മതനിന്ദ : പ്രതികരണം എങ്ങനെ ?

നദീം അഹ്മദ് സിദ്ധീഖ് – റിവ്യൂ ഓഫ് റിലിജിയൺസ്

അവലംബം : സത്യദൂതൻ ഒക്റ്റോബർ – നവംബർ 2010. വിവർത്തനം -കെ വി. ഹസ്സന്‍കോയ, കോഴിക്കോട്

വ്യക്തിയുടേയോ, ഗ്രൂപ്പിന്റെയോ ആശയവിനിമയം നടത്താനുള്ള സ്വാതന്ത്ര്യം എന്നാണ് പ്രകടന സ്വാതന്ത്ര്യം അഥവാ ഭാഷണ സ്വാതന്ത്ര്യം എന്നതിനു പാശ്ചാത്യ നിയമ മാനണ്ഡമനുസരിച്ചുള്ള അര്‍ത്ഥം. പക്ഷേ അത്തരം ആശയപ്രചാരണം വ്യക്തികളുടെ അന്തസ്സിന് കളങ്കം വരുത്തുന്നതോ ബലാല്‍ക്കാരേണയുള്ളതോ ആയിരിക്കരുത്. ഈ സ്വാതന്ത്ര്യത്തില്‍ പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യവും പെടും. സംശയ നിവാരണത്തിനും സത്യം വെളിപ്പെടുത്താന്‍ വേണ്ടിയും വാക്കുകള്‍ മുഖേനയും ചിത്രങ്ങള്‍ മുഖേനയും ആശയവിനിമയം നടത്താനുള്ള സ്വാതന്ത്ര്യവും ഇതില്‍ പെടുന്നു.

വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ട നിര്‍വ്വചനത്തിന് സമാനമായതാണിത്. “നിനക്ക് പ്രകടനസ്വാതന്ത്ര്യമുണ്ട്” എന്ന് സ്പഷ്ടമായി വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നില്ലെങ്കിലും ഈ അവകാശം നടപ്പാക്കുന്നതില്‍ വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് ഉപാധികള്‍ മുന്നില്‍ വെക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യാപനമനുസരിച്ച് എല്ലാ ഭാഷണങ്ങളുടേയും അന്തിമലക്ഷ്യം സത്യസംസ്ഥാപനവും മനുഷ്യന്റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കലുമാണ്. ദൈവിക സിഫത്തുകളില്‍ ഒന്ന് അല്‍ഹഖ് (സത്യവാന്‍, ശരി മാര്‍ഗ്ഗത്തിലുള്ളവന്‍) എന്നാണ്. ഈ ദൈവികഗുണം സത്യമാര്‍ഗ്ഗത്തില്‍ മുന്നേറിക്കൊണ്ടും അഹിതമാണെങ്കില്‍പോലും സത്യം പറഞ്ഞുകൊണ്ടും ഈ ദൈവികഗുണം അനുകരിക്കാന്‍ മുസ്‌ലിംകള്‍ യത്‌നിക്കണം. (അല്‍സൂയൂത്തി പേജ് 111).

അതിനാല്‍ ഭാഷണ സ്വാതന്ത്ര്യത്തിനും പ്രകടന സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ടാല്‍ അത് സത്യം കണ്ടെത്തുന്നതിന് തടസ്സമുണ്ടാക്കുകയും മനുഷ്യത്വത്തെ തരം താഴ്ത്തുകയും ചെയ്യും. വിശുദ്ധ ഖുർആൻ പറയുന്നു:

‘അപ്പോള്‍ സത്യത്തിനപ്പുറം വഴികേടല്ലാതെ മറ്റെന്താണുള്ളത്? ‘(വിശുദ്ധ ഖുര്‍ആന്‍ 10:33)

മേല്‍ ഖുര്‍ആന്‍ സൂക്തം അനുചിതമായ ഭാഷണ സ്വാതന്ത്ര്യത്തിന് ഒരു തടസ്സമാണ്. ഭാഷണം സഭ്യേതരവും അധാര്‍മ്മികവും ദ്രോഹപരവും ആകുമ്പോള്‍ അനുചിതമായിത്തീരുന്നു. ദുര്‍ഭാഷണം സത്യം കണ്ടെത്തുന്നതിനെ ദൈവത്തിന്നെതിരായാല്‍ പോലും തടസ്സപ്പെടുത്തുകയും അങ്ങനെ മനുഷ്യന്റെ അന്തസ്സിന്റെ ലംഘനമായിത്തീരുകയും ചെയ്യുന്നു. അതിനാല്‍ അഭിപ്രായ പ്രകടനസ്വാതന്ത്ര്യത്തില്‍ ദുര്‍ഭാഷണം നിയന്ത്രിക്കുന്നത് നീതികരിക്കാവുന്നതാണ്.

