ദൈവം സർവ്വവ്യാപി അല്ലേ?

അവലംബം: സത്യദൂതൻ മാസിക, february 2003

എൻ. അബ്ദുർറഹീം, ദൈവത്തിന്റെ സർവ്വവ്യാപിത്വം സ്ഥാപിച്ചുകൊണ്ട് മാതൃഭൂമി വാരികയിൽ (2003 ഫെബ്രുവരി 2) ഒരു ലേഖനത്തിന്നെഴുതിയ പ്രതികരണം

‘ഇസ്ലാം സായീദർശനം’ എന്ന തലക്കെട്ടിൽ പി.പി. അബ്ദുർറഹ്മാൻ പെരിങ്ങാടി “മാതൃഭൂമി ആഴ്ചപ്പതിപ്പി“ൽ (ലക്കം 47) എഴുതിയ കുറിപ്പിൽ അല്ലാഹു സർവ വ്യാപിയാണെന്ന ആശയം ഇസ്ലാമികമല്ലെന്നു പ്രസ്താവിച്ചത് അങ്ങേയറ്റം അബദ്ധപൂർണവും തെറ്റിദ്ധാരണ പരത്തുന്നതുമാകുന്നു. ദൈവത്തെ സംബന്ധിച്ച എന്തെങ്കിലും ധാരണ പുലർത്തുന്ന എല്ലാവരും തന്നെ ഒരു പോലെ പുലർത്തുന്ന വിശ്വാസമാണ് ദൈവം സർവ്വശക്തനും (Omnipotent) സർവജ്ഞനും (Omniscient) സർവ്വവ്യാപിയും (Omniprestent) ആണെന്നത്. ദൈവത്തിന്റെ ഗുണങ്ങൾ (Attributes) എല്ലാംതന്നെ പാരസ്പര സംപൃക്തകളും ഒറ്റയായി നിലനിൽപ്പിലാത്തതുമത്രെ. സർവ്വശക്തനല്ലാത്ത ദൈവത്തെ സർവ്വജ്ഞനോ സർവവ്യാപിയോ ആയി സങ്കല്പിക്കാനാവില്ല; മറിച്ചും തന്നെ. സർവ്വവ്യാപിയല്ലെങ്കിൽ അവൻ സർവ്വശക്തനും സർവ്വജ്ഞനുമാണെന്നും സ്ഥാപിക്കാനാവില്ല.

ഈസാനബി (അ) മരിക്കാതെ ആകാശത്തിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന വിശ്വാസത്തെ ന്യായീകരിക്കാൻ പടച്ചുണ്ടാക്കിയ ദർശനാഭാസത്തിന്റെ അടിസ്ഥാനത്തിലാണ് ദൈവം സർവവ്യാപിയല്ലെന്നത് ഇസ്ലാമിലെ ഒരു പ്രമാണ വിശ്വാസമെന്നോണം എഴുന്നള്ളിക്കുന്നതെന്നു വേണം കരുതാൻ ഈസാനബി (അ) – യേശുക്രിസ്തു കുരിശിൽ മരിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ദൈവം “അവങ്കലേയ്ക്ക് ഉയർത്തി“ എന്നും ഖുർആൻ പറയുന്നുണ്ട്. (4:157). ഇവിടെ ഉയർത്തൽ സ്ഥാലികമാണെന്നു വരുത്തുമ്പോൾ ദൈവത്തിന്ന് ഒരു സ്ഥൂലരൂപവും ഇരിപ്പിടവും സങ്കല്പിക്കേണ്ടിവരും. സ്ഥൂലശരീരത്തോടെയാണല്ലോ ഈസാനബിയെ ഉയർത്തിയിരിക്കുന്നത്. അവിടെ അല്ലാഹുവിന്റെ തട്ടകത്തിൽ (അർശ്) ഇരിക്കാനൊരു മരക്കസേരയും (കുർസി) വിരിക്കേണ്ടിവന്നിരിക്കും. “ബർഫഅല്ലാഹു ഇലൈഹി (എന്നാൽ, അല്ലാഹു അദ്ദേഹത്തെ തന്നിലേയ്ക്ക് ഉയർത്തി) എന്നു പറഞ്ഞതിനു പ്രത്യക്ഷാർഥം നൽകിയപ്പോൾ, ഉയർത്തൽ സ്ഥാനികവും ആത്മീയവും ആണെന്നു ചിന്തിക്കാൻ കഴിയാതെ പോയി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവർ ക്രിസ്തുവിൽ ദൈവാംശം അധ്യാരോപിച്ചിരിക്കയാൽ അവരുടെ സ്വർഗാരോഹണ സിദ്ധാന്തത്തിന്ന് അൽപ്പം യുക്തിപരത അവർക്ക് അവകാശപ്പെടാൻ കഴിയും. എന്നാൽ, ശുദ്ധ തൗഹീദ് വാദികൾക്ക് ഇതെങ്ങനെ അംഗീകരിക്കാനാകും!

