നേരിടേണ്ടിവരുന്ന പൊതുവായ ഒരു ചോദ്യമുണ്ട്. ഇസ്‌ലാം ഒരേ സമയം നാലുപേരെ വിവാഹം ചെയ്യാനും നാലു പേരെ ഒരേ സമയം വെച്ചുപുലര്‍ത്താനും അനുവദിക്കുന്നുണ്ടോ എന്നതാണ് ആ ചോദ്യം. എനിക്ക് പാശ്ചാത്യ ലോകത്ത് ബുദ്ധിജീവികളെയും പൊതുസദസ്സുകളെയും ക്ഷണിക്കപ്പെട്ടവരുടെ സദസ്സുകളെയും അഭിമുഖീകരിച്ച് സംസാരിക്കേണ്ടി വന്നപ്പോഴെല്ലാം ഇത്തരം ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. അപൂര്‍വമായി മാത്രമേ ഈ ചോദ്യം ഉയര്‍ത്തപ്പെടാത്ത സന്ദര്‍ഭമുണ്ടായിട്ടുള്ളൂ എന്ന് ഞാനോര്‍ക്കുന്നു.

മിക്കപ്പോഴും ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് ഇസ്‌ലാം നാലു വിവാഹം അനുവദിക്കുന്നുണ്ടോ എന്ന് ക്ഷമാപൂര്‍വം നിഷ്‌കളങ്കമായി ചോദിക്കാറുണ്ട്. തീര്‍ച്ചയായും ഉത്തരം എല്ലാവര്‍ക്കുമറിയാം. ഒരു പക്ഷേ പാശ്ചാത്യനാടുകളില്‍ ഇസ്‌ലാമിനെപറ്റി വിപുലമായി അറിയുന്ന ഒരു വശം ഇതായിരിക്കാം. വ്യാപകമായി അറിയുന്ന മറ്റൊരു വശം ഭീകരവാദമാണ്. പക്ഷേ ഭീകരവാദത്തിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല (പ്രഭാഷകന്റെ “Murder in the name of Allah” എന്ന കൃതി നോക്കുക. ‘മതത്തിന്റെ പേരില്‍ മനുഷ്യഹത്യ’ എന്ന പേരില്‍ മലയാളത്തിലും ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് വിവ: ) പുരുഷന് നാല് ഭാര്യമാരും സ്ത്രീക്ക് ഒരു ഭര്‍ത്താവും മാത്രം അനുവദിക്കുന്ന ഇസ്‌ലാം സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ എന്ത് തരത്തിലുള്ള തുല്യതയാണ് മുന്നോട്ടു വെക്കുന്നത്?. മുമ്പ് പറഞ്ഞ അതേ ചോദ്യത്തിന്റെ മറ്റൊരു രൂപമാണിത്. ഇസ്‌ലാമിനെക്കുറിച്ച് പ്രഭാഷകന്‍ ഉണ്ടാക്കിയേക്കാവുന്ന മതിപ്പ് ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന തന്ത്രപരമായ അടവാണ് ഇത്തരം ചോദ്യങ്ങളെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഉപചാരങ്ങളും ശിഷ്ടാചാരങ്ങളും സൂക്ഷ്മതയോടെ പാലിക്കുന്ന സദസ്സുകളില്‍ ഇതേ ചോദ്യം തന്നെ, ലളിതമായ ഒരു ചോദ്യം എന്നതില്‍ കവിഞ്ഞ് പരിഹാസ രൂപത്തില്‍ ചോദിക്കപ്പെടാറുണ്ട്. ചില ദശാ്ദ ങ്ങള്‍ക്കു മുമ്പ് ഞാന്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ SOAS(School of Oriental and African Studies)ല്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചുകൊണ്ട് ഇംഗ്ലീഷുകാരനായ വിദ്യാര്‍ഥി ഒരു പാകിസ്താനിക്ക് പിന്നാലെ കൂടി. ഈ ചോദ്യം ചിരി പരത്തുകയും ചെയ്തു. ഒരിക്കലുണ്ടായ സംഭവം ഞാനോര്‍ക്കുന്നു. ഇംഗ്ലീഷുകാരനായ ആ വിദ്യാര്‍ഥി ഈ ചോദ്യം ചോദിച്ചുകൊണ്ട് പാകിസ്താന്‍ വിദ്യാര്‍ഥിയെ ശല്യം ചെയ്തുകൊണ്ടിരുന്നു. ഇംഗ്ലീഷുകാരനായ ആ ചെറുപ്പക്കാരനോട് പാകിസ്താനി വിദ്യാര്‍ഥി ചോദിച്ചു. ‘നീ എന്തിനാണ് ഞങ്ങള്‍ക്ക് നാല് മാതാക്കന്‍മാരുണ്ടാകുന്നതിനെ എതിര്‍ക്കുന്നത്. നിനക്ക് Forefathers ഉണ്ടാവുന്നതില്‍ യാതൊരു വിരോധവുമില്ലേ?’ forefather പൂര്‍വപിതാവ് എന്നാണ് ഇവിടെ പറഞ്ഞതെങ്കിലും four fathers നാല് പിതാക്കന്‍മാര്‍ എന്നാണ് പാകിസ്താന്‍ വിദ്യാര്‍ഥി ഉദ്ദേശിച്ചത്. ‘ഫോര്‍’ എന്ന വാക്കിലെ ദ്വയാര്‍ഥ പ്രയോഗം പിന്നാലെ കൂടിയ ഇംഗ്ലീഷുകാരന്‍ വിദ്യാര്‍ഥിയുടെ ശല്യെപ്പെടുത്തലിന് നല്ല പരിഹാരമായി. പ്രത്യക്ഷത്തില്‍ അതൊരു തമാശയായിരുന്നു. പക്ഷേ കൂടുതല്‍ അടുത്തു ചെന്ന് ആ പ്രയോഗത്തിലടങ്ങിയ അര്‍ഥം പരിശോധിക്കുകയാണെങ്കില്‍ തമാശയേക്കാള്‍ കവിഞ്ഞ ഒരര്‍ഥം നിങ്ങള്‍ക്ക് അതില്‍ കണ്ടെത്താന്‍ കഴിയും. അത് പാശ്ചാത്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ദുരന്ത ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആധുനിക സമൂഹത്തിന് ഇസ്‌ലാമിനോടുള്ള സമീപനം താരതമ്യം ചെയ്യാന്‍ ഉചിതമായ ഒരു സംഭവമായി ഇതിനെയെടുക്കാം.