വിശുദ്ധ ഖുർആൻ പറയുന്നു:

“പരസ്യമായ നിലയില്‍ അനുചിതമായ സംസാരം അല്ലാഹു ഇഷ്ടപ്പെടുന്നില്ല, ദ്രോഹിതനായ ഒരാളില്‍ നിന്നൊഴികെ.” (4:149)

എന്നിരിക്കിലും ഏറ്റവും അപമാനകരമായ വിധത്തിലുള്ള ഭാഷണം പോലും, അതായത് ദൈവനിന്ദ പോലും ഭൗതീകമായി ശിക്ഷിക്കപ്പെടേണ്ട കുറ്റമല്ല. അത് ഇസ്ലാമിക നിയമത്തില്‍ നിയന്ത്രിക്കപ്പെട്ടിട്ടുമില്ല. ഒരാളുടെ ഭാഷണ സ്വാതന്ത്ര്യവും പ്രകടന സ്വാതന്ത്ര്യവും എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു.

സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തേണ്ടത് ഹിസ്ബയും നസ്വീഹയും മുഖേനയായിരിക്കണം. ഹിസ്ബ എന്നത് ഇസ്‌ലാമിലെ രണ്ടാം ഖലീഫയായ ഹദ്‌റത്ത് ഉമര്‍ (റ) നിര്‍മ്മിച്ച ഒരു പദപ്രയോഗമാണ്. വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ നന്മ പ്രബോധിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്ന കൃത്യനിര്‍വ്വഹണത്തിന്റെ സംക്ഷേപമാണത്. ഹിസ്ബ എങ്ങനെയാണ് നടത്തേണ്ടത് എന്നതിന്റെ രീതിയാണ് നസ്വീഹ. അതായത് മുസ്‌ലിംകള്‍ ആത്മാര്‍ത്ഥമായും സൗഹാര്‍ദ്ദപരമായും ഉപദേശനിര്‍ദ്ദേശങ്ങള്‍ നൽകിക്കൊണ്ടാണ് ഹിസ്ബ നിര്‍വ്വഹിക്കേണ്ടത്. ഹിസ്ബ അഥവാ നന്മയുടെ പക്ഷം പിടിക്കല്‍ ഭാഷണ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പിക്കുന്നു.

നന്മ അവകാശം അതിനര്‍ഹതയുള്ളവര്‍ക്കാണ്. വിശുദ്ധ ഖുർആൻ പറയുന്നു:

“നന്മയിലേക്ക് ക്ഷണിക്കുകയും നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും നിഷിദ്ധകാര്യങ്ങള്‍ വിലക്കുകയും ചെയ്യുന്ന ഒരു സംഘം നിങ്ങളിലുണ്ടാവേണ്ടതാണ്.അവര്‍ തന്നെയാണ് വിജയം പ്രാപിക്കുന്നവര്‍” (3:105)

ഉണ്ടാവേണ്ടതാണ്’ (وَلۡتَکُنۡ) എന്നത് മുസ്‌ലിംകളോടുള്ള ആജ്ഞയും അവരുടെ ബാദ്ധ്യതയുമാണ്.

വിശുദ്ധ ഖുർആൻ പറയുന്നു:

“സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പരസ്പരം മിത്രങ്ങളാണ്. അവര്‍ നല്ലത് ഉപദേശിക്കുകയും ചീത്തയായത് വിലക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സക്കാത്ത് കൊടുക്കുകയും അല്ലാഹുവിനേയും അവന്റെ ദൂതനേയും അനുസരിക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ക്ക് അല്ലാഹു തീര്‍ച്ചയായും നന്മ ചെയ്യുന്നതാണ്. (9:71)

മുന്‍ പ്രസ്താവിച്ച വിധം ആളഹാര്‍ത്ഥമായതും സൗഹൃദപൂര്‍വ്വമായതുമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നൽകുക എന്നര്‍ത്ഥമുള്ള ‘നസ്വീഹ്’ എന്ന പദത്തെ ‘തൗബീഖ്’ (ഭര്‍ത്സിക്കുക) എന്ന ആശയത്തില്‍ നിന്ന് വ്യതിരിക്തമായി മനസ്സിലാക്കണം. തൗബീഖ് പരസ്യമായതും, നയരാഹിത്യപരവും പരിഹസിക്കുന്നതും ആളെ കൊച്ചാക്കുന്നവയുമായി ബന്ധപ്പെട്ടതാണ്. മറിച്ച്, നസ്വീഹ് സ്വകാര്യവും മര്യാദയുള്ളതുമാണ്.

വിശുദ്ധ ഖുർആൻ പറയുന്നു:

“ജനങ്ങളോട് നല്ല വാക്കു പറയുക” (2:80)

“നിങ്ങളിലാരെങ്കിലും മറ്റൊരാള്‍ക്ക് ഉപദേശം നല്‍കുമ്പോള്‍ മറ്റുള്ളവരുടെ കൂട്ടത്തില്‍ നിന്നും അയാളെ വേറെയാക്കിനിര്‍ത്തുക.” (അല്‍മുഖദ്ദിസ് പേജ്:138).

