ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ

മുസ്‌ലിം രാജ്യങ്ങളില്‍ കഴിയുന്ന അമുസ്‌ലിംകളായ പൗരന്മാരോട് മുസ്‌ലിം ഭരണകൂടം അനുവര്‍ത്തിക്കേണ്ട പ്രമാണിക സമീപനങ്ങളെക്കുറിച്ചും റസൂല്‍ തിരുമേനി(സ)യുടെയും ഖുലഫാ ഉര്‍റാശിദായുടെയും മാതൃകയെ സംബന്ധിച്ചുമുള്ള വിവരണം. “Minorities in an Islamic State“എന്ന ലഘു കൃതിയുടെ വിവര്‍ത്തനം.

മാലിക്ക് സൈഫുർറഹ്മാൻ, വിവ: കെ. വി. ഹസ്സന്‍ കോയ കോഴിക്കോട്.

സത്യദൂതൻ, മാർച്ച് 2019

ദൈവ പ്രചോദിതനായ പരിഷ്‌ക്കര്‍ത്താവ് എന്ന നിലയില്‍ വിശുദ്ധ നബി(സ)യുടെ വാദങ്ങള്‍ മക്കക്കാരില്‍ രോഷമുളവാക്കി. ഖുറൈശി മുഖ്യന്മാർ ഇസ്‌ലാമിനെ എതിര്‍ക്കാന്‍ തീരുമാനിച്ചു. പുതിയമതം അറേബ്യയില്‍ പടരുന്നത് ബിംബാരാധകര്‍ വെച്ചു പൊറുപ്പിക്കുമായിരുന്നില്ല. തുടക്കത്തില്‍ തന്നെ ഇസ്‌ലാമിനെ തകര്‍ക്കാന്‍ അവർ ദൃഢനിശ്ചയം ചെയ്തു. ഈ മഹാവിപത്ത് ഉന്മൂലനം ചെയ്യാനായി തങ്ങളാലാവുന്ന എല്ലാ മാര്‍ഗങ്ങളും അവര്‍ അവലംബിച്ചു.

മുസ്‌ലിംകള്‍ക്കെതിരായ ഖുറൈശികളുടെ ഈ സംരംഭത്തില്‍ പൊതുജനങ്ങളും പങ്കുചേര്‍ന്നു മുസ്‌ലിംകള്‍ക്ക് യാതനകളുടെയും പരീക്ഷണങ്ങളുടേയും കാലഘട്ടം ആരംഭിച്ചു. അവരുടെ ജീവിതവും സ്വത്തും അഭിമാനവും എല്ലാം നിരന്തമായ ഭീഷണിക്കു വിധേയമായി.

മുസ്‌ലിംകള്‍ മര്‍ദിക്കപ്പെടുകയും ബഹിഷ്‌ക്കരിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്തു. ഓരോ മുസ്‌ലിം പൗരനും സാധാരണ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. തങ്ങളുടെ മതം പ്രബോധിക്കാനും അതിനെ പരസ്യമായി സ്തുതിക്കാന്‍ പോലും അവര്‍ക്ക് അസാദ്ധ്യമായിരുന്നു. ഇസ്‌ലാം സ്വീകരിക്കപ്പെടുകയും അതിനെ പുകഴ്ത്തുകയും ചെയ്കയെന്നാല്‍ അതിന്റെ അര്‍ഥം മരണം വരിക്കുകയെന്നതായിരുന്നു.

റസൂല്‍ തിരുമേനി(സ)യുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അദ്ദേഹം അപമാനിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്തു. ഏത് വിധത്തിലാണ് മക്കക്കാർ അദ്ദേഹത്തോട് പെരുമാറിയതെന്നതിന് ഉദാഹരണമായി ഹദ്‌റത്ത് ആയിശ (റ), തിരുനബി (സ)യുടെ പത്‌നി നിവേദനം ചെയ്ത ഹദീസ് ഇപ്രകാരമാണ്.

ഈ ദുരിതങ്ങളെ പരാമര്‍ശിച്ചു കൊണ്ട് നബി (സ)തിരുമേനി ഒരിക്കല്‍ പറഞ്ഞു.

