മൗലാനാ അതാഉല്‍ മുജീബ് റാശിദ് (ഇമാം, ലണ്ടന്‍ മോസ്‌ക്)
പോളണ്ടിലെ ജനങ്ങള്‍ക്ക് ഇസ്‌ലാം മതത്തെ പരിചയപ്പെടുത്തിക്കൊണ്ട് വാഴ്‌സാ യൂണിവേഴ്‌സിറ്റിയില്‍ ലണ്ടന്‍ മോസ്‌ക് ഇമാം ചെയ്ത പ്രസംഗം – സത്യദൂതൻ -2010- നവമ്പർ
ഇസ്‌ലാമിനെ സംബന്ധിച്ച് രണ്ട് ധാരണകളാണുള്ളത്. ഒന്ന് ഇസ്‌ലാമിന്റെ സത്യസന്ധവും യഥാര്‍ത്ഥവുമായ അദ്ധ്യാപനങ്ങളില്‍ നിന്നുണ്ടായതാണ്. അതിനെപറ്റി ഞാന്‍ പിന്നീട് പ്രതിപാദിക്കാം. മറ്റൊന്ന് ഇക്കാലത്തെ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു മുഖം. ഈ വശത്തെറ്റിയാണ് ഞാന്‍ ഇപ്പോള്‍ പറയാനാഗ്രഹിക്കുന്നത്.
നിങ്ങള്‍ക്ക് ഇസ്‌ലാമിനെപ്പറ്റി ഭയമുണ്ടെങ്കില്‍ അത് നിരപരാധികളായ ആളുകളുടെ രക്തമൊഴുക്കുകയും ഭീകരതസൃഷ്ടിക്കുകയും ചാവേറാക്രമണം നടത്തുകയും ചെയ്യുന്ന ഇസ്‌ലാമിനെക്കുറിച്ചാണെന്ന് ഞാന്‍ ഊഹിക്കുന്നു. അല്ലെങ്കില്‍ മതസമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കുകയും ഭൂരിപക്ഷ മുസ്‌ലിം രാജ്യങ്ങളാല്‍ ശക്തി ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ശരീഅത്ത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇസ്‌ലാമിനെക്കുറിച്ചായിരിക്കും. അതുമല്ലെങ്കില്‍ ഇത്തരം ആക്രമണം നടത്തുകയും ഇത്തരത്തിലുള്ള വീക്ഷണം വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന മുസ്‌ലിം തീവ്രവാദികളെ സംബന്ധിച്ചായിരിക്കും. അതുമല്ലെങ്കില്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും സ്ത്രീകളോടും അമുസ്‌ലിംകളോടും നിര്‍ദയമായി പെരുമാറുകയും ചെയ്യുന്ന ഇസ്‌ലാമിനെക്കുറിച്ചായിരിക്കും.
ഇത്തരം ആശങ്കകളെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ ഇസ്‌ലാമിനെപ്പറ്റിയുള്ള ധാരണകള്‍ രൂപീകരിച്ചിരിക്കുന്നതെങ്കില്‍ ആ ഇസ്‌ലാം നിങ്ങളുടെ രാജ്യമായ പോളണ്ടിനും ഒരു ഭീഷണിയായിരിക്കും. തീര്‍ച്ചയായും നിങ്ങളുടെ ഭയാശങ്കകള്‍ക്ക് ന്യായീകരണമുണ്ട്. നിങ്ങള്‍ക്ക് മാത്രമല്ല ഞാനടക്കം ലോകത്തിലെ എല്ലാവര്‍ക്കും ഇത്തരം ഭയപ്പാടുകളെക്കുറിച്ച് സന്ദേഹപ്പെടാന്‍ അവകാശമുണ്ട്. ഞാന്‍ തന്നെ ഇത്തരം കിരാതമായ ഇസ്‌ലാമില്‍ നിന്ന് ഓടിയൊളിക്കാന്‍ ബദ്ധശ്രദ്ധനാണ്. എന്തായിരുന്നാലും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരാനാഗ്രഹിക്കുന്നത് ഇതെല്ലാം തന്നെ ഇസ്‌ലാമിന്റെ വികലമാക്കട്ടെ രൂപങ്ങളും ധാരണകളുമാണ് എന്നുള്ളതാണ്. അതിന് യഥാര്‍ത്ഥ ഇസ്‌ലാമുമായി യാതൊരുന്ധവുമില്ല.
മേല്‍ പ്രസ്താവിച്ച എല്ലാ അതിക്രമങ്ങളേയും ഇസ്‌ലാം അസന്നിഗ്ധമായി എതിര്‍ക്കുന്നു.വിശുദ്ധ ഖുര്‍ആനിലും ഇസ്ലാമിക പ്രമാണങ്ങളിലും, രേഖപ്പെടുത്തപ്പെട്ട റസൂല്‍ തിരുമേനി(സ) യുടെ കര്‍മ്മങ്ങളും, അദ്ദേഹത്തിന്റെ വചനങ്ങളുമാണ് യഥാര്‍ത്ഥ ഇസ്ലമിന്റെ അദ്ധ്യാപനങ്ങള്‍. അതിനു വിരുദ്ധമായതൊന്നും ഇസ്‌ലാമികമല്ല. അതുകൊണ്ട് നിങ്ങള്‍ യഥാര്‍ത്ഥ ഇസ്‌ലാം എന്താണെന്നും ഇസ്ലാമിനെ ദുരുപയോഗം ചെയ്യുന്നവരുടെ സ്വയംകൃത ഇസ്‌ലാമിക വീക്ഷണമെന്താണെന്നും തിരിച്ചറിയേണ്ടതുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇക്കാലത്ത് വലിയൊരു ജനവിഭാഗം ആളുകള്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്താണെന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.