ഇത് ലക്കുംലഗാനുമില്ലാത്ത വിദ്യാര്‍ഥികളില്‍ നിന്നുണ്ടാവുന്ന ഒരു ചോദ്യത്തിന്റെ മാത്രം പ്രശ്‌നമല്ല. സമൂഹത്തിലെ ഗൗരവബുദ്ധികളും ബഹുമാന്യരുമായ ആളുകള്‍ ഇത്തരം കാര്യങ്ങള്‍ പരിഹാസം കലര്‍ത്തിപ്രകടിപ്പിക്കുന്നത്, നിര്‍ദയത്വവും മര്യാദകേടുമാണെന്ന് മനസ്സിലാക്കുന്നില്ല. കുറച്ചുനാള്‍ മുമ്പ് ഫ്രാങ്ക് ഫര്‍ട്ടിലെ ഒരു സീനിയര്‍ ജഡ്ജിയില്‍ നിന്ന് എനിക്ക് ഒരു എഴുത്തു കിട്ടി. അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. തുറന്ന ഹൃദയമുള്ള ഔചിത്യബോധവും സോദ്ദേശ്യവുമുള്ള ഒരു മാന്യനായിരുന്നു അദ്ദേഹം. അദ്ദേഹം ഇസ്‌ലാമിലെ നിയന്ത്രിത ബഹുഭാര്യാത്വത്തെ എതിര്‍ത്തിരുന്നു. അദ്ദേഹത്തിന് തന്റെ പ്രലോഭനത്തെ തടഞ്ഞു നിര്‍ത്താനായില്ല എന്ന് ഞാന്‍ കരുതുന്നു. ക്രൂരമായ ഒരു പരിഹാസത്തോടെ അദ്ദേഹം അത് പ്രകടിപ്പിക്കുകയുണ്ടായി. ക്ഷണനേരത്തേക്ക് അദ്ദേഹത്തിന്റെ തമാശക്ക് ഉരുളക്കുപ്പേരി കണക്കെ ‘ഫോര്‍ ഫാദേഴ്‌സിന്റെ’ തമാശ തിരിച്ചുകൊടുക്കാന്‍ ഞാന്‍ ചിന്തിച്ചുപോയി. പക്ഷേ, എന്റെ വിവേകം അതിന് സമ്മതിച്ചില്ല.