അബൂലഹബും ഉത്‌ബയും എന്റെ അയല്‍വാസികളായിരുന്നു. അവരുടെ പദ്ധതിയും ആസൂത്രണങ്ങളും കാരണമായി ഞാന്‍ എല്ലാഭാഗത്ത് നിന്നും വലയം ചെയ്യപ്പെട്ടു. എന്റെ ജീവിതം ദുര്‍ഭരമാക്കാന്‍ അമേധ്യത്തിന്റെ കൂമ്പാരം എന്റെവാതില്‍ പടിക്കല്‍ നിക്ഷേപിച്ചിരുന്നു. പുറത്തേക്ക് വരുമ്പോള്‍ ഞാന്‍ഈ മാലിന്യം നീക്കുകയും ഞാനിപ്രകാരം പറയുകയും ചെയ്യുമായിരുന്നു. അബ്ദുൽ മനാഫിന്റെ പുത്രന്മാരെ എന്തിനാണിങ്ങനെ ചെയ്യുന്നത്? ഇങ്ങനെയാണോ അയല്‍വാസികളോടുള്ള കടമ നിങ്ങള്‍ നിര്‍വഹിക്കുന്നത്.

മേല്‍ പറഞ്ഞ ഹദീസിൽ നിന്ന് വ്യക്തമാകുന്നത് പ്രകാരം ഇസ്‌ലാം സ്വീകരിക്കുന്നതില്‍ നിന്ന് തടയാന്‍ ഖുറൈശികള്‍ ചെയ്യാത്ത ഒരു ഹീന കൃത്യവുമില്ലായിരുന്നു. സഹോദര മതങ്ങളില്‍ നിന്ന് ആളുകള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് കണ്ട ശത്രുക്കള്‍ പുതിയ മതത്തെ ഉന്മൂലനം ചെയ്യുവാന്‍ ദൃഢനിശ്ചയം ചെയ്തു.

മക്കാനിവാസികളില്‍ നിഷ്‌ക്കളങ്കരായ അവരുടെ ഭക്തനായ നേതാവിനോട് കാണിച്ച വെറുപ്പിന്റെ തീവ്രത വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. മുസ്‌ലിംകള്‍ക്ക് നേരെ മക്കക്കാരുടെ മോശപ്പെട്ട പെരുമാറ്റവും മുസ്‌ലിംകള്‍ക്ക് നേരെ അവര്‍ കാണിച്ച ഹീനമായ രീതിയും മക്കാ വിട്ടുപോയി വേറെയെവിടെയെങ്കിലും അഭയം തേടാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിതരാക്കി.

മര്‍ദനത്തിന്റെ ഫലം

മര്‍ദിതരായ മുസ്‌ലിംകള്‍ മക്കയില്‍ നിന്ന് 200 നാഴിക അകലെയുള്ള യത്തിരിബിലേക്ക് പോയി. അവിടെ നബി തിരുമേനി(സ)ക്ക് ചില അനുയായികള്‍ ഉണ്ടായിരുന്നു. പക്ഷേ പലായനം പോലും മക്കാക്കാരുടെ കോപം ശമിപ്പിച്ചില്ല. പകരം അവര്‍ അങ്ങേയറ്റം കാഠിന്യം കാണിക്കുകയും എതിര്‍പ്പ് അക്രമാസക്തമാക്കുകയുമാണ് ചെയ്തത്.

അവര്‍ മുസ്‌ലിംകളെ സമാധാനത്തിലും സുരക്ഷയിലും ജീവിക്കാന്‍ അനുവദിക്കുമായിരുന്നില്ല. അവര്‍ അഭയാര്‍ഥികളെ പിന്തുടരാനും വധിക്കുവാനും പദ്ധതി ആസൂത്രണം ചെയ്തു. നിരവധി തവണ അവര്‍ ശക്തമായ ആയുധ സജ്ജരായി മുസ്‌ലിംകളെ ആക്രമിച്ചു. മുസ്ലിംങ്ങൾ അവരെ സധൈര്യം നേരിടുകയും അവരുടെ മുന്നേറ്റം തടയുകയും ചെയ്തു.

മക്കക്കാരെ അപേക്ഷിച്ച് നബി തിരുമേനി(സ)യുടെ അനുയായികളുടെ കുറഞ്ഞ എണ്ണം കണക്കിലെടുത്താല്‍ മുസ്‌ലിംകളുടെ ശ്രദ്ധേയമായ വിജയം ദൈവാനുഗ്രഹം മുഖേനയുള്ള ഒരത്ഭുതമായേ വിവരിക്കാനാവൂ. ഈ യുദ്ധങ്ങളെല്ലാം ചെയ്യപ്പെട്ടത് ആത്മരക്ഷാര്‍ഥമായിരുന്നു. നബി (സ) തിരുമേനി മക്കക്കാരോട് എന്നല്ല മറ്റു ശത്രുക്കളോടും ആത്മരക്ഷാര്‍ഥമല്ലാതെ യുദ്ധം ചെയ്തതായി ആര്‍ക്കും കാണിക്കാന്‍ സാധിക്കുന്നതല്ല. അദ്ദേഹം നിര്‍ബന്ധിതാവസ്ഥയിലാണ് യുദ്ധംചെയ്തത് എന്ന കാര്യം അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.

