മരിച്ചവർ മടങ്ങിവരില്ല

ഈസാനബിയുടെ വഫാത്തിനെ പറ്റി ഖുർആനും തിരുഹദീസുകളും എന്ത് പറയുന്നുവെന്നും ഇസ്ലാമിലെ മുൻ കാലപണ്ഡിതന്മാരുടെ വീക്ഷണങ്ങൾ എന്തെല്ലാമായിരുന്നു എന്നും ഇതിനുമുമ്പുള്ള ലേഖനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി നേരിടാനുള്ള ചോദ്യം റസൂൽ തിരുമേനി ചെയ്ത പ്രവചനത്തെപറ്റിയുള്ളതാണ്. അവസാന കാലത്ത് ഈസബ്നു മർയം ഇറങ്ങും എന്ന് പറഞ്ഞിരിക്കയാൽ മരിച്ചുപോയെങ്കിലും ഈസാനബി തിരിച്ചുവരുമോ എന്നുള്ളതാണ്. അതിനുള്ള ഉത്തരം ഖുർആനിലെ ലിഖിതങ്ങൾ മാറ്റമില്ലാതെ തുടരുകയും അല്ലാഹുവിന്റെ നിയമങ്ങൾ പാലിക്കപ്പെടുകയും ചെയ്യുന്ന പക്ഷം അങ്ങനെ സംഭവിക്കുക സാധ്യമല്ല എന്നുള്ളതാണ്. അങ്ങനെ സംഭവിക്കുന്നപക്ഷം വിശുദ്ധ ഖുർആനിലെ നിയമങ്ങൾ അഥവാ അല്ലാഹുവിന്റെ വചനങ്ങൾ കാലഹരണപ്പെട്ടു എന്നു പറയേണ്ടിവരും, നഊദുബില്ലാഹ് !…

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു;
وَمِنْ وَرَائِهِمْ بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ

മരിച്ചവരുടെയും ഈ ലോകത്തിന്റെയും ഇടയിൽ പുനരുദ്ധാനനാൾവരെ ഒരു മറയുണ്ടായിരിക്കും (വി.ഖു. 23:101)

വിശുദ്ധ ഖുർആന്റെ വ്യക്തമായ അദ്ധ്യാപനമനുസരിച്ച് മരിച്ചുപോയവർ ഈ ലോകത്ത് വീണ്ടും ജീവിക്കുകയെന്നത് അസാധ്യമാണ്, അസംഭവ്യമാണ്.

ഇനി വേറൊരുകാര്യം, ഈസാനബി മരിച്ചവരെ ജീവിപ്പിച്ചില്ലേ അതുകൊണ്ട് ഇതും സാധ്യമാകില്ലേ എന്ന് ചോദ്യം ഉയരാറുണ്ട്, വിശുദ്ധ ഖുർആന്റെ യഥാർത്ഥ അദ്ധ്യാപനങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്തത് കൊണ്ടുമാത്രമാണ് അത്തരം സംശയങ്ങൾ ഉദിക്കുക്കുന്നത്. ഈസാനബിയെ സംബന്ധിച്ച് അദ്ദേഹം മരിച്ചവരെ ജീവിപ്പിച്ചുവെന്ന് വിശുദ്ധ ഖുർആനിൽ പറയപ്പെട്ടിട്ടുണ്ട്. ആദ്ധ്യാത്മികമായി മൃതിയടഞ്ഞവർക്ക് നവജീവൻ നല്കി എന്നാണ് അതിന്റെ ശിരിയായ അർത്ഥം. പ്രവാചകന്മാർ ആവിർഭവിക്കുന്നത് ഈയൊരു പ്രവൃത്തിക്കുവേണ്ടി തന്നെയാണ്. നബി തിരുമേനിയെ പറ്റി വിശുദ്ധഖുർആൻ പറയുന്നത് നോക്കുക:

یٰۤاَیُّہَا الَّذِیۡنَ اٰمَنُوا اسۡتَجِیۡبُوۡا لِلّٰہِ وَ لِلرَّسُوۡلِ اِذَا دَعَاکُمۡ لِمَا یُحۡیِیۡکُمۡ

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്കുവിൻ; നിങ്ങളെ ജീവിപ്പിക്കാൻ വേണ്ടി അവന്റെ റസൂൽ വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ വിളിക്കും (വി.ഖു. 1:25).

