ഇതരമതസ്ഥരോടുള്ള ഇസ്ലാമിൻ്റെ സമീപനം

Islams Response To Contemporary Issues – ഹദ്റത്ത് മിർസാ താഹിർ അഹമദ് (റഹ്), ഖലീഫത്തുൽ മസീഹ് നാലാമൻ
(സത്യദൂതൻ ഫെബ്രുവരി 2013)

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“എല്ലാ സമുദായത്തിലും നാം ഓരോ ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക, ദുശ്ശക്തികളെ വര്‍ജിക്കുക (എന്നതായിരുന്നു അവരുടെ പ്രബോധനം).”

(16:37)

“തീര്‍ച്ചയായും നിനക്ക് മുമ്പേ പല ദൂതരേയും നാം അയച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ വിവരങ്ങള്‍ നാം നിനക്ക് നല്‍കിയിട്ടുണ്ട്. അവരില്‍ ചിലരുടെ വിവരം നാം നിനക്ക് നല്‍കിയിട്ടില്ല.”

(40:79)

“നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. തീര്‍ച്ചയായും സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും മുന്നറിയിപ്പ് നല്‍കുന്നവനായും സത്യസമേതം നാം നിന്നെ അയച്ചിരിക്കുന്നു. ഒരു ദൈവിക മുന്നറിയിപ്പുകാരന്‍ വന്നുകഴിഞ്ഞിട്ടില്ലാത്ത ഒരു സമൂഹവുമില്ല.”

(35:25)

വിശുദ്ധ ഖുര്‍ആനിലെ മേല്‍ പറഞ്ഞ വചനങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു മതങ്ങളെ ഉന്മൂലനം ചെയ്ത് സത്യത്തിന്റെ അവകാശ കുത്തക ഇസ്‌ലാം സ്ഥാപിക്കുന്നില്ല എന്നകാര്യം സ്പഷ്ടമാണ്. മറിച്ച് മനുഷ്യന്റെ മതപരവും ആത്മീയവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ലോകത്തിലെ എല്ലാ ദേശങ്ങളിലും ദിവ്യപ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാചകന്മാരെ ദൈവം നിയോഗിച്ചിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത്.

എല്ലാ പ്രവാചകന്മാരും തുല്യര്‍

ലോകത്തിലെ വിവിധ ജനങ്ങളിലായി നിരവധി പ്രവാചക നിയോഗങ്ങളുണ്ടായിട്ടുണ്ട് എന്ന് വരുമ്പോള്‍ അവര്‍ക്കെല്ലാം ഒരേ ദിവ്യാധികാരമാണോ ഉണ്ടായിരുന്നത് എന്ന ചോദ്യമുയരുന്നു. ഖുര്‍ആന്റെ വീക്ഷണ പ്രകാരം എല്ലാ പ്രവാചകന്മാരും ദൈവപ്രേഷിതരാണ്. ദൈവികമായ അവരുടെ സ്ഥാനത്തെറ്റിപറയുമ്പോള്‍ തുല്യമായ ദൈവിക ശക്തിയും ശേഷിയുമാണ് അവര്‍ക്കെല്ലാമുണ്ടായിരുന്നത്.

ഒരാള്‍ക്കും തന്നെ പ്രവാചകന്മാര്‍ക്കിടയില്‍ പക്ഷഭേദം കല്‍പ്പിക്കാനുള്ള അവകാശമില്ല. പ്രവാചകന്മാരുടെ ആധികാരികതയെ പറ്റി പറയുകയാണെങ്കില്‍ അവരെല്ലാവരും തുല്യരുമായിരിക്കണം. മറ്റു മത സ്ഥാപകരെ സംബന്ധിച്ചും ചെറിയ മതസ്ഥാപകരെപറ്റി പോലും ഇസ്‌ലാമിന്റെ സമീപനമിതാണ്. വിവിധ മതങ്ങളെ ഉദ്ഗ്രഥിക്കാനും സമന്വയിപ്പിക്കാനുമുള്ള സുപ്രധാനമായ ഒരുകണ്ണിയാണ് ഇത്. എല്ലാ പ്രവാചകന്മാരുടെയും ആധികാരികതക്ക് തുല്യപദവിയാണുള്ളതെന്ന ഈ സിദ്ധാന്തം വിവിധ മതങ്ങളെ ഏകോപിപ്പിക്കാനുള്ള ഏറ്റവും ശക്തമായ ഒരു ഘടകമായി ഉപയോഗിക്കാവുന്നതാണ്.

ഇത് മൂലം ഇതര മതങ്ങളിലെ പ്രവാചകന്മാര്‍ക്ക് ലഭിച്ച വെളിപാടുകളോടുള്ള ശത്രുതാമനോഭാവം, ആദരവും ബഹുമാനവുമായി പരിണമിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ യുക്തിഭദ്രവും വ്യക്തവുമായ നിലപാട് ഇതാകുന്നു:

“(ഇസ്‌ലാമിന്റെ വിശുദ്ധ സ്ഥാപകരായ) ഈ ദൂതന്‍ തന്റെ നാഥനില്‍ നിന്ന് അദ്ദേഹത്തിന് വെളിപെട്ടതില്‍ വിശ്വസിക്കുന്നു. സത്യവിശ്വാസികളും വിശ്വസിക്കുന്നു (അവര്‍) എല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദങ്ങളിലും ദൂതന്മാരിലും വിശ്വസിക്കുന്നു. അല്ലാഹുവിന്റെ ദൂതന്മാരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കല്‍പ്പിക്കുന്നില്ല(എന്നവര്‍ പറയും). ഞങ്ങള്‍ അല്ലാഹുവിന്റെ കല്‍പ്പനകള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. എന്നും അവര്‍ പറയും”

(2:286)

“അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും അല്ലാഹുവിലും അവന്റെ ദൂതന്മാര്‍ക്കിടയിലും വിവേചനം കല്‍പ്പിക്കുന്നതിന് ഉദ്ദേശിക്കുകയും, ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുന്നു, ചിലരില്‍ അവിശ്വസിക്കുകയും ചെയ്യുന്നു. എന്നു പറയുകയും, അതിന് മദ്ധ്യേ മറ്റൊരു മാര്‍ഗം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് യഥാര്‍ഥ അവിശ്വാസികള്‍. അവിശ്വാസികള്‍ക്ക് നാം അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു, എന്നാൽ, അല്ലാഹുവിലും അവന്റെ (എല്ലാ) ദൂതൻമാരിലും വിശ്വസിക്കുകയും (വിശ്വസിക്കുന്ന വിഷയത്തിൽ) അവരിൽനിന്നുള്ള ആരുടെ ഇടയിലും വ്യത്യാസം കല്പ്പിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് അവരുടെ പ്രതിഫലങ്ങൾ അവൻ തീർച്ചയായും നല്കുന്നതാണ്. അല്ലാഹു സർവഥാ പൊറുക്കുന്നവനും കരുണാമയനുമാകുന്നു.”

