മുഹമ്മദ് നബി(സ) യുമായുള്ള വിവാഹം നടക്കുമ്പോൾ ആയിഷ(റ) യുടെ പ്രായം ആറ് ആയിരുന്നോ?

വിവാഹത്തിനുള്ള യഥാർത്ഥ പ്രായം ഏതാണ്?

അവലമ്പം: അൽഇസ്ലാം.ഒർഗ് 

ഇസ്ലാമിക അധ്യാപനങ്ങൾ സുവ്യക്തമാണ്. ശാരീരികമായി പക്വത പ്രാപിച്ച പുരുഷനും സ്ത്രീയും തമ്മിൽ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതിനെയാണ് ഇസ്ലാം അനുവദനീയമാക്കിയിട്ടുള്ളത്. അതായത്, സ്ത്രീയും പുരുഷനും വിവാഹപ്രായം എത്തിയിരിക്കണമെന്ന് മാത്രമല്ല, അവരുടെ വിവാഹത്തിനുള്ള അവരുടെ സമ്മതം സ്വതന്ത്രമായി കൈക്കൊണ്ടതുമായിരിക്കണം. സ്ത്രീകളുടെ ഇഷ്ടത്തിനെതിരായി അവരെ വിവാഹത്തിന് നിർബന്ധിക്കരുതെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു:

“വിശ്വസിച്ചവരെ, സ്ത്രീകളെ നിർബന്ധപൂർവം അനന്തരാവകാശമായി സ്വീകരിക്കുന്നത് നിങ്ങൾക്ക് അനുവദനീയമല്ല.” (വിശുദ്ധ ഖുർആൻ 4:20)

ഇതു ലളിതവും ഋജുവായ കാര്യവുമാണ്. ചില രാജ്യങ്ങളിലെ നിയമത്തിൽ പറഞ്ഞിട്ടുള്ള വിവാഹപ്രായത്തെ അതാത് രാജ്യങ്ങളിലുള്ളവർ പാലിക്കേണ്ടതും ബഹുമാനിക്കേണ്ടതുമാണ്.

വിവാഹ സമയത്ത് ആയിഷയുടെ പ്രായം ആറല്ല, മറിച്ചു പന്ത്രണ്ടോ പതിമൂന്നോ ആയിരുന്നുവെന്നു നിവേദനങ്ങൾ സൂചിപ്പിക്കുന്നു. ഈ ആധുനിക യുഗത്തിൽ വികസിത രാജ്യങ്ങൾ പോലും അംഗീകരിക്കാൻ മടി കാണിക്കാത്ത ഒരു പ്രായമാണത്. ആറ് വയസ് മാത്രമുള്ളപ്പോഴാണ് ആയിഷയെ പ്രവാചകൻ വിവാഹം ചെയ്തതെന്ന വിചിത്ര വാദമാണ് പല സമകാലിക നിരൂപകരും കൈക്കൊണ്ടിരിക്കുന്നത്. മാതാപിതാക്കളുടെ സമ്മതത്തോടെ ആയിഷ വിവാഹത്തിന് സമ്മതം മൂളിയത് തന്റെ പതിനഞ്ചാമത്തെ വയസ്സിലാണെന്നും ചില നിവേദനങ്ങൾ സൂചിപ്പിക്കുന്നു. മറ്റു ചില നിവേദനങ്ങളിൽ അത് പത്തൊമ്പത്തോ ഇരുപതോ വയസ്സ് ആണ്. വ്യത്യസ്തങ്ങളായ പല ചരിത്രരേഖകളും ഈ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്.

ഇസ്ലാമിക ചരിത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നതിനു മുൻപ്, വിവാഹപ്രായം നിശ്ചയിക്കുന്നത് കാലത്തെയും സംസ്കാരത്തെയും, മതത്തെയും ആധാരമാക്കിയല്ലയെന്നും, മറിച്ചു സാമൂഹികമായ മാനദണ്ഡങ്ങൾ പ്രകാരമാണെന്നും നാം മനസിലാക്കേണ്ടതുണ്ട്.

