ഹദീസിൽ നിന്നുമുള്ള തെളിവുകൾ -1 : ഈസാനബി(അ)ന്റെ പ്രായം

ഇനി നോക്കാനുള്ളത് ഹദീസ് ഈ കാര്യത്തെപ്പറ്റി എന്തു പറയുന്നുവെന്നാണ്. നബി (സ)തിരുമേനി പറയുകയാണ്.

انه لم يكن نبي كان بعده نبی الا عاش نصف عمر الذي كان قبله.

و آن عیسی ابن مریم عاش عشرين و مائة و اني لا اراني الا ذاهبا

على راس السن.

“മുൻകഴിഞ്ഞ പ്രവാചകന്റെ പ്രായത്തിന്റെ പകുതി പ്രായം നേടാതെ ഒരു നബിയും കടന്നു കഴിഞ്ഞിട്ടില്ലെന്ന് ജിബ്രീൽ (അ) എന്നെ അറിയിച്ചു. തീർച്ചയായും ഈസബ്നുമർയം 120 വയസ്സുവരെ ജീവിച്ചിരുന്നു. അതുകൊണ്ട് എനിക്ക് 60 വയസ്സ് വരെ എത്തിയേക്കാമെന്ന് ഞാന് മനസ്സിലാക്കുന്നു.” (‘ഹദ്രത്ത് ഫാത്തിമത്തുസുഹ്റ വിവരിച്ച ഹദീസ്, കൻസുൽ ഉമ്മാൽ, ഭാഗം :11, പേ 479 ‘)

തന്റെ തൊട്ടു മുൻഗമിച്ച പ്രവാചകന്റെ പകുതിപ്രായമെങ്കിലും നേടാതെ ഞാൻ മരണപ്പെടില്ല എന്നു പറയുന്നതിൽ നിന്നും തന്നെ ഈസാ നബിയുടെ മരണം ഉറപ്പിക്കാം, എന്നിട്ട്  ഹസ്രത്ത് തിരുനബി (സ)  ഇങ്ങനെ കൂടി ചേർത്തു 120 വയസ്സുവരെ ഈസാനബി ജീവിച്ചിരുന്നു, അതായത് 120 വയസ്സായപ്പോഴേക്കും ഈസാനബി മരിച്ചു എന്നു വ്യക്തം. ആ നിലയ്ക് ചുരുങ്ങിയപക്ഷം മുഹമ്മദ് നബി(സ)യുടെ ആയുസ്സ് 60 എങ്കിലും ഉണ്ടായിരിക്കും.

ചിലർ ഈ ഹദീസ് പൂർണ്ണമായും മനസ്സിലാക്കാതെ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. അതായത് ഇപ്പറഞ്ഞ പ്രകാരമെങ്കിൽ ഈസാനബിക്ക് മുൻ കടന്നുപ്പോയ പ്രവാചകന്മാർക്ക് 240, 480, 960 … അങ്ങനെ വലിയ ആയുസ്സായിരിക്കുമല്ലോ എന്ന്. യഥാർത്ഥത്തിൽ അവർ ഹദീസിന്റെ ആദ്യഭാഗം നല്ലവണ്ണം വായിച്ചില്ല. ഈസാനബിക്ക് മുന്നേ കടന്നു പോയ പ്രവാചകന് 50 വയസ്സായിരുന്നു എങ്കിൽ ഈസാനബി (അ) “ചുരുങ്ങിയ പക്ഷം“ 25 വരെയെങ്കിലും ജീവിക്കും എന്നുള്ളതാണ് ഉറപ്പ് അതായത് “minimum age guarantee” ആണ് ഈ ഹദീസിൽ പറയുന്നത്. ഇതു തന്നെയാണ് റസൂൽ (സ) തിരുമേനി ഈസാനബി(അ) 120 വർഷം ജീവിചിരുന്നതുകൊണ്ട് താൻ 60 എങ്കിലും തികയ്ക്കും എന്നുപറഞ്ഞത്.

വളരെ വിശ്വസനീയവും ആധികാരികവുമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന നിവേദകരുടെ ഒരു ശൃംഖലയിൽ നിന്നുമായ കാരണത്താൽ ഇമാം തബ്റാനി തന്റെ അൽ കബീറിനായി ഈ വിവരണം എടുത്തിട്ടുണ്ടെന്ന് ഹിജാജുൽ കിറാമയിലും അൽ-മവാഹിബുൽ-ലുദുനിയയിലും പ്രസ്താവിച്ചിട്ടുണ്ട്.

എത്ര വ്യക്തമായ നിലയിലാണ് ഈ ഹദീഥ് ഈസാനബിയുടെ മരണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നോക്കുക.