ഇസ്‌ലാം ശാന്തിയുടെ തിളങ്ങുന്ന വൈഡൂര്യം പോലെയാണ്. ഏത് കോണില്‍ നിന്ന് നോക്കിയാലും അത് കേവലം സമാധാനമല്ലാതെമറ്റൊന്നും പ്രദാനം ചെയ്യുന്നില്ല. ശുദ്ധമായ ശാന്തിമാത്രം. ഇസ്‌ലാമിനെ എന്താണ് സമാധാനത്തിന്റെ മതമാക്കി മാറ്റുന്നത്. ചരിത്രം മുഴുവന്‍ പരതി നോക്കിയാലും ‘സമാധാനം’ എന്ന പേര്‍ സ്വീകരിച്ച ഒരു മതമായി ഇസ്‌ലാമിനെയല്ലാതെ കാണാന്‍ സാധ്യമല്ല. ആ പദത്തിന് ദൈവത്തിന്റെ ഇച്ഛക്ക് മുന്നില്‍ സമ്പൂര്‍ണ്ണമായും കീഴടങ്ങുക എന്നും അര്‍ത്ഥമുണ്ട്. ഇസ്‌ലാം മതം ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതിനെ അനുധാവനം ചെയ്യുകയും ചെയ്യുന്ന വ്യക്തിയെയാണ് മുസ്‌ലിം എന്ന് പറയുന്നത്.
ഒരു മുസ്‌ലിമിന് ഇസ്‌ലാം മതസ്ഥാപകരായ റസൂല്‍ തിരുമേനി(സ) നല്‍കിയ നിര്‍വ്വചനം ഇങ്ങനെയാണ്.
“ഏതൊരു വ്യക്തിയുടെ നാവില്‍ നിന്നും കരങ്ങളില്‍ നിന്നും മറ്റെല്ലാവരും സുരക്ഷിതരായിരിക്കുന്നുവോ ആ വ്യക്തിയാണ് മുസ്‌ലിം” (സുനന്‍ നസായി വോ.8 കിതാബുല്‍ ഈമാന്‍).
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇക്കാലത്ത് ഇസ്‌ലാം ഭീകരതയുടേയും രക്തച്ചൊരിച്ചിലിന്റെയും പര്യായമായി മാറിയിരിക്കുന്നു. ജനതകള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന മതമാണ് ഇസ്‌ലാം എന്ന് ഒരു വലിയ വിഭാഗം ജനങ്ങള്‍ കരുതുന്നു. വസ്തുതയെന്താണെന്ന് വെച്ചാല്‍ ഇസ്‌ലാം മതം സമാധാനത്തിന്റെ ഏറ്റവും മഹത്വമാര്‍ന്ന മതവും മുഹമ്മദ് നബി(സ) സമാധാനത്തിന്റെ ഏറ്റവും വലിയ പുരസ്‌കര്‍ത്താവും മനുഷ്യസമുദായത്തിന് ശാന്തിയുടെ സന്ദേശമരുളിയ ഏറ്റവും വലിയ സന്ദേശവാഹകനുമാണ്.
ഈ വിഷയങ്ങളെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ എന്താണ് പറയുന്നതെന്ന് നോക്കാം. വിശ്വാസ സ്വാതന്ത്ര്യം വിശുദ്ധ ഖുര്‍ആന്റെ, വളരെ ശക്തമായ ഒരു പ്രസ്താവന ഇപ്രകാരമാണ്.
“മതത്തില്‍ യാതൊരുവിധ ബലാല്‍ക്കാരുവമില്ല “(2:257).
എല്ലാവര്‍ക്കും അവരുടെ വിശ്വാസം സ്വയേച്ഛ പ്രകാരം തിരെഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. ഭൂമിയില്‍ ഒരാള്‍ക്കും തന്നെ മറ്റൊരുവന്റെ വിശ്വാസകാര്യത്തില്‍ കൈകടത്താനോ, ഇസ്‌ലാം മതം നിര്‍ബന്ധിച്ചു സ്വീകരിപ്പിക്കാനോ യാതൊരവകാശവുമില്ല. വിശ്വാസ സ്വാതന്ത്ര്യം എല്ലാ മനുഷ്യരുടേയും മൗലികാവകാശമാണ്. ഓരോ ആള്‍ക്കും അവര്‍ തിരഞ്ഞെടുക്കുന്ന മതത്തില്‍ വിശ്വസിക്കാന്‍ പൂര്‍ണ അധികാരമുണ്ട്.
