റസൂല്‍ തിരുമേനി(സ)യുടെ രണ്ടാം ദൗത്യം ഇമാം മഹ്ദി(അ)യിലൂടെ പൂര്‍ത്തിയാകുന്നു

ഏ ക്യു മഹ്ദി

സത്യദൂതൻ – ജൂൺ 2010

ഇമാം മഹ്ദിയുടെ നിയോഗത്തെറ്റി പരിശുദ്ധ ഖുര്‍ആനില്‍ പ്രവചനരൂപത്തില്‍ വന്ന ഒരു വാക്യവും ബന്ധപ്പെട്ടെ രണ്ടു നബിവചനങ്ങളും നമുക്കിവിടെ വായിക്കാം.

‘അവന്‍ തന്നെയാണ് അക്ഷര ജ്ഞാനമില്ലാത്തവരുടെ ഇടയില്‍ അവരില്‍ നിന്നുതന്നെ ഒരു പ്രവാചകനെ നിയോഗിച്ചത്. അതുപോലെ, ഇതുവരെ അവരോടു ചേര്‍ന്നിട്ടില്ലാത്ത അവരില്‍ നിന്നുള്ള മറ്റൊരു ജനതയിലും അദ്ദേഹത്തെ നിയോഗിക്കുന്നതാണ്. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. താനുദ്ദേശിക്കുന്നവര്‍ക്ക് അതു നല്‍കുന്നതാണ്. അല്ലാഹു മഹത്തായ ഔദാര്യത്തിന്റെ ഉടമയത്രെ.’

നബി തിരുമേനി(സ) അരുള്‍ ചെയ്തതായി ബുഖാരിയില്‍ പറയുന്നു:

‘സത്യവിശ്വാസം കാര്‍ത്തിക നക്ഷത്രിത്തിലേയ്ക്ക് ഉയര്‍ന്നു പോകുമ്പോള്‍ പാര്‍സി വംശജനായ ഒരാള്‍ അതിനെ ഭൂമിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയും വീണ്ടും ലോകത്ത് സ്ഥാപിക്കുകയും ചെയ്യും’

കുറേക്കൂടി വ്യക്തമായ ഒരു സൂചനയാണ് താഴെ കുറിക്കുന്ന ഈ ഹദീസില്‍ പറയപ്പെട്ടിട്ടുള്ളത്.

‘ജനങ്ങളില്‍ ആപത്തും നാശവും സംഭവിക്കുമ്പോള്‍ എന്റെ സമുദായത്തില്‍ നിന്ന് മഹ്ദിയെ എഴുന്നേല്‍പ്പിക്കുമെന്ന സുവിശേഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു.’ (മുസ്‌നദ് അഹ്മദ്)

ഇമാം മഹ്ദിയുടെ ആഗമനത്തെറ്റിയുള്ള സുവ്യക്തവും അര്‍ത്ഥപൂര്‍ണ്ണവുമായ ചില നബിവചനങ്ങള്‍ നമുക്കു ശ്രദ്ധിക്കാം.

‘ഏതൊരുവന്റെ കൈകളില്‍ എന്റെ ജീവന്‍ ഇരിക്കുന്നുവോ അവനാണെ സത്യം, നീതിമാനായ വിധികര്‍ത്താവായി ഈസ്‌നുമറിയം നിങ്ങളില്‍ പ്രത്യക്ഷപ്പെടും. അദ്ദേഹം കുരിശ് ഉടയ്ക്കുകയും പന്നിയെ കൊല്ലുകയും ചെയ്യും. ‘ (ബുഖാരി).

‘മഹ്ദിയല്ലാതെ ഈസയില്ല’ (ഇബ്‌നു മാജ)

‘എനിക്കും അദ്ദേഹത്തിനുമിടയില്‍ ഒരു നബിയില്ല. അദ്ദേഹം തീര്‍ച്ചയായും ഇറങ്ങും’ (അൂദാവൂദ്)

സഹീഹ് മൂസ്‌ലിമില്‍, വരാനിരിക്കുന്ന മസീഹിനോടു ‘നബി’ എന്ന പദം ചേര്‍ത്തു നാലുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

മഹ്ദിയുടെ ആവിര്‍ഭാവകാലം: ‘1240 വര്‍ഷം കഴിഞ്ഞാല്‍ അല്ലാഹു ഇമാം മഹ്ദിയെ എഴുന്നേല്‍പ്പിക്കും’ (അന്നജ്മുസ്സാഖിബ്)

രാജ്യം: ‘ഇമാം മഹ്ദി പ്രത്യക്ഷെടുന്നത് ഇന്ത്യയിലായിരിക്കും’ (അന്നജ്മുസ്സാഖിബ്)

സ്ഥലം: ‘ഖദ്അ’ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്ത് ഇമാം മഹ്ദി വെളിപ്പെടും. (റുവാഹിറുല്‍ അസ്‌റാര്‍)

വംശം: ‘പേര്‍ഷ്യന്‍ വംശജരായിരിക്കും’ (ബുഖാരി).

