ഈസാനബി(അ)ൻ്റെ ജീവചക്രം

وَ السَّلٰمُ عَلَیَّ یَوۡمَ وُلِدۡتُّ وَ یَوۡمَ اَمُوۡتُ وَ یَوۡمَ اُبۡعَثُ حَیًّا

ഞാൻ ജനിച്ച ദിവസവും ഞാൻ മരിക്കുന്ന ദിവസവും ഞാൻ പുനരുദ്ധാനം ചെയ്യപ്പെടുന്ന ദിവസവും എന്റെമേൽ സമാധാനം. (19 : 34)

ഈ വാക്യം ഈസാനബി(അ)ൻ്റെ ജീവചക്രം എടുത്തുകാണിക്കുന്നു, ഇതിൽ മൂന്ന് കാര്യങ്ങൾ പരാമർശിക്കപ്പെടുന്നു, ജനനവും മരണവും പിന്നെ ഉയിർത്തെഴുന്നേൽപും അദ്ദേഹത്തിൻ്റെ ശാരീരിക സ്വർഗ്ഗാരോഹണം നടന്നിരുന്നുവെങ്കിൽ, ഈ ജീവചക്രം ഇങ്ങനെയായിരിക്കും : ജനിച്ചു, പിന്നീട് ആകാശത്തു പോയി അവിടെ ജീവിച്ചു, മരിച്ചു, പിന്നെ ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്നും. ഈസാനബിയെ പറ്റി ഖുർആനിലെവിടെയും ആകാശത്തിലേക്ക് ഉയർത്തപ്പെട്ടു എന്ന് അല്ലാഹു പറഞ്ഞിട്ടില്ല, അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ ചുരുങ്ങിയപക്ഷം ഈ ആയത്തിലെങ്കിലും അക്കാര്യം രേഖപ്പെടുത്തുമായിരുന്നു.

എന്നിട്ടും അവിവേകികളായ ചില മുസ്ലിങ്ങൾ, സങ്കടകരമെന്നു പറയട്ടെ, “ഞാൻ മരിക്കുന്ന ദിവസം“ എന്നുള്ളത് ഭാവികാലപ്രവചനമാണ് എന്നും, ഈസാനബി ഇപ്പോഴും ജീവിചിരിക്കുന്ന കാരണത്താൽ മരണത്തേയും ഉയിർത്തെഴുന്നേൽപ്പിനെയും പറ്റി പറയപ്പെട്ടിട്ടുള്ള പ്രവചനങ്ങൾ ഒക്കെ “ഭാവിയിൽ“ സംഭവിക്കാം പറഞ്ഞുക്കൊണ്ടുള്ള വിചിത്രവാദവുമായി ഇക്കാര്യത്തെ എതിരിടാൻ വരാറുണ്ട്.  ഈസാനബി(അ)ൻ്റെ കാലശേഷം ഹസ്രത്ത് മുഹമ്മദ് നബി (സ)യ്ക്ക് ഇറങ്ങിയ ഖുർആനിൽ ഈസാനബി അക്കാലത്ത് സംസാരിച്ച കാര്യങ്ങൾ “അദ്ദേഹം പറയുന്നു“ എന്നുള്ള രീതിയിലുള്ള ആഖ്യാനമനുസരിച്ച് തീർച്ചയായും ഭാവികാല ക്രിയ ആയിരിക്കും അത് സ്വാഭാവികമായ സാഹിത്യപ്രക്രിയയാണ്.

ഉദാഹരണത്തിനു ഈസാനബി ഹസ്രത്ത് മുഹമ്മദ് നബി (സ)യുടെ ആഗമനത്തേപറ്റി പ്രവചനം ചെയ്യുന്ന ഭാഗം നോക്കുക.

وَ اِذۡ قَالَ عِیۡسَی ابۡنُ مَرۡیَمَ یٰبَنِیۡۤ اِسۡرَآءِیۡلَ اِنِّیۡ رَسُوۡلُ اللّٰہِ اِلَیۡکُمۡ مُّصَدِّقًا لِّمَا بَیۡنَ یَدَیَّ مِنَ التَّوۡرٰٮۃِ وَ مُبَشِّرًۢا بِرَسُوۡلٍ یَّاۡتِیۡ مِنۡۢ بَعۡدِی اسۡمُہٗۤ اَحۡمَدُ ؕ فَلَمَّا جَآءَہُمۡ بِالۡبَیِّنٰتِ قَالُوۡا ہٰذَا سِحۡرٌ مُّبِیۡنٌ

മർയമിന്റെ മകൻ ഈസാ പറഞ്ഞ അവസരം (സ്മരിക്കുക): “”ഇസ്രായീൽ സന്തതികളേ, എന്റെ മുമ്പിലിരിക്കുന്ന തൗറാത്തിനെ സാക്ഷാൽക്കരിക്കുന്നവനായും എനിക്കുശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവനായും ഞാൻ നിങ്ങളുടെയടുക്കൽ (നിയുക്തനായ) അല്ലാഹുവിന്റെ ദൂതനാകുന്നു.” (61:7)

എനിക്ക് ശേഷം അഹ്മദ് എന്നു പേരുള്ള ദൂതൻ നിങ്ങളുടെ അടുക്കൽ വരും എന്നുള്ള ഈ പ്രവചനം “ഭാവികാല പ്രവചനം“ ആണെന്നതിൽ തർക്കമില്ലല്ലോ. അപ്പോൾ അനഹ്മദി പണ്ഡിതരുടെ കണക്കിൽ ഈ പ്രവചനം ഇപ്പോഴും പുലർന്നിരിക്കാൻ വഴിയില്ല. കാരണം ഈസാനബി ഇപ്പോഴും ജീവിചിരിക്കുന്ന കാരണത്താൽ മരണത്തേയും ഉയിർത്തെഴുന്നേൽപ്പിനെയും പറ്റി പറയപ്പെട്ടിട്ടുള്ള പ്രവചനങ്ങൾ ഒക്കെ “ഭാവിയിൽ“ സംഭവിക്കാമെന്ന് എപ്രാകാരം വ്യഖ്യാനം നൽകിയോ അതുപോലെ ഈ പ്രവചനവും ഇതുവരെ സംഭവിക്കാത്തതും ഇനി ഭാവിയിൽ എപ്പോഴെങ്കിലും സംഭവിക്കാവുന്നതുമാണ് എന്ന് അവർ അവകാശപ്പെടുമോ?.

ഇനി ഇതേവചനം ഹസ്രത്ത് യഹ്യ(അ)നെ പറ്റിയും ഖുർആനിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്

وَ سَلٰمٌ عَلَیۡہِ یَوۡمَ وُلِدَ وَ یَوۡمَ یَمُوۡتُ وَ یَوۡمَ یُبۡعَثُ حَیًّا

അദ്ദേഹം ജനിച്ച ദിവസവും മരണ ദിവസവും പുനരുത്ഥാനം ചെയ്യപ്പെടുന്ന ദിവസവും അദ്ദേഹത്തിന് ശാന്തിയും സമാധാനവും ഉണ്ടാകട്ടെ. (19 : 16)

ഹസ്രത്ത് യഹ്യ(അ) മരണപ്പെട്ടുപോയി എന്നുള്ളകാര്യത്തിൽ തർക്കമൊന്നും ഇല്ലാത്തത് പോലെ ഹസ്രത്ത് ഈസാ(അ) മരണപ്പെട്ടു എന്നുള്ള കാര്യത്തിലും തർക്കമുണ്ടാവേണ്ട കാര്യമില്ല.