മുസ്‌ലിംകള്‍ ഒരിക്കലും ആദ്യമായി ശത്രുക്കളെ ആക്രമിച്ചിട്ടില്ല എന്നതും തങ്ങളുടെ ജീവരക്ഷാര്‍ഥമാണ് യുദ്ധം ചെയ്തത് എന്നത്‌ കൊണ്ടും സര്‍വ ശക്തനായ ദൈവത്തിന്റെ സഹായം കൊണ്ട് മാത്രമാണ് മുസ്‌ലിംകള്‍ വിജയം കൈവരിക്കുകയും ബലാല്‍ക്കാരമായി തങ്ങളെ പുറത്താക്കിയ പട്ടണത്തിലേക്ക് തിരിച്ചു വരികയും ചെയ്തത്.

പ്രവാചകന്റെ മഹത്വം

നബി (സ) തിരുമേനി സഹജീവികളായ മനുഷ്യരോട് കാണിച്ച സ്‌നേഹവും അദ്ദേഹത്തിന്റെ ഹൃദയ മൃദുലതയും താഴെ പറയുന്ന ഉദാഹരണത്തില്‍ നിന്ന് ഒരാള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

മക്കാ വിജയവേളയില്‍ തന്റെ മര്‍ദ്ദകരോട് പ്രതികാരം ചെയ്യാന്‍ അവസരം കൈവന്നപ്പോൾ ആ മഹാത്മാവ് അവര്‍ക്ക് പൊതുമാപ്പ് നല്‍കുകയാണ് ചെയ്തത്.

ഒരു സംഭവം ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മദീനയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് നബി തിരുമേനി(സ) കഅബയുടെ താക്കോല്‍സൂക്ഷിപ്പുകാരനായ ഉസ്മാനിബ്‌നു ത്വല്‍ഹായോട് ദൈവ ഗേഹത്തിന്റെ വാതില്‍ തുറന്ന് വെക്കാന്‍ പറയുകയുണ്ടായി. അങ്ങേയറ്റത്തെ അഹങ്കാരത്തോടെ ത്വല്‍ഹ ആ അപേക്ഷ നിരസിച്ചു.

അപ്പോൾ റസൂൽ തിരുമേനി (സ) പറഞ്ഞു: ഈ താക്കോലുകള്‍ ഒരു ദിനം എന്റെ കൈകളിലെത്തും. അപ്പോള്‍ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാൻ അത് നല്‍കുന്നതാണ്. വളരെ പുഛത്തോടെയും നിന്ദയോടെയും ഉസ്മാന്‍ ആര്‍ത്തു വിളിച്ചു: ആ ദിനം ഖുറൈശിന്റെ മക്കള്‍ അധികരമില്ലാത്തവരായി തീരുമോ?

മക്കാ പതനദിവസം നബി (സ)തിരുമേനി കഅബയില്‍ പോയി. ഉസ്മാനെ തന്റെയടുക്കലേക്ക് വിളിപ്പിച്ചു. ഭയം കൊണ്ട് വിറച്ച് ഉസ്മാന്‍ തിരുമുമ്പില്‍ ഹാജരായി. താന്‍ ഒരിക്കല്‍ പ്രവാചകനോട് എങ്ങനെയായിരുന്നു പെരുമാറിയതെന്ന് ഓര്‍ത്തു. ഉസ്മാന്റെ അനുചിതമായ പെരുമാറ്റം അവഗണിച്ചു കൊണ്ട് പ്രവാചകൻ ഉസ്മാന് മാപ്പ് നല്‍കി.

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്വരത്തില്‍ അയാളെ അഭിസംബോധന ചെയ്തു. ഉസ്മാന്‍ താങ്കള്‍ക്ക് മാപ്പു നല്‍കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ ഈ ദിനം പൊറുക്കലിന്റേതാണ് പ്രതികാരത്തിന്റെതല്ല. കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായി താങ്കള്‍ നിയമിക്കട്ടെിരിക്കുന്നു. താങ്കളില്‍ നിന്നും ഈ താക്കോല്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തട്ടിപ്പറിക്കാരനായി കണക്കാക്കപ്പെടും.