ഹിസ്ബയിലും നസ്വീഹയിലും എങ്ങനെയാണ് ഇടപെടേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളെ പഠിപ്പിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്നു:

“തത്വജ്ഞാനും സദുപദേശവും കൊണ്ട് നിന്റെ നാഥന്റെ മാര്‍ഗ്ഗത്തിലേക്ക് നീ (ജനങ്ങളെ) ക്ഷണിക്കുക. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ അവരോട് സംവാദം നടത്തുകയും ചെയ്യുക” (16:126).

“ഗ്രന്ഥാനുസാരികളുമായി ഏറ്റവും ഉത്തമമായ രീതിയിലല്ലാതെ നിങ്ങള്‍ വിവാദം നടത്തരുത്. അവരില്‍ അന്യായം പ്രവര്‍ത്തിച്ചവരുമായൊഴികെ. (അത്തരക്കാരോട് തര്‍ക്കുത്തരം പറയാവുന്നതാണ്). ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെയും നിങ്ങളുടെയും ദൈവം ഒന്നുതന്നെയാണ്. ഞങ്ങള്‍ അവരോട് അനുസരണയുള്ളവരുമാണ്…” (29:47)

ഗ്രന്ഥാനുസാരികള്‍ എന്നതിന്റെ ഉദ്ദേശ്യം വിശുദ്ധ ഖുര്‍ആന് മുമ്പ് വെളിപാട് ലഭിച്ചവരാണ്. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, സൊരാഷ്ട്രര്‍, ഹിന്ദുക്കള്‍ എന്നിവര്‍ അതില്‍പെടുന്നു. ഇസ്‌ലാമില്‍ പ്രകടനസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നത്, സത്യമാര്‍ഗ്ഗത്തിന് ക്ഷതമേല്ക്കുന്ന ഘട്ടത്തിലാണ്. പ്രകടന സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്താവുന്ന പ്രധാനപ്പെട്ട കുറ്റം ദൈവദൂഷണമാണെന്നാണ് മിക്ക മുസ്‌ലിം പണ്ഡിതന്മാരുടേയും അഭിപ്രായം. പക്ഷേ, ഇത്തരത്തിലുള്ള ദൈവദൂഷണം പോലും ഇസ്‌ലാമില്‍ നിയന്ത്രിക്കപ്പെടുന്നില്ല.

മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പുച്ഛ മനോഭാവത്തോടെയും ശത്രുതയോടെയും നടത്തപ്പെടുന്ന പ്രസ്താവനകള്‍, അതായത്, അല്ലാഹുവിനെതിരിലും ഇസ്ലാമിലെ അടിസ്ഥാനകാര്യങ്ങള്‍ക്കെതിരിലും നബിതിരുമേനി (സ) ക്കെതിരിലും ഇസ്‌ലാമില്‍ പരിശുദ്ധരായി കണക്കാക്കപ്പെടുന്ന പ്രവാചകന്മാര്‍ക്കും എതിരെയുള്ള പ്രസ്താവനകളാണ് ഇക്കാലത്ത്, ഇസ്‌ലാമില്‍, ദൈവദൂഷണം എന്നതിന്റെ നിര്‍വ്വചനമായി കണക്കാക്കപ്പെടുന്നത്. ദൈവദൂക്ഷണത്തിന് അറബി ഭാഷയില്‍ പറയുന്നത്. സബ്ബ് (അപമാനിക്കുക) എന്നാണ്.

ദൈവദൂഷണം ഇസ്‌ലാമില്‍ ഒരു പാപമായിട്ടാണ് പരിഗണിക്കുന്നതെങ്കിലും അത് ഒരു മുസ്‌ലിം ചെയ്താലും അമുസ്‌ലിം ചെയ്താലും അത് വിശുദ്ധ ഖുര്‍ആന്‍ ശിക്ഷ വിധിച്ചിട്ടില്ല. അതിനുള്ള ശിക്ഷ ദൈവഹസ്തങ്ങളില്‍ മാത്രമാണ്. അത് ഈ ലോകത്തു വെച്ചോ പരലോകത്ത് വെച്ചോ ആവാം. അതിനാല്‍ ഖുര്‍ആനിക പരാമര്‍ശങ്ങളുടെയും നബി തിരുമേനി(സ)യുടെ അതിനോടുള്ള പ്രതികരണത്തിന്റെയും അടിസ്ഥാനത്തില്‍ ദൈവദൂഷണം നിയന്ത്രണമാവശ്യമുള്ള ഒരു കാര്യമായി കരുതുന്നതിന് നിയമപരമായ നീതീകരണം ഇല്ല. വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യാപനമനുസരിച്ച് അത് പാപമാണെങ്കിലും ഇസ്‌ലാമിക നിയമത്തിന്റെ ദൃഷ്ടിയിൽ അതൊരു കുറ്റമായി കണക്കാക്കാവതല്ല. അത്കൈകാര്യം ചെയ്യുന്നത് ദൈവത്തിന്റെ മാത്രം കാര്യമാണ്.

വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നു.

