ദർസ് 80 : പരീക്ഷണങ്ങള്‍ അനിവാര്യം (തുടര്‍ച്ച)

പ്രയാസങ്ങൾ വരേണ്ടതും അനിവാര്യമാണ്. നോക്കുക, അയ്യൂബ് (അ) ന്‍റെ വൃത്താന്തങ്ങളില്‍ രേഖപ്പെട്ടിരിക്കുന്നു, പലതരത്തിലുള്ള യാതനകള്‍ അദ്ദേഹത്തിനു നേരിടേണ്ടിവരികയും പര്‍വ്വതസമാനമായ പ്രയാസങ്ങള്‍ അദ്ദേഹത്തിനുമേൽ ഇറങ്ങുകയും ചെയ്തു. അദ്ദേഹം സബ്റിന്‍റെ കോന്തല മുറുകെപ്പിടിച്ചു. എന്‍റെ ജമാഅത്തെങ്ങാനും കേവലമൊരു ഉണങ്ങിയ അസ്ഥിപഞ്ജരം പോലെ ആയിത്തീർന്നേക്കുമോ എന്ന ആശങ്ക എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ചിലര്‍ കത്തെഴുതുമ്പോള്‍ എനിക്കതില്‍നിന്ന് അവരുടെ നിയ്യത്ത് മണത്തറിയാന്‍ സാധിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി ദുആ ചെയ്യണം, ഞങ്ങള്‍ അല്ലാഹുവിന്‍റെ പ്രീതരായിത്തീരട്ടെ! അങ്ങനെയാകുമാറാകട്ടെ! ഇങ്ങനെയാകുമാറാകട്ടെ! എന്ന് തുടങ്ങി കത്തിന്‍റെ ആരംഭത്തില്‍ വലിയ കാര്യങ്ങളൊക്കെ നീട്ടിവലിച്ചെഴുതും. കത്തിനൊടുവില്‍, ഇന്നയൊരു കോടതികേസിന്റെ വിചാരണയുണ്ട് അതില്‍ വിജയിക്കാല്‍ തീര്‍ച്ചയായും ദുആ ചെയ്യണം എന്നുകൂടി എഴുതുന്നു. യഥാര്‍ഥത്തില്‍ കത്തെഴുതിയതിന്‍റെ പ്രധാന ഉദ്ദേശ്യം പ്രസ്തുത കേസിന്‍റെ വിജയമായിരുന്നു. പ്രത്യുത അല്ലാഹുവിന്‍റെ പ്രീതിയായിരുന്നില്ലെന്ന് സ്പഷ്ടമാണ്.
 
നല്ലപോലെ ഗ്രഹിക്കുക!  അല്ലാഹു തആല (തന്റെ രീതി) രണ്ടുതരത്തിലാണ് വിഭജിച്ചിരിക്കുന്നത്, ചിലവേളകളില്‍ അവനുദ്ദേശിച്ചത് നമ്മെ കൊണ്ട് അംഗീകരിപ്പിക്കുന്നു. മറ്റൊരുവേള നമ്മുടെ കാര്യങ്ങള്‍ അവനും അംഗീകരിക്കുന്നു. സര്‍വ്വദാ മനുഷ്യനുദ്ദേശിച്ച രീതിയില്‍ തന്നെ കാര്യങ്ങള്‍ നടക്കണമെന്ന് വാശിപിടിച്ചാല്‍ അത് ഒരിക്കലും സംഭവ്യമല്ല. അല്ലാഹുവിന്‍റെ ഉദ്ദേശ്യങ്ങള്‍ മനുഷ്യന്‍റെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് സംഭവിക്കുന്നതെന്ന് കരുതുകയാണെങ്കില്‍ പിന്നെ പരീക്ഷണങ്ങളൊന്നും തന്നെ ഇല്ലാതായിത്തീരുന്നു. ഏതൊരുവനാണ് ആഡംബരങ്ങളും സുഖങ്ങള്‍ക്കുമിടയില്‍ നിന്ന് ദുഃഖത്തില്‍ മുഴുകാന്‍ സ്വയം ആഗ്രഹിക്കുക? മൂന്നുനാലു ആണ്‍കുട്ടികളുള്ള ഒരുവന്‍ അവരൊക്കെ മരണപ്പെട്ടുകൊള്ളട്ടെ എന്നാഗ്രഹിക്കുമോ? തന്‍റെ എല്ലാ സുഖസൗകര്യങ്ങളും കഷ്ടതകളിലേക്ക് പരിണമിക്കട്ടെ എന്ന് ആരാണ് ഇച്ഛിക്കുക? ചുരുക്കത്തില്‍, അല്ലാഹുവിന്‍റെ പരീക്ഷണങ്ങള്‍ ഒന്നുകില്‍ മനുഷ്യന്‍റെ ഉയര്‍ച്ചക്കുവേണ്ടിയോ അല്ലെങ്കില്‍ മനുഷ്യന്റെ ദുര്‍മഹത്വം വെളിപ്പെടുത്താനോ വേണ്ടിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നിരവധി ജനങ്ങള്‍ പരീക്ഷണഘട്ടത്തില്‍ പലതരത്തിലുള്ള കാര്യങ്ങള്‍ മെനയാൻ തുടങ്ങുന്നു. വ്യര്‍ഥമായ ഊഹാപോഹങ്ങളിലും സംശയങ്ങളിലും അകപ്പെടുന്നു. എന്നാല്‍ സത്യാവസ്ഥ ഇതാണ്, ‘ഫീ ഖുലൂബിഹിം മറദുന്‍ ഫസാദഹുമുല്ലാഹു മറദാ വലഹും അസാബുന്‍ അലീമുന്‍ ബിമാ കാനൂ യക്സിബൂൻ’ (അവരുടെ ഹൃദയങ്ങളില്‍ ഒരു രോഗമുണ്ട്. തന്മൂലം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിച്ചു കൊടുക്കുകയുമുണ്ടായി. നുണ പറയുന്നതുകൊണ്ട് കഠിന ശിക്ഷയാണവര്‍ക്കുള്ളത് – അല്‍ബക്കറ 11).

