വിശുദ്ധ റമദാൻ

വാഗ്ദത്ത മഹ്ദി മസീഹ് ഹസ്റത്ത് മിർസാ ഗുലാം അഹ്മദ് (അ)

‘റമദ്’ എന്ന പദത്തിന്റെ അർത്ഥം “ഊഷ്മാവ്’ എന്നാണ്. റമദാൻ മാസത്തിൽ ഒരു ഭാഗത്ത് ജനങ്ങൾ ഭക്ഷണപാനീയങ്ങളേയും മറ്റെല്ലാ ശാരീരികസുഖങ്ങളേയും ഉപേക്ഷിക്കുകയും മറുഭാഗത്ത് ദൈവീക കല്പനകൾ അനുസരിക്കുന്നതിൽ ബദ്ധതയും ആവേശവും വളർത്തികൊണ്ടുവരികയും ചെയ്യുന്നു. ആത്മീയവും ഭൗതികവുമായ ഈ ഉജ്ജ്വലനങ്ങളുടെ സമവായമാണ് റമദാൻ വ്രതാനുഷ്ഠാനം ആദ്യം ഒരു ഉഷ്ണമാസത്തിൽ സംഭവിച്ചതുകൊണ്ടാണ് റമദാൻ എന്ന പേരുണ്ടായത് എന്നുള്ള ചില നിഘണ്ടുകർത്താക്കളുടെ നിഗമനം ശരിയല്ലെന്നാണ് എന്റെ പക്ഷം; അത് അറേബ്യക്ക് മാത്രമുള്ള ഒരു പ്രത്യേക കാര്യമല്ല. ആത്മീയാർത്ഥത്തിൽ “റമദ്’ എന്നു പറഞ്ഞാൽ ആത്മീയമായ ആവേശവും ആത്മോജ്ജ്വലനവുമത്രെ. കല്ലുകളേയും ഇതരസാധനങ്ങളേയും ചൂടുപിടിപ്പിക്കുന്ന ഉഷ്ണത്തിനും റമദ് എന്നു പറയുന്നു.

“വിശുദ്ധഖുർആൻ അവതരിച്ച മാസമാണ് റമദാൻമാസം” എന്ന ഖുർആനികവചനം ഈ മാസത്തിന്റെ ഔൽകൃഷ്ട്യത്തേയും പ്രാധാന്യത്തേയും സാക്ഷീകരിച്ചിരിക്കുന്നു. ആത്മാവിനെ പ്രദീപ്തമാക്കുന്നതിനുള്ള അത്യുത്തമമായ ഒരു മാസമായി സൂഫിവര്യന്മാർ റമദാനെ വിവരിച്ചിട്ടുള്ളത്. ഈ മാസത്തിൽ അധികതരമായ ആത്മീയദർശനങ്ങളാൽ മനുഷ്യൻ അനുഗ്രഹിക്കപ്പെടുന്നു.

പ്രാർത്ഥന മനുഷ്യഹൃദയത്തെ ദോഷബാധകളിൽനിന്നു ശുദ്ധീകരിക്കുമ്പോൾ വ്രതം മനുഷ്യാത്മാവിനെ പ്രഭാമയമാക്കിത്തീർക്കുന്നു. ഹൃദയത്തിന്റെ ശുദ്ധീകരണം എന്നാൽ, അനിയന്ത്രിതമായ അധമപ്രവണതകളുടെ ബന്ധനങ്ങളിൽനിന്നുള്ള വിമുക്തിയത്രെ. ആത്മാവിന്റെ പ്രകാശവൽക്കരണം നിമിത്തം ഒരു സത്യവിശ്വാസി ആത്മീയദർശനങ്ങളാൽ അനുഗൃഹീതനായിത്തീരുന്നു. അതുവഴി അവൻ ദൈവത്തെ പ്രാപിക്കുമാറാകുന്നു. “ഖുർആൻ ഈ മാസത്തിലാണ് അവതരിച്ചത്” എന്ന വചനത്തിൽ ഈ വസ്തുതയുടെ ഒരു സൂചനയുണ്ട്. വ്രതം അനുഷ്ഠിക്കാനുള്ള ശാസനയിൽ ഒരു മഹത്തായ അനുഗ്രഹം നിശ്ചമായും അടങ്ങിയിരിക്കുന്നു. ഇതുസംബന്ധമായി ദൈവം ഇപ്രകാരം പറയുന്നു:

