ഈസാ നബി (അ)ൻ്റെ സ്വയം സാക്ഷ്യപ്പെടുത്തൽ വിശുദ്ധ ഖുർആനിൽ

ഹസ്രത്ത് ഈസാ നബി (അ) അല്ലഹുവിൻ്റെ അടുക്കൽ വിചാരണ നേരിടുന്ന ഒരു സംഭവം വിശുദ്ധ ഖുർആനിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

وَ اِذۡ قَالَ اللّٰہُ یٰعِیۡسَی ابۡنَ مَرۡیَمَ ءَاَنۡتَ قُلۡتَ لِلنَّاسِ اتَّخِذُوۡنِیۡ وَ اُمِّیَ اِلٰہَیۡنِ مِنۡ دُوۡنِ اللّٰہِ ؕ قَالَ سُبۡحٰنَکَ مَا یَکُوۡنُ لِیۡۤ اَنۡ اَقُوۡلَ مَا لَیۡسَ لِیۡ ٭ بِحَقٍّ ؕ؃ اِنۡ کُنۡتُ قُلۡتُہٗ فَقَدۡ عَلِمۡتَہٗ ؕ تَعۡلَمُ مَا فِیۡ نَفۡسِیۡ وَ لَاۤ اَعۡلَمُ مَا فِیۡ نَفۡسِکَ ؕ اِنَّکَ اَنۡتَ عَلَّامُ الۡغُیُوۡبِ

مَا قُلۡتُ لَہُمۡ اِلَّا مَاۤ اَمَرۡتَنِیۡ بِہٖۤ اَنِ اعۡبُدُوا اللّٰہَ رَبِّیۡ وَ رَبَّکُمۡ ۚ وَ کُنۡتُ عَلَیۡہِمۡ شَہِیۡدًا مَّا دُمۡتُ فِیۡہِمۡ ۚ فَلَمَّا تَوَفَّیۡتَنِیۡ کُنۡتَ اَنۡتَ الرَّقِیۡبَ عَلَیۡہِمۡ ؕ وَ اَنۡتَ عَلٰی کُلِّ شَیۡءٍ شَہِیۡدٌ

അല്ലാഹു പറയുന്ന സന്ദര്‍ഭം: ഓ മര്‍യമിന്റെ മകന്‍ ഈസാ! എന്നേയും എന്റെ മാതാവിനേയും അല്ലാഹുവിനെ കൂടാതെ രണ്ട് ദൈവങ്ങളായി സ്വീകരിക്കുക എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്. അദ്ദേഹം പറയും; നീ പരിശുദ്ധനാണ്. എനിക്ക് അവകാശമില്ലാത്ത ഒരു കാര്യം പറയുക എന്നത് എനിക്ക് ചേര്‍ന്നതല്ല. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അത് അറിഞ്ഞിരിക്കും. എന്നിലുള്ളത് നീ അറിയുന്നു. നിന്നിലുള്ളത് ഞാന്‍ അറിയുന്നില്ല . തീര്‍ച്ചയായും നീ പരോക്ഷകാര്യം നല്ലവണ്ണം അറിവുള്ളവനാകുന്നു.

നീ എന്നോട് ആജ്ഞാപിച്ചതെന്തോ അതല്ലാതെ (വേറെയൊന്നും) ഞാന്‍ അവേരാട് പറഞ്ഞിട്ടില്ല . അതായത് എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുവിന്‍ ഞാന്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാന്‍ നീ തന്നെയായി. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു. (സൂറ: മാഇദ . 117, 118)

ഈ വചനം ഏറ്റവും വ്യക്തമായ നിലയിൽ ഈസാ നബിയുടെ മരണം വിളിച്ചോതുന്നു. എന്നിട്ടും മൂസ്ലിംകൾ അദ്ദേഹത്തെ ജീവനോടെ ആകാശത്തിൽ പിടിച്ചിരുത്തുകയാണ് ചെയ്യുന്നത്! ഈ വചനത്തിൽ ഈസാനബിയുടെ മരണത്തെപ്പറ്റി കാണുവാൻ കഴിയുന്ന വ്യക്തതയേക്കാൾ കൂടുതലായൊരു വ്യക്തത വിഭാവനം ചെയ്യുക സാധ്യമല്ല. പക്ഷേ, നമ്മുടെ ആലിമീങ്ങൾ അതിലും സംശയം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഉദാഹരണമായി, അവർ പറയുന്നു. അല്ലാഹുവും ഈസാനബിയും തമ്മിലുള്ള ഈ ചോദ്യോത്തരം പുനരുത്ഥാനനാളിൽ നടക്കാനുള്ളതാണ്. അതിനുമുമ്പേ ഈസാ നബി മരിക്കാനിടയുള്ളതുകൊണ്ട് ഇപ്പോൾ അദ്ദേഹം മരിച്ചിരിക്കുന്നുവെന്നതിലേക്ക് ഈ വചനം തെളിവാവുകയില്ല എന്നും മറ്റുമെല്ലാം. ഇതിനുള്ള സമാധാനമെന്തെന്നാൽ, ഈ ചോദ്യോത്തരം പുനരുത്ഥാനനാളുമായി ബന്ധപ്പെട്ടതാണെങ്കിലും പ്രസ്തുത വചനം ഈസാനബി അതിനു മുമ്പേത്തന്നെ മരിച്ചു പോയിരിക്കുന്നുവെന്നു വിളിച്ചോതുകയാണ് ചെയ്യുന്നത്.