ഞാന്‍ അദ്ദേഹത്തിനയച്ച ഹ്രസ്വമായ ഉത്തരത്തില്‍ പറഞ്ഞത് ഒന്നാമതായി ഒന്നിലധികം വിവാഹം കഴിക്കാമെന്നത് പൊതുവായ ഒരു കല്പനയല്ല അതു ചില സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നാണ്. ആവശ്യമായി വരുന്ന ഘട്ടത്തില്‍ സമൂഹത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്ത്രീയുടെ അവകാശ സംരക്ഷണത്തിനുമായി ബഹുഭാര്യത്വം എന്ന ഉപാധി ഇവിടെ ലഭ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഒരു തര്‍ക്ക ശാസ്ത്രഗ്രന്ഥം കൂടിയാണ്. അസാദ്ധ്യമായത് കൈക്കൊള്ളാന്‍ അതിന്റെ അധ്യാപനങ്ങള്‍ മുസ്‌ലിമിനോട് ഒരിക്കലും പറയുകയില്ല.

ദൈവം ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചത് ഏറെക്കുറേ ഒരേ എണ്ണത്തിലാണ്. അവിടെയും ഇവിടെയും ചില ഏറ്റക്കുറച്ചിലുകള്‍ കാണാമായിരിക്കാം. ദൈവത്തിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരുവിധ പൊരുത്തക്കേടുമില്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന ഇസ്‌ലാമിനെപ്പോലെ യുക്തിപൂര്‍ണമായ ഒരു മതത്തിന് പ്രകൃതിക്ക് വിരുദ്ധവും അയഥാര്‍ഥവുമായ കാര്യങ്ങള്‍ പ്രബോധിക്കാന്‍ എങ്ങനെ സാധിക്കും? പ്രായോഗികമാക്കിയാല്‍ ഗുരുതരമായ പ്രശ്‌നങ്ങളും അസന്തുലിതാവസ്ഥയും അപരിഹാര്യമായ പ്രയാസങ്ങളും ഇച്ഛാഭംഗങ്ങളും ഉണ്ടാക്കുന്ന കാര്യം പ്രചരിപ്പിക്കാന്‍ എങ്ങനെ കഴിയും? വിവാഹ പ്രായമെത്തിയ 10 ലക്ഷം ആളുകളുള്ള ഒരു രാജ്യത്ത് അത്ര എണ്ണം തന്നെ സ്ത്രീകളും ഉണ്ടെന്ന് കരുതുക. ഒരു പുരുഷന് നാല് സ്ത്രീകളെ വിവാഹം കഴിക്കാമെന്ന ആജ്ഞ നടപ്പാക്കുകയാണെങ്കില്‍ 2,50,000 പുരുഷന്‍മാര്‍ക്ക് മാത്രമേ വിവാഹം ചെയ്യാന്‍ സാധിക്കൂ. ബാക്കി 7,50,000 പുരുഷന്‍മാര്‍ അവിവാഹിതരായി തുടരേണ്ടി വരും. എന്നിട്ടും ലോകത്തിലെ എല്ലാ മതങ്ങളില്‍ വെച്ച് എല്ലാ സ്ത്രീ പുരുഷന്‍മാരും വിവാഹിതരായിരിക്കണമെന്ന് ഊന്നിറയുന്ന മതം ഇസ്‌ലാമാണ്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ബന്ധം സ്വാഭാവികമായ സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത് ഇരുവര്‍ക്കും പരസ്പരം ശാന്തിയുടെ ഉറവിടമാണെന്നും ഖുര്‍ആന്‍ വിവരിക്കുന്നു.