“നിങ്ങൾ വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ നിങ്ങൾക്കത് വലിയ അനുഗ്രഹങ്ങൾക്ക് നിദാനമായിരിക്കും”

ആഹാരം കുറക്കുകയും വിശപ്പ് സഹിക്കുകയും ചെയ്യുകയെന്നതും ആത്മാവിന്റെ സംസ്കാരത്തിനും പുരോഗതിക്കും അത്യാവശ്യമായ ഒരു കർമ്മമാകുന്നു. അത് ആ ദർശനത്തിനുള്ള ശക്തിയെ പോഷിപ്പിക്കുന്നതുമാകുന്നു. മനുഷ്യർ ഭക്ഷണപദാർത്ഥങ്ങളാൽ മാത്രമല്ല ജീവിക്കുന്നത്. ഈ ജീവിതത്തിനുശേഷം അവന് മറ്റൊരു ജീവിതമുണ്ട്. നിത്യമായുള്ള ആ പാരത്രികജീവിതത്തെ അലക്ഷ്യമാക്കിക്കളയുകയെന്നത് ദൈവത്തിൽനിന്നുള്ള വേർപാടിനേയും അതുവഴി അവന്റെ അനിഷ്ടത്തേയും സ്വയം വരിക്കുകയാകുന്നു.

വ്രതാനുഷ്ഠാനം കൊണ്ടുള്ള വിവക്ഷിതം ഒരു ക്ലിപ്തകാലംവരെ പഠനാശനങ്ങൾ ചെയ്യാതെ വിശപ്പ് സഹിക്കുക മാത്രമല്ല എന്നതു സ്മർത്തവ്യമാണ്. എല്ലാതരം ദോഷങ്ങളിൽനിന്നും അകന്നുനിൽക്കുമാറ് നോമ്പുകാരൻ ദൈവസ്മരണയിൽ അധികമധികം ഏർപ്പെട്ടിരിക്കേണ്ടത് അത്യാവശ്യമാകുന്നു. വിശുദ്ധനബി(സ) റമദാൻ മാസത്തിൽ വളരയധികം ദൈവാരാധനയിൽ വ്യാപൃതനാവുക പതിവായിരുന്നു. ആകയാൽ നോമ്പു കാലത്ത് ഭക്ഷണാദികളെ സംബന്ധിച്ച ചിന്തകളിൽ നിന്നു വിരമിക്കുകയും ആ വക കാര്യങ്ങളുമായുള്ള കെട്ടുപാടുകളെ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് ശ്രദ്ധയെല്ലാം ദൈവത്തിങ്കൽ ആക്കിത്തീർക്കേണ്ടതാണ്.

ഭൗതികമായ ഭക്ഷണസാധനങ്ങൾ ലഭിച്ചിരിക്കെ ആത്മീയാഹാരത്തെ കുറിച്ചു ചിന്തിക്കാത്ത മനുഷ്യൻ ഭാഗ്യഹീനനാണെന്നുവേണം പറയുവാൻ ക്ഷണം കഴിക്കുന്നതുമൂലം ശരീരത്തിന് ബലവും മാതിരി ആത്മീയാഹാരംമൂലം ആത്മാവിന് രക്ഷയും ആത്മ ഓജസ്സും നിലനിൽക്കുന്ന ശക്തികൾക്ക് ചൈതന്യവും സിദ്ധിക്കുന്നു. എല്ലാവിധ സഫലതകളുടേയും വാതിൽ ദൈവാനുഗ്രഹത്താൽ തുറക്കുമാറാകുന്നതിനാൽ വിജയലബ്ധിക്ക് അവങ്കൽനിന്നുതന്നെ സഹായം തേടേണ്ടതാണ്. (റൂഹാനി ഖസാഇൽ)