നബി തിരുമേനിയെ സംബന്ധിച്ച് എത്ര വ്യക്തമായാണ് ജീവിപ്പിക്കുന്നുവെന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇവിടെ ആദ്ധ്യാത്മികമായി ജീവിപ്പിക്കുക എന്നാണ് സകല മുസ്ലിംങ്ങളും ഐക്യകണ്ഠേന അർഥം കൽപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അതേ പദം ഈസാനബിയെ സംബന്ധിച്ച് പ്രയോഗിക്കുമ്പോൾ യഥാർത്ഥമായി മരിച്ചവരെ ജീവിപ്പിക്കുകയെന്ന് ധരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നു. പിൽകാലത്ത് ഇസ്ലാംമതം വിശ്വസിച്ച ക്രൈസ്തവജനതയുടെ സ്വാധീനമാണിതിനു കാരണം. ഇസ്ലാമിന്റെ അഭിവൃദ്ധിയുടെ കാലത്ത് ക്രിസ്ത്യാനികൾ കൂട്ടം കൂട്ടമായി അതിൽ പ്രവേശിക്കാൻ തുടങ്ങി. മനുഷ്യൻ അവന്റെ പൂർവ്വ വിശ്വാസം ക്രമത്തിൽ മാത്രമേ ഉപേക്ഷിക്കുകയുള്ളൂ എന്നത് സ്വഭാവികം മാത്രമാണ്. അവർ ഇസ്ലാംമതം സ്വീകരിച്ചത് അതിന്റെ സത്യം മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നെങ്കിലും ചില പൂർവ്വധാരണകളെ സംബന്ധിച്ചിടത്തോളം അതിന്റെ സ്വാധീനത്തിൽ നിന്ന് അവർ പരിപൂർണ്ണമായി മുക്തരായിരുന്നില്ല. തന്നിമിത്തം വ്യാഖ്യാന കാര്യങ്ങളെ സംബന്ധിച്ച് അനേകം തെറ്റായ അഭിപ്രായങ്ങൾ അവർ വിടാതെ പിടിച്ചുനിന്നു. അവയെല്ലാം ഒറ്റദിവസംകൊണ്ട് ഹൃദയത്തിൽ നിന്നു പുറത്തു പോവുകയെന്നത് അസാധ്യവുമായിരുന്നു. ഈസാനബിയെ സംബന്ധിച്ച് അവർക്കുണ്ടായിരുന്ന അതിർകവിഞ്ഞ വിശ്വാസം ശിർക്കിന്റെ സ്ഥാനത്തുനിന്ന് താഴോട്ടിറങ്ങിയെങ്കിലും അതിന്റെ മലിനതകൾ മുഴുവൻ നീങ്ങിക്കഴിഞ്ഞിരുന്നില്ല. അതിനാൽ, വിശുദ്ധ ഖുർആനിലും ഹദീഥുകളിലും എവിടെയെല്ലാം ഈസാനബിയുടെ പരാമാർശം വന്നുവോ അവിടെയെല്ലാം അവർ അവരുടെ ചിന്താഗതിക്കൊത്ത വ്യഖ്യാനങ്ങൾ നല്കി. മറ്റു മുസ്ലിംകളും ക്രമത്തിൽ ആ ചിന്താഗതിക്കധീനരായിത്തീർന്നു. ഈ കാരണത്താലാണ് നമ്മുടെ മുഫസ്സിരീങ്ങളിൽ ചിലർ വിശുദ്ധ ഖുർആനെ വ്യാഖ്യാനിക്കുന്ന അവസരത്തിൽ ഇസ്രായിൽ കഥകൾ പറയാൻ തുടങ്ങിയത്.