وَ مَا جَعَلۡنَا لِبَشَرٍ مِّنۡ قَبۡلِکَ الۡخُلۡدَ ؕ اَفَا۠ئِنۡ مِّتَّ فَہُمُ الۡخٰلِدُوۡنَ
നിനക്ക് മുൻപ് നാം ഒരു മനുഷ്യനും ചിരകാലായുസ്സ് നൽകിയിട്ടില്ല എന്നിരിക്കേ, നീ മരിക്കുകയും അവർ അനിതരസാധാരണമായ ആയുസ് നേടുകയും ചെയ്യുമെന്നാണോ? (സൂറത്തുൽ അമ്പിയാഅ്: 35)
ഈ ആയത്ത് പ്രകാരം ഒരു “മനുഷ്യനും“ നിത്യജീവൻ നൽകപ്പെടുന്നില്ലെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. മറ്റ് പല ആയത്തിൽ നിന്നും “ഈസനബിക്ക് ഇത് ബാധകമല്ല“ എന്നു കണ്ണടച്ചിരുട്ടാക്കിക്കൊണ്ട് ഒഴിവ് പറയും പോലെ ഈ ആയത്തിനും എന്തെങ്കിലും ഒഴിവുകഴിവ് പറയുമോ?. മാത്രമല്ല ഈ ആയത്ത് പ്രകാരം എതെങ്കിലും ഒരു മനുഷ്യന് ചിരകാലായുസ്സ് നല്കപ്പെടുമായിരുന്നുവെങ്കിൽ അതു തീർച്ചയായും റസൂൽ തിരുമേനി(സ)യ്ക്ക് ആവുമായിരുന്നു എന്നും പറയാം, “നീ മരിക്കുകയും അവർ ചിരകാലം ജീവിക്കുകയും ചെയ്യുമോ“ എന്നുള്ള ചോദ്യം അതിലേക്കാണ് സൂചന നൽകുന്നത്. അത്തരം ഒരു അവസ്തയ്ക്ക് ( ചിരകാല അയുസ്സിനു) അർഹതയുണ്ടെങ്കിൽ അത് തിരുമേനി(സ)യ്ക്ക് മാത്രമാണ് എന്നിരിക്കെ നിനക്കും (തിരുമേനി(സ)ക്കും) ഞാൻ മരണം നൽകിയിട്ടുണ്ട് നിന്നെ(തിരുമേനി (സ)യെ)ക്കാൾ പദവിയിലുയർന്നവരല്ലല്ലോ അവരാരും എന്നാണ് ഇതിന്റെ കാതലായ ഭാഗം.
وَ مَا مُحَمَّدٌ اِلَّا رَسُوۡلٌ ۚ قَدۡ خَلَتۡ مِنۡ قَبۡلِہِ الرُّسُلُ
മുഹമ്മദ് അല്ലാഹുവിൻ്റെ ഒരു റസൂല്‍ മാത്രമാണ്. അദ്ദേഹത്തിന് മുമ്പേയുള്ള റസൂല്‍മാരെല്ലാം കാലഗതി പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു.
(വിശുദ്ധ ഖുർആൻ 3:145)
ഈ ആയത്തുകളിൽ വ്യക്തമായ നിലയിൽ “പ്രവാചകന്മാർ“ എന്നുള്ള സമൂഹത്തെ മാത്രമായാണ് പ്രതിപാദിക്കുന്നത്. എന്നിട്ട് പറയുന്നു മുഹമ്മദ് നബി (സ)യ്ക്ക് മുൻപേ വന്ന ഒരു പ്രവാചകനു പോലും അല്ലാഹു ചിരഞ്ജീവിത്വം (ചിരകാല ആയുസ്സ്) നൽകപ്പെട്ടിട്ടില്ല എന്ന്. ഒന്നോർത്തു നോക്കൂ ഈസാനബി(അ) മുഹമ്മദ് മുസ്തഫാ(സ)യ്ക് തൊട്ടുമുന്നേ വന്ന പ്രവാചകനാണ് എന്നിരിക്കെ ഇതിൽ നിന്നും അദ്ദേഹത്തെ മാത്രം അനഹ്മദികൾ എടുത്തുമാറ്റുമോ? ഇനി ഏതെങ്കിലും കാലത്ത് ഈസാനബി മരിക്കില്ലേ എന്നുള്ളതാണ് തർക്കമായി പറയുന്നതെങ്കിൽ എന്നെന്നും “ജീവിച്ചിരിക്കുന്നത്“ അല്ലാഹു മാത്രമാണെന്ന് നിങ്ങൾക്ക് അറിയില്ല്ലേ? 2000 വർഷമായി ഒരാൾ ജീവിചിരിക്കുന്നു എങ്കിൽ “ചിരഞ്ജീവി“ എന്നല്ലാതെ മറ്റ് എന്തു പദമാണ് അയാളെ സംബന്ധിച്ച് പ്രയോഗിക്കേണ്ടത് ?
