ഹസ്രത്ത് ബാബാ ഗുരു നാനക് സാഹിബ് (റഹ്)

Amritpal Singh Mann, CC BY-SA 4.0 https://creativecommons.org/licenses/by-sa/4.0, via Wikimedia Commons

മൗലവി മുഹമ്മദ് ഇസ്മാഈൽ ആലപ്പുഴ

സത്യദൂതൻ, ജനുവരി 2013.

പഞ്ചാബിലെ നങ്കാനയ്ക്കടുത്തുളള ഒരു ഗ്രാമത്തിൽ ക്രിസ്ത്വാബ്ദം 1469ല്‍ ഗുരു നാനക്ക് ജനിച്ചു. ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. പിതാവിന്റെ പേര് ബാബാ കല്യാണ്‍ചന്ദ്, കാലൂ എന്നാണ് അറിയപ്പെട്ടിരുന്നത്. മാതാവിന്റെ പേര് മാതാ തര്‍തിപാജീ എന്നായിരുന്നു. ചില ഗ്രന്ഥങ്ങളില്‍ അവരുടെ പേര് മാതാ ബീബീ എന്നും രേഖപ്പെടുത്തി കാണുന്നുണ്ട്. (ജനം സാഖി ഭായിബാല 1871 പേജ് 55, 62,67).

നാനക്ക് സാഹിബിന്റെ ജനനത്തീയതിയും ജനനസ്ഥലവും സംബന്ധിച്ച് സിക്ക് പണ്ഡിതന്മാര്‍ക്കിടയില്‍ ധാരാളം അഭിപ്രായ ഭിന്നതകള്‍ നിലനില്ക്കുന്നുണ്ട്. ഒരു കൂട്ടര്‍ പറയുന്നത് ഇപ്പോള്‍ നങ്കാന എന്നറിയപ്പെടുന്ന ഭൂയേയിലെ തല്‍വണ്ടിയിലാണ് അദ്ദേഹം ജനിച്ചതെന്നാണ്. (ജനംസാഖി ഭായിബാല പേജ് 5) ഗുരുനാനക്ക് അമ്മവീട്ടിലാണ് ജനിച്ചത്. അതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് നാനക്ക് എന്നുപേരിട്ടത്. ഇതിന്റെ അര്‍ഥം അമ്മയുടെ വീട്ടില്‍ ജനിച്ചവന്‍ എന്നാണ്.

ലാലഃ അമീര്‍ ചന്ദ് ഘനഃ എന്ന പണ്ഡിതന്‍ ഇതു സംബന്ധമായി പറയുന്നു: ‘ആത്മീയതയുടെ ശാസ്ത്രവിധികളെ സംബന്ധിച്ച് പറയുന്നത് ഇവിടെ അനുചിതമാണെങ്കിലും അമ്മവീട്ടില്‍ പിറക്കുന്ന കുട്ടി അപാരമായ ബുദ്ധിമാനും ശക്തനും ആയിരിക്കുമെന്നത് എന്റെ ദൃഢ വിശ്വാസമാണ്. പക്ഷേ, വായനക്കാര്‍ ഓര്‍ക്കുക, ഭഗവാന്‍ കൃഷ്ണനും ഗുരു നാനക്ക് ജീ മഹാരാജും ജനിച്ചത് തങ്ങളുടെ അമ്മവീട്ടിലായിരുന്നു.’ (രിസാല ഗുരുസന്ദേശ് യമുനാ നഗര്‍ ആഗസ്റ്റ് 1966)

Shaguftakarim, CC BY-SA 4.0 https://creativecommons.org/licenses/by-sa/4.0, via Wikimedia Commons
പാകിസ്ഥാനിലെ നങ്കന സാഹിബിലെ ഗുരുദ്വാര ജനം അസ്താൻ, ഗുരു ബാബാ നാനാക്ക് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം.

ഗുരുജിയുടെ ജനനത്തിനു മുമ്പേ ആ മഹാത്മാവിന്റെ മാതാപിതാക്കള്‍ക്ക് ഒരു മുസ്‌ലിം ഫക്കീര്‍ സുവാര്‍ത്ത അറിയിച്ചിരുന്നുവെന്ന് സിക്കു പണ്ഡിതന്മാര്‍ പറയുന്നുണ്ട്. ഒരു സിക്കു പണ്ഡിതന്‍ ചില ചരിത്ര ഗ്രന്ഥങ്ങള്‍ ഇതിനായി ഉദ്ധരിക്കുന്നുണ്ട്. പറയുന്നു: “ഒരു മുസ്‌ലിം ഫക്കീര്‍, ഗുരൂജിയുടെ പിതാവിന് അദ്ദേഹത്തിന്റെ ജനനത്തെ കുറിച്ച് സുവാര്‍ത്ത അറിയിച്ചു“. (രിസാല സുന്നത്ത് സപാഹി അമൃത്സര്‍ നവംബര്‍ 1965)

ഡോക്ടര്‍ മോഹന്‍സിംഗ്ജീ പറയുന്നു: “ഗുരുനാനക്ക് ജനിക്കുന്നതിന് കുറച്ചു കാലം മുമ്പേ തലവണ്ടിയിലെ സര്‍ദാര്‍ റായെ ബല്ലാര്‍ ‘തലവണ്ടിയില്‍നിന്ന് ജ്യോതിര്‍മയമായ ഒരു നദി ഉത്ഭവിക്കുന്നതായും അത് ജനങ്ങളുടെ ഹൃദയവയലുകളെ സേചനം നടത്തുന്നതായും സ്വപ്നം കണ്ടു.“ (നാനക്ക് പ്രകാശ് പത്രിക മാര്‍ച്ച് 1969)

വീണ്ടും അദ്ദേഹം പറയുന്നു: “ഗുരുവിന്റെ ജനന നേരത്ത് ഏറ്റവുമാദ്യം അദ്ദേഹത്തെ മടിയില്‍ എടുത്തത് ഒരു മുസ്‌ലിം ധാത്രിയായ ദൗലത്താ തന്നെയായിരുന്നു. അവര്‍ ഗുരുജിയെ കുളിപ്പിച്ച് വസ്ത്രം അണിയിച്ചു. പിന്നീട് ബിസ്മില്ലാഹ് ചൊല്ലി തേന്‍ തൊട്ടുകൊടുത്തു.“ (നാനക്ക് പ്രകാശ് പത്രിക മാര്‍ച്ച് 1969).