“അല്ലാഹുവിനേയും അവന്റെ ദൂതനേയും ശല്യപ്പെടുത്തുന്നവരാരോ, നിശ്ചയമായും അവരെ അല്ലാഹു ഇഹത്തിലും പരത്തിലും ശപിച്ചിരിക്കുന്നു. അവര്‍ക്കായി അപമാനകരമായ ശിക്ഷ അവനൊരുക്കി വെയ്ക്കുകയും ചെയ്തിട്ടുണ്ട്. സത്യവിശ്വാസികളേയും സത്യവിശ്വാസിനികളേയും അവര്‍ ഒരു തെറ്റും ചെയ്യാതിരിക്കെ ശല്യം ചെയ്യുന്നു. തീര്‍ച്ചയായും അവര്‍ നുണയും വ്യക്തമായ പാപവും ചുമന്നിരിക്കുന്നു.” (33:58, 59).

ഭൗതികമായ നിലയിലുള്ള ഒരു ശിക്ഷയും ഈ ഖുര്‍ആന്‍ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധിക്കുക. വീണ്ടും ഖുര്‍ആന്‍ പറയുന്നു.

“നിങ്ങള്‍ക്ക് മുമ്പ് ഗ്രന്ഥം നല്കപ്പെട്ടവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും വളരെയേറെ ഉപദ്രവവാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ സഹനം കൈക്കൊള്ളുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നതായാല്‍ അത് നിശ്ചയദാര്‍ഢ്യപരമായ കാര്യങ്ങളില്‍ പെട്ടതാണ്” (3:187).

സംയമനവും മാന്യതയും പ്രബോധിക്കുന്ന നബി തിരുമേനി(സ)യുടെ ആധികാരികമായ ഒരു ഹദീസ്, ഈ ഹദീസില്‍ ഒരു സംഭവം വിവരിച്ചിരിക്കുന്നു. നബിതിരുമേനി(സ)യും ഭാര്യയും ചില സുഹൃത്തുക്കളും ഒരുമിച്ചിരിക്കുമ്പോള്‍ അരികിലൂടെ ജൂതന്മാരുടെ ഒരു സംഘം കടന്നുപോവാനിടയായി. അവരോട് “അസ്സലാമു അലൈക്കും” (നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ) എന്ന തിരുനബി(സ) പറഞ്ഞപ്പോള്‍ അതിനു മറുപടിയായി ജൂതന്മാര്‍ അസ്സാമു അലൈക്കും (നിങ്ങള്‍ക്ക് മരണമുണ്ടാവട്ടെ) എന്ന് തിരിച്ചു പറഞ്ഞു. ഇത് കേട്ടപ്പോള്‍ തിരുമേനി (സ), നിശ്ശബ്ദനായി ഇരുന്നു. എന്നിരുന്നാലും തിരുമേനി(സ)യുടെ പത്‌നി ഹദ്‌റത്ത് ആയിശ(റ) കോപത്തോടെ ‘അസ്സാമു അലൈക്കും വലഅ്‌ന, (നിങ്ങള്‍ക്ക് മരണവും ശാപവുമുണ്ടാവട്ടെ) എന്ന് പ്രതിയഭിവാദനം ചെയ്തു.

മറ്റു വാക്കുകളിൽ പറഞ്ഞാല്‍ അവര്‍ പ്രതികരിച്ചുവെന്നു മാത്രമല്ല, അവരുടെ പ്രതികരണത്തില്‍ ഒരു വര്‍ദ്ധനവുണ്ടായി. ആയിശ(റ)യുടെ പ്രതികരണം കേട്ട് നബി(സ) പറഞ്ഞു: ”ഓ ആയിശാ, സര്‍വ്വോന്നതനായ അല്ലാഹു മാന്യത ഇഷ്ടപ്പെടുന്നു.”

ജൂതന്മാര്‍ പറഞ്ഞത് തിരുമേനി (സ) കേട്ടിരുന്നോ എന്ന് ആയിശ(റ) തിരുമേനിയോട് ആരാഞ്ഞു. തിരുമേനി പ്രതിവചിച്ചു: ‘അതെ നിനക്ക് വ അലൈക്കും (നിങ്ങള്‍ക്കും) എന്ന് പറയാമായിരുന്നു.’ (ബുഖാരി, വാല്യം 1, 31112)

തന്നെ അപമാനിച്ചതിന് നബി(സ) തിരുമേനി പ്രതികരിച്ചില്ല പകരം തന്റെ ഭാര്യയുടെ പ്രതികരണത്തെ തിരുമേനി (സ) വിമര്‍ശിക്കുകയും ചെയ്തുവെന്ന് പ്രത്യേകം ശ്രദ്ധിക്കുക. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.

“കോപം നിയന്ത്രിക്കുന്നവരും ജനങ്ങള്‍ക്ക് (അവരുടെ തെറ്റുകുറ്റങ്ങള്‍) മാപ്പു ചെയ്തുകൊടുക്കുന്നവരുമത്രേ അവര്‍. അല്ലാഹു സുകൃതവാന്മാരെ ഇഷ്ടപ്പെടുന്നു. (3:135).