اَفَا۠ئِنۡ مِّتَّ فَہُمُ الۡخٰلِدُوۡنَ
ഇനി രണ്ടമതായി പറയുന്നത് “നീ മരിച്ചുപോവുകയ്യും, അവർ അനശ്വരരായി ജീവിചിരിക്കുകയും ചെയ്യുമോ“ ? എന്നുള്ളതാണ്. ഈ വചങ്ങളിൽ നിന്നും രണ്ടുകാര്യങ്ങളാണ് മനസ്സിലാകുന്നത്, ഒന്നാമതായി നബി(സ)യ്ക്ക് മരണമുണ്ട് എന്നുള്ള പരോക്ഷസൂചനയും, രണ്ടാമതായി അങ്ങനെ നബി(സ) മരണപ്പെട്ടുവെങ്കിൽ തിരുമേനി(സ) മുൻപേ വന്ന എല്ലാ പ്രവാചകരും നിസ്സംശയം മരണപ്പെട്ടിട്ടുണ്ട് എന്നുള്ള സൂചനയും.
മറ്റൊരിടത്ത് ഇങ്ങനെ രേഖപ്പെട്ടതായി കാണപ്പെടുന്നു,
നബി(സ) അല്ലാഹുവിനെ പ്രകീർത്തിച്ചശേഷം പറഞ്ഞു: “ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ നബിയുടെ മരണത്തെക്കുറിച്ച് ഭയപ്പെടുകയാണെന്ന് ഞാൻ അറിഞ്ഞിരിക്കുന്നു. എനിക്ക് മുമ്പേ വന്ന ഏത് നബിക്കാണ് ചിരംജീവിത്വം നൽകിയിരിക്കുന്നത്? എനിക്കും നൽകപ്പെടാൻ!
അറിയുക, തീർച്ചയായും ഞാൻ ഉടൻതന്നെ എന്റെ റബ്ബിനെ കണ്ടുമുട്ടുന്നവനാണ്. നിശ്ചയമായും നിങ്ങൾ എന്നെയും കണ്ടു മുട്ടുന്നതാണ്.
ആയതിനാൽ, ഞാൻ മുഹാജിരീംകളെക്കുറിച്ച് നിങ്ങേളാട് വസിയ്യത്ത് ചെയ്യുകയാണ്.” (ഖുത്തുബാത്തുൽ മുസ്തഫാ, മുഹദ് ഖലീലുൽ ഖത്തീഖ് പേജ്: 345)
കാര്യം എത്ര വ്യക്തം, ഇനിയും ആളുകൾ പറയുമോ ഈസാനബി(അ) ജീവിച്ചിരിക്കുന്നു എന്ന്, ഇനി അവർ അങ്ങനെ പറയുന്നപക്ഷം അവർക്ക് ഇങ്ങനെയും പറയേണ്ടിവരും ഈസാനബിയെ കുറിച്ച് നബിതിരുമേനി(സ)യ്ക്ക് തങ്ങളുടെയത്ര അറിവില്ല എന്ന്, കഷ്ട്ടം. ഈസാ നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ “എനിക്ക് മുമ്പേ വന്ന ഏത് നബിക്കാണ് ചിരഞ്ജീവിത്വം നൽകിയിരിക്കുന്നത്?“ എന്നുള്ള ചോദ്യത്തിനു എന്ത് പ്രസക്തി.