സത്യവിശ്വാസികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് മുമ്പ് ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്നുള്ള ചാരിത്രവതികളും അവരുടെ വിവാഹ മൂല്യങ്ങള്‍ നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നതായാല്‍ (വിവാഹം ചെയ്യുന്നതിന് നിങ്ങള്‍ അനുവദിക്കപ്പെട്ടിരിക്കുന്നു) ചാരിത്രം സംരക്ഷിക്കുന്നവരുമായിട്ട്, വ്യഭിചാരികളോ രഹസ്യ കാമുകന്മാരെ വെക്കുന്നവരോ ആയിട്ട് (വിവാഹം) അരുത്. (അദ്ധ്യാ. 5, അല്‍മാഇദ: 6)

അതേ സമയം വിശുദ്ധ ഖുര്‍ആന്‍ ബ്രഹ്മചര്യത്തെ മനുഷ്യനിര്‍മിതമായ ഒരു ആചാരമാണെന്ന് പറഞ്ഞു കൊണ്ട് അതിനെ നിഷേധിക്കുന്നു (അദ്ധ്യ. 57, അല്‍ഹദീദ്: 28 കാണുക). ഒരാള്‍ ബാഹ്യലോകത്ത് നിന്ന് ഉള്‍വലിഞ്ഞ് പരിവ്രാചകത്വം സ്വീകരിച്ചതു കൊണ്ടോ പ്രകൃതിസഹജമായ വികാരങ്ങളെ നിഷേധിച്ചതുകൊണ്ടോ യാതൊന്നും നേടാനില്ല. വിവാഹം ഇസ്‌ലാമില്‍ സുശക്തമായി സ്ഥാപിക്കപ്പെട്ട ഒരു സംവിധാനമാണ്. ഒരു വിവാഹ പങ്കാളിയെ തെരഞ്ഞെടുക്കുന്ന വിവിധങ്ങളായ മാനദണ്ഡങ്ങളെക്കുറിച്ചും വിവാഹമോചനത്തെ നിയന്ത്രിക്കുന്നതിനെ പറ്റിയും അതിനുള്ള പരിഹാര മാര്‍ഗങ്ങളെറ്റിയും ചര്‍ച്ച ചെയ്ത് വിഷയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ സമയം എന്നെ അനുവദിക്കുന്നില്ല.

ബഹുഭാര്യാത്വത്തിലേക്ക് തന്നെ തിരിച്ചുവരാം. യുദ്ധാനന്തരമുള്ള ഒരു പ്രത്യേകാവസ്ഥയെക്കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ സംസാരിക്കുന്നതെന്ന് വ്യക്തം. ആ സന്ദര്‍ഭത്തില്‍ സമൂഹത്തില്‍ ധാരാളം അനാഥകളും യുവവിധവകളും അവശേഷിക്കുന്നു. അവശേഷിക്കുന്ന ആണ്‍ പെണ്‍ സമൂഹം ഗുരുതരമായ പ്രയാസങ്ങളിലകപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയില്‍ ഇത്തരമൊരവസ്ഥ സംജാതമായിരുന്നു. ഇസ്‌ലാം ജര്‍മനിയില്‍ പ്രമുഖമായ ഒരു മതമായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ ജര്‍മനിയില്‍ ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. കര്‍ശനമായ ഏക പത്‌നീ വ്രതം പാലിക്കാന്‍ നിര്‍ദേശിക്കുന്ന ക്രിസ്തുമതത്തിന് ഈ അവസ്ഥക്ക് ഒരു പരിഹാരവും മുന്നോട്ടു വെക്കാനില്ലായിരുന്നു. ഈ അസന്തുലിതാവസ്ഥയുടെ പരിണതഫലം ജര്‍മന്‍ ജനത അനുഭവിക്കേണ്ടി വന്നു. വിവാഹം കഴിക്കാനാവാതെ വളരെയധികം കന്യകകളും വിഷാദവതികളായ വൃദ്ധകന്യകമാരും യുവ വിധവകളും അവിടെയുണ്ടായിരുന്നു. വിശാലമായ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഇത്തരത്തില്‍ അത്യന്തം അപകടകരവും അമ്പരിക്കുന്നതുമായ അനുപാതത്തില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത് ജര്‍മനി എന്ന ഒരു രാജ്യത്ത് മാത്രമായിരുന്നില്ല.