താഴെ പറയുന്ന ഹദീസിലേക്കും മടങ്ങുക.

ഏതൊരാളുടെ നാവില്‍ നിന്നും കൈയ്യില്‍നിന്നും മറ്റു മുസ്‌ലിംകള്‍ സൂരക്ഷിതരാണോ അയാളാണ് മുസ്ലിം (മുസ്‌ലിം നമ്പര്‍ 6 പേ)

മുസ്‌ലിം ജനസംഖ്യാ പ്രാബല്യമുള്ള ഒരു സാഹചര്യത്തിലാണ് തിരുമേനി(സ) ഈ പ്രസ്താവന നടത്തിയതെന്നതിനാല്‍, ഏത് സമുദായാംഗങ്ങളുടെ ഇടയിലാണ് ഒരു മുസ്‌ലിം താമസിക്കുന്നതെങ്കിലും അവരില്‍ നിന്നും മറ്റു സമുദായംഗങ്ങള്‍ സുരക്ഷിതരായിരിക്കണം എന്നാണ് തിരുമേനി (സ) ഈ പ്രസ്താവന കൊണ്ടുദ്ദേശിക്കുന്നതെന്നാണ് മുസ്‌ലിം വ്യാഖ്യാതാക്കളുടെ ഏകോപിച്ചുള്ള വീക്ഷണം.

ദൈവദൂഷണമാണെന്ന് കണക്കാക്കാവുന്ന പ്രസ്താവനകളോടുള്ള പ്രതികരണങ്ങള്‍ നബി(സ)യുടേയും സഹാബാക്കളുടേയും ജീവിതത്തിലെ നിരവധി സംഭവങ്ങളില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ദൈവദൂഷണമായി കണക്കാക്കാവുന്ന എന്തെങ്കിലും ഉച്ചരിക്കുന്ന ആരേയും കൊലപ്പെടുത്തുകയെന്നത് തങ്ങളുടെ ദൈവദത്തമായ കര്‍ത്തവ്യമാണെന്ന് വിശ്വസിക്കുന്ന ഇക്കാലത്തെ മുസ്‌ലിം തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് മേല്‍ സംഭവങ്ങള്‍.

ഇസ്‌ലാമിലെ ഒന്നാം ഖലീഫയായ ഹദ്‌റത്ത് അബുബക്കറി(റ)നെ ഒരമുസ്‌ലിം അതികഠിനമായ രീതിയില്‍ റസൂല്‍ തിരുമേനി (സ)യുടെ സാന്നിദ്ധ്യത്തില്‍ ശകാരിക്കുകയുണ്ടായി. നബി(സ) സമീപത്തിരിക്കുന്നുണ്ടായിരുന്നു. ഈ ശകാരം കേട്ടുകൊണ്ട് അബുക്കര്‍ (റ) സഹനത്തോടെ നിശ്ശ്ദനായി ഇരുന്നു. ഇത് നിരീക്ഷിച്ചുകൊണ്ടിരുന്ന തിരുമേനി(സ) മന്ദഹസിച്ചു. ഒടുവില്‍ ആ അമുസ്‌ലിമിന്റെ ഭര്‍ത്സനം അങ്ങേയറ്റമെത്തിയാപ്പോള്‍ അബൂബക്കര്‍(റ) മറുപടി പറയാന്‍ തുടങ്ങി.അപ്പോള്‍ നബി തിരുമേനി(സ) എഴുന്നേറ്റ് നടന്നുപോയി.

പിന്നീട് അബൂബക്കര്‍ (റ) നബി തിരുമേനി(സ)യോട് അന്വേഷിച്ചു.

‘അല്ലയോ, പ്രവാചകരേ, ഈ വ്യക്തി എന്നെ ചീത്ത പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ താങ്കള്‍ അവിടെ തന്നെ ഇരിക്കുകയും മന്ദഹസിക്കുകയും ചെയ്തു. പക്ഷേ, ഞാന്‍ മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ താങ്കള്‍ എഴുന്നേറ്റു നടന്നുപോയി. ഇതെന്തുകൊണ്ടായിരുന്നു?’

നബി തിരുമേനി(സ) മറുപടി പറഞ്ഞു.

‘താങ്കള്‍ ശാന്തനായിരുന്നപ്പോള്‍, താങ്കള്‍ക്കുവേണ്ടി മലക്കുകള്‍ മറുപടി പറയുന്നുണ്ടായിരുന്നു. താങ്കള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മലക്കുകള്‍ പോയി. പകരം ശൈത്താന്‍ പ്രത്യക്ഷപ്പെട്ടു. പിന്നെ, എനിക്കെങ്ങനെ അവിടെ ഇരിക്കാന്‍ സാധിക്കും?’.