(4:151.152,153)

ആധികാരികത തുല്യമായാല്‍ പദവിയില്‍ വ്യത്യാസമുണ്ടാകുമോ?

പ്രവാചകന്മാര്‍ എല്ലാവരുടെയും ആധികാരികത തുല്ല്യമാണെങ്കില്‍ അവരുടെ പദവികള്‍ കൂടി തുല്ല്യമാകണമെന്നുണ്ടോ?

ഈ ചോദ്യത്തിന്റെ ഉത്തരത്തിന് പല മാനങ്ങളുമുണ്ട്. പ്രവാചകന്മാരുടെ വ്യക്തിത്വം വിഭിന്നങ്ങളാണ്. അതിനനുസൃതമായി അവരുടെ ദൗത്യങ്ങളിലും വൈജാത്യമുണ്ട്. ദൈവത്തിന്റെ സാമീപ്യമനുസരിച്ചും ദൈവദൃഷ്ടിയില്‍ അവര്‍ക്കുള്ള യോഗ്യതകളനുസരിച്ചും ദൂതന്മാർ ഒന്നിനൊന്ന് വ്യത്യസ്തരാണ്.

വിശുദ്ധ ഖുര്‍ആന്‍, വിശുദ്ധ ബൈബിള്‍, മറ്റു വിശുദ്ധ ഗ്രന്ഥങ്ങള്‍ മുതലായ അടിസ്ഥാനമാക്കിയുള്ള പ്രവാചകന്മാരുടെ ചരിത്രം പഠിക്കുകയാണെങ്കില്‍ ഈ വസ്തുത ശരിയാണെന്ന് കാണാം. മനുഷ്യ സമാധാനത്തെ അലോസരപ്പെടുത്താത്ത രീതിയിലാണ് ഖുര്‍ആന്‍ പ്രവാചകന്മാരുടെ പദവി ഭേദം അംഗീകരിക്കുന്നത്. ഒരു പ്രവാചകനെ അപേക്ഷിച്ച് മറ്റൊരു പ്രവാചകന് വ്യത്യസ്തത നിരൂപിക്കുകയോ അവരുടെ സന്ദേശത്തിന്റെ ആധികാരികതയില്‍ ഭിന്നത കല്‍പ്പിക്കുകയോ ചെയ്യരുതെന്ന് അതേ വിശുദ്ധ ഖുര്‍ആന്‍ തന്നെ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.

“ആ ദൈവദൂതന്മാരില്‍ ചിലരെ മറ്റുചിലരേക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു പ്രത്യേകമായി സംസാരിച്ച ചില കൂട്ടര്‍ അതില്‍ പെടുന്നു. ചിലരെ അവന്‍ പല പദവികളില്‍ ഉയര്‍ത്തിയിട്ടുണ്ട്.”

(2:254)

ഖുര്‍ആന്റെ ഈ പ്രയോഗം അംഗീകരിക്കുകയാണെങ്കില്‍ പ്രവാചകന്മാരില്‍ ആരെയാണ് ഉന്നത യോഗ്യതയുള്ളവരായി അംഗീകരിക്കുക എന്ന് ഒരാള്‍ അദ്ഭുതം കൂറിയേക്കാം. ഇത് വൈകാരികമായി അതി സംവേദകത്വമുണ്ടാക്കുന്ന വിഷയമാണ്. പക്ഷേ ഈ സുപ്രധാന പ്രശ്‌നത്തിന്റെ നേരെ ഒരാള്‍ക്ക് കണ്ണടക്കാന്‍ സാദ്ധ്യമല്ല. ഏറെക്കുറെ എല്ലാ മതങ്ങളുടേയും അനുയായികള്‍ അവരവരുടെ മതസ്ഥാപകരാണ് പരമ യോഗ്യന്‍ എന്നും വൈശിഷ്ട്യത്തിലും ഭക്തിയിലും ബഹുമതിയിലും, ചുരുക്കത്തില്‍ പ്രവാചകന് യോജിച്ച സര്‍വ ഗുണങ്ങളിലും അദ്ദേഹത്തെ വെല്ലാന്‍ മറ്റാരുമില്ലെന്നും അവകാശവാദം ഉന്നയിക്കുന്നു.

അപ്പോള്‍ മുഹമ്മദ് നബി(സ) എല്ലാ പ്രവാചകന്മാരിലും വെച്ച് പരമ ശ്രേഷ്ഠന്‍ എന്ന് അവകാശപ്പെടുന്നില്ലേ?

തീര്‍ച്ചയായും ശ്രേഷ്ഠതയിലും ഗുണത്തിലും മറ്റെല്ലാ പ്രവാചകന്മാരെക്കാളും ഉന്നതിയില്‍ മുഹമ്മദ് നബി(സ) വിരാജിക്കുന്നുവെന്ന് ഇസ്‌ലാം വ്യക്തമായും അവകാശപ്പെടുന്നു. എന്നാല്‍ ഈ അവകാശവാദത്തിന്റെ രീതിയിലും സമീപനത്തിലും ഇസ്‌ലാമും മറ്റു മതങ്ങളും തമ്മില്‍ വളരെ വ്യക്തമായ അന്തരമുണ്ട്.

