ഇസ്ലാമിലെ മതസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും : തിരുനബി (സ)യുടെ മാതൃക

ഡോ: അബ്ദുസ്സലാം

അവലമ്പം : സത്യദൂതൻ – ഡിസംബർ 2002

1984 സെപ്തംബർ 4ന് റോമിൽ വെച്ച് ചേർന്ന രണ്ടാം മതസ്വാതന്ത്ര്യ സമ്മേളനത്തിൽ (World Congress of Religious Liberty) വെച്ച് ഡോ: അബ്ദുസ്സലാം സാഹിബ് ചെയ്ത പ്രഭാഷണത്തിൽ നിന്നുമുള്ള ചില പ്രസക്തഭാഗങ്ങൾ.

ഇക്കാര്യത്തിൽ പ്രവാചകൻ സ്വയം കാണിച്ച മാതൃകയെന്താണെന്ന് നമുക്ക് നോക്കാം. അദ്ദേഹത്തിന്റെ ജീവിതത്തിലെ മൂന്ന് സംഭവങ്ങൾ ഞാൻ ഇവിടെ വിവരിക്കാം.

മദീനയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് മക്കയിലെ പതിമൂന്ന് വർഷക്കാലം തിരുനബിയും അദ്ദേഹത്തിന്റെ അനുചരന്മാരും അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും കഠിനമായ മർദ്ദനങ്ങൾക്ക് വിധേയരാകുകയുമുണ്ടായി. ഈ വസ്തുതയെ സംബന്ധിച്ച് നിങ്ങൾക്കെല്ലാം അറിയാമല്ലോ. മുസ്ലിംകളിൽ അതിനിഷ്ഠരമായി ചിലർ വധിക്കപ്പെടുകയുണ്ടായി.

മദീനയിലേക്ക് പലായനം ചെയ്തതിന് ശേഷം ഒന്നാമതായി അദ്ദേഹം ഒരു കരാറിൽ ഏർപ്പെടുകയുണ്ടായി. അതിലെ മുഖ്യ പ്രമേയം മതവിശ്വാസസ്വാതന്ത്ര്യത്തിന്റെ പരിരക്ഷയും എല്ലാ മതവിഭാഗങ്ങൾക്കുള്ള ആരാധനാസ്വാതന്ത്ര്യവുമായിരുന്നു.

രണ്ടാമത്തെ സംഭവം മക്കയിൽ പ്രവാചകന്റെ ഏറ്റവും കഠിനനായ ശത്രു മക്കാ പടയാളികളുടെ തലവനായ അബൂജഹൽ ആയിരുന്നു. മദീനയുടെ നേർക്കുള്ള ആദ്യത്തെ മക്കൻ ആക്രമണമുണ്ടായപ്പോൾ ബദർ രണാങ്കണത്തിൽ വെച്ച് മുസ്ലിംകളാൽ അബൂജഹൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രൻ ഇക്രിമ ഇസ്ലാമിന്റെ മറ്റൊരു പ്രതിയോഗിയായിരുന്നു. മദീനക്ക് നേരെയുള്ള മക്കക്കാരുടെ രണ്ടാം ആക്രമണമായ ഉഹ്ദ് യുദ്ധത്തിലെ പടത്തലവന്മാരിലൊരാൾ അദ്ദേഹമായിരുന്നു.

അവസാനം അല്ലാഹു പ്രവാചകന് (സ) മക്കയ്ക്ക് മേൽ വിജയം നൽകിയപ്പോൾ ഇക്രിമ അബീസീനിയയിലേക്ക് രക്ഷപ്പെടാനുള്ള ഉദ്ദേശ്യത്തോടെ മക്കാ പട്ടണം വിട്ട് അതിർത്തിയിലേക്ക് നീങ്ങി. ഈയവസരത്തിൽ ഇക്രിമയുടെ പത്നി തിരുനബി (സ)യെ സമീപിച്ചുകൊണ്ട് ചോദിച്ചു: “ഇക്രിമ ബിംബാരാധകനായിരിക്കെ അദ്ദേഹത്തെ മക്കയിലേക്ക് തിരിച്ചുവരാൻ അങ്ങ് അനുവദിക്കുമോ?” പ്രവാചകൻ പ്രതിവചിച്ചു: “വിശ്വാസം വ്യക്തിയുടെ സ്വതന്ത്രമനസ്സാക്ഷിയുമായി ബന്ധപ്പെട്ടതാണ്.

ഇക്രിമ മക്കയിലേക്ക് തിരിച്ചുവരികയാണെങ്കിൽ അദ്ദേഹത്തിന്ന് യാതൊരു വിധത്തിലുള്ള പീഡനവുമേൽക്കേണ്ടിവരികയില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ള വിശ്വാസം തിരഞ്ഞെടുത്തു കൊണ്ട് സുരക്ഷിതമായി ഇവിടെ ജീവിക്കാം”.