നബി(സ)യുടെ ജീവിതകാലത്ത് ഒരു ജൂതനും ഒരറബിയും തമ്മില്‍ താന്താങ്ങളുടെ പ്രവാചകന്മാരെ സംബന്ധിച്ച് ശണ്ഠ കൂടി. തന്റെ അവകാശവാദം സ്ഥാപിക്കാന്‍ മുസ്‌ലിം അവലംബിച്ച രീതി ആ ജൂതന്റെ വികാരങ്ങളെ വ്രണപ്പെടുത്തി. ആ ജൂതന്‍ ഇതേക്കുറിച്ച് നബി(സ) തിരുമേനിയോട് പരാതി പറഞ്ഞപ്പോള്‍ തിരുമേനി (സ) മുസ്‌ലിമിനെ ഇപ്രകാരം ശാസിച്ചു. മൂസയുടെ മേല്‍ എന്നെ ഉയര്‍ത്തിക്കാട്ടരുത് ഇതായിരുന്നു തന്റെ അനുയായികളില്‍ നിന്ന് നബി തിരുമേനി (സ) ആവശ്യപ്പെട്ട മര്യാദയുടെ ഉന്നതനിലവാരം.

മക്ക കീഴടക്കിയശേഷം (അമുസ്‌ലിംകള്‍ സമാധാനപരമായി മുസ്ലിംകള്‍ക്ക് കീഴടങ്ങിയശേഷം) തന്നെയും അനുയായികളെയും വാക്കുകള്‍ കൊണ്ടും ശാരീരികമായും നിഷ്‌കരുണം പീഡിപ്പിച്ച മുഴുവന്‍ ജനതക്കും നബി (സ) തിരുമേനി പൊതുമാപ്പ് നല്‍കി. തന്റെ ഈ കാരുണ്യത്തെ യൂസുഫ് നബി(സ) തന്റെ സഹോദരാരോട് കാണിച്ച കാരുണ്യവുമായി താരതമ്യെടുത്തുകയും പരമാര്‍ശിക്കുകയും ചെയ്തു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ മക്കക്കാരുടെ ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും മുമ്പില്‍ നബിതിരുമേനി(സ)യുടെ ആദ്യത്തെ പ്രതികരണം പൊറുത്തുകൊടുക്കലും മൃദുലതയുമായിരുന്നു.

പൊതുമാപ്പു കൊടുക്കുന്ന നയത്തില്‍ നിന്നും വളരെ അപൂര്‍വ്വമായൊരപവാദം ഇക്‌രിമക്ക് വധശിക്ഷ വിധിച്ചതായിരുന്നു. അയാള്‍ മുസ്‌ലിംകള്‍ക്ക് നേരെ അമിതമായ അക്രമം കാണിക്കുകയും നിരവധി പേരെ വധിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരം ഭയന്ന് ഇക്‌രിമ മക്കയില്‍ നിന്ന് ഓടിപ്പോയിരുന്നു. എന്നിരിക്കിലും, ഇക്‌രിമയുടെ ഭാര്യ കരുണയാചിച്ചുകൊണ്ട് നല്കിയ അപേക്ഷ പ്രകാരം തിരുനബി (സ) ഇക്‌രിമക്കും മാപ്പു നല്കുകയും പൊറുത്തുകൊടുക്കുകയും ചെയ്തു.

ഇക്‌രിമ മക്കയിലേക്ക് മടങ്ങിയെത്തിയപ്പോള്‍, തനിക്ക് യഥാര്‍ത്ഥത്തില്‍ മാപ്പു നല്കിയിട്ടുണ്ടോ എന്ന് നബി തിരുമേനി(സ)യോടു ചോദിച്ചു. അതിന് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടോ എന്നും ചോദിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ മാപ്പു നല്കിയിട്ടുണ്ടെന്ന് തിരുനബി(സ) അറിയിച്ചു മതപരിവര്‍ത്തനത്തിന്റെ ആവശ്യമില്ല എന്നും പറഞ്ഞു. ആ നിമിഷം സ്വന്തം ഇച്ഛ പ്രകാരം ഇക്‌രിമ ഇസ്‌ലാം മതമാശ്ലേഷിച്ചു. അത്തരത്തിലുള്ള ഒരു ഹൃദയവിശാലത നബി(സ) തിരുമേനി അല്ലാഹുവിന്റെ സത്യപ്രവാചകനാണെന്നതിന് തെളിവാണെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മനഃപരിവര്‍ത്തനം.

മുന്‍ വിവരിച്ച പ്രകാരമുള്ള ഉദാഹരണങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു നബി(സ) തിരുമേനി(സ)യുടെ ജീവിതം. ഈ ഉദാഹരണങ്ങള്‍ കാണിക്കുന്നത് ദുര്‍ഭാഷണത്തിന് ഇസ്‌ലാം മാപ്പ് നല്കുന്നില്ലെങ്കിലും ഭാഷണ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നില്ല എന്നുമാണ്. എന്തെന്നാല്‍ ദൈവം മാത്രമാണ് അന്തിമമായ കണക്കെടുക്കുന്നവന്‍. ഇസ്‌ലാമില്‍ സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞിരിക്കുന്നു. അതില്‍ മതസ്വാതന്ത്ര്യവും മനഃസാക്ഷി സ്വാതന്ത്ര്യവും നിലനിര്‍ത്തുകയും ചെയ്യുന്നു.