ഗുരുനാനക്കിന് കുട്ടിക്കാലം മുതല്‍ക്കെ മുസ്‌ലിംകളുമായി നല്ല ബന്ധമായിരുന്നു. ഡോക്ടര്‍ തര്‍ലോചന്‍ സിംഗ്ജീ പറയുന്നു: “ഏതെങ്കിലും മുസ്‌ലിംകുട്ടി നാനക്കുമായി കണ്ടുമുട്ടിയാല്‍ ഉടനെ അദ്ദേഹം പറയും, അല്ലാഹു അക്ബര്‍.“ (ജീവന്‍ ചരിത്ര് ഗുരുനാനക്ക് ദേവ് പേജ് 4)

ഇസ്‌ലാമിക ചരിത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് കത്ഘഹം പറയുന്നു: “ഗുരുനാനക്കിന്റെ നാട്ടിലെ വലിയ്യും അമാനുഷികശക്തിയുളള ആളും സര്‍വസമ്മതനും അസാമാന്യ പീറുമായി അംഗീകരിക്കപ്പെട്ട വ്യക്തിയുമായിരുന്നു മീര്‍ സയ്യിദ് ഹസ്സന്‍. കാലൂവിന്റെ അയല്‍വാസിയായിരുന്നു അദ്ദേഹം. അദ്ദേഹം തന്റെ ആത്മീയവും ഭൗതികവുമായ എല്ലാ അറിവുകളും ഗുരുനാനക്ക്ജീയെ പഠിപ്പിക്കുകയും സത്യമാര്‍ഗത്തിന്റെ വലിയ വലിയ രഹസ്യങ്ങള്‍ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കുകയും ചെയ്തു.“(തവാരീഖ് ഗുരു ഖാലിസ്വഃ പേജ് 59)

ഇതു സംബന്ധമായി പ്രസിദ്ധ സിക്കു പണ്ഡിതനായ ഗിയാനീ ലാല്‍ സിംഗ്ജീ ഡബിള്‍ എം. എ പറയുന്നു: “സയ്‌റുല്‍ മുതഹ്ഹരീന്റെ കര്‍ത്താവായ മൗലവി ഗുലാം ഹുസയ്നും പഞ്ചാബ് ചരിത്രത്തിന്റെ കര്‍ത്താവായ മുഹമ്മദു ലത്വീഫും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ എഴുതുന്നു, ഒരു സുപ്രസിദ്ധ മുസ്ലിം ദര്‍വേശായ സയ്യിദ് ഹസ്സന്‍, നാനക്ക്ജീയെ നല്ല ഭാവിയുളളവനായി കണ്ട് ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ വിശ്വാസാദര്‍ങ്ങള്‍ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ടു തന്നെയാണ് ഗുരൂജി പഞ്ചാബിയിലെ ഭാഷാപ്രയോഗത്തില്‍ തന്റെ മാതൃഭാഷയിലൂടെ ബാണീ രചിക്കാന്‍ തുടങ്ങിയത്.’ (ഗുരുനാനക്ക് ജോത് തെ സ്വരൂപ് പേജ് 46).

കാലൂവിന്റെ അയല്‍വാസിയും ഫാര്‍സി അറിയുന്നയാളുമായ സയ്യിദ് ഹസ്സന്‍, ഗുരൂജിയെ ഫാര്‍സി പഠിപ്പിച്ചു. (ഗുരുനാനക്ക് ചമത്കാര്‍ പേജ് 40)

ഈ വിദ്യാഭ്യാസത്തിന്റെയും ശിക്ഷണത്തന്റേയും ഫലമായിട്ടാണ് ബിംബാരാധകരും അന്യാരാധകരുമായ ഒരു ജനതയില്‍ ജനിച്ച ഗുരുനാനക്ക് ഏക ദൈവസിദ്ധാത്തിന്റെ പ്രചാരകനായി മാറിയത്. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇലാഹുല്‍ആലമീനോടുളള സ്‌നേഹവും വിശ്വാസവും അലയടിച്ചുയരാന്‍ തുടങ്ങി. തൗഹീദിന്റെ പ്രചാരകനാകാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ ഉദ്ദേശ്യത്തിനായി അദ്ദേഹം ലോകം സഞ്ചരിച്ചു. ഈ യാത്രയും സ്വൂഫീവര്യനായ ഒരു മുസ്‌ലിം ദര്‍വേശിന്റെ നിര്‍ദേശവും ഉപദേശവും പ്രകാരമായിരുന്നു അദ്ദേഹം ചെയ്തിരുന്നത് എന്നതിന് സിക്ക് ചരിത്രം സാക്ഷിയാണ്. (ജനംസാഖി ഭായിബാലാ (1871) പേജ് 89).

ഈ മുസ്‌ലിം സ്വൂഫി ദര്‍വേശിനെ ഗുരുനാനക്ക് വളരെയധികം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. (ജീവന്‍ ചരിത്ര് ഗുരുനാനക്ക് ദേവ് പേജ് 68)

ഈ യാത്രകളില്‍ ഗുരുജി തന്റെ കൂട്ടുകാരനാക്കിയത് ഒരു മുസ്‌ലിം സഹോദരനായ മര്‍ദാനഃയെയായിരുന്നു. ഡോക്ടര്‍ തര്‍ലോചന്‍ സിംഗ്ജീ അദ്ദേഹം പറഞ്ഞതായിട്ട് പറയുന്നു: “ഞാന്‍ നോമ്പു പിടിക്കുന്നു, നമസ്‌കരിക്കുന്നു. നല്ല മുസല്‍മാന്‍ ആയിത്തീരാനുളള റസൂലിന്റെ കല്പനയാണിത്.” (ജീവന്‍ ചരിത്ര് ഗുരുനാനക്ക് ദേവ് ജീ പേജ് 47).

ഗുരുജി തന്റെ യാത്രയില്‍ ആദ്യം താമസിച്ചത് ലാലുവിന്റെ വീട്ടിലായിരുന്നു. ഒരു ഹിന്ദു പണ്ഡിതന്റെ അഭിപ്രായത്തില്‍ അദ്ദേഹമൊരു മുസല്‍മാനായിരുന്നു. (അജീത് ജാലന്ധര്‍ 1969 ഒക്‌ടോബര്‍ 12).