യേശുവിന്റെ മാതാവായ മറിയമിനെ(അ) പറ്റി കാത്തലിക്ക് എൻസൈക്ലോപീഡിയ പറയുന്നത് നോക്കുക: “പന്ത്രണ്ടോ പതിനാലോ വയസുള്ള മേരിയെ വിവാഹം ചെയ്യാൻ ജൂതായിൽ നിന്നുള്ള ഒരു ബഹുമാന്യനായ വ്യക്തിയെ ആവശ്യമുണ്ടെന്ന് പുരോഹിതന്മാർ പ്രഖ്യാപിക്കുകയുണ്ടായി. തൊണ്ണൂറ് വയസ്സ് പ്രായമുള്ള ജോസഫും ഒരു മത്സരാർത്ഥിയായി ജെറുസലേമിലെത്തി. എന്തെന്നാൽ, ദൈവം ജോസഫിനെ തിരഞ്ഞെടുത്തുവെന്ന അത്ഭുതത്തിന്റെ പുലർച്ചയായിരുന്നു അത്. രണ്ടു വർഷത്തിന് ശേഷം പ്രഖ്യാപനവും നടന്നു.1

“തന്റെ പുത്രി പ്രായപൂർത്തിയാൽ ഉടനെ തന്നെ അവളെ വിവാഹം കഴിപ്പിക്കേണ്ടതാണ്. അതിനി ഒരു അടിമയുമായി ആയാലും ശരി” എന്നാണ് തൽമൂദ് നിർദേശിക്കുന്നത്. 

വിവാഹ സംബന്ധിയായ ചില മാർഗോപദേശങ്ങളും തൽമൂദ് സമർപ്പിക്കുന്നുണ്ട്. തൽമൂദിൽ ഇപ്രകാരം പറയുന്നു: “മൂന്നു വർഷവും ഒരു ദിവസവും പ്രായമായ കന്യകയായ പെൺകുട്ടിയെ വിവാഹത്തിലൂടെ സ്വന്തമാക്കാവുന്നതാണ്. എന്നാൽ അവളുടെ മരണപ്പെട്ട ഭർത്താവിന്റെ സഹോദരൻ അവളുമായി ബന്ധം പുലർത്തിയാൽ, ആ പെൺകുട്ടി അവന്റേതായി മാറുന്നു.” 

പന്ത്രണ്ടോ പതിനാലോ വയസുള്ള മേരി തൊണ്ണൂറ് വയസ്സുള്ള ജോസഫിനെ വിവാഹം കഴിച്ചുവെന്ന് കാത്തലിക്ക് എൻസൈക്ലോപീഡിയ പറയുമ്പോൾ, വെറും മൂന്ന് വയസ്സുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ തൽമുദ് അനുവദിക്കുന്നു. ഇത് ക്രിസ്തുമതത്തിനും ജൂതമതത്തിനും നേരെയുള്ള അക്രമം ആയി തോന്നുന്നില്ലായിരിക്കാം. എന്നാൽ പാശ്ചാത്യ ലോകത്തെ വിവാഹ നിയമങ്ങൾ പഠിച്ചു നോക്കൂ.

നൂറ്റാണ്ടുകളായി സ്കോട്ട്ലാൻഡിൽ പന്ത്രണ്ടു വയസായിരുന്നു വിവാഹസമ്മതപ്രായം. മാതാപിതാക്കളുടെ സമ്മതം അവിടെ ആവശ്യമില്ലതാനും. 1929 ൽ മാത്രമാണ് വയസ്സ് 16 ആയി ഉയർത്തിയത്. ഇന്നത്തെ അമേരിക്കയിൽ പോലും നബിയുമായുള്ള ആയിഷയുടെ വിവാഹം നടന്ന പ്രായം നിയമപരമായാണ് കണക്കാക്കുന്നത്. ഉദാഹരണത്തിന്, ന്യൂ ഹാംപ്‌ഷയറിൽ മാതാപിതാക്കളുടെ സമ്മതത്തോടു കൂടി പെൺകുട്ടികൾക്ക് വിവാഹം കഴിക്കാവുന്ന ഔദ്യോഗിക പ്രായം പതിമൂന്നാനെന്നിരിക്കെ മസ്സാച്ചുസെറ്റ്സിൽ അത് പന്ത്രണ്ടാണ്. മിസ്സിസ്സിപ്പിയിലും കാലിഫോർണിയയിലും മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ പെൺകുട്ടിയുടെ പ്രായം ഒരു വിഷയമേ അല്ല 2.