മക്ക കീഴടക്കിയത് ഇങ്ങനെയുള്ള ആളായിരുന്നു. ആ ദിവസം തനിക്ക് പരിക്കേൽപ്പിച്ചവരോട് പ്രതികാരം ചെയ്യാനുള്ള അവകാശവും അധികാരവും അവിടുത്തേക്ക് ഉണ്ടായിരുന്നു. അഹങ്കാരികളായ മക്കക്കാര്‍ അന്ന് അവിടുത്തെ കാരുണ്യത്തിന്റെ കീഴിലായിരുന്നു. അവിടുന്ന് ഇച്ഛിക്കുന്നതെന്തും ചെയ്യാന്‍ അപ്പോള്‍ കഴിയുമായിരുന്നു. എന്നാല്‍ അവിടുന്ന് അവര്‍ക്കെല്ലാം പൊറുത്തു കൊടുക്കുകയാണുണ്ടായത് !!

എത്രമാത്രം മാന്യമായാണ് തന്റെ കൊടും ശത്രുക്കളോട് പോലും അവിടുന്ന് പെരുമാറിയത്. അത് അദ്ദേഹത്തിന്റെ ആദ്യകാല ശത്രുക്കളില്‍ നിരവധിയാളുകളുടെ പരിവര്‍ത്തനത്തിന് കാരണമായി. എന്നിട്ടും ചില ഗോത്രക്കാര്‍ അവിടുത്തെ പ്രജകളായിരുന്നിട്ടും തങ്ങളുടെ പഴയ മതത്തോട് വിശ്വസ്തത പുലര്‍ത്താനാണ് ഇഷ്ടട്ടപ്പെട്ടത്.

ദിമ്മിയ്യത്ത് വ്യവസ്ഥ

റസൂല്‍ തിരുമേനി (സ)യോട് മക്കക്കാര്‍ കാണിച്ച അനുചിതവും ക്രൂരവുമായ പെരുമാറ്റത്തിന് കാരണം കണ്ടെത്താന്‍ ശ്രമിച്ചാല്‍ നമുക്ക് യുക്തിപരമായ ഒരു ഒഴിവ് കഴിവ് കണ്ടെത്താന്‍ കഴിയാതെ വരും. എന്തെന്നാല്‍ റസൂല്‍ തിരുമേനി ശാന്തനും സമാധാന സ്‌നേഹിയുമായ ഒരു പൗരനായിരുന്നു. പ്രവാചക ദൗത്യം ഏല്‍ക്കുന്നതിന് മുമ്പേ തന്നെ അദ്ദേഹം ദാന ധര്‍മങ്ങളും നിസ്വാര്‍ഥ സേവനങ്ങളും മൂലം അറിയപ്പെട്ടിരുന്നു. പിന്നീട് ശത്രുക്കളായി മാറിയവര്‍ പോലും അദ്ദേഹത്തെ അമീനും സ്വാദിഖും (വിശ്വസ്തനും സത്യസന്ധനുമായാണ്) ഗണിച്ചിരുന്നത്.

സത്യസന്ധതക്കും ഉദ്ഗ്രഥനത്തിനും ധാര്‍മികമായ ആര്‍ജവത്തിനും സാമൂഹികവും രാഷ്ട്രീയവുമായി പ്രാധാന്യമുള്ള പ്രവര്‍ത്തികളിൽ ഭാഗഭാക്കാകുന്നതിനും അദ്ദേഹം പ്രസിദ്ധനായിരുന്നു. അദ്ദേഹം ജനങ്ങളെ ഏകദൈവാരാധനയിലേക്ക് വിളിച്ചു. തിന്മകളുടെ വഴികള്‍ ഉപേക്ഷിക്കാനും നീതിയോടെയും ഉന്നത ധാര്‍മിക മാനദണ്ഡമനുസരിച്ച് ജീവിതം നയിക്കാനും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. ആവശ്യക്കാരെയും ദരിദ്രരേയും സഹായിക്കാനും അദ്ദേഹം ഉപദേശിച്ചു.