ഇപ്രകാരം തന്നെ 10 വര്‍ഷം പൂര്‍ണമായി ഗുരൂജി, ശേയ്ഖ് ഫരീദ് രണ്ടാമനുമായിച്ചേര്‍ന്ന് അല്ലാഹുവിന്റെ സന്ദേശമെത്തിച്ചു കൊണ്ടിരുന്നു. (ഇസ്‌ലാം ആന്‍ഡ് സിക്കിസം പേജ് 126).

അധികകാലവും ഗുരൂജി കഴിച്ചുകൂട്ടിയിരുന്നത് ഇസ്‌ലാമിക രാജ്യങ്ങളിലായിരുന്നു. (ഗുരുഗ്രന്ഥ് തെ തപ്തഃ പേജ് 70).

ഗുരൂജി മുസ്‌ലിം വീടുകളില്‍ പാചകം ചെയ്ത ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. (ധരം തെ സദാചാര്‍ പേജ് 61).

ഒരു സിക്ക് വിദ്വാന്‍ പ്രൊഫസര്‍ സാഹിബ് സിംഗ് എഴുതുന്നു: ഗുരു (നാനക്ക്) സാഹിബ് സാധാരണയുളള ഇടപഴകലിലും ഭക്ഷണം കഴിക്കുന്നതിലും പാനം ചെയ്യുന്നതിലും ജാതീയമായി ഒന്നും ചിന്തിച്ചിരുന്നില്ല. എല്ലാ ഇസ്‌ലാമിക രാജ്യങ്ങളിലും പോകുകയും മുസ്‌ലിം വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. (ഗുര്‍മത് ദര്‍ശന്‍ പേജ് 116).

ഗുരൂനാനക്കിന്റെ അറബി പാണ്ഡിത്യം

ഗുരുനാനക്ക് അറബിഭാഷയില്‍ അവഗാഹം നേടിയിരുന്നതായി സിക്കു പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും അദ്ദേഹത്തിന് ജ്ഞാനമുണ്ടായിരുന്നു. 10 വര്‍ഷംവരെ അദ്ദേഹം ഇസ്‌ലാമിക രാജ്യങ്ങളില്‍ പാര്‍ത്തു. അറബി ഭാഷയില്‍ നല്ല പ്രാവീണ്യംനേടി. അറബിയിലെ അദ്ദേഹത്തിന്റെ രചനയെക്കുറിച്ച് ഒരു സിക്കു പണ്ഡിതന്‍ പറയുന്നു: ‘ഗുരുനാനക്ക്ജീ തലവണ്ടിയിലെ സയ്യിദ് ഹസ്സൻ എന്ന സ്വൂഫീ ദര്‍വേശില്‍നിന്ന് ഫാര്‍സിയും അറബിയും പഠിച്ചിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ നിന്നുളള വിജ്ഞാനങ്ങളും അദ്ദേഹത്തില്‍ നിന്ന് പഠിച്ചിരുന്നു. (ജീവന്‍ ചരിത്ര് ഗുരുനാനക്ക് ദേവ് ജീ പേജ് 14).

പരിശുദ്ധ മക്കയില്‍ പോകുന്നതിനു മുമ്പേ ഗുരൂജി ഹാജി പീര്‍മാര്‍ ധരിക്കുന്ന നീലവസ്ത്രം ധരിച്ചു. കൈയില്‍ വടിയെടുത്തു. കക്ഷത്ത് ഗ്രന്ഥം (ഖുര്‍ആന്‍) വെച്ചു. (ജനംസാഖി ഭായി ബാലാ ഉര്‍ദു, 1923 പേജ് 149, ഗുരു ഖാലിസ്വഃ ചരിത്രം ഉര്‍ദു ആദ്യ പതിപ്പ് പേജ് 144).

അറബിയും ഫാര്‍സിയും മുസ്‌ലീംകളുടെ നിവേദനങ്ങളും ഗുരു സ്വാഹിബ് നല്ലവണ്ണം അറിഞ്ഞിരുന്നു. ഏകദൈവവിശ്വാസിയായ വളരെ നല്ലൊരു സ്വൂഫീ ദര്‍വേശായി തോന്നുമായിരുന്നു.(ജീവന്‍ ചരിത്ര് ഗുരുനാനക്ക് ദേവ് ജീ പേജ് 30).

ഇന്നേക്ക് അരനൂറ്റാണ്ടു മുമ്പേ സാധൂ ഗോബിന്ദ്‌ സിംഗ് നിര്‍മലെ പറഞ്ഞു: “ബാഗ്ദാദ് പട്ടണത്തില്‍ വലിയൊരു തോട്ടമുണ്ട്. അവിടെ ബാബാ നാനക്കിന്റെ വീടു പണിതിട്ടുണ്ട്. മുസ്‌ലിം ഫക്കീര്‍മാര്‍ അതില്‍ താമസിക്കുന്നു…….ഗുരുവിന്റെ ബാണീയും അറബി ലിപികളിലുണ്ട്.” (ഇതിഹാസ് ഗുരു ഖാലിസ്വഃ ഹിന്ദി പേജ് 1).

ഇതു സംബന്ധിച്ച് പ്രസിദ്ധ സിക്കു ചരിത്രകാരനായ ഗ്യാനീ ഗിയാന്‍സിംഗ്ജി പറയുന്നു: “ഇവിടെ (ബാഗ്ദാദില്‍) ഗുരു നാനക്ക്ജീയുടെ സ്മരണയ്ക്കായി ഒരു വീടു നിര്‍മിച്ചിട്ടുണ്ടെന്ന് സത്യസന്ധരായ മിക്ക ഹാജീമാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അതിനെ നാനക്ക് പീര്‍ എന്നുവിളിക്കുന്നു. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ പൊതുവെ മുസ്‌ലിം പീറായിട്ടാണ് വിശ്വസിക്കുന്നത്.” (തവാരീഖ് ഗുരു ഖാലിസ്വഃ ഉര്‍ദു ഒന്നാം പതിപ്പ് പേജ് 149).

ഇറാഖിലെ ബാഗ്ദാദിലെ, ഗുരുദ്വാര.

