അഹ്മദിയ്യാ ജമാഅത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍

Courtesy: alislam.org | Image by Makhzan-e-Tasaweer

വിശുദ്ധഖുര്‍ആനും മുഹമ്മദ്‌ നബി(സ) തിരുമേനിയും മുന്നോട്ടുവെച്ച വിശ്വാസപ്രമാണങ്ങള്‍ തന്നെയാണ്‌ അഹ്മദിയ്യാ മുസ്ലിം ജമാഅത്തും മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. എന്നാല്‍ ഇന്നത്തെ മുസ്‌ലിംകള്‍ വിശുദ്ധ ഖുര്‍ആന്റെയും ഇസ്ലാം മതത്തിന്റെയും അദ്ധ്യാപനങ്ങളായി പ്രചരിപ്പിച്ച അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത്‌ വിശ്വസിക്കുന്നില്ല. നമ്മുടെ വിശ്വാസാദര്‍ശങ്ങള്‍ ഇവയാണ്‌.

1. അല്ലാഹു ഏകനാണ്‌. അവന്‌ പങ്കുകാരനായി മറ്റാരുമില്ല.

2. ഹദ്റത്ത്‌ മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ സത്യപ്രവാചകനാണ്‌. എല്ലാ നബിമാരുടെയും നേതാവും ശ്രേഷ്ടനുമാണ്‌. ലോകത്ത്‌ ഇറക്കപ്പെട്ട എല്ലാ ശരീഅത്ത്‌ ഗ്രന്ഥങ്ങളേക്കാളും പരിപൂര്‍ണ്ണവും, പ്രബലവും ശാശ്വതവുമാണ്‌ നബിതിരുമേനി(സ്വയിലൂടെ ഇറക്കപ്പെട്ട വിശുദ്ധഖുര്‍ആന്‍.

3. അല്ലാഹുവിന്റെ മലക്കുകളും എല്ലാ പ്രവാചകന്മാരും ഗ്രന്ഥങ്ങളും സത്യമാണ്‌.

4. അന്ത്യനാള്‍ തീര്‍ച്ചയായും വരുമെന്നും ആ വിധിനാളില്‍ അല്ലാഹു ജനങ്ങള്‍ക്ക്‌ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം നല്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

5. വിശുദ്ധ ഖുര്‍ആന്‍ ലോകത്ത്‌ അവതരിച്ച അവസാനത്തെ ദൈവീക ഗ്രന്ഥമാണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. ലോകാവസാനം വരെ മറ്റൊരു ശരീഅത്ത്‌ ഗ്രന്ഥം ഇറങ്ങുകയില്ല.

6. ഹദ്റത്ത്‌ മുഹമ്മദ്‌ മുസ്തഫാ(സ) ഈ ലോകത്തവതരിച്ചു ശരീഅത്തോടുകൂടിയ അവസാന പ്രവാചകനാണെന്നും പുതിയ ശരീഅത്തോടുകൂടി ഇനിയൊരു നബിയും വരികയില്ലായെന്നും ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഉമ്മത്തില്‍ നിന്നല്ലാതെ മറ്റൊരു നബി വരികയുമില്ല.

7. അവസാനകാലത്ത്‌ വരുമെന്ന്‌ ഹദ്റത്ത്‌ നബി തിരുമേനി(സ) പ്രവചിച്ച മഹ്ദിയും മസീഹും ഹദ്റത്ത്‌ മിര്‍സാ ഗുലാം അഹ്മദ്‌(അ) ആണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. അദ്ദേഹം മുഖേനയായിരിക്കും ഇനി ഇസ്ലാമിന്‌ അഭിവൃദ്ധി ഉണ്ടാകുക.

8. ലോകത്തവതരിച്ച മുഴുവന്‍ നബിമാരെയും പോലെ ഹദ്റത്ത്‌ ഈസാ(അ) വഫാത്തായിരിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ ഖബര്‍ കശ്മീരിലെ ശ്രീനഗറില്‍ സ്ഥിതിചെയ്യുന്നുവെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

9. അല്ലാഹുവിന്റെ സിഫത്തുകള്‍ (ഗുണങ്ങള്‍) ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നും എല്ലാ ഗുണങ്ങളും ഇപ്പോഴും നിലനില്ക്കുന്നുവെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അല്ലാഹു മുന്‍കാലങ്ങളില്‍ തന്റെ ദാസരോട്‌ സംസാരിക്കുകയും അവരുടെ ദുആകള്‍ കേള്‍ക്കുകയും മറുപടി നല്‍ക്കുകയും ചെയ്തിരുന്നതുപോലെ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.

10. വിശുദ്ധഖുര്‍ആനിലെ യാതൊരു കല്‍പനയും ഭാഗവും കാലഹരണപ്പേട്ടിട്ടില്ല എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. ഖുര്‍ആനിക അധ്യാപനങ്ങള്‍ മുഴുവനും ലോകാവസാനം വരെ പ്രവര്‍ത്തനയോഗ്യമാണ്‌.