യുദ്ധാനന്തരമുള്ള ജര്‍മനിയില്‍ ധാര്‍മികാപചയത്തിന്റെയും അരാജകത്വത്തിന്റെയും വന്‍ സുനാമിയെ തടഞ്ഞു നിര്‍ത്തുക എന്നത് വമ്പിച്ച ഒരു വെല്ലുവിളിയായിരുന്നു. അത് സ്വാഭാവികമായുള്ളതും നിലവിലുള്ള അസന്തുലിതത്വത്തെ എല്ലാ അതിരുകളെയും ഭേദിച്ചു വലുതാക്കുന്നതുമായിരുന്നു. സങ്കീര്‍ണമായ ഇത്തരം എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരേയൊരു ഉത്തരം ഒരു പുരുഷനെ ഒന്നിലധികം സ്ത്രീകള്‍ വിവാഹം ചെയ്യാനനുവദിക്കുക എന്നതാണെന്ന് നിഷ്പക്ഷബുദ്ധിയുള്ള ഏതൊരാള്‍ക്കും കാണാന്‍ സാധിക്കും. ഈ നിര്‍ദേശം അവരുടെ കാമാസക്തിയെ ശമിപ്പിക്കാനുള്ളതായിരുന്നില്ല. വലിയ തോതില്‍ സ്ത്രീകളുടെ യാഥാര്‍ഥ്യ പ്രശ്‌നങ്ങളുടെ പരിഹാരമായിരുന്നു. യുക്തിപരവും യാഥാര്‍ഥ്യബോധത്തോടെയുള്ളതുമായ പരിഹാരം നിരാകരിക്കെടുമ്പോള്‍ സമൂഹത്തിന് പിന്നെ ബദലായി അവശേഷിക്കുന്നത് അപഭ്രംശത്തിലേക്കും ലൈംഗിക അരാജകത്വത്തിലേക്കും ദ്രുതഗതിയില്‍ ശോഷിക്കുന്ന ഒരു സമൂഹമായിരിക്കും. കഷ്ടമമെന്ന് പറയട്ടെ!. ഈയൊരുമാര്‍ഗമാണ് പാശ്ചാത്യലോകം സ്വീകരിച്ചത്.

നിങ്ങള്‍ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ ഈ രണ്ട് സമീപനങ്ങളും പുനഃപരിശോധിക്കുകയാണെങ്കില്‍ ഇതു സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രശ്‌നമല്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. മറിച്ച് അത് ഉത്തരവാദിത്വവും നിരുത്തരവാദിത്വവും തമ്മിലുള്ള പ്രശ്‌നമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. പൂര്‍ണമായ ഉത്തരവാദിത്വത്തോടെ മനുഷ്യന്‍ ചില പ്രയാസങ്ങളും പ്രത്യേക സാഹചര്യങ്ങളും ഏറ്റെടുക്കേണ്ടി വരുമ്പോള്‍ മാത്രമേ ഇസ്‌ലാം ഒന്നിലധികം വിവാഹം അനുവദിക്കുകയുള്ളൂ. മാത്രമല്ല രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഭാര്യമാരായാലും ശരി പൂര്‍ണമായ നീതിയും തുല്യതയും ഉറപ്പ് വരുത്തുകയും വേണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.