ഒന്നാമതായി ഇസ്‌ലാം മതമല്ലാതെ മറ്റു മതങ്ങളൊന്നും തന്നെ, എല്ലാ സമൂഹത്തിലും ദിവ്യ പ്രവാചകന്മാര്‍ ആഗതരായിട്ടുണ്ട് എന്ന് വിശ്വസിക്കുകയോ പ്രവാചകത്വത്തിന്റെ സാര്‍വജനീനത അംഗീകരിക്കുകയോ ചെയ്യുന്നില്ല.

യഹൂദര്‍ മോസസ്സ് (അ)ആണ് മഹാനായ പ്രവാചകന്‍ എന്ന് വാദിക്കുമ്പോള്‍ മോസസ്സി (അ) നെ ബുദ്ധനു(അ)മായോ കൃഷ്ണനു(അ)മായോ യേശു(അ)വുമായോ മുഹമ്മദ്(സ) ആയോ താരതമ്യടെുത്താറില്ല. കാരണം മേല്‍ പ്രസ്താവിച്ച മഹാന്മാരായ മതസ്ഥാപകരുടെ അവകാശവാദങ്ങളെ യഹൂദര്‍ നിരാകരിക്കുന്നു. മാത്രമല്ല ഈ മഹാത്മാക്കളായ സത്യാത്മാക്കളാരും തന്നെ സ്വീകരണയോഗ്യരാണെന്നും അവര്‍ കരുതുന്നില്ല.

ബൈബിള്‍ പഴയ നിയമത്തിലെ പ്രവാചക പട്ടിക പ്രത്യേകം പരമര്‍ശിക്കാത്ത പ്രവാചകന്മാരെ യഹൂദര്‍ പ്രവാചകന്മാരായി അംഗീകരിക്കുന്നില്ല. ബൈബിളിന് പുറത്ത് പ്രവാചകന്മാരുണ്ടാകാമെന്ന നേരിയസാദ്ധ്യത പോലും അവര്‍ നിരാകരിക്കുന്നു. യഹൂദ പ്രവാചകന്മാര്‍ മാത്രമാണ് ലോകവന്ദ്യന്മാര്‍ എന്നുള്ള അവരുടെ അവകാശവാദം കാരണം ബൈബിളിന് പുറത്തുള്ള മതം എന്ന നിലക്ക് ഇസ്‌ലാമിന്റെ അസ്തിത്വം പോലും അവര്‍ അംഗീകരിക്കുന്നില്ല.

തീര്‍ച്ചയായും ബുദ്ധമതം, സെറോസ്റ്റര്‍ മതം, ഹിന്ദു മതം എന്നിവയുടെ നിലപാടും ഇതു തന്നെയാണ്.

നാം ഓര്‍ത്തിരിക്കേണ്ട മറ്റൊരു വ്യത്യാസം യഹൂദ ക്രൈസ്തവ ഇസ്‌ലാം മതങ്ങളിലെ പ്രവാചകസങ്കല്‍പ്പം പോലെയൊന്ന് മറ്റു മതങ്ങളിലില്ല. ആ മതങ്ങള്‍ തങ്ങളുടെ വിശുദ്ധ മത പുരുഷന്മാരെ പ്രവാചകന്മാര്‍ എന്ന് എപ്പോഴും പരിചയപ്പെടുത്താറില്ല. അവരൊക്കെ മത സ്ഥാപകാരോ ദൈവാവതാരങ്ങളോ ദൈവങ്ങൾ തന്നെയോ ആയിരുന്നു. അതല്ലെങ്കില്‍ അതിനടുത്തെത്തുന്ന മറ്റേതെങ്കിലുമൊക്കെ ആയികണക്കാക്കുന്നു.

ഒരു പക്ഷേ ക്രൈസ്തവ വീക്ഷണത്തില്‍ യഹൂദ പ്രവാചകാവതാര പാരമ്പര്യത്തില്‍ നിന്നും ഭിന്നമായി യേശു ക്രിസ്തുവിനെയും ഒരു ദൈവാവതാര സങ്കല്‍പ്പമായി കരുതേണ്ടിവരും. ഇത്തരം എല്ലാ ദൈവങ്ങളും ദൈവാവതാരങ്ങളും ദൈവത്തിന്റെ പുത്രന്മാരും ദൈവമക്കളുമെല്ലാം അവരുടെ അനുയായികളാല്‍ പില്‍ക്കാലത്ത് ദൈവപുത്ര പദം ആരോപിക്കട്ടെ കേവലം പ്രവാചകന്മാരായിരുന്നു എന്നതാണ് ഇസ്‌ലാമിക വീക്ഷണം.

വാസ്തവത്തില്‍ പ്രവാചകന്മാരെ ആരാധനാമൂര്‍ത്തികളാക്കുന്ന പ്രക്രിയ സാവകാശം വിവിധ മതങ്ങളില്‍ രൂപം കൊണ്ടതാണ്. അത് അത്തരം പ്രവാചകന്മാരുടെ ജീവിതകാലത്ത് സ്വയം ഉണ്ടായതല്ല. അതിനെ സംബന്ധിച്ച് പിന്നീട് പ്രതിപാദിക്കാം.

സ്ഥാപകരെ എല്ലാ പ്രവാചകന്മാരിലും വെച്ച് ശ്രേഷ്ഠന്‍ എന്ന് പറയുമ്പോഴും ഇസ്‌ലാമിക സങ്കപ്പപ്രകാരം ലോകമതങ്ങളിലെ എല്ലാ ദിവ്യാത്മാക്കളെയും അത് പരിഗണിക്കുന്നു. നാം ആവര്‍ത്തിച്ച് മനസ്സിലാക്കേണ്ട കാര്യം എല്ലാ വെളിപാട് മതങ്ങളുടേയും മതസ്ഥാപകന്മാര്‍ ദൈവം തിരഞ്ഞെടുക്കുന്ന വെറും മനുഷ്യരായിരുന്നു. ഈ പ്രതിഭാസം സാര്‍വജനീനമാണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു

“എന്നാല്‍ നാം ഒരോ സമുദായത്തില്‍ നിന്നും ഓരോസാക്ഷിയെ കൊണ്ടു വരികയും ഇവര്‍ക്ക് സാക്ഷിയായി നാം നിന്നെ കൊണ്ടുവരികയും ചെയ്യുമ്പോള്‍ (ഇവരുടെ സ്ഥിതിയെന്തായിരിക്കും?”