ഗുരുജിയുടെ ബാഗ്ദാദിലെ ഈ സ്മാരകമന്ദിരവും മുസ്‌ലിംകള്‍ നിര്‍മിച്ചതാണ്. ഇപ്പോഴും അതു മുസ്‌ലിംകളുടെ കൈയില്‍തന്നെയാണ്. അവര്‍ തന്നെയാണ് അതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും. (സബ്തൂന്‍ വഡാ സത്ഗുര്‍നാനക്ക് പേജ് 120)

ചുരുക്കം പറഞ്ഞാല്‍ ഇസ്‌ലാമിക രാജ്യങ്ങളിലെല്ലാം അദ്ദേഹം ഒരു മുസ്‌ലിം സ്വൂഫീ വര്യനായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്. ഒരു സിക്കു പണ്ഡിതന്‍ എഴുതുന്നു: ‘മിക്ക ഇറാനീ പത്രമാസികകളിലും ഗുരൂനാനക്കിന്റെ അധ്യാപനങ്ങളെക്കുറിച്ച് ഫാര്‍സിയില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അദ്ദേഹത്തെ ഉന്നതക്കിടയിലുളള സ്വൂഫീവര്യനായിട്ടാണ് മനസ്സിലാക്കുന്നത്.

ഗുരൂനാനക്ക്ജീയെ ആദരിക്കുന്ന മുസ്‌ലിംകള്‍ പാകിസ്താനിലും ഭാരതത്തിലും മാത്രമല്ല, വിദേശ മുസ്‌ലിം രാജ്യങ്ങളിലുമുണ്ട്. അവരും ഗുരൂജിയെ സത്യഹൃദയത്തോടെ തങ്ങളുടെ ഒരു മഹാത്മാവായിട്ട് വിശ്വസിക്കുന്നു.

ഗുരൂജി പറയുന്നു:

ഹീനമാ ദഖ്‌ലത് മര്‍ഖദശ്ശയ്ഖി ബഹ്‌ലൂല ദാനാ അലയ്ഹിര്‍റഹ്‌മത്തുല്‍ അബ്ബാസീ
(ഞാന്‍ ശേയ്ഖ് ബഹ്‌ലൂല്‍ ദാനാ അബ്ബാസി (റഹ്) യുടെ സമാധിസ്ഥലത്ത് വന്ന നേരത്താണ് ഈ കവിതകള്‍ പറഞ്ഞത്.)
വ അഖംതു ഫിത്തകിയ്യത്തില്‍ അബ്ബാസിയത്തില്‍വാഖിഅത്തി ഫീ മഹല്ലത്തില്‍ഖയ്‌സുറാന്‍
(അതു ഖയ്‌സുറാന്‍ മഹല്ലില്‍ അബ്ബാസിയ്യഃ തക്കിയ്യയില്‍ സ്ഥിതി ചെയ്യുന്നു.)
ബഅ്ദ ഇയാബീ മിന്‍ മക്കത്തില്‍മുക്കര്‍റമത്തി.
(ഞാന്‍ ആദരണീയമായ മക്കയില്‍ നിന്ന് മടങ്ങി വന്നപ്പോള്‍ അവിടെയാണ് താമസിച്ചത്.)
വ ദാലിക്ക ഫീ ശഹ്‌രി റബീഇല്‍അവ്വലി സനത്ത സബ്അത്ത അശ്‌റ വ തിസ്ഇ മിഅത്തിന്‍  ഹിജ്‌രിയ്യത്ത
(ഈ മടക്കം ഉണ്ടായത് ഹിജരീ 917 റബീഉല്‍ അവ്വലിലാണ്.)
വ അഖംതു ബിഹാ ഇലാ റജബില്‍ മുബാറക്കി
(അനുഗൃഹീതമായ റജബ് മാസംവരെ ഇവിടെ താമസിച്ചു.)
ഥുമ്മ സാഫര്‍തു മിന്‍ഹാ വ മഇയസ്സ്വിദ്ദീഖുല്‍ ഹമീമു റുക്കന്‍ദീനു വ ഇലാ ജിഹതി ഹിന്ദുസ്ഥാന, തമ്മത്.
(പിന്നീടു ഞാന്‍ എന്റെ ഉറ്റചങ്ങാതിയായ റുക്കന്‍ദീനിന്റെ കൂടെ ഇന്ത്യയിലേക്കു യാത്ര ചെയ്തു.)

ഗുരുനാനക്ക്ജിയുടെ ആ കവിത ഡോക്ടര്‍ തര്‍ലോചന്‍ സിംഗ്ജീ തന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന

തുവുദ്ദിയതു ഫീ കുല്ലില്‍ ബിലാദി ഫഖീറാ
വസറയ്തു ഫീ അഖ്‌സ്വല്‍ ബിലാദി കഥീറാ (ഖാഫ് ق)
വ അതയ്തു ബഗ്ദാദശ്ശരീഫത്ത കയ് അറാ
ബഹ് ലൂല ദാനാ ഇദ് ഇലയ്ഹി ഉശീറാ
നാനക്ക അതാക്കല്‍യൗമി ഫീക്ക മുശവ്വഖ
യര്‍ജുല്‍മുസാമഅ മിന്‍ക വത്തഖ്‌സ്വീറാ (ഖാഫ് ق)


ഞാന്‍ പോയിടത്തെല്ലാം ഒരു ദര്‍വേശ് എന്ന നിലയില്‍ ജനങ്ങള്‍ എന്നെ സ്‌നേഹിച്ചു.
ഞാന്‍ വളരെ ദൂര ദൂര രാജ്യങ്ങളില്‍ സഞ്ചരിച്ചു.
ബഹ്‌ലുല്‍ദാനായുടെ ഖബ്ര്‍ സിയാറത്തിനായി ഞാന്‍ ബാഗ്ദാദ് ശരീഫില്‍ വന്നു.
അത് ഒരു അശരീരി എനിക്കു നല്കിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു.
ഏയ് ബഹ്‌ലൂല്‍ ദാനാ! ഇന്ന്‌ നാനക്ക് നിന്നോടുളള സ്‌നേഹത്തില്‍ മുങ്ങിക്കുളിച്ച്
നിന്റെ സന്നിധിയില്‍ ഹാജരായിരിക്കുന്നു.
അവന്‍ നിന്നോടു മാപ്പും ക്ഷമയും തേടുന്നു.