“തൂക്കപ്പെട്ടവൻ ശപിക്കപ്പെട്ടവൻ“എന്ന വേദോക്തിപ്രകാരം യേശു കുരിശിന്മേൽ തൂങ്ങിമരിക്കുകയും നരകഗർത്തത്തിന്റെ അടിത്തട്ടിൽ ആപതിച്ചു ശപ്തനാകയും ചെയ്തു എന്ന ജൂത വാദത്തെ (ഇത് ക്രൈസ്തവ മണ്ഡലം സമ്മതിച്ചുകൊടുത്തിട്ടുണ്ട്) ഖണ്ഡിച്ചു കൊണ്ടാണ് യേശു കൊല്ലപ്പെടുകയോ, കുരിശിൽ വച്ചു കൊലപ്പെടുത്തപ്പെടുകയോ ചെയ്തിട്ടില്ലെന്നും യേശുവിനെ ദൈവം തന്നിലോളം ഉയർത്തി പൂജനീയനാക്കുകയാണു ചെയ്തതെന്നും ദൈവം ഖുർആനിൽ പ്രസ്താവിച്ചത് (4:157). ഈ ഉയർത്തൽ സ്ഥാനികമല്ലെങ്കിൽ, അതായത് ആത്മീയപദവിയുടെ ഉയർത്തിലല്ലെങ്കിൽ ഖുർആനിക വചനം അപ്പാടെ അർത്ഥശൂന്യമായിത്തീരുകയും തൗഹിദ് സങ്കല്പങ്ങൾ തകർന്നു താറുമാറാകയും ചെയ്യും, അല്ലാഹുവിന്നു ഒരു പ്രത്യേക സ്ഥാനമില്ല. “അർശ്’ (ഇരിപ്പിടം) എന്നും “കുർസി’ (സിംഹാസനം) എന്നും പറയുന്നത് ആലങ്കാരികമായ ഭാവനാ പ്രയോഗങ്ങളാണ്. ദൈവം അരൂപിയും അദൃശ്യനുമായിരിക്കയാൽ അവന്റെ “സിഫത്തു’കളെ (ഗുണങ്ങളെ) മനു ഷ്യർക്ക് അവധാര്യമായ സമാന ശബ്ദങ്ങളിൽ നിർവചിക്കുന്നു എന്നു മാത്ര മേയുള്ളൂ. ദൈവത്തിന്റെ ഒരു ഗുണത്തെയും മാനുഷിക വ്യവഹാരങ്ങളുംമായി താദാത്മ്യപ്പെടുത്താനവില്ല.

“ലൈസ കമിസിലിഹീ ശൈയ്യൂൻ” (അവനെപ്പോലെ യാതൊന്നും തന്നെയില്ല) എന്നു ഖുർആൻ പറയുന്നു. സർവ്വവ്യാപി എന്നു പറയുമ്പോൾ പൂജിക്കപ്പെടുന്ന വസ്തുക്കളിലെല്ലാം ദൈവം കുടികൊള്ളുന്നു എന്നും സൃഷ്ടിപൂജ ശരിയാണെന്നും വരുമെന്ന ലേഖകന്റെ നിഗമനവും ശരിയല്ല. പദാർത്ഥവും പ്രപഞ്ചവും ദൈവത്തിന്റെ ഭാഗമാണെന്നാണ് അദ്വൈത സങ്കല്പം. സ്രഷ്ടാവും സൃഷ്ടിയും വ്യത്യസ്ത ഉണ്മകളാണെന്ന് അദ്വൈതവാദികൾ വിശ്വസിക്കുന്നില്ല. മറിച്ചു സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെയാണെന്നാണ് അവർ സിദ്ധാന്തിക്കുന്നത്. അവ അഭിന്നമായിരിക്കുമ്പോൾ വസ്തുവിൽനിന്നും വേറിട്ട ഒരു ദൈവം ആ വസ്തുവിൽ വ്യാപരിക്കുന്നു എന്നു വരില്ല. വസ്തുതന്നെയാണ് ദൈവം.