എന്നിരുന്നാലും, അമേരിക്കൻ സ്റ്റേറ്റ് നിയമങ്ങൾ പത്തൊൻപതോ ഇരുപതോ നൂറ്റാണ്ടുകളിൽ പാസാക്കിയവ ആണെന്നും, ഇന്ന് പന്ത്രണ്ടോ പതിമൂന്നു വയസുള്ള കുട്ടികളെ അവിടെ ആരും വിവാഹം കഴിപ്പിച്ചു അയക്കാറില്ലെന്നുമുള്ള വസ്തുതയും അംഗീകരിക്കാവുന്നതാണ്. ഈ അടുത്ത കാലത്തു പോലും പന്ത്രണ്ടോ പതിമൂന്നോ വയസ് മാത്രം പ്രായമുള്ള കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് തെറ്റായി കാണാതെ ഒരു മാഹാത്മ്യമായി കണ്ട ജനതയാണ് അവർ എന്ന് സൂചിപ്പിക്കുക മാത്രമാണ് ഇതിലൂടെ ഉദ്ദേശിച്ചത്. എന്ന് കരുതി ആ വിവാഹപ്രായം തിരികെ കൊണ്ടുവരണമെന്ന വാദമായി അതിനെ കാണാനും കഴിയുകയില്ല. മറിച്ചു, നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ഘടനയ്ക്ക് അനുസൃതമായി മാറുന്ന ഒന്നാണ് വിവാഹപ്രായമെന്നാണ് ഇതിലൂടെ സ്ഥാപിതമാവുന്നത്. അല്ലാതെ, സാങ്കല്പിക ഉദ്ദേശങ്ങളെയോ സമകാലികമായ നിലവാരത്തെയോ അടിസ്ഥാനപ്പെടുത്തിയല്ല. അതിനാൽ തന്നെ, പതിനഞ്ചു വയസ്സ് പ്രായമുള്ള ആയിഷയെ പ്രവാചകൻ വിവാഹം കഴിച്ചതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുന്നവർ പഴയ നിയമത്തെയും, പുതിയ നിയമത്തെയും, യൂറോപ്പിനെയും അമേരിക്കയേയുമെല്ലാം വിമർശിക്കാൻ ബാധ്യസ്ഥരാണ്.

അമേരിക്കൻ വിവാഹനിയമങ്ങൾ പ്രകാരം ശൈശവ വിവാഹം തെറ്റല്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം. എഡി രണ്ടായിരത്തിന് ശേഷം ഏകദേശം രണ്ടു ലക്ഷത്തോളം ശൈശവ വിവാഹങ്ങൾ അമേരിക്കയിൽ നടന്നിട്ടുണ്ട്.

പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ പോലും അതിനു ഇരകളാണ്. വ്യക്തമായ അറിവില്ലാതെ പ്രവാചകൻ തെറ്റുകാരനാണെന്ന് വിധിക്കുന്ന വിമർശകർ, അമേരിക്കയിലെ രേഖപ്പെടുത്തപ്പെട്ട ശൈശവ വിവാഹങ്ങളുടെ കണക്കുകൾ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മെ ഞെട്ടിക്കുന്നു. കാലവും സംസ്കാരവും പരിഗണിക്കുമ്പോൾ, മുഹമ്മദ് നബി(സ) ആയിഷയെ വിവാഹം കഴിച്ചത് അസാധാരണമായി കാണാനേ സാധിക്കില്ല. മാത്രമല്ല, വിവാഹ സമയത്ത് ഹസ്രത്ത് ആയിഷ(റ) യുടെ പ്രായം ആറ് വയസായിരുന്നുവെന്ന വാദം തികച്ചും വസ്തുതാവിരുദ്ധവുമാണ്.