(ജീവന്‍ ചരിത്ര് ഗുരുനാനക്ക് ദേവ് ജീ പേജ് 304, 305 ന്റെ ഇടയ്ക്കുളള പ്ലേറ്റ് നമ്പര്‍ 9)
 
ലില്ലാഹി ഖൗമുന്‍ ഫിസ്സിയാഹത്തി ഫുത്തിനാ
കല്‍വര്‍ദി ഇല്ലാ അന്നഹൂ ലാ തുജ്തനാ
വ ള്വുഗാതു ഹിന്ദുസ്ഥാന യദ്ഊനീ ലഹും
ശുക്‌റന്‍ ഇലാഹല്‍അര്‍ശി ഇന്നീ മുഅ്മിനാ
വ മുകവ്വിനുല്‍അക്‌വാനി അന്‍കദ നാനക്കാ
മിന്‍ ഹിസ്ബി ദിശ്ശയ്ത്വാനി ത്വഹ്ഹറ ഖല്‍ബനാ
ഇദ് യജ്അലൂന മഅല്‍ഇലാഹി മുശ്‌രിക്കൻ
ഹാശാ ശരീക്കിന്‍ അയ്യകൂന ലിറബ്ബിനാ

ആ ദൈവസവിധത്തിലെ സിദ്ധന്മാരുടെ സംഘത്തെപ്പറ്റി എന്തു പറയാനാണ്.
അവര്‍ യാത്രകളുടേയും പര്യടനങ്ങളുടേയും അടിസ്ഥാനത്തില്‍ പരീക്ഷണങ്ങളില്‍ ഇടപ്പെട്ടു.
അവര്‍ റോസാപ്പൂവ് പോലെയാണ്.
പക്ഷേ, ആ പുഷ്പത്തെ നുളളിയെടുക്കാന്‍ പറ്റുകയില്ല.
ഇന്ത്യയിലെ ധിക്കാരികള്‍ എന്നെ അവരിലേക്കു വിളിക്കുന്നു.
അര്‍ശിന്റെ ഉടയവനായ അല്ലാഹുവിന് നന്ദി.
ഞാന്‍ മുഅ്മിനാണ്. അതായത് താന്‍ അവരിലേക്കു ചാഞ്ഞവനല്ലെന്ന്.
പ്രപഞ്ചനാഥന്‍ നാനക്കിനെ ശയ്ത്വാന്റെ സംഘത്തില്‍നിന്ന് രക്ഷിച്ചു.
അവന്‍ നമ്മുടെ ആദ്യാവസ്ഥ നിര്‍മലമാക്കി.
അവര്‍ അന്യാരാധകരാണ്.
അല്ലാഹുവിന് പങ്കാളികളെ വയ്ക്കുന്നു.
അങ്ങനെ ഒരിക്കലും സംഭാവ്യമല്ല.
നമ്മുടെ രക്ഷിതാവിന് പങ്കാളികളായി ആരുമില്ല.


(ജീവന്‍ ചരിത്ര് ഗുരുനാനക്ക് ദേവ് ജീ പേജ് 304,305 ന്റെ ഇടയ്ക്കുളള പ്ലേറ്റ് നമ്പര്‍ 11).

മുസ്‌ലിംകളോടു സ്‌നേഹവും പ്രേമവും ഗുരൂജിയ്ക്കുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍നിന്ന് വെളിവാകുന്നുണ്ട്. ഗുരൂജി കര്‍ത്താപൂര്‍ എന്ന സ്ഥലം ജനവാസമുള്ളതാക്കി. അതില്‍ തനിക്കു താമസിക്കാന്‍ ഒരു വീടും നിര്‍മിച്ചു. ആ വീടിനോടു ചേര്‍ന്ന് ഒരു പളളിയും പണി കഴിപ്പിച്ചു. അഞ്ചുനേരം നമസ്‌കരിപ്പിക്കാന്‍ ഒരു ഇമാമുസ്സ്വലാത്തിനേയും നിശ്ചയിച്ചു.

അല്ലാഹുവും ഗുരുനാനക്കും

സര്‍ദാര്‍ സന്‍തോഖ് സിംഗ്ജീ പറയുന്നു: “ഗുരുനാനക്ക് ഈ ലോകത്ത് വന്നിട്ട് ഏതെങ്കിലും പുതിയ ദൈവത്തെക്കുറിച്ചു പറഞ്ഞില്ല, പുതിയൊരു മതവും തുടങ്ങിയില്ല. വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ അല്ലാഹുവിനെക്കുറിച്ചുളള കാര്യമാണ് ഗുരൂനാനക്ക്ജീ പറഞ്ഞത്. (രിസാല ജീവന്‍പ്രീതി ചണ്ഡീഗഢ് മെയ് 1975).

ഹസ്രത്ത് ബാബ നാനാക് (റഹ്)യുടെ വസ്ത്രം, ഇപ്പൊഴും ഗുരുദ്ദ്വാര ചോല സാഹിബിൽ (ദേര ബാബ നാനക്) സൂക്ഷിച്ചിരിക്കുന്നു, കാക്കി നിറമുള്ളതും അരികുകളിൽ ചില നിറങ്ങളുള്ളതുമാണ് ഈ വസ്ത്രം, ഇത് പരുത്തി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഖുർആനിലെ ചില സൂക്തങ്ങൾ അതിൽ എഴുതപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ പല നാമങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
വെബ് അഡ്മിൻ പ്രസ്തുത സ്ഥലം സന്ദർശിച്ച സമയം എടുത്ത ചിത്രം (ആഗസ്റ്റ് 2021)

സാഹിബ് മേരാ ഏകോ ഹെ എകോഹെ ഭായി ഏകൊഹെ (പേജ് 45)
എന്റെ ദൈവം ഏകനാണ്. അല്ലയോ സഹോദരാ, അവന്‍ഏകന്‍ തന്നെയാണ്. (ശ്രീ ഗുരൂഗ്രന്ഥ് സാഹിബ് മഹല്ലഃ പേജ് 350)

പ്രാര്‍ഥനയും ഗുരൂനാനക്കും

ബര്‍ഥീ കദേ നഃ ഹൊവയീ ജിന്‍കി ഇര്‍ദാസ് (പേജ് 57)

അല്ലാഹു നല്ലവരായ തന്റെ ദാസന്മാരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. തന്റെ ദാസന്മാ[1]രുടെ ഒരു പ്രാര്‍ഥനയും പാഴാക്കിക്കളയുകയില്ല. (ഗുരൂഗ്രന്ഥ് സാഹിബ് ബലാവല്‍ മഹല്ലഃ പേജ് 819)

കന്‍ഠ് ലായേ ഓഗണ്
സബ് മിട്ടേ ദയാല് പൂരഖ്
ബഖ്ശന്‍ദ് ജോ മാന്‍കെ ഠാക്കര്‍
അപ്‌നെ തെ സൂയിസൂയി ദേവേ

അല്ലാഹു തന്റെ ദാസന്മാരെ എപ്പോഴും സംരക്ഷിക്കുന്നു.
അവരെ തന്റെ നെഞ്ചോടു ചേര്‍ത്ത് അവരുടെ പാപങ്ങളും പൊറുത്തു കൊടുക്കുന്നു.
കാരണം അവന്‍ പൊറുക്കുന്നവനാണ്.
അവന്റെ ദാസരും മറ്റുളളവരുടെ മുമ്പില്‍ കൈനീട്ടുന്നതിനു പകരം അവനോടു ചോദിക്കേണ്ടതാണ്.
അവന്‍ അവര്‍ക്ക് കൊടുക്കുന്നു.
നിരാശരാക്കി തിരിച്ചയക്കുകയില്ല.