ഗ്രീക്കു പുരാണങ്ങളിലെ സങ്കല്പദൈവം സത്തയിൽ അങ്ങൊരിടത്ത്  നിലകൊള്ളുകയും ദൈവത്തിന്റെ ഗുണങ്ങൾ എല്ലായിടത്തും വ്യാപിക്കുകയും ചെയ്യുന്നു. ഈ ഭാവനയും ഇസ്ലാമികമല്ല. അതായത് ദൈവത്തിന്റെ ജ്ഞാനമാണ് സർവ്വത്ര വ്യാപിച്ചിരിക്കുന്നതെന്നും സത്ത അല്ലാ എന്നും അവർ സിദ്ധാന്തിക്കുന്നു. എന്നാൽ, ദൈവവും അവന്റെ ഗുണങ്ങളും അഭിന്നങ്ങളായിരിക്കയാൽ ഗുണങ്ങൾ ഉള്ളേടത്ത് സത്തയും സത്തയു ള്ളേടത്ത് ഗുണങ്ങളും ഉണ്ടായിരിക്കണം. സത്തയുടെ സൽഭാവം അറിയുന്നത് ഗുണങ്ങളിലൂടെയാണ്. ദൈവത്തിന്റെ അമൂർത്തങ്ങളായ ഗുണങ്ങൾ പോലെ തന്നെ അമൂർത്തമായ സത്തയും അരൂപവും അദൃശ്യവുമാകുന്നു. “നൂർ’ അഥവാ, പ്രകാശം ദൈവത്തിന്റെ ഒരു ‘സിഫത്ത്’ (ഗുണം) ആണ് എന്നാൽ, ‘നൂർ തന്നെയാണ് ദൈവം. ‘അല്ലാഹു നൂറുസ്സമാവാത്തി വൽ അർസ്‘

പിന്നെ, “കാനല്ലാഹു ബികുല്ലി ശയ്യിൻ മുഹീത്താ’ (അല്ലാഹു സകല വസ്തുക്കളെയും വലയം ചെയ്തിരിക്കുന്നു) എന്നും ഖുറാനിൽ പറഞ്ഞിട്ടുണ്ട്. “കുല്ലുശയ്യിൻ“ എന്നതിൽ പരമാണുക്കളും സൂക്ഷ്മകണങ്ങളും ഉൾപ്പെടുന്നു. പരമാണു ഊർജമായി മാറുമ്പോൾ ആ ഊർജത്തെയും അല്ലാഹു വലയം ചെയ്യുന്നു. സൂക്ഷ്മാണുകണത്തെയും അഖിലാണ്ഡകോടി ബ്രഹ്മാണ്ഡങ്ങളെയും അവൻ ചുറ്റിയിരിക്കുന്നു. ആ വലയം എങ്ങനെയുള്ളതാണെന്നും അല്ലാഹു പറഞ്ഞു തന്നിട്ടില്ല. നമുക്ക് അതറിയാനും വയ്യ. മനുഷ്യശരീരത്തിന്റെ പുറത്തും അകത്തും റേഡിയേഷൻ ഉണ്ട്. അദൃശ്യമായ അതിന്റെ രൂപപ്രഭാവങ്ങൾ നാമറിയുന്നില്ല. അങ്ങനെയിരിക്കെ ദൈവം എല്ലാ വസ്തുക്കളെയും ചുറ്റിയിരിക്കുന്നത് എങ്ങനെയെന്നു നാം അറിഞ്ഞുകൊള്ളണമെന്നില്ല.

