ദർസ് 89 : ആകസ്മികമായി വരുന്ന മരണത്തെ കരുതിയിരിക്കുക

ദുഹറിന് ശേഷം അസർ സമയം വരെ ജീവിച്ചിരിക്കുമെന്ന് ആർക്ക് പറയാൻ സാധിക്കും? ചില നേരങ്ങളിൽ പെട്ടെന്ന് മനുഷ്യന്റെ രക്തോട്ടം നിലക്കുകയും മരണമടയുകയും ചെയ്യുന്നു. ചിലപ്പോൾ ആരോഗ്യദൃഢഗാത്രരായവർ പോലും ആകസ്മികമായി മൃതിയടയുന്നു. [അക്കാലത്തെ ചിലരുടെ ഉദാഹരണങ്ങൾ വിവരിച്ച ശേഷം ഹുസൂർ(അ) തുടർന്ന് പറയുന്നു:] ചുരുക്കിപ്പറഞ്ഞാൽ, അന്ത്യനിമിഷത്തിന്റെ ആഗമനത്തെ സംബന്ധിച്ച് യാതൊരു നിശ്ചയവുമില്ല. അതിനാൽ അശ്രദ്ധയോടെ അതിനെ കാണാതിരിക്കുക. ദീനിനോട് കാണിക്കുന്ന സഹതാപം മഹത്തരമായതാണ്. അത് ‘സകറാത്തുൽ മൗത്തിന്റെ’ (പ്രാണവേദനയുടെ) നേരത്ത് നിർഭയാവസ്ഥ നിലനിർത്തുന്നു. വിശുദ്ധ ഖുർആനിൽ വന്നിരിക്കുന്നു, ‘ഇന്ന സൽസലതസ്സാഅതി ശൈഉൻ അദ്വീം’ [നിശ്ചയമായും ആ പ്രകമ്പനനേരം അത്യുഗ്രം തന്നെയാണ്] സാഅത്ത് കൊണ്ടുള്ള വിവക്ഷ ഖിയാഅമത്തും ആകാമെന്നുള്ളതിൽ നമുക്ക് തർക്കമില്ല. എന്നാൽ ഇതിൽ ‘സകറാത്തുൽ മൗത്ത്’ തന്നെയാണ് അർത്ഥമാക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാൽ അത് പരിപൂർണ്ണ വിശ്ലേഷ നിമിഷമാകുന്നു. മനുഷ്യൻ തന്റെ പ്രേമഭാജനങ്ങളിൽനിന്നും പ്രീതിപാത്രങ്ങളിൽനിന്നും ആകസ്മികമായി അകറ്റപ്പെടുന്നു. അന്നേരം ആശ്ചര്യകരമായൊരു പ്രകമ്പനം അവനിലുണ്ടാവുകയും ഉള്ളിന്റെയുള്ളിൽ തന്നെ ഒരു ചിത്രവധത്തെ അവൻ നേരിടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്റെ സമ്പൂർണ്ണ സൗഭാഗ്യം നിലകൊള്ളുന്നത് മരണത്തെ ഓർത്തുകൊണ്ടിരിക്കുന്നതിലാകുന്നു. പ്രാണൻ വേർപെടുമ്പോൾ പ്രയാസം നേരിടാതിരിക്കാൻ ലോകവും അതിലെ വസ്തുക്കളും തന്റെ പ്രീതിപാത്രങ്ങളാകാതിരിക്കട്ടെ…

ഉപര്യുക്ത വിഷയത്തെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് ഇപ്രകാരമാണ്:

أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَأَنَّ اللَّـهَ عِندَهُ أَجْرٌ عَظِيم

(നിങ്ങളുടെ സമ്പത്തുക്കളും സന്താനങ്ങളും പരീക്ഷണമാണ് – അൻഫാൽ 29)
‘അംവാലുക്കും’ (നിങ്ങളുടെ ധനം) എന്നതിൽ സ്ത്രീകളും ഉൾപെട്ടിരിക്കുന്നു. സ്ത്രീകൾ പർദ്ദയിൽ കഴിയുന്നവരായതുകൊണ്ട് അവരുടെ പേരും (ഇവിടെ) അതേവിധം പർദ്ദയിൽതന്നെ വെച്ചിരിക്കുകയാണ്. ധനവ്യയം ചെയ്തുകൊണ്ടാണ് പുരുഷന്മാർ സ്ത്രീകളെ കൊണ്ടുവരുന്നത് എന്നതും ഒരു കാരണമാണ്.