ഓര്‍ക്കുക, അല്ലാഹുവിനോടൊപ്പം നിലകൊള്ളുക എന്നതാണ് അത്യന്തം ശ്രേഷ്ഠകരമായ കാര്യം. ഒരു സന്തതിയും സമ്പത്തും ഇല്ലാതെവന്നാൽ പോലും അല്ലാഹുവാണ് ഏറ്റവും വലിയ സമ്പാദ്യം. അവന്‍ തന്‍റേതായി നിലകൊള്ളുന്നവരെ ഇന്നേവരെ നാശത്തിനിരയാക്കിയിട്ടില്ല.  അവന്‍റെ പരീക്ഷണഘട്ടത്തില്‍ സ്ഥൈര്യത്തോടെയും ധൈര്യത്തോടെയും കാര്യങ്ങളെ മുന്നോട്ട് നയിക്കേണ്ടതാണ്. ഓര്‍മ്മിക്കുക, പരീക്ഷണം തന്നെയാണ് മനുഷ്യന് വലിയ വലിയ സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കുന്ന ഒരു ഉപാധി. മനുഷ്യന്‍റെ കേവല നമസ്കാരങ്ങളും ദുനിയാവിന് വേണ്ടിയുള്ള മലക്കം മറിച്ചിലുകളും ഒന്നും തന്നെയല്ല. സത്യവിശ്വാസി അല്ലാഹുവിന്‍റെ വിധികളിലും നിര്‍ണ്ണയങ്ങളിലും തെല്ലും പരാതിപ്പെടാതിരിക്കേണ്ടതാണ്. വിധികളില്‍ സംതൃപ്തനായി പ്രവൃത്തിക്കാന്‍ പഠിച്ചുകൊള്‍വിന്‍. എന്റെ അഭിപ്രായത്തിൽ അങ്ങനെ പ്രവര്‍ത്തിക്കുന്നവനാരോ അവന്‍ തന്നെയാണ് സിദ്ധീക്ക്, ശഹീദ്, സ്വാലിഹ് എന്നിവരില്‍ ഉള്‍പ്പെട്ടവര്‍. ജീവനേക്കാള്‍ വലിയ ഒരുകാര്യവുമില്ല. അതിനെത്തന്നെ ദൈവമാര്‍ഗ്ഗത്തില്‍ പരിത്യജിക്കാന്‍ സദാ സന്നദ്ധനായി നില്‍ക്കേണ്ടതാണ്. ഇതുതന്നെയാണ് നാം സ്വയം ആഗ്രഹിക്കുന്ന കാര്യവും.

(മല്‍ഫൂദാത്ത് 16/09/1907)