പ്രവാചകൻ (സ) നൽകിയ ഈ ഉറപിന്മേൽ അവർ തന്റെ ഭർത്താവ് ഇക്രിമയെ തേടിപ്പുറപ്പെട്ടു. അദ്ദേഹത്തെ കണ്ട് മക്കയിലേക്ക് തിരിച്ചുവരാൻ അഭ്യർത്ഥന നടത്തി. അങ്ങനെ മക്കയിലേക്ക് തിരിച്ചെത്തിയ ഇക്രിമ തിരുനബിയെ സന്ദർശിച്ചു. തന്റെ പത്നിയോട് ചെയ്ത സുരക്ഷാവാഗ്ദാനം വ്യക്തിപരമായി നേരിട്ടുതന്നെ അദ്ദേഹം ഉറപ്പുവരുത്തി.

നബി(സ) യുടെ സവിധം പൂകിയ ഇക്രിമ അവിടുത്തെ വചനങ്ങൾ ശ്രദ്ധിച്ചു. വിശ്വാസ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ആ മഹാത്മാവ് കാണിച്ച ഹൃദയവിശാലതയും ആത്മാർത്ഥതയും സഹിഷ്ണുതയും ഇക്രിമയെ ചിന്താധീനനാക്കി. അദ്ദേഹം ഇസ്ലാംമതം വിശ്വസിച്ചതായി പ്രഖ്യാപിക്കുകയാണുണ്ടായത്.

തിരുനബി (സ) അദ്ദേഹത്തോട് താങ്കൾക്ക് ഇനിയും വല്ല ആഗ്രഹങ്ങളുമുണ്ടോ എന്ന് ചോദിക്കുകയുണ്ടായി. ഇസ്ലാംമതം സ്വീകരിക്കാൻ ദൈവം എന്റെ ഹൃദയം തുറന്നു തന്നതിൽ കവിഞ്ഞ് ഞാനെന്ത് ആഗ്രഹിക്കാനാണ്. എനിക്ക് മറ്റൊരു ആഗ്രഹവുമില്ല എന്നദ്ദേഹം മറുപടി പറഞ്ഞു. പക്ഷേ, നബിതിരുമേനിക്കും മുസ്ലിംകൾക്കും നേരെ താൻ കാണിച്ച എല്ലാ അപരാധങ്ങൾക്കുമുള്ള പാപപ്പൊറുതിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ ഇക്രിമ തിരുമേനിയോടു ആഗ്രഹം പ്രകടിപ്പിച്ചു. ഇക്രിമയുടെയും തിരുമേനിയുടെയും പ്രാർത്ഥന ദൈവം സ്വീകരിച്ചു. അധികം താമസിയാതെ ഇക്രിമ ഇസ്ലാമിന് വേണ്ടി രക്തസാക്ഷിയായി.

മൂന്നാമത്തെ സംഭവം, നജ്റാനിൽ നിന്നു മദീനയിലെത്തിയ ഒരു ക്രിസ്തീയ സംഘവുമായി റസൂൽ തിരുമേനി (സ) മസ്ജിദിൽ വെച്ച് സുദീർഘമായ സംവാദം നടത്തിയ അവസരത്തിലുണ്ടായതാണ് . നജ്റാനിലെ ക്രിസ്തീയ ദേവാലയങ്ങൾ സംരക്ഷിക്കപ്പെടുന്നതാണെന്ന് പ്രവാചകൻ (സ) ആ സംഭാഷണത്തിൽ അവർക്ക് പൂർണമായ ഉറപ്പുനൽകി.

സംഭാഷണത്തിനിടയിൽ ക്രിസ്തീയ സംഘം പ്രാർത്ഥനക്കായി ഒരു ഇടവേള ആവശ്യപ്പെട്ടു. അവർ പ്രാർത്ഥനക്കായി എവിടെ പോകണമെന്നറിയാതെ ഒരു നിമിഷം അസ്വസ്ഥരായി. നബി തിരുമേനി അവരുടെ വിഷമവും പരിഭവും മനസ്സിലാക്കി. മസ്ജിദ് മുസ്ലിംകളുടെ ഏറ്റവും പവിത്രമായ ആരാധനാസ്ഥലമാണല്ലോ ആ മസ്ജിദിൽ വെച്ച് തന്നെ പ്രാർത്ഥന നിർവ്വഹിക്കാൻ ആ ക്രിസ്തീയ സംഘത്തെ പ്രവാചകൻ തിരുമേനി(സ) ക്ഷണിച്ചു.

ഭാവിലോകത്ത് ആരാധനാലയങ്ങൾ പങ്കുവെക്കുന്ന കാര്യത്തിൽപോലും ഇസ്ലാമിക പ്രമാണങ്ങൾ കാഴ്ചവെക്കുന്ന സഹിഷ്ണുതയുടെയും ഹൃദയവിശാലതയുടെയും പരസ്പര ധാരണയുടെയും ഉദാത്ത മാതൃക ഈ സംഭവത്തിലടങ്ങിയിരിക്കുന്നു.