ഇവയിലൊന്നും മക്കക്കാരുടെ കോപം ജ്വലിപ്പിക്കാനുള്ള ഒന്നുമുണ്ടായിരുന്നില്ല.പ്രവാചകൻ(സ)ന്റേത് സമാധാനപരമായ മനോഭാവവും യുക്തിപരമായ അദ്ധ്യാപനങ്ങളായിരുന്നിട്ടു കൂടിയും മക്കക്കാര്‍ അദ്ദേഹത്തെ സമാധാനപരമായി ജീവിക്കാന്‍ അനുവദിച്ചില്ല. ഇസ്‌ലാം ആചരിക്കുന്നതില്‍ നിന്ന് മുസ്‌ലിംകളെ പിന്തിരിപ്പിക്കാന്‍ മക്കക്കാര്‍ കാടത്തപരമായ ചെയ്തികൾ പ്രയോഗിച്ചു.

തങ്ങളുടെ വിശ്വാസം കൈക്കൊള്ളാനും ആചരിക്കാനുമുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെട്ടു. ഇപ്പോൾ മുസ്‌ലിംകള്‍ അധികാരത്തിലേറിയതിനാല്‍ പുതിയ ഭരണത്തിന് കീഴില്‍ തങ്ങളുടെ ഭാവിയെന്തായിരിക്കുമെന്ന കാര്യത്തില്‍ അമുസ്‌ലിംകള്‍ സ്വാഭാവികമായും ഉത്കണ്ഠാകുലരായിരുന്നു.

തങ്ങള്‍ മുസ്‌ലിംകളുമായി യുദ്ധം ചെയ്ത മതപരമായ സ്വാതന്ത്ര്യത്തിന്റെ പേരിലായിരുന്നുവെന്ന് അവര്‍ക്കറിയാമായിരുന്നു. തങ്ങള്‍ക്ക് അധികാരമുപ്പോൾ തങ്ങള്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ നിഷേധിച്ചിരുന്നുവെന്നും അവര്‍ക്കറിയാമായിരുന്നു. മുസ്‌ലിം ഗവണ്‍മെന്റിന്റെ കീഴില്‍ തങ്ങളുടെ വിശ്വാസമാചരിക്കാന്‍ അവര്‍ അനുവദിക്കയില്ലെന്ന് അമുസ്‌ലിംകള്‍ ഭയപ്പെട്ടിരുന്നു.

പ്രശ്‌നം ഒന്നു തന്നെയായിരുന്നു. അധികാരത്തിന്റെ തുലാസ് മുസ്ലിംകള്‍ക്കനുകൂലമായി മാറിയെന്നുമാത്രം. എന്നാല്‍ പരിശുദ്ധ നബി(സ) അമുസ്‌ലിംകളോട് പറഞ്ഞത് താന്‍ ജയം നേടിയെങ്കിലും താനേതൊരു തത്വത്തിന് വേണ്ടിയാണോ പോരാടിയത് അത് താന്‍ ഉയര്‍ത്തിപ്പിടിക്കുമെന്നായിരുന്നു. ഓരോവ്യക്തിയുടെയും മതസ്വാതന്ത്ര്യാവകാശം സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാണെന്ന് മുസ്‌ലിംകള്‍ കരുതുന്നുവെന്ന് റസൂല്‍ തിരുമേനി(സ) പ്രഖ്യാപിച്ചു.

അവിടുള്ളവർ മുസ്‌ലിംകളും മുസ്‌ലിംകളുടെ ദിമ്മികളുമായിക്കുമെന്നും അല്ലാഹുവിനും അവന്റെ പ്രവാചകനും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അവരോട് പറഞ്ഞു. മുസ്‌ലിംകള്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും അദ്ദേഹം അമുസ്‌ലിംകള്‍ക്ക് നല്‍കി. അവരുടെ ജീവനും സ്വത്തും സംരക്ഷിതവും മുസ്‌ലിംകളുടേത് പോലെത്തന്നെ പവിത്രവും അലംഘനീയവുമാണ്.

‘ദമ്മ’ എന്നത് ഒരു അറബി പദമാണ്. അതില്‍ നിന്നാണ് ദിമ്മി എന്ന പദം നിഷ്പന്നമായത്. അതിന്റെ അര്‍ഥം എല്ലാവിധത്തിലുള്ള സംരക്ഷണവും രക്ഷയും അനുവദിക്കപ്പെട്ട ആള്‍ എന്നാണ്. മേല്‍ പറഞ്ഞതില്‍നിന്ന് വ്യക്തമാവുന്നത് ഇസ്‌ലാമിക നിയമപ്രകാരം അടിസ്ഥാനപരമായ മനുഷ്യാവകാശത്തെ സംബന്ധിച്ചിടത്തോളം മുസ്‌ലിമിനും അമുസ്‌ലിമിനും തുല്യമായ അവകാശങ്ങളാണ് ഉള്ളത്.