ഖുര്‍ആന്‍ പറയുന്നു:
“പറയുക, ഇത് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണ്. അതുകൊണ്ട് ഏതൊരാള്‍ ഉദ്ദേശിക്കുന്നുവോ അവന്‍ വിശ്വസിക്കട്ടെ. ഏതൊരാള്‍ ഉദ്ദേശിക്കുന്നുവോ അവര്‍ അവിശ്വസിക്കുകയും ചെയ്യട്ടെ.” (18:30)
ഇസ്‌ലാം വ്യക്തമായ ഒരുസത്യമാണ്. ഏതൊരാളെയും അയാളുടെ വിശ്വാസത്തിനുസരിച്ച് ജീവിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. സ്വീകരിച്ച വിശ്വാസം ഉപേക്ഷിക്കാനും അയാള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. വിശ്വാസകാര്യത്തില്‍ യാതൊരു നിര്‍ബന്ധവും പാടില്ല. ഒരാളുടെ വിശ്വാസത്തെ നിര്‍ബന്ധപൂര്‍വ്വം മാറ്റി ഇസ്‌ലാമിന്റെ പക്ഷത്തേക്ക് കൊണ്ടുവരല്‍ ഇസ്‌ലാമില്‍ അനുവദനീയമല്ല.
മതപരിത്യാഗത്തിനുള്ള ശിക്ഷ
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ചില മുസ്‌ലിംകള്‍ മതം ഉപേക്ഷിക്കുന്നവനെ വധിച്ചുകളയണമെന്ന് പറയുന്നു: എന്നാല്‍ വാസ്തവം നേരെ മറിച്ചാണ്. ഖുര്‍ആന്‍ എവിടെയും മതപരിത്യാഗിയെ വധിക്കാന്‍ പറയുന്നില്ല. ഖുര്‍ആന്‍ പറയുന്നു:
“വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും പിന്നെയും വിശ്വസിക്കുകയും അവിശ്വസിക്കുകയും പിന്നീട് അവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തവരാരോ അല്ലാഹു അവര്‍ക്ക് ഒരിക്കലും പൊറുത്തുകൊടുക്കുകയില്ല. അവര്‍ക്ക് അവന്‍ മോക്ഷമാര്‍ഗ്ഗം കാണിച്ചുകൊടുക്കുകയുമില്ല.” (4:138)
മതം ഉപേക്ഷിച്ചുപോയവന് വധക്രിയയാണ് ശിക്ഷയെങ്കില്‍ അയാള്‍ക്ക് പിന്നെ രണ്ടാമതും എങ്ങനെയാണ് ഇസ്‌ലാമിലേക്ക് തിരിച്ചുവരാന്‍ കഴിയുക? ചില കാരണങ്ങളാല്‍ ഒരാള്‍ മതം ഉപേക്ഷിച്ചുപോകുകയാണെങ്കില്‍ അയാൾ ആഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായും തിരിച്ചുവരാം. മതം വിട്ടുപോവാനും തിരികെ വരാനുമുള്ള അവസരം എല്ലായ്‌പ്പോഴുമുണ്ട്. യാതൊരു വിധ ഭൗതിക ശിക്ഷയും ഇക്കാര്യത്തിലില്ല. സമ്മര്‍ദ്ദമോ അധികാര ശക്തിയോ പ്രയോഗിക്കാന്‍ ആര്‍ക്കും അനുവാദമില്ല.
ഇസ്‌ലാം മതപ്രകാരം മതം എന്നത് തികച്ചും ഒരാളുടെ സ്വകാര്യമായ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇസ്‌ലാം മതത്തിന്റെ അധ്യാപനങ്ങളില്‍ ഒരാള്‍ പൂര്‍ണ്ണമായും സംതൃപ്തനാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് ഇസ്‌ലാം മതം സ്വീകരിക്കാവുന്നതാണ്. അയാള്‍ക്ക് ഇസ്‌ലാം മതത്തില്‍ പ്രവേശിക്കാന്‍ തൃപ്തിയില്ലെങ്കില്‍ അയാളില്‍ യാതൊരു വിധ സമ്മര്‍ദ്ദവും ചെലുത്താന്‍ പാടുള്ളതല്ല. ഇസ്‌ലാം മതം ആശ്ലേഷിച്ചതിന് ശേഷം ഒരാള്‍ ഇസ്‌ലാം മതം വിട്ടുപോവാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും അയാള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. സര്‍വ്വശക്തനായ ദൈവം ഇക്കാര്യത്തില്‍ പരലോകത്ത് വെച്ച് വിധി പറയും. പക്ഷേ, ഒരാള്‍ക്ക് ഇക്കാര്യത്തില്‍ ഇഹലോകത്ത് ശിക്ഷ നല്‍കാന്‍ അധികാരമില്ല.