“ഞാൻ അവരുടെ ഇടയിൽ ഉണ്ടായിരുന്നിടത്തോളം കാലം അവരുടെ പ്രവൃത്തികൾക്ക് ഞാൻ സാക്ഷിയായിരുന്നു“വെന്നും “നീ എന്നെ മരിപ്പിച്ചതിനുശേഷം അവരുടെ മേൽനോട്ടക്കാരൻ നീ തന്നെയായി“ എന്നുമാണല്ലോ ഈസാനബിയുടെ മറുപടി ഈ വാക്യത്തിൽ ഒന്നിനു പിറകെ പിന്നൊന്നായി വന്ന രണ്ട് കാലങ്ങളെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒന്നാമത്തേത്, مَّا دُمۡتُ فِیۡہِمۡ അദ്ദേഹം തന്റെ അനുയായികൾക്കിടയിൽ ഉണ്ടായിരുന്ന കാലം. രണ്ടാമത്തേത്, فَلَمَّا تَوَفَّیۡتَنِیۡ മരണത്തിനു ശേഷമുള്ള കാലം.

ഈസാനബി(അ) അദ്ദേഹത്തിന്റെ ജനങ്ങൾക്കിടയിലുണ്ടായിരുന്ന ഒന്നാമത്തെ കാലത്തിനുശേഷം മരിക്കുന്നതിനു പകരം ആകാശത്തിലേക്ക് ഉയർത്തപ്പെടുകയാണ് ചെയ്തിരുന്നതെങ്കിൽ, അദ്ദേഹം മുകളിൽ പറഞ്ഞ മറുപടിക്കു പകരം “ഞാൻ അവരുടെ ഇടയിൽ ഉണ്ടായിരുന്നിടത്തോളം കാലം അവരുടെ പ്രവൃത്തികൾക്ക് ഞാൻ സാക്ഷിയായിരുന്നു’വെന്നും “നീ എന്നെ ജീവനോടെ ആകാശത്തിലേക്ക് ഉയർത്തിയതിനുശേഷം അവരെ നോക്കുന്നവൻ നീ തന്നെയായി’ എന്നുമാണ് പറയേണ്ടിയിരുന്നത്. എന്നാൽ അങ്ങനെയല്ല ഈസാനബി പറഞ്ഞിട്ടുള്ളത്.

ഈസാനബിക്ക് തന്റെ അനുയായികളുടെ ഇടയിൽ ജീവിച്ചിരുന്ന കാലത്തിനുശേഷം നേരിടേണ്ടി വന്നത് മരണമല്ലാതെ മറ്റൊന്നായിരുന്നില്ലെന്ന് ഇതുകൊണ്ട് സ്ഥാപിതമാകുന്നു. ഈസാനബിയുടെ മറുപടി വ്യക്തമാക്കുന്നത് അദ്ദേഹം തന്റെ അനുയായികൾക്കിടയിൽ ജീവിച്ചിരുന്ന കാലത്തിനും അവരുടെ ഇടയിൽ നിന്ന് വേർപെട്ട കാലത്തിനുമിടയിൽ അദ്ദേഹത്തിനു സംഭവിച്ചത് മരണമാണെന്നു തന്നെയാണ്. ആദ്യത്തെ കാലത്തിൽനിന്ന് രണ്ടാമത്തെ കാലത്തിലേക്ക് അദ്ദേഹം നീങ്ങിയതിനിടയിൽ സംഭവിച്ചത് അദ്ദേഹത്തിന്റെ ആകാശാരോഹണമായിരുന്നു എങ്കിൽ “അവരിൽ ഉണ്ടായിരുന്ന കാലംവരെ’ എന്നും “നീ എന്നെ മരിപ്പിച്ചതിൽ പിന്നെ’ എന്നുമുള്ള അദ്ദേഹത്തിന്റെ മറുപടി ഭീമാബദ്ധമായി മാറും.