മുസ്‌ലിംകളുടേയും അമുസ്‌ലിംകളുടേയും അവകാശങ്ങള്‍ക്ക് തമ്മില്‍ ഒരു വിവേചനവും ഇല്ല. തിരുനബി (സ) അനുവദിച്ചിട്ടുള്ള ഈ സ്വാതന്ത്ര്യ പ്രമാണം ഹദ്‌റത്ത് അലി (റ) പ്രകടിപ്പിച്ചിട്ടുള്ളത് ഇപ്രകാരമാണ്. – ദിമ്മികള്‍ ജിസിയ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്. അതിന് കാരണം അവരുടെ ജീവനും സ്വത്തുക്കളും മുസ്‌ലിംകളുടെ ജീവനും സ്വത്തുക്കളും പോലെ സുരക്ഷിതരായി കരുതപ്പെടും എന്നതിനാലാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ മുസ്‌ലിംകളുടെയും ദിമ്മികളുടെയും അവകാശങ്ങള്‍ക്കിടയിൽ വിവേചനമില്ല.

ഹദ്‌റത്ത് ഉമറും ( റ) ജുര്‍ജാനിലെ നിവാസികളും തമ്മിൽ നിശ്ചയിച്ച ഉടമ്പടി താഴെ കാണുന്നത് പ്രകാരമാണ്.- ജുര്‍ജാനിലെ ജനതയുടെ സ്വത്തും ജീവനും സാമൂഹിക ജീവിതവും മതവും സംരക്ഷിക്കപെടുന്നതാ‍ണ്. അവരുടെ പദവിയില്‍ ഒരു മാറ്റവും വരുത്തുകയില്ല. ഒരു വിധത്തിലും അവരില്‍ കൈകടത്തുകയില്ല.

മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയിലുള്ള സമത്വം

നബി തിരുമേനി (സ) ദിമ്മികള്‍ക്ക് അഥവാ അമുസ്‌ലിംകള്‍ക്ക് സ്ഥിരമായി അനുവദിച്ച അവകാശങ്ങള്‍ നിര്‍വചിക്കുന്ന സ്വാതന്ത്ര്യ പ്രമാണത്തിലെ വ്യവസ്ഥകള്‍ നാം കണ്ടിട്ടുണ്ട്. ഇസ്‌ലാമിന് കീഴില്‍ അമുസ്‌ലിംകള്‍ക്ക് നീതി പൂര്‍വകമായ അവകാശമാണോ യഥാര്‍ഥത്തില്‍ നല്‍കിയിട്ടുള്ളത് എന്ന് നിശ്ചയിക്കാന്‍ മുസ്‌ലിംകള്‍ അനുവദിക്കുന്ന അവകാശങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

മുമ്പ് മുസ്‌ലിംകളുടെ ശത്രുക്കളായിരുന്ന, യുദ്ധം ചെയ്യുന്ന ഗോത്രങ്ങളെ പരാമര്‍ശിച്ചുകൊണ്ട് നബി (സ) തിരുമേനി പറഞ്ഞു:

സമാധാന പൂര്‍വം ജീവിക്കാനുള്ള എന്റെ അവകാശം നശിപ്പിക്കുകയും മതസ്വാതന്ത്ര്യത്തിന്റെ പവിത്രാവകാശം ലംഘിക്കുകയും ചെയ്തവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു.

ദൈവം ഏകനാണെന്ന കാര്യം സ്വീകരിക്കുകയും നമ്മുടെ രീതിയില്‍ അവനെ ആരാധിക്കുകയും നമ്മുടെ ഖിബ്‌ലയെ സ്വീകരിക്കുകയും നാം തയ്യാറാക്കിയ മാംസം ഭക്ഷിക്കുന്നതിനെ ആക്ഷേപിക്കാതിരിക്കുകയും മറ്റു വാക്കുകളില്‍ മുസ്‌ലിമാവാന്‍ സമ്മതിക്കുകയും നമുക്കെതിരില്‍ യുദ്ധം ചെയ്യുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ മുന്‍കാല ദുഷ്‌ചെയ്തികള്‍ മാപ്പാക്കപ്പെടും.