‘അനാഥരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നിങ്ങള്‍ക്ക് നന്നായി ത്തോന്നുന്ന(മറ്റു) സ്ത്രീകളില്‍ നിന്ന് രണ്ട് വീതമോ, മൂന്നു വീതമോ, നാലു വീതമോ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ക്ക് നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയെടുന്നുവെങ്കില്‍ ഒരു സ്ത്രീയെ(മാത്രം വിവാഹം ചെയ്യുക) അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള സ്ത്രീകളില്‍ നിന്ന്(വിവാഹം ചെയ്തുകൊള്ളുക) നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കാതിരിക്കാന്‍ ഏറ്റവും അടുത്ത(മാര്‍ഗം) അതാണ്.'(അദ്ധ്യാ.4, അന്നിസാഅ്:4)

ബഹുഭാര്യാത്വത്തിന് ബദലായി നിര്‍ദേശിക്കപ്പെടുന്ന മാര്‍ഗങ്ങള്‍ വളരെ വൃത്തികെട്ടതാണ്. വിവാഹം കഴിക്കാതെ ധാരാളം സ്ത്രീകള്‍ അവശേഷിക്കുമ്പോള്‍ അവര്‍ സമൂഹത്തിലെ വളരെയൊന്നും മതബോധമില്ലാത്ത വിവാഹിതരായ പുരുഷന്‍മാരെ വശീകരിക്കാനോ ആകര്‍ഷിക്കാനോ ശ്രമിച്ചാല്‍, അവരെ കുറ്റപ്പെടുത്താനാവില്ല. സ്ത്രീകളും മനുഷ്യരാണ്. അവര്‍ക്ക് അവരുടേതായ വികാരങ്ങളും പൂര്‍ത്തീകരിക്കാനാവാത്ത അഭിലാഷങ്ങളുമുണ്ടാകും. വീടും ഭര്‍ത്താവുമില്ലാത്ത അരക്ഷിതരായ സ്ത്രീകളും ജീവിത പങ്കാളിയില്ലാത്ത സ്ത്രീകളും, സന്താനങ്ങളുണ്ടാവുമെന്ന് പ്രതീക്ഷയില്ലാത്തവരും ജീവിതം ശൂന്യമായിതീര്‍ന്നവരാണ്. അവര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങുവാനുള്ള സാഹചര്യമൊരുക്കുക എന്ന ആവശ്യം യുദ്ധത്തിന്റെ മാനസികാഘാതത്തില്‍ വലയുന്ന ഒരു സമൂഹത്തെ കൂടുതല്‍ വേദനാജനകമാക്കിത്തീര്‍ക്കുന്നു. അവരുടെ ഭാവി, വര്‍ത്തമാനകാലം പോലെ ശൂന്യവും വിരസവുമായിരിക്കും. അത്തരം അവിവാഹിതകളായ സ്ത്രീകളെ നിയമപ്രകാരം സ്വീകരിക്കാതെയും ഉത്തരവാദിത്വത്തോടു കൂടിയുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അവരെ ഉള്‍ക്കൊള്ളാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അത് സമൂഹത്തിന്റെ സമാധാനത്തിന് സംഹാരാത്മകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അവര്‍ എങ്ങനെയെങ്കിലും നിയമവിരുദ്ധമായി ഒരു വിവാഹിതയുടെ ഭര്‍ത്താവിനെ പ്രാപിക്കുന്നതായിരിക്കും. അതില്‍ നിന്നുണ്ടാകുന്ന ഫലവും നിയമവിരുദ്ധമായിരിക്കും. പരസ്പര വിശ്വാസം തകരും. വിവാഹിതകളായ ഭര്‍തൃമതികള്‍ക്ക് അവരുടെ ഭര്‍ത്താവിലുള്ള വിശ്വാസം നഷ്ടപ്പെടും. സംശയം വളരും. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പര്‌സപര വിശ്വാസത്തിന്റെ കാര്യത്തില്‍ വര്‍ധിച്ചു വരുന്ന അവിശ്വാസം പല ഗൃഹങ്ങളുടെയും അടിത്തറ തകര്‍ക്കും. അവിശ്വസ്തനായ ഒരു പുരുഷന്‍ കുറ്റബോധത്തോടെയും അപരാധിയായും കൊണ്ട് ജീവിക്കുമ്പോള്‍ അത് കൂടുതല്‍ മാനസിക സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയും കൂടുതല്‍ കുറ്റം ചെയ്യാനുള്ള വാസനയുണ്ടാക്കുകയും ചെയ്യും.