മലക്കുകളും ഗുരുനാനക്കും

ഇസ്‌ലാം കാര്യത്തില്‍ രണ്ടാമത്തേത് മലക്കുകളിലുളള വിശ്വാസമാണ്. മലക്കുകളില്‍ വിശ്വസിക്കേണ്ടത് ഓരോ മുസല്‍മാനും നിര്‍ബന്ധമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം വ്യക്തമായും പറഞ്ഞിട്ടുണ്ട്. മലക്കുകളെ നിഷേധിക്കുന്നവന്‍ അല്ലാഹുവിന്റെ ശത്രുവാണ്. അല്ലാഹു അത്തരം വ്യക്തികളെ തന്റെ സുഹൃത്തുക്കള്‍ ആക്കുകയില്ല. മലക്കുകള്‍ അല്ലാഹുവിന്റെ ജ്യോതിര്‍മയ സൃഷ്ടികളാണ്. ഭൗതിക കണ്ണുകള്‍ക്ക് അവരെ കാണാന്‍ കഴിയില്ല.

ഗുരൂനാ നക്ക്ജി പറഞ്ഞു:

സ്വബ്‌റ് സ്വബൂരീ സ്വാദിഖാന്‍ തോശഃ മലായിക്കാന്‍

മലക്കുകളുടെ പാഥേയം ക്ഷമയാകുന്നു. അവര്‍ക്ക് അശന പാനീയങ്ങളുടെ ആവശ്യമില്ല. (ഗുരൂഗ്രന്ഥ് സ്വാഹിബ് ശ്രീ രാഗ് മഹല്ല 1 പേജ് 82)

സുനോ സയ്യിദ് കരീംദീന്‍
ജാനോ സഛ്‌നാ ഹെനൂറോം
ഛാര്‍ ഫരിശ്‌തെ
ഛാര്‍ കുതേബ് ഗവാ ഹെ

ഏയ് സയ്യിദ് കരീംദീന്‍!
നിങ്ങള്‍ സത്യം അറിയുന്നവരല്ല.
അല്ലാഹു നാലുമലക്കുകളെ സൃഷ്ടിച്ചുവെന്നതിന്
നാലു ഗ്രന്ഥങ്ങളും സാക്ഷിയാണ്.

(ജനംസാഖി ഭായിബാലാ പേജ് 169)

ഇസ്‌റാഫീല്‍ ജിബ്‌റായീല്‍ മീക്കായീല്‍ പച്ഛാന്
അസ്‌റായീല്‍ ഫരീശതഃ ഛാര് മോക്കല് ജാന്
ചാരോം വാരിഥ് തഖ്ത് ദേ ഹുക്മീ ബന്‍ദേ ഛാര്‍
സാദാ ഹുസൂരി തെസ് രഹീന് ജോഥിയോവെ അവ്താര്‍.

ഇസ്‌റാഫീല്‍, ജിബ്‌റായീല്‍, മീക്കായീല്‍, ഇസ്‌റാഫീല്‍ എന്നിങ്ങനെ നാല് മലക്കുകളുണ്ട്.
ഇവരെ മുവക്കല്‍ എന്നു പറയുന്നു.
അതായത് പ്രത്യേക കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തപ്പെട്ടവര്‍.
ഈ നാലുപേരും തന്നെയാണ് അല്ലാഹുവിന്റെ സിംഹാസനത്തിന്റെ അവകാശികള്‍.
അവര്‍ അല്ലാഹുവിന്റ കല്പനകള്‍ ശിരസാ വഹിക്കുന്നു.
അതു ധിക്കരിക്കാനുളള കഴിവ് അവര്‍ക്കില്ല.
അവര്‍ എപ്പോഴും നബിമാര്‍ക്കും റസൂല്‍മാര്‍ക്കും സേവനം ചെയ്തുകൊണ്ടിരിക്കുന്നു.

(ജനംസാഖി ഭായിബാലാ പേജ് 241)

ശയ്ത്വാനും ഗുരൂനാനക്കും

മനുഷ്യന്‍ നന്മ ചെയ്യുമ്പോള്‍ അവിടെ അവനില്‍ നിന്ന് ചിലപ്പോള്‍ തിന്മയും ഉണ്ടാകും. ഇസ്ലാമിക പാഠമനുസരിച്ച് തിന്മയുടെ ഉറവിടം ശയ്ത്വാനാണ്.
തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അവനാണ്. അവനെക്കുറിച്ച് ഗുരുജി പറയുന്നു:

അവ്വല്‍ ദുശ്മന്‍ നഫ്‌സ് ഹെ ദൂജാഹെ ശയ്ത്വാന്‍

മനുഷ്യന്റെ ആദ്യത്തെ ശത്രു അവന്റെ ശരീരേച്ഛയാണ്. രണ്ടാമത്തേത് ശയ്ത്വാനും.

(ജനംസാഖി ഭായിബാലാ പേജ് 147)

ഗുസ്സ്വഃ ഹുവേ ജത് ഖാദിയാന് ശഹ് വത് മനീ ഹറാമ്
ഖൂദീ തകബ്ബുറ് ശയ്ത്വാന്ഗീ കരേ ഇബ്‌ലീസ് കാമ്

ചില ഭക്ഷണ പദാര്‍ഥങ്ങളുണ്ട്. അവ കഴിക്കുന്ന കാരണത്താല്‍ മനുഷ്യനില്‍ കോപം ഉണ്ടാകുന്നു.
അവന്റെ കാമ വികാരങ്ങള്‍ ജ്വലിച്ചുയരുന്നു.
ഇതിന്റെ ഫലമായി ശയ്ത്വാന്‍ അഥവാ ഇബ്‌ലീസിന്റെ പണിയെടുക്കാന്‍ തുടങ്ങുന്നു.