(4:42)

സുപ്രധാനമായ ഈ വസ്തുതകളുടെ വിശദീകരണത്തിന് ശേഷം ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ നമുക്ക് ഇസ്‌ലാമിന്റെ പദവിയെ പറ്റി വിശകലനം ചെയ്യാം. അത് സംബന്ധിച്ച് സ്പഷ്ടവും വ്യക്തവുമായ രീതിയില്‍ ഖുര്‍ആനില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. “മുഹമ്മദ് (സ) നിങ്ങളില്‍ പെട്ട ഒരു പുരുഷന്റെയും പിതാവല്ല. പക്ഷേ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും എല്ലാ പ്രവാചകന്മാരുടെയും മുദ്രയുമാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും നല്ലവണ്ണം അറിയുന്നവനാണ്.”

(33:41)

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഖാതം എന്ന അറബി പദത്തിന് വിവിധങ്ങളായ ലക്ഷ്യാര്‍ഥങ്ങളുണ്ട്. ശ്രേഷ്ഠം, പരമമായ അവസാന വാക്ക്, പരമാധികാരി, സര്‍വതിനേയും ചൂഴ്ന്ന് നില്‍ക്കുന്നതും മറ്റൊന്നിന്റെ സത്യത്തെ മാറ്റുരച്ചു നോക്കുന്നതും മുതലായ അര്‍ഥങ്ങളാണത്. (Lexicon of Arabic Language F.W.Lane Aqrab Al Muawarid, Mufradath of Imama Raghib, Fath and Zurqani)

ഇസ്‌ലാം മതസ്ഥാപകരായ പ്രവാചക ശ്രേഷ്ഠന്റെ വൈശിഷ്ട്യം വെളിവാക്കുന്ന മറ്റൊരു ഖുര്‍ആന്‍ സുക്തത്തില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങള്‍ അവികലവും സമ്പൂര്‍ണവുമാണെന്ന് പ്രഖ്യാപിക്കുന്നു.

“ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ നാം നിങ്ങള്‍ക്ക് പുര്‍ണമാക്കിത്തരികയും എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് പുര്‍ത്തീകരിക്കുകയും ഇസ്‌ലാമിനെ നിങ്ങള്‍ക്ക് മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു”

(5:4)

ലോകത്തില്‍ ഏറ്റവും സമ്പൂര്‍ണമായ അദ്ധ്യാപനങ്ങള്‍ നല്‍കിയ ന്യായപ്രമാണവാഹികളായ പ്രവാചകന്മാരുടെ സമൂഹത്തില്‍ വിശുദ്ധ പ്രവാചകന്‍ ഉന്നതമായസ്ഥാനം അലങ്കരിക്കുന്നുവെന്ന് ഈ അവകാശവാദത്തില്‍ നിന്നും വ്യക്തമായും അനുമാനിക്കാന്‍ കഴിയും. ഈ പ്രമേയം വീണ്ടും വിശദീകരിച്ചു കൊണ്ട് വിശുദ്ധ പ്രവാചകന് വെളിപെട്ട ഗ്രന്ഥം എല്ലാ വിധ പ്രക്ഷിപ്തങ്ങളില്‍ നിന്നും സുരക്ഷിതവും അദ്ധ്യാപനങ്ങള്‍ സമ്പൂര്‍ണവും സര്‍വകാലികവുമാണെന്ന് മാത്രമല്ല അത് വെളിപ്പെട്ടത് പ്രകാരം ഓരോ വാക്കിലും അവികലമാണെന്നും അവകാശപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകള്‍ ഈ അവകാശ വാദത്തിന്റെ സത്യതക്ക് സാക്ഷ്യം വഹിക്കുന്നു. ചില വചനങ്ങള്‍ ഇപ്രകാരമാണ്.

“സത്യമായും ഈ പ്രബോധ ഗ്രന്ഥം ഇറക്കിയത് നാമാണ്. തീര്‍ച്ചയായും നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്”

(15:10)

“എന്നാല്‍ മഹത്വപൂര്‍ണമായ ഖുര്‍ആനാണിത്. സുരക്ഷിതമായ ഒരു ഫലകത്തില്‍ (ഉല്ലിഖിതമായത്)”

(85:22,23)

മേല്‍ പറഞ്ഞ വീക്ഷണ പ്രകാരം വിശുദ്ധ പ്രവാചകന്‍ പരമ ശ്രേഷ്ഠനാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല അദ്ദേഹത്തിൻ്റേത് അവസാനത്തെ ന്യായ പ്രമാണവും അന്ത്യകാലം വരെ പ്രാബല്യത്തിലുള്ളതുമാണ്. ഇസ്‌ലാമിന്റെ വിശുദ്ധ സ്ഥാപകരെക്കുറിച്ചുള്ള ഈ അവകാശ വാദം മറ്റുള്ള മതാനുയായികളില്‍ ഇസ്‌ലാമിന്റെ ഉദ്ദേശത്തെ നിഷ്ഫലമാക്കും വിധം തെറ്റിധാരണയും നീരസവുമുണ്ടാക്കില്ലേ എന്ന് ചിലര്‍ ആശങ്കിച്ചേക്കാം.

ഇസ്‌ലാം മനുഷ്യന്റെ സമസ്ത മണ്ഡലങ്ങളിലും സമാധാനം വാഗ്ദാനം ചെയ്യുന്നു എന്ന പ്രമേയവും ഈ അവകാശവാദവും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും? അതും മതപരമായ സ്വാധീനം കുറഞ്ഞ സമൂഹങ്ങളില്‍ ഇതെങ്ങനെ സ്വീകരിക്കപ്പെടും?

ഈ ചോദ്യം മനസ്സില്‍ വെച്ച് കൊണ്ടായിരുന്നു ഈ അവകാശവാദം ഞാന്‍ ആരംഭിച്ചത്. നിഷ്പക്ഷവും പഠനസജ്ജവുമായ ഒരു മനസ്സിനെ തൃപ്തിടെുത്തുന്ന തരത്തില്‍ ഈ ചോദ്യത്തിന് പല വിധത്തിലുമുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയും.