അല്ലാഹുവും അവന്റെ പ്രവാചകനും അവരുടെ സംരക്ഷണം സ്വയം ഏറ്റെടുത്തിരിക്കുന്നതിനാല്‍ ഭരണാധികാരം ഏറ്റെടുത്തിട്ടുള്ള മുസ്‌ലിംകളുടെ ബാധ്യതയാണ് തങ്ങളുടെ കര്‍ത്തവ്യം ചുറുചുറുക്കോടെ നിര്‍വഹിക്കുക എന്നത്. അവര്‍ ഒരിക്കലും അതിന്റെ പ്രാധാന്യത്തെ വില കുറച്ച്കാണരുത്.

നബി തിരുമേനി(സ)യുടെ അസന്ദിഗ്ദമായ ഈ പ്രസ്താവന വ്യക്തമായും കാണിക്കുന്നത് അദ്ദേഹം ദിമ്മി മുസ്‌ലിംകള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ യുദ്ധം ചെയ്ത് പിന്നീട് ഇസ്‌ലാം സ്വീകരിച്ച ഗോത്രങ്ങള്‍ക്ക് നല്‍കിയ അതേ അവകാശങ്ങള്‍ തന്നെയാണെന്നതാണ്.

ഈ അവകാശ സമത്വത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം സാമ്രാജ്യത്തിലെ അമുസ്‌ലിം പൗരന്മാരുടെ അവകാശങ്ങള്‍ മുസ്‌ലിം നിയമ വിദഗ്ധര്‍ താഴെപറയും വിധം നിര്‍വചിച്ചിട്ടുള്ളത്. അമുസ്‌ലിംകള്‍ മുസ്‌ലിം രാജ്യത്ത് ജീവിക്കാന്‍ തിരഞ്ഞെടുക്കുകയും അവിടുത്തെ നികുതികള്‍ അടക്കാന്‍ സമ്മതിക്കുകയും ചെയ്താല്‍ അവര്‍ക്ക് മുസ്‌ലിംകള്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും അനുവദിക്കപ്പെടുന്നതാണ്. അതേ പ്രകാരം മുസ്‌ലിംകൾ നിറവേറ്റുന്ന അതേ ബാദ്ധ്യതകള്‍ അവരും നിറവേറ്റേണ്ടതാണ്.

ദിമ്മി ബഹുമാന്യമായ പദവി

ചുരുക്കത്തില്‍ അമുസ്‌ലിംകള്‍ക്കായുള്ള സംരക്ഷണത്തിന്റെയും ഉത്തരവാദത്വത്തിന്റെയും പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം രാജ്യത്തിലെ അമുസ്‌ലിം പൗരന്മാർ ദിമ്മികള്‍ എന്ന് വിവരിക്കടെുന്നത്.

ചില അജ്ഞരായ മുല്ലമാരുടെ വ്യാഖ്യാനം കാരണം ഈ പ്രയോഗത്തിന് അപകടകരമായ അര്‍ഥവും വഹിക്കുന്നുണ്ടെന്നത് സത്യമാണ്. പക്ഷേ ആദ്യകാല ഇസ്‌ലാമിന്റെ മഹത്തായ ദിനങ്ങളില്‍ ദിമ്മി എന്ന പദം കൊണ്ട് അര്‍ഥമാക്കിയിരുന്നത് അമുസ്‌ലിം പൗരന്മാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കാനുള്ള മുസ്‌ലിംകളുടെ പവിത്രമായ ഉത്തരവാദിത്വമായിരുന്നു.

അതായത് അമുസ്‌ലിംകളായ പൗരന്മാര്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള പൂര്‍ണമായ അവസരമുണ്ടായിരിക്കണം. ചെറിയതോതില്‍ പോലും അവരുടെ സുരക്ഷക്ക് ഭീഷണിയോ അപകടമോ ഉണ്ടാവില്ല. ദിമ്മികള്‍ എന്ന പ്രയോഗം മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും അന്തസ്സിന്റെ ഉറവിടമായിരുന്നു. ദിമ്മി വ്യവസ്ഥകള്‍ ഒരു ഗവണ്‍മെന്റിന്റെ മഹത്വത്തിന്റെ രഹസ്യം ഉള്‍ക്കൊണ്ടിരുന്നു.