സുപ്രസിദ്ധമായ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ മനുഷ്യസമൂഹത്തോട് നിഷ്കളങ്കമായും നീതിപൂർവ്വവും പെരുമാറേണ്ട അദ്ധ്യാപനങ്ങളും, മനുഷ്യാവകാശങ്ങളുടെ അതുല്യമായ പ്രമാണങ്ങളും അവിടുന്ന് സംക്ഷേപിച്ചിരിക്കുന്നു. തന്റെ വിയോഗത്തിന് മുമ്പുള്ള അവസാനത്തെ ഹജ്ജ് വേളയിൽ തിരുദൂതർ ഇപ്രകാരം അരുളി.

“ഓ എന്റെ ജനങ്ങളേ, വീണ്ടും നാം ഇവിടെ ഒരുമിച്ചുകൂടുമെന്നോ നിങ്ങളെ വീണ്ടും കാണാനുള്ള സന്ദർഭമുണ്ടാകുമെന്നോ എനിക്കറിയില്ല. ഈ ദിവസവും ഈ മാസവും ഈ പട്ടണവും പാവനമാണ്. അതേപ്രകാരം നിങ്ങളുടെ ജീവനും, സ്വത്തും, അഭിമാനവും പരിപാവനമാണ്…….”

“ഓ എന്റെ ജനങ്ങളേ, നിങ്ങളെയെല്ലാം സൃഷ്ടിച്ച ദൈവം ഒന്നാണ് നിങ്ങളുടെ ആദിപിതാവും ഒരാളാണ്. നിങ്ങളെല്ലാം ആദമിന്റെ മക്കളാണ്; ആദമാകട്ടെ മണ്ണിൽനിന്നും. നിങ്ങളിൽ ചെറിയവനെന്നോ വലിയവനെന്നോ ഉള്ള വ്യത്യാസമില്ലാതെ നിങ്ങളെല്ലാം തുല്യരാണ്. അറബിക്ക് അനറബിയേക്കാൾ യാതൊരു മേന്മയുമില്ല; അനബിക്ക് അറബിയേക്കാളും. വെളുത്തവന് കറുത്തവനേക്കാളും കറുത്തവന് വെളുത്തവനേക്കാളും മേന്മയില്ല; ദൈവഭയത്തിന്റെയും സൽക്കർമങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ”

അതായിരുന്നു പ്രവാചകൻ തിരുമേനി(സ) ലോകത്തിനു മുമ്പിൽ സമർപ്പിച്ച സാഹോദര്യവും സഹിഷ്ണുതയും സമത്വവും. വർണത്തിന്റെയോ, മതത്തിന്റെയോ, ദേശത്തിന്റെയോ അടിസ്ഥാനം അംഗീകരിക്കാതെ മാനവമൂല്യങ്ങൾക്ക് വേണ്ടി മനുഷ്യസമൂഹത്തിന്റെ സമാധാനത്തിന്റെ അധിഷ്ടാനത്തിലായിരുന്നു അദ്ദേഹം ഈ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചത്.

ലേകഖൻ :

ഡോ: അബ്ദുസ്സലാം (1926 – 1996)

നോബൽ സമ്മാനജേതാവും ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ ഊർജ്ജതന്ത്രജ്ഞരിലൊരാളുമായിരുന്നു ഡോക്ടർ അബ്ദുസ്സലാം. ഫിസിക്സിൽ നോബേൽ സമ്മാനം നേടുന്ന ആദ്യത്തെ മുസ്ലിമായിരുന്നു അദ്ദേഹം. 1926 ജനുവരി 29 നു പാക്കിസ്ഥാനിലെ ജംഗ് എന്ന പട്ടണത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇലക്ട്രോവീക്ക് ഏകീകരണ സിദ്ധാന്തത്തിന് നൽകിയ സംഭാവനകൾക്ക് 1979 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഷെൽഡൻ ഗ്ലാസ് ഷോ, സ്റ്റീവൻ വെയ്ൻബെർഗ് എന്നിവരുമായി അദ്ദേഹം പങ്കിട്ടു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏക ശാസ്ത്ര വിദ്യാഭ്യാസസ്ഥാപനമായ ഇറ്റലിയിലെ ട്രീസ്റ്റിലെ ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്സിന്റെ (ഡോ. സലാമിന്റെ പേരിലാണ് ഈ സ്ഥാപനം ഇപ്പോൾ അറിയപ്പെടുന്നത്) സ്ഥാപകനും ഡയറക്ടറുമായിരുന്നു ഡോ. സലാം . കോപ്ലി മെഡൽ, റോയൽ മെഡൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ ഗോൾഡ് മെഡൽ, അറ്റംസ് ഫോർ പീസ് അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.