മറ്റൊരു കാര്യം കൂടി ഇവിടെ ചിന്താർഹമായിട്ടുണ്ട്. അതായതു തന്നെയും തന്റെ മാതാവിനെയും അല്ലാഹുവിനു പുറമെ രണ്ട് ദെവങ്ങളായി തന്റെ അനുയായികൾ ആരാധിച്ചിരുന്നു എന്ന കാര്യത്തെപറ്റി, അല്ലാഹുവിന്റെ ചോദ്യത്തിനു നല്കിയ മറുപടിയിൽ ഈസാനബി അജ്ഞത പ്രകടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു: “”നീ എന്നോട് ആജ്ഞാപിച്ചതെന്തോ അതല്ലാതെ വേറെ യാതൊന്നും ഞാൻ അവരോട് പറഞ്ഞിട്ടില്ല. അതായത് എന്റെയും നിങ്ങളുടെയും രക്ഷാകർത്താവായ അല്ലാഹുവിനെ മാത്രം ആരാധിക്കുവിൻ(എന്നതാണത്). ഞാൻ അവരുടെയിടയിൽ ഉണ്ടായിരുന്നിടത്തോളം കാലം ഞാൻ അവരുടെ മേൽ സാക്ഷിയായിരുന്നു. എന്നാൽ, നീ എന്നെ മരിപ്പിച്ചപ്പോൾ അവരുടെ മേൽനോട്ടക്കാരൻ നീ തന്നെയായി.” തന്റെ അനുയായികൾ വഴിപിഴച്ചു പോയതിനെപ്പറ്റി അറിവില്ലായ്മ പ്രകടിപ്പിച്ചു കൊണ്ട് തന്റെ നിരപരാധിത്വം തെളിയിക്കുകയാണ് ഈസാനബി ചെയ്തിരിക്കുന്നതെന്ന് ഈ മറുപടിയിൽനിന്ന് നല്ലതുപോലെ വ്യക്തമാകുന്നുണ്ട്. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഈസാനബിയുടെ മരണത്തിനുശേഷമാണ് ക്രിസ്ത്യാനികൾ വഴിപിഴച്ചതെന്നാണ് ഇതിന്റെ അർത്ഥം.

ഇനി നമുക്ക് നോക്കുവാനുള്ളത് ക്രിസ്ത്യാനികൾ വഴിപിഴച്ചിട്ടുണ്ടോ ഇല്ലയോ എന്നതാണ്. അവർ വഴിപിഴച്ചിട്ടില്ലെങ്കിൽ ഈസാ നബി ജീവിച്ചിരിക്കുന്നുണ്ടായിരിക്കണം. അഥവാ അവർ വഴിപിഴച്ചു പോയിരിക്കുന്നുവെങ്കിൽ ഈസാനബി മരിച്ചുപോയെന്ന് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. കാരണം, ഈസാനബിയുടെ മരണം ക്രിസ്ത്യാനികൾ വഴിപിഴയ്ക്കുന്നതിനു മുമ്പേയാണ് നടന്നതെന്ന് വിശുദ്ധ ഖുർആൻ സ്പഷ്ടമായി പറയുന്നു. എത്ര വ്യക്തമായാണ് ഈ ദൈവവാക്യം ഈസാനബിയുടെ മരണം സ്ഥാപിക്കുന്നത്?

പ്രസ്തുത ചോദ്യോത്തരം പുനരുത്ഥാനനാളിൽ നടക്കുന്നതാവട്ടെ, അതിനു മുമ്പേയുള്ളതാവട്ടെ, ഈസാനബിയുടെ മരണം ക്രിസ്ത്യാനികൾ വഴിപിഴയ്ക്കുന്നതിന് മുമ്പേ നടന്നിരിക്കുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാകുന്നു. ക്രിസ്ത്യാനികൾ ഈസാനബിയുടെ യഥാർത്ഥമായ ഉപദേശം കൈയ്യൊഴിച്ചു അദ്ദേഹത്തെ ദൈവമാക്കി ആരാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതും പരമാർത്ഥമാണ്. നബി തിരുമേനിയുടെ ആഗമനത്തിനു മുമ്പേതന്നെ അവർ ഈ പിഴച്ച വിശ്വാസത്തിൽ അകപ്പെട്ടു പോയിട്ടുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കുക:

لَقَدۡ کَفَرَ الَّذِیۡنَ قَالُوۡۤا اِنَّ اللّٰہَ ثَالِثُ ثَلٰثَۃٍ ۘ وَ مَا مِنۡ اِلٰہٍ اِلَّاۤ اِلٰہٌ وَّاحِدٌ ؕ وَ اِنۡ لَّمۡ یَنۡتَہُوۡا عَمَّا یَقُوۡلُوۡنَ لَیَمَسَّنَّ الَّذِیۡنَ کَفَرُوۡا مِنۡہُمۡ عَذَابٌ اَلِیۡمٌ

അല്ലാഹു മൂവരിൽ മൂന്നാമനാണെന്ന് പറയുന്നവർ നിശ്ചയമായും അവിശ്വാസികളായിരിക്കുന്നു. (വി.ഖുർആൻ 5:74)

ഈസാനബി ചുരുങ്ങിയപക്ഷം നബിതിരുമേനിയുടെ കാലത്തിനു മുമ്പേ മരിച്ചു പോയിരിക്കുന്നുവെന്നു ഇതുകൊണ്ട് സ്ഥാപിതമായി.