(ജനംസാഖി ഭായി ബാലാ പേജ് 1770)

ദൈവികഗ്രന്ഥങ്ങളും ഗുരുനാനക്കും

ഇസ്‌ലാമിലെ മൂന്നാമത്തെ കാര്യം അല്ലാഹുവിന്റെ ഗ്രന്ഥങ്ങളിലുളള വിശ്വാസമാണ്. അതിന്റെ അടിത്തറ പരിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളാണ്. ഇക്കാര്യം വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും വ്യക്തമായും പറഞ്ഞിരിക്കുന്നു. അല്ലാഹുവില്‍ നിന്ന് ലോകത്തിന്റെ ക്ഷേമത്തിനായി വിവിധ കാലങ്ങളില്‍ വിവിധ ഭാഷകളില്‍ ഗ്രന്ഥങ്ങള്‍ ഇറക്കപ്പെട്ടിട്ടുണ്ട്. ഈമാനിന്റെ പൂര്‍ത്തീകരണത്തിന് അവയില്‍ വിശ്വസിക്കേണ്ടത് അനിവാര്യമാണ്. എന്നല്ല ചില ഗ്രന്ഥങ്ങളുടെ പേരും അതില്‍ കൊടുത്തിട്ടുണ്ട്. തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍, ഇബ്‌റാഹീമിന്റെ ഏടുകള്‍.

ഗുരൂജി പറയുന്നു:

ദേഖ് തൗറേത് ഇഞ്ചീലിനൂ സബൂറെ ഫുര്‍ഖാന്‌
ഈഹോ ചാര്‍ കുതേബ് ഹൈ പഢ് കെ ദേഖ് ഖുര്‍ആന്

നാലു ഗ്രന്ഥങ്ങളും അല്ലാഹുവില്‍ നിന്നിറങ്ങിയതാണ്.
ഈ നാലു ഗ്രന്ഥങ്ങളുടേയും പേര് വിശുദ്ധ ഖുര്‍ആനില്‍ രേഖപ്പെടൂത്തിയിരിക്കുന്നു.
തൗറാത്ത്
, സബൂര്‍, ഇഞ്ചീല്‍, ഫുര്‍ഖാന്‍ അതായത് ഖുര്‍ആന്‍.

(ജനംസാഖി ഭായിബാലാ 1890 പേജ് 176)

ഖുര്‍ആനും ഗുരുജീയും

ഘാവന് ഖസം ഖുര്‍ആന്‍ ദി കാരണ് ദനീ ഹറാമ്
ആതിശ് അന്‍ദര്‍ സാഡേന് ആഘേ നബി കലാമ്

ഭൗതികോദ്ദേശ്യത്തിനും ആവശ്യത്തിനുമായി ഖുര്‍ആനെ പിടിച്ച് സത്യം ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്.
അത് അടിമുടി നിയമവിരുദ്ധമാണ്. അത്തരക്കാരെ മരണശേഷം നരകത്തില്‍ കത്തിക്കുന്നതാണ്.
ഇതു അല്ലാഹുവിന്റെ പരിശുദ്ധ പ്രവാചകന്റെ നിര്‍ദേശമാണ്.


പ്രവാചകന്മാരും ഗുരൂനാനക്കും

ജനങ്ങളെ നേരായ മാര്‍ഗത്തില്‍ നയിക്കുന്നതിനായി അല്ലാഹു നബിമാരെ അയക്കാന്‍ തുടങ്ങി. എല്ലാ ജനതയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. അവര്‍ തങ്ങളുടേതായ നിലയില്‍ ജനങ്ങളെ നേരായ മാര്‍ഗത്തില്‍ നയിച്ചു. അവരുടെ പ്രവര്‍ത്തന ഫലമായി പലരും ദൈവ സാമീപ്യം പ്രാപിച്ചു. ഹദീഥുകളില്‍ അവരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരമാണ്.

ഗുരൂജി പറയുന്നു:

സവാ ലാഘ് പേഗമ്പറ് ആയേ ദുന്‍യാ മാഹീ
ആപോ അപ്നീ നൗബത്തേം സഭോ ചലായെ റാഹെ

അല്ലാഹു ഈ ലോകത്ത് ഒന്നേകാല്‍ ലക്ഷം പ്രവാചകന്മാരെ അയച്ചു.
അവര്‍ അവരുടേതായ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കു നേരായ മാര്‍ഗത്തിന്റെ മേല്‍വിലാസം നല്കി.
അല്ലാഹുവിന്റെ അടുക്കല്‍ ചെന്നെത്തുന്നവരുമാക്കി.
(ജനംസാഖി ഭായിബാലാ പേജ് 143)

നബി(സ)യും ഗുരുനാനക്കും : ഗുരൂനാനക്ക്ജി ഹദ്‌റത്ത് നബി (സ) തിരുമേനിയെ അല്ലാഹുവിന്റെ നബിയും ഖാത്തമുല്‍മുര്‍സലീനുമായി വിശ്വസിച്ചിരുന്നു. ഗുരൂജീ പരിശുദ്ധ മക്കയില്‍വെച്ച് അല്ലാഹുവിനോടായിപ്പറഞ്ഞു:

“സത്യവാനായിട്ടുള്ളവനേ! ഇതിനു മുമ്പേ നീ ഖാത്തമുല്‍ മുര്‍സലീന്‍ മുഹമ്മദു മുസ്തഫായെ ലോകത്ത് അയച്ചു“ (ജനംസാഖി ഭായിബാലാ ഉര്‍ദു പതിപ്പ് 1922 പേജ് 151)

സ്വലാത്തും ഗുരൂജീയും

പീര്‍ പേഗംബറ് സാലിക് സ്വാദിഖ് ശുഹദേ ഔര്‍ ശഹീദ്
ശേയ്ഖ് മശായിഖ് ഖാസി മുല്ലാ ദര്‍ ദര്‍വേശ് റശീദ്
ബര്‍ക്കത് തന്കര്‍ അഗലീ പഢ്‌ദേ രഹന് ദുറൂദ്