ഇതിന് മുമ്പ് പറഞ്ഞത് പോലെ ഇത്തരം അവകാശ വാദങ്ങള്‍ പല മതാനുയായികളും ഉന്നയിക്കുന്നു. അവകാശവാദങ്ങളില്‍ ഉന്മത്തരാവാത്ത സുക്ഷ്മദൃക്കായ ഒരു മതവിശ്വാസിക്ക് ആപേക്ഷിക മാനദണ്ഡങ്ങള്‍ വെച്ച് കൊണ്ട് ഈ വിഷയത്തില്‍ ഗവേഷണം നടത്താവുന്നതാണ്.

അവകാശവാദം എന്ന നിലക്ക് അത് മറ്റു മതവിശ്വാസികളുടെ ഭാവുകത്വത്തെ പ്രകോപിപ്പിക്കുന്നില്ല. കാരണം മറ്റു മതാനുയായികളും ഇത്‌ പോലെയുള്ള മറുവാദങ്ങള്‍ ഉന്നയിക്കുന്നവരാണ്.

ഇസ്‌ലാം അതിന്റെ വിശുദ്ധ സ്ഥാപകരുടെ പരമസ്ഥാനത്തെ സംബന്ധിച്ചുള്ള അവകാശവാദം എളിമയിലും മാന്യമായ രീതിയിലും മാത്രമേ പ്രകടിപ്പിക്കാന്‍ പാടുള്ളൂ എന്ന് അതിന്റെ അനുയായികളെ കര്‍ശനമായി ഉദ്‌ബോധിപ്പിക്കുകയും അന്യരെ വേദനിപ്പിക്കുമാറ് ഈ വാദം ഉന്നയിക്കരുതെന്ന് നിഷ്‌കര്‍ശിക്കുകയും ചെയ്യുന്നു.

ഒരു പ്രകാശ ഗോപുരം പോലെ മാര്‍ഗ ദര്‍ശനം നല്‍കുന്ന തിരുമേനി(സ)യുടെ ജീവിതത്തില്‍ നിന്ന് ഈ അദ്ധ്യാപനം വിശദീകരിക്കാന്‍ രണ്ട് ഉദാഹരണങ്ങളുന്നയിക്കാം.

  1. തിരുമേനി(സ)യുടെ ഒരു അനുചരനും ‘മത്സ്യക്കാരനായ പ്രവാചകന്‍’എന്നറിയപ്പെടുന്ന യോനാ പ്രവാചകന്റെ(അ) ഉറച്ച അനുയായിയും തമ്മില്‍ ചൂടുപിടിച്ച ഒരു വിവാദത്തില്‍ ഏര്‍പ്പെട്ടു. രണ്ടു പേരും താന്താങ്ങളുടെ പ്രവാചകന്മാരെ പറ്റി, ഒരാള്‍ മറ്റൊരാളെക്കാള്‍ ഉന്നതസ്ഥാനീയനാണോ എന്നതാണ് വാദ വിഷയം. തിരുനബി(സ)യുടെ അനുയായിയായ മുസ്‌ലിം കക്ഷി വിട്ടു കൊടുക്കാതെ കടും പിടുത്തത്തില്‍ ഉറച്ച് നിന്നു. മനസ്സു വേദനിച്ച് യോനാ പ്രവാചകന്റെ അനുയായി തിരുമേനി(സ)യുടെ അടുക്കല്‍ തന്റെ പ്രതിയോഗിക്കെതിരെ ആവലാതിയുമായി സമീപിച്ചു. ഈ സന്ദര്‍ഭത്തില്‍ മുഴുവന്‍ സമൂഹത്തെയും അഭിസംബോധന ചെയ്ത് കൊണ്ട് തിരുമേനി(സ) അരുളി:
    മത്തായുടെ മകന്‍ യോന (യൂനുസ്‌നബി (അ)) യേക്കാള്‍ ഉത്തമനാണ് ഞാന്‍ എന്ന് പ്രഖ്യാപിക്കരുത് (ബുഖാരി)

    യോനാ(അ) പ്രവാചകനേക്കാള്‍ മാത്രമല്ല മറ്റെല്ലാ പ്രവാചകന്മാരെക്കാളും പദവി കൊണ്ട് ഉന്നത സ്ഥാനീയനാണ് തിരുനബി (സ) എന്നുള്ള ഖുര്‍ആന്റെ അവകാശവാദത്തിന് കടക വിരുദ്ധമായ ഈ ഹദീസ്, ഹദീസ് ഭാഷ്യകാരന്മാരെ അമ്പരപ്പിക്കുകയുണ്ടായി.

    എന്നാല്‍ താന്‍ പദവി കൊണ്ട് യോനയേക്കാള്‍ താഴെയാണെന്നും യോനാ (അ) തന്നെക്കാള്‍ മുകളിലാണെന്നും തിരുനബി(സ)പറഞ്ഞിട്ടില്ല എന്ന കാര്യം അവര്‍ ശ്രദ്ധിച്ചില്ല. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധം താന്‍ ഉന്നതനാണെന്ന് പ്രഖ്യാപിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സംഭവത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുക പ്രവാചകന്‍ മുസ്‌ലിംകള്‍ക്ക് മാന്യതയുടെ ഏറ്റവും നല്ല അദ്ധ്യാപനം നല്‍കുകയായിരുന്നു.

    തിരുനബി (സ) യുടെ പദവിയെ സംബന്ധിച്ച് വിവാദങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അന്യരുടെ ഹൃദയത്തെ ജയിച്ചടക്കേണ്ടതിന് പകരം അവരുടെ വിദ്വേഷം സമ്പാദിക്കാനാണ് ഇത്തരം വിവാദങ്ങള്‍ ഉതകുക.