‘മാൽ‘ (ധനം) എന്ന പദം ‘മായിൽ’ (ചായ്‌വ്) എന്ന പദത്തിൽനിന്ന് എടുത്തിട്ടുള്ളതാണ്. അതായത് ഏതൊന്നിലേക്ക് പ്രകൃത്യാ പ്രതിപത്തിയും പ്രവണതയും ഉണ്ടാകുന്നവോ അത്. സ്ത്രീകളുടെ ഭാഗത്തേക്ക് മനുഷ്യന്റെ ശ്രദ്ധ പകൃത്യാ പതിക്കുന്നതിനാൽ സത്രീകളെയും ധനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പൊതുവായ പ്രീതിപാത്രങ്ങളിൽ പ്രയുക്തമാകാതിരിക്കാനും കൂടിയാണ് ‘മാൽ’ എന്ന പദമുപയോഗിച്ചത്. മറിച്ച് ‘നിസാഅ്’ (സ്ത്രീകൾ) എന്ന പദമാണുപയോഗിച്ചിരുന്നതെങ്കിൽ സ്ത്രീകളും സന്താനങ്ങളും എന്ന രണ്ട് കാര്യങ്ങൾ (മാത്രം) ഉദ്ദേശിക്കപ്പെടുമായിരുന്നു. അതല്ലെങ്കിൽ പ്രേമഭാജനവസ്തുക്കളുടെ വിശദീകരണം നൽകപ്പെടുന്നുവെങ്കിൽ പത്ത് ആധ്യായങ്ങളിലും അതവസാനിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ, ‘മാൽ’ കൊണ്ടുദ്ദേശിച്ചത് ‘കുല്ലമാ യമീലു ഇലൈഹിൽ ഖൽബ്’ (ഹൃദയം ചാഞ്ഞുപോകുന്ന എല്ലാ തരം കാര്യങ്ങളും) എന്നാണ്. സന്താനങ്ങളുടെ കാര്യം പ്രത്യേകം എടുത്തുപറയാൻ കാരണം മനുഷ്യൻ സന്താനങ്ങളെ സ്വന്തം കരളിന്റെ കഷണങ്ങളും അനന്തരാവകാശികളുമായി മനസ്സിലാക്കുന്നതുകൊണ്ടത്രെ.

ചുരുക്കത്തിൽ, ദൈവസ്നേഹവും മനുഷ്യന്റെ ഐഹിക പ്രേമപാത്രങ്ങളും രണ്ട് വൈപരീത്യ ഘടകങ്ങളാകുന്നു. രണ്ടും ഒരിടത്തൊരിക്കലും സമ്മേളിക്കുകയില്ല.

സത്രീകളോടുള്ള സൽപ്പെരുമാറ്റം

ഇവയിൽനിന്നും സ്ത്രീ അധമവും അവജ്ഞയർഹിക്കുന്നതുമായി ഗണിക്കപ്പെടേണ്ട ഒരു വസ്തുവാണെന്ന് ധരിച്ചുപോകരുത്. അല്ല, ഒരിക്കലുമല്ല. നമ്മുടെ ഹാദിയെ കാമിൽ റസൂലുല്ലാഹി സല്ലല്ലാഹ് അലൈഹിവസ്സല്ലം അരുളിയത്, ‘ഖൈറുക്കും ഖൈറുകും ലിഅഹ്‌ലിഹീ’ എന്നാണ്. നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ ഭാര്യമാരോട് സല്പെരുമാറ്റം കാഴ്ചവെക്കുന്നവനാകുന്നു. ഒരുവന്റെ ഭാര്യയോടുള്ള പെരുമാറ്റവും സഹവർത്തിത്വവും ഉത്തമമല്ലെങ്കിൽ അവൻ സാത്വികനാകുന്നതെങ്ങനെ?  തന്റെ ഭാര്യയോട് ഉൽകൃഷ്ടമായി പെരുമാറുന്നവനും ഉത്തമരീതിയിൽ സഹവർത്തിക്കുന്നവനും മാത്രമേ മറ്റുള്ളവരോടും സൽപെരുമാറ്റം കാഴ്ചവെക്കാനും നന്മ പ്രവർത്തിക്കാനും സാധിക്കൂ. അല്ലാതെ നിസ്സാര കാര്യങ്ങൾക്കൊക്കെ ഭാര്യയെ പ്രഹരിക്കുകയല്ല വേണ്ടത്. ഇങ്ങനെയുള്ള സംഭവങ്ങളും നടക്കാറുണ്ട്, ചിലസമയത്ത് മനുഷ്യൻ അപ്രധാന വിഷയത്തിൽ രോഷാകുലനായി തന്റെ ഭാര്യയോട് കലഹിക്കുകയും അവളെ മർദ്ദിക്കുകയും ചെയ്യുമ്പോൾ അവളുടെ ഏതെങ്കിലും മർമ്മ സ്ഥാനത്ത് ക്ഷതമേറ്റുകൊണ്ട് അവൾ മരണമടയുന്നു. അതുകൊണ്ടാണ് അല്ലാഹു അവരോട് ‘വ ആശിറൂഹുന്ന ബിൽ മ’അറൂഫ്’ എന്നരുളിയിരിക്കുന്നത്. അതെ, അവർ വൃഥാവൃത്തികളിൽ ഏർപ്പെടുമ്പോൾ മുന്നറിയിപ്പു നൽകലും നിർബന്ധമാണ്.

ദീനിനു വിരുദ്ധമായ ഏതെങ്കിലും പ്രവൃത്തികൾ ചെയ്യുകയാണെങ്കിൽ അതൊരിക്കലും ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് മനുഷ്യൻ സ്ത്രീകളുടെ ഹൃദയത്തിൽ രൂഢമൂലമാക്കണം. അതോടൊപ്പം അവളുടെ ഒരബദ്ധവും പൊറുക്കാൻ പറ്റാത്ത അക്രമിയും ദ്രോഹിയുമായിത്തീരുകയും അരുത്.

(മൽഫൂദാത്ത് വാ.2, പേജ് 146-147)