ഇതിനെ ഗുരൂനാനക്ക്ജീ തന്നെ വിശദീകരിക്കുന്നത് കാണുക:

“ഖാന്‍സാഹിബേ! കേട്ടാലും. പീര്‍മാരും അല്ലാഹുവിന്റെ റസൂല്‍മാരും നബിമാരും സ്വാലിഹീംകളും സ്വാദിഖുമാരും ശഹീദുമാരും ദര്‍വേശുമാരും അല്ലാഹുവിന്റെ മാന്യന്മാരും എത്രത്തോളമുണ്ടോ അവരെല്ലാവരും അല്ലാഹുവിനെ ദര്‍ശിച്ചു. പക്ഷേ, അവന്റെ പരമമായ അവസ്ഥ പ്രാപിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ആരാണോ അല്ലാഹുവിന്റെ സന്നിധിയില്‍ സ്വലാത്തു ചൊല്ലിക്കൊണ്ടിരിക്കുന്നത് അവര്‍ക്ക് അല്ലാഹുവില്‍ നിന്ന് ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. സ്വലാത്തു ചൊല്ലുന്ന കാരണത്താല്‍ അവരുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുന്നു.”

സ്വഹാബത്തും ഗുരൂജീയും

സുന്ന് പേഗംമ്പരെ മുസ്വത്വഫാ തസ്‌ദേ ചാരോം യാര്
മര്‍ഖത്വാബ് അബൂബക്കര്‍ ഉഥ്മാന്‍ അലീ വീചാറ്ചാറോം
യാറ് മുസല്‍മേം ചാര്‍ മുസ്വല്ലാ കീണ്പഞ്ചവാന്
നബിറസൂല് ഹെ ജിന് ഥാബിത് കീതാ ദീന്

(ജനംസാഖി ഭായിബാലാ പേജ് 146)

ഗുരൂജി ഈ പവിത്ര വചനങ്ങളില്‍ നബി (സ)യുടെ പ്രസിദ്ധരായ നാലു സ്വഹാബിമാരായ അബൂബക്കര്‍, ഉമര്‍, ഉഥ്മാന്‍, അലീ (റ)എന്നിവരെക്കുറിച്ച് പറഞ്ഞതിനുശേഷം പറയുന്നു:

“റസൂല്‍(സ) മുഖേന ദീന്‍ പൂര്‍ണമാക്കപ്പെട്ടിരിക്കുന്നു. ലോകത്തിന് തികവുറ്റതും ആഗോളതലത്തിലുളളതുമായ ഒരു മതം ലഭിച്ചു. ഇതിന്റെ കവാടം ഓരോ രാജ്യക്കാര്‍ക്കും സമുദായക്കാര്‍ക്കും എപ്പോഴും തുറന്നു കിടക്കുന്നു“.

ഖിയാമത്തും ഗുരുനാനക്കും

ഇസ്‌ലാമിലെ അഞ്ചാമത്തെ കാര്യം പുനരുത്ഥാനത്തിലുളള വിശ്വാസമാണ്. സകലതും നശിച്ചൊടുങ്ങുന്ന ഒരുകാലം വരുമെന്ന് വ്യക്തമായും പഠിപ്പിക്കുന്നു. അല്ലാഹു മാത്രമായിരിക്കും അവശേഷിക്കുക.

ഗുരൂജി ഈ ഇസ്‌ലാമിക വീക്ഷണത്തെ അംഗീകരിക്കുന്നു. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും നശ്വരമാണെന്നും ഗുരൂജി വിശ്വസിക്കുന്നു. സൂര്യനും ചന്ദ്രനും ലക്ഷക്കണക്കിന് നക്ഷത്രങ്ങളും ഇല്ലാതാകും. ഏകനായ അല്ലാഹു മാത്രം അവശേഷിക്കും.
(ശബ്ദാര്‍ഥ് ഗുരൂഗ്രന്ഥ് സാഹിബ് പേജ് 64)

കണക്കെടുപ്പും ഗുരൂജിയും

ഖിയാമത്തുന്നാളില്‍ വിശ്വസിക്കുന്നതിനോടൊപ്പം അല്ലാഹു ഓരോ വ്യക്തികളില്‍ നിന്നും അവരവരുടെ കര്‍മങ്ങളുടെ കണക്കെടുക്കുമെന്നുളളതുമാണ് ഇസ്‌ലാമിക വിശ്വാസം. അവന്റെ കര്‍മങ്ങള്‍ക്കനുസരിച്ച് തീരുമാനം കല്പിക്കും. ജഹന്നമിയാണോ ജന്നത്തിയാണോ എന്ന്.

ഗുരൂജീ പറയുന്നു:

ഹെ ഹയബത് തിത് ദിന്‍കി ജിസ്ദിന് അദല്‍കരേ
ബാബ് ഉസാഡേ റുക്‌ന് ദീന് കഹ്‌യാ ഹുക്കും കരേ.

അല്ലാഹു ജനങ്ങളില്‍ നിന്ന് അവരുടെ കര്‍മങ്ങളുടെ കണക്കെടുക്കുന്ന നാളിനെ നാം ഭയപ്പെടുന്നു.
അവരോട് നീതിയോടെ പെരുമാറും.

ഏയ് റുക്‌ന് ദീന്! ആ അഹ്കമുല്‍ഹാക്കിമീന്‍

എന്നെക്കുറിച്ച് എന്തായിരിക്കും വിധിക്കുക എന്നോര്‍ത്ത് എനിക്കു ഭയമുണ്ടാകുന്നു.

(ജനംസാഖി വലായത് വാലി പേജ്258, ജനംസാഖി ഭായിബാലാ പേജ് 232).

മഹാകവി അല്ലാമ ഇഖ്ബാല്‍ പറഞ്ഞു:

ഫിര്‍ ഉഠീ ആഖിര്‍ സ്വദാ തൗഹീദ് കി
പഞ്ചാബ് സെ
ഹിന്ദ് കൊ ഇക് മര്‍ദെകാമില്‍ നെ ജഗായാ
ഖ്വാബ് സെ

തൗഹീദിന്റെ ധ്വനി പിന്നീട് ഉയര്‍ന്നു
പഞ്ചാബില്‍നിന്ന്
,
തന്റെ ദര്‍ശനംകൊണ്ട് ഭാരത്തെ
 ഒരു സമ്പൂര്‍ണ പുരുഷന്‍ ഉണര്‍ത്തി.