ഡാനിഷ് കാര്‍ട്ടൂണ്‍ വിവാദത്തെ സംബന്ധിച്ച് നമുക്കറിയാം. ഏപ്രില്‍ 2003ല്‍ ക്രിസ്റ്റോഫര്‍ സീല്‍ എന്ന ആര്‍ട്ടിസ്റ്റ് ‘ജില്ലന്റ് പോസ്റ്റണ്‍’ എന്ന വര്‍ത്തമാന പത്രത്തിന് കാര്‍ട്ടൂണ്‍ പരമ്പര അയച്ചുകൊടുത്തു. അതില്‍ യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പ് പ്രത്യക്ഷത്തില്‍ വളരെ ലാഘവത്തോടെ ചിത്രീകരിച്ചിരുന്നു. ഇതിന് വായനക്കാര്‍ ഒരു വിലയും കല്പിക്കില്ലെന്നും ചിലപ്പോള്‍ വായനക്കാര്‍ അതിന്റെ പേരില്‍ ഒച്ചപ്പാടു ണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് പത്രാധിപര്‍ അവ നിരസിച്ചു. രണ്ടര വര്‍ഷങ്ങള്‍ക്കുശേഷം അതേ പത്രാധിപര്‍ നബി തിരുമേനി(സ)യെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കി.

തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അത് കാരണം ഒച്ചപ്പാടുണ്ടാവുമെന്നും ജില്ലന്റ് പോസ്റ്റണിന് നല്ലപോലെ അറിയാമായിരുന്നു. ഡെന്‍മാര്‍ക്കില്‍ അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവര്‍ ധിക്കാരപൂര്‍വ്വം വിമര്‍ശനം അവഗണിച്ചു. 500 മില്യന്‍ ഡോളര്‍ നഷ്ടമുണ്ടാക്കുന്നവിധം വിദേശത്തെ ഡാനിഷ് ക്ഷീരോല്പന്നങ്ങളുടെ വില്പന ബഹിഷ്‌കരിക്കപ്പെട്ടപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം സാമ്പത്തിക പ്രതിസന്ധിക്ക് വഴിമാറിക്കൊടുത്തു.

അങ്ങനെ ജില്ലന്റ് പോസ്റ്റനും ഡാനിഷ് പ്രധാനമന്ത്രിയും ക്ഷമാപണം നടത്തി. കൂടാതെ, നമുക്കറിയാം മുസ്‌ലിംകള്‍ ലോകത്തെല്ലായിടത്തും വളരെ സംസ്‌കാരപൂര്‍ണ്ണവും സമാധാന പരവുമായ നിലയില്‍ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ ഒരു ന്യൂനപക്ഷം നടത്തിയ അക്രമങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തിയത്. മുസ്ലിം രാജ്യങ്ങളിൽ പലേടത്തും ഭയാനകവും അക്രമാസക്തവുമായ കലാപങ്ങളാണ് അരങ്ങേറിയതെന്ന് സമ്മതിച്ചേ തീരൂ. ശ്രദ്ധേയമായ ഒരു കാര്യം യൂറോപ്പിലൊരിടത്തും യൂറോപ്യന്‍ മുസ്‌ലിംങ്ങള്‍ ഇത്തരം അക്രമാസക്തമായ കലാപങ്ങള്‍ നടത്തിയില്ല എന്നതാണ്.

മാധ്യമങ്ങളില്‍ കാണപ്പെട്ട ഇരട്ടത്താപ്പ് ശ്രദ്ധിക്കാതിരിക്ക വയ്യ. യേശുവിനെ (അ) സംബന്ധിച്ച കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരണത്തിന് വന്നപ്പോള്‍ അവയുടെ ആപേക്ഷികമൂല്യവും അവ മറ്റുള്ളവര്‍ക്ക് ഉപദ്രവകരമാവും എന്ന ചിന്തയുമായിരുന്നു പത്രാധിപരുടെ ആശങ്കകള്‍. യേശുവിന്റെ പ്രശ്‌നം വന്നപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യനിയന്ത്രണം ന്യായീകരിക്കപ്പെട്ടു. എന്നാല്‍ നബി തിരുമേനിയെ(സ)ക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വിവാദം വന്നപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം ഒരിക്കലും നിയന്ത്രിക്കപ്പെട്ടില്ല. ചുരുങ്ങിയത് ക്ഷീരോല്പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കുന്നതുവരെയെങ്കിലും അതു നിലനിന്നു.

തീര്‍ച്ചയായും യഹൂദവര്‍ഗ്ഗവിരുദ്ധമായ ഏറ്റവും നി‌സ്സാരമായ ഒരു സൂചനയെങ്കിലും കാര്‍ട്ടുണുകളിലുണ്ടായിരുന്നെങ്കില്‍ അത് സാര്‍വ്വലൌകികമായ രീതിയില്‍ തന്നെ അപലപിക്കപ്പെടുമായിരുന്നു.