മതനിന്ദക്കുള്ള ശിക്ഷ
നിരന്തരം ചോദിക്കപ്പെടുന്ന അടുത്ത ചോദ്യം ഇസ്‌ലാമിലെ മത നിന്ദയെ പറ്റിയുള്ളതാണ്. മതവിശ്വാസികളായ നിരവധി പേര്‍ പ്രത്യേകിച്ച് മുസ്ലിംകളില്‍പ്പെട്ട ധാരാളം പേര്‍ വിശ്വസിക്കുന്നത് മതനിന്ദക്കുള്ള ശിക്ഷ മരണശിക്ഷയാണെന്നാണ്. അത്തരത്തിലുള്ള വിശ്വാസം തികച്ചും തെറ്റാണ്. വിശുദ്ധ ഖുര്‍ആന്‍ ഒരിടത്തും മതനിന്ദക്കുള്ള ശിക്ഷ വധശിക്ഷയാണെന്ന് പറഞ്ഞിട്ടില്ല. വധശിക്ഷ പോയിട്ട് അതിനേക്കാള്‍ കുറഞ്ഞ ശിക്ഷ പോലും ഖുര്‍ആന്‍ പറഞ്ഞിട്ടില്ല.
വസ്തുതയെന്തെന്ന് വെച്ചാല്‍ ഈ കുറ്റത്തിന് യാതൊരു ഭൗതികശിക്ഷയുമില്ല. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം മതനിന്ദയെന്നത് അതിനീചമായ ഒരു കുറ്റകൃത്യമാണ്. പക്ഷേ അതിനുള്ള ശിക്ഷ പൂര്‍ണ്ണമായും അല്ലാഹുവിന്റെ കൈകളിലാണ്. അവന്‍ മതനിന്ദക്കാരനായ കുറ്റവാളിയെ ഈ ലോകത്ത് വെച്ച് ശിക്ഷിക്കാം അല്ലെങ്കില്‍ പരലോകത്ത് വെച്ച് ശിക്ഷിക്കാം. എല്ലാ മനുഷ്യരും ദൈവത്തോട് അവന്റെ ജീവിതത്തെ സംബന്ധിച്ച് മറുപടി പറയേണ്ടി വരുമെന്നിരിക്കെ ഒരു നാള്‍ ദൈവം മനുഷ്യന്റെ ജീവിതത്തിനുമേല്‍ വിധി പറയുന്നതാണ്. ഇത് സംബന്ധിച്ച് ഭൗതികലോകത്ത് ശിക്ഷ നല്‍കാന്‍ ദൈവം ആരെയും ചുമതലെടുത്തിയിട്ടില്ല.
മറ്റു മതങ്ങളുമായുള്ള ബന്ധം
മറ്റു മതവിശ്വാസികളോടുള്ള ഇസ്‌ലാമിന്റെ സമീപനമെന്താണ് എന്നതാണ് ചിലരുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം. ഇസ്‌ലാം അന്യമതസ്തരെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നുവോ? അതല്ല മറ്റുള്ളവരോട് അനുകമ്പയും കാരുണ്യവുമാണോ ഇസ്‌ലാമിന്റെ സമീപനം? ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഉചിതമായ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു.
“പറയുക, ഓ ഗ്രന്ഥാനുസാരികളേ! ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ തുല്യസമാനമായ ഒരുകാര്യത്തിലേക്ക്. അല്ലാഹുവല്ലാതെ നാം ആരേയും ആരാധിക്കുകയില്ലെന്നും അവനോട് യാതൊന്നിനേയും പങ്കുചേര്‍ക്കുകയില്ലെന്നും നമ്മളില്‍ ചിലര്‍ മറ്റു ചിലരെ അല്ലാഹുവിന് പുറമെ രക്ഷാധികാരികളാക്കുകയില്ലെന്നും (ഉള്ളതത്വത്തിലേക്ക് വരിക)” (3:65)
ഖുര്‍ആന്‍ മറ്റൊരിടത്ത് പ്രസ്താവിക്കുന്നു.
“നന്മയിലും ഭയഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്.” (5:3)
ഇവിടെ മതത്തെ സംബന്ധിച്ച് യാതൊരു പ്രതിപാദനവും ഇല്ല എന്ന കാര്യം ശ്രദ്ധേയമാണ്. നല്ല കാര്യത്തിനു വേണ്ടിയുള്ള ഏതൊരു ക്ഷണവും നിങ്ങള്‍ സ്വീകരിക്കണമെന്ന് ഖുര്‍ആന്‍ ഇവിടെ പറയുന്നു. അത് ജൂതനില്‍ നിന്നോ ക്രിസ്ത്യാനിയില്‍ നിന്നോ, ഹിന്ദുവില്‍നിന്നോ, ബൗദ്ധനില്‍ നിന്നോ, നിരീശ്വരവാദിയില്‍ നിന്നോ ആരില്‍ നിന്നായാലും ശരി. അത്തരം ആഹ്വാനങ്ങളോട് അതാരായിരുന്നാലും മുന്നോട്ട് വന്ന് ആത്മാര്‍ത്ഥമായി അവരുമായി സഹകരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്.