  2. ഇത്‌പോലെ ഒരു യഹൂദനും മുസ്‌ലിമുമായി നടന്ന തര്‍ക്കത്തില്‍ തിരുമേനി(സ) സ്വീകരിച്ച നിലപാട് ഈ സമീപനത്തെ ഒന്നു കൂടി ബലപ്പെടുത്തുന്നു. രണ്ടു പേരും താന്താങ്ങളുടെ മത ഗുരുക്കന്മാരാണ് ഉന്നതരെന്ന അവകാശ വാദവുമായി വിവാദത്തിലേർപ്പെട്ടു. യഹൂദന്‍ അവസരം പാഴാക്കാതെ മുസ്‌ലിമിനെതിരില്‍ നബി (സ) തിരുമേനിയോട് പരാതി ബോധിപ്പിച്ചു. തന്റെ സഹജമായ വിനയത്തോടെ തിരുമേനി(സ) മുസ്‌ലിംകളെ നോക്കി ഉപദേശിച്ചു.
    മൂസക്ക് മേല്‍ എന്റെ ഔന്നത്യം പ്രഖ്യാപിക്കരുത്.(ബുഖാരി)

പ്രവാചകന്മാരുടെ മൂപ്പിളമയും അവരുടെ താരതമ്യാത്മകമായ യോഗ്യതാ സ്ഥാനങ്ങളും നിര്‍ണയിക്കാനുള്ള അധികാരം ദൈവത്തില്‍ മാത്രം നിക്ഷിപ്തമാണ്. കാലനിബദ്ധമായ ഒരു നിശ്ചിത സമുദായത്തില്‍ അവതരിക്കട്ടെ പ്രവാചകനെ ദൈവം, അദ്ദേഹത്തോടുള്ള അഗാധമായ പ്രേമം വെളിപ്പെടുത്താന്‍ ശക്തിമത്തായ ഭാഷാ പ്രയോഗരീതിയനുസരിച്ച് പരമ യോഗ്യന്‍ എന്ന് പ്രഖ്യാപിച്ചിട്ടുണ്ടാവാം.

ഈ അത്യുക്തി കലര്‍ന്ന വിശേഷണം സ്ഥലകാല ബദ്ധമായ ഒരു സാപേക്ഷിക പ്രയോഗമായിരിക്കാം. പരമ യോഗ്യന്‍ എന്ന് വിശേഷിപ്പിക്കപെട്ട ഈ ദിവ്യാത്മാക്കളുടെ അനുയായികള്‍ തങ്ങളുടെ മതപുരുഷന്മാരെ സര്‍വകാലത്തേക്കും സമുന്നത സ്ഥാനീയന്‍ എന്ന വിശ്വസിക്കുന്നു.

യഥാര്‍ഥത്തില്‍ ഇത്തരം വിശ്വാസം ഇതര വിശ്വാസങ്ങളോടുള്ള കടന്നാക്രമണമായി കരുതേണ്ടതില്ല. ഇത്തരം വിശ്വാസങ്ങള്‍ മൂലം മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ലെന്ന് നമ്മുടെ ഉയര്‍ന്ന സാമൂഹിക ബോധം ആവശ്യപ്പെടുന്നു. വാസ്തവത്തില്‍ നേരത്തെ പറഞ്ഞ തിരുമേനി(സ)യുടെ താക്കീതിന്റെ അന്തസ്സാരമിതായിരുയുന്നു. വിനയത്തിന്റെയും മാന്യതയുടെയും ആദര്‍ശ ബദ്ധമായ ഒരു സമീപനം മതങ്ങള്‍ കൈ കൊള്ളുകയാണെങ്കില്‍ മതസംവാദങ്ങള്‍ ഗുണപര്യാവസായിയായി കലാശിക്കുന്നതാണ്.

മോക്ഷം ഒരു മതത്തിന്റെയും കുത്തകയാക്കാന്‍ സാദ്ധ്യമല്ല.

മോക്ഷത്തെ സംബന്ധിച്ച എത്രതന്നെ നിഷ്‌ക്കളങ്കമായ ചര്‍ച്ചകള്‍ പോലും മത ലോകത്ത് സമാധാന ഭംഗമുണ്ടാക്കാനുള്ള സ്‌ഫോടകശേഷിയുണ്ട്. പിശാചില്‍ നിന്ന് മോചനവും ശാശ്വത മോക്ഷവും ലഭിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ തങ്ങളുടെ സുരക്ഷിതമായ മത വിഹായസ്സിലേക്ക് ഓടി വരിക, അവിടെയാണ് മോക്ഷവും ശാശ്വത മോചനവും കുടികൊള്ളുന്നത് എന്ന് പറയുന്ന മതം, അതേ ശ്വാസത്തില്‍ തന്നെ സുരക്ഷക്കായി തങ്ങളുടെ മതത്തിലേക്ക് വരാത്തവര്‍ എന്നന്നേക്കുമായി പാതാളത്തില്‍ പതിക്കുന്നവരാണെന്ന് ശപിക്കുകയും ചെയ്യുന്നു.

അവര്‍ എത്രതന്നെ ദൈവത്തെ പ്രീതിപ്പെടുത്തിയാലും ദൈവത്തെയും അവന്റെ സൃഷ്ടികളെയും അളവറ്റ് സ്‌നേഹിച്ചാലും അങ്ങേയറ്റം സാത്വിക ജീവിതം നയിച്ചാലും ഇനിയൊരു മോചനം അര്‍ഹിക്കാത്തവിധം കത്തിജ്ജ്വലിക്കുന്ന നരകാഗ്‌നിയില്‍ അവര്‍ ശാശ്വതമായി തള്ളപ്പെടും ഇത്തരം സങ്കുചിതവും പ്രതിലോമപരവും അസഹിഷ്ണുതയോടു കൂടിയതുമായ വീക്ഷണം പ്രകോപനപരമായ ഭാഷയില്‍ മത ഭ്രാന്തന്മാര്‍ പ്രകടിപ്പിക്കുമ്പോള്‍ അത് വമ്പിച്ച കലാപങ്ങള്‍ക്ക് തീകൊളുത്തുന്നു.