ഹദീസിന്റെ സാധുത പരിശോധിക്കുമ്പോൾ, എത്ര ഹദീസ് ആഖ്യാതാക്കൾക്ക് തങ്ങളുടെ ഹദീസുകളെ നബിയുമായോ, ആയിഷയുമായോ, മറ്റു സഹാബാക്കളുമായോ ബന്ധപ്പെടുത്തി പറയാൻ സാധിക്കുന്നുണ്ട് എന്നത് നോക്കേണ്ടതാണ്. ഏറ്റവുമധികം ആഖ്യാതാക്കൾ യോജിക്കുന്ന നിവേദനങ്ങളെയാണ് സാധുവായ ഹദീസുകളായി പരിഗണിക്കുക.
വിവാഹസമയത്ത് ആയിഷ കൗമാരപ്രായത്തിലായിരുന്നു എന്ന് തെളിയിക്കുന്ന ഒരുപാട് ഹദീസുകൾ കണ്ടെത്താൻ നമുക്ക് സാധിക്കുമ്പോൾ, പ്രായം ആറാണെന്ന് സമർഥിക്കുന്ന ഹദീസുകൾ വിരളമായി മാത്രമേ കാണാൻ സാധിക്കൂ. മുഹമ്മദ് നബി(സ) യുമായുള്ള വിവാഹത്തിന് സമ്മതം മൂളുമ്പോൾ ആയിഷക്ക് പതിനഞ്ചിന്റെയും ഇരുപതിന്റെയും ഇടയിലായിരുന്നു പ്രായം എന്ന് തെളിയിക്കുന്ന ഒരുപാട് ഹദീസുകളും ചരിത്ര സംഭവങ്ങളും ഉണ്ട്. ഇവയെല്ലാം വിമർശകർ കണ്ടില്ലെന്ന് നടിക്കുന്നു. ഏതായാലും, വിവാഹസമയത്ത് പതിനഞ്ചിന്റെയും ഇരുപതിന്റെയും ഇടയിലായിരുന്നു ആയിഷയുടെ പ്രായം എന്ന് തെളിയിക്കുന്ന ചില വാദങ്ങൾ ചുവടെ ചേർക്കാം:

  1. ഹസ്‌റത്ത് ആയിഷ(റ) ഹസ്‌റത്ത് അബൂബക്കറി(റ) ന്റെ മകളാണ്. തബരിയിലെ വിശദീകരണം ഇങ്ങനെയാണ്: ” അബൂബക്കറിന് രണ്ടു പത്നിമാരിലായി ഉണ്ടായിരുന്ന നാല് മക്കളും ജനിച്ചത് ഇസ്ലാം സ്ഥാപിതമാവുന്നതിനു മുൻപാണ് (അതായത് ഏഡി 610 നു മുൻപ്)”. ഹിജ്റക്ക് (മക്കയിൽ നിന്ന് മദീനയിലേക്ക് നടത്തിയ പലായനം) ഒരു വർഷത്തിന് ശേഷമാണ് അയിഷയും നബി(സ) യും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഏഡി 609 ലാണ് ആയിഷ ജനിച്ചതെന്നു കണക്കാക്കിയാൽ പോലും വിവാഹസമയത്ത് അവർക്ക് പതിനഞ്ചു വയസിൽ കുറയാതെ പ്രായമുണ്ടായിരിക്കും എന്ന കാര്യം ഇതിൽ നിന്ന് വ്യക്തമാണ്. കാരണം, കണക്കുകൾ നിരത്തി പരിശോധിക്കുമ്പോൾ ഹിജ്‌റ സമയത്തു അവർക്ക് കുറഞ്ഞത് പതിനാലു വയസെങ്കിലും പ്രായം ഉണ്ടാവേണ്ടത് അനിവാര്യമാണ്. വിമർശകർ കൊട്ടിഘോഷിക്കുന്ന ആറ് വയസ്സിൽ നിന്ന് എത്രയോ അകലെയാണ് ഈ പ്രായം. 4
  2. ആയിഷയുടെ മൂത്ത സഹോദരിയായ ഹസ്‌റത്ത് അസ്മ(റ), ആയിഷയെക്കാൾ പത്തു വയസിനു മുതിർന്നതായിരുന്നുവെന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തുന്നു. ‘തഹ്സിബുത്ത് തഹ്സിബ്’, ‘അൽ ബിദായാ വ അന്നിഹായാ’ എന്നീ ഗ്രന്ഥങ്ങൾ പ്രകാരം ഹസ്‌റത്ത് അസ്മ(റ) അവരുടെ നൂറാമത്തെ വയസിലാണ് മരണപ്പെട്ടത്. അതായത് ഹിജ്‌റ 73 ൽ (ഏഡി 695 ൽ). അതിനർത്ഥം ഹിജ്‌റയുടെ സമയത്തു അസ്മയുടെ പ്രായം ഇരുപത്തിയേഴിൽ കുറയുകയില്ലയെന്നാണ്. അങ്ങനെ ആണെന്നിരിക്കെ, ഹിജ്‌റ ഒന്നാം വർഷത്തിൽ ആയിഷയുടെ വിവാഹം നടക്കുമ്പോൾ അസ്മക്ക് പ്രായം ഇരുപത്തിയെട്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ആയിഷക്ക് വിവാഹസമയത്ത് പതിനെട്ടോ പത്തൊൻപതോ വയസ്സ് പ്രായമുണ്ടെന്ന കാര്യം സ്പഷ്ടമാണ്.5,6
  3. മുഹമ്മദ് നബി(സ) യുടെ ജീവിതകാലത്തോ അതിനു ശേഷമോ അദ്ദേഹത്തിന്റെ ശത്രുക്കൾ ആരും തന്നെ ഈ വിവാഹത്തെ എതിർത്തിരുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. പ്രവാചകനെ കരിവാരി തേക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത ആ വ്യക്തികൾ ആരും തന്നെ ഈ വിവാഹം അനുചിതമാണെന്ന് അഭിപ്രായപ്പെട്ടിരുന്നില്ല. എന്ത് കൊണ്ടായിരിക്കും? പക്വത എത്തിയ രണ്ടു വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ നടന്ന വിവാഹത്തിൽ എതിർക്കാനായി ഒന്നും തന്നെ കണ്ടെത്താൻ സാധിക്കില്ല എന്നത് തന്നെയാണ് അതിനുള്ള ഉത്തരം.നബിയുടെ വ്യക്തിത്വത്തെയും പ്രവൃത്തികളെയും വിലയിരുത്താൻ അക്കാലത്തുണ്ടായിരുന്ന ശത്രുക്കളേക്കാൾ യോഗ്യത 1400 വർഷങ്ങൾക്കിപ്പുറം ജീവിക്കുന്ന സമകാലിക വിമർശകർക്കാണ് എന്ന് കരുതുന്നത് എത്ര മാത്രം പരിഹാസ്യമായ കാര്യമാണ്.

വിശുദ്ധ ഖുർആൻ പാരായണം ചെയുമ്പോൾ പ്രവാചകൻ സ്വയം പറയുന്നതായി പറയപ്പെടുന്ന വാക്ക്യങ്ങൾ ശ്രദ്ധിക്കുക:

“ഇതിനു മുൻപൊരു ദീർഘകാലം ഞാൻ നിങ്ങളുടെ ഇടയിൽ ജീവിച്ചിട്ടുണ്ടല്ലോ. എന്നിട്ടും നിങ്ങൾ [കാര്യങ്ങൾ] ഗ്രഹിക്കുന്നില്ലേ?” – വിശുദ്ധ ഖുർആൻ (10:17)