അവര്‍ ഏതൊന്നിന് വേണ്ടിയാണോ ക്ഷണിക്കപ്പെട്ടത് അത് മാത്രം നോക്കിയാല്‍ മതി. ആരാണ് ക്ഷണിച്ചതെന്ന് നോക്കേണ്ടതില്ല. മനുഷ്യരാശിക്കാകമാനം ഫലമെടുക്കാവുന്ന മറ്റൊരു സുവര്‍ണ്ണ തത്വം ഖുര്‍ആന്‍ പ്രതിപാദിക്കുന്നു. അതായത് എല്ലാ മനുഷ്യവ്യവഹാരങ്ങളും നീതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“വിശ്വസിച്ചവരേ, നിങ്ങള്‍ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരായി അല്ലാഹുവിന് വേണ്ടി നിലകൊള്ളുക. ഒരു സമുദായത്തിനോടുള്ള വിരോധം. അവരോട് നീതി പാലിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ! നിങ്ങള്‍ (എപ്പോഴും) നീതിപാലിക്കുക. അത് ദൈവഭക്തിയുമായി ഏറ്റവും അടുത്തതാണ്. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മമായി അറിവുള്ളവനാണ്.” (5:9)
ശത്രുക്കളോട് പോലും നീതിപൂര്‍വ്വം വര്‍ത്തിക്കാനാണ് ഇസ്‌ലാം അതിന്റെ അനുയായികളെ ഉദ്‌ബോധിപ്പിക്കുന്നത്. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു മതത്തിന് അന്യര്‍ക്ക് മേല്‍ അക്രമവും വിദ്വേഷവും പ്രചരിപ്പിക്കാന്‍ സാധിക്കുമോ?
നിയമവാഴ്ചയോടുള്ള വിധേയത്വം
ഒരു രാജ്യത്തെ നിയമത്തെ അനുസരിക്കുക എന്നത് ഒരു വിശ്വാസിയുടെ മതപരമായ കര്‍ത്തവ്യമാണെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. അല്ലാഹുവിനോടും പരിശുദ്ധ പ്രവാചകനോടും മാത്രം വിശ്വസ്തത കാട്ടാനല്ല ഖുര്‍ആന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത്. ഏതൊരു അധികാരസ്ഥരുടെ കീഴിലാണോ നിങ്ങള്‍ ജീവിക്കുന്നത് അവരോടും വിശ്വസ്തയും കൂറും കാട്ടണമെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു.
“വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിക്കുക. ദൂതനേയും നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥരേയും അനുസരിക്കുക” (4:60)
ഈയൊരു കര്‍ത്തവ്യ നിര്‍വ്വഹണത്തെപറ്റി അഹ്‌മദിയ്യാ ഖലീഫ ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് ഇപ്രകാരം വിശദീകരിക്കുന്നു:
“ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ തന്റെ രാജ്യത്തെ സഹ പൗരനെതിരെ വിദ്വേഷത്തിന്റെ ശബ്ദമുയര്‍ത്തില്ല. അപ്രകാരം ഭരണകര്‍ത്താക്കള്‍ക്കെതിരെയോ ഭരണകൂടത്തിനെതിരെയോ അയാൾ ശബ്ദമുയര്‍ത്തില്ല. ഇത് ഒരു യഥാര്‍ത്ഥ മുസല്‍മാന്റെ കര്‍ത്തവ്യമാണ്. അവന്‍ രാജ്യത്തോട് എപ്പോഴും കൂറുള്ളവനായിരിക്കുകയും അവന്‍ പൗരത്വമുള്ള രാജ്യത്തിലെ നിയമങ്ങള്‍ ആത്മാര്‍ത്ഥമായി അനുസരിക്കുകയും വേണം”
(മോര്‍ഡന്‍ സര്‍റേയിലെ – യു.കെ’മസ്ജിദ് ബൈത്തുല്‍ ഫൂതൂഹ്’ ഉദ്ഘാടനവേളയില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന് ഒക്‌ടോബര്‍ 2003)
എന്താണ് ജിഹാദ്?
ലക്ഷ്യസാഫല്യത്തിനായുള്ള കഠിനശ്രമം നടത്തുന്നതിനെയാണ് ജിഹാദ് എന്ന അറബിപദം ഉപയോഗിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മനുഷ്യനോടു ജിഹാദില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നു. അതായത് സദ്കാര്യത്തിലുള്ള കഠിനപ്രയത്‌നമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമില്‍ ‘ജിഹാദ്’പല പ്രകാരത്തിലും നിര്‍വ്വഹിക്കാം. എല്ലാം തന്നെ സമൂഹത്തില്‍ സമാധാന ശ്രമത്തിനുള്ള പ്രവര്‍ത്തനങ്ങളാണ്. ഏറ്റവും വലിയ ജിഹാദ് സ്വന്തം ആത്മാവിന്റെ പ്രലോഭനങ്ങളോടുള്ള ജിഹാദാണ്. അതായത്, അത്യാഗ്രഹം, കാമവികാരം, മറ്റു ഭൗതികമായ ദുരകള്‍ എന്നിവയെ ശമിപ്പിക്കുന്നതിനുള്ള സമരം.