ആളുകള്‍ പ്രതിജനഭിന്നമാണ്. അവരില്‍ അഭ്യസ്ഥവിദ്യരും ധാര്‍മിക ബോധമുള്ളവരും പക്വമതികളുമുണ്ടാവാം. ഇത്തരം പ്രസ്താവനകളോട് അവരവരുടെ സാംസ്‌ക്കാരിക നിലവാരമനുസരിച്ച് ആളുകള്‍ പ്രതികരിക്കുന്നു. പക്ഷേ മതാഭിമുഖ്യമുള്ളവര്‍ അവര്‍ അഭ്യസ്ഥവിദ്യരാവട്ടെ അല്ലാത്തവരാകട്ടെ അവരുടെ മത വികാരം വ്രണപ്പെടുമ്പോള്‍ സംഹാരാത്മകമായാണ് പ്രതികരിക്കാറ്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ തങ്ങളുടെ മതവിശ്വാസവുമായി പൊരുത്തപ്പെടാത്തവരോട് ലോകത്തിലെ മിക്കവാറും എല്ലാ മതപുരോഹിതന്മാരും ഈ സമീപനം വെച്ചു പുലര്‍ത്തുന്നു. മദ്ധ്യകാല ഘട്ടത്തില്‍ മിക്കവാറും എല്ലാ പണ്ഡിതന്മാരും ഇസ്‌ലാം മതത്തെ പോലും പരിചയപ്പെടുത്തിയത് ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് ശേഷം മോക്ഷത്തിന്റെ ഒരേയൊരു കവാടം ഇസ്‌ലാമാണെന്നും അതിന് പുറത്ത് ജീവിച്ചു മരിക്കുന്ന ആദം സന്തതികള്‍ക്ക് മോക്ഷം നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ്.

ക്രിസ്തു മതത്തിന്റെ വീക്ഷണം ഇതില്‍ നിന്നും ഭിന്നമല്ല. എന്റെ അറിവില്‍പ്പെട്ടിടത്തോളം മറ്റു മതങ്ങളുടെ അഭിപ്രായവും മോക്ഷ കാര്യത്തില്‍ ഇത് തന്നെയാണ്.

എന്റെ സഹോദരന്മാരെ, ഇസ്‌ലാമിന്റെ പേരില്‍ ഉന്നയിക്കട്ടെ ഈ മുട്ടാള വാദത്തിനും സങ്കുചിത വീക്ഷണത്തിനും യാതൊരു നീതീകരണവുമില്ല. ഇത് സംബന്ധിച്ച് ഖുര്‍ആന് പറയാനുള്ളത് തികച്ചും വിഭിന്നമായ മറ്റൊരു സമീപനമാണ്. ഖുര്‍ആന്റെ വീക്ഷണപ്രകാരം മോക്ഷം എന്നത് ലോകത്തിലെ ഒരു മതത്തിനും കുത്തകയാക്കാന്‍ സാധ്യമല്ല.

പുതിയ സത്യങ്ങള്‍ വെളിപ്പെട്ടിട്ടും പുതിയ വെളിച്ചത്തിന്റെ ഉദയമുണ്ടായിട്ടും അവരുടേതല്ലാത്ത കാരണം കൊണ്ട് അത് ശ്രദ്ധയില്‍പ്പെടാതെ അറിവില്ലാത്ത ജീവിതം നയിച്ചവര്‍, അവരാകട്ടെ തെറ്റായ ആശയങ്ങളുടെ പിന്മുറക്കാരായിരുന്നിട്ടും പൊതുവേ സത്യസന്ധമായ ജീവിതം നയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്താനും. അത്തരക്കാര്‍ക്ക് ദൈവം ഒരിക്കലും മോക്ഷം നിഷേധിക്കുകയില്ല. താഴെക്കാണുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ ഈ ആശയം വിശദീകരിക്കുന്നു:

“ഓരോ സമുദായത്തിനും ഒരോ ആരാധനാ സമ്പ്രദായങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അവരത് ആചരിക്കുന്നു അതിനാല്‍ ഇസ്‌ലാമിക രീതിയിലുള്ള ആരാധനാ സമ്പ്രദായ കാര്യത്തിലവര്‍ നിന്നോട് തര്‍ക്കിക്കാതിരിക്കട്ടെ. നിന്റെ നാഥനിലേക്ക് നീ ക്ഷണിക്കുക. നിശ്ചയം നീ നേര്‍മാര്‍ഗത്തില്‍ തന്നെയാണ്.”

(22:68)

“(മുഹമ്മദില്‍) വിശ്വസിച്ചവരും യഹൂദികളും സാബിഉകളും ക്രിസ്ത്യാനികളും ആര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുന്നുവോ, തീര്‍ച്ചയായും അവര്‍ക്ക് യാതൊരു ഭയവും ഉണ്ടാകുന്നതല്ല. അവര്‍ വ്യസനിക്കുന്നവരുമല്ല.”

(5:70)

വേദാനുസാരികള്‍ എന്നതിന് യഹൂദികളും ക്രിസ്ത്യാനികളും എന്ന അര്‍ഥത്തിലാണ് പ്രയോഗിക്കുന്നതെങ്കിലും അതില്‍ ലീനമായതും കൂടുതൽ വിശാലമായതുമായ അര്‍ഥം കൂടിയുണ്ടെന്ന് ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ.

“ഒരു താക്കീതുകാരന്‍ വന്നുകഴിഞ്ഞിട്ടില്ലാത്ത ഒരു സമുദായവുമില്ല” എന്ന ഖുര്‍ആന്റെ വചനമനുസരിച്ച് പഴയ നിയമവും പുതിയ നിയമവും (തൗറാത്ത്-ഇഞ്ചീല്‍) മാത്രമല്ല വേദഗ്രന്ഥങ്ങള്‍. മാനവരാശിയുടെ ഉല്‍ഗതിക്കായി ദൈവത്തില്‍ നിന്നും വെളിപ്പെട്ട മറ്റു വേദ ഗ്രന്ഥങ്ങളും ദൈവ പ്രോക്തം തന്നെയാണെന്ന കാര്യത്തില്‍ നമുക്ക് യാതൊരു സംശയവുമില്ല. അപ്പോള്‍ ആ ദൈവത്തിന്റെ വെളിപാടുകളില്‍ അധിഷ്ഠാനം അവകാശടെുന്ന എല്ലാ മതങ്ങളും ഗ്രന്ഥാനുസാരികള്‍ തന്നെയാണ്.