നാമം: ‘ഇമാം മഹ്ദിയുടെ നാമം’ അഹ്മദ് എന്നായിരിക്കും (അല്‍ഫത്താവാ ഹദീസിയ്യാ)

ജമാഅത്തിന്റെ പേര്: മഹ്ദിയുടെ ജമാഅത്തിന്റെ പേര് ‘അഹ്മദിയ്യാ ത്വരീഖത്ത്’ എന്നായിരിക്കും’ (മിര്‍കാത്ത് ശറഹുല്‍ മിശ്ക്കാത്ത്)

അല്ലാഹു പ്രവാചകന്മാരോട് കരാര്‍ വാങ്ങിയ ചില സന്ദര്‍ഭങ്ങളെപ്പറ്റിയും ഖുര്‍ആനിലുണ്ട്.

ഒന്ന് – ‘ഞാന്‍ നിങ്ങള്‍ക്ക് ഗ്രന്ഥവും ജ്ഞാനവും തന്നിരിക്കുന്നു. പിന്നെ നിങ്ങളുടെ അടുക്കലുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൂതന്‍ നിങ്ങളുടെ അരികില്‍ വരുന്നതായാല്‍ തീര്‍ച്ചയായും അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്.’

രണ്ട് – ‘ഓര്‍ക്കുക, നാം പ്രവാചകന്മാരില്‍ നിന്ന് അവരുടെ കരാര്‍ വാങ്ങിയ സന്ദര്‍ഭം. നിന്നില്‍ നിന്നും, നൂഹ് ഇബ്രാഹിം മൂസ ഈസ എന്നിവരുടെ പക്കല്‍ നിന്നും ദൃഢമായ കരാറത്രെ വാങ്ങിയത്.’

പ്രവാചകന്മാര്‍ വരുമ്പോള്‍ വിശ്വസിക്കണമെന്ന് തങ്ങളുടെ ജനതകളുടെ വക്താക്കളായ പ്രവാചകന്മാരോട് അല്ലാഹു കരാര്‍ വാങ്ങിയതായി മേലുദ്ധരിച്ച ആദ്യസൂക്തം പറയുന്നു. രണ്ടാമത്തെ സൂക്തത്തിലാവട്ടെ, അല്ലാഹു മുഹമ്മദ് നബി(സ) യോട് പ്രത്യേകം കരാര്‍ വാങ്ങിയതായും പറയുന്നു. റസൂല്‍ തിരുമേനി(സ)യ്ക്ക് ശേഷം വരുന്ന പ്രവാചകനെ മുസ്‌ലിംകള്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തിന് ബൈഅത്ത് ചെയ്യണമെന്നുമുള്ള ഒരു ഉടമ്പടിയെറ്റി താഴെ കുറിക്കുന്ന നബിവചനം വ്യക്തമായ സൂചന നല്‍കുന്നു.

‘മഹ്ദിയുടെ ആവിര്‍ഭാവമുണ്ടായാല്‍ നിങ്ങള്‍ മഞ്ഞിന്‍കട്ടമേല്‍ ഇഴഞ്ഞു ചെന്നായാല്‍പോലും അദ്ദേഹത്തില്‍ ബൈഅത്ത് ചെയ്യണ്ടതാണ്.’ (കന്‍സൂല്‍ ഉമ്മാല്‍)