ജിഹാദ് ഒരാളെ കൂടുതല്‍ ആത്മനിയന്ത്രണത്തില്‍ കൊണ്ടുവരുന്നു.അത് ഏതൊരു മുസ്‌ലിമിന്റേയും ധര്‍മ്മമാണ്. വിവേകത്തോടെയും, സഹിഷ്ണുതയോടെയും അന്യരുടെ മതവിശ്വാസത്തെ ബഹുമാനിച്ചും യാതൊരു നിര്‍ബന്ധമോ ശക്തിയോ ചെലുത്താതെ ഇസ്‌ലാം മത സന്ദേശം പ്രചരിപ്പിക്കുന്നത് ഒരു തരത്തിലുള്ള ജിഹാദ് ആണ്. വിശ്വാസം, വംശം, ദേശം, വര്‍ണ്ണം ഇവക്കതീതമായി മനുഷ്യരെ സേവിക്കുക എന്നത് അവന് മറ്റൊരു വിധത്തിലുള്ള ജിഹാദാണ്. ഇത് സമൂഹത്തിലെ യാതനകളും വേദനകളും ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല പണക്കാരനും പാവെട്ടവനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുകയും സാമൂഹിക സമാധാനം സാധ്യമാക്കുകയും ചെയ്യുന്നു.
വേറൊരുതരം ജിഹാദ് സ്വയം പ്രതിരോധത്തിന്റേതാണ്. അത് പ്രത്യേക സാഹചര്യത്തില്‍ മാത്രം പ്രസക്തമായ ഒരു കാര്യമാണ്. മുസ്‌ലിംകള്‍ മര്‍ദ്ദിക്കപ്പെടുകയാണെങ്കില്‍ സ്വയം രക്ഷക്കായി മാത്രം ആയുധമെടുക്കാവുന്നതാണ്. മതപരമായ കാരണത്താല്‍ മാത്രം അവര്‍ മര്‍ദ്ദിക്കപ്പെടുകയും അവരുടെ വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും അവരുടെ ജീവന് തന്നെ ഭീഷണിയായിത്തീരുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ ആയുധമെടുക്കാന്‍ അനുവാദമുള്ളത്.
വിശുദ്ധ പ്രവാചകന്‍ (സ)മക്കത്ത് നിന്ന് മര്‍ദ്ദനത്താല്‍ ദൂരെയുള്ള മദീനയിലേക്ക് പോകാൻ നിര്‍ബന്ധിതനായി. മക്കക്കാര്‍ പ്രവാചകരേയും അനുചരെയും മദീനയിലും ജീവിക്കാനനുവചിച്ചില്ല. അവര്‍ അദ്ദേഹത്തെ അവിടെയും ഇടക്കിടെ ആക്രമിച്ചുകൊണ്ടിരുന്നു. എല്ലാ യുദ്ധങ്ങളും മദീനക്ക് ചുറ്റിലുമായിരുന്നു നടന്നത്. ആരായിരുന്നു മര്‍ദ്ദകരെന്ന് ഇത് വ്യക്തമായും സൂചിപ്പിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളോട് തിരിച്ച് യുദ്ധം ചെയ്യാന്‍ അനുവാദം നല്‍കിയ അവസരത്തില്‍ മുസ്‌ലിംകള്‍ മര്‍ദ്ദിതരായിരുന്നു. അവര്‍ക്ക് സ്വയം പ്രതിരോധിക്കാനും, തിരിച്ച് ആക്രമിക്കാനും അവരുടെ മാനവും സ്വത്തും ജീവനും സംരക്ഷിക്കാനും അനുവാദം നല്കപ്പെടുകയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
“യുദ്ധം അടിച്ചേല്‍പ്പിക്കപ്പെട്ടവര്‍ക്ക് (തിരിച്ചും യുദ്ധം ചെയ്യാന്‍) അനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ അവര്‍ അക്രമിക്കപ്പെട്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കുവാന്‍ കഴിവുള്ളവനാകുന്നു “(22:40)
സ്വയം രക്ഷക്കായി തിരിച്ച് യുദ്ധം ചെയ്യാന്‍ അനുവാദം നല്‍കപ്പെടുമ്പോഴും ഇസ്‌ലാം അനുവര്‍ത്തിക്കുന്ന മനുഷ്യത്വത്തിന്റേയും മഹാമനസ്‌കതയുടെയും പാഠങ്ങള്‍ ശ്രദ്ധിക്കുക. അതായത് ഈ അനുവാദം ഒരിക്കലും പരിധി ലംഘിക്കുന്ന വിധം ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“….അതുകൊണ്ട് വല്ലവനും നിങ്ങളുടെ മേല്‍ ആക്രമണം നടത്തുകയാണെങ്കില്‍ അവനെതിരെ അവന്‍ നിങ്ങളെ ആക്രമിച്ചത് പോലെ നിങ്ങളും ആക്രമിച്ചുകൊള്ളുക. അല്ലാഹുവിനെ ഭയപ്പെടുക; നിശ്ചയമായും അല്ലാഹു ഭയപ്പെടുന്നവരുടെ കൂടെയാണെന്ന് അറിഞ്ഞിരിക്കുക” (2:195)
സമാധാനത്തിന്റെ ഏറ്റവും വലിയ വക്താവായ ഇസ്‌ലാം, അക്രമത്തിനെതിരെ പ്രതിരോധിക്കുമ്പോള്‍ പോലും പരിധി ലംഘിക്കാന്‍ പാടില്ല എന്ന് നിഷ്‌ക്കര്‍ഷിക്കുന്നു. അക്രമത്തിനെതിരെ പ്രത്യാക്രമണം നടത്താന്‍ മുസ്‌ലിംകള്‍ അനുവദിക്കപ്പെട്ടിരിക്കുന്നുവെങ്കിലും അവര്‍ ആക്രമണം നിര്‍ത്തിയാല്‍ ഉടന്‍ തന്നെ പ്രത്യാക്രമണവും നിര്‍ത്തിവെക്കണമെന്നാണ് ഖുര്‍ആന്റെ കല്പന.