നബിയുടെ ജീവിതത്തിലേക്ക് നോക്കാൻ മാത്രമല്ല ഈ ആയത്തിലൂടെ എതിരാളികളോട് ആവശ്യപ്പെടുന്നത്. മറിച്ചു, തന്റെ സ്വഭാവത്തിൽ എന്തെങ്കിലും കുഴപ്പമോ, ജീവിതത്തിൽ കാണിച്ച ഒരു അനീതിയോ, പറഞ്ഞ ഏതെങ്കിലും കള്ളമോ എടുത്തു കാണിക്കാൻ ഈ വചനത്തിലൂടെ പ്രവാചകൻ അവരെ വെല്ലുവിളിക്കുന്നു. പ്രവാചകത്വ വാദത്തിന് മുൻപോ പിൻപോ ആയാലും ശരി, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏതെങ്കിലും പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ ഒരു മിത്രത്തിനോ ശത്രുവിനോ ആയിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. അദ്ദേഹം നേരിട്ട വിമർശനങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വമോ പ്രവൃത്തികളോ കാരണമായുണ്ടായതല്ലെന്നും, പ്രവാചകത്വ വാദം കാരണമായിരുന്നു എന്നും ചരിത്രം കാണിച്ചു തരുന്നു. മാതൃകാപരമായ കുറ്റമറ്റ ജീവിതമാണ് ഹസ്രത്ത് മുഹമ്മദ്‌ മുസ്തഫ (സ) നയിച്ചതെന്ന് തുറന്നു കാട്ടുന്ന വാദമാണിത്. എന്തിനേറെ പറയുന്നു, പ്രവാചകത്വത്തിന്റെ പേരിൽ അദ്ദേഹത്തെ വധിക്കാൻ നടന്നിരുന്ന ശത്രുക്കൾക്ക് പോലും അദ്ദേഹത്തിന്റെ ജീവിതരീതികളിലോ പെരുമാറ്റത്തിലോ യാതൊരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

വിമർശകർ കണ്ടില്ലെന്ന് നടിക്കുന്ന തെളിവുകളാണ് മുകളിൽ പറഞ്ഞത്. ആയിഷ(റ) കുട്ടി ആയിരുന്നപ്പോഴാണ് നബി(സ) അവരെ വിവാഹം ചെയ്തത് എന്ന ആക്ഷേപത്തെ തച്ചുടക്കാൻ പോന്ന മറ്റനവധി തെളിവുകൾ ചരിത്ര രേഖകളിലും ഹദീസുകളിലുമായി നമുക്ക് കാണാം. എന്നിരുന്നാലും, സ്വന്തം തീരുമാനത്താൽ മുഹമ്മദ് നബി(സ)യെ വിവാഹം ചെയ്ത പക്വതയെത്തിയ മഹിളാരത്നമായിരുന്നു ആയിഷ(റ) യെന്ന് സ്ഥാപിക്കാൻ മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ തന്നെ മതിയാവുന്നതാണ്.

റെഫറൻസ്

  1. A year after his wife’s death, as the priests announced through Judea that they wished to find in the tribe of Juda a respectable man to espouse Mary, then twelve to fourteen years of age. Joseph, who was at the time ninety years old, went up to Jerusalem among the candidates; a miracle manifested the choice God had made of Joseph, and two years later the Annunciation took place. https://www.newadvent.org/cathen/08504a.htm
  2. https://www.findlaw.com/family/marriage/state-by-state-marriage-age-of-consent-laws.html
  3. Chris Baynes, “More than 200,000 children married in US over the last 15 years,” available at http://www.independent.co.uk/news/world/americas/200000-children-married-us-15-years-child-marriage-child-brides-new-jersey-chris-christie-a7830266.html
  4. Al-Tabari, Tarikh al-umam wal-mamloo’k, vol. 4 (Beirut: Dar al-fikr, 1979), 50.
  5. Imam Az-Zahabi, Siyar A`la’ma’l-nubala’, vol. 2 (Beirut: Mu’assasatu’l-risala’h, 1992), 289.
  6. Ibn-e-Kathir, Al-Bidaayah wa an-Nan-Nihaayah, vol. 8 (Al-jizah: Dar al-fikr al-`arabiy, 1933), 371–372.
  7. Did Muhammad marry Aisha when she was only six years old? – True Islam Site