സ്‌നേഹത്തെ സംബന്ധിച്ച ഉദാത്ത സങ്കല്‍പവും വിശ്വസ്തയുമായിരിക്കും ഇത്തരം പ്രവണതയുടെ ആദ്യത്തെ ഇര. വിശുദ്ധ പ്രണയത്തിന് അതിന്റെ പാവനത്വം നഷ്ടപ്പെടും. പൊതുസ്ഥലങ്ങളിലേക്ക് അവ തരം താഴ്ത്തപ്പെടുകയും ക്ഷണികമായ മോഹകാമനയായി പ്രണയം മാറുകയും ചെയ്യും. എല്ലായിടത്തും സമത്വത്തെക്കുറിച്ച് പറയുന്നവര്‍ ഒരു കാര്യം മറക്കുന്നു. അതായത് സ്ത്രീയും പുരുഷനും വ്യത്യസ്തരായിക്കൊണ്ടാണ് ജന്മനാ തന്നെ സൃഷ്ടിക്കപ്പെട്ടത്. ജന്മസിദ്ധമായ ഈ മേഖലയില്‍ സമത്വം അപ്രസക്തമാണ് എന്ന കാര്യം അവര്‍ മറന്നു പോകുന്നു.

സ്ത്രീക്ക് മാത്രമാണ് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയുക. ഭാവിയിലെ മനുഷ്യതലമുറയുടെ ഭ്രൂണത്തെ ഒമ്പത് മാസത്തിലധികം ഗര്‍ഭപാത്രത്തില്‍ ചുമക്കുവാന്‍ സ്ത്രീക്ക് മാത്രമേ കഴിയൂ. മനുഷ്യശിശുവിന്റെ പ്രാഥമിക ഘട്ടത്തിലും അതിന്റെ ബാല്യകാലത്തും സ്ത്രീയാണ് പോറ്റി വളര്‍ത്തുന്നത്. കുഞ്ഞുമായി സുദീര്‍ഘവും തീവ്രവും സമീപസ്ഥവുമായ രക്തബന്ധം കാരണം സ്ത്രീക്കാണ് പുരുഷനെ അപേക്ഷിച്ച് കുഞ്ഞുമായി ഏറ്റവും ശക്തവും മനഃശാസ്ത്രപരവുമായ ബന്ധമുള്ളത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ഈ ജന്മജാത വ്യത്യാസവും അതോടനുബന്ധിച്ചുള്ള സ്ത്രീയുടെയും പുരുഷന്റെയും സമൂഹത്തിലുള്ള വ്യത്യസ്തമായ പങ്കും അവഗണിക്കുകയാണെങ്കില്‍ അത്തരത്തിലുള്ള സാമൂഹിക സാമ്പത്തിക സംവിധാനം, ആരോഗ്യകരമായ സമതുലനാവസ്ഥയുടെ നിര്‍മിതിയില്‍ പരാജയപ്പെടും. ഇത്തരത്തില്‍ സ്ത്രീക്കും പുരുഷനും ഉള്ള ജന്മജാത വ്യത്യാസങ്ങള്‍ കണക്കിലെടുത്തു കൊണ്ടാണ് ഇസ്‌ലാം സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ ധര്‍മങ്ങള്‍ നിര്‍ദേശിച്ചത്.

(Islam’s Response to Contemporary Issues എന്ന പുസ്തക ത്തില്‍ നിന്ന്)