മുസ്‌ലിംകള്‍ക്ക് അതു കൊണ്ട് എന്ത് നഷ്ടം സംഭവിച്ചാലും പ്രതിരോധ പ്രത്യാക്രമണം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കേണ്ടതാണെന്നാണ് ഇസ്‌ലാമിന്റെ കല്പന.
“എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ (അറിയുക) അക്രമികളല്ലാത്തവരുടെ മേല്‍ യാതൊരു കയ്യേറ്റവും ഉചിതമല്ല”(2:194)
ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം യുദ്ധം പ്രതിരോധപരമാണ്. ഒരിക്കലും ആക്രമണപരമല്ല. വിശുദ്ധ ഖുര്‍ആന്റെ ഈ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചുറപ്പിക്കുന്നു.
“നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. അല്ലാഹു അതിക്രമകാരികളെ ഇഷ്ടെടുകയില്ല തന്നെ” (2:191)
ഒരു പ്രതിരോധയുദ്ധം ആവശ്യമായി വരികയാണെങ്കില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യാതിരിക്കണം എന്നത് സംബന്ധിച്ച് മുസ്‌ലിംകള്‍ക്കു ഇസ്‌ലാം വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഉദാഹരണത്തിന് ഇസ്‌ലാമിനെതിരെ സജീവ യുദ്ധം നടത്താതിരിക്കുന്ന സിവിലിയന്‍മാരെ ഒരിക്കലും ആക്രമിക്കാന്‍ പാടില്ല. കൃഷി, അത് പോലെ ഭക്ഷ്യകലവറകള്‍, ജലസ്രോതസ്സുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ നശിപ്പിക്കരുത്. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്മാര്‍ എന്നിവരുടെ മേല്‍ കൈവെക്കാന്‍ പാടുള്ളതല്ല.
ഇത്തരം കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഒരിക്കലും ആക്രമണപരമായ ഒരു യുദ്ധത്തിനുള്ള നിര്‍ദ്ദേശങ്ങളല്ലെന്ന് വ്യക്തമാണ്. സമാധാനവാദികളുടെ യുദ്ധനിര്‍ദ്ദേശങ്ങളാണവ. അതുകൊണ്ട് ജിഹാദ് എന്നാല്‍ ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനുള്ള പരിശ്രമമാണ്. സമാധാനം സ്ഥാപിക്കാന്‍ പര്യാപ്തമല്ലാത്ത ഒരു ശ്രമവും യുദ്ധവും ഒരിക്കലും ജിഹാദ് ആവുകയില്ല.
ഭീകരത
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ചില ആളുകള്‍ ഇക്കാലത്ത് പലവിധ ഭീകരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. ഇസ്‌ലാം മതത്തിന് കടക വിരുദ്ധമായ ആശയങ്ങള്‍ക്ക് വേണ്ടി അവരുടെ സ്വന്തം മതത്തെ അവര്‍ വഞ്ചിച്ചിരിക്കുകയാണ്. അവരുടെ മതവിശ്വാസത്തെ തന്നെ അവര്‍ ഭീകരമായി അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അന്യര്‍ക്കെതിരെ ഇസ്‌ലാമിന്റെ പേരില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ ഇസ്‌ലാമിന്റെ സുന്ദരമായ നാമം അപഹരിച്ചിരിക്കുകയാണ്.
ആദ്യമായി അവര്‍ അവരുടെ സ്വന്തം മതത്തിന്റെ ലംഘകരാണ്. കൂടാതെ അന്യരെ അക്രമിക്കുന്നതിന്റെ പേരില്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നവരും അപലപിക്കപ്പെടേണ്ടവരുമാണ്. അവരാണ് ഇസ്ലാമിന്റെ സുന്ദരമുഖത്ത് കരിവാരിത്തേക്കുന്നവര്‍.
ഇസ്‌ലാമിലെ അഹ്‌മദിയ്യാ ജമാഅത്തിന്റെ നാലാം ഖലീഫ ഹദ്‌റത്ത് മിര്‍സാ ത്വാഹിര്‍ അഹ്‌മദ് (റഹ്) ഭീകരവാദത്തെ സംബന്ധിച്ച തന്റെ വീക്ഷണം വ്യക്തമാക്കിയിട്ടുണ്ട്.
“ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം തീവ്രവാദത്തിന്റെ എല്ലാ രൂപങ്ങളേയും അത് അപലപിക്കുന്നു. വ്യക്തികളോ ഗ്രൂപ്പുകളോ ഗവണ്‍മെന്റുകളോ ആരായിക്കൊള്ളട്ടെ അക്രമം പ്രവര്‍ത്തിക്കുന്നവരുടെ ഏതൊരു പ്രവൃത്തിയേയും ന്യായീകരിക്കാനോ മൂടിവെക്കാനോ ഇസ്‌ലാം അനുവദിക്കുന്നില്ല…….കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി ഭീകരതയും ക്രൂരതയും ഏറ്റുവാങ്ങിയ ഒരു സമൂഹത്തിന്റെ തലവൻ എന്ന നിലക്ക് ഭീകരവാദത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും രൂപങ്ങളേയും അതികഠിനമായി ഞാന്‍ അപലപിക്കുന്നു. മാത്രമല്ല മതങ്ങളെല്ലാം തന്നെ, അവയുടെ നാമങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, നിരപരാധികളായ മനുഷ്യരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദൈവത്തിന്റെ പേരില്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ല എന്നത് എന്റെ അഗാധസ്പര്‍ശിയായ വിശ്വാസമാകുന്നു.”
(Murder in the name of Allah – P 116-119)
വിശുദ്ധ ഖുര്‍ആനിലെ ഏതാനും ചില അദ്ധ്യാപനങ്ങള്‍ മാത്രമാണ് ഞാനിവിടെ പ്രതിപാദിച്ചത്. ഇസ്‌ലാം എവിടെയും തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല യഥാര്‍ത്ഥ സമാധാനം ആഗ്രഹിക്കുന്ന ഒരു വ്യക്തി മാത്രമേ മുസ്‌ലിം എന്ന നാമധേയത്തിന് അര്‍ഹനാവുകയുള്ളൂ. അക്രമവും കൈയ്യേറ്റവും അത് പോലെ ആത്മഹത്യാ ബോംബ് പോലെയുള്ള പൈശാചികമായ പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്യുന്നവര്‍ മുസ്‌ലിം എന്ന വിശേഷണത്തിന് യോഗ്യരല്ല മുസ്‌ലിം ഭീകരവാദി എന്ന് പറയുമ്പോള്‍ അത് ഇരുട്ടും വെളിച്ചവും പോലെ വെള്ളവും തീയും പോലെ രണ്ട് വിരുദ്ധ ധ്വന്ദ്വങ്ങള്‍ സമാസിച്ചു പറയലാണ്. അവ രണ്ടും പരസ്പര വിരുദ്ധങ്ങളാണ്.
ഞാന്‍ ഉറപ്പായും പറയുന്നു. ഒരു യഥാര്‍ത്ഥ മുസല്‍മാന്ന് ഒരിക്കലും തീവ്രവാദിയാവാന്‍ സാധ്യമല്ല. ഒരു ഭീകരവാദിയെ ഒരിക്കലും ഒരു മുസ്‌ലിം എന്ന് വിശേഷിിക്കാനുമാവില്ല. അതായത് ഇസ്‌ലാമില്‍ ഭീകരവാദത്തിനോ തീവ്രവാദത്തിനോ യാതൊരു ഇടവുമില്ല. അവ തികച്ചും ഇസ്‌ലാമിന് അന്യമാണ്.
ഉപസംഹാരം
സമാധാനവും ആത്മീയമോക്ഷവും മാനവരാശിക്ക് നല്‍കുക എന്നതാണ് ഇസ്‌ലാമിന്റെ ദൗത്യം. അത് ഭീകരതയുടേയും യുദ്ധത്തിന്റേയും സന്ദേശമല്ല. ഒരു കൂട്ടം തീവ്രവാദികളും ഭീകരവാദികളും കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ മൂലം നിങ്ങളുടെ ഹൃദയത്തിലുണ്ടായിട്ടുള്ള എല്ലാ ഭീതിയും അകറ്റിനിര്‍ത്തുക. അവര്‍ക്കൊന്നും തന്നെ പരിശുദ്ധമായ ഇസ്‌ലാം മതത്തെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയില്ല. അവരൊന്നും തന്നെ ഇസ്‌ലാം മതത്തിന്റെ പതാകവാഹകരല്ല.
ഇസ്‌ലാം മതത്തെ മനസ്സിലാക്കാന്‍ അവരെ മാനണ്ഡമാക്കുന്നതിനേക്കാള്‍ വലിയ തെറ്റ് മറ്റൊന്നുമില്ല. ഇസ്‌ലാം മതത്തിന്റെ ശാന്തസുന്ദരമായ അദ്ധ്യാപനങ്ങളെ ഇസ്‌ലാമിന്റെ പേരുപയോഗിച്ചു വഞ്ചിച്ചവരാണവര്‍. അവര്‍ ഇസ്‌ലാം മതത്തിന്റെ അംബാസഡര്‍മാരല്ല.