സാബി എന്നത് അനറബികളും, സെമിറ്റിക്ക് അല്ലാത്തവരും സ്വന്തമായി വെളിപാടു ഗ്രന്ഥങ്ങള്‍ ഉള്ളവരുമായ എല്ലാ മതാനുയായികള്‍ക്കും പൊതുവേ അറബിയില്‍ ഉപയോഗിക്കുന്ന പദമാണ്. അത്തരം ദൈവിക വെളിപാടുകളിലധിഷ്ഠിതമായ എല്ലാ മതത്തിലേയും അനുയായികള്‍ക്കും, അവര്‍ യഥാര്‍ഥത്തില്‍ പുതിയ മതത്തിന്റെ വെളിച്ചത്തെ തിരിച്ചറിയുന്നതില്‍ യഥാര്‍ഥത്തില്‍ പരാജയപ്പെടാതിരിക്കുകയും സത്യസന്ധതയോടും വിശ്വസ്തതയോടും അവരുടെ പാരമ്പര്യ മതത്തിന്റെ മൂല്യങ്ങളോട് കൂറുപുലര്‍ത്തുന്നവരായി നില കൊള്ളുകയും ചെയ്യുന്നവര്‍ക്ക് ദൈവത്തില്‍ നിന്ന് യാതൊന്നും ഭയപ്പെടാനില്ലെന്നും അവര്‍ക്ക് മോക്ഷം നിഷേധിക്കപ്പെടില്ലെന്നും ഉറപ്പ് നല്‍കപ്പെട്ടിരിക്കുന്നു.

ജൂതരിലും ക്രിസ്ത്യാനികളിലും സാബികളിലും പെട്ട വിശ്വാസികള്‍ക്ക് ഖുര്‍ആന്‍ ഇപ്രകാരം വാഗ്ദാനം ചെയ്തിരിക്കുന്നു:

“അവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ പ്രതിഫലമുണ്ട്. അവര്‍ക്ക് യാതൊരു ഭയവുമുണ്ടാകുകയില്ല.”

(2:63)

“അവര്‍ തൗറാത്തും ഇഞ്ചീലും അവരുടെ നാഥനില്‍ നിന്നു (ഇപ്പോള്‍) വെളിപ്പെട്ടതും അവര്‍ മുറപ്രകാരം പ്രയോഗത്തില്‍ വരുത്തിയിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ മേല്‍ ഭാഗത്ത് നിന്നും (നല്ല വസ്തുക്കള്‍ ശേഖരിച്ച്) ഭക്ഷിക്കുമായിരുന്നു. മിതത്വം സ്വീകരിക്കുന്ന ഒരു കൂട്ടര്‍ അവരിലുണ്ട് എന്നാല്‍ അവരില്‍ പെട്ട അധികപേരും പ്രവര്‍ത്തിക്കുന്നത് എത്രയും ചീത്തയായിട്ടുള്ളതത്രെ”

(5:67)

ഇസ്‌ലാം മതം വിശ്വസിക്കാത്തവരെ വിവേചന രഹിതമായി മുസ്‌ലിംകള്‍ കുറ്റപ്പെടൂത്തുന്നത് നിരോധിച്ചുകൊണ്ട് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത് കാണുക.

“അവര്‍ (എല്ലാവരും) ഒരു പോലെയല്ല. ഗ്രന്ഥാനുസാരികളുടെ കൂട്ടത്തില്‍ അതീവ സാത്വികരും ഭക്തരും അവരുടെ കരാറുകളില്‍ അടിയുറച്ച് നില്‍ക്കുന്നവരുമുണ്ട്. അവര്‍ നിശാവേളയില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതുകയും അവന്റെ മുന്നില്‍ പ്രണാമമര്‍പ്പിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നിഷിദ്ധ കാര്യങ്ങള്‍ വിലക്കുകയും ചെയ്യുന്നു. അവര്‍ സദ്‌വൃത്തരില്‍ പെട്ടവരാകുന്നു. അവര്‍ ചെയ്യുന്ന നന്മകള്‍ക്കനുസൃതമായ പ്രതിഫലം അവര്‍ക്ക് നിഷേധിക്കടെുന്നതല്ല. ആരാണ് തിന്മക്കെതിരില്‍ സൂക്ഷ്മത പാലിക്കുന്നതെന്ന് അല്ലാഹു അറിയുന്നു”

(3:114,115,116)

സമീപകാലത്തെ ജൂത-മുസ്‌ലിം രാഷ്ട്രീയ ശാത്രവത്തില്‍ നിന്നും ഉല്‍ഭൂതമായ ഭീമമായ ഒരു തെറ്റിദ്ധാരണയുണ്ട്. അതായത് ഇസ്‌ലാം മതവിശ്വാസ പ്രകാരം ജൂതരെല്ലാം നരകാവകാശികളാണെന്നാണ് ആ തെറ്റിദ്ധാരണ.

“സത്യമനുസരിച്ച് വഴികാട്ടുകയും അത് മുഖേന നീതിപാലിക്കുകയും ചെയ്യുന്ന ഒരു സമുദായം മൂസയുടെ ജനത്തിലുണ്ട്.”

(7:160)

ഈ വചനമനുസരിച്ച് ഖുര്‍ആന്‍ എല്ലാ തെറ്റിദ്ധാരണയും നീക്കം ചെയ്യുന്നു.

മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും പരസ്പര ബഹുമാനവും

സത്യസ്ഥിതരും മറ്റു മതസ്ഥരോട് ഗുണദോഷോപദേശം ചെയ്യുന്നവരും നീതിയുടെ നിര്‍വാഹകരും മുസ്‌ലിംകള്‍ മാത്രമല്ലെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.

മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാനും ബന്ധം മെച്ചപ്പെടുത്താനും ലോകത്തിലുള്ള എല്ലാ മതങ്ങളും ഇത്തരം സമീപനം സ്വീകരിക്കേണ്ടതുണ്ട്. അന്യ മതവിശ്വാസികളോട് മാനവീയവും സൗഹൃദപരവുമായ നിലപാട് അവലംബിക്കുകയും ഹൃദയ വിശാലത വളര്‍ത്തിയെടുക്കുകയും ചെയ്താല്‍ മാത്രമേ മതസൗഹാര്‍ദം യാഥാര്‍ഥ്യമാവുകയുള്ളൂ.

എല്ലാ മതങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു:

“സത്യമനുസരിച്ച് ജനങ്ങളെ നയിക്കുകയും അത് കൊണ്ട് തന്നെ നീതി പുലര്‍ത്തുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ നാം സൃഷ്ടിച്ചവരിലുണ്ട്.”

(7:182)