അല്ലാഹു എല്ലായിടത്തും ഉണ്ട് എന്ന അർത്ഥത്തിൽ അവൻ സർവ്വവ്യാപിതന്നെയാണ്. ആകാശത്തിന്റെ അനന്തതകളിൽ അവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നല്ല സർവ്വവ്യാപി എന്നതിന്നർത്ഥം. അല്ലാഹു വിസ്തൃതൻ അഥവാ വിശാലൻ (വാസിഅ്) ആണെന്നു ഖുർആൻ പറയുന്നു. ആ വിസ്തൃതി സർവ്വവ്യാപകമല്ലേ അതിന്നു പരിമിതിയുണ്ടോ? അല്ലാഹു സർവസാക്ഷി (ശാഹിദ്) ആണെന്നും ആണെന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങളെല്ലാം അറ്റം പെടാത്ത വിധം അതിവർത്തിക്കുമ്പോൾ സർവ വ്യാപകവും അവയുടെ കർത്താവ് സർവവ്യാപിയും തന്നെയായിരിക്കും. അല്ലാഹുവിന്റെ ഗുണങ്ങൾ (സിഫത്തുകൾ) അവനിൽ നിന്നും അന്യമായും ഭിന്നമായും സങ്കല്പിക്കുമ്പോൾ ആ “സിഫത്തുകൾ“ ഇല്ലാത്തതാണെന്നും അപ്പോൾ അല്ലാഹുതന്നെ ഇല്ലാത്തതാണെന്നുമുള്ള യുക്തിപരമായ ദുർഗമസന്ധിയിൽ (Logical impasse) എത്തിച്ചേരേണ്ടിവരും. അല്ലാഹു സർവവ്യാപിയല്ലെങ്കിൽ അവൻ സീമിതനും ഒരിടത്തു ഉപസ്ഥിതനും ആണെന്നു വരുന്നതുമാണ്. അല്ലാഹു ഇല്ലാത്ത ഇടവും കാലവും ഏതാണ് എന്നു പറഞ്ഞുതരാനാകുമോ?

ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം ജീവനും ശരീരവും തമ്മിലുള്ള ബന്ധത്തിന്നു സദൃശമാകുന്നു. ശരീരത്തിൽ ജീവൻ വ്യാപിച്ചുകിടക്കുന്നു. ജീവൻ ഹൃദയത്തിലോ മസ്തിഷ്ക ത്തിലോ ഒരു പ്രത്യേക സ്ഥാനത്ത് നില കൊള്ളാതെ എല്ലാ കോശങ്ങളിലും അദൃശ്യമായി വ്യാപിച്ചുകിടക്കുന്നു. ജഡവും ജീവനും വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയതാണെങ്കിലും ജീവൻ ജഡത്തിന്നതീതമായി, സ്വതന്ത്രമായി, ജഡവുമായി കൂടിപ്പിരിയാതെ വേർതിരിഞ്ഞു തന്നെ പ്രതിഭാസിക്കുന്നു. ശരീരം കൊത്തിമുറിച്ചു അണുകണങ്ങളാക്കി വിച്ഛേദിച്ചാലും ജീവനെ കണ്ടത്താൻ സാധ്യമല്ല. എന്നുവെച്ച് ജീവൻ ഇല്ലാത്തതാണെന്നു വരുമോ? ദൈവവും സർവവ്യാപിയാണെങ്കിൽ പ്രപഞ്ചത്തിൽ ദൈവം നിറഞ്ഞു നിൽക്കുന്നുവെങ്കിൽ പ്രപഞ്ചം തന്നെ ദൈവമെന്നു പറഞ്ഞു കൂടെ എന്ന ചോദ്യവും അസംബന്ധമാണ്. അങ്ങനെ പറയാമെങ്കിൽ ശരീരം തന്നെയാണ് ജീവൻ എന്നും പറയാമല്ലോ. മനുഷ്യ ശരീരം സൂക്ഷ്മപ്രപഞ്ചം (Epitome of the world) ആണെന്നു സൂഫികൾ പറഞ്ഞുപോന്നിട്ടുള്ളത് ഈ കാഴ്ചപ്പാടിലാണ്.