പൊതു ജനങ്ങള്‍ ജാതി മത വ്യത്യാസമന്യേ ഈ വിധം ഒരു മുസ്‌ലിം രാജ്യത്തിലെ പൗരന്മാകുന്നതില്‍ അഭിമാനം കൊണ്ടിരുന്നു. ഒരു ഘട്ടത്തിലും ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ പരിമിതപ്പെടുത്തുക എന്ന് അര്‍ഥമാക്കുകയോ ചെയ്തിട്ടില്ല.

വിശുദ്ധ നബി (സ)യുടെയും ഖലീഫമാരുടെയും കാലഘട്ടത്തില്‍ സമത്വത്തിന്റെ തത്വം അതിന്റെ ഉന്നതമായ അര്‍ഥത്തിൽ പാലിക്കപ്പെട്ടിരുന്നുവെന്നത് ലോകചരിത്രത്തിലെ ഒരു തുറന്ന അദ്ധ്യായമാണ്. മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മില്‍ സാമൂഹികമോ പൗരസംബന്ധിയോ ആയകാര്യങ്ങളില്‍ ഒരു വിവേചനവും ഉണ്ടായിരുന്നില്ല.

രാജ്യത്തിലെ ഓരോ ഉദ്യോഗസ്ഥനും അമുസ്‌ലിംപൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കപ്പെട്ടിരുന്നു .

അമുസ്‌ലിംകളുമായി റസൂല്‍ തിരുമേനിയുടെ (സ) യുടെ സാമൂഹികമായ ബന്ധങ്ങള്‍

ഇസ്‌ലാമിക രാജ്യത്തിലെ തലവനെന്ന നിലയിലാണ് നബിതിരുമേനി(സ) അമുസ്‌ലിംകളോട് പെരുമാറിയിരുന്നത്. കേവല സമത്വത്തിന്മേൽ ഉറച്ചനിലയിലായിരുന്നു ആ പെരുമാറ്റം. അവരുമായി നല്ല നിലയില്‍ വ്യാപാര-സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഠിനമായി ശ്രമിച്ചിരുന്നു.

അപ്രകാരം ഒരിക്കല്‍ നബി (സ) തിരുമേനി ഒരു ജൂതനോട് കുറച്ചു പണം കടം വാങ്ങിയിരുന്നു. അല്‍പം കാലം കഴിഞ്ഞാപ്പോള്‍ ആ ജൂതന്‍ പണം തിരിച്ചു വാങ്ങാന്‍ വന്നു. അയാൾ റസൂല്‍ തിരുമേനി(സ)യോട് പരുഷവും അപമാനകരവുമായ രീതിയില്‍ പെരുമാറുകയും നീചമായ ഭാഷ പ്രയോഗിക്കുകയും ചെയ്തു. ഇത് കാരണം തിരുസഖാക്കള്‍ കോപിഷ്ടരായി.

തിരുമേനി (സ) അവരെ സാത്വനപ്പെടുത്തികൊണ്ട് പറഞ്ഞു: ദയവ് ചെയ്ത് അയാളെ പറയാനനുവദിക്കുക. അയാള്‍ക്ക് പറയാനുള്ള അവകാശമുണ്ട്. എന്തെന്നാല്‍ അയാള്‍ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ഞാൻ കടപ്പെട്ടവനാണ് .അതിന് ശേഷം അയാളുടെ തുക അയാള്‍ക്ക് നല്‍കി. റസൂല്‍തിരുമേനി (സ)യില്‍ നിന്ന് ഇത്രയും നല്ല പെരുമാറ്റം അനുഭവപ്പെട്ടപോൾ ഒടുവില്‍ അയാള്‍ ഇസ്‌ലാം സ്വീകരിച്ചു.

ദിമ്മി ആയ ഖൈബറില്‍ നിന്നുള്ള ജൂതസ്ത്രീ ഒരിക്കല്‍ വിഷം ചേര്‍ത്ത് പൊരിച്ച് ഇറച്ചി നല്‍കിക്കൊണ്ട് തിരുമേനി(സ)യെ അപായപ്പെടുത്താന്‍ ശ്രമിച്ചു. അതു കണ്ടുപിടിക്കപെട്ടപ്പോൾ ആ സ്ത്രീക്ഷമാപണം ചെയ്തു. അവളെ ശിക്ഷിക്കുന്നതിന് പകരം റസൂല്‍ തിരുമേനി (സ) അവര്‍ക്ക് പൊറുത്തു കൊടുക്കുകയാണ് ചെയ്തത്.