സര്‍വമതങ്ങളിലും പ്രവചിക്കപ്പെട്ട പരിഷ്‌കര്‍ത്താവായിരുന്നു ഹദ്‌റത്ത് അഹ്മദ് (അ) മുസ്‌ലിംകള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, യഹൂദര്‍ക്കും, മാത്രമല്ല ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും കണ്‍ഫ്യൂഷിയസ്, സെറോസ്റ്റര്‍ മതക്കാര്‍ക്കും അവരുടെ ഗ്രന്ഥങ്ങളില്‍ യുഗാന്ത്യത്തില്‍ ആഗതനാവുമെന്നു പ്രവചിക്കപ്പെട്ട വാഗ്ദത്ത പുരുഷന്‍ ഹദ്‌റത്ത് അഹ്മദ് (അ) ആണെന്ന് ദൈവം അദ്ദേഹത്തിന് വെളിപ്പെടുത്തിക്കൊടുത്തു. എല്ലാ മതങ്ങളും ദൈവപ്രോക്തങ്ങളാണെന്ന് വിശ്വസിക്കുന്ന ഇസ്‌ലാം മതത്തില്‍ മാത്രമേ അത്തരമൊരു സാര്‍വ്വലൗകിക പ്രവാചകന്‍ വരാന്‍ സാധ്യതയുള്ളൂ. മുസ്ലിംകളുടെ മഹ്ദിയും മസീഹും ക്രിസ്ത്യാനികളുടെ മിശീഹായും ഹിന്ദുക്കളുടെ കല്‍ക്കിയും, ബുദ്ധ മതക്കാരുടെ മൈത്രേയനും താനാണെന്ന് അദ്ദേഹം വാദിച്ചു.

ഇമാം മഹ്ദിയുടെ അവതാരം സംബന്ധിച്ച് സുപ്രധാനവും സുനിശ്ചിതവുമായ രണ്ട് അടയാളങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതു സംബന്ധിച്ചുള്ള നബിവചനങ്ങള്‍ നമുക്കു ശ്രദ്ധിക്കാം.

‘നമ്മുടെ മഹ്ദിക്ക് രണ്ട് അടയാളങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ആകാശഭൂമികള്‍ ഉണ്ടായതു മുതല്‍ ഇത്തരത്തിലുള്ള അടയാളം (മറ്റൊരു ദിവ്യാത്മാവിനു വേണ്ടിയും) ഒരു കാലത്തും പ്രത്യക്ഷെട്ടിട്ടില്ല. അതായത്, ചന്ദ്രന് റംസാന്‍ മാസത്തില്‍ (ഗ്രഹണത്തിനായി നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ 13, 14, 15) പ്രഥമരാത്രിയിലും, സൂര്യന് ഗ്രഹണത്തിനായി നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ 27, 28, 29) മദ്ധ്യപകലിലും ഗ്രഹണമുണ്ടാകുന്നതാണ്’ (ദാറുഖുത്‌നി)

ഹിജ്‌റ 1311ലെ റംസാന്‍ മാസത്തില്‍ ചന്ദ്രന് ഗ്രഹണം ബാധിക്കുന്ന രാത്രികളില്‍ പ്രഥമ രാത്രിയായ 13ന് (മാര്‍ച്ച് 21, 1894) ചന്ദ്രഗ്രഹണവും, സൂര്യന് ഗ്രഹണം സംഭവിക്കുന്ന ദിവസങ്ങളില്‍ നടുവിലത്തെ ദിവസമായ 28ന് (ഏപ്രില്‍ 6, 1894) സൂര്യഗ്രഹണവും സംഭവിച്ചു. ഈ അടയാളങ്ങള്‍ അടുത്തവര്‍ഷം അമേരിക്കന്‍ ഭൂഖണ്ഡത്തിലും ആവര്‍ത്തിക്കുകയുണ്ടായി.

ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്മദ്(അ) മഹ്ദീ മസീഹ് വാദം പുറപ്പെടുവിച്ച് അഞ്ചു വര്‍ഷത്തിനുശേഷം അദ്ദേഹത്തെ തിരിച്ചറിയാന്‍ തിരുനബി(സ) നിര്‍ദ്ദേശിച്ച ഈ അടയാളങ്ങള്‍ കൃത്യസമയത്തുതന്നെ പുലരുകയായിരുന്നു. അങ്ങനെ ഇമാം മഹ്ദി അവതരിച്ചു. വിശുദ്ധ ഖുര്‍ആനിലും റസൂല്‍ തിരുമേനി(സ)യുടെ വചനങ്ങളിലുമുള്ള പ്രവചനങ്ങളുടെ നിറവില്‍ ഇസ്‌ലാം മതത്തില്‍ ആഗോളവിജയത്തിനായി ഇമാം മഹ്ദിയും മസീഹുമായി അല്ലാഹു ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി(അ)യെ നിയോഗിച്ചു.  ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ ഖാദിയാന്‍ എന്ന ഗ്രാമത്തിലെ പുരാതനവും കുലീനവുമായ പേര്‍ഷ്യന്‍ കുടുംത്തില്‍ 1835 ഫെബ്രുവരി 13ന് അദ്ദേഹം ഭൂജാതനായി. 1908 മെയ് 26നാണ് അദ്ദേഹം ദിവംഗതനായത്.