കാർട്ടൂണിനോടുള്ള പ്രതിഷേധ സൂചകമെന്ന നിലയിൽ നടന്ന എല്ലാ അക്രമത്തേയും അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് ശക്തമായി അപലപിക്കുന്നു. ഈ ആക്രമണം സ്വാഭാവികവും മനുഷ്യത്വപരവുമായ ഒരു പ്രതികരണമാണെന്ന് പറഞ്ഞു നിരവധി മുസ്ലിംകൾ ഇതിനോട് അനുഭാവം പ്രകടിപ്പിക്കുകയുണ്ടായി. അല്ലെങ്കിൽ ലോകം മുഴുവൻ മുസ്ലിംകൾ അനുഭവിക്കുന്ന പീഡനത്തിന്റേയും എളിമത്തരത്തിന്റേയും കാരണമാണന്നു പറഞ്ഞു. എന്നിരിക്കിലും, അക്രമപരമായ അത്തരം പ്രതിഷേധങ്ങൾക്കും സ്വത്തുനശിപ്പിക്കലിന്നും ഒരു ന്യായീകരണവുമില്ലെന്നാണ് ഞങ്ങളുടെ വീക്ഷണം. ഒരാൾ ഇത്തരം “സ്വാഭാവിക’ പ്രതികരണം അവലംബിക്കുകയാണെങ്കിൽ അതിനെക്കുറിച്ച് ഇസ്ലാമികം എന്നും വിശുദ്ധ ഖുർആനും തിരുചര്യകൾക്കും അനുസൃതമായ ഇസ്ലാമികാദർശം എന്നു പറയരുത്.

ഇത്തരം പ്രതിഷേധങ്ങളിലും അക്രമങ്ങളിലും ഏർപ്പെടുന്നതിന് പകരം അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് അവരുടെ ഇസ്ലാമിക ബാദ്ധ്യത സംബന്ധിച്ച് ശ്രദ്ധാലുക്കളായി. കാർട്ടൂൺ പ്രസിദ്ധീകരിച്ച ശേഷം ഹദ്റത്ത് മിർസാ മസ്റൂർ അഹ്മദ് (അയ്യദഹു…) ഡെൻമാർക്ക് സന്ദർശിക്കുകയും ഒരു സ്വീകരണയോഗത്തിൽ ഡാനിഷ് പത്രപ്രതിനിധികളേയും ഡാനിഷ് ഗവൺമെന്റ് ഉദ്യോഗസ്ഥരേയും അഭിസംബോധന ചെയ്തു. ഈ പ്രസംഗം പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും അതൊരു പൊതു രേഖയായിത്തീരുകയും ചെയ്തു. കാർട്ടൂണുകൾ പ്രകോപനപരമാവുന്നതെന്തു കൊണ്ടാണന്ന് അദ്ദേഹം വിവരിച്ചു. വളരെ മാന്യമായും ആർദ്രമനസ്കനായും കൊണ്ട് അത്തരം പ്രവർത്തനങ്ങളുടെ അധാർമികത അദ്ദേഹം വിശദീകരിച്ചു. നന്മ ഉപദേശിക്കുകയും മര്യാദപൂർണ്ണമായ നിർദ്ദേശങ്ങൾ അവരുടെ മുന്നിൽ സമർപ്പിക്കുകയും ചെയ്തു. ഉച്ചത്തിലുള്ള പൊതുപ്രസ്താവനയും ഇറക്കിയില്ല.

ഡാനിഷ് കാർട്ടൂൺ വിവാദത്തിൽ അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് പ്രതികരിച്ചത് വിശുദ്ധ ഖുർആന്റേയും തിരുസുന്നത്തുകളുടേയും അദ്ധ്യാപനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. തുടക്കം മുതൽ അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നടപടിക്രമം ഇതായിരുന്നു. ഇസ്ലാമിനെതിരിലുള്ള ആക്രമണങ്ങൾ അഹ്മദിൾ ഒരിക്കലും തന്നെ ബലപ്രയോഗം കൊണ്ട് നേരിട്ടിട്ടില്ല.

അഹ്മദികളുടെ മുദ്രാവാക്യം എല്ലാവരോടും സ്നേഹം, ആരോടും വെറുപ്പില്ല എന്നതാണ്. സംവാദത്തിനും ആരോപണങ്ങൾ ഖണ്ഡിക്കാനും അവർ സാഹിത്യവും മാധ്യമങ്ങളും യുക്തിസംവാദങ്ങളും ഉപയോഗപ്പെടുത്തുന്നു. വാഗ്ദത്ത മസീഹ് (അ) അഹ്മദിയ്യാ ജമാഅത്തിന്റെ സ്ഥാപകൻ പറഞ്ഞിട്ടുള്ള ഇത് പേന കൊണ്ടുള്ള ജിഹാദിന്റെ കാലമാണെന്നാണ്. തൂലിക വാളിനേക